കേരളത്തിലെ പക്ഷികളുടെ പട്ടികയിലേക്ക് ഒരു പുതിയ അതിഥി കൂടി. വില്ലോ വാർബ്ലർ (Willow warbler- Phylloscopus trochilus) അഥവാ വില്ലോ പൊടിക്കുരുവി. തിരുവനന്തപുരം ജില്ലയിലെ വെള്ളായണി, പുഞ്ചക്കരി ഭാഗങ്ങളിൽ നിന്ന് ശ്രീഗോകുലം മെഡിക്കൽ കോളേജിലെ അസോസിയറ്റ് പ്രൊഫസറായ ഡോ. നിർമൽ ജോർജാണ് പക്ഷിയെ ആദ്യം കണ്ടത്. രാജ്യത്താദ്യമായാണ് ഈ കുഞ്ഞൻ കുരുവിയെ കാണുന്നത്.
പാലിയാർക്ടിക് (Palearctic) പ്രദേശങ്ങളിൽ പ്രജനനം നടത്തി ശൈത്യകാലത്ത് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ഒരു ഇലക്കുരുവിയാണ് വില്ലോ വാർബ്ലർ. ക്രിക്കറ്റ് ബാറ്റ് നിർമിക്കാനൊക്കെ ധാരാളമായി ഉപയോഗിക്കുന്ന മരമായ വില്ലോ മരങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. 11-12.5 സെൻറീമീറ്റർ നീളവും 7-15 ഗ്രാം മാത്രം തൂക്കവും ഉള്ള കുഞ്ഞൻ പക്ഷിയാണെങ്കിലും ഇവയുടെ ചിറകിലെ തൂവലുകളുടെ നീളം മറ്റു തൂവലുകളെ അപേക്ഷിച്ച് വളരെ വലുതാണ്. ദീർഘദൂരം ക്ഷീണമില്ലാതെ പറക്കാൻ ഇത് ഇവയ്ക്ക് സഹായകമാകാറുണ്ട്. 12,000 km വരെ ദേശാടനം നടത്താനിവയ്ക്ക് സാധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ദൂരം ദേശാടനം ചെയ്യുന്ന ചെറിയ പക്ഷികളിലൊന്നാണിത്.
വില്ലോ പൊടിക്കുരുവിയുടെ മുകളിൽ പച്ചയും ഇളം മഞ്ഞനിറവുമാണ്, വെളുത്ത വയറും പുരികം വരയുമുണ്ട്. ചെറുപ്രാണികളാണ് പ്രധാന ആഹാരം. കേരളത്തിൽ നിന്ന് 17 ഇനം വാർബ്ലറുകളെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 534-ആമത്തെ പക്ഷിയാണ് വില്ലോ പൊടിക്കുരുവി. നേരിട്ടോ ചിത്രത്തിലോ നോക്കിയാണ് പലപ്പോഴും പക്ഷികളെ തിരിച്ചറിയുന്നത്. എന്നാൽ Warblers ഇനങ്ങളിൽ പെട്ട പക്ഷികളെ ഇങ്ങനെ തിരിച്ചറിയാൻ പ്രയാസമാണ്. കണ്ടാൽ ഇനങ്ങൾ പരസ്പരം തിരിച്ചറിയാൻ പ്രയാസപ്പെട്ടുന്ന അത്ര സാദൃശ്യം ഇവയ്ക്കുണ്ട്. ഇവയുടെ കൂജനം കൂടെ ശ്രദ്ധിച്ചാണ് ഇവയെ പലപ്പോഴും തിരിച്ചറിയാറ്. എന്നാൽ വില്ലോ പൊടിക്കുരുവി ശീതകാല ദേശാടനത്തിന്റെ സമയത്ത് തീർത്തും നിശ്ശബ്ദരായിരിക്കും. കേരളത്തിൽ കണ്ടതും അത്തരത്തിൽ ശബ്ദമൊന്നും ഉണ്ടാക്കാതെയിരുന്ന പക്ഷിയെയാണ്. വ്യത്യസ്ത കോണുകളിലുള്ള പല ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദർക്ക് അയച്ചു കൊടുത്തതിനു ശേഷമാണ് വില്ലോ പൊടിക്കുരുവിയാണെന്ന് ഉറപ്പാക്കിയത്. ഫോട്ടോഗ്രാഫുകളുടെ മാത്രം അടിസ്ഥാനത്തിൽ തിരിച്ചറിയൽ എളുപ്പമല്ല എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയമായ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.
ഏകദേശം 2 വർഷത്തോളമാണ് ഇവയുടെ ആയുർദൈർഘ്യം. പാലിയാർക്ടിക് പ്രദേശങ്ങളിലെ ചെറിയ വനപ്രദേശങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുന്നത്. ശൈത്യകാലത്ത് ആഫ്രിക്കയിലേക്ക് ദേശാടനം ചെയ്യുന്നു. ആവാസവ്യവസ്ഥയിൽ മനുഷ്യരുടെ ഇടപെടലുകൾ മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളും, ശൈത്യകാലത്ത് ദേശാടനം ചെയ്ത് ആഫ്രിക്കയിലെത്തുകമ്പോൾ അവിടെ പല സ്ഥലങ്ങളിലുമുള്ള കടുത്ത ജലദൗർലഭ്യവും ഇവയുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്.
വില്ലോ വാർബ്ലർ പക്ഷിയുടെ ശബ്ദം കേൾക്കാം (വിക്കിപീഡിയയിൽ നിന്നും)
വില്ലോ പൊടിക്കുരുവി ശീതകാല ദേശാടനത്തിന്റെ സമയത്ത് തീർത്തും നിശ്ശബ്ദരായിരിക്കും. കേരളത്തിൽ കണ്ടതും അത്തരത്തിൽ ശബ്ദമൊന്നും ഉണ്ടാക്കാതെയിരുന്ന പക്ഷിയെയാണ്.