രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
സൗരയൂഥം ഒന്നാകെ ഗാലക്സിയിലൂടെ അതിന്റെ കേന്ദ്രത്തെ ചുറ്റി പായുന്നകാര്യം പൂവിന് അറിയില്ലായിരുന്നു. ഗാലക്സി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അവ സ്വയം ഭ്രമണം ചെയ്യുന്നതാണെന്നു പൂവ് മനസിലാക്കിയിരുന്നില്ല. അവന്റെ വിസ്മയത്തിന് ആക്കം കൂട്ടി ഷംസിയട്ടീച്ചർ സൗരയൂഥപ്പാച്ചിലിന്റെ വിശേഷങ്ങളുടെ കെട്ട് അഴിച്ചു.
“ങും. ആ പാച്ചിൽ ചെറിയ വേഗത്തിലൊന്നുമല്ല. ഒരു സെക്കൻഡിൽ 220 കിലോമീറ്റർ വേഗത്തിൽ! എന്നുവച്ചാൽ, ഒന്ന് എന്നു പറയുമ്പോഴേക്ക് തിരുവനന്തപുരത്തുനിന്ന് കൊച്ചിവഴി അങ്കമാലി എത്തുന്ന വേഗം! മണിക്കൂറിൽ 8,28,000 കിലോമീറ്റർ വേഗം. കൂടുതൽ കൃത്യതയോടെ നക്ഷത്രങ്ങളുടെ വിവരങ്ങൾ എടുക്കാൻ കഴിവുള്ള ‘ഗായ’ എന്ന ബഹിരാകാശടെലിസ്കോപ്പുണ്ട്. അത് ഇപ്പോൾ കണക്കാക്കിയിരിക്കുന്ന വേഗമാണിത്. മുമ്പു കണക്കാക്കിയിരുന്നത് സെക്കൻഡിൽ 230 കിലോമീറ്റർ എന്നായിരുന്നു.”
“ശ്ശൊ!” പൂവിന്റെ കണ്ണു പുറത്തേക്കു പിന്നെയും തള്ളി!
“തുറിച്ചുനോക്കണ്ടാ. ഇതിലും വേഗത്തിൽ പായുന്ന നക്ഷത്രങ്ങളും ഉണ്ട് നമ്മുടെ ഗാലക്സിയിൽ. ഗാലക്സിയുടെ ഏറ്റവും കേന്ദ്രത്തിലുള്ള നക്ഷത്രങ്ങൾ ഇതിന്റെ ഇരട്ടിയിലേറെ വേഗത്തിലാണു പായുന്നത്. നമ്മുടെ ഗാലക്സിയിൽ നമുക്കു പുറത്തുള്ള ഗോളങ്ങൾക്കും നമ്മെക്കാൾ വേഗമുണ്ട്. ആകാശഗംഗയുടെ പലമടങ്ങുള്ള പടുകൂറ്റൻ ഗ്യാലക്സികൾ കറങ്ങുന്നത് അതിലും വേഗത്തിലാണ്. നമ്മുടെ സൗരയൂഥത്തിലേക്ക് ഗാലക്സിയുടെ കേന്ദ്രത്തിൽനിന്നുള്ള ദൂരം 26,000 പ്രകാശവർഷം ആണ്. ഗാലക്സിയുടെ ആരത്തിന്റെ, എന്നുവച്ചാൽ റേഡിയസിന്റെ, ഏതാണ്ടു പകുതി. അതായത്, കേന്ദ്രത്തിന്റെ ഒരു വശത്ത് ഏകദേശം നടുവിൽ. അത്രയും അകലെ ആയതുകൊണ്ടാ നമ്മുടെ വേഗം സെക്കൻഡിൽ 220 കിലോമീറ്റർ ആയത്.”
പൂവ് ഗാലക്സിയെ മനസിലേക്ക് ആവഹിച്ചു. ഏത് അനന്തതയെയും മനസു മാത്രമാണല്ലോ ഉൾക്കൊള്ളുക! അവന്റെ മനസിൽ ആകാശഗംഗ ഇരമ്പിക്കറങ്ങി. തൈരു കടയുമ്പോൾ വെണ്ണ വരുന്നതുപോലെ ആ കറക്കത്തിൽനിന്നു പുതിയ ചോദ്യങ്ങൾ ഉയർന്നുവന്നു:
“നമ്മുടെ ഗാലക്സി ഒരു ഡിസ്കുപോലെ കേന്ദ്രത്തിനു ചുറ്റും കറങ്ങുകയല്ലേ? അപ്പോൾ എല്ലാ നക്ഷത്രങ്ങളും ഒരേ സമയംകൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുമല്ലോ; കേന്ദ്രത്തോട് അടുത്ത നക്ഷത്രങ്ങളും കേന്ദ്രത്തിന് ഏറ്റവും അകലെയുള്ള നക്ഷത്രങ്ങളും എല്ലാം. അപ്പോൾ കേന്ദ്രത്തോട് അടുത്ത നക്ഷത്രങ്ങൾ മെല്ലെ നീങ്ങിയാൽ പോരെ? ഏറ്റവും പുറമേ ഉള്ളവ ടീച്ചർ നേരത്തേ പറഞ്ഞതുപോലെ അതിവേഗത്തിൽ ഓടിത്തളരുകയും വേണം. അങ്ങനെയല്ലേ?”
“മിടുക്കാ! അത്രയൊക്കെ അതിനിടയ്ക്ക് ആലോചിച്ചോ!” ഷംസിയട്ടീച്ചർ സ്നേഹത്തോടെ പൂവിന്റെ ഉച്ചിയിൽ പിടിച്ചു കുലുക്കി. ടീച്ചർ അവനെ പ്രോത്സാഹിപ്പിച്ചെങ്കിലും അവന്റെ ചിന്തയിലെ പിശകുകൾ കയ്യോടെ തിരുത്തി:
“നീ പറഞ്ഞതിൽ ഒരു യുക്തിയൊക്കെ ഉണ്ട്. പക്ഷെ, അതിൽ ഒരു വലിയ പിശകുണ്ട്. ഡിസ്ക് പോലെയോ ഫാൻ പോലെയോ ഉറച്ച ഒറ്റ സാധനം അല്ലല്ലോ ഗാലക്സി. അതു നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റനവധി വസ്തുക്കളും ചേർന്നതല്ലേ? ഇവയ്ക്കുപുറമെ വേറെയും ദ്രവ്യങ്ങൾ അതിലുണ്ട്. പൊടിപടലങ്ങളും ദ്രവ്യമേഘങ്ങളും പിന്നെ, കാണാൻ കഴിയാത്ത ഡാർക് മാറ്ററും ഒക്കെ.”
“ങേ… കാണാൻ പറ്റാത്ത മാറ്ററോ!?” പൂവ് ഒരു എത്തും പിടിയും കിട്ടാത്തപോലെ ചോദിച്ചു.
“അതെ, അങ്ങനെയൊന്നുണ്ട്. ഡാർക് മാറ്റർ. ഉണ്ടെന്നറിയാം എന്നല്ലാതെ, ശാസ്ത്രജ്ഞർക്കുതന്നെ ശരിക്കു മനസിലായിട്ടില്ലാത്ത ഒന്നാണത്. അതുകൊണ്ട്, പൂവിനും ഇപ്പോൾ അതു മനസിലാക്കാൻ പ്രയാസമാണ്. അങ്ങനെയും ഒന്നുണ്ട് എന്നുമാത്രം തത്ക്കാലം മനസിൽ വയ്ക്ക്. ങാ… അപ്പോൾ…, ഇതെല്ലാം നിറഞ്ഞ ഒരു വിശാലപ്രദേശം ആണ് ഗാലക്സി. അതിൽ ഓരോന്നിനെയും ഓരോ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുകയല്ല. എല്ലാം ലൂസാ.”
“ലൂസാണെങ്കിൽ എല്ലാരുംകൂടി കറങ്ങുന്നതെങ്ങനാ?”
“പറഞ്ഞുതരാം. ദാ, നീ ഇതു നോക്കിക്കോ. ഈ കടലാസ് ഞാൻ കുനുകുനെ നുള്ളിക്കീറി ദാ ഈ ബക്കറ്റിലെ വെള്ളത്തിൽ ഇടുവാ. കണ്ടോ. ഇനി ഞാൻ ഈ വെള്ളം കറക്കിവിടാം, ദാ… ഇങ്ങനെ. ഈ കടലാസുകഷണങ്ങൾ നക്ഷത്രങ്ങളാണെന്നു കരുതുക. ഇവ കറങ്ങുന്ന രീതി നോക്കൂ! ഇതുപോലെയാണ് ഗാലക്സി കറങ്ങുന്നത്. ഇത് ഖരരൂപമായ ഡിസ്ക് പോലെയാണോ?”
“അല്ല.”
“ങാ, ഇങ്ങനെ വളരെ അയഞ്ഞ അവസ്ഥയിലാണ് ഗാലക്സിയിലെ ദ്രവ്യങ്ങളെല്ലാം. പടത്തിൽ നാം ഗാലക്സിയെ കാണുന്നത് വളരെ ചെറുതായല്ലേ. അതിൽ നക്ഷത്രങ്ങൾ കുനുകുനെ അടുത്തടുത്തു ചേർന്നിരിക്കുന്നപോലെ തോന്നും. പക്ഷെ, ശരിക്കും നക്ഷത്രങ്ങൾ തമ്മിൽ ഒരുപാടൊരുപാട് അകലമുണ്ടെന്നും ഓർക്കണം.”
“എന്നിട്ടും ഇതെല്ലാം ഇങ്ങനെ ഒന്നിച്ചു കറങ്ങുന്നത് അത്ഭുതംതന്നെ!”
“ങും. അതിനു കൃത്യമായ കാരണങ്ങളുണ്ട്. ഭ്രമണം ചെയ്യാൻ തുടങ്ങിയ ഒരു പടുകൂറ്റൻ വാതകപടലമാണ് കോടിക്കണക്കിനു വർഷങ്ങൾകൊണ്ട് ഗാലക്സിയായി മാറുന്നത്. അതിലെ ദ്രവ്യത്തിന്റെ ചെറുകണങ്ങൾ അങ്ങിങ്ങ് തൂർന്നുകൂടി മെല്ലെമെല്ലെ വളരും. വളർന്നുവളർന്ന് ദശലക്ഷക്കണക്കിനു വർഷംകൊണ്ട് ഇവ ഭീമാകാരം പ്രാപിക്കും. അപ്പോൾ അതിന്റെ ഉള്ളിൽ ഭീമമയ മർദ്ദം ഉണ്ടാകും. തൂർന്നുകൂടുന്ന തന്മാത്രകളും വാതകധൂളികളും ഉരസുമല്ലോ. അപ്പോൾ ഭീമമായ ഘർഷണവും ഉണ്ടാകും. ഘർഷണം എന്നുവച്ചാൽ ഫ്രിക്‌ഷൻ. ഈ മർദ്ദവും ഫ്രിക്‌ഷനും കാരണം ചൂടും ഭീമമായി ഉയരും. ആ വാതകഗോളത്തിന്റെ കേന്ദ്രത്തിലായിരിക്കും മർദ്ദവും താപവും ഏറ്റവും കൂടുതൽ. അതുമൂലം അവിടെ ഹൈഡ്രജൻ ആറ്റത്തിന്റെ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം ന്യൂക്ലിയസുകളായി മാറും. അപ്പോൾ ധാരാളം ഊർജ്ജം പുറത്തുവരും. അങ്ങനെയാണ് നക്ഷത്രങ്ങൾ ഉണ്ടാകുന്നത്. ആ ഊർജ്ജത്തിൽ പെടുന്നതാണു നാം കാണുന്ന പ്രകാശം. വലിയ ചൂടും പുറത്തുവരുന്നുണ്ട്, സൂര്യനെപ്പോലെ.”
“നക്ഷത്രങ്ങളുടെ ചൂട് ഇങ്ങോട്ട് എത്താത്തത് അവ അത്ര ദൂരെ ആയതുകൊണ്ടല്ലേ? ഹോ! അതെത്ര നന്നായി! അല്ലെങ്കിൽ ആ നക്ഷത്രങ്ങളുടെയെല്ലാംകൂടി ചൂട് അടിച്ചു നമ്മളു കരിഞ്ഞുപോയേനെ!”
“ഹഹഹ…! ങൂം… ഇങ്ങനെ നക്ഷത്രങ്ങൾ ഉണ്ടാകുന്നത് കറങ്ങുന്ന വാതകപടലത്തിലല്ലെ? അപ്പോൾ, ആ നക്ഷത്രങ്ങളും ആ കറക്കത്തിന്റെ ഭാഗമാവില്ലെ?”
“ങും, ആകും.” പൂവ് തലയാട്ടി. കൂറ്റൻ വാതകപടലം കറങ്ങുന്നതും കറങ്ങിക്കൊണ്ടുതന്നെ അതിൽ നക്ഷത്രങ്ങൾ പിറവികൊള്ളുന്നതും അവ കറക്കം തുടരുന്നതും അങ്ങനെയങ്ങനെ ഗാലക്സിയായി ആ വാതകപടലം മാറുന്നതും പൂവ് മനക്കണ്ണിൽ കണ്ടു.
പൂവ് സങ്കല്പലോകത്തുനിന്നു നിലത്തിറങ്ങിയെന്നു തോന്നിയപ്പോൾ ഷംസിയട്ടീച്ചർ വീണ്ടും സഞ്ചാരത്തിന്റെ കഥയിലേക്കു മടങ്ങിവന്നു: “അങ്ങനെ ലക്ഷക്കണക്കിനു നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും രൂപംകൊള്ളും. അവയ്ക്കെല്ലാം ഗ്രാവിറ്റി ഉണ്ടാവില്ലെ? ഗ്രാവിറ്റിക്കു മലയാളത്തിൽ ഗുരുത്വാകർഷണം എന്നാണു പറയുന്നത്. മേഘപടലത്തിന്റെ കറക്കത്തിൽനിന്നു കിട്ടിയ വേഗവുമുണ്ട്. ഈ ഗുരുത്വാകർഷണവുമുണ്ട്. ഇവയാണ് ഓരോ ഗോളത്തിന്റെയും സ്ഥാനവും വേഗവും നിർണ്ണയിക്കുന്നത്. പൂവ് ചരടിൽ കല്ലു കെട്ടി കറക്കാറില്ലെ? അതിന്റെ വേഗം കൂട്ടിയിട്ടു പെട്ടെന്നു പിടി വിട്ടാൽ എന്തുപറ്റും?”
“ദൂരേക്കു തെറിച്ചുപോകും.”
“ആവശ്യത്തിനു വേഗത്തിൽ കറക്കിയില്ലെങ്കിലോ? അതായത്, ചരടിൽ തൂങ്ങിക്കിടക്കുന്ന കല്ല് കറക്കി അതു മുകളിൽ എത്താറാകുമ്പോൾ വേഗം കുറച്ചാൽ?”
“ചരടു ചുളുങ്ങി കൈയുടെ അടുത്തേക്കുവന്നു വീണ്ടും ചരടിൽ തൂങ്ങിക്കിടക്കും.”
“അതെ. ചരടു വഴിയുള്ള പൂവിന്റെ പിടുത്തവും കറക്കത്തിന്റെ വേഗവുമാണ് കല്ലിനെ വട്ടത്തിൽ കറക്കുന്നത്. ചരടുവഴിയുള്ള പിടുത്തംപോലെ ഭൂമിക്കുമേലുള്ള സൂര്യന്റെ പിടുത്തമാണ് ആകർഷണം. സൂര്യന്റെ ആ ഗുരുത്വാകർഷണവും ഭൂമിയുടെ വേഗവും ആണ് ഭൂമിയെ അതിന്റെ ഭ്രമണപഥത്തിലൂടെത്തന്നെ കറക്കുന്നത്. ഇതൊക്കെ നീ പഠിച്ചിട്ടുള്ളതല്ലേ?”
“അതെ.”
“ങാ. അതുപോലെയാണ് ഓരോ നക്ഷത്രവും ഗാലക്സിയുടെ കേന്ദ്രത്തെ ചുറ്റുന്നത്. ഗാലക്സിയുടെ കേന്ദ്രത്തിലേക്കു വീണുപോകാതെയും ദൂരേക്കു തെറിച്ചുപോകാതെയും ഇരിക്കുന്ന വേഗത്തിലാണ് ആ ചുറ്റൽ.”
“സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ എല്ലാത്തിനേം ആകർഷിക്കുന്ന സൂര്യൻ ഉള്ളപോലെ നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിൽ വല്ല പടുകൂറ്റൻ നക്ഷത്രവും ഉണ്ടോ?”
“അവിടെയുള്ളത് സൂര്യന്റെ 40 ലക്ഷം ഇരട്ടി പിണ്ഡമുള്ള ഒരു ഭീമൻ ബ്ലാക്ക് ഹോൾ ആണ്.”
“പിണ്ഡം എന്നു പറയുന്നത് മാസ് അല്ലേ ടീച്ചറേ?”
“അതേയതേ. ഞങ്ങളൊക്കെ സ്കൂളിൽ പഠിച്ചത് പിണ്ഡമെന്നാ. ആ ഓർമ്മയിൽ പറഞ്ഞുപോയതാ.”
“അത് എനിക്കു മനസിലായി. ടീച്ചർ ഇപ്പോൾ പറഞ്ഞില്ലേ ബ്ലാക്ക് ഹോൾ. അതെന്തുസാധനമാ?”
“അത് വലിയ നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന ഗോളമാ. പൊട്ടിത്തെറിക്കുശേഷം സൂര്യന്റെ 1.4 ഇരട്ടിയിലേറെ മാസ് അവശേഷിച്ചാൽ അത് ഭൂമിയോളമോ അതിലും ചെറുതോ ആയ വലിപ്പത്തിലേക്കു ചുരുങ്ങും. അപ്പോൾ ഗുരുത്വാകർഷണം – എന്നുവച്ചാൽ ഗ്രാവിറ്റി – അതിശക്തമാകും. അടുത്തുള്ള നക്ഷത്രങ്ങളിലെ വാതകങ്ങളെ കുറേശെ വലിച്ചെടുത്ത് അതു വളരും. അപ്പോൾ അതിന്റെ മാസ് പിന്നെയും കൂടും. അപ്പോൾ ഗ്രാവിറ്റിയും കൂടും. അങ്ങനെയങ്ങനെ അതു വളരും. അതിശക്തമായ ഗുരുത്വാകർഷണം കാരണം പ്രകാശംപോലും പുറത്തേക്കു വരില്ല. അതുകൊണ്ട് ഒരിക്കലും അവയെ കാണാൻ പറ്റില്ല. അതുകൊണ്ടാണ് ബ്ലാക്ക് ഹോൾ എന്ന് ഇംഗ്ലിഷിലും ഇരുട്ടറ എന്നു മലയാളത്തിലും അതിനെ വിളിക്കുന്നത്.”
“എന്തൊക്കെ അത്ഭുതങ്ങളാ ഈ നക്ഷത്രലോകത്ത്!”
“അതേയതെ. അതിരിക്കട്ടെ, ആ ബ്ലാക്ക് ഹോളിന്റെ മാസിനെപ്പറ്റി ഞാൻ നേരത്തേ പറഞ്ഞതു ശ്രദ്ധിച്ചിരുന്നോ? സൂര്യന്റെ 40 ഇരട്ടിയല്ല, 40 ലക്ഷം ഇരട്ടിയാണ്.” പൂവിന്റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച് ടീച്ചർ തുടർന്നു: “അപ്പോൾ ആ ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റി അത്രയ്ക്കു ഭീമമായിരിക്കില്ലേ? അടുത്തുള്ള നക്ഷത്രങ്ങളെയൊക്കെ അത് ആകർഷിച്ചു വിഴുങ്ങിക്കളയും.”
“ങേ! വിഴുങ്ങുമെന്നോ!?”
“അതെ. നക്ഷത്രങ്ങൾ വലിയ വാതകഗോളങ്ങളല്ലേ? അതിനെ ബ്ലാക്ക് ഹോൾ വലിച്ചെടുക്കും. ആ നക്ഷത്രങ്ങൾ പൂർണ്ണമായും ബ്ലാക്ക് ഹോളിൽ ലയിക്കും.”
“അയ്യോ!!!” പൂവ് വാ പൊളിച്ച് ഇരുന്നു.
“നീയെന്താ നക്ഷത്രത്തെ വിഴുങ്ങാനുള്ള പുറപ്പാടാണോ, വായുംപിളർന്ന്…?” ടീച്ചർ പൂവിനെ കളിയാക്കി. ടീച്ചർ തുടർന്നു. “ആ വലിയ ഗുരുത്വാകർഷണത്തിൽ അതിലേക്കു വീണുപോകാതിരിക്കാൻ വേണ്ട വേഗത്തിലാണ് അതിനോട് അടുത്തുള്ള നക്ഷത്രങ്ങൾ കറങ്ങുന്നത്.”
ആ ആശയം പൂവ് മനസിൽ ഉറപ്പിച്ചു.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ് കാണാം