എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ ഓടിത്തോൽക്കുന്നു ?
ഒളിമ്പിക്സ് നമുക്ക് സന്തോഷിക്കാനുള്ള വക നല്കാറില്ല. റിയോ ഡി ജനീറോ (Rio de Janeiro, Brazil, 2016) പട്ടണത്തിൽ നടന്ന ഒളിമ്പിക്‌സ് മത്സരത്തിൽ ഇന്ത്യക്ക് നേടാനായത് ഒരു വെള്ളിയും വെങ്കലവും മാത്രം. ടോക്യോ ഒളിമ്പിക്സിൽ (2020/ 2021) ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെട്ടു. നീരജ് ചോപ്രയുടെ ജാവലിൻ സ്വർണമുൾപ്പടെ ഏഴു മെഡലുകൾ കരസ്ഥമാക്കി. ഇന്ത്യ 1948 മുതൽ നേടിയതിനേക്കാൾ സ്വർണമെഡലുകൾ മൈക്കേൽ ഫെൽപ്സ് നേടിയിട്ടുണ്ട്. മാത്രമല്ല, ഒരുലക്ഷം ജനസംഖ്യക്ക് എത്ര മെഡൽ എന്ന കണക്കെടുത്താൽ ലോകത്തിൽ ഏറ്റവും പിന്നിലാണ് നമ്മുടെ സ്ഥാനം – ആകെ ഒൻപത് സ്വർണം. അതും 1948 മുതൽ തുടർച്ചയായി എല്ലാ ഒളിമ്പിക്സിലും മത്സരിക്കുന്ന രാജ്യമായിട്ടുപ്പോലും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഈ പ്രശ്നം ഇന്ത്യയിൽ പല വിദഗ്‌ധരുടെയിടയിലും സജീവ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ പരിശോധിക്കുന്നത് ആരോഗ്യവും സ്പോർട്‌സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്നാണ്.
No. | Athlete | Event | Sport | Medal |
---|---|---|---|---|
1 | Manu Bhaker | Women’s 10m air pistol | Shooting | Bronze |
2 | Manu Bhaker-Sarabjot Singh | Mixed team 10m air pistol | Shooting | Bronze |
3 | Swapnil Kusale | Men’s 50m rifle 3 positions | Shooting | Bronze |
എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ഒളിമ്പിക്സിൽ കൂടുതൽ മെഡൽ നേടുന്നത്?
എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ഒളിമ്പിക്സിൽ കൂടുതൽ മെഡൽ നേടുന്നത്? എന്ന തലക്കെട്ടിൽ 2008 ൽ അനുരുദ്ധ കൃഷ്ണ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. (ഡ്യൂക് സർവകലാശാലയിലെ പ്രൊഫസർ) പല ഘടകങ്ങൾ പരിശോധിച്ചശേഷം അദ്ദേഹം അഭിപ്രായപ്പെടുന്നത് വംശമോ ജീനുകളോ ഒളിമ്പിക്സിൽ ഘടകങ്ങളല്ലെന്നാണ്. ദാരിദ്ര്യം പോലുമല്ല എന്നദ്ദേഹം കരുതുന്നു. ഇവിടെ ദാരി ദ്ര്യമെന്നാൽ രാജ്യത്തിൻ്റെ പൊതു അവസ്ഥയാണ് വിവക്ഷിക്കുന്നത്. കെനിയ, ജമൈക്ക പോലുള്ള രാജ്യങ്ങളുടെ വിജയം അതാണല്ലോ സൂചിപ്പിക്കുന്നത്. ശാരീരികക്ഷമത ഏറ്റവും ഉയർന്ന തലത്തിൽ നിന്നാൽ മാത്രമേ ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾക്ക് മത്സരിക്കാനാകു. ഏറ്റവും ഉയർന്ന കായികക്ഷമത 15-നും 30-നും ഇടയിലായതിനാൽ ഈ പ്രായത്തിലുള്ളവരായിരിക്കും ഏതാണ്ടെല്ലാ കായികതാരങ്ങളും, അതായത്
നമ്മുടെ ഒളിമ്പിക്സ് മത്സരാർഥികളായ 117 പേരും 1990-ന് ശേഷം ജനിച്ചവരായിരിക്കും എന്നർഥം. ഈ കാലഘട്ടത്തിൽ നമ്മുടെ സാധാരണ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?
വിജയ് ജോഷി എഴുതിയ ‘ഇന്ത്യയുടെ അതിദീർഘപാത’ (Vijay Joshi – India’s Long Road) എന്ന പുസ്തകത്തിൽ ഇന്ത്യയുടെ ചെറുപ്പക്കാരുടെയും കുട്ടികളുടെയും ആരോഗ്യത്തെ പ്രതിപാദിക്കുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യയുടെ പ്രകടനം ചൈന, ബംഗ്ലാദേശ് എന്നിവയേക്കാൾ പിന്നിലാണെന്നു മാത്രമല്ല, ലോകത്തെ ഏറ്റവും ദരിദ്രരായ 36 രാജ്യങ്ങളുമായി താരതമ്യംചെയ്യാവുന്ന പോലെ മാത്രമാണെന്നും കാണുന്നു. പരമ്പരാഗതമായ പൊതു ആരോഗ്യം (Traditional Public Health) ഗൗരവമായി എടുക്കാത്തതിനാലാവണം ഈ അവസ്ഥ.
പരമ്പരാഗത പൊതു ആരോഗ്യത്തിൽ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്. ശുദ്ധമായ കുടിവെള്ളം, മാലിന്യനിർമാർജനം, പോഷകാഹാരം എന്നിവയാണവ. കഴിഞ്ഞ പല പതിറ്റാണ്ടുകളായി പരമ്പരാഗത പൊതു ആരോഗ്യരം ഗത്ത് സർക്കാർ മുതൽമുടക്ക് കുറഞ്ഞുവരുന്നുണ്ട്. ഇപ്പോഴിത് മൊത്തത്തിലുള്ള ആരോഗ്യമേഖലയിലെ ചെലവിന്റെ 10 ശതമാനം മാത്രമാണ്. ഉദാഹരണത്തിന് സാനിറ്റേഷൻ ലഭ്യമായത് 2014-ൽ 40 ശതമാനം പേർക്കാണ്. അതേസമയം ചൈനയിൽ 75 ഉം ബംഗ്ലാദേശിൽ 60 ഉം ശതമാനം പേർക്കും മെച്ചപ്പെട്ട സാനി റ്റേഷൻ സൗകര്യങ്ങളുണ്ട്. ജനനസമയത്ത് തൂക്കക്കുറവുള്ള ശിശുക്കളുടെ സംഖ്യ ഇന്ത്യയിൽ 25 ശതമാനവും ചൈനയിൽ രണ്ടും മറ്റ് ദരിദ്രരാജ്യങ്ങളിൽ 12 ഉം ആണ്. അഞ്ച് വയസിൽ താഴെ ശരീരശോഷണം (growth stunting) ബാധിച്ച കുട്ടികൾ ഇന്ത്യയിൽ (2006-ൽ) 48 ശതമാനം ഉണ്ട്. ചൈനയിൽ ഒമ്പതും ദരിദ്രരാജ്യങ്ങളിൽ 36 ഉം ശതമാനത്തിൽ ഒതുങ്ങുന്നു. കുട്ടികളിലെ വളർച്ചക്കുറവ്, വിളർച്ച (anaemia) എന്നിവയും ഇതിനു തുല്യമായുണ്ട്. ലഭ്യമായ കണക്കുകളനുസരിച്ച് അഞ്ച് വയസിന് താഴെ പോഷകാഹാരക്കുറവുള്ള കുട്ടികളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണ്. ഇവിടെ 43 ശതമാനം കുട്ടികളിൽ തൂക്കക്കുറവും 48 ശതമാനം കുട്ടികളിൽ വളർച്ചമുരടിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ പ്രാധാന്യം?
മനുഷ്യന്റെ വളർച്ചയുടെയും ശരീരക്ഷമത, കായികോന്നമനം എന്നിവയുടെയും അടിസ്ഥാനശില പോഷകമൂല്യമുള്ള ശരീരമാണ്. കുട്ടികളിലെ (അഞ്ചു വയസിന് താഴെ) ആഹാരക്കുറവും ആവർത്തിച്ചുള്ള അണുബാധയും പില്ക്കാലത്തെ വളർച്ചയെ സ്ഥായിയായി ബാധിക്കുന്നുവെന്ന് പഠനങ്ങളാൽ തെളിയിച്ചുകഴിഞ്ഞു. ഇപ്രകാരം വളർച്ചമാന്ദ്യത ബാധിച്ച കുട്ടികളിൽ പില്ക്കാല ജീവിതത്തിലും കാര്യമായ പിന്നാക്കാവസ്ഥ നിലനില്ക്കും. ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയോൺമെന്റ് റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത് (International Journal of Environment Research and Public Health- 2011) എന്ന പ്രസിദ്ധീകരണത്തിൽ വിനിഷസ്, മാർട്ടിൻസ് എന്നീ ഗവേഷകർ നടത്തിയ പഠനത്തിന്റെ വിശദ റിപ്പോർട്ടുണ്ട്. ഇവരുടെ കണ്ടെത്തലുകൾ സ്പോർട്‌സും ആരോഗ്യവും കൈകാര്യംചെയ്യുന്നവർ പഠിക്കേണ്ടതാണ്. വളർച്ചമാന്ദ്യത പില്ക്കാല ജീവിതത്തിൽ വണ്ണക്കൂടുതൽ ഉണ്ടാകാനും കൊഴുപ്പിന്റെ രാസപ്രവർത്തനത്തിൽ പോരായ്മ സൃഷ്ടിക്കാനും കാരണമാകും. ഇൻസുലിന്റെ പ്രവർത്തനക്ഷമത ക്രമാതീതമായി കുറയുകയും ശാരീരികാധ്വാനത്തിലെ മികവ് നഷ്ടപ്പെടുകയും ചെയ്യും. ദീർഘസമയം പേശികളുടെ അധ്വാനം നിലനിർത്താനുള്ള കഴിവ്, വിവിധതരം നാഡീവ്യൂഹങ്ങളുടെ ക്ഷമതക്കുറവ്, മാനസികസമ്മർദം സഹിക്കാനുള്ള മുന്നൊരുക്കം ഇമ്മാതിരി അനേകം സൂക്ഷ്മമായ കഴിവുകളിൽ പോരായ്മയുണ്ടാകുന്നു. ഇത് അത്ര പ്രധാനമാണോ എന്ന ചോദ്യം ന്യായമായും ഉയർന്നേക്കാം. അതേ എന്നുതന്നെയാണ് ദൃഢമായ ഉത്തരം.
എന്തെന്നാൽ ഒളിമ്പിക്സ് പോലുള്ള വിജയിയും തൊട്ടു പിന്നിൽ വരുന്ന മത്സരാർത്ഥികളും തമ്മിലുള്ള വ്യത്യാസം തന്നെ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റാത്തത്ര ചെറുതാണ്. ഹൈജമ്പിൽ ഇന്ത്യൻ റെക്കോഡ് സൃഷ്ടിച്ചത് ഹരിശങ്കർ റോയ് ആണ്. ചാടിയത് 2.25 മീറ്റർ ഉയരം; ഒളിമ്പിക്സ് റെക്കോഡാകട്ടെ, 2.39 മീറ്റർ (28 സെപ് 2004 സിംഗപ്പൂർ); വെറും പതിനാല് സെന്റീമീറ്റർ മാത്രം പിന്നിൽ. ഇത് ഒരു നൂറുരൂപ നോട്ടിൻ്റെ നീള വ്യത്യാസമേയുള്ളൂ. എന്നാലും ഹരിശങ്കർ തൻ്റെ 2.25 മീറ്റർ ഉയരത്തിൽ ചാടിയത് 1976-ലായിരുന്നെങ്കിൽ മെഡൽ കിട്ടിയേനെ. എന്നാൽ 2016-ലെ റീയോ ഒളിമ്പിക്സിൽ മത്സരിക്കാനുള്ള യോഗ്യതപോലുമാകില്ലായിരുന്നു ഈ ചാട്ടം. അതായത്, ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളിൽ നമ്മുടെ പൊതുധാരണയ്‌ക്കൊത്ത കാര്യക്ഷമതയ്ക്കു പോലും സ്ഥാനമില്ല. മറ്റൊരുവിധം പറഞ്ഞാൽ, അതികാര്യക്ഷമത (Super efficiency) യാണ് ഇത്തരം സ്പോർട്സിൽ പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് പോഷകാഹാരക്കുറവ്, വളർച്ചമാന്ദ്യത, ശരീരശോഷണം എന്നിവ ബാധിച്ച കുട്ടികൾ 50 ശതമാനത്തിലധികമുള്ള നമ്മുടെ രാജ്യത്തിന് ഒളിമ്പിക്സിൽ ഒരിടത്തും എത്താനാകാത്തത്. ലോകത്തെ ഏറ്റവും പിന്നാക്കാവസ്ഥയുള്ള രാജ്യങ്ങൾക്കൊപ്പമാണ് നമ്മുടെ സ്ഥിതിവിവരക്കണക്കുകളെങ്കിലും അതിലും ഒരുപടി ഉയർന്നാണ് സ്പോർട്‌സിലെ പ്രകടനം എന്നുപറയാതെ വയ്യ.
ശരീരത്തിന്റെ പോഷകസ്ഥിതിയും കായികക്ഷമതയും തമ്മിലുള്ള ബന്ധം മറ്റ് പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആംഗസ് ഡീറ്റൺ, ഴാങ് ദ്രേസെ (Angus Deaton, Jean Dreze) എന്നിവരുടെ ‘ഇന്ത്യയിലെ പോഷകാഹാരനില എന്ന ആഴത്തിലുള്ള പഠനം ശ്രദ്ധേയമാണ്. 1983-ന് ശേഷം ഇന്ത്യയിൽ ഊർജം (Calorie), മാംസ്യം (Proteins) എന്നിവ ഭക്ഷണത്തിൽ കുറഞ്ഞുവരുന്നു. ഇതനുസരിച്ച് കായികാധ്വാനത്തിലും കുറവുവന്നിരിക്കാമെന്ന് അവർ അനുമാനിക്കുന്നു.
പതിനെട്ട് വയസിന് മുകളിലുള്ള സ്ത്രീകളിൽ ബോഡി മാസ് ഇൻഡെക്സ് (Body Mass Index-BMI) 18.5-ൽ താഴെയുള്ളവർ ഏതാണ്ട് 50 ശതമാനമാണ്. അപ്പോൾ 50 ശതമാനം സ്ത്രീകൾക്ക് കായികശേഷി വളരെ കുറവായിരിക്കുമെന്ന് സാരം. രാജ്യത്തിലെ പകുതിയോളം പോന്ന സ്ത്രീകളിൽ കായികക്ഷമതക്കുറവുണ്ടായാൽ എങ്ങനെയാണ് അവർക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാനാകുക?
ഈ ഗവേഷകർ കണ്ടെത്തിയ മറ്റൊരു പ്രശ്നം ശരീരത്തിൻ്റെ ഉയരത്തിൽ വന്ന മാറ്റമാണ്. പതിനെട്ട് വയസിന് മുകളിലുള്ളവരുടെ പൊക്കം കുട്ടിക്കാലത്തെ ആരോഗ്യത്തെ കാണിക്കുന്ന അളവുകോലാണ്. ലോകത്തെമ്പാടും പുതുതലമുറ മുൻതലമുറകളേക്കാൾ ഉയരമുള്ളവരാണ്. ഇക്കാര്യത്തിലും ഇന്ത്യൻ ജനത കൂടുതൽ ഉയർച്ച നേടുന്നതിൽ വളരെ സാവധാനത്തിലേ പുരോഗമിച്ചിട്ടുള്ളൂ. സ്ത്രീകളുടെ കാര്യവും അങ്ങനെതന്നെ. 1950-ന് ശേഷം ഇന്ത്യയിൽ ഉയരത്തിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ നോക്കുമ്പോൾ തുലോം നിസ്സാരമാണ്. പതിനഞ്ചു മുതൽ ഇരുപത് സെൻ്റീമീറ്റർ ഉയരക്കൂടുതലുള്ള കായികതാരങ്ങൾക്ക് ട്രാക് ആൻഡ് ഫീൽഡ്, നീന്തൽ, ജമ്പുകൾ എന്നിവയിൽ കൈവരിക്കാവുന്ന അധികനേട്ടം ഊഹിക്കാവുന്നതേയുള്ളൂ.
ഇതിൽനിന്നും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, ഇന്ത്യയുടെ സ്പോർട്സ് പിന്നാക്കാവസ്ഥയിൽ എന്തെല്ലാം ഘടകങ്ങളുണ്ടെങ്കിലും ആരോഗ്യവും പോഷകാഹാരക്ഷമതയും അതിൽ പ്രധാനമാണ്. ദൗർഭാഗ്യവശാൽ ഇന്ന് സജീവമായ ചർച്ചകളിൽ ആരോഗ്യ പോഷകവിഷയങ്ങൾ എന്തുകൊണ്ടോ വേണ്ട ശ്രദ്ധ ആകർഷിച്ചിട്ടില്ല. നാം ഇന്ത്യയിലെ കണക്കുകൾ പോരായ്മയുള്ള താണെന്ന് പറയുമ്പോൾ കേരളം അതിൽനിന്നും വേറിട്ടുനില്ക്കുന്നുവെന്നർഥമില്ല. കൃത്യമായ പദ്ധതികളിലൂടെ കായികരംഗം മുന്നോട്ടുവന്ന് ഭാവി അത്ലറ്റുകളെ അഞ്ച് വയസിലേ കണ്ടുപിടിച്ച് അവരുടെ ആരോഗ്യം പരിപോഷിപ്പിച്ച് വേണ്ട ശിക്ഷണം നല്കി തയാറാക്കിയാൽപ്പോലും അതിൻ്റെ ഫലം കാണാൻ പിന്നെയും പതിനഞ്ചുവർഷം കാത്തിരിക്കണം. സ്പോർട്സ് കാര്യക്ഷമത കൈവരിക്കാൻ ദീർഘകാല ആസൂത്രണം അത്യാവശ്യമാണ്.
രണ്ട്, മറ്റെന്തെല്ലാം ഘടകങ്ങളുണ്ടെങ്കിലും പരമ്പരാഗത പൊതുആരോഗ്യരംഗം മെച്ചപ്പെടുത്തിയാലേ സ്പോർട്സ് മെച്ചപ്പെടുകയുള്ളൂ. അതിനർഥം ശുദ്ധമായ വായു, ശുദ്ധമായ വെള്ളം, മാലിന്യസംസ്കരണം, മാലിന്യനിർമാർജനം, ആവർ ത്തിച്ചുവരുന്ന അണുബാധ, പകർച്ചവ്യാധി നിയന്ത്രണം എന്നിങ്ങനെയുള്ള കാര്യ ങ്ങളിൽ സജീവ ശ്രദ്ധയുണ്ടാവണം. കാര്യങ്ങൾ ഒരു വ്യക്തിക്ക് സ്വന്തമായി ചെയ്യാനാകാത്തതും സർക്കാറിടപെടലിലൂടെ മാത്രം പ്രാവർത്തികമാക്കാൻ കഴിയുന്നതുമാണ്.
തുല്യപ്രാധാന്യമുള്ള മറ്റൊരു ഘടകമാണ് സ്പോർട്സ് വൈദ്യശാസ്ത്രം വികസിപ്പിക്കുക എന്നത്. അത്ലറ്റുകളുടെ ശാരീരികക്ഷമതയിൽ ഗവേഷണം. നടത്താനും അവരുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനും ഒക്കെ ഇത്തരം ആരോഗ്യകേന്ദ്രങ്ങളുണ്ടെങ്കിലേ സാധിക്കൂകയുള്ളൂ. കായിക പ്രകടനങ്ങളിൽ ശരീരത്തിൻ്റെയും ശരീരബാഹ്യമായ ഘടകങ്ങളുടെയും പ്രാധാന്യം വളരെയാണ്.
അധികവായനയ്ക്ക്
- Why Do Some Countries Win More Olympic Medals? Lessons for Social Mobility and Poverty Reduction >>>
- Food and Nutrition in india – Facts and interpretations , Angus Deaton, Jean Drèze. Economic and Political WeeklyVol. 44, No. 7 (Feb. 14 – 20, 2009), pp. 42-65 (24 pages) >>>
- Long-Lasting Effects of Undernutrition , International Journal of Environmental Research and Public Health (IJERPH) ‘ 8(6):1817-46. DOI:10.3390/ijerph8061817
looking forward to a write up on this matter. How the parents (if not government) do something on this. How to prepare a child from his or her birth to become a champion of world standards.