Read Time:10 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

“അയ്യോ! ഇത്രേം വേഗത്തിൽ പാഞ്ഞിട്ടും നമ്മളൊന്നും പറന്നുപോകാത്തതെന്താ!?” പൂവ് ചിന്തയിൽനിന്ന് ഉണർന്ന് ആശ്ചര്യത്തോടെ ചോദിച്ചു. ഗാലക്സിയുടെ സ്വയംഭ്രമണത്തിനൊത്തുള്ള സൗരയൂഥത്തിന്റെ അതിവേഗയോട്ടം ഭാവനയിൽ കണ്ടു ഭയന്നുപോയതാണ് അവൻ.

“പറക്കാനോ? പറക്കുന്നതുപോയിട്ട് നമ്മൾ അറിയുന്നുപോലും ഇല്ലല്ലോ ഈ അതിവേഗക്കുതിപ്പുകളൊന്നും.”

“അറിയുന്നില്ല. എന്നാലും ശരിക്കും നമ്മളും ഈ സാധനങ്ങളുമൊക്കെ പറന്നുപോകേണ്ടതല്ലേ?”

“അതെങ്ങനെ? ഭൂമി എല്ലാറ്റിനെയും ഇങ്ങനെ ചേർത്തുപിടിച്ചിരിക്കുകയല്ലേ, അതിശക്തമായ ആകർഷണംകൊണ്ട്?” ഷംസിയട്ടീച്ചർ അവനെ ചേർത്തുപിടിച്ചു ചോദിച്ചു. ഒപ്പം, ടീച്ചർ അതിന്റെ മറ്റൊരുവശം അവന്റെമുന്നിൽ അവതരിപ്പിച്ചു. “അല്ലെങ്കിൽത്തന്നെ, എവിടേക്കു പറക്കാൻ? നമ്മുടെ ചുറ്റുപാടെല്ലാം നമുക്കൊപ്പം വരികയല്ലേ? ഈ ചലനങ്ങളെല്ലാം അങ്ങനെ ക്രമപ്പെട്ടു നില്ക്കുകയല്ലേ?”

“മനസിലായില്ല ടീച്ചറേ”

“ങും. പെട്ടെന്നു മനസിലാവില്ല. ഞാൻ ഒരു ഉദാഹരണം പറയാം. പൂവ് വിമാനത്തിൽ കയറിയിട്ടുണ്ടോ?”

“ഇല്ല.”

“അപ്പോൾ ഒരു കാര്യം ചെയ്യാം. നമുക്കൊരു ട്രയിൻ സങ്കല്പിക്കാം. ഗ്ലാസെല്ലാം ഇട്ട ഒരുകോച്ച്. നല്ല നിരപ്പുള്ള പാളത്തിൽ വിമാനം പോലെ ഒരു കുലുക്കവുമില്ലാതെ അത് ഒരേവേഗത്തിൽ ഓടുകയാണെന്നു കരുതൂ. അപ്പോൾ അതിലിരുന്ന് ചൂടു കാപ്പി രണ്ടു കപ്പിലേക്കു മാറിമാറി ഒഴിച്ച് ആറ്റാൻ പറ്റുമോ, നിലത്തുപോകാതെ?”

“പറ്റും.”

“എന്താ കാര്യം?”

“അപ്പോൾ അനക്കം തോന്നില്ല. അതുകൊണ്ട്.”

“അതെ. കോച്ചിനുള്ളിലുള്ളതെല്ലാം ഒരേവേഗത്തിൽ ഒരേവഴിക്കു സഞ്ചരിക്കുകയാണ് – സീറ്റുകളും നമ്മളും നമ്മുടെ കൈയിലെ കപ്പുകളും കാപ്പിയും വായുവും എല്ലാം. അവയുടെയൊന്നും സ്ഥാനങ്ങൾക്കു തമ്മിൽത്തമ്മിൽ മാറ്റമുണ്ടാകുന്നില്ല. അതുപോലെയാണു ഭൂമിയിലും. ഭൂമിയോടൊപ്പം ഭൂമിയിലുള്ളതെല്ലാം ഒരേ വേഗത്തിലും ഒരേ ദിശയിലും നീങ്ങുകയല്ലേ? ഭ്രമണത്തിന്റെ കാര്യത്തിൽ ഭൂമദ്ധ്യരേഖയിൽ ഉള്ളത്ര വേഗം മറ്റിടങ്ങളിൽ ഇല്ലെങ്കിലും ഓരോ ഭാഗത്തുമുള്ള വസ്തുക്കളും ജീവജാലങ്ങളുമെല്ലാം ഒരുമിച്ച് ഒരേ വേഗത്തിലാണല്ലോ നീങ്ങുന്നത്. ഭൂമി കറങ്ങുന്നതും നാനാവഴിക്കും ഓടുന്നതും ഒന്നും നമുക്ക് അനുഭവപ്പെടാത്തതും ഇതുകൊണ്ടാണ്.”

“ഉം. മനസിലായി.”

“അതിരിക്കട്ടെ, കാപ്പി ഒഴിച്ചുകൊണ്ടിരിക്കെ ട്രയിൻ പെട്ടെന്നു നിർത്തിയാലോ? അല്ലെങ്കിൽ അടിക്കടി വേഗം കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നാലോ?”

“കളയാതെ ഒഴിക്കാൻ പറ്റില്ല.”

“അതെന്താ?”

“അതെന്താ? അതിപ്പം വണ്ടി ബ്രേക്ക് ചെയ്താലും എല്ലാം ഒരുമിച്ചല്ലേ നില്ക്കുന്നത്? ഒരുമിച്ചല്ലേ വേഗം കുറയുന്നത്?”

“ആണോ? അപ്പോൾ എന്തിനായിരുന്നു പൂവ് കുറച്ചുനാൾ മുമ്പ് നെറ്റിയിൽ പാച്ച് ഒട്ടിച്ചു നടന്നത്?”

“അത്… പിന്നെ… സീറ്റ്‌ ബെൽറ്റ് ഇടാഞ്ഞതുകൊണ്ട് കാർ ബ്രേക്ക് ചെയ്തപ്പോൾ ഫ്രണ്ടിൽപോയി ഇടിച്ചു.”

“അതെന്തിനാ? വണ്ടിയോടൊപ്പം പൂവിനും സ്റ്റോപ് ആയാൽ പോരായിരുന്നോ?”

“ങും, മതിയായിരുന്നു.”

“എന്നിട്ടെന്താ, പറ്റിയില്ലേ?”

“പോ, ടീച്ചറേ! …അല്ല, അതെന്താ നമ്മൾ കാറിനൊപ്പം സ്റ്റോപ് ആകാതെ മുന്നോട്ട് ആഞ്ഞുപോകുന്നത്?”

“നീ ജഡത്വം പഠിച്ചിട്ടുണ്ടോ? ഇനേർഷ്യ?”

“ഉണ്ട്. പക്ഷേ…”

“പൂവേ! നമ്മൾ ബ്രേക്ക് കൊടുക്കുന്നത് കാറിനാണ്. വീൽ ഡ്രമ്മിൽ ബ്രേക്കിന്റെ ബ്രഷ് ഉരഞ്ഞ് ഘർഷണംകൊണ്ടു കാർ നില്ക്കും. കാറിൽ ഉറപ്പിച്ചിട്ടുള്ളതെല്ലാം ഒപ്പം നില്ക്കും. നമ്മളെ ഉറപ്പിച്ചു വയ്ക്കാനാണു സീറ്റ് ബെൽറ്റ്. നമ്മളെ ഉറപ്പിച്ചിട്ടില്ലെങ്കിൽ എന്തുപറ്റും?”

“നമ്മൾ പഴയ വേഗത്തിൽ മുന്നോട്ടു പോകും.”

“കറക്റ്റ്! ഇനി, വണ്ടി ബ്രേക്ക് ചെയ്യുമ്പോൾ വെള്ളമുള്ള കപ്പ് മുന്നോട്ടു നീങ്ങാതെ കാറിനോടു ചേർത്ത് ഉറപ്പിച്ചു പിടിച്ചിരിക്കുകയാണെന്നു കരുതുക. കാറിന്റെ സ്പീഡ് പെട്ടെന്നു കുറഞ്ഞാൽ…?”

“കപ്പിന്റെ വേഗം കാറിനൊപ്പം കുറയും. പക്ഷേ, കപ്പിലെ വെള്ളം അത് ഓടിവന്ന വേഗത്തിൽ തുടരും.”

“അതെ. അപ്പോൾ…?”

“കപ്പിലെ വെള്ളം മുമ്പോട്ടു തുളുമ്പും.”

“വളരെ ശരി. ഉറപ്പിച്ചിട്ടില്ലാത്തതെല്ലാം അതിന്റെ വേഗത്തിൽ തുടരും. നമ്മൾ പിടിച്ചിട്ടുള്ള രണ്ടു കപ്പുകളും ചലിക്കുന്നതുപോലെ ആവില്ല കപ്പിൽനിന്നു വീഴുന്ന വെള്ളം. വീഴുന്ന വെള്ളത്തെ ആരും പിടിക്കാത്തതിനാൽ അത് അതിന്റെ ജഡത്വം അനുസരിച്ചു മുന്നോട്ടു പോകും. കപ്പിൽ വെള്ളമൊഴിക്കാൻ തലച്ചോർ ഉണ്ടാക്കിയ കണക്കൊക്കെ തെറ്റും. ഇനി, വണ്ടിയിൽ കുറേ  സാധനങ്ങൾ അടുക്കി വച്ചിരിക്കുകയാണെങ്കിലോ? പെട്ടെന്നു വേഗവ്യത്യാസമൊക്കെ വന്നാൽ?”

“ഒക്കെ അടുക്കുതെറ്റി താഴെവീഴും. തമ്മിൽ മുട്ടി പൊട്ടിപ്പോയെന്നും വരും.”

“അതുപോലെതന്നെ സൗരയൂഥത്തിലെയും ഗാലക്സിയിലെയുമൊക്കെ ചലനങ്ങൾക്കിടെ ഏതെങ്കിലുമൊന്നു നില്ക്കുകയോ വേഗം വ്യത്യാസപ്പെടുകയോ ചെയ്താലോ?”

“വിവരമറിയും.”

“അതേ. അങ്ങനെയൊന്നും സംഭവിക്കാത്തതുകൊണ്ടാണ് ഇവയെല്ലാം ഇപ്പോൾ തകരാതെ നീങ്ങിക്കൊണ്ടിരിക്കുന്നത്.”

പൂവ് ചിന്താധീനനായി. അവന്റെ വിരലുകൾ വട്ടത്തിലും നീളത്തിലും വശങ്ങളിലേക്കും കീഴ്‌മേലും ഒക്കെ വായുവിൽ എന്തെല്ലാമോ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ് കാണാം

Happy
Happy
60 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും
Next post COSMIC ALCHEMY- LUCA TALK
Close