എല്ലാ വർഷവും ഫെബ്രുവരി 2-നു നമ്മൾ ലോക തണ്ണീർത്തടദിനം ആഘോഷിക്കുന്നു. ഭൂമിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ തണ്ണീർത്തടങ്ങൾക്കുള്ള പ്രാധാന്യം ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു
എങ്ങനെയാണ് ഒരു തണ്ണീർത്തടം രൂപപ്പെടുന്നത്? ഒരു ഉദാഹരണസഹിതം വിവരിക്കാം:
വെള്ളം കുടിക്കുമ്പോൾ എപ്പോഴേങ്കിലും അത് നിങ്ങളുടെ കൈ തട്ടി താഴെ പോയി കാണുമല്ലോ. ഒരുപക്ഷെ അത് ഒരു കാർപെറ്റിലോട്ടോ മറ്റോ ആണ് വീഴുന്നത് എന്ന് കരുതുക. പെട്ടെന്നു തന്നെ അത് ഒഴുകി പോകാതെ കുതിർക്കാൻ തുടങ്ങുന്നു. ഇതുപോലോ തന്നെ ആണ് തണ്ണീർത്തടങ്ങൾ.
തണ്ണീർത്തടങ്ങൾ പ്രകൃതിദത്തമായ സ്പോഞ്ചുകളായി (natural sponges) പ്രവർത്തിക്കുന്നു, മഴയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും വരുന്ന അധിക ജലം വലിച്ചെടുക്കുന്നു, ശുദ്ധികരിക്കുന്നു, അത് അവയുടെ സസ്യങ്ങളിലും മണ്ണിലും സംഭരിക്കുന്നു. ജലപ്രവാഹം നിയന്ത്രിക്കുന്നതിനും വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. മാത്രമല്ല വിസ്മയിപ്പിക്കുന്ന വൈവിധ്യമാർന്ന സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവക്കു വേണ്ടി ആവാസ വ്യവസ്ഥകൾ ഇവ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ലോകത്തെ സന്തുലിതമാക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനും എണ്ണമറ്റ ജീവജാലങ്ങൾക്ക് സുരക്ഷിത സങ്കേതം പ്രദാനം ചെയ്യുന്നതിനുമുള്ള പ്രകൃതിയുടെ മാർഗമാണ് അവ.
മഴ, നദികൾ, തടാകങ്ങൾ തുടങ്ങി സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ വന്നുചേരുകയും അവിടം ഒരു വെള്ളക്കെട്ടുള്ള പ്രദേശം ആയി മാറ്റപ്പെടുമ്പോൾ അവിടെ ഒരു തണ്ണീർത്തടം രൂപപ്പെടുന്നു. കാലക്രമേണ നനഞ്ഞ, വെള്ളം നിറഞ്ഞ മണ്ണിൽ സസ്യങ്ങൾ വളരാൻ തുടങ്ങുന്നു. ഇവ സാധാരണ സസ്യങ്ങളല്ല, ജലത്തെ അഗാധമായി സ്നേഹിക്കുന്ന, നനഞ്ഞ അന്തരീക്ഷത്തിൽ തഴച്ചുവളരുന്ന പുല്ലുകളും കുറ്റിച്ചെടികളും ഞാങ്ങണകളും (Common reed) ആണ് ഇവ. ചെടികൾ വളരുകയും നശിക്കുകയും ജീർണിക്കുകയും ചെയ്തപ്പോൾ മണ്ണ് ജൈവവസ്തുക്കളാൽ സമ്പന്നമായി. സാവധാനം മണ്ണിൽ പോഷകങ്ങളാൽ സമ്പുഷ്ടമായ കട്ടിയുള്ള പാളി രൂപപ്പെടാൻ തുടങ്ങി, ഇത് പുതിയ സസ്യങ്ങളെയും ജീവികളെയും അവിടേക്കു ആകർഷിച്ചു. ക്രമേണ, കണ്ടൽക്കാടുകൾ (തീരദേശത്തെ തണ്ണീർത്തടങ്ങളിൽ) അല്ലെങ്കിൽ വില്ലോകൾ (ശുദ്ധജല തണ്ണീർത്തടങ്ങളിൽ) പോലുള്ള മരങ്ങളും വേരുറപ്പിക്കാൻ തുടങ്ങി. മണ്ണിൽ വേരുറപ്പിച്ചുകൊണ്ട് മണ്ണൊലിപ്പ് തടയാനും വെള്ളം തങ്ങിനിൽക്കാനും ചെടികൾ സഹായിച്ചു. അങ്ങനെ തണ്ണീർത്തടത്തിൽ അതിൻ്റെ ആദ്യ നിവാസികൾ അടുത്തതായി വരാനിരിക്കുന്ന എല്ലാത്തിനും ശക്തമായ അടിത്തറ സൃഷ്ടിച്ചു.
തണ്ണീർത്തടങ്ങൾ വളർന്നപ്പോൾ തുമ്പികളും പ്രാണികളും മറ്റ് ജീവജാലങ്ങളും ചുറ്റുംകൂടി സമൃദ്ധമായ മണ്ണും ചെടികളും ഭക്ഷിച്ചു. തവളകളും മത്സ്യങ്ങളും ആമകളും വെള്ളത്തിൽ വാസമുറപ്പിച്ചു. തണ്ണീർത്തടങ്ങൾ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയായി മാറി, ജീവൻ്റെയും വളർച്ചയുടെയും നിരന്തരമായ ഇടപെടലുകളുടെയും ഒരു ഇടം.
കാലം കഴിയുന്തോറും തണ്ണീർത്തടങ്ങൾ മാറിക്കൊണ്ടിരുന്നു. സസ്യങ്ങൾ വളരുകയും ദ്രവിക്കുകയും കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ് സൃഷ്ടിക്കുകയും ചെയ്തു. പലപ്പോഴും ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി, ചിലപ്പോൾ കനത്ത മഴയ്ക്ക് ശേഷം ജലനിരപ്പ് ഉയരുന്നു, ചിലപ്പോൾ വരണ്ട മാസങ്ങളിൽ ജലനിരപ്പ് കുറയുന്നു. ജീവജാലങ്ങൾ വന്നു പോയി, പുതിയ ജീവിവർഗ്ഗങ്ങൾ അവരുടെ വഴി കണ്ടെത്തി. ഓരോ വർഷവും തണ്ണീർത്തടങ്ങൾ കൂടുതൽ സുപ്രധാനവുമായി തീരുന്നു.
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവും ഉറപ്പാക്കുന്നതിനായി ആഗോള തലത്തിലുള്ള ഒരു ഉടമ്പടി റാംസാർ കൺവെൻഷൻ 1971 ൽ അംഗീകരിച്ചു. നിലവിൽ 168 അംഗങ്ങളുള്ള ഈ ഉടമ്പടി പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2186 റാംസാർ സൈറ്റുകൾ അംഗീകരിച്ചിട്ടുണ്ട്.
റാംസാർ കൺവെൻഷന്റെ നിർവചനമനുസരിച്ച് പ്രകൃതിദത്തമായോ, മനുഷ്യനിർമ്മിതമായോ, സ്ഥായിയായോ, താൽകാലികമായോ, ശുദ്ധമായതോ, ഉപ്പുകലർന്നതോ, ആയ വെള്ളക്കെട്ടുള്ള ചതുപ്പുപ്രദേശങ്ങൾ, ഫെൻ, പീറ്റ് ലാന്റ് എന്നിങ്ങനെയുള്ള പ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ. വേലിയിറക്ക സമയത്ത് 6 മീറ്ററിൽ കൂടുതൽ ആഴമില്ലാത്ത കടൽത്തീരത്തോട് ചേർന്ന പ്രദേശങ്ങളേയും തണ്ണീർത്തടമായി വിവക്ഷിക്കുന്നുണ്ട്
ലോക തണ്ണീർത്തട ദിനം 2025
“നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായി ഈ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുള്ള ധീരമായ പ്രവർത്തനത്തിന്റെ അടിയന്തിരമായ ആവശ്യകതയെ ഇത് അടിവരയിടുന്നു, അങ്ങനെ തണ്ണീർത്തടങ്ങൾ നൽകുന്ന എല്ലാ സേവനകളിൽ നിന്നും ഭാവി തലമുറകൾക്ക് തുടർന്നും പ്രയോജനം നേടാനാകും.
കേരളത്തിലെ തണ്ണീർത്തടങ്ങൾ
ഇന്ത്യയിലെ ഹരിത സംസ്ഥാനങ്ങളിലൊന്നായ കേരളം, തണ്ണീർത്തടങ്ങൾക്ക് പേരുകേട്ടതാണ്. “ദൈവത്തിൻ്റെ സ്വന്തം നാട്” എന്നറിയപ്പെടുന്ന കേരളം, കായലുകൾക്കും കടൽത്തീരങ്ങൾക്കും മാത്രമല്ല ലോകത്തിലെ ഏറ്റവും സവിശേഷവും മനോഹരവുമായ ചില തണ്ണീർത്തടങ്ങളുടെയും നാടാണ്. പരിസ്ഥിതി വകുപ്പിന് കീഴിലുള്ള സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള (State Wetland Authority Kerala) സംസ്ഥാനത്തിനുള്ളിലെ എല്ലാ തണ്ണീർത്തട നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്കും നോഡൽ അതോറിറ്റിയായി പ്രവർത്തിക്കുന്നു. കേരളത്തിൻ്റെ സമ്പന്നമായ പ്രകൃതി പൈതൃകത്തെ നിർവചിക്കുന്ന മറഞ്ഞിരിക്കുന്ന നിധിയാണ് കേരളത്തിലെ തണ്ണീർത്തടങ്ങൾ. വെള്ളവും കരയും തികഞ്ഞ യോജിപ്പിൽ കഴിയുന്ന ഒരു കാഴ്ച അവിടെ നിങ്ങൾക് കാണാൻ സാധിക്കും.
കേരളത്തിലെ തണ്ണീർത്തടങ്ങളും അന്താരാഷ്ട്ര പ്രാധാന്യവും
കേരളത്തിലെ വേമ്പനാട്-കോൾ തണ്ണീർത്തടങ്ങൾ, അഷ്‌ടമുടിക്കായൽ, ശാസ്താംകോട്ട തടാകം എന്നിവയ്ക്ക് 19.08.2002 ൽ റാംസാർ പദവി ലഭിച്ചിട്ടുണ്ട്.
1512.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വേമ്പനാട് കോൾ തണ്ണീർത്തടം ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയ തണ്ണീർത്തടമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ തണ്ണീർത്തടത്തിൻ്റെ 763.23 ചതുരശ്ര കിലോമീറ്റർ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഒരു മീറ്ററോളം താഴെയാ യാണ് സ്ഥിതി ചെയ്യുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള 10 നദികൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന, തണ്ണീർത്തടങ്ങളുടെ കവാടം (Gate way of wetlands) എന്ന ഓമനപ്പേരുള്ള അഷ്‌ടമുടി തണ്ണീർത്തടത്തിന് 61.4 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന് 12.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഇതും കൊല്ലം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
വേമ്പനാട് കോൾ തണ്ണീർത്തട ആവാസവ്യവസ്ഥ
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തണ്ണീർത്തടങ്ങളിൽ ഒന്നാണ് വേമ്പനാട് കായൽ, സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തടാകം. നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തണ്ണീർത്തടപ്രദേശം. സൈബീരിയൻ ക്രെയിൻ പോലെയുള്ള ദേശാടന പക്ഷികൾ, മത്സ്യത്തൊഴിലാളികളുടെ കണ്ണിനു കുളിർമ നൽകുന്ന മത്സ്യങ്ങൾ, പച്ച പരവതാനി സൃഷ്ടിക്കുന്ന ജലസസ്യങ്ങൾ എന്നിവ ഇവിടെ കാണാം. പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സമഗ്രമായ സമന്വയം പ്രദാനം ചെയ്യുന്ന ശാന്തമായ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഹൗസ്‌ബോട്ടുകൾക്കുള്ള ഒരു പ്രദേശം കൂടിയാണ് ഇവിടം. വേമ്പനാട് കായലിന്റെ തെക്കേ അറ്റത്ത് കനാലുകളാലും നദികളാലും ചുറ്റപ്പെട്ടു സമുദ്രനിരപ്പിന് താഴെ കിടക്കുന്ന നെൽവയലുകളുടെ കൗതുകകരമായ ഒരു കാഴ്ച ഉണ്ട്. കേരളത്തിലെ ഏറ്റവും മനോഹരവും ഉൽപ്പാദനക്ഷമതയുള്ളതുമായ ഒരു പ്രദേശം ആണ് ഇവിടം.
എന്നാൽ കാലം മാറിയപ്പോൾ കാര്യങ്ങൾ മാറാൻ തുടങ്ങി. വേമ്പനാടിന്റെ സൗന്ദര്യം മെല്ലെ മങ്ങി തുടങ്ങിയിരിക്കുന്നു. തണ്ണീർത്തടത്തിന്റെ നിലനിൽപ് തന്നെ ഇന്ന് ഭീഷണിയിലാണ്.
മലിനീകരണമാണ് ആദ്യത്തെ പ്രധാന പ്രശ്നം. വ്യാവസായിക മാലിന്യങ്ങൾ, പ്ലാസ്റ്റിക്, സംസ്കരിക്കാത്ത മലിനജലം എന്നിവ തടാകത്തിലേക്ക് ഒഴുകാൻ തുടങ്ങി, ജലത്തെ മലിനമാക്കുകയും ജലജീവികൾക്ക് ദോഷം വരുത്തുകയും ചെയ്തു. മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും മോശമായ ജലത്തിന്റെ ഗുണനിലവാരത്തിൽ അതിജീവിക്കാൻ പാടുപെടുന്നതിനാൽ തടാകത്തിൽ ഒരിക്കൽ തഴച്ചുവളരുന്ന ഊർജ്ജസ്വലമായ ജീവികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുവാൻ തുടങ്ങി.
നൈട്രജൻ, ഫോസ്ഫേറ്റ് തുടങ്ങിയ മൂലകങ്ങളുടെ വർദ്ധിച്ച അളവിലുള്ള സാന്നിധ്യം യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസത്തിനു കാരണമാകുന്നു. ഇത് തണ്ണീർത്തടത്തിന്റെ ജല ഗുണനിലവാര ശോഷണത്തിനും, ഒഴുക്കു തടസപ്പെടുന്നതിനും, തദ്വാരാ, തദ്ദേശീയ ജൈവസമ്പത്തിന്റെ ശോഷണത്തിനും കാരണമാകുന്നു.
അനധികൃതമായ കയ്യേറ്റമായിരുന്നു മറ്റൊരു വെല്ലുവിളി. കൃഷിക്കും നഗരവൽക്കരണത്തിനുമായി ചുറ്റുമുള്ള പ്രദേശങ്ങൾ കൂടുതലായി വികസിപ്പിച്ചെടുത്തു. പുതിയ കെട്ടിടങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ എന്നിവയ്ക്കായി സ്ഥലം ഉണ്ടാക്കുന്നതിനായി തണ്ണീർത്തടത്തിന്റെ വലിയ ഭാഗങ്ങൾ വറ്റിക്കുകയോ നികത്തുകയോ ചെയ്തുകൊണ്ടിരുന്നു. ഇത് അനേകം ജീവജാലങ്ങളുടെ നിർണായകമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചു, തണ്ണീർത്തടത്തിൻ്റെ പ്രവർത്തനശേഷി ഒരിക്കലും ഇല്ലാത്തതു പോല്ലേ കുറയ്ക്കുന്നു.
കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ കാലാവസ്ഥയെ കൊണ്ടുവന്നു. ഒരുകാലത്ത് സ്ഥിരതയുള്ള വേമ്പനാട്ടിലെ ജലനിരപ്പ് കൂടുതൽ നാടകീയമായി മാറാൻ തുടങ്ങി. ഇത് തണ്ണീർത്തടത്തിന്റെ അതിലോലമായ സന്തുലിതാവസ്ഥയെ താറുമാറാക്കി. അതോടൊപ്പം മോശമായി കൊണ്ടിരിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും ആയി ബന്ധപ്പെട്ട പഠനറിപ്പോർട്ടുകളും നമ്മെ ഞെട്ടിപ്പിക്കുന്നു.
വേമ്പനാടിന് സമീപം താമസിക്കുന്ന സാധരണ ജനങ്ങൾക്ക് ഈ പ്രശ്നങ്ങളുടെ രൂക്ഷത മനസിലായി തുടങ്ങിയിരിക്കുന്നു. കാരണം തണ്ണീർത്തടങ്ങൾ അവരുടെ ജീവിതരീതിയെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് അവർ നന്നേ മനസിലാക്കിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളും കർഷകരും പ്രാദേശിക സമൂഹങ്ങളും തങ്ങളുടെ ഈ ജലസ്രോതസ് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു. ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളെ കൂടുതൽ കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ ആണ് നമുക്ക് ആവശ്യം. തണ്ണീർത്തടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുകയും, പരിസ്ഥിതി സൗഹൃദ കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം . അങ്ങനെ മാറുന്ന കായലിനോടൊപ്പം നമുക്കും മാറാം. ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഭായ്!
കേരള സയൻസ് സ്ലാം അവതരണം – ആൻസി സി.സ്റ്റോയ്
കേരളത്തിലെ തണ്ണീർത്തട ആവാസവ്യവസ്ഥയിൽ കണ്ടുവരുന്ന നീർപ്പക്ഷികളെ പരിചയപ്പെടാം
നമ്മുടെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും സുലഭമായി കാണാവുന്ന നീർപക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ