Read Time:10 Minute

ടി.കെ. ദേവരാജൻ

എഡിറ്റർ, ലൂക്ക

ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം.  ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്. എന്തിനാലുണ്ടായി എല്ലാമെല്ലാം (What is Everything Made of?) എന്നാണ്  ഈ ശാസ്ത്രാവബോധകാമ്പയിന് പേരിട്ടിരിക്കുന്നത്. ലൂക്കയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രസതന്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും സൃഷ്ടികളും പ്രതീക്ഷിക്കാം.

കാള്‍ സാഗന്‍ തന്റെ പ്രശസ്തമായ ബ്രോക്കാസ് ബ്രയിന്‍ എന്ന പുസ്തകത്തില്‍ രസകരമായ ഒരന്വേഷണം നടത്തുന്നുന്നുണ്ട്. തരം തിരിക്കാനും പരസ്പരബന്ധം മനസ്സിലാക്കാനുമുള്ള കഴിവ് മനുഷ്യന് ഇല്ല എങ്കില്‍ നമുക്കെത്ര അറിയാനാകും?  അദ്ദേഹം കണ്ടെത്തുന്ന മറുപടി ഒരുതരി ഉപ്പിന്റെ നൂറിലൊന്ന് എന്നാണ്. അതിലെ ഓരോ തന്മാത്രയും അതിനുമുള്ളിലെ ആറ്റങ്ങളും വെവ്വേറെ വിവരങ്ങളാകുമ്പോള്‍ അതിന്റെ എണ്ണത്തിന്റയത്ര ന്യൂറോണുകള്‍ വേണ്ടിവരും അത് ശേഖരിക്കാന്‍ എന്ന കണക്കുകൂട്ടലില്‍ നിന്നാണത്. പക്ഷേ എല്ലാ സോഡിയം ക്ലോറൈഡ് തന്മാത്രകളും അവ ചേര്‍ന്നുണ്ടാകുന്ന ഉപ്പുതരികളും ഒരുപോലെ എന്ന് മനസ്സിലാക്കുന്നതിനാല്‍ ഉപ്പിന്റെ വിജ്ഞാനം നമ്മുടെ തലച്ചോറിന്റെ അതി നിസ്സാരമായ ഭാഗമേ ഉപയോഗിക്കുന്നുള്ളു. നമ്മുടെ ജ്ഞാനതലം നമുക്ക്ചുറ്റുമുള്ള ഇന്ദ്രിയ ഗോചരമായ സാമാന്യലോകത്തില്‍ നിന്ന് അതിന്റെ തന്നെ വലിയ വിശാലതയിലേക്കും സൂക്ഷ്മലോകത്തിലേക്കും സ്ഥൂലപ്രപഞ്ചത്തിലേക്കുമെല്ലം കടന്നുകയറിയത് വര്‍ഗീകരിക്കുന്നതിലും പരസ്പരബന്ധം കണ്ടുപിടിക്കുന്നതിനുമുള്ള ഈ കഴിവ് ഉപയോഗപ്പെടുത്തിയാണ്. ശാസ്ത്രത്തിന്റെ ഏത് ശാഖയെടുത്ത് നോക്കിയാലും ഈ പ്രക്രിയയാണ് വലിയ ചുവടുകള്‍ വെയ്ക്കാൻ  അവയെ സഹായിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും.

രാസവിദ്യയുടെ  ചരിത്രത്തിന് മനുഷ്യൻ തീ ഉപയോഗപ്പെടത്തിയതു മുതല്‍ പ്രായമുണ്ട്. മദ്യനിര്‍മ്മാണവും ലോഹസംസ്കരണവും കാര്‍ഷിക വൃത്തി ആരംഭിച്ചതിനുശേഷം വലിയതോതില്‍ വ്യാപകമായ , ജീവിതവുമായി അടുത്ത് ബന്ധപ്പെട്ട് വളര്‍ന്ന രാസവിദ്യകളാണ്. എന്നിട്ടും രസതന്ത്രം ആധുനികശാസ്ത്രമായി പരിണമിക്കാന്‍ തുടങ്ങുന്നത് ജ്യോതിശാസ്ത്രത്തിനും ഭൗതികത്തിനും പിന്നാലെ പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ്. ചതുര്‍ഭൂതങ്ങളിലും രസായനവിദ്യ(alchemy)യിലും കുടുങ്ങികിടന്ന പദാര്‍ത്ഥജ്ഞാനത്തെ മോചിപ്പിച്ച് രസതന്ത്രം എന്ന ആധുനികശാസ്ത്രമാക്കിയത് പ്രധാനമായും റോബര്‍ട്ട് ബോയില്‍ (1627-91) അന്റോയിന്‍ ലാവോസിയെ (1743-94), ജോസഫ് പ്രീസ്റ്റ്‍ലി(1733-1804),ഹെൻ്റി കാവന്‍ഡിഷ്(1731-1810), ഹംഫ്രി ഡേവി(1778-1829), ജോണ്‍ ഡാള്‍ട്ടന്‍ (1766-1844) തുടങ്ങിയവരുടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് . ഭൗതികത്തില്‍ ഇക്കാലത്തുണ്ടായ പുരോഗതിയും ഈ മാറ്റത്തിന് വലിയ സഹായമായി..

[box type=”info” align=”” class=”” width=””]എന്നാല്‍ രസതന്ത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും കുതിപ്പിനും ഊര്‍ജമേകിയത് 1869 ല്‍ നടന്ന വലിയ ഒരു ചുവട് വയ്പാണ്. റഷ്യന്‍ രസതന്ത്രജ്ഞനായ ദിമിത്രി ഇവാനോവിച്ച് മെൻദലീഫിന്റെ (1834-1907) ആവര്‍ത്തനപട്ടിക പ്രസിദ്ധീകൃതമായതാണ് ആ ചുവടുവെപ്പ്.[/box]

അന്നുവരെ അറിയപ്പെട്ടിരുന്ന 61 മൂലകങ്ങളെ ആറ്റോമിക ഭാരത്തിന്റെയും സ്വഭാവഗുണങ്ങളുടെയും അടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ , പട്ടികപ്പെടുത്തിയപ്പോള്‍ പ്രപഞ്ചനിര്‍മിതിയിലെ ഇഷ്ടികകളെകുറിച്ച് കൂടുതല്‍ വ്യക്തത കൈവന്നു. പുതിയ ചിന്തകള്‍ക്കത് വഴിമരുന്നിട്ടു. ആറ്റോമിക ഭാരത്തിന്റെ അനുക്രമവും മൂലകങ്ങളുടെ സ്വഭാവഗുണങ്ങളും പരസ്പരം ബന്ധപ്പെടുത്തിയപ്പോള്‍ മൂന്ന് സ്ഥാനങ്ങളില്‍ വിടവ് വന്നത് അദ്ദേഹം അതു പോലെ ഒഴിച്ചിട്ടു. അവ ഇനി കണ്ടെത്താനുള്ള മൂലകങ്ങളാണെന്ന് പ്രഖ്യാപിക്കയും അവയുടെ ആറ്റോമികഭാരവും സവിശേഷതകളും പ്രവചിക്കയും ചെയ്തത് ചരിത്രപരമായ വഴിത്തിരിവായി. പിന്നീടവയെ കണ്ടെത്തുകയും ചെയ്തു. പ്രവചിച്ച സവിശേഷതകള്‍ മിക്കവാറും പാലിച്ചുകൊണ്ട്! ശാസ്ത്രത്തിന്റെ സവിശേഷ രീതി പ്രയോജനപ്പെടുത്തുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായാണ് ഇന്നതിനെ വിശേഷിപ്പിക്കുന്നത്. ജ്യോതിശാസ്ത്രത്തിന് കെപ്ലറുടെ നിയമങ്ങള്‍, ഭൗതികത്തിന് ന്യൂട്ടന്റെ ചലനനിയമങ്ങള്‍, ജീവശാസ്ത്രത്തിന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം – ഇവ പോലെയായി രസതന്ത്രത്തിന് മെൻദലീഫിന്റെ ആവര്‍ത്തന പട്ടിക.

ആധുനിക പീരിയോഡിക് ടേബിള്‍

മൂലകങ്ങളുടെ സ്വഭാവ നിര്‍ണയത്തിലെ അടിസ്ഥാന ഘടകമായ ആറ്റോമിക നമ്പര്‍ കണ്ടെത്തുന്നത് മെൻദലീഫ് മരിച്ച് ആറുവര്‍ഷത്തിനു ശേഷമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് ഇന്നു രസതന്ത്രത്തിന്റെ ഐക്കണ്‍ ആയി മാറിയ ആധുനിക ആവര്‍ത്തനപട്ടിക രൂപകല്പനചെയ്തത്. പഴയ 61 ന്റെ സ്ഥാനത്ത് പ്രകൃതിയില്‍ സ്വാഭാവികമായി കാണുന്ന 92 മൂലകങ്ങള്‍ വിടവുകളില്ലാതെ നമുക്ക് ഇന്ന് പരിചിതമാണ്. കൂടാതെ മനുഷ്യ നിര്‍മിതമായ 26 എണ്ണം വേറെയും. ആധുനിക ആവര്‍ത്തനപട്ടികയുടെ ആദ്യ പതിപ്പ് തയ്യാറാക്കുന്നത് ഹെന്‍‍റി മോസ്‌ലി (1887-1915)യാണ്. അന്ന് കണ്ടെത്താതിരുന്ന നാലുമൂലകങ്ങള്‍ക്ക് വിടവ് വിട്ടുകൊണ്ട് 88 മൂലകങ്ങളെ ഉള്‍കൊള്ളിച്ചാണതുണ്ടാക്കിയത്.

ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കുകയാണിപ്പോള്‍. ഐക്യരാഷ്ട്രസഭയാണതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രസതന്ത്രശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും മാത്രം താല്പര്യമെടുക്കേണ്ടതല്ല ഈ വിഷയം. എന്തുകൊണ്ടെന്നാല്‍ ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം. ആവര്‍ത്തനപട്ടികയില്‍ കാണുന്ന മൂലകങ്ങളാണ് ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനശിലകള്‍. ഓരോമൂലകത്തിന്റെയും ആറ്റോമികസംഖ്യയും ആറ്റോമികഭാരവും ഇലക്ട്രോണ്‍വിന്യാസവും മനസ്സിലാക്കിയാല്‍ ഒട്ടുമിക്ക പദാര്‍ത്ഥസ്വഭാവങ്ങളെയും ഏറ്റവും ലളിതവും സുന്ദരവുമായി വിശദീകരിക്കാനാവും. ശാസ്ത്രീയമായ ഒരു പ്രപഞ്ചവീക്ഷണം സ്വാംശീകരിക്കാന്‍ അതേറെ പ്രയോജനപ്പെടും.

അതുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്. എന്തിനാലുണ്ടായി എല്ലാമെല്ലാം (What is Everything Made of?) എന്നാണ് പരിഷത് സംഘടിപ്പിക്കുന്ന ശാസ്ത്രാവബോധകാമ്പയിന് പേര്‍ നല്കിയിരിക്കുന്നത്. ലൂക്കയില്‍ ഇനിയുള്ള ദിവസങ്ങളില്‍ രസതന്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും സൃഷ്ടികളും വരും. 118 മൂലകങ്ങളെ ഓരോ ദിവസമായി 118 ശാസ്ത്രാധ്യാപകര്‍, വിദ്യാർത്ഥികൾ  പരിചയപ്പെടുത്തും. ആയിരം ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു ഓണ്‍ലൈന്‍ ക്വിസ് പരിപാടി ആഗസ്ത് അവസാനം ആരംഭിക്കും. ഇതോടൊപ്പം മലയാളത്തില്‍ ഇന്ററാക്ടീവ് പീരിയോഡിക് ടേബിളും ലൂക്കയില്‍ സജ്ജമാക്കുന്നുണ്ട്. ആവര്‍ത്തനപട്ടികയിലെ രണ്ടാമത്തെ മൂലകമായ ഹീലിയം ആദ്യമായി കണ്ടെത്താനിടയായത് ഓഗസ്റ്റ് 18 ലെ സൂര്യഗ്രഹണ സമയത്ത്  പിയറി ജാന്‍സണ്‍ ഭാരതത്തിലെ ഗുണ്ടൂരില്‍ വെച്ച് നടത്തിയ സൂര്യന്റെ വര്‍ണ്ണരാജി നിരീക്ഷണത്തിലൂടെയാണ്. അതുകൂടി സ്മരിച്ചുകൊണ്ട് ആവര്‍ത്തനപട്ടികയും രസതന്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഇന്നാരംഭിക്കുകയാണ്.

Happy
Happy
33 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
17 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കറുത്ത വെളിച്ചം ഉണ്ടോ ?
Next post ആവർത്തനപ്പട്ടികയുടെ നൂറ്റമ്പതുവര്‍ഷങ്ങള്‍ – ഒരു തിരിഞ്ഞു നോട്ടം
Close