രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
പൂവ് ഭ്രാന്തുപിടിച്ചതുപോലെ മുടി വലിച്ചുപറിച്ചുകൊണ്ട് ചോദിച്ചു: “ഉപഗ്രഹങ്ങൾ സ്വയം കറങ്ങുന്നു; അവ ഗ്രഹങ്ങളെ ചുറ്റുന്നു; ഗ്രഹങ്ങൾ സ്വയം കറങ്ങുന്നു; ഉപഗ്രഹങ്ങളെയും കൂട്ടി സൂര്യനുചുറ്റും പായുന്നു; അവയുടെ നടുവിൽ നിന്നു സൂര്യൻ സ്വയം കറങ്ങുന്നു; സൗരയൂഥത്തെയാകെ വലിച്ചുകൊണ്ട് സൂര്യൻ…” പിന്നെയും ആലോചന. പിന്നെ വെളിപാടുപോലെ ചോദിച്ചു: “അല്ല ടീച്ചറേ, ഗാലക്സിയിലെ നമ്മുടെ നീക്കം ഏതു വശത്തോട്ടാ?”
“ദേ, പിന്നെയും വശവും ദിക്കും!”
“അയ്യോ, സോറി ടീച്ചറേ! ശീലംകൊണ്ടങ്ങു ചോദിച്ചതാ.”
“സോറിയൊന്നും വേണ്ടാ. ദിശ ഞാൻ പറഞ്ഞുതരാം. വേഗ എന്ന നക്ഷത്രത്തിന്റെ ദിശയിലാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സിറിയസ് നക്ഷത്രത്തിന്റെ ഏതാണ്ട് എതിർദിശയിലേക്ക്. സിറിയസിനെ നിനക്ക് അറിഞ്ഞുകൂടെ?”
“അറിയാം. രാത്രിയിൽ ഏറ്റവും പ്രകാശത്തിൽ കാണുന്ന നക്ഷത്രം. അതിനെ തിരിച്ചറിയാൻ എനിക്ക് അറിയാമല്ലോ.”
“അതിന്റെ എതിർദിശയിലേക്ക്. അവിടെയാണു വേഗ. സിറിയസ് പകലത്തെ ആകാശത്ത് ആകുമ്പോൾ വേഗ രാത്രിയാകാശത്തു വരും. ആ ദിശയിലാണു നമ്മുടെ യാത്ര. സിറിയസിനെ നിനക്ക് അറിയാവുന്നതുകൊണ്ട് അതിന്റെ എതിർദിശയിൽ എന്നു പരിചയപ്പെടുത്തിയെന്നേയുള്ളൂ. സിറിയസ് തെക്കേ പകുതിലല്ലേ? വേഗ വടക്കേപ്പകുതിയിൽ. അഭിജിത് എന്നാണു വേഗയ്ക്കു നമ്മുടെ നാട്ടിലെ പേര്. വേഗയും സിറിയസും ഒക്കെ നമ്മുടെ ഗാലക്സിയിലെ നക്ഷത്രങ്ങൾതന്നെ ആണല്ലോ. അതുകൊണ്ട്, അവയും നമ്മളെപ്പോലെതന്നെ ആ ദിശയിൽ നീങ്ങുകയാണ്; ഗാലക്സി ഒന്നാകെ.”
“ടീച്ചറേ, വേഗയെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?”
“പിന്നെന്താ. മുകളിൽ അല്പം വടക്കായി വരുന്ന നീലശോഭയുള്ള നക്ഷത്രമാണ്. രാത്രിയാകട്ടെ, ഞാൻ കാട്ടിത്തരാമല്ലോ.”
പൂവിനു സന്തോഷമായി. ഒരു നക്ഷത്രത്തെക്കൂടി പരിചയപ്പെടാം. ഒപ്പം, നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദിശകൂടി മനസിലാക്കുകയും ചെയ്യാം. അത് ആലോചിച്ചപ്പോഴാണ് പൂവിന്റെ മനസിൽ മറ്റൊരു സംശയം ഉണർന്നത്: “വേഗ നില്ക്കുന്ന ദിശയിൽ സൗരയൂഥം സഞ്ചരിക്കുന്നു എന്നു പറയുമ്പോൾ… നമ്മൾ – എന്നുവച്ചാൽ ഭൂമി – നേരെ അങ്ങു പോകുകയല്ലല്ലോ. സൂര്യനെ ചുറ്റിക്കൊണ്ടല്ലേ നമ്മൾ നീങ്ങുന്നത്. അപ്പോൾ… നമ്മുടെ ആ നീക്കം…?” അവൻ സംശയഭാവത്തിൽ ഷംസിയട്ടീച്ചറെ നോക്കി.
ടീച്ചർ ചിരിച്ചു. “നീ അതു ചോദിക്കുമോ എന്ന് അറിയാൻ കാക്കുകയായിരുന്നു ഞാൻ. ഭൂമിയും ഗ്രഹങ്ങളുമൊക്കെ സൂര്യനെ ചുറ്റുമ്പോൾത്തന്നെ സൂര്യൻ അതിന്റെ പാതയിൽ കുതിച്ചോടുകയല്ലേ? അപ്പോൾ ഭൂമിയും ചന്ദ്രനും മറ്റു ഗ്രഹങ്ങളുമൊക്കെ കൂടെ ചെല്ലേണ്ടേ? അവയെല്ലാം സൂര്യന്റെയൊപ്പം നീങ്ങിക്കൊണ്ടു വേണ്ടേ ചുറ്റാൻ?”
“അയ്യോ! അപ്പോൾ, ഞാൻ അങ്ങ് ആകാശത്തു പോയിനിന്നു ഭൂമിയുടെ കറക്കം സങ്കല്പിച്ചതുപോലെ അല്ലേ ശരിക്കും?”
“അതെങ്ങനെ? അപ്പോൾ സൂര്യൻ ഒരിടത്തു നില്ക്കുന്നതായും ഭൂമി അതിനെ ചുറ്റുന്നതായും അല്ലേ പൂവ് സങ്കല്പിച്ചത്? അതുപോലെയല്ലല്ലോ സംഭവിക്കുന്നത്. സൂര്യൻ നീങ്ങുന്നതുംകൂടി ചേർത്തു സങ്കല്പിക്കണം. അതിനു പൂവ് പതിന്മടങ്ങു ദൂരെ പോയി നില്ക്കേണ്ടിവരും. അങ്ങനെ ഒന്നു മാറ്റി സങ്കല്പിക്കൂ!” പൂവ് അന്തരീക്ഷത്തിൽ വട്ടങ്ങൾ വരച്ചു സങ്കല്പം മാറ്റിയും മറിച്ചുമൊക്കെ നോക്കി. “…തോന്നിയോ?”
“ങും…” “അതേ… ഒരു സംശയം. ഈ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന തലം ഉണ്ടല്ലോ, അത് സൂര്യൻ പോകുന്ന ദിശയിലാണോ അതോ അതിനു ലംബമായി ആണോ?”
“അയ്യോ! അതു പറയാൻ ഞാൻ മറന്നു! പൂവ് നല്ലവണ്ണം ചിന്തിക്കുന്ന ആളായതുകൊണ്ടാ ഈ സംശയം വന്നത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു രീതിയിൽ അങ്ങു സങ്കല്പിച്ചേനെ. അതു ഞാനൊട്ട് അറിയുകയുമില്ല.”
“അതുപോകട്ടെ. ടീച്ചർ ഇതു പറ.”
“വെള്ളയപ്പം പോലേ പരന്നല്ലേ ഗാലക്സി. ആ പരന്ന തലത്തിലൂടെയാണു ഗാലക്സിയുടെ ഭ്രമണം. ഗാലക്സിയിലൂടെ സൂര്യൻ പോകുന്ന പാതയ്ക്കു ലംബമായാണ് സൗരയൂഥത്തിന്റെ നില്പ്. നില്പല്ല, സഞ്ചാരം.”
“അപ്പോൾ ഫ്രിസ്ബി പോകുന്നപോലെ, ഡിസ്കസ് ത്രോയിലെ ഡിസ്ക് പോകുന്നപോലെ അല്ല, അല്ലേ?”
“അല്ല. ഇവിടെ ഡിസ്ക് നിവർന്നു നിന്നാണു പായുന്നത്. പീലിമുഴുവൻ വിരിച്ചുപിടിച്ച് മയിൽ ഓടുന്നതുപോലെ. ആ ഡിസ്കിൽ എല്ലാ ഗ്രഹങ്ങളും ഉണ്ടല്ലോ. അതിൽ ഭൂമിയുടെ സ്ഥാനത്തു ഭൂമിയെ സങ്കല്പിക്കുക. ഇനി ഭൂമിയുടെ മാത്രം സഞ്ചാരം അങ്ങു ദൂരെ നിന്നു നോക്കിക്കാണുക.”
“മനസിലയി.” പിന്നെയും പൂവ് ബഹിരാകാശത്തേക്കു പാഞ്ഞു. അവന്റെ കൈകൾ വായുവിൽ കുറേനേരം സഞ്ചാരപാതകൾ സൃഷ്ടിച്ചു. ഒടുവിൽ കിട്ടി: “വലിച്ചുപിടിച്ച സ്പ്രിങ് പോലെയാ ഭൂമിയുടെ ആ പാത.”
പൂവിനു സന്തോഷമായി. അവൻ ആ ചലനവും മനസിൽ കണ്ടു. സങ്കല്പത്തിൽനിന്നുണർന്ന് പൂവ് ചോദിച്ചു: “ടീച്ചറേ, ഈ ചലനങ്ങൾ എല്ലാംകൂടി കൂട്ടിച്ചേർത്തു സങ്കല്പിച്ചാൽ നമ്മൾ സർക്കസുകാരെപ്പോലെ തലകുത്തിമറിഞ്ഞും പമ്പരംപോലെ കറങ്ങിയും സ്പ്രിങ്ങുപോലെ ചുറ്റിച്ചുറ്റിയുമൊക്കെ എങ്ങനെയൊക്കെയോ എങ്ങോട്ടൊക്കെയോ പോകുകയാണ്, അല്ലേ?”
“അതെ. പക്ഷേ, ഈ പറഞ്ഞിടത്തു തീരുന്നില്ലല്ലോ നമ്മുടെ ചുറ്റിത്തിരിയലും ഓട്ടപ്പാച്ചിലും.”
“പിന്നെ?” ഭൂമിയുടെ പുറത്തിരുന്ന് ഇനിയും വേറെ യാത്രയോ എന്നു ചിന്തിച്ച് പൂവ് വാ പൊളിച്ചു.
“കാശുമുടക്കില്ലാത്ത സഞ്ചാരങ്ങളുടെ കഥ കേട്ടപ്പോൾ രസം കയറി, അല്ലെ? എങ്കിൽ, ബാക്കിയും പറഞ്ഞുതരാം. പൂവ് തത്ക്കാലം പോയി കാപ്പി കുടിക്ക്. എന്നിട്ട് ഇതെല്ലാം ആലോചിച്ച് മനസിൽ ഉറപ്പിക്ക്. ആലോചിക്കുമ്പോൾ സംശയങ്ങളും വരും. അതും ഒക്കെ ഓർത്തുവച്ച് വൈകുന്നേരം വീട്ടിലേക്കു വാ.” ടീച്ചർ അവന്റെ കവിളിൽ സ്നേഹത്തോടെ നുള്ളിയിട്ട് ടീപ്പോയിൽനിന്ന് മറ്റൊരു വാരിക എടുത്തു. “ഇതു ഞാൻ എടുത്തെന്ന് അമ്മയോടു പറഞ്ഞേക്ക്” ഷംസിയട്ടീച്ചർ റ്റാറ്റാ പറഞ്ഞു മടങ്ങി.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്