
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
കേൾക്കാം
“എന്താ പൂവേ, വട്ടായോ?!” ഉറക്കെയുള്ള ചോദ്യം കേട്ടാണ് അവൻ ആകാശത്തെ പടുകൂറ്റൻ മെറി ഗോ റൗണ്ഡിൽനിന്നു ഭൂമിയിൽ അവതരിച്ചത്. അപ്പോഴും മുഖം നിറയെ ചിരി. സങ്കല്പത്തിലെ കാഴ്ചയെപ്പറ്റി ഓർത്ത് അല്പം ഇരുന്നപ്പോൾ പൂവിന്റെ ജിജ്ഞാസ മെല്ലെ വീണ്ടും ഉണർന്നു.
“ടീച്ചറേ, മിലങ്കോവിച്ചിന്റെ സൈക്കിളുകൾപോലെ ഇതിനും നമ്മുടേം ഭൂമിയുടേം മേൽ വല്ല സ്വാധീനോം ഉണ്ടോ?”
“മിടുമിടുക്കൻ! നിന്റെ ഈ ചിന്ത വളരെ നല്ലതാണ്. ഏത് അറിവും മനുഷ്യരുമായി ബന്ധപ്പെടുമ്പോഴേ അതിനു മൂല്യം കൂടൂ. നിനക്ക് ആ ആലോചന നന്നായി ഉണ്ട്. ഈ ചലനവും നമ്മുടെ കാലാവസ്ഥയെയും ജീവജാലങ്ങളെയും ബാധിക്കുന്നു എന്നാണു ചില ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയിലെ ജീവജാലങ്ങളുടെ 54.2 കോടി കൊല്ലത്തെ കാര്യങ്ങൾ പഠിച്ചതിൽ 6.2 കോടി കൊല്ലം കൂടുമ്പോൾ ജീവജാതികളുടെ – എന്നുവച്ചാൽ സ്പീഷീസുകളുടെ – എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടിരുന്നു. ഏതാണ്ട് 6.4 കോടി കൊല്ലംകൊണ്ടു സംഭവിക്കുന്ന സൗരയൂഥത്തിന്റെ ചാഞ്ചാട്ടം ആകാം ഇതിനു കാരണമെന്നാണ് അവർ പ്രബന്ധത്തിലൂടെ വാദിച്ചത്.”
“അതെങ്ങനെ?”
“പറയാം. നമ്മുടെ ഗാലക്സിയിൽ കനത്ത ഹൈഡ്രജൻപടലങ്ങളുണ്ട്. സൗരയൂഥം ഗലാക്റ്റിക് ഡിസ്കിൽ ഉയരുകയും താഴുകയും ചെയ്യുമ്പോൾ ഈ ഹൈഡ്രജൻപടലത്തിലൂടെ കടന്നുപോകും. അപ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിൽ ഉൾപ്പെടെ മാറ്റം ഉണ്ടാകുമെന്നാണ് അവർ പറയുന്നത്. നമ്മുടെ പ്രപഞ്ചത്തിൽ ധാരാളം കണങ്ങൾ അതിവേഗം സഞ്ചരിക്കുന്നുണ്ട്. പ്രകാശത്തെപ്പോലെ അതിവേഗമുള്ള ഇവയെ കോസ്മിക് രശ്മികൾ എന്നാണു വിളിക്കുന്നത്. പുറത്തുനിന്നുള്ള ഇത്തരം കോസ്മിക് രശ്മികളുടെ ആഘാതത്തിൽനിന്നു സൗരയൂഥത്തെ രക്ഷിക്കുന്നത് സൂര്യനിൽനിന്നുള്ള സൗരവാതമാണ്. സൗരവാതത്തെപ്പറ്റി പൂവ് കേട്ടിട്ടുണ്ടോ?”
“ങും. സോളാർ വിൻഡല്ലേ?”
“അതെ. സൂര്യനിൽനിന്നു പ്രവഹിക്കുന്ന ഊർജ്ജക്കാറ്റ്. അത് പുറത്തുനിന്നു വരുന്ന അപകടകാരികളായ കോസ്മിക് രശ്മികളെ തടഞ്ഞ് സൗരയൂഥത്തെ സംരക്ഷിക്കുന്നുണ്ട്. സൗരയൂഥം ഹൈഡ്രജൻമേഘപടലത്തിൽ പെടുമ്പോൾ ഈ സൗരവാതം അതിൽ കുടുങ്ങും. അതു ഭൂമിയുടെയടുത്ത് എത്തില്ല. അപ്പോൾ, സൗരവാതത്തിന്റെ സംരക്ഷണം ഇല്ലാതാകില്ലെ. അപ്പഴോ?”
“കോസ്മിക് രശ്മികൾ ഒരുപാട് ഭൂമിയിലെത്തും, അല്ലേ?”
“അതേ. മാരകമായ ആ രശ്മികൾ ജീവജാതികളുടെ നാശത്തിന് ഇടയാക്കും. ഇതാണ് അവർ ചൂണ്ടിക്കാട്ടിയത്. സൗരയൂഥം ഗലാക്റ്റിക് തലത്തിൽനിന്ന് 240 പ്രകാശവർഷം ഉയരെ എത്തിയ സന്ദർഭങ്ങളിലാണ് ഈ പ്രതിഭാസം ആവർത്തിച്ചിട്ടുള്ളതെന്ന് ഇവരുടെ പ്രബന്ധം പറയുന്നു.”
പൂവിനു കാര്യമായി മനസിലായില്ലെങ്കിലും പൊതുവിൽ സംഗതി പിടികിട്ടി. അവൻ ടീച്ചറുടെ മുഖത്തുതന്നെ നോക്കി ഇരുന്നു. ടീച്ചർ കൗതുകമുള്ള ചിലതുകൂടി പറഞ്ഞു.

“സൗരവാതം പോലെ ഗാലക്സികൾക്കുമുണ്ട് ഉള്ളിൽനിന്നു പുറത്തേക്കു പ്രസരിക്കുന്ന ഊർജ്ജതരംഗങ്ങൾ. നമ്മുടെ ആകാശഗംഗാഗാലക്സിക്കും ഇതുണ്ട്. മുമ്പു ഞാൻ പറഞ്ഞിരുന്നില്ലേ, ആകാശഗംഗ നമ്മുടെ ലോക്കൽ സൂപ്പർ ക്ലസ്റ്ററിന്റെ കേന്ദ്രമായ വിർഗോ ക്ലസ്റ്ററിനെ ചുറ്റി പായുകയാണെന്ന് – സെക്കൻഡിൽ 400 കിലോമീറ്റർ വേഗത്തിൽ. ഓർമ്മയുണ്ടോ, ”
“ങും.” പൂവ് തലയാട്ടി. ഗാലക്സിയുടെ സഞ്ചാരവും കോസ്മിക് രശ്മികളുമായി എന്തു ബന്ധം എന്നു പൂവിനു മനസിലായില്ല. “ഈ രശ്മികളും ഗാലക്സിയുടെ സഞ്ചാരവുമായി വല്ല പ്രശ്നവും…?”
“അതാണു പൂവേ, പറഞ്ഞുവരുന്നത്. ഗാലക്സിയിൽനിന്നു നാലുവശത്തേക്കും ശക്തമായ ഊർജ്ജപ്രസരം ഉണ്ടെന്നു പറഞ്ഞില്ലേ? സൗരയൂഥമുള്ള ഭാഗത്തുകൂടിയും ഇതു പുറത്തേക്കു പോകുന്നുണ്ട്. ആ ദിശയിൽ പുറത്തേക്കല്ലേ ഇപ്പോൾ സൗരയൂഥത്തിന്റെ തരംഗചലനം? അതേ വശത്തേക്കാണ് ആകാശഗംഗയുടെയും പ്രദക്ഷിണസഞ്ചാരവും.”
“നില്ക്ക് നില്ക്ക്! ടീച്ചർ ഇങ്ങനങ്ങു പറഞ്ഞുപോകാതെ. ഞാൻ മനസിലാക്കിയത് ഒന്നു പറയാം. ശരിയാണോ എന്നു ടീച്ചർ പറയണം.”
“ശരി. പറയൂ!”
“അതായത്, സൗരയൂഥത്തിന്റെ തരംഗചലനവും സൂപ്പർ ക്ലസ്റ്ററിലെ ആകാശഗംഗയുടെ ഭ്രമണവും ഒരേ വശത്തേക്കാണ്. ഈ ദിശയിലുമുണ്ട് ആകാശഗംഗയിൽനിന്നുള്ള ഊർജ്ജപ്രവാഹം. മൂന്നും ഒരേദിശയിൽ. ശരിയല്ലേ?”
“മിടുമിടുക്കൻ! ആകാശഗംഗയിൽനിന്നു പുറത്തേക്കു പ്രവഹിക്കുന്ന ഊർജ്ജതരംഗങ്ങളെ ആകാശഗംഗയുടെ സഞ്ചാരം ബാധിക്കും. അതാണു വിഷയം.”
“അതെങ്ങനെ?”
“ഊർജ്ജം പുറപ്പെടുവിക്കുന്ന ആകാശഗംഗതന്നെ ഊർജ്ജത്തിന്റെ ദിശയിൽ സഞ്ചരിക്കുന്നത് ഒന്നു സങ്കല്പിച്ചേ?”
അവൻ സങ്കല്പിക്കാൻ ശ്രമിച്ചു. “ങൂംം…?” മനസിലാകാത്ത മട്ടിൽ പൂവ് തലയാട്ടി.
അതു കണ്ട് ടീച്ചർ ഒരു ഉദാഹരണം പറഞ്ഞു: “പൂവേ, നീ മുന്നോട്ട് ഊതിക്കൊണ്ട് മുന്നോട്ട് ഓടിയാൽ എന്താ ഉണ്ടാകുക?”
അപ്പോൾ പൂവിനു സംഗതിയുടെ ഗുട്ടൻസ് പിടികിട്ടി. അവൻ ചിരിച്ചു. “ങും ങും ങും… ഇപ്പം പിടികിട്ടി. ഊർജ്ജപ്രവാഹത്തിന്റെ ശക്തി കുറയും.”
ഷംസിയട്ടീച്ചർ തുടർന്നു: “അതെ. പുറത്തേക്കുള്ള ഊർജ്ജപ്രവാഹം ഇങ്ങനെ ദുർബ്ബലമാകുമ്പോൾ, ഗാലക്സിക്കു പുറത്തുനിന്നുള്ള കോസ്മിക് റേഡിയേഷനുകൾ കൂടുതലായി ആ മേഖലയിലേക്കു കടന്നുവരും.”
“ഓ! അപ്പോൾ ആ ഭാഗത്തുള്ള സൗരയൂഥത്തെ അതു ബാധിക്കും, അല്ലേ ടീച്ചർ?”
“കറക്റ്റ്! ആ ഭാഗത്തേക്കു നമ്മുടെ സൗരയൂഥം കൂടുതൽ കടന്നെത്തുമ്പോൾ പുറത്തുനിന്നുള്ള ആ കോസ്മിക് രശ്മികളുടെ ആഘാതം ഭൂമിക്കും സൗരയൂഥത്തിനും ഏല്ക്കും. ഇങ്ങനെ പലതും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നുണ്ട്. ഹൈഡ്രജൻമേഘത്തിൽ പെടുമ്പോൾ ചൂട് കുറയുക, കോസ്മിക് വികിരണങ്ങൾ ഏല്ക്കുമ്പോൾ ചൂടു കൂടുക, അന്തരീക്ഷത്തിൻ്റെ ഉപരിതലത്തിലുള്ള ഓസോൺ പാളികൾ നശിച്ച് വികിരണങ്ങൾ കൂടുതൽ ഏല്ക്കുക എന്നിങ്ങനെ പലതും സംഭവിക്കാമത്രേ.”
“ഒരു ഗാലക്സി വന്ന് ഇടിച്ചതിന്റെ പ്രശ്നങ്ങളേ…!” പൂവു ചിന്താധീനനായി. അവൻ ഇടയ്ക്കിടെ അങ്ങെനെയാണല്ലോ. തത്വചിന്ത വരും.
“ഗാലക്സി ഇടിച്ചതുകൊണ്ടു മാത്രമല്ലല്ലോ. ആകാശഗംഗയുടെ സഞ്ചാരംകൊണ്ടുകൂടിയല്ലേ. പിന്നെ, ഒരു ഗാലക്സി ഇടിച്ചാൽ ഇതു മാത്രമൊന്നുമല്ല സംഭവിക്കുക. പലതും സംഭവിക്കും. ഉദാഹരണത്തിന് ഒരു ചെറിയ കാര്യം പറയാം. ഈ സജിറ്റേരിയസ് ഡ്വാർഫിന്റെ ആദ്യത്തെ ഇടിയുടെ ഫലമയാണത്രേ നമ്മുടെ സൂര്യൻ ഉണ്ടായതുതന്നെ.”
“ങേ!” പൂവിന്റെ കണ്ണിൽ വീണ്ടും കൗതുകം പൂത്തിരി കത്തി. “അതെന്താ ടീച്ചറേ കഥ?”
“ഗാലക്സികളിൽ എപ്പോഴും നക്ഷത്രങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നു പൂവിന് അറിയാമല്ലോ, അല്ലേ?”
“അറിയാം. നക്ഷത്രങ്ങൾ നശിക്കുന്നുണ്ടെന്നും അറിയാം.”
“ങാ. ഗാലക്സികളുടെ ഓരോ കൂടിക്കലരലിലും നമ്മുടെ ഗാലക്സിയിൽ നക്ഷത്രങ്ങളുടെ പിറവിയിൽ വൻ വർദ്ധന ഉണ്ടായിട്ടുണ്ടത്രേ. 500 – 600 കോടി കൊല്ലം മുമ്പും 200 കോടി കൊല്ലം മുമ്പും 100 കോടി കൊല്ലം മുമ്പുമാണ് ഈ ഇടികൾ നടന്നതെന്നാണു കണക്കാക്കുന്നത്. ഇതിൽ ആദ്യത്തെ ഇടിയുടെ ഫലമായി കൂറ്റൻ വാതകപാളികൾ കൂടിക്കലർന്നപ്പോൾ അതിൽ നക്ഷത്രങ്ങളുടെ കൂട്ടപ്പിറവിതന്നെ ഉണ്ടായി. അക്കൂട്ടത്തിലാകണം സൂര്യന്റെ ജനനം എന്നാണ് ഈ അടുത്തകാലത്തെ ഒരു പഠനത്തിൽ പറയുന്നത്.”
പൂവ് വീണ്ടും ചിന്താധീനനായി. ഏറെനേരത്തിനു ശേഷമാണ് അവൻ അതിൽനിന്ന് ഉണർന്നത്. അപ്പോഴത്തെ അവന്റെ പ്രശ്നം ശരിക്കും ടീച്ചറെ വെള്ളത്തിലാക്കുന്നത് ആയിരുന്നു: “അപ്പഴേ ടീച്ചറേ, ഒടുവിൽപ്പറഞ്ഞ ചാഞ്ചാട്ടവും ചേർത്ത് ഈ ഭൂമിയുടെ പുറത്തിരിക്കുന്ന നമ്മളുടെ ആകെ ചലനങ്ങൾ എങ്ങനെ ആയിരിക്കും? ഇതെല്ലാം ചേർന്ന ഒറ്റ ചലനമായിരിക്കുമോ നമുക്കുള്ളത്?”
“അയ്യോ!” ടീച്ചറാണ് ഇക്കുറി വാ പൊളിച്ചുപോയത്. ടീച്ചർ പറഞ്ഞു: “അതു പറഞ്ഞുതരാൻ എനിക്കും ആവില്ല. നീ നല്ലൊരു ജ്യോതിശാസ്ത്രജ്ഞൻ ആയിട്ട് അതു തനിയെ മനസിലാക്കാൻ ശ്രമിക്കൂ!”
“അതെ ടീച്ചറെ. എനിക്കു ശരിക്കും ഒരു ജ്യോതിശാസ്ത്രജ്ഞൻ ആകണം. അതിന് എന്താ വേണ്ടത്?”
“എന്റെയും വലിയ ആഗ്രഹം ആയിരുന്നെടാ, ജ്യോതിശാസ്ത്രജ്ഞ ആകണം എന്ന്. എനിക്കതു പറ്റിയില്ല. എന്റെ നാട്ടിൽ അതിനുവേണ്ട കാര്യങ്ങൾ പറഞ്ഞുതരാനൊന്നും ആരും അന്ന് ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ കാലം മാറിയില്ലേ. പഠിക്കാനും അറിയാനും ശാസ്ത്രജ്ഞർ ആകാനും ഒക്കെ ഇപ്പോൾ ഒരുപാട് അവസരങ്ങളാണ്. തീർച്ചയായും നിനക്കു പറ്റും.”
ടീച്ചർക്കു ശാസ്ത്രജ്ഞ ആകാൻ പറ്റാതെപോയത് പൂവിനെ സങ്കടപ്പെടുത്തി. എങ്കിലും, കാലം മാറിയതും കൂടുതൽ അവസരങ്ങൾ ഉണ്ടായിവരുന്നതും പൂവിനു സന്തോഷം പകർന്നു. അവൻ സ്നേഹത്തോടെ ടീച്ചറെ നോക്കി ഇരുന്നു. അവന്റെ കൗതുകക്കണ്ണുകളിലേക്കു നോക്കി ശാസ്ത്രജ്ഞനാകാനുള്ള വഴി ടീച്ചർ അവനു പറഞ്ഞുകൊടുത്തു: “ചുറ്റുപാടുകളെ കണ്ണുതുറന്നു നിരീക്ഷിക്കുക. അവയെയൊക്കെപ്പറ്റി ചിന്തിക്കുക. മനസിലാക്കാൻ ശ്രമിക്കുക. ഓരോന്നിനെപ്പറ്റിയും ധാരാളം ചോദ്യങ്ങൾ ചോദിക്കുക. അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. നന്നായി പഠിക്കുക; വായിക്കുക. പഠനത്തിന്റെ വഴി ലക്ഷ്യബോധത്തോടെ തെരഞ്ഞെടുക്കുക. ആഗ്രഹം ഇപ്പഴേ മനസിലുറപ്പിച്ച് അതിനായി പരിശ്രമിച്ചാൽ തീർച്ചയായും ശാസ്ത്രജ്ഞൻ ആകാം.”
പൂവ് ശാസ്ത്രജ്ഞൻ ആകുന്നതു ഭാവനയിൽ കണ്ടു. ആ കുഞ്ഞുചുണ്ടിൽ പുഞ്ചിരി വിടർന്നു. “ടീച്ചറാണ് എന്റെ ഉറപ്പ്. ടീച്ചർ എന്നെ സഹായിക്കില്ലെ?”
ടീച്ചർ അവനെ കെട്ടിപ്പിടിച്ചു ശിരസിലും നെറ്റിയിലും തെരുതെരെ ചുംബിച്ചു. ഇരുവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
[അവസാനിച്ചു]
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


