രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ഗാലക്സിയുടെ നടുവിലെ ഭീമൻ ബ്ലാക്ക് ഹോളിന്റെ ശക്തമായ ആകർഷണത്തെപ്പറ്റിയും അതിൽ പെടാതിരിക്കാൻ അതിവേഗത്തിൽ അതിനെ ചുറ്റുന്ന നക്ഷത്രങ്ങളെപ്പറ്റിയും സങ്കല്പിച്ചപ്പോൾ നക്ഷത്രളെല്ലാം ചേർന്ന ഗാലക്സി മൊത്തത്തിൽ പൂവിന്റെ കുഞ്ഞുമനസിൽ കറങ്ങാൻ തുടങ്ങി. അപ്പോൾ അവനു മറ്റൊരു സംശയം വന്നു. ഷംസിയട്ടീച്ചറെ കൈയിൽ കിട്ടിയതല്ലേ, സംശയം കൈയോടെ തീർത്തുകളയാം എന്നുകരുതി അവൻ ചോദിച്ചു:
“ഗാലക്സിയുടെ കേന്ദ്രത്തിൽ അത്രയേറേ മാസ് ഉള്ളതുകൊണ്ടാണോ ടീച്ചറെ, ദൂരെയുള്ള നക്ഷത്രങ്ങൾപോലും അതിനെ ചുറ്റുന്നത്?”
“അതെ, ”
“ഗാലക്സിയുടെ പടത്തിൽ പൂവ് കണ്ടിട്ടില്ലെ, നടുവിൽ ഭയങ്കര പ്രകാശം? നക്ഷത്രങ്ങൾ ഏറ്റവും കേന്ദ്രീകരിച്ചിട്ടുള്ള മേഖലയാണത്.”
“ടീച്ചർ പറഞ്ഞ വെള്ളയപ്പത്തിന്റെ നടുവിലെ കനം കൂടിയ ഭാഗം, അല്ലെ?”
“അതെയതെ.” പൂവ് കാര്യങ്ങൾ മനസിലാക്കുന്ന രീതികണ്ട് ഷംസിയട്ടീച്ചർ ചിരിച്ചു. “ഞാൻ മുമ്പുപറഞ്ഞ അതിവേഗം കറങ്ങുന്ന നക്ഷത്രങ്ങളും ബ്ലാക്ക് ഹോളും എല്ലാം ചേർന്നതാണല്ലോ കേന്ദ്രഭാഗം. അവയുടെയെല്ലാറ്റിന്റെയുംകൂടിയുള്ള മാസ് അതിഭീമമാണ്. മാസ് അങ്ങനെ കൂടുമ്പോൾ ഗ്രാവിറ്റിയും കൂടില്ലേ? അതുകൊണ്ട് നക്ഷത്രങ്ങളെല്ലാം ആ കേന്ദ്രത്തെയാണു ചുറ്റുന്നത്. നക്ഷത്രങ്ങൾ മാത്രമല്ല, അവയുടെ ഗ്രഹങ്ങൾ ഉൾപ്പെടുന്ന വ്യൂഹങ്ങളും മറ്റു ദ്രവ്യങ്ങളും എല്ലാം.”
വിഡിയോ : നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിലെ ബ്ലാക്ക് ഹോളിനെ പൊതിഞ്ഞപോലെ ചുറ്റുന്ന നക്ഷത്രങ്ങളുടെ തിങ്ങിനിറഞ്ഞ കൂട്ടത്തിന്റെ ചിത്രം സ്പേസ് ടെലസ്കോപ്പായ ഹബ്ൾ പകർത്തിയതിലേക്ക് സൂം ചെയ്യുമ്പോൾ. നമ്മുടെ ഭാഗത്തെ നക്ഷത്രങ്ങൾ തമ്മിലുള്ള അകലത്തിന്റെ പത്തിലൊന്നും നൂറിലൊന്നും ഒക്കെയേയുള്ളൂ ഇവതമ്മിൽ. Credit: NASA, ESA, and G. Bacon (STScI).
അപ്പോൾ പൂവിന് അടുത്ത സംശയമായി: “കേന്ദ്രത്തിൽനിന്ന് അകലുംതോറും ആകർഷണം കുറയുമല്ലോ. അപ്പോൾ…? അപ്പോൾ വേഗം കുറയണ്ടേ?”
“കുറയേണ്ടതാണ്. ബൾജ് എന്നു വിളിക്കുന്ന വീർത്തഭാഗത്ത് ഉള്ളത്ര വേഗം അതിനു പുറത്തില്ല. പക്ഷേ…”
“ങേ! എന്താ ടീച്ചറേ പക്ഷേ? പുറത്തേക്കുപോകുന്തോറും വേഗം കുറഞ്ഞുവരില്ലേ?”
“പൂവേ, നീ പറഞ്ഞതുപോലെ, കേന്ദ്രത്തിൽനിന്നുള്ള അകലം കൂടുമ്പോൾ കേന്ദ്രത്തിന്റെ ആകർഷണം കുറയും. പക്ഷെ, അങ്ങനെ അകലം കൂടുതോറും അതിനും കേന്ദ്രത്തിനും ഇടയിൽ വേറെയും ധാരാളം നക്ഷത്രങ്ങളും മറ്റു ദ്രവ്യങ്ങളും പെടില്ലേ? അവയ്ക്കുമെല്ലാം മാസില്ലേ? അപ്പോൾ അവയുടെകൂടി ഗുരുത്വാകർഷണം ആ നക്ഷത്രത്തിനുമേൽ ഉണ്ടാവില്ലെ? ആ മാസിന്റെ മുഴുവൻ കേന്ദ്രം ഗാലക്സിയുടെ കേന്ദ്രമല്ലേ? അവിടേക്കാണു നക്ഷത്രങ്ങൾ ആകർഷിക്കപ്പെടുക.”
“ഓ! അങ്ങനെയുണ്ട്, അല്ലെ. അപ്പോൾ, അവയുടെ വേഗം കൂടണം.”
“കറക്റ്റ്! ബൾജിനു പുറത്തെ നക്ഷത്രങ്ങൾക്കു സാധാരണവേഗമാണെന്നു പറഞ്ഞില്ലേ? അത് അകലംകൂടുന്തോറും ഇങ്ങനെ കൂടുന്നുണ്ട്. പക്ഷേ, ഗാലക്സിയുടെ ഡിസ്കിന്റെ അറ്റങ്ങളിലേക്ക് എത്തുമ്പോൾ അവിടങ്ങളിലുള്ള നക്ഷത്രങ്ങൾക്കു വേഗം കുറയുകയും ചെയ്യുന്നു.”
“ശ്ശെടാ, അതെന്തു പണിയാ?” ചിട്ടവട്ടം തെറ്റിയാൽ പൂവിന് അസ്വസ്ഥതയും ദേഷ്യവും ഒക്കെ വരും. അവന് എല്ലാം നിയമപ്രകാരം നടക്കണം.
അത് അറിയാവുന്ന ടീച്ചർ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഇക്കാര്യം ഈയിടെയാണു ശാസ്ത്രജ്ഞർ കണ്ടുപിടിച്ചത്. ഗായ എന്ന ബഹിരാകാശടെലിസ്കോപ് ശേഖരിച്ച പുതിയ വിവരങ്ങളാണ് ഇക്കാര്യം വെളിവാക്കിയത്.”
വിഡിയോ : സൂര്യനും അടുത്തുള്ള 75,000-ത്തോളം നക്ഷത്രങ്ങളും നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തെ ചുറ്റുമ്പോൾ അടുത്ത 50 കോടിക്കൊല്ലംകൊണ്ട് അവയുടെ സഞ്ചാരത്തിൽ വരാവുന്ന മാറ്റം. അത് ആകാശഗംഗയ്ക്കു പുറത്ത് മൂന്നു ഭാഗങ്ങളിൽനിന്നു കാണുന്ന രീതിയിൽ. ഗായ ടെലസ്കോപ്പിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞർ തയ്യാറാക്കിയ ആനിമേഷൻ. Credit : ESA/Gaia/DPAC; CC BY-SA 3.0
“ങും. അല്ല ടീച്ചറേ, അതെന്താകും അങ്ങനെ?”
“ഇക്കാര്യത്തിൽ ശാസ്ത്രജ്ഞർ ഇപ്പോൾ എത്തിയിരിക്കുന്ന നിഗമനം ഗാലക്സിയുടെ പുറംഭാഗങ്ങളിൽ ഡാർക്ക് മാറ്റർ കുറവായിരിക്കും, അതുകൊണ്ടാകാം എന്നാണ്.”
“ശെടാ! ഈ ഡാർക്ക് മാറ്റർ ആളൊരു വില്ലൻ ആണല്ലോ!”
“ഹഹഹ!!! അതെ, ശരിക്കും വില്ലൻ! ശാസ്ത്രജ്ഞർക്കു പിടി കൊടുക്കാത്ത അരൂപി! ങാ, അതു പോകട്ടെ, പൂവിനു മനസിലാകുന്ന ഒരു കാര്യം പറയാം. ഉള്ളിലേക്കുള്ളിലേക്കുള്ള നക്ഷത്രങ്ങളുടെ സഞ്ചാരപാതയുടെ നീളം കുറവല്ലേ?”
“അതേ, പുറത്തേക്കുപുറത്തേക്കുള്ളവയുടേതു കൂടുതലും.”
“ങാ. അങ്ങനെവരുമ്പോൾ നമ്മളെക്കാൾ ചെറിയ പാതയിൽ ചുറ്റുന്ന നക്ഷത്രങ്ങൾ നമ്മളെക്കാൾ അല്പമൊക്കെ വേഗം കുറവാണെങ്കിലും പാത ചെറുതായതുകൊണ്ട് നമ്മളെ ഓവർട്ടേക്ക് ചെയ്തു പൊയ്ക്കളയും. നമ്മൾ ഒരു വട്ടം ചുറ്റുമ്പോഴേക്ക് അവർ ഒന്നിലേറെ വട്ടം ചുറ്റിയിരിക്കും. നമുക്കു പുറത്തുള്ളവയെ നമ്മളും ഇങ്ങനെ ഓവർട്ടേക്ക് ചെയ്തുകൊണ്ടിരിക്കും.”
“അപ്പോൾ, നമ്മൾ ആകാശത്തു കാണുന്ന നക്ഷത്രങ്ങളുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുമോ?”
“വെറുംകണ്ണുകൊണ്ടു നമ്മൾ കാണുന്നവയൊക്കെ താരതമ്യേന അടുത്തുള്ള നക്ഷത്രങ്ങളല്ലേ. അവ നമ്മളെയപേക്ഷിച്ചു കാര്യമായ വേഗവ്യത്യാസം ഉള്ളവയല്ല. താരതമ്യേന അടുത്തെന്നു നമ്മൾ പറയുമ്പോഴും അവയൊക്കെ വളരെവളരെ ദൂരെ ആണെന്ന് ഓർക്കണം. അതിനാൽ അവയുടെ സ്ഥാനത്തിൽ വരുന്ന മാറ്റം ലക്ഷക്കണക്കിനുകൊല്ലംകൊണ്ടേ നമുക്കു പ്രകടമാകൂ. പിന്നെ ഒരുകാര്യംകൂടി ഉണ്ട്. ഏകദേശം നമ്മുടെ പാതയിൽത്തന്നെ സഞ്ചരിക്കുന്ന നക്ഷത്രങ്ങളാണെങ്കിൽ വേഗവ്യത്യാസം ഉണ്ടെങ്കിലും നമ്മെ അപേക്ഷിച്ചു സ്ഥാനം മാറുകയേയില്ല. നാം കാണുന്ന അതേ സ്ഥാനത്തുതന്നെ കാണും. അതേ ദിശയിൽത്തന്നെ അകലുകയോ അടുക്കുകയോ ആകും അവ ചെയ്യുക.”
“അപ്പോൾ, അകലുന്നവ ചെറുതാകുന്നതായും അടുക്കുന്നവ വലുതാകുന്നതായും തോന്നുമായിരിക്കും, അല്ലേ? അങ്ങനെയാണോ അതു നമ്മൾ അറിയുന്നത്?”
“ഇല്ല പൂവേ. അവ അതിനുമാത്രം അകലുന്നില്ലല്ലോ. അവയിൽനിന്നുള്ള പ്രകാശം സാങ്കേതികവിദ്യകൊണ്ടു പരിശോധിച്ചേ അതു മനസിലാക്കാൻ കഴിയൂ. ഗാലക്സിയിൽ നമ്മുടെ സ്ഥാനത്തിന് ഉള്ളിലും പുറത്തും അല്ലാതെ മുകളിലും താഴെയും ഒക്കെ നക്ഷത്രങ്ങൾ ഉണ്ടല്ലോ. അവ മിക്കവാറും നമ്മുടെ വേഗത്തിൽത്തന്നെ സഞ്ചരിക്കുന്നവയാകും.”
“മുകളിലും താഴെയും എന്നു പറഞ്ഞാൽ…?”
“നമ്മൾ ആകാശഗംഗയുടെ ഒരു വശത്തുനിന്നുള്ള പടം കാണുമ്പോൾ ഇടത്തുനിന്നു വലത്തേക്കു നീണ്ടുകിടക്കുന്നതായല്ലേ കാണുക? നമ്മുടെ വെള്ളയപ്പം സൈഡിൽനിന്നു കാണുന്നപോലെ. അതിലെ മുകളിലും താഴെയും ആണ് ഉദ്ദേശിച്ചത്. മറ്റു മാപ്പുകൾപോലെതന്നെ മുകൾഭാഗം വടക്ക്, കീഴ്ഭാഗം തെക്ക് എന്ന സങ്കല്പത്തിൽ അങ്ങനെയും പറയാറുണ്ട്.”
പൂവു വീണ്ടും ചിന്തകഭാവം പൂണ്ടു. “ഭൂമിയുടെ പുറത്തിരുന്നു നമ്മൾ ഈ നക്ഷത്രങ്ങളെല്ലാമായി ഓട്ടപ്രദക്ഷിണം നടത്തുകയാണ്, അല്ലേ! ചുരുക്കത്തിൽ, ഇവരുടെ ഈ വട്ടം കറങ്ങലും നമ്മളെ വട്ടാക്കുന്ന ഏർപ്പാടാണ്…”
ടീച്ചർ വീണ്ടും ചിരിച്ചു. “എന്നാൽ നിന്നെ കൂടുതൽ വട്ടാക്കാൻ ഒരു കാര്യംകൂടി പറയാം. ഓരോ നക്ഷത്രവും ഉള്ള സ്ഥാനത്തിന് ഉള്ളിൽവരുന്ന ദ്രവ്യം മാത്രമല്ല അവയെ ആകർഷിക്കുന്നത്. അവയ്ക്കു പുറത്തും വശങ്ങളിലും ഉള്ള നക്ഷത്രങ്ങൾക്കും മറ്റു ദ്രവ്യത്തിനും ഇല്ലേ ഗ്രാവിറ്റി? അവയുടെ ഗ്രാവിറ്റിയും ഗാലക്സിയിലെ ഓരോ വസ്തുവിന്റെയും ചലനത്തെ സ്വാധീനിക്കുന്നുണ്ട്.”
“ശെടാ! ഇതിപ്പം ആകെ കൺഫ്യൂഷൻ ആയല്ലോ!” പൂവ് ചിന്തയിൽ മുഴുകി. ചിന്തയ്ക്കൊടുവിൽ, ടീച്ചർക്കു ജോലിത്തിരക്ക് ആകുമ്മുമ്പ് കിട്ടാവുന്നത്ര വിവരങ്ങൾ മനസിലാക്കാനുള്ള വ്യഗ്രതയോടെ അവൻ ചോദിച്ചു: “അപ്പോൾ, ഗാലക്സി ഒന്നാകെ തിരിയുന്നു; അതിനനുസരിച്ചുള്ള വേഗം ഓരോ ഭാഗത്തെയും നക്ഷത്രങ്ങൾക്ക് ഉണ്ടാകുന്നു. ചുറ്റുമുള്ള ദ്രവ്യത്തിന്റെ മാസും ഗ്രാവിറ്റിയും ആ വേഗത്തെ സ്വാധീനിക്കുന്നു. അല്ല, ടീച്ചറേ, ടീച്ചറ് ഇപ്പോൾ പറഞ്ഞത്, ചുറ്റുമുള്ള നക്ഷത്രങ്ങളുടെ സ്ഥാനവും മാറിക്കൊണ്ടിരിക്കുകയുംഎന്നല്ലേ? അപ്പോൾ…” പൂവ് ഒരു വലിയ കണ്ടുപിടുത്തം നടത്തുകയായിരുന്നു.
“അപ്പോൾ…?”
“അപ്പോൾ… ഓരോ നക്ഷത്രവും സഞ്ചരിക്കുന്ന വേഗം മാറിക്കൊണ്ടിരിക്കുമോ!? …നമ്മളേംകൊണ്ടുള്ള സൂര്യന്റെ യാത്രയും ഒരേ വേഗത്തിലല്ലേ… ?” അവൻസംശയിച്ചുസംശയിച്ചു ചോദിച്ചു. ചോദ്യത്തിൽ അവന്റെ കൺഫ്യൂഷൻ ടീച്ചർക്ക് അനുഭവപ്പെട്ടു.
ടീച്ചർ ആ വിഷയം കൂടുതൽ കുഴച്ചുമറിക്കാതെ പറഞ്ഞവസാനിപ്പിക്കാൻ ശ്രമിച്ചു: “അതാണു ഞാൻ പറഞ്ഞുവന്നത്. പൊതുവിൽ പറയുമ്പോൾ എല്ലാം അതതിന്റെ വേഗത്തിൽ ചുറ്റുന്നു എന്നു കരുതിയാൽ മതി. പക്ഷെ, എല്ലാ ഗോളവും ഗുരുത്വാകർഷണം ഉള്ളവയല്ലേ? ഗോളങ്ങൾ അല്ലാതെയുള്ള ധാരാളം ദ്രവ്യവും മാസും ഉണ്ടെന്നു പറഞ്ഞല്ലോ. അപ്പോൾ, ഓരോ ഗോളവും ഇവയുടെയെല്ലാം ആകർഷണത്തിനും വിധേയമാണ്. അതുകൊണ്ട്, നമ്മുടെ ഗാലക്സിയിലെ നക്ഷത്രങ്ങളുടെ ഭ്രമണവേഗത്തിനൊക്കെ വ്യത്യാസങ്ങൾ ഉണ്ട്. പല കൈവഴികളിലും ഉണ്ട് ഇതുപ്രകാരമുള്ള വ്യത്യാസങ്ങൾ.”
“അപ്പോൾ, ചുരുക്കത്തിൽ, നമ്മുടെ സൂര്യന്റെ വേഗവും സ്ഥിരമല്ല!”
“അല്ല. അതിലും ഇത്തരം നേരിയ വ്യതിയാനമൊക്കെ വരും. നമ്മൾ പറയുന്നത് ശരാശരി വേഗമാണ്.”
പൂവിന്റെ മനസിൽ ഗാലക്സിയിലെ കോടിക്കണക്കിനു നക്ഷത്രങ്ങൾ അതിവേഗത്തിൽ വീണ്ടും കറങ്ങാൻ തുടങ്ങി. അപ്പോൾ വീണ്ടും സംശയം. “ഇത്രേം വേഗത്തിൽ പാഞ്ഞാൽ എത്ര കാലം എടുക്കും നമ്മുടെ ഗാലക്സി ഒരുവട്ടം സ്വയം കറങ്ങാൻ?”
“അങ്ങനെ ഒരു ഭ്രമണകാലം പറയാനാവില്ല. ഗാലക്സിയുടെ എല്ലാഭാഗത്തെയും ഭ്രമണം ഒരുപോലെ അല്ല എന്നു ഞാൻ ഇപ്പോൾ പറഞ്ഞില്ലേ? അതുതന്നെ കാരണം. പുറമേയുള്ളവ ഒരുവട്ടം ചുറ്റുമ്പോഴേക്ക് ഉള്ളിലുള്ളവ ഒന്നിലേറെ വട്ടം ചുറ്റിയിരിക്കും. കേന്ദ്രത്തിൽനിന്ന് ഏതാണ്ടു മദ്ധ്യഭാഗത്തുള്ള സൂര്യന്റെ വേഗത്തോളമാണു മിൽക്കി വേ ഗാലക്സിയുടെ ശരാശരിവേഗം എന്നാണു ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്. ഗാലക്സിയിൽ നമ്മുടെ സൗരയൂഥം ഒരുവട്ടം ചുറ്റാൻ എടുക്കുന്ന സമയം കണക്കാക്കിയിട്ടുണ്ട് – ഏകദേശം 25 കോടി കൊല്ലം. ഗാലക്സിയുടെ ഭ്രമണകാലം ഏതാണ്ട് അത്രയൊക്കെ എന്നു വേണമെങ്കിൽ പറയാം.”
“അപ്പോൾ, ഇന്നത്തെ സ്ഥാനത്ത് സൗരയൂഥം ഉണ്ടായിരുന്നത് 25 കോടി കൊല്ലം മുമ്പാണ്?”
ടീച്ചർ ചിരിച്ചു. “ഗാലക്സിയെ മാത്രം അടിസ്ഥാനമാക്കിയാൽ അതെ. ദിനോസറുകൾ ഭൂയിൽ ഉണ്ടായിത്തുടങ്ങിയ കാലത്ത്. പക്ഷെ, അന്നു നമ്മുടെ ഗാലക്സി പ്രപഞ്ചത്തിൽ ഇന്നുള്ള സ്ഥലത്ത് അല്ലായിരുന്നല്ലോ.”
പൂവ് അന്തംവിട്ട് വാ പിളർന്ന് ഇരുന്നു. മെല്ലെ എന്തോ ഒരു ഭയം ആ മുഖത്തു പടർന്നു.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ് കാണാം