രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ഷംസിയട്ടീച്ചർ തനിച്ചാണു താമസം. ഇവിടെ പൊതുപ്രവർത്തനമൊക്കെ ഉള്ളതുകൊണ്ട് വേനലവധി ആയിട്ടും നാട്ടിൽ പോകാതെ നില്ക്കുകയാണ്. ടീച്ചർക്ക് ഒരു ഫ്രണ്ട് ഉണ്ട്, നെവിൻ. അദ്ദേഹം വന്നാൽ ടീച്ചർക്കു സുഖമാണ്. വീട്ടിലെ ജോലി മുക്കാലും അദ്ദേഹമാണു ചെയ്യുക. വാരാന്തത്തിലേ നെവിനങ്കിൾ വരൂ. ബാക്കിദിവസമെല്ലാം പണി മുഴുവൻ ടീച്ചർ തനിച്ചു ചെയ്യണം. ബാക്കി സമയത്താണു ടീച്ചറുടെ വായന.
അത് അറിയാവുന്നതുകൊണ്ട് പൂവ് സ്വന്തം ജിജ്ഞാസ വൈകുവോളം ഒരുവിധം പിടിച്ചുനിർത്തി. അഞ്ചുമണി ആയതോടെ അവൻ ടീച്ചറുടെ വീട്ടിലെത്തി. ചാരുകസേരയിൽ പുസ്തകവും വായിച്ചു ചായയും കുടിച്ചു കിടക്കുകയായിരുന്നു ടീച്ചർ. അവർ എഴുന്നേറ്റ് പൂവിനു ബിസ്ക്കറ്റും ചായയും എടുത്തുകൊടുത്തു. ബിസ്ക്കറ്റ് കടിച്ചുകൊണ്ട് അവൻ ചോദിച്ചു: “ടീച്ചറേ, ഭ്രമണം ചെയ്യുന്ന ഭൂമിയുടെ പുറത്തിരുന്നു സ്പ്രിങ്ങുപോലെയുള്ള യാത്ര. അതും വൃത്താകൃതിയിൽ. സങ്കല്പിച്ചപ്പോൾ നല്ല രസം. പിന്നെയും എന്തോ ചലനം ഉണ്ടെന്നല്ലേ രാവിലേ ടീച്ചർ പറഞ്ഞത്. അതെന്തു ചലനമാ? അത് എങ്ങനെയാ? ഏതു ഭാഗത്തേക്കാ?”
“ആഹാ! ഒറ്റയടിക്കു മൂന്നു ചോദ്യമോ! ഉത്തരം പറയുമ്മുമ്പ് ഞാൻ അങ്ങോട്ടൊരു ചോദ്യം ചോദിക്കാം. പൂവിനറിയുമോ നമ്മുടെ പ്രപഞ്ചത്തിൽ എത്ര ഗാലക്സികളുണ്ടെന്ന്?”
അടുത്ത ചലനത്തിന്റെ കഥ കേൾക്കാൻ വാ പൊളിച്ചിരുന്ന പൂവിനെ ആ ചോദ്യം കുഴക്കി. “ഇല്ല. എത്രയുണ്ട്?”
“എനിക്കും അറിയില്ല. ആർക്കും അറിയില്ല.”
“ആൻഡ്രോമെഡയാണ് ഏറ്റവുമടുത്ത ഗാലക്സി എന്നു വായിച്ചത് ഓർക്കുന്നു.”
“അങ്ങനെയല്ല. ആകാശഗംഗയെപ്പോലെയുള്ള വലിയ ഗാലക്സികളിൽ ഏറ്റവുമടുത്തുള്ളത് ആൻഡ്രോമെഡയാണ്. അതിലും അടുത്ത ഗാലക്സികളെ നാം കണ്ടെത്തിയിട്ടുണ്ട്. ‘ലാർജ് മെഗലാനിക് ക്ലൗഡ്’ എന്ന ഗാലക്സിക്ക് ആയിരുന്നു കുറേക്കലം നമ്മുടെ ഏറ്റവുമടുത്ത ഗാലക്സി എന്ന പദവി. പിന്നെ 1994-ൽ കുറേക്കൂടി അടുത്തുള്ള ‘സജിറ്റേറിയസ് ഡ്വാർഫ്’ എന്ന ചെറു ഗാലക്സിയെ കണ്ടുപിടുച്ചു. കുറേക്കൂടി അടുത്തുള്ള ‘ക്യാനിസ് മേജർ ഡ്വാർഫ്’ എന്ന ചെറു ഗാലക്സിയെ 2004-ൽ കണ്ടുപിടിച്ചു. ഇപ്പോഴത്തെ അറിവുവച്ച് ‘ക്യാനിസ് മേജർ ഡ്വാർഫ്’ ആണ് നമ്മളോട് ഏറ്റവും അടുത്ത ഗാലക്സി. അടുത്ത് എന്നു പറഞ്ഞാൽപ്പോര, നമ്മുടെ ഗാലക്സിക്കുള്ളിൽത്തന്നെ!”
“ഉള്ളിലോ! അതെങ്ങനെ പ്രത്യേക ഗാലക്സി ആകും!?”
“അതിനെ മിൽക്കി വേ ഗാലക്സി ഗുരുത്വാകർഷണംകൊണ്ട് വലിച്ചെടുത്തതാകാം എന്നാണ് ഒരു സിദ്ധാന്തം. എന്നാൽ, നൂറുകോടിയോളം നക്ഷത്രം മാത്രമുള്ള അത് നമ്മുടെ ഗാലക്സിയിലെ ഗുരുത്വാകർഷണവുംമറ്റും മൂലം അങ്ങനെ രൂപപ്പെട്ടതാകാം എന്നും അഭിപ്രായമുണ്ട്. അതിനെ ഗാലക്സി ആയി കണക്കാക്കാൻ ആവില്ലെന്നും ചിലർ വാദിക്കുന്നുണ്ട്. എങ്കിലും പൊതുവെ ഗാലക്സി ആയിത്തന്നെ ആണ് ക്യാനിസ് മേജർ ഡ്വാർഫിനെ പരിഗണിക്കുന്നത്.”
“അപ്പോൾ അതാണ് ആകാശഗംഗയോട് ഏറ്റവും അടുത്ത ഗാലക്സി.” മനസിൽ ഉറപ്പിക്കുന്ന മട്ടിൽ പൂവ് പറഞ്ഞു.
ഷംസിയട്ടീച്ചർ പെട്ടെന്ന് ഇടപെട്ടു. “നമ്മളോട് ഏറ്റവും അടുത്ത എന്നു ഞാൻ പറഞ്ഞത് നമ്മുടെ ഗാലക്സിയോട് ഏറ്റവും അടുത്ത എന്ന അർത്ഥത്തിൽ അല്ല. നമ്മളും ഭൂമിയും ഉൾപ്പെടുന്ന സൗരയൂഥത്തോട് ഏറ്റവും അടുത്ത് എന്നാണ് ഉദ്ദേശിച്ചത്. ഇവിടുന്ന് ഏതാണ്ട് 25,000 പ്രകാശവർഷം അകലെയാണ് ക്യാനിസ് മേജർ ഡ്വാർഫ്. ആകാശഗംഗയുടെ കേന്ദ്രത്തിൽനിന്ന് അതിലേക്കുള്ള അകലം ഇതിലും വളരെ കൂടുതൽ ആണ്; ഉദ്ദേശം 42,000 പ്രകാശവർഷം. ആകാശഗംഗയ്ക്കുള്ളിൽ ഇത്തരം മറ്റൊരു ഗാലക്സിയെ 2020-ലും കണ്ടെത്തി – 1100 കോടി കൊല്ലം മുമ്പ് നമ്മുടെ ഗാലക്സിയിൽ ഇടിച്ചുകയറിയതായി കരുതുന്ന ‘ക്രാക്കൻ’ ഗാലക്സി.”
“നമ്മളോട് അടുത്തായിട്ടും എന്താ അവയെയൊന്നും കാണാൻ പറ്റാത്തത്?”
“ആൻഡ്രോമെഡയെയും ലാർജ് മെഗലാനിക് ക്ലൗഡിനെയും ഭൂമിയിൽനിന്നു വെറുംകണ്ണാൽ കാണാം – മങ്ങിയ നക്ഷത്രം പോലെ; മഞ്ഞുതുണ്ടുപോലെ മങ്ങി. വാനനിരീക്ഷകർക്കല്ലാതെ തിരിച്ചറിയാൻ എളുപ്പമല്ല. അടുത്തുള്ള മറ്റു ഗാലക്സികൾ കാഴ്ചയിൽ പെടാത്തത്ര ചെറുതാണ്. ഇവയിൽ ചിലത് നമ്മുടെ ഗാലക്സിയുടെ ഉപഗ്രഹഗാലക്സികളാണ്.”
“ങേ! ഗാലക്സിക്കും ഉപഗ്രഹങ്ങളോ! അപ്പോൾ പിന്നെയും കുഴഞ്ഞുമറിയുമല്ലോ…”
“അതെ. അവ ചെറുതും ആണ്. പക്ഷെ, ആൻഡ്രോമെഡ ഉപഗ്രഹം അല്ല. അതു വളരെ അകലെയാണ്. അതിനു നമ്മുടെ ആകാശഗംഗയെപ്പോലെതന്നെ വലിപ്പമുണ്ട്. അതുകൊണ്ടാണ് വളരെ അകലെയായിട്ടും അതിനെ കാണാൻ പറ്റുന്നത്. ആകാശഗംഗയുടെ രൂപം നേരത്തേ പറഞ്ഞില്ലേ – വളഞ്ഞ ഇതളുകളുള്ള ഫാൻ പോലെ എന്ന്. സ്പൈറൽ എന്നാണ് ഈ ആകൃതിക്കു പേര്. അതേ രൂപമുള്ള ഏറ്റവുമടുത്ത ഗാലക്സി എന്നതാണ് ആൻഡ്രോമെഡയുടെ സവിശേഷത.”
“വേറെ ഗാലക്സികളെയൊന്നും കാണാൻ പറ്റില്ലാ? നൂറുകോടിക്കണക്കിനു നക്ഷത്രങ്ങളുടെ കൂട്ടമായിട്ടും? അവയൊക്കെ അത്ര അകലെയാ?”
“അതേ. പലതരം ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണു നാം ഇവയെയൊക്കെ കാണുന്നതും അറിയുന്നതും. ഏറ്റവും ശക്തിയുള്ള ടെലിസ്കോപ്പുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാൽപ്പോലും പ്രപഞ്ചത്തിന്റെ മുഴുവൻ ഭാഗവും കാണാനാവില്ല. അനന്തതയിലേക്ക് അതങ്ങനെ വ്യാപിച്ചുകിടക്കുകയല്ലേ! നമുക്കു നിരീക്ഷിക്കാൻ കഴിയുന്ന ഭാഗത്തെല്ലാംകൂടി രണ്ടു ട്രില്യൺ ഗാലക്സികൾ ഉണ്ടാകാം എന്നാണ് ശാസ്ത്രജ്ഞർ ഏറ്റവുമൊടുവിൽ കണക്കാക്കിയിട്ടുള്ളത്.”
“ഓ, ടീച്ചറേ, ഈ ട്രില്യൺ എന്നൊക്കെ പറയാതെ മനസിലാകുന്നപോലെ പറ.”
“ശരി. എന്നാൽ കേട്ടോ. ഒരുലക്ഷംകോടിയാണ് ഒരു ട്രില്യൺ. അപ്പോൾ രണ്ടു ട്രില്യൺ രണ്ടുലക്ഷംകോടി.”
പൂവ് ആകാശത്തേക്കു നോക്കി അന്തംവിട്ടിരുന്നു. പിന്നെ വിടർന്നു: “അവ ഇ…ങ്ങനെ ചിതറിക്കിടക്കുകയാണ്…, അല്ലേ!” അവൻ കൈകൾ നിവർത്തി ആകാശത്തു രണ്ടുഭാഗത്തേക്കും വിടർത്തിക്കൊണ്ടു സ്വയം പറഞ്ഞു.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്