Read Time:20 Minute

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ


ബ്രിട്ടീഷ് രസതന്ത്രജ്ഞനും വ്യാവസായിക സംരംഭകനുമായിരുന്ന സർ വില്യം ഹെൻറി പെർക്കിൻ എഫ്.ആർ.എസ് (Sir William Henry Perkin FRS) തികച്ചും ആകസ്മികമായി പ്രഥമസംശ്ലേഷിത ചായമായ മൗവിൻ (mauveine) എന്ന അനിലിൻ രംജകം കണ്ടുപിടിച്ചതുവഴി കാർബണിക രസതന്ത്രത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അന്ന് ലോകമാകെ തന്നെ പടർന്നുപിടിച്ച മലമ്പനിരോഗ ചികിത്സക്കാവശ്യമായ ക്വിനിൻ (quinine) നിർമിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രാസഅഭിക്രിയകൾ ഫലംകിട്ടാതെ പരാജിതമായെങ്കിലും, ആ യത്‌നം പ്രഥമസംശ്ലേഷിത രംജകത്തിന്റെ പിറവിയിലേക്ക് നയിച്ചതിൽ പെർക്കിൻ അത്യധികം സന്തോഷിച്ചു. അന്ന് പെർക്കിൻ കേവലം 18 വയസ്സുള്ള ഒരു ബാലനായിരുന്നു. വ്യാവസായികാടിസ്ഥാനത്തിൽ മൗവിൻ എന്ന മാന്തളിർ നിറമുള്ള ചായം നിർമിക്കാൻ ഒരു ഫാക്ടറി പെർക്കിൻ സ്ഥാപിച്ചു. ഈ സംരംഭത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ലീഡിനിലെ ബിസിനസ്സ് ഹിസ്റ്ററി പ്രൊഫസറായ ലീ ബ്ലാസ്സെസൈക്ക് (Lee Blaszezyk) ഇപ്രകാരം രേഖപ്പെടുത്തി. ”സംശ്ലേഷിത കാർബണിക രാസികവ്യവസായത്തിന് അടിത്തറ ഇടുകവഴി ഫാഷൻ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കാൻ വില്യം പെർക്കിന് കഴിഞ്ഞു.”

വില്യം ഹെൻറി പെർക്കിൻ കടപ്പാട് വിക്കിപീഡിയ

ജനനം, വിദ്യാഭ്യാസം

1839 മാർച്ച് 18-ാം തീയതി ലണ്ടൻ നഗരത്തിലാണ് വില്യം പെർക്കിൻ ജനിച്ചത്. പിതാവ്, ജോർജ് പെർക്കിൻ അതിവിദഗ്ധനായ ഒരു ആശാരി ആയിരുന്നു. മാതാവ് സ്‌കോട്ടിഷ് വംശജയായ സാറാ, ചെറുപ്രായത്തിൽതന്നെ ലണ്ടൻ നഗരത്തിലേക്ക് കുടിയേറിപ്പാർത്ത ഒരു കുടുംബത്തിലെ അംഗമായിരുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 14-ാം വയസ്സിൽ പെർക്കിൻ സിറ്റി ഓഫ് ലണ്ടൻ സ്‌കൂളിൽ ചേർന്നു. തോമസ് ഹാൾ എന്ന പ്രശസ്ത അധ്യാപകനാണ് പെർക്കിന്റെ ശാസ്ത്രപഠനത്തോടുള്ള താല്പര്യം കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും വളർത്തിയതും. രസതന്ത്രം മുഖ്യവിഷയമായി തെരഞ്ഞെടുക്കാൻ പെർക്കിനെ പ്രേരിപ്പിച്ചതും തോമസ് ഹാൾ തന്നെ.

മൗവിന്റെ ആകസ്മികമായ കണ്ടുപിടുത്തം

1853-ൽ പെർക്കിന് 15 വയസ്സായപ്പോൾ ലണ്ടൻ റോയൽ കോളേജ് ഓഫ് കെമിസ്ട്രി (ഇന്ന് ഈ സ്ഥാപനം ഇംപീരിയൽ കോളേജ് ലണ്ടന്റെ ഭാഗമാണ്) യിൽ വിദ്യാർത്ഥിയായി ചേർന്നു. പ്രശസ്ത രസതന്ത്രജ്ഞൻ ആഗസ്റ്റ് വിൽഹെം വോൺ ഹോഫ്മാൻ (August Wilhem von Hofmann) ആയിരുന്നു പെർക്കിന്റെ മുഖ്യഗുരു. അക്കാലത്ത് പ്രധാനപ്പെട്ട മൂലകങ്ങളെല്ലാം തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു. യൗഗികങ്ങളിൽ, മൂലകങ്ങളുടെ സാന്നിധ്യവും അവയുടെ അനുപാതവും നിർണയിക്കാനുള്ള ടെക്‌നിക്കു കളും ഏതാണ്ട് അറിവായിരുന്നു. ഇതൊക്കെയാണെങ്കിലും രസതന്ത്രം അതിന്റെ പ്രാകൃതാവസ്ഥ പൂർണമമായും പിന്നിട്ടു എന്ന് അവകാശപ്പെടാൻ സാധ്യമായിരുന്നില്ല. ഒരു യൗഗികത്തിൽ ഘടകമൂലകങ്ങളുടെ സജ്ജീകരണം നിർണയിക്കുകയെന്നത് അക്കാലത്ത് വളരെ വിഷമംപിടിച്ച ഒരു പണിയായിരുന്നു. മലമ്പനിരോഗ ചികിത്സക്ക് വളരെയധികം ആവശ്യമുള്ള ക്വിനിൻ സംശ്ലേഷണപ്രക്രിയ വഴി നിർമിക്കാനുള്ള ഒരു പരിപാടി ഹോഫ്മാൻ ആവിഷ്‌കരിച്ചു. സ്വാഭാവിക ക്വിനിൻ വിലയേറിയതാകയാൽ രോഗികൾക്ക് ലഭ്യമായിരുന്നില്ല. അതിനാൽ അതിന്റെ സംശ്ലേഷണം വലിയ വെല്ലുവിളിയായിട്ടാണ് ഹോഫ്മാൻ പരിഗണിച്ചത്. അതിനായി ആസൂത്രണം ചെയ്യപ്പെട്ട പരീക്ഷണങ്ങളും നടത്തിയത് പെർക്കിനായിരുന്നു.

Piece of silk dyed by Sir William Henry Perkin in 1860. കടപ്പാട് researchoutreach.org

1856 – ഈസ്റ്റർ ഒഴിവുകാലത്ത് കിഴക്കു ലണ്ടനിലെ കേബിൾ തെരുവിലുള്ള തന്റെ വീടിന്റെ മച്ചിൽ ഒരു പരീക്ഷണശാല പെർക്കിൻ തട്ടിക്കൂട്ടി. അവിടെ ഹോഫ്മാൻ നിർദേശിച്ചതിനപ്പുറം ചില പരീക്ഷണങ്ങൾ ചെയ്യാൻ ബാലനായ പെർക്കിൻ തുനിഞ്ഞു. സാഹസികമായ ആ തീരുമാനം കാർബണിക രസതന്ത്രത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. അനിലിൻ (aniline) എന്ന രാസികത്തിൽനിന്ന് ക്വിനിൻ നിർമിക്കാൻവേണ്ടിയുള്ള ചില പരീക്ഷണങ്ങളിൽ ഏർപ്പെട്ട പെർക്കിന് ലഭിച്ചത് വൃത്തികെട്ട തവിട്ടുനിറത്തിലുള്ള ചെളിപോലുള്ള ഒരു സാധനമായിരുന്നു. ബീക്കറിന്റെ അടിയിൽ പറ്റിപ്പിടിച്ച ചെളികളിളകിവരാൻ വേണ്ടി ആൽക്കഹോൾ ഒഴിച്ചുവച്ചു. അല്പനേരം കഴിഞ്ഞ് ബീക്കർ കഴുകാനായി ആൽക്കഹോൾ ചെളിമിശ്രിതം സിങ്കിലേക്ക് ഒഴിച്ചപ്പോഴാണ്, ആ ചെളി ശോഭയേറിയ മാന്തളിർ-അല്ലെങ്കിൽ നീലലോഹിതവർണ (purple colour) മുള്ള ഒരു ചായമായ അത്ഭുതദൃശ്യം പെർക്കിൻ കണ്ടത്. തികച്ചും ആകസ്മികമായ ആ സംഭവം, പ്രഥമസംശ്ലേഷീത രംജകത്തിന്റെ പിറവിയായി അംഗീകരിക്കപ്പെട്ടു. ഫോട്ടോഗ്രഫിയിലും പെയിന്റിംഗിലും അതീവതല്പരനായിരുന്ന പെർക്കിൻ, അത്യുത്സാഹപൂർവം തന്റെ സുഹൃത്തായ ആർതർ ചർച്ചിന്റെയും സഹോദരൻ തോമസ്സിന്റെയും സഹായത്തോടെ പരീക്ഷണങ്ങൾ ആവർത്തിച്ചു. ഈ പരീക്ഷണങ്ങളൊന്നും ഹോഫ്മാൻ നിർദേശിച്ച ക്വിനിൻ സംശ്ലേഷണവുമായി ബന്ധപ്പെട്ടതല്ലാത്തതിനാൽ, മൂവർസംഘം ഹോഫ്മാനെ അറിയിക്കാതെ അതീവരഹസ്യമായി, പെർക്കിന്റെ വീട്ടുപറമ്പിൽ കെട്ടിയുണ്ടാക്കിയ ഒരു കുടിലിലാണ് അവ നടത്തിയത്. മാന്തളിർനിറമുള്ള മൗവിൻ എന്ന് പേരിട്ട ആ ചായം വൻതോതിൽ നിർമിക്കാനാവുമെന്ന വിശ്വാസം അവർക്കുണ്ടായി. തുടക്കത്തിൽ നടത്തിയ ചില പരീക്ഷണങ്ങളിൽനിന്ന് പട്ടുവസ്ത്രങ്ങൾക്ക് വർണമേകാൻ മൗവിൻ ഉപയോഗിക്കാമെന്നവർ കണ്ടു. അലക്കുമ്പോഴോ, വെയിലിൽ ഉണക്കുമ്പോഴോ ചായം ഇളകിയതായോ മങ്ങിയതായോ കണ്ടില്ല. ഈ ചായത്തിന്റെ സാമ്പിൾ സ്‌കോട്ട്‌ലണ്ടിലെ പെർത്തിലുള്ള ഒരു കമ്പനിക്ക് പരിശോധനക്കായി അയച്ചു. കമ്പനിയുടെ ജനറൽ മാനേജരായിരുന്ന റോബർട്ട് പുള്ളറിൽനിന്ന് അത്യന്തം പ്രോത്സാഹജനകമായ മറുപടിയാണ് ലഭിച്ചത്. സമയം ഒട്ടും പാഴാക്കാതെ 1856 ആഗസ്റ്റ് മാസത്തിൽ 18 വയസ്സുകാരൻ പെർക്കിൻ താൻ കണ്ടുപിടിച്ച മൗവിൻ എന്ന ചായത്തിന് പേറ്റന്റ് അവകാശം ലഭിക്കുവാൻവേണ്ട രേഖകൾ സമർപ്പിച്ചു.

മൗവിൻ (mauveine) ഘടന

അക്കാലത്ത് വസ്ത്രങ്ങൾക്ക് നിറമേകാൻ ഉപയോഗിച്ചിരുന്ന ചായങ്ങളെല്ലാം തന്നെ പ്രകൃത്യാ ലഭ്യമായ സ്രോതസ്സുകളിൽനിന്ന് നിഷ്‌കർഷിക്കപ്പെടുന്നവയായിരുന്നു. നിഷ്‌കർഷണപ്രക്രിയകൾ (extraction process) ദുഷ്‌കരവും ചെലവേറിയതുമായിരുന്നു. സ്വാഭാവിക ചായങ്ങളിൽ പലതും അസ്ഥിരമായിരുന്നു. പൗരാണികകാലംമുതൽ തന്നെ നീലലോഹിതവർണം – (മാന്തളിർനിറം, കരിഞ്ചുവപ്പായനിറം, purple color) കുലീനതയുടെയും ബഹുമാനത്തിന്റെയും ചിഹ്നമായി മതിക്കപ്പെട്ടിരുന്നു. ടൈറിയാൻ പർപ്ൾ (Tyrian purple) എന്നറിയപ്പെട്ടിരുന്ന ചായം ചില മൊളസ്‌ക്ക (Mollusca) കളുടെ ഗ്രന്ഥികളിൽനിന്ന് സ്രവിക്കുന്ന ശ്ലേഷ്മ (mucus) ത്തിൽ നിന്നാണ് ഉല്പാദിപ്പിച്ചിരുന്നത്. അതിസങ്കീർണമായിരുന്നു, ഉല്പാദനപ്രക്രിയ. അതിനാൽ തന്നെ ടൈറിയാൻ പർപ്ൾ നിറവസ്ത്രങ്ങൾ അതിദുർലഭവും ധനാഢ്യർക്ക് മാത്രം കാംക്ഷിക്കാവുന്നതുമായിരുന്നു. ഈ സാഹചര്യം പരമാവധി ചൂഷണംചെയ്യാൻ പെർക്കിനും സംഘവും തീരുമാനിച്ചു. ടൈറിയാൻ പർപ്‌ളിന് ഒരു ശരിയായ ബദൽ നിർമിക്കുന്നതിൽ തങ്ങൾ വിജയിച്ചിരിക്കുന്നുവെന്നവർ മനസ്സിലാക്കി. അക്കാലം, വ്യാവസായിക വിപ്ലവത്തിന്റെ കളിത്തൊട്ടിലായിരുന്നു ഇംഗ്ലണ്ടും. മുഖ്യമായും രസതന്ത്രത്തിൽ ഉണ്ടായ മുന്നേറ്റങ്ങൾമൂലം ടെക്‌സ്റ്റൈൽ വ്യവസായം അതിവേഗത്തിൽ വികസിച്ചുകൊണ്ടിരുന്നു. ‘ചുട്ടുപഴുത്ത ഇരുമ്പിൽ’ അടിക്കാൻതന്നെ പെർക്കിൻ തീരുമാനിച്ചു. കുടിലിൽ പിറവിയെടുത്ത തന്റെ കണ്ടുപിടുത്തം ഫാക്ടറിയിലെത്തിക്കാൻ ഇതിൽക്കൂടുതൽ മെച്ചപ്പെട്ട അവസരം കിട്ടില്ലായെന്ന് പെർക്കിന് ബോധ്യപ്പെട്ടു. കൽക്കരിയുടെ ഭഞ്ജകസ്വേദനം (destructive distillation) വഴി കോൾഗ്യാസ്, അമോണിയാക്കൽ ലിക്കർ, കോൾടാർ, കോക്ക് തുടങ്ങിയ പദാർത്ഥങ്ങൾ ലഭ്യമായിരുന്നു. മൗവിൻ ചായം നിർമിക്കാൻവേണ്ട അസംസ്‌കൃതവസ്തുവായ കോൾടാർ (coaltar) ഇഷ്ടംപോലെ ലഭ്യമായിരുന്നു.
പക്ഷെ ഇനിയും ചില കടമ്പകൾ കടന്നാൽ മാത്രമേ തന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് യുവാവായ പെർക്കിന് ബോധ്യപ്പെട്ടു. അതിൽ ഏറ്റവും മുഖ്യമായതും വ്യവസായശാല സ്ഥാപിക്കാനാവശ്യമായ മൂലധനം കണ്ടെത്തുകയെന്നതായിരുന്നു. നിർമാണപ്രക്രിയയുടെ ചെലവ് ചുരുക്കി, കുറഞ്ഞ വിലയിൽ ചായം കമ്പോളത്തിലെത്തിക്കുകയെന്നതായിരുന്നു, അവർ നേരിട്ട മറ്റൊരു വെല്ലുവിളി. പരുത്തിത്തുണിയിൽ പിടിക്കത്തക്കവണ്ണം നിർമാണപ്രക്രിയയിൽ വരുത്തേണ്ട മാറ്റങ്ങളും അവർ ഗൗരവത്തോടെ പരിഗണിച്ചു. കൃത്രിമചായം ചേർത്ത വസ്ത്രങ്ങൾക്ക് പൊതുജനങ്ങളുടെ സമ്മതി നേടിയെടുക്കാൻവേണ്ടി ചെയ്യേണ്ട പ്രചാരണപ്രവർത്തനങ്ങളും അവർ ആസൂത്രണം ചെയ്തു. ഈ രംഗങ്ങളിലെല്ലാം വളരെ സക്രിയമായി പെർക്കിൻ ഇടപെട്ടു. വ്യവസായശാല സ്ഥാപിക്കാനാവശ്യമായ മൂലധനം മുടക്കാൻ പെർക്കിന്റെ പിതാവ് തയ്യാറായി. സഹോദരന്മാരെ വ്യവസായശാലയുടെ പങ്കാളികളാക്കാൻ പെർക്കിൻ തീരുമാനിച്ചു. പിന്നീടാണ് തന്റെ കണ്ടുപിടുത്തം ഔപചാരികമായി അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. പരുത്തിത്തടങ്ങളിൽ മൗവിൻചായം ഉറച്ചു പിടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു രാസബന്ധകം (Mordant) പെർക്കിൻ കണ്ടുപിടിച്ചു. വസ്ത്രനിർമാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകാനും പെർക്കിൻ മുന്നോട്ടുവന്നു. തുടർന്ന് മൗവിന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് അവകാശം ലഭിക്കുകയും ചെയ്തു. ലണ്ടൻ നഗരപരിസരത്ത് മൗവിൻ ചായനിർമാണശാല സ്ഥാപിതമായി. ഈ ചായം പിടിപ്പിച്ച വസ്ത്രങ്ങളും തയ്യാറായി തുടങ്ങി. 1862-ൽ വിക്‌ടോറിയ രാജ്ഞി തന്നെ മൗവിൻ ചായം ചേർത്ത വസ്ത്രങ്ങൾ ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ പെർക്കിന്റെ നല്ലകാലം തെളിഞ്ഞു. ഫ്രാൻസിൽ നെപ്പോളിയൻ മൂന്നാമന്റെ പത്‌നി യൂജീൻ രാജ്ഞിയും മൗവിൻ വസ്ത്രങ്ങളുടെ ആരാധികയായി മാറി. പെട്ടെന്ന് മൗവിൻ വസ്ത്രങ്ങൾ ഫാഷൻലോകത്ത് ഹരമായി. പെർക്കിൻ കോടീശ്വരനായി മാറാൻ ഏറെക്കാലമെടുത്തില്ല. മറ്റു നിറങ്ങളിലൂടെ അനിലിൻ ചായങ്ങളും വിപണിയിൽ എത്തി. അവയിൽ പലതും കണ്ടുപിടിച്ചത് പെർക്കിൻ തന്നെ ആയിരുന്നു.

ഗവേഷണം തുടരുന്നു

ജീവിതാന്ത്യംവരെ വില്യം പെർക്കിൻ, കാർബണിക രസതന്ത്രഗവേഷണത്തിൽ സക്രിയനായിരുന്നു. ബ്രിട്ടാനിയ വയ്‌ലറ്റ് (Britannia Violet), പെർക്കിൻ ഗ്രീൻ (Perkin Green) തുടങ്ങി അനേകം ചായങ്ങൾ അദ്ദേഹം കണ്ടുപിടിച്ചു. സിന്നമിക് അമ്ലം (cinnamic acid) നിർമിക്കാനുള്ള മാർഗം കണ്ടുപിടിച്ചത് പെർക്കിനാണ്. ആ അഭിക്രിയ ‘പെർക്കിൻ അഭിക്രിയ’ (Perkin reaction) എന്ന പേരിൽ പ്രസിദ്ധമായി. പരിമളവസ്തുക്കളുടെ (Perfumes) നിർമിതിക്കാവശ്യമായ കുമാരിൻ (coumarin) എന്ന രാസികം കണ്ടുപിടിച്ചതും പെർക്കിൻ തന്നെ. പെർക്കിൻഗ്രീൻ ഫോർഡ് സൈ വർക്ക്‌സ് എന്ന ഫാക്ടറിയുടെ സമീപത്തുകൂടി ഒഴുകുന്ന ഗ്രാൻഡ് യൂണിയൻ കനാലിലെ ജലത്തിന്റെ നിറം ഫാക്ടറിയിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കനുസരിച്ച് വാരാവാരം ഉൽപാദനം മാറുമെന്ന് നാട്ടുകാർ തമാശയായിട്ടെങ്കിലും പറഞ്ഞിരുന്നു.
1869-ൽ ആന്ത്രാക്വിനോൺ (Anthraquinone) വർഗത്തിൽപ്പെട്ട ആലിസറിൻ (Alizarin) എന്ന അതിശോഭയേറിയ ചുവപ്പുനിറമുള്ള ഒരു ചായം ആന്ത്രസീനിൽ (anthrascene) നിന്ന് സംശ്ലേഷണപ്രക്രിയവഴി നിർമിച്ചു. റൂബിയാ ടിൻറ്റോറിയം (Rubia tinctorium) എന്ന മാഡർ വർഗത്തിൽപ്പെട്ട സസ്യത്തിന്റെ കിഴങ്ങിൽനിന്ന് നിഷ്‌കർഷണം ചെയ്യപ്പെട്ടിരുന്ന ആലിസറിൻ, വിലപിടിപ്പുള്ള ഒരു ചായമായിരുന്നു. ജർമൻ രസതന്ത്രജ്ഞരായ കാൾഗ്രേബും (Carl Graebe) കാൾലിബർമാനും (Carl Liebermann) ചേർന്ന് 1868-ൽ ആലിസറിൻ നിർമിച്ചു. BASF കമ്പനി ആ കണ്ടുപിടുത്തം പെർക്കിനു മുമ്പേ പേറ്റന്റ് ചെയ്തു. ആലിസറിൻ ഒരു വർണബന്ധക ചായമാകുന്നു.
അടുത്ത ദശകത്തോടെ യൂറോപ്പിലെ രാസവ്യവസായ-വാണിജ്യപ്രവർത്തനങ്ങളുടെ സിരാകേന്ദ്രം എന്ന സ്ഥാനം ഇംഗ്ലണ്ടിന് ക്രമേണ നഷ്ടപ്പെടുകയും ജർമനി ആ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അതോടെ തന്റെ സംരംഭങ്ങളെല്ലാം വില്ക്കാൻ പെർക്കിൻ നിർബന്ധിതനായി. തുടർന്ന് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് ഉൾവലിഞ്ഞു,

ബഹുമതികൾ, പുരസ്‌കാരങ്ങൾ

1866 – ഫെലോ ഓഫ് റോയൽ സൊസൈറ്റി
1879 – റോയൽ മെഡൽ
1889 – ഡേവി മെഡൽ
1906 – സർ സ്ഥാനം
1906 – പ്രഥമ പെർക്കിൻ മെഡൽ

കുടുംബം

1859-ൽ ജെമിമാ ഹാരിയറ്റ് (Jemina Harriet) എന്ന യുവതിയെ പെർക്കിൻ വിവാഹം ചെയ്തു. അവരിൽ, അദ്ദേഹത്തിന് രണ്ടു പുത്രന്മാർ ഉണ്ടായി, വില്യം ഹെൻറി പെർക്കിൻ ജൂനിയറും, ആർതർ ജോർജ് പെർക്കിനും. പെർക്കിന്റെ രണ്ടാംവിവാഹം 1866-ൽ ആയിരുന്നു. വധു അലക്‌സാഡ്രിൻ കരോലിൻ. അതിൽ, ഒരു പുത്രനും നാല് പുത്രികളും ഉണ്ടായി. പുത്രന്റെ പേര് ഫ്രെഡറിക് മെല്ലോ പെർക്കിൻ (Frederick Mellow Perkin). മൂന്ന് പുത്രന്മാരും രസതന്ത്രജ്ഞരായിരുന്നു.

നിര്യാണം

1907-ൽ ന്യൂമോണിയ ബാധിച്ച് പെർക്കിൻ നിര്യാതനായി. കാർബണിക രസതന്ത്രത്തിന് വില്യം ഹെൻറി പെർക്കിൻ നൽകിയ സംഭാവനകളെ മാനിക്കാനും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനുമായി അമേരിക്കൻ സെക്ഷൻ ഓഫ് ദ സൊസൈറ്റി ഫോർ ഇൻഡസ്ട്രിയൽ കെമിസ്ട്രി (American Section of the Society for Industrial Chemistry) പെർക്കിൻ മെഡൽ ഏർപ്പെടുത്തി. മൗവിൻ ചായത്തിന്റെ കണ്ടുപിടുത്തത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ മെഡൽ ആദ്യം ലഭിച്ചത് പെർക്കിനു തന്നെയാണ്. എല്ലാ വർഷവും, വ്യാവസായികരംഗത്തോ, ഗാർഹികരംഗത്തോ സുപ്രധാന ഗവേഷണപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന രസതന്ത്രജ്ഞന് പെർക്കിൻ മെഡൽ സമ്മാനിക്കപ്പെടുന്നു. 2013-ൽ വില്യം പെർക്കിൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂൾ ഗ്രീൻഫോർഡ് മിഡിൽ സെക്‌സിൽ ആരംഭിച്ചു. സ്‌കൂൾ യൂണിഫോമിന് മൗവിൻ നിറമാണ് നൽകിയിരിക്കുന്നത്. ഇംപീരിയൽ കോളേജ് ഓഫ് ലണ്ടൻ, അക്കാദമിക് ഗൗണിന് മാന്തളിർ നിറമാണ് നൽകിയിരിക്കുന്നത്. 2018 മാർച്ച് 12-ാം തീയതി സേർച്ച് എഞ്ചിനായ ഗൂഗിൾ, പെർക്കിന്റെ 180-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു ഗൂഗിൾ ഡൂഡിൽ (Google Doodle) അവതരിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മറുക് ഉണ്ടാകുന്നത് എങ്ങനെ ?
Next post ചട്ടുകത്തലയുള്ള താപ്പാമ്പ്
Close