എന്തു കൊണ്ടാണ് നമ്മൾ മരിക്കുന്നത്?
ഇതിന്റെ ഉത്തരം പലർക്കും പലതായിരിക്കും. നമ്മൾ വളരുന്ന, ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാറിമറിയും. സാഹിത്യം, തത്ത്വശാസ്ത്രം എന്നിവയിൽ ഇതിനു പല തലങ്ങൾ ഉണ്ട്. എന്നാൽ എന്തായിരിക്കും ശാസ്ത്രം ഇതിന് നല്കുന്ന ഉത്തരം? ഇതിന്റെ ഉത്തരങ്ങൾ എന്തുതന്നെയായാലും ശാസ്ത്രം അതിനെ, അതിന്റേതായ രീതിയിൽ പഠിക്കുമ്പോൾ എത്തിച്ചേരുന്നത് മറ്റൊരു ചോദ്യത്തിലാണ്. അപകടമരണങ്ങൾ എന്നുള്ള സാധ്യത ഒഴിവാക്കിയാൽ കൂടുതൽ മരണങ്ങളും നടക്കുന്നത് പ്രായം കൂടുന്നത് മൂലമുള്ള പ്രശ്നങ്ങളാൽ ആണ്. അപ്പോൾ എന്തുകൊണ്ട് മനുഷ്യൻ പ്രായമാകുന്നുവെന്നുള്ള ശാസ്ത്രം മനസ്സിലാക്കിയാൽ മരണം നടക്കുന്നത് എങ്ങനെ എന്ന് കണ്ടെത്താം. എന്താണ് ആ ശാസ്ത്രം? അതിനെക്കുറിച്ചാണ് വെങ്കി രാമകൃഷ്ണന്റെ ‘Why We Die’ എന്ന പുസ്തകം സംസാരിക്കുന്നത്. ഒരു പക്ഷേ ശാസ്ത്ര ചരിത്രത്തിൽ ഇത്തരം ഒരു ബുക്ക് അപൂർവ്വം ആയിരിക്കും. മലയാളത്തിൽ ഒരു അപവാദമുണ്ട്. ഉണ്ണി ബാലകൃഷ്ണന്റെ ‘പ്രായമാകുന്നില്ല ഞാൻ’ എന്ന പുസ്തകം. പ്രായമാകലിന്റെയും, മരണത്തിന്റെയും ശാസ്ത്രത്തിനെ ബയോകെമിസ്ട്രിയുടെ പല സാധ്യതകൾ ഉപയോഗിച്ചാണ് വെങ്കി രാമകൃഷ്ണൻ സംസാരിക്കുന്നത്.
തമിഴ്നാട്ടിലെ ചിദംബരത്ത് 1952 ൽ ജനിച്ച വെങ്കി രാമകൃഷ്ണൻ, 2009 ലെ രസതന്ത്ര നോബൽ ജേതാവാണ്. കോശങ്ങളിലെ റൈബോസമുകൾ എന്നറിയപ്പെടുന്ന വസ്തുക്കളുടെ പ്രവർത്തനവും ഘടനയും സംബന്ധിച്ചുള്ള പഠനത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്. ഫിസിക്സിൽ ആയിരുന്നു ഉപരിപഠനങ്ങളെങ്കിലും, ഡോക്ടറൽ ബിരുദത്തിന് ശേഷം മോളിക്യുലർ ബയോളജിയിൽ ആയിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. റോബോസോമുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പിന്നീട്, മോളിക്യുലർ ബയോളജി എന്ന ശാസ്ത്രശാഖ വിപുലമാകുന്നതിന് ഈ പഠനങ്ങൾ സഹായിച്ചു. മുൻപു ഈ ആശയങ്ങൾ വിശദീകരിച്ചു കൊണ്ട് അദ്ദേഹം Gene Machine എന്നൊരു ഗ്രന്ഥം രചിച്ചിരുന്നു. അതിനുശേഷം ശാസ്ത്രം, പ്രത്യേകിച്ചും ജൈവശാസ്ത്രം ആ മേഖലയിൽ നടത്തിയ കുതിച്ചുചാട്ടത്തിനെയും, ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
പന്ത്രണ്ട് അദ്ധ്യായങ്ങളിലായി വെങ്കി രാമകൃഷ്ണൻ പ്രായമാകലിന്റെയും, മരണത്തിന്റെയും ശാസ്ത്രം പറഞ്ഞുപോകുന്നു. മരണത്തിന്റെയും, പുനരുജ്ജീവനത്തിന്റെയും ഈജിപ്ഷ്യൻ മമ്മിഫിക്കേഷനുകളിൽ നിന്നും അത് തുടങ്ങുന്നു. പലതരം വിശ്വാസങ്ങൾ. അവയിൽ എങ്ങനെ ആണ് മരണത്തിന്റെ ആശയങ്ങൾ പറയുന്നത്? ഇവയിൽ കൂടുതലും വിവരിക്കുന്നത് കാലങ്ങളോളം ജീവിക്കുന്ന മനുഷ്യരെ കുറിച്ചാണ്. അഞ്ഞൂറും, ആയിരവും മറ്റും വർഷം ജീവിച്ചിരുന്ന മനുഷ്യരെക്കുറിച്ച്. എന്നാൽ, ആ കഥകൾക്കൊന്നും ശാസ്ത്രത്തിൽ സ്ഥാനമില്ല. ശാസ്ത്രത്തിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് Jeanne Calment എന്ന ഫ്രഞ്ച് വനിതയാണ്. 122 വയസു വരെ! നൂറു വയസ്സിൽ കൂടുതൽ ജീവിച്ചിരിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്തും വളരെ കുറവാണ്. കൃത്യം ഒരു നൂറ്റാണ്ട് മുൻപു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം ഏകദേശം 35 വർഷമായിരുന്നെങ്കിൽ ഇന്നത് 72 വയസ്സ് ആണ്. യഥാർത്ഥത്തിൽ മനുഷ്യന്റെ ആയുർദൈർഘ്യം കൂടിയത് നമ്മുടെ ആരോഗ്യപരിപാലന രംഗത്ത് നടന്ന വിപ്ലവകരമായ പല കണ്ടെത്തലുകൾ മൂലമാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ, ആന്റിബയോട്ടിക്കുകൾ അങ്ങനെ അതിന്റെ പട്ടിക നീളുന്നു. ഒരുദാഹരണം പരിശോധിച്ചാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ അൻപത് വർഷങ്ങൾക്കിടയിൽ ലോകമെമ്പാടും ഏകദേശം 150 മില്യൺ ജീവനുകൾ പ്രതിരോധ കുത്തിവെയ്പ്പുകൾ കൊണ്ട് മാത്രം രക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ ദീർഘകാലം ജീവിച്ചിരിക്കുക, മരണമില്ലാതെ കഴിയുക എന്നതൊക്കെ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ രസകരമായ സംഗതി, മനുഷ്യൻ മാത്രമെ ഇങ്ങനെ മരണത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നതാണ്. മറ്റു ജീവിവർഗ്ഗം അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ അതിലെ ചില കൗതുകകരമായ വസ്തുതകൾ വെളിവായി വരുന്നു. അതിലേക്ക് കൂടുതൽ എത്തും മുൻപേ, എന്താണ് മരണം? വെങ്കി രാമകൃഷ്ണന്റെ പുസ്തകത്തിൽ, എർണെസ്റ്റ് ഹെമിംഗ്വേയുടെ Sun Also Rises എന്ന പുസ്തകത്തിലെ ഒരു കഥാപാത്രം അദ്ദേഹം, കടക്കെണിയിൽ അകപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം പറയുംപോലെ ആണ് മരണം എന്ന് പറയുന്നുണ്ട്, ‘ രണ്ട് രീതിയിൽ. പതുക്കെ, പിന്നെ പെട്ടെന്ന്‘. മുൻപു ഹൃദയമിടിപ്പ് നിന്നാൽ മരിച്ചു എന്ന് പറയുമായിരുന്നു. എന്നാൽ CPR പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ഒരു പരിധി വരെ അതിനെ തിരിച്ചു കൊണ്ട് വരാം. അത് കൊണ്ട് തന്നെ ബ്രെയിൻ ഡെത്ത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു രീതിയായി കണക്കാക്കപ്പെടുന്നു.
പ്രായത്തിന്റെ ശാസ്ത്രം
സൂക്ഷ്മമായ തലത്തിൽ ചിന്തിച്ചാൽ, ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ മരണം എന്നത് കോശങ്ങളുടെ മരണമാണ്. കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ കോശങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ നിലയ്ക്കുമ്പോഴാണ് നമ്മൾ മരിക്കുന്നത്. എല്ലാ ദിവസവും, നമ്മൾ പോലും അറിയാതെ നമ്മുടെ ശരീരത്തിൽ ധാരാളം കോശങ്ങൾ മരിക്കുന്നുണ്ട്. പുതിയവ ഉണ്ടാകുന്നുമുണ്ട്. വെങ്കി രാമകൃഷ്ണൻ പുസ്തകത്തിൽ പറയുമ്പോലെ ജനിക്കുന്നതിന് മുൻപു, നമ്മൾ ഗർഭപാത്രത്തിൽ ഉരുവം കൊള്ളും സമയത്ത് തന്നെ അവ ഇല്ലാതാവുകയും, പുതുതായി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അതായത്, ജനിക്കുന്നതിനും മുൻപ് മരിച്ചു തുടങ്ങുന്നവരാണ് നമ്മൾ. പ്രായമാകലിന്റെയും പിന്നീട് മരണത്തിന്റെയും ശാസ്ത്രം ചിന്തിച്ചുതുടങ്ങുമ്പോൾ കോശങ്ങളിൽ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്. കോശങ്ങൾ എന്നാൽ എന്താണ്? ചെറിയ ക്ളാസുകളിലെ ബയോളജി പുസ്തകങ്ങളിൽ നമ്മൾ ജീവന്റെ അടിസ്ഥാന രൂപമാണ് ഇതെന്ന് പഠിച്ചിട്ടുണ്ട്. ഇതിൽ കോശപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ക്രോമസോമുകൾ അടങ്ങിയ കോശകേന്ദ്രം ഉണ്ട്. കോശത്തിന് ഊർജം കൊടുക്കുന്ന മൈറ്റോകോണ്ട്രിയ എന്ന ഭാഗമുണ്ട്. ശരീരത്തിനു ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകൾ ഉണ്ട്. കോശത്തിൽ ഉണ്ടാകുന്ന പാഴ് വസ്തുക്കളെ നിർമാർജ്ജനം ചെയ്യാനുള്ള ലൈസോസോമുകൾ ഉണ്ട്. പിന്നെ, ഇവയെ എല്ലാം പൊതിഞ്ഞു നിൽക്കുന്ന കോശസ്തരമുണ്ട്. ഇതിൽ ക്രോമസോമുകൾ എന്നറിയപ്പെടുന്ന ഭാഗത്ത് നമ്മുടെ ഓരോരുത്തരുടെയും വിവരങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു ഭാഗമുണ്ട്. അതിനെ നമ്മൾ ജീനുകൾ എന്ന് പറയും. ഈ ജീനുകളുടെ പ്രധാന ഭാഗമാണ് DNA എന്നറിയപ്പെടുന്ന ഒരു രാസവസ്തു. ഡീ ഓക്സി റൈബോ ന്യുക്ലിക് ആസിഡ് എന്നാണ് ഇതിന്റെ പൂർണ്ണനാമം. 1952 ൽ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നി ശാസ്ത്രജ്ഞർ ചേർന്നാണ് ഇതിന്റെ ഘടന കണ്ടുപിടിച്ചത്. ശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഒന്നായിരുന്നു ഇത്. DNAകൾ അടങ്ങിയ ഈ ജീനുകൾ കൂടിച്ചേരുന്നതിനെ പറയുന്ന പേരാണ് ജീനോം. ഈ ജിനോമുകളുടെ പ്രത്യേകത അത് പാരമ്പര്യമായി കൈമാറുന്നവയാണ് എന്നതാണ്. അവിടെയാണ് വെങ്കി രാമകൃഷ്ണൻ തന്റെ പുസ്തകത്തിലെ ആദ്യത്തെ ശാസ്ത്രീയ ആശയം അവതരിപ്പിക്കുന്നത്. മരണത്തിനും, പ്രായത്തിനും അത്തരം ചില കൈമാറ്റങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ആഴത്തിലേയ്ക്ക് കൂടുതൽ കടന്നുചെല്ലുമ്പോൾ അതിൽ പരിണാമപരമായ ചില വസ്തുതകൾ തെളിഞ്ഞു കിടപ്പുണ്ടെന്ന് കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യസ്ത്രീകളിൽ കണ്ടു വരുന്ന വളരെ നേരത്തെയുള്ള ആർത്തവവിരാമം. അതിന് ആധുനിക മനുഷ്യന്റെ ജീവിതദൈർഘ്യം കൂട്ടിയതിൽ നല്ല പങ്കുണ്ട്. അതെങ്ങനെ സംഭവിക്കുന്നുവെന്നത് ഒരേ സമയം കൗതുകകരവും, ജീവിതം എത്രമാത്രം സങ്കീർണ്ണതകളാൽ സമ്പുഷ്ടമാണെന്ന ഓർമ്മപ്പെടുത്തലും ആണ്.
ഡിഎൻഎ യിലേയ്ക്ക് തന്നെ തിരിച്ചു വരാം. നാല് പ്രത്യേകതരം ബേസുകൾ അടങ്ങുന്നതാണ് ഓരോ ഡിഎൻഎയും. അഡേനീൻ , ഗ്വാനീൻ, സൈറ്റോസിൻ, തൈമിൻ എന്നിവയാണവ. ഇതു പോലെ മറ്റൊരു വസ്തു കൂടി ഉണ്ട്. അതാണ് റൈബോക്സി ന്യുക്ലിക് ആസിഡ് അഥവാ RNA. ആർ എൻ എയും, ഡിഎൻഎ യും ചേർന്നാണ് ജീവന്റെ അടിസ്ഥാനപരമായ പല ധർമ്മങ്ങളും നിർവ്വഹിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രൊട്ടീൻ നിർമ്മാണം. മറ്റൊന്ന്, പാരമ്പര്യ വിവരങ്ങളുടെ കൈമാറ്റം. ഈ വസ്തുക്കൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിച്ചപ്പോഴാണ് അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ചില വസ്തുതകൾ മനസ്സിലായത്. അവയുടെ മാറ്റം മനുഷ്യന്റെ പ്രായമാകലിലേയ്ക്ക് നയിക്കുന്നുണ്ട്. അത് പല തരത്തിലാണ് നടക്കുന്നത്. ഒന്ന്, ഡിഎൻഎയുടെ നാശം, രണ്ട്, ഡിഎൻഎയുടെ മെതിലേഷൻ എന്നൊരു പ്രക്രിയ. ഈ ആശയങ്ങളെ മുൻനിർത്തി ജൈവ ശാസ്ത്രത്തിൽ മറ്റൊരു ശാഖാ തന്നെ ഉണ്ടായി വന്നിട്ടുണ്ട്. അതാണ് എപ്പിജനറ്റിക്സ്. പ്രായമാകുമ്പോൾ ഡിഎൻഎ നശിച്ചുപോകാറുണ്ട്. കൂടാതെ, മാനസിക സമ്മർദങ്ങൾ, അതുപോലെയുള്ള മറ്റു സാഹചര്യങ്ങൾ എന്നിവ ഡിഎൻഎയിൽ ഉള്ള സൈറ്റോസിൻ ബേസിനെ മെതിലേഷൻ എന്നൊരു പ്രക്രിയയ്ക്ക് വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഒരാളുടെ യഥാർത്ഥ പ്രായം എന്നത് ഡിഎൻഎയുടെ കണക്ക് വെച്ച് നോക്കുമ്പോൾ വ്യത്യസ്തം ആയിരിക്കും. ഉദാഹരണമായി, ഇത്തരത്തിൽ മാനസികസമ്മർദം പോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന 40 വയസുള്ള ഒരാളുടെ ജെനറ്റിക് പ്രായം ചിലപ്പോൾ 50 ആയിരിക്കും. ഡിഎൻഎയുടെ ഇത്തരത്തിൽ ഉണ്ടാക്കപ്പെടുന്ന എപ്പിജനറ്റിക് മാർക്കുകൾ ഒരു തലമുറയിൽ നിന്നും മറ്റൊരിടത്തേയ്ക്ക് കൈമാറപ്പെടാം. ഇതു രണ്ടാം ലോകമഹായുദ്ധകാലത്തെ നെതർലാൻഡ്സിൽ ഉണ്ടായ ഒരു ക്ഷാമത്തെ ഉദ്ധരിച്ച് കൊണ്ട് രാമകൃഷ്ണൻ ഇവിടെ വ്യക്തമാക്കുന്നുണ്ട്. കടുത്ത ക്ഷാമം മൂലം അക്കാലത്ത് അവിടെയുണ്ടായിരുന്ന മനുഷ്യരിൽ ഉണ്ടാകപ്പെട്ട ചില ജെനറ്റിക് മാർക്കുകൾ പിന്നീട് പല തലമുറകളിലേയ്ക്ക് കൈമാറപ്പെടുകയുണ്ടായി.
പക്ഷേ ഇങ്ങനെയൊക്കെ ഡിഎൻഎ നശിപ്പിക്കപ്പെടാതിരിക്കാൻ നമ്മുടെ ശരീരം തന്നെ വേണ്ട തരത്തിലുള്ള മുൻകരുതലുകൾ എടുക്കുന്നുണ്ട്. അതിന് വേണ്ടി ചില തരം പ്രോട്ടീനുകളെ നമ്മുടെ കോശങ്ങൾ ഉത്പാദിപ്പിക്കും. അത്തരം പ്രോട്ടീനുകളെ അറിയപ്പെടുന്ന പേരാണ് p53 പ്രോട്ടീനുകൾ. ഇതിന്റെ ഉത്പാദനം കൂടുന്നത് സത്യത്തിൽ പ്രായം അറിയാതിരിക്കുവാൻ അല്ലെങ്കിൽ കൂടുതൽ കാലം ശരീരത്തിന് കുഴപ്പങ്ങൾ ഉണ്ടാകാതെ ഇരിക്കുവാൻ വളരെ നല്ലതാണ്. എന്നാൽ, ഈ p53 പ്രോട്ടീനുകളെ ഉല്പാദിപ്പിച്ച് ശരീരത്തിൽ പ്രശ്നം വന്ന ഭാഗങ്ങളെ നന്നാക്കുന്നതിന് ഒരു പരിധിയുണ്ട്. ഉദാഹരണത്തിന് പ്രായമാകുമ്പോൾ പലപ്പോഴും തോന്നുന്ന മുട്ടു വേദന തന്നെ എടുക്കാം. ഈ വേദന വരുന്നതിനു കാരണം ഇവിടുത്തെ നശിപ്പിക്കപ്പെട്ട കോശങ്ങളെ നമ്മുടെ ശരീരത്തിന് സ്വയം റിപ്പയർ ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ്. അതുകൊണ്ടു,പ്രായം കുറയ്ക്കുവാൻ, അല്ലെങ്കിൽ മരണം നീട്ടുവാൻ p53 പ്രോട്ടീനുകൾ ശരീരത്തിൽ കൂടുന്നത് നല്ലതാണ് എന്ന് ചിന്തിക്കരുത്. ഇതിനൊരു പ്രശ്നമുണ്ട്. ഏകദേശം അൻപത് ശതമാനത്തോളം ക്യാൻസറുകളും p53 പ്രോട്ടീനിനു സംഭവിക്കുന്ന വ്യതിയാനം മൂലമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അപ്പോൾ പിന്നെ കൂടുതൽ കാലം ജീവിച്ചിരിക്കുവാൻ എന്താണ് ചെയ്യേണ്ടത്? അതിനെക്കുറിച്ച് കൂടുതൽ വിശദമാക്കുവാൻ അദ്ദേഹം നമ്മളെ കൊണ്ട് പോകുന്നത് കോശവിഭജനം എന്ന വസ്തുതയിലേയ്ക്ക് ആണ്. കോശവിഭജനങ്ങൾ ആണ് ജീവൻ ഉണ്ടാകുവാൻ കാരണം ആയത്. നമ്മുടെ ശരീരത്തിൽ കോശവിഭജനങ്ങൾ നടക്കുന്നുണ്ട്. ഈ കോശവിഭജനങ്ങൾ ശരീരത്തിന്റെ പല തരം പ്രവർത്തനങ്ങളെയും സഹായിക്കുന്നു. ഇവ ക്രമാതീതമായ രീതിയിൽ ഉണ്ടാകുന്നില്ല. അങ്ങനെ ഉണ്ടാകാതിരിക്കുവാൻ നമ്മുടെ ശരീരത്തിന് ചില ക്രമീകരണങ്ങൾ ഉണ്ട്. ഇതിന് സഹായിക്കുന്ന വസ്തുക്കൾ ആണ് ടെലോമറുകൾ. ഇതൊരു തരം എൻസൈം ആണ്. ഈ ടെലോമറുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം പ്രോട്ടീനുകൾ ഉണ്ട്. അതിനെ പറയുന്ന പേരാണ് ഷെൽട്ടറിൻ. കോശവളർച്ച നിയന്ത്രിക്കുന്ന ടെലിയോമറുകൾ ഒരു പരിധിയിൽ കൂടുതൽ നീളം കുറഞ്ഞവരോ, കൂടിയവരോ ആകുവാൻ പാടില്ല. നീളം കൂടിയാൽ അത് അനാവശ്യമായ കോശവളർച്ച ഉണ്ടാക്കുകയും അങ്ങനെ ശരീരത്തിൽ കാൻസർ കോശങ്ങൾ ഉണ്ടാകുവാൻ കാരണമാകുകയും ചെയ്യും. നീളം കുറഞ്ഞാലോ, അത് പ്രായം കൂട്ടുന്നതിന് കാരണമാകും. ഈ രണ്ട് സ്ഥിതിയും ഒഴിവാക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകൾ ആണ് ഷെൽട്ടറിൻ. ഷെൽട്ടറിൻ നഷ്ടമാകുന്നത് പ്രായം കൂടുന്നതിന് കാരണമാകുന്നു. മാനസിക സമ്മർദ്ദങ്ങൾ, ഉറക്കമില്ലായ്മ, ഭക്ഷണത്തിന്റെ പോരായ്മ, കൃത്യമായ പോഷകങ്ങളുടെ അഭാവം എന്നിവയെല്ലാം എങ്ങനെ ഷെൽട്ടറിനുകൾ ഇല്ലാതെയാക്കി മനുഷ്യനെ പ്രായം കൂടുന്നതിലേയ്ക്ക് നയിക്കുന്നു എന്ന് അതിലൂടെ വെങ്കി രാമകൃഷ്ണൻ പറയുന്നുണ്ട്.
ഇവയൊക്കെ മാത്രമാണോ പ്രായത്തിനെ നിയന്ത്രിക്കുന്ന കാര്യങ്ങൾ? തീർച്ചയായും അല്ല. മറ്റു പലതരം കാര്യങ്ങൾ കൂടി നമ്മുടെ ശരീരത്തിൽ നടക്കുന്നുണ്ട്. അതിലൊരു തരം വസ്തുക്കൾ ആണ് ഡിമെൻഷ്യ പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കുവാൻ പര്യാപ്തമായ പ്രോട്ടീനുകൾ. ഇത്തരം പ്രോട്ടീനുകൾക്ക് ഒരു പ്രത്യേകത ഉണ്ട്. സാധാരണ ഗതിയിൽ പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് ഫോൾഡിംഗ് സ്ട്രക്ചറുകൾ ആയിട്ടാണ്. ഇങ്ങനെ മടക്കുമടക്കായ ഘടന ഇല്ലാത്ത പ്രോട്ടീനുകളും ഉണ്ടാകാം. ഇവയെ കൃത്യമായി നിർമ്മിക്കപ്പെടാതിരിക്കുന്ന പ്രോട്ടീനുകൾ ആയി കണക്കാക്കപ്പെടുന്നു. പ്രായം കൂടുമ്പോൾ ഇങ്ങനെ മടക്കുമടക്കായ ഘടന ഇല്ലാത്ത പ്രോട്ടീനുകൾ ശരീരത്തിൽ കൂടുതലായി ഉണ്ടാകുന്നു. ഇവയാണ് ഡിമെൻഷ്യ പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നത്. എന്നാൽ ഇതിനെ നിയന്ത്രിക്കാൻ ശരീരത്തിൽ ഒരു പാഴ് വസ്തു നിർമാർജ്ജന കേന്ദ്രം ഉണ്ടത്രേ. ആ പാഴ് വസ്തു നിർമാർജ്ജന കേന്ദ്രത്തിനു ഇങ്ങനെ മടക്കുകൾ അല്ലാതെ രൂപപ്പെട്ടിരിക്കുന്ന പ്രോട്ടീനുകളെ കണ്ടെത്തി നശിപ്പിക്കുന്നതിന് സഹായിക്കാൻ ശരീരത്തിൽ ഒരു പ്രോട്ടീൻ കൂടി ഉണ്ട്. അതിന്റെ പേരാണ് ഉബിക്വിറ്റിൻ. അതായത്, മടക്കുമടക്കായ പ്രോട്ടീനുകളെ ലേബൽ ചെയ്യുന്ന ജോലിയാണ് ഉബിക്വിറ്റിൻ ചെയ്യുന്നത്. അങ്ങനെ ഉബിക്വിറ്റിൻ ലേബൽ ചെയ്യുന്ന പ്രോട്ടീനുകൾ പാഴ് വസ്തു നിർമാർജ്ജന കേന്ദ്രം കണ്ടെത്തി ഇല്ലാതെയാക്കുന്നു. പ്രായം കൂടുമ്പോൾ ഇവയുടെ പ്രവർത്തനശേഷി കുറയുന്നു. പക്ഷേ, ഇവയുടെ പ്രവർത്തനശേഷി കൂട്ടുവാൻ നമുക്ക് സാധിച്ചാൽ ഇങ്ങനെ പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന അനാവശ്യ പ്രോട്ടീനുകളെ നിയന്ത്രിക്കാൻ സാധിക്കില്ലേ?
മറ്റൊന്നാണ് റിയാക്ടീവ് ഓക്സിജൻ സ്പെഷീസ് (ROS) എന്ന ഘടകത്തിന്റെ പെരുകൽ. നമ്മുടെ ശരീരം ഓക്സിജൻ സ്വീകരിച്ചു കാർബൺ ഡയോക്സൈഡും ജലവും ഉണ്ടാക്കുന്നതായി അറിവുള്ളതാണല്ലോ. ഇങ്ങനെ നമ്മൾ അകത്തേയ്ക്ക് എടുക്കുന്ന എല്ലാ ഓക്സിജൻ തന്മാത്രകളും പൂർണ്ണതോതിൽ ജലതന്മാത്രകൾ ആകുന്നില്ല. ഇതിൽ ചിലതൊക്കെ ഫ്രീ റാഡിക്കലുകൾ എന്ന അവസ്ഥയിൽ നിൽക്കുന്നുണ്ട്. ആ ഓക്സിജൻ റാഡിക്കലുകളെ വിളിക്കുന്ന പേരാണ് റിയാക്ടീവ് ഓക്സിജൻ സ്പെഷീസ് എന്നത്. നമ്മൾ പലപ്പോഴും കാണുന്നതും കേൾക്കുന്നതുമായ ചില പരസ്യങ്ങൾ പറയാറില്ലേ, ആന്റിയോക്സിഡന്റുകൾ അടങ്ങിയ വസ്തുവാണ് അവ എന്ന്. അതിന്റെ ധർമ്മം ഈ ഓക്സിജൻ റാഡിക്കലുകളെ ഇല്ലാതാക്കുക എന്നതാണ്. ഈ റാഡിക്കലുകൾ അധികം ആകുന്നത് പ്രായം കൂടുന്നതിനു കാരണമാകും. അതുകൊണ്ട് കൂടുതൽ ആന്റിയോക്സിഡന്റുകൾ ഉള്ള വസ്തുക്കൾ വാങ്ങി ഉപയോഗിച്ചാൽ അത് പ്രായം കുറയ്ക്കുമെന്ന് കരുതരുത്. ഇതിലും ചില പ്രശ്നങ്ങൾ ഉണ്ട്. അത്തരം ധാരണകളെ കൂടി ഈ പുസ്തകം പൊളിച്ചെഴുതുന്നുണ്ട്.
ഇത്തരത്തിൽ പല തലങ്ങളിലൂടെ പ്രായമാകലിന്റെ പലതരം ബയോകെമിക്കൽ സാധ്യതകൾ പുസ്തകം തുറന്നു തരുന്നുണ്ട്. അങ്ങനെ പ്രായമാകലിന്റെയും അതിനെ തുടർന്നുള്ള മരണത്തിന്റെയും അവസ്ഥകളെയും കുറിച്ച് ഇത്രയും മനസ്സിലാക്കിയിരിക്കുന്ന മനുഷ്യൻ അതിനെ ഇല്ലാതെയാക്കുവാൻ പര്യാപ്തമായ രീതികൾ കണ്ടു പിടിച്ചു കാണില്ലേ? തീർച്ചയായും. പക്ഷേ അതിൻറെ ലോകം വളരെ വിചിത്രമാണ്.
മരണമില്ലായ്മയുടെ വ്യാപാരികൾ
ഇങ്ങനെ മരണമില്ലായ്മയുടെ ലോകം സൃഷ്ടിക്കാൻ ലോകമെമ്പാടും ധാരാളം ഗവേഷണങ്ങൾ നടക്കുന്നുന്നുണ്ട്. ബയോടെക്നോളജിയുടെയും, മറ്റു ലഭ്യമായ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ നിരവധി പരീക്ഷണങ്ങൾ. ചിലതൊക്കെ അബദ്ധജടിലം എന്ന് വിശേഷിപ്പിക്കുന്നവയാണ്. അതിൽ വൻതുക മുടക്കിയിരിക്കുന്നവർ പക്ഷേ നിസ്സാരക്കാരല്ല. വലിയ കോർപറേറ്റുകൾ ആണ്. ജെഫ് ബെസോസ്, ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ് അങ്ങനെ ആ പട്ടിക വളരെ വലുതാണ്.
എങ്ങനെ ആണ് ഇതൊക്കെ പ്രവർത്തിക്കുന്നത്? പ്രായം കൂടാതിരിക്കാനുള്ള മരുന്നുകൾ നിർമ്മിക്കുക, പ്രായം കൂടിയാലും അതങ്ങനെ തന്നെ നില നിർത്താനുള്ള രീതികൾ കണ്ടെത്തുക, മരണത്തിനെ തടയാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നിങ്ങനെ പോകുന്നു അതിന്റെ രീതികൾ. അത്തരത്തിൽ കണ്ടെത്തിയ മരുന്നുകളിൽ ഒന്നാണ് രാപ്പമൈസീൻ. ഒരു കൂട്ടം കനേഡിയൻ ശാസ്ത്രജ്ഞർ 1964 ൽ ഈസ്റ്റർ ദ്വീപുകളിൽ വെച്ച് , അവിടുത്തെ മണ്ണിൽ നിന്നും കണ്ടെത്തിയ ബാക്ടീരിയയിൽ നിന്നും വേർതിരിച്ചെടുത്ത ഒരു മരുന്നാണിത്. ആദ്യ കാലങ്ങളിൽ ഇതിനെ ഒരു ആന്റിഫംഗൽ മരുന്നായി ഉപയോഗിച്ചിരുന്നു. പിന്നീട് ഒരു ഇമ്മ്യൂണോസപ്രസിവ് മരുന്നായി അതിനെ ഉപയോഗിച്ചു. അപ്പോഴാണ്, ഇത് പ്രായം നിയന്ത്രിക്കുവാൻ ഉപയോഗിക്കാം എന്ന് മനസ്സിലാക്കിയത്. ഇതു പ്രധാനമായും ഉന്നം വെയ്ക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തിനെയും മറ്റും സ്വാധീനിക്കുന്ന ചില പ്രോട്ടീനുകളെ ആണ്. ഇവയെ ടാർഗറ്റ് ഓഫ് രാപ്പമൈസീൻ , അഥവാ TOR എന്ന് വിളിക്കുന്നു. എന്നാൽ ഇതെങ്ങനെ പ്രായം കൂടുന്നതിനു കാരണമാകുന്ന കാര്യങ്ങളെ നിയന്ത്രിക്കുന്നുവെന്ന് ഇന്നും ശാസ്ത്രം മനസ്സിലാക്കിയിട്ടില്ല. അത് കൂടാതെ, ഇതിന്റെ ഉപയോഗങ്ങൾ കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതായും, കിഡ്നി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മരുന്നുകൾ കൊണ്ട് പ്രായത്തെ പിടിച്ചുനിർത്താം എന്നത് ഒരു സാധാരണ ചിന്തയാണ്. എന്നാൽ, മറ്റു ചില രീതികൾ സത്യത്തിൽ സാധാരണ ബോധചിന്തകൾക്ക് അപ്പുറമാണ്. അതിലൊന്നാണ്, മരണം സംഭവിച്ച കഴിഞ്ഞു ശവശരീരങ്ങളെ സൂക്ഷിച്ചു വെയ്ക്കുക എന്നത്. മറ്റൊന്ന്, മരണം സംഭവിച്ചു കഴിഞ്ഞു തലച്ചോറിനെ സൂക്ഷിച്ചുവെയ്ക്കുക. കേൾക്കുമ്പോൾ നമുക്ക് വിഡ്ഡിത്തം എന്നോ ഒരു സയൻസ് ഫിക്ഷൻ ഭാവന എന്നോ തോന്നാം. മലയാളത്തിൽ മുൻപു ഇത്തരം ആശയത്തിനെ മുൻനിർത്തി ഒരു സയൻസ് ഫിക്ഷൻ നോവൽ വരെ വന്നിട്ടുണ്ട്. 2012 ൽ. ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ഐസ് -192C’ എന്ന നോവൽ. ഇത്തരം സംരക്ഷിത മാർഗ്ഗത്തിനെ വിളിക്കുന്ന പേരാണ് ശീതസംരക്ഷണം (cryopreservation). മരിച്ചുപോയ മനുഷ്യരുടെ ബ്രെയിൻ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് ഈ നോവലിൽ വിവരിക്കുന്നത്. മറ്റേതെങ്കിലും കാലത്തിൽ ആ മരിച്ചുപോയവരെ തിരികെ കൊണ്ട് വരാനുള്ള സാങ്കേതികത വരുമ്പോൾ അവരെ തിരികെ കൊണ്ട് വരാം എന്നുള്ള ശുഭപ്രതീക്ഷയിൽ. അത് തന്നെയാണ് ഇത്തരം സംരക്ഷിക്കലുകളുടെ ഇപ്പോഴത്തെ അടിസ്ഥാനം. എന്നാൽ, ഇവിടെ പ്രസ്താവിക്കേണ്ടുന്ന മറ്റൊരു വസ്തുതയുണ്ട്. യഥാർത്ഥത്തിൽ നമുക്ക് അത്തരം മാർഗ്ഗങ്ങൾ ഇപ്പോൾ തന്നെ അറിയാം എന്നുള്ളതാണ് അത്. ലോകമെമ്പാടും നടക്കുന്ന മൺമറഞ്ഞുപോയ ജീവി വർഗ്ഗങ്ങളെ തിരികെ കൊണ്ട് വരാനുള്ള de extinction പ്രോജക്ടുകൾ ഇത്തരത്തിൽ നമുക്കുള്ള സാങ്കേതിക വിദ്യകൾ കൃത്യമായി ഉപയോഗിച്ച് കൊണ്ട് നടക്കുന്നവയാണ്. എത്തിക്കൽ ഗൈഡ്ലൈനുകൾ എന്ന ഭിത്തി കാലഘട്ടങ്ങൾ പുരോഗമിക്കുന്നതിന് അനുസരിച്ച് എന്ന് മനുഷ്യൻ മറികടക്കുന്നുവോ, അന്ന് ചിലപ്പോൾ ഇതൊക്കെയും നടന്നേക്കാം. ഇതിൽ ഇനിയും സാങ്കേതിക തലത്തിൽ നമ്മൾ മുന്നേറാൻ ഉണ്ട് എന്ന് ഇവിടെ വിസ്മരിക്കുന്നില്ല. ശീതസംരക്ഷണം പോലെ മറ്റൊരു സാങ്കേതിക വിദ്യ മനുഷ്യന്റെ പ്രായം കുറയ്ക്കുമെന്ന് വിചാരിച്ചു അതിന്റെ സാധ്യതകൾ ഇപ്പോൾ തന്നെ മനുഷ്യൻ തിരയുന്നുണ്ട്. അതാണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ. ചെറുപ്പക്കാരനായ ഒരാളുടെ രക്തം മറ്റൊരാളിലേയ്ക്ക് പകരുക. അങ്ങനെ ചെറുപ്പം വീണ്ടെടുക്കാൻ സാധിക്കുക. സൈന്താന്തികമായി ചിന്തിച്ചാൽ ഇതിന് നിരവധി സാധ്യതകൾ ഉണ്ട്. എന്നാൽ ഈ മാർഗ്ഗം പ്രായോഗികമായി ചിന്തിച്ചാൽ അത്രത്തോളം നല്ലതല്ല എന്നതാണ് സത്യം.
അനന്തകാലത്തെയ്ക്ക് നാം ജീവിക്കേണ്ടതുണ്ടോ?
അത്തരം മാർഗ്ഗങ്ങളിലൂടെ പ്രായത്തെ നീട്ടിയിട്ട് എന്താണ് കാര്യം? അല്ലെങ്കിൽ ഈ മാർഗ്ഗങ്ങളിലൂടെ നമ്മുക്ക് എത്രത്തോളം പ്രായത്തെ നീട്ടുവാൻ സാധിക്കും? ഇപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലൂടെ അതിന് കുറച്ച് പ്രയാസമുണ്ട് എന്നതാണ് സത്യം. അതിനെക്കുറിച്ച് രാമകൃഷ്ണൻ തന്റെ പുസ്തകത്തിൽ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നമ്മൾ അങ്ങനെ നീണ്ടകാലത്തേയ്ക്ക് ജീവിക്കേണ്ട ആവശ്യം എന്താണ്? കുഞ്ചൻനമ്പ്യാരുടെ ‘കാലനില്ലാത്ത കാലം’ എന്ന പ്രശസ്ത കാവ്യത്തിൽ വിവരിക്കും പോലെ
‘വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തു കൊൾവതിനേതും കഴിവില്ലാ കാലനില്ലാ
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛവനുള്ള മുത്തച്ഛൻ മരിച്ചീല’
എന്നൊരു കാലത്തിന്റെ അവസ്ഥയിലേയ്ക്കുള്ള പോകൽ അപ്പോൾ സംഭവിച്ചുകൂടെ? ചിലപ്പോൾ ഉണ്ടാകാം. ഉദാഹരണത്തിന് ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന Jeanne Calment എന്ന സ്ത്രീ അവരുടെ അവസാനകാലത്ത് നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. അവർക്ക് കണ്ണ് കാണാൻ സാധിച്ചിരുന്നില്ല. മറ്റു ശാരീരിക ബുദ്ധിമുട്ടുകളും. അത് കൊണ്ട് തന്നെ ഇത്തരം ജീവിത സാഹചര്യങ്ങൾ നിലനിർത്തി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നു. മറ്റൊന്ന് ഇത്തരത്തിൽ നീണ്ട വാർദ്ധക്യം ഉള്ള നിരവധി പേർ ലോകത്തിൽ അവശേഷിപ്പിക്കുന്ന അസന്തുലിതാവസ്ഥ കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. അത്തരത്തിൽ വൃദ്ധർ മാത്രം അവശേഷിക്കുന്ന ലോകം പുതിയ ചിന്തകൾ ഒന്നും പ്രദാനം ചെയ്യുന്നില്ല എന്നും പറയേണ്ടി വരും. ചരിത്രം പരിശോധിച്ചാൽ നിരവധി സർഗാത്മക ചിന്തകൾ സൃഷ്ടിച്ച മനുഷ്യരിൽ ഭൂരിഭാഗം ആൾക്കാരും അവരുടെ ചെറുപ്പകാലത്താണ് അത് സൃഷ്ടിച്ചത് എന്ന് കാണാം. അപവാദങ്ങൾ ഇല്ലാ എന്നല്ല. പുതിയ ചിന്തകളുടെ അഭാവം സൃഷ്ടിക്കുന്ന ലോകത്തിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ!
ഒരിക്കലും മരിക്കാതിരിക്കുക എന്നത് മനുഷ്യനെ സംബ്ധിച്ചിടത്തോളം ആഹ്ലാദകരമായ ഒന്ന് തന്നെയാണ്. എന്നാൽ ഒന്നാലോചിച്ചു നോക്കൂ, മരിക്കുന്നതിലേയ്ക്കു മനുഷ്യനെ നയിക്കുന്നതിൽ സദാ വ്യാപൃതർ ആയിരിക്കുന്ന ശാരീരിക പ്രവർത്തനങ്ങളോടാണ് നമ്മൾ മത്സരിച്ചുകൊണ്ടിരിക്കുന്നത്. ആര് ജയിക്കും? കാത്തിരുന്നു കാണുമ്പോൾ ഈ പുസ്തകം ഒന്ന് വായിച്ചു നോക്കൂ. ചിലപ്പോൾ പല അർത്ഥതലങ്ങൾ നമ്മിൽ ഉയിർ കൊണ്ടേക്കാം.
കേവലം ശാസ്ത്രീയ വസ്തുതകളുടെ വിവരണമാണ് ഈ പുസ്തകം എന്ന് തെറ്റിദ്ധരിക്കരുത്. അതിലുപരി നിരവധി കണ്ടത്തലുകളുടെ ചരിത്രമുണ്ട്. അവയുടെ രാഷ്ട്രീയമുണ്ട്. ശാസ്ത്രജ്ഞരെ കുറിച്ചുള്ള വിവരണമുണ്ട്. അവരുടെ ദൗർബല്യങ്ങളും, സവിശേഷതകളുമുണ്ട്. എന്നാൽ ഒന്നിന്റെയും പക്ഷം പിടിക്കാതെ സംസാരിക്കുവാൻ ഈ പുസ്തകത്തിനു സാധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ലക്ഷണമൊത്തൊരു ശാസ്ത്ര എഴുത്താണ് വെങ്കി രാമകൃഷ്ണൻ നമുക്ക് മുൻപിലേയ്ക്ക് വെയ്ക്കുന്നത്.