അപർണ മർക്കോസ്
ജ്യോതിശ്ശാസ്ത്രത്തിൽ വിപ്ലവം രചിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു. നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ചത് വേര റൂബിൻ്റെ കണ്ടെത്തലുകളാണ്. പഠന കാലം മുതൽ പെണ്ണായിപ്പിറന്നതിന്റെ അവഗണന നേരിട്ട ശാസ്ത്രജ്ഞ കൂടിയാണ് വേര.
1928 ജൂലൈ 23 നാണ് വേര ജനിച്ചത് ,ശാസ്ത്രം സ്ത്രീകൾക്ക് നിഷിദ്ധമായിരുന്ന കാലത്ത് ജ്യോതിശ്ശാസ്ത്രം സ്വന്തമായി പഠിച്ച് വാഷിംഗ്ടണിലെ വനിതകൾക്കുള്ള വാസ്സർ കോളേജിൽ നിന്നവൾ ബിരുദം നേടി. തുടർന്ന് പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും സ്ത്രീ ആയതു കൊണ്ടു കിട്ടിയില്ല. ഒടുവിൽ കോർണൽ സർവകലാശാലയിൽ നിന്ന് എം.എ. പാസ്സായി. പിന്നെ ജോർജ് ഗാമോവിന്റെ കീഴിൽ ഗവേഷണവും പിഎച്ച് .ഡി യും (1954). പല ഇടങ്ങളിൽ ജോലി ചെയ്ത ശേഷം ഒടുവിൽ കാർണേജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ വെച്ചാണ് മികച്ച ഉപകരണ നിർമാതാവും ഗവേഷകനുമായ കെന്റ്ഫോഡ് എന്ന യുവാവിനെ സഹഗവേഷകനായി കിട്ടുന്നത്.
1976 ൽ പലോമറിലെ 200 ഇഞ്ച് ടെലിസ്കോപ്പിൽ നിരീക്ഷണത്തിന് അനുവദിക്കണമെന്ന് വേര അപേക്ഷിച്ചു. ആദ്യമായാണ് ഒരു സ്ത്രീ ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നത്. അധികൃതർ അനുവാദം നൽകിയില്ല. അവിടെ സ്ത്രീകൾക്കു ടോയ്ലറ്റ് ഇല്ല എന്നാണ് കാരണം പറഞ്ഞത്, കാലാസുകൊണ്ട് ഒരു പാവാടക്കാരിയുടെ രൂപം വെട്ടിയുണ്ടാക്കി ഒരു ടോയ് ലറ്റിനു മുമ്പിൽ ഒട്ടിച്ചു കൊണ്ട് വേര ആ പ്രശ്നം പരിഹരിച്ചു.
1970 മുതൽ വേര നടത്തിയ പഠനങ്ങളാണ് ഇരുണ്ട ദ്രവ്യം എന്ന കണ്ടെത്തലിലേക്കു നയിച്ചത്.
ഇരുണ്ട ദ്രവ്യം ഏറെക്കാലം ശാസ്ത്രജ്ഞർക്ക് വെറും തമാശ മാത്രമായിരുന്നു. ഫ്രിറ്റ്സ് സ്വികി എന്ന ജ്യോതിശാസ്ത്രജ്ഞനാണ് അതിനു മുമ്പ് ഇത്തരമൊരു ചിന്ത മുൻപോട്ടു വെച്ചത് – 1933ൽ. ഗാലക്സി ക്ലസ്റ്ററുകളുടെ കേന്ദ്രത്തിനു ചുറ്റും ഗാലക്സികളുടെ പരിക്രമണം നിരീക്ഷിച്ചാണ് സ്വികി നിഗമനത്തിലെത്തിയത്. കോമ ക്ലസ്റ്ററിനെ യാണ് അദ്ദേഹം പഠനവിധേയമാക്കിയത്. ഓരോ ഗാലക്സി യുടെയും വേഗത സ്വികി കണക്കാക്കി .അതിൽ നിന്നും അദ്ദേഹം ഈ ഗാലക്സിക്കൂട്ടത്തിന്റെ ഭാരം കണക്കാക്കി(ഗാലക്സികൾ വേറിട്ടു പോകാതിരിക്കാനുള്ള മിനിമം ഗുരുത്വബന്ധനത്തിനു വേണ്ട ഭാരം). എല്ലാ ഗാലക്സികളുടെയും കൂടി ഭാരത്തിന്റെ തുക ഇതിലും കുറവാണ് എന്നു കണ്ടു.അധിക ഭാരം നമുക്ക് കാണാൻ സാധിക്കാത്ത ഇരുണ്ട ദ്രവ്യമാണെന്നു സ്വികി പ്രവചിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അത്ര കാര്യമാക്കാതെ വിടുകയാണ് ശാസ്ത്രലോകം ചെയ്തത് . 40 വർഷത്തിന് ശേഷമാണ് വേര ഗാലക്സികൾക്കുള്ളിൽത്തന്നെ ഇരുണ്ട ദ്രവ്യമുണ്ടെന്ന നിഗമനത്തിലെത്തുന്നത്.
ഇരുണ്ട ദ്രവ്യം (dark matter) ദ്യശ്യ പദാർഥത്തിന്റെ പത്തിരട്ടിയോളം വരും എന്നും അവർ കണക്കാക്കി. ഇരുണ്ട ദ്രവ്യം നമുക്ക് കാണാനോ , അറിയാനോ സാധിക്കുന്ന ഒരു ദ്രവ്യത്തിനെയും പോലെയല്ല. അവ ഗ്രഹങ്ങളല്ല, നക്ഷത്രമല്ല, പൊടിയല്ല, തമോദ്വാരമല്ല . പ്രകാശവുമായി ഇരുണ്ട ദ്രവ്യം പ്രതിപ്രവർത്തിക്കുന്നില്ല, പ്രകാശം സ്വീകരിക്കുകയോ പുറത്തു വിടുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാതെ അവയെ എങ്ങനെ കാണാൻ പറ്റും ?
വളരെക്കാലത്തെ നിരീക്ഷണവും ആത്മസമർപ്പണവും കൊണ്ട് കണ്ടെത്തിയ തെളിവുകൾ പ്രപഞ്ച ചിത്രം തന്നെ മാറ്റി വരച്ചു. തീർച്ചയായും നൊബേൽ സമ്മാനം നൽകേണ്ടിയിരുന്ന ഈ കണ്ടെത്തൽ നോബൽ കമ്മറ്റി പരിഗണിച്ചു പോലുമില്ല. അല്ലെങ്കിലും ഭൗതിക നൊബേൽ ലഭിച്ചത് ഇക്കാലയളവിൽ രണ്ടേരണ്ടു സ്ത്രീകൾക്ക് മാത്രമാണ് (മേരി ക്യൂറിയും മരിയാ മെയറും). കഴിഞ്ഞ 54 വർഷമായി ഒരു സ്ത്രീ പോലും അതിന് അർഹത നേടിയിട്ടില്ല. ലോകത്തെ പല പ്രമുഖ ശാസ്ത്രജ്ഞരും വേരയെ അവഗണിച്ചതിൽ അസംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. തീരെ സുതാര്യമല്ലാതെയുള്ള, നൊബേൽ സമ്മാനദാനത്തെ ലോകത്തിലെ ബഹുഭൂരിപക്ഷം ശാസ്ത്രകുതുകികളും ചോദ്യം ചെയ്യുന്നു.
ചെറുപ്പം മുതലേ സമൂഹത്തിലെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ ഇരയായിരുന്നു വേര റൂബിൻ എന്നു മുമ്പേ പറഞ്ഞല്ലോ.സ്കൂൾ പഠനം പൂർത്തിയാക്കിയ സമയത്ത് ഇനി ശാസ്ത്രം പഠിക്കാതിരുന്നാൽ നിനക്ക് സന്തോഷമായി ജീവിക്കാൻ പറ്റുംഎന്ന് പറഞ്ഞ അധ്യാപകനെ മിക്കവാറും അഭിമുഖങ്ങളിൽ വേര റൂബിൻ ഓർത്തെടുക്കാറുണ്ടായിരുന്നു.
(reference :https://www.theguardian.com/science/2017/jan/01/vera-rubin-obituary)
കിട്ടാതെപോയ നോബൽ സമ്മാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ,ക്ഷണികമായ പ്രശസ്തിമാത്രമല്ലേ അത് എന്ന ലളിതമായ മറു ചോദ്യം മാത്രമായിരുന്നു വേരയുടെ മറുപടി. മറ്റൊരിക്കൽ വേര പറഞ്ഞതിങ്ങനെ “നക്ഷത്രങ്ങളുടെ നേരെയല്ല ഉന്നം വെക്കേണ്ടത്. അവക്കിടയിലുള്ള ഇടത്തേക്കാണ്.കാരണം അവിടെയാണ് രഹസ്യങ്ങളുള്ളത്.”
ശാസ്ത്രലോകത്തിന് എന്നും അഭിമാനമായിരുന്ന വേര റൂബിൻ സ്ത്രീസമൂഹത്തെ ചൂഴ്ന്നു നിൽക്കുന്ന വിവേചനങ്ങൾക്കെതിരെ പൊരുതുവാനും ശാസ്ത്ര ഗവേഷണത്തിൽ തുല്യതയോടെ പങ്കാളികളാകാനും ഉള്ള ആവേശം നമുക്ക് വേണ്ടി ബാക്കി വെച്ചിട്ടാണ് പോയത്.