പ്രപഞ്ച രഹസ്യം തേടി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് യാത്ര ആരംഭിച്ചിരിക്കുന്നു. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. അവിടെ എത്താൻ ഒരു മാസമെടുക്കും. ഏറെ സങ്കീർണമാണ് ഈ വിക്ഷേപണം. ടെലിസ്കോപിന്റെ പൂർണരൂപത്തിൽ വിടരുന്നതിന് മുമ്പ് 300 ലധികം പരാജയസാധ്യതകളുണ്ടെന്നാണ് വിവരം. ഇവയിലൊന്ന് പരാജയപ്പെട്ടാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ദൗത്യം പൂർത്തിയാക്കാനെടുത്തത് 30 വർഷമാണ്.
ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഈ പടുകൂറ്റൻ ബഹിരാകാശ ദൂരദർശിനി ഇപ്പോൾ എത്രദൂരം പിന്നിട്ടു?. പിന്നിടുന്ന വേഗത, സഞ്ചാരപഥം, സഞ്ചാരഘട്ടം എന്നിവ അറിയുന്നതിന് തത്സമയം അപേഡ്റ്റ് ചെയ്യുന്ന ട്രാക്കർ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിർമാണം – പരിണാമം – ലക്ഷ്യങ്ങൾ – പ്രവർത്തനം -അവതരണം – ഡിസംബർ 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ആകാശേത്തേക്ക് കുതിക്കുകയാണ്. ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഈ പടുകൂറ്റൻ ബഹിരാകാശ ദൂരദർശിനി മൂന്ന് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾ സംയുക്തമായി ഏറ്റെടുത്തു നടത്തുന്ന ഏറ്റവും ബൃഹത്തായ ശാസ്ത്ര ദൗത്യങ്ങളിലൊന്നാണ്. ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ വിക്ഷേപണവും വിന്യാസവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ആകാംക്ഷയോടെ പിന്തുടരാൻ പോവുന്നത് .
ഈ ചരിത്രപരമായ വേളയിൽ ലോകമെമ്പാടും നിറയുന്ന ആവേശത്തിൽ ആസ്ട്രോ കേരളയും പങ്കുചേരുന്നു. ശാസ്ത്ര ഗവേഷണരംഗത്തെ നിർണായകമായ ചുവടുവെപ്പായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിർമാണം – പരിണാമം – ലക്ഷ്യങ്ങൾ – പ്രവർത്തനം ഇവയെല്ലാം സംബന്ധിച്ച വിശേഷങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പങ്കുവയ്ക്കുന്ന ഒരു പൊതുപ്രഭാഷണം ഡിസംബർ 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ വച്ചു നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡോ.ആനന്ദ് നാരായണൻ ആണ് വിഷയം അവതരിപ്പിക്കുന്നത്. ചർച്ചകളും ഉണ്ടാകും. ആസ്ട്രോയും തിരുവനന്തപുരത്തെ പിഎംജിയിലുള്ള കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റോറിയവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഉണ്ടായ നിയന്ത്രണങ്ങൾ കാരണം മുടങ്ങിയിരുന്ന ആസ്ട്രോ ഓഫ്ലൈൻ പ്രവർത്തനങ്ങളുടെ തുടക്കം കൂടിയാണിത്. പ്രവേശനം തീർത്തും സൗജന്യം. ഏവർക്കും സ്വാഗതം. താല്പര്യമുള്ള എല്ലാവരേയും അറിയിക്കണേ വരുമ്പോൾ കൂടെ കൂട്ടണേ.