വളർത്തുമൃഗങ്ങൾ എന്നും മനുഷ്യരുടെ സന്തത സഹചാരികളും ആത്മമിത്രങ്ങളുമാണ്. അവയോടുള്ള സ്നേഹവും കരുതലും നമുക്ക് സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നു തരുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം ആവിഷ്കരിച്ച സാഹിത്യകൃതികളും, ചലച്ചിത്രങ്ങളും ധാരാളമുണ്ട്. മാത്രമല്ല, അവ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സൃഷ്ടികളും നിരവധിയാണ്. അങ്ങനെ നോക്കിയാൽ മനുഷ്യർക്കൊപ്പം തന്നെയാണ് ഈ ജീവികളുടെയും സ്ഥാനം. പല മനുഷ്യരും പരസ്പരം ഉരിയാടാൻ പോലും മടിക്കുന്നവരാണ്. ഗാഢസൗഹൃദങ്ങൾ അപൂർവമായി മാറുന്ന ഇക്കാലത്ത് സ്വന്തം ജീവൻ പോലും ബലിയർപ്പിച്ചുകൊണ്ട് ചങ്ങാതിയായ യജമാനനെ രക്ഷിക്കുന്ന നായകളെപ്പോലുള്ള മൃഗങ്ങളിൽ നിന്ന് നമുക്ക് ഏറെ പഠിക്കാൻ ഉണ്ട്. ആദിമ മനുഷ്യൻ്റെ മുതൽ ആധുനിക മനുഷ്യന്റെ വരെ ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് വളർത്തു മൃഗങ്ങൾ. പലരുടെയും ഏകാന്ത ജീവിതത്തിലെ കൂട്ടിരിപ്പുകാരും സഹായികളുമാണ് ഓമനമൃഗങ്ങൾ.
ആദിമ മനുഷ്യൻ സ്ഥിരതാമസവും കാർഷികവൃത്തിയും ആരംഭിച്ചപ്പോൾതന്നെ കാട്ടുമൃഗങ്ങളെ ഇണക്കി നാട്ടുമൃഗമാക്കി വളർത്തിയതിന്റെ തെളിവുകൾ ലഭ്യമാണ്. ആട്, പൂച്ച, നായ, പശു, കുതിര തുടങ്ങി ഒട്ടേറെ മൃഗങ്ങളെ മനുഷ്യൻ ഇണക്കിയെടുത്തിരിക്കുന്നു. എന്തിനേറെ പറയുന്നു നാം മലയാളികൾ പൊതുവേ ആനപ്രേമികളാണ്. കാട് കുലുക്കി വിറപ്പിച്ചു നടക്കുന്ന ഗജവീരന്മാരെ പോലും നാം ഇണക്കിക്കൊണ്ട് നടക്കുന്നു. ആനയും അമ്പാരിയുമില്ലാത്ത പൂരാഘോഷത്തെപ്പറ്റി നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാതായിരിക്കുന്നു.
വളർത്തുമൃഗങ്ങളോടുള്ള സ്നേഹവും കരുതലും വർധിച്ചുവരുന്നതോടൊപ്പം തന്നെ അവയുടെ പരിപാലനവും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ഒരു വൈദ്യശാസ്ത്രശാഖ തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പേ ബൗദ്ധ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ പിറവിയെടുത്തിരുന്നു. ഹസ്ത്യായുർവേദവും മറ്റും ഇതിന്റെ ഭാഗമായി വളർന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് മൃഗചികിത്സ പ്രധാനമാകുന്നത്. അന്നുതൊട്ടിന്നോളം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ശാഖയുടെ വളർച്ച തീർത്തും അദ്‌ഭുതാവഹമാണ്. ഇന്നു മനുഷ്യൻ വൈദ്യശാസ്ത്രത്തിന്റെ പല പടവുകളും കയറി മുന്നേറുന്നതിനോടൊപ്പം വിസ്മയകരമായ ഒരു മേഖല കൂടി നമുക്ക് മുന്നിൽ തുറന്നു തന്നിരിക്കുന്നു. അതാണ് വളർത്തുമൃഗങ്ങളിലെ ദന്തസംരക്ഷണവും ചികിത്സയും ഉൾപ്പെടുന്ന വെറ്ററിനറി ദന്തശാസ്ത്രം.
അരുമ മൃഗങ്ങളായ നായയെയും പൂച്ചയെയുമൊക്കെ ഒരു കുടുംബാംഗത്തെ പോലെ പരിപാലിച്ചുവരുന്നുണ്ടെങ്കിലും അവയുടെ ദന്തസംരക്ഷണത്തെ കുറിച്ചുള്ള പരിജ്ഞാനം എത്രത്തോളം ഉണ്ട് എന്നത് ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു.
വളർത്തുമൃഗങ്ങൾക്ക് എത്ര പല്ലുകൾ ഉണ്ടാകാം? മനുഷ്യരെ പോലെ അവർക്കും പാൽപല്ലുകളും, സ്ഥിരദന്തങ്ങളും ഉണ്ടാകുമോ? എന്തുകൊണ്ടായിരിക്കാം നമ്മുടെ നായക്കുട്ടി ചിലപ്പോഴെങ്കിലും ഭക്ഷണമൊന്നും കഴിക്കാനാവാതെ ഇരിക്കേണ്ടിവരുന്നത്? നമ്മളിൽ എത്ര പേർ ഇതിനെ കുറിച്ചൊക്കെ ചിന്തിച്ചിട്ടുണ്ടാകും. വളർത്തുമൃഗങ്ങളുടെ ദന്തസംരക്ഷണം, അവയുടെ പൊതു ആരോഗ്യത്തോളം തന്നെ പ്രാധാന്യമേറിയതാണ്. അവയ്ക്കുണ്ടാകുന്ന ദന്ത പ്രശ്നങ്ങൾ പൊതുവായ ആരോഗ്യത്തോടൊപ്പം ആ ജീവികളുടെ നിത്യജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.
മനുഷ്യരുടെ സന്തത സാഹചാരികളായ നായ, പൂച്ച തുടങ്ങിയവയുടെ പല്ലുകൾക്കും മോണയ്ക്കും വരുന്ന രോഗാവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അതിനുവേണ്ടിയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം ഇന്നു മനുഷ്യരാശിയെ പോലും പിടിച്ചുലയ്ക്കുന്ന ആന്ത്രാക്സ്, പന്നിപ്പനി, റാബിസ് പോലുള്ള പല രോഗങ്ങളും ഇത്തരം മിണ്ടാപ്രാണികളിൽ നിന്നും മനുഷ്യരിലെത്താം. അവയുടെ ഉമിനീരിലൂടെയും മറ്റും മനുഷ്യരിലേക്കെത്തുന്ന രോഗങ്ങളും തീരെ കുറവല്ല.
വളർത്തുമൃഗങ്ങളിലെ രോഗനിർണ്ണയം, ചികിത്സ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയിൽ മർമ്മപ്രധാനമായ പങ്കു വഹിക്കാൻ കഴിയുന്നവരാണ് ‘വെറ്ററിനറി ഡെന്റിസ്റ്റുകൾ’. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ അധികം പറഞ്ഞു കേട്ടിട്ടില്ലാത്തതും പല വികസിത രാജ്യങ്ങളിലും പടർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ് വെറ്ററിനറി ഡെന്റിസ്ട്രി. ഇത്തരമൊരു വൈദ്യശാസ്ത്ര ശാഖയുടെ വളർച്ച, വളർത്തുമൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകും. 1762-ലാണ് ആദ്യത്തെ വെറ്ററിനറി ഡെന്റൽ സ്ക്കൂൾ ഫ്രാൻസിൽ ആരംഭിക്കുന്നത്. അതുപോലെ നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ സംരക്ഷണത്തിന് മുൻതൂക്കം വന്ന് തുടങ്ങുന്നത് 1930-കളിലാണ്. മാംസഭുക്കുകളായ അവയുടെ സ്വാഭാവിക ഭക്ഷണക്രമത്തിൽ നിന്നും മാറി ആധുനിക ഭക്ഷണപദാർത്ഥങ്ങൾ നല്കി വളർത്തുന്നത് മോണ രോഗങ്ങളും ദന്തക്ഷയവും വർദ്ധിക്കുന്നതിനിടയാക്കിയിട്ടുണ്ട്.
വളർത്തുമൃഗങ്ങളിലെ മോണരോഗം വർദ്ധിച്ചുവരുന്നു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. അതുപോലെ തന്നെ പല്ലിന്റെ കേടുപാടുകൾ, പഴുപ്പ് തുടങ്ങി വായയിൽ വരാവുന്ന അർബുദരോഗങ്ങൾ വരെ അവയുടെ ആഹാരരീതിയേയും നിത്യജീവതത്തേയും ഊർജസ്വലതയേയും പ്രതികൂലമായി ബാധിക്കുന്നു. ഇവ കൂടാതെ വായിലെ ദുർഗന്ധം, പല്ലുകൾ പൊട്ടുന്നത്, നിരതെറ്റി വരുന്ന പല്ലുകൾ, പല്ലുകളിൽ ഉണ്ടാവുന്ന കറകൾ, തുടങ്ങി ഭക്ഷണം ചവച്ചരയ്ക്കുന്നതിലെ പ്രയാസം, വായയിൽ നിന്നും ഉമിനീർ ഒലിക്കുക, വിശപ്പില്ലായ്മ തുടങ്ങിയ വിഷമതകളും മൃഗങ്ങളെയും ധാരാളമായി അലട്ടാറുണ്ട്. ഇത്തരം ദന്ത, വദന പ്രശ്നങ്ങൾ അവയെ അസ്വസ്ഥരാക്കുന്നതിനും അവയുടെ സ്വഭാവ വ്യതിയാനത്തിനുപോലും കാരണമായിത്തീരുകയും ചെയ്യുന്നു.
മോണരോഗത്തിന്റെ ലക്ഷണങ്ങൾ ഏതാണ്ട് മൂന്ന് വയസ്സാകുമ്പോൾ തന്നെ വളർത്തുമൃഗങ്ങളിൽ കണ്ടുതുടങ്ങുന്നു. ഇത് അവയുടെ ആരോഗ്യത്തോടെയുള്ള വളർച്ചയെ ബാധിക്കാം. വളർത്തുമൃഗങ്ങളിലെ മോണരോഗം ആരംഭിക്കുന്നത് കറുത്ത നിറത്തിലുള്ള ടാർപോലുള്ള കറ പ്രത്യക്ഷപ്പെടുന്നതോടെയാണ്. പിന്നീട് അതു് മോണയുടെ അകത്തേയ്ക്ക് വ്യാപിച്ച് പല്ലുകളെ താങ്ങിനിർത്തുന്ന എല്ലുകളിലെ അണുബാധയ്ക്ക് കാരണമാവുന്നു. ഇത്തരം അണുബാധ എല്ലുകൾക്കു ബലക്ഷയമുണ്ടാക്കി അവ പൊട്ടുന്നതിനും വേദനയ്ക്കും വഴിയൊരുക്കുന്നു. പല്ലിന് വരുന്ന പഴുപ്പ്, മോണയ്ക്കും മുഖത്തിനും വരുന്ന നീര്, വായിലുണ്ടാകുന്ന അർബുദം തുടങ്ങിയവ ഈ മിണ്ടാപ്രാണികളെ അലട്ടിക്കൊണ്ടിരിക്കും. എന്നുമാത്രമല്ല ഇത്തരം മോണരോഗങ്ങൾ വായയിൽമാത്രം ഒതുങ്ങിനിൽക്കാതെ ശരീരത്തിലെ മറ്റു അയവങ്ങളായ വൃക്ക, കരൾ തുടങ്ങി ഹൃദയത്തെ വരെ ബാധിക്കാൻ ഇടവരുത്തുന്നു.
കൃത്യമായ പരിശോധനയും തുടർന്നുള്ള ചികിത്സയും ഇവയുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഇന്ന് ഇവയ്ക്ക് വേണ്ടുന്ന അടിസ്ഥാന സേവനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നൽകി വരുന്നത് വെറ്ററിനറി ഡോക്ടർമാരാണ്. നമ്മുടെ രാജ്യത്തുള്ള ദന്തഡോക്ടർമാർക്ക് വളർത്തുമൃഗങ്ങളിലെ രോഗനിർണയത്തെയും അതിന്റെ ചികിത്സയെയും കുറിച്ചുള്ള അറിവ് പരിമിതമാണ്. സാധാരണ ദന്ത ഡോക്ടർമാർക്ക് വളർത്തുമൃഗങ്ങളുടെ പല്ലുകളുടെ ഘടന, അവയുടെ സ്വഭാവ സവിശേഷതകൾ, മയക്കുന്നതിനുള്ള മരുന്നുകളുടെ പ്രയോഗം, അതിനുള്ള ഉപകരണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും. അതുപോലെ, ദന്തഡോക്ടർമാർ ഉപയോഗിക്കുന്ന പല ഉപകരണങ്ങളെക്കുറിച്ചും, റൂട്ട് കനാൽ ചികിത്സ, നിരതെറ്റിയ പല്ല് ശരിയാക്കൽ, കേടുവന്ന പല്ലുകൾ അടച്ചുസംരക്ഷിക്കൽ, പല്ലിന്റെ സൗന്ദര്യ വർദ്ധക ചികിത്സ രീതികൾ തുടങ്ങി പല കാര്യങ്ങളിലും വെറ്ററിനറി ഡോക്ടർമാർക്കുള്ള പരിജ്ഞാനവും പരിമിതമാണ്. അതുകൊണ്ട് തന്നെ ഈ രണ്ട് മേഖലകളെയും സംയോജിപ്പിച്ചുകൊണ്ട് വെറ്ററിനറി ഡെന്റിസ്ട്രി എന്നൊരു ശാസ്ത്രശാഖ ഇവിടെ ഉയർന്നു വരേണ്ടിയിരിക്കുന്നു. നമ്മുടെ സന്തതസഹചാരികളായ ഓമന മൃഗങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ മനുഷ്യ ജീവിതത്തെയും അതു മെച്ചപ്പെട്ടതാക്കുമെന്ന് നിസ്സംശയം പറയാം.
വളർത്തുമൃഗങ്ങളിലെ ദന്തസംരക്ഷണ പ്രക്രിയ ആരംഭിക്കുന്നത് അവയുടെ വായയിലെ വിശദമായ പരിശോധനയിലൂടെയാണ്. അവയ്ക്ക് ആദ്യത്തെ പല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ തന്നെ ഡോക്ടറെ കാണുകയും ദന്തപരിചരണ മാർഗങ്ങൾ അവലംബിക്കുകയും വേണം. വിശദമായ പരിശോധനയ്ക്ക് എക്സ്റെ പോലുള്ള സങ്കേതിക വിദ്യകളും ആവശ്യമാണ്. അവ പല്ലിന് പുറമേ പല്ലിന് ചുറ്റുമുള്ള എല്ലുകളെക്കുറിച്ചും മോണയ്ക്ക് അകത്തുണ്ടായേക്കാവുന്ന വിവിധ രോഗങ്ങളെക്കുറിച്ചും വിശദമായ ഒരു ധാരണ ഉണ്ടാകുന്നതിന് സഹായിക്കുന്നു. മനുഷ്യന്റെ പല്ലുകൾപോലെ വളർത്തുമൃഗങ്ങളുടെ പല്ലുകളും കോമ്പോസിറ്റ് റെസിൻ ഉപയോഗിച്ച് അടച്ചു സംരക്ഷിക്കുവാനും ലോഹനിർമ്മിത ‘ക്രൗണുകളും’ മറ്റും നൽകി സംരക്ഷിക്കാനും സാധിക്കും. ഇത് അവയുടെ പല്ലുകളെ നിലനിർത്തി ജീവിത സാഹചര്യത്തെ മെച്ചപ്പെട്ടതാക്കുന്നു. സാധാരണമനുഷ്യരിൽ ചെയ്യുന്ന റൂട്ട് കനാൽ ചികിത്സ മൃഗങ്ങളിലും ചെയ്യാവുന്നതാണ്. എന്തിനേറെ പറയുന്നു, മനുഷ്യരിൽ ചെയ്യുന്ന പല സൗന്ദര്യവർദ്ധക സർജറികൾ പോലും ഇന്ന് നമുക്ക് വളർത്തു മൃഗങ്ങളിലും ചെയ്യാം. അതു കൊണ്ടുതന്നെ ദന്തരോഗവിദഗ്‌ദ്ധരും വെറ്ററിനറി വിദഗ്ദ്ധരും ഒരുമിച്ച് ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. അതോടൊപ്പം, വീടുകളിൽ വീട്ടുമൃഗങ്ങളുടെ ദൈനംദിന പരിചരണവും പ്രാധാന്യമർഹിക്കുന്നതാണ്. പല്ലുകൾ ബ്രഷ് ഉപയോഗിച്ച് നിത്യേന വൃത്തിയാക്കുന്നതിന് ഉടമസ്ഥർ മുൻകൈ എടുക്കേണ്ടിയിരിക്കുന്നു.
മനുഷ്യൻ എന്നും തന്റെ സന്തത സഹചാരികളുടെ ബാഹ്യമായ പരിചരണത്തിന് പ്രധാന്യം നൽകുന്നുണ്ടെങ്കിൽക്കൂടി അവയുടെ ദന്തസംരക്ഷണത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ ഒരു കുറവ് തന്നെയാണ്. അതിനാൽത്തന്നെ വെറ്ററിനറി മേഖലയും ഡെന്റിസ്ട്രിയും സംയോജിപ്പിച്ചു കൊണ്ടുള്ള പഠന രീതിയും നൂതന ചികിത്സ സമ്പ്രദായങ്ങളും നമ്മുടെ രാജ്യത്ത് ഉരുത്തിരിഞ്ഞ് വരേണ്ടിയിരിക്കുന്നു. അത് നമ്മുടെ ആര്യോഗ്യ സംവിധാനത്തിനുമാത്രമല്ല സാമ്പത്തിക മേഖലയ്ക്കു കൂടി മുതൽ കൂട്ടാവും.
സമീപകാലങ്ങളിൽ ഈ രംഗത്തു നിന്നുവരുന്ന വാർത്തകൾ പലതും ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. അക്കൂട്ടത്തിൽ ഒന്നാണ് കണ്ണൂരിലെ ദന്ത ഡോക്ടറായ സി.വി. പ്രദീപ് ആനയുടെ കൊമ്പിലെ വിള്ളൽ പരിഹരിച്ച് സുന്ദരമാക്കിയതും സംരക്ഷിച്ചതും അങ്ങനെ കേവലമൊരു ദന്തസംരക്ഷണം എന്നതിനും അപ്പുറത്തേക്ക് നാനാവിധ വഴികൾ തുറന്നിടുകയാണ് ഇന്ന് വെറ്ററിനറി ഡെന്റിസ്ട്രി.