ഡോ. ബി. ഇക്ബാൽ
—
ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം
എക്സ് റേ പ്രകാശരശ്മികളെ കണ്ടെത്തി വൈദ്യശാസ്ത്ര പ്രതിശ്ചായ മുന്നേറ്റത്തിന് തുടക്കം കുറിച്ച വില്യം കോൺറാഡ് റോൺട്ജൻ (Wilhelm Conrad Röntgen:: 27 മാർച്ച് 1845 – 10 ഫെബ്രുവരി 1923) മരണമടഞ്ഞിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികയുന്നു.
സവിശേഷ തരംഗദൈർഘ്യമുള്ള വൈദ്യുതികാന്തതരംഗം തികച്ചും യാദൃശ്ചികമായിട്ടാണ് റോൺട്ജൻ 1895 നവംബർ 8 ന് കണ്ടെത്തിയത്. ശാസ്ത്രലോകത്തെ കുരുട്ടുഭാഗ്യങ്ങളിൽ (Serendipity) ഏറ്റവും പ്രസിദ്ധമായതാണ് എക്സ് റേയുടെ കണ്ടെത്തൽ (മറ്റൊരു പ്രസിദ്ധമായ സമാനസ്വഭാവമുള്ള സംഭവമാണ് 1928 ൽ അലക്സാണ്ടർ ഫ്ലെമിംഗ് രോഗാണുക്കളെ നശിപ്പിക്കുന്ന പെനിസിലിൻ നൊട്ടേറ്റം എന്ന പൂപ്പലിനെ കണ്ടുപിടിച്ചത്).
ഇനിയും ഏറെ പ്രത്യേകതകളുണ്ട് വില്യം റോൺട്ജന്റെ സംഭാവനക്ക്. അതുവരെ പരിചിതമല്ലാത്ത പ്രകാശരശ്മിക്ക് റോൺട്ജന്റെ പേരിടണമെന്ന് പലരും ആശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊരു പ്രകൃതി പ്രതിഭാസമാണെന്നും താനത് കണ്ടെത്തിയത് യാദൃശ്ചികമായി മാത്രമാണെന്നും പറഞ്ഞ് കൊണ്ട് പുതുതായി കണ്ടെത്തിയ പ്രകാശരശ്മിക്ക് എക്സ്റേ എന്നാണ് റോൺട്ജൻ പേരിട്ടത്. മാത്രമല്ല തന്റെ കണ്ടെത്തലിന്റെ പേറ്റന്റെടുത്ത് അതിൽ നിന്നും പണം സമ്പാദിക്കാനും റോൺട്ജൻ തയ്യാറായതുമില്ല. ഗ്രാമഫോൺ, ചലച്ചിത്ര ക്യാമറ, വൈദ്യുതബൾബ് തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ, തന്റെ കണ്ടെത്തലുകളെല്ലാം പേറ്റന്റ് ചെയ്ത് ധാരാളം സ്വത്ത് സമ്പാദിച്ച, മരണസമയത്ത് 1093 പേറ്റന്റെകളുടെ ഉടമയുമായിരുന്ന, തോമസ് ആൽവ ഏഡിസൻ (Thomas Alva Edison: 1847 –1931) റോൺട്ജനെ എക്സ് റേ പേറ്റന്റ് ചെയ്യാൻ നിർബന്ധിച്ചിരുന്നു. എന്നാൽ റോൺട്ജൻ എഡിസന്റെ ഉപദേശത്തിന് വഴങ്ങാതെ തത്വാധിഷ്ടിത നിലപാട് സ്വീകരിക്കുകയാണുണ്ടായത്.
1901 ൽ നോബൽ സമ്മാനമായി ലഭിച്ചതിൽ നിന്നും വലിയൊരു തുക താൻ ഗവേഷണം നടത്തിയിരുന്ന വേഴ്സ് ബർഗ് സംഭാവനയായി സർവകലാശാലക്ക് ഗവേഷണപ്രവർത്തനങ്ങൾക്കായി റോൺട്ജൻ സംഭാവനയായി നൽകി. ബാക്കി തുക രാജ്യസ്നേഹിയായ റോൺട്ജൻ ജർമ്മൻ യുദ്ധബോണ്ടിൽ നിക്ഷേപിക്കയാണുണ്ടായത്. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതിനെ തുടർന്ന് യുദ്ധബോണ്ടിൽ നിക്ഷേപിച്ച തുകയിൽ അല്പം പോലും റോൺട്ജനു തിരികെ ലഭിച്ചില്ല. ആ മഹാപ്രതിഭ ദരിദ്രനായിട്ടാണ് അന്ത്യകാലം കഴിച്ച് കൂട്ടിയത്.
വൈദ്യമേഖലയിൽ മാത്രമല്ല ബഹിരാകാശ ഗവേഷണത്തിനും യന്ത്രശാസ്ത്രത്തിലും മറ്റ് നിരവധി മേഖലകളിലും എക്സ്റേ പ്രയോഗിച്ച് വരുന്നുണ്ട്. വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി മറ്റ് നിരവധി വിഷയങ്ങളിലും ഗവേഷണങ്ങൾ നടത്തി റോൺട്ജൻ ശാസ്ത്രത്തിനു മൗലിക സംഭാവനകൾ നൽകിയിട്ടുണ്ട്.
താൻ കണ്ടെത്തിയ പ്രകാശരശ്മിക്ക് സ്വന്തം പേരിടാൻ ആദർശവാനായ റോൺട്ജൻ വിസമ്മിതിച്ചെങ്കിലും ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്പ്ളൈഡ് കെമിസ്ട്രി (the International Union of Pure and Applied Chemistry:I UPAC) , 2004 ൽ 111 മത് മൂലകത്തിന് റോൺട്ജന്റെ പേരു നൽകി (Roentgenium) റോൺട്ജനോടുള്ള ആദരവ് പ്രകടിപ്പിച്ചു. . രോഗനിർണ്ണയ വികിരണശാസ്ത്രത്തിന്റെ (Medical Diagnostic Radiology) പിതാവായി റോൺട്ജൻ ബഹുമാനിക്കപ്പെടുന്നു. 2012 മുതൽ, റോൺട്ജൻ എക്സ്റേ കണ്ടെത്തിയ വാർഷികദിനമായ നവംബർ 8 ലോക റേഡിയോഗ്രാഫി ദിനമായി ആചരിച്ച് വരുന്നു. അന്റാർട്ടിക്കയിലെ ഒരു കൊടുമുടിക്കും ഒരു ചെറു ഉപഗ്രഹത്തിനും (Minor Planet 6401) റോൺട്ജന്റെ പേരു നൽകിയിട്ടുണ്ട്.