
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ആകാശഗംഗയിൽ ഭ്രമണം ചെയ്യുന്ന സൗരയൂഥം അതോടൊപ്പം നടത്തുന്ന ചാഞ്ചാട്ടമായിരുന്നു പൂവിന്റെ മനസിൽ. സങ്കല്പലോകത്തുനിന്നു നിലത്തിറങ്ങിയ പൂവ് ചോദിച്ചു. “ടീച്ചറേ, നമ്മുടെ സൗരയൂഥത്തിന്റെ തലയ്ക്കു വല്ല കുഴപ്പോം ഉണ്ടോ? അതിനു ഗാലക്സിയിൽ മര്യാദയ്ക്കു ചുറ്റിക്കറങ്ങിയാൽപ്പോരെ, മറ്റു നക്ഷത്രങ്ങളെപ്പോലെ?”
“സൗരയൂഥത്തിനു തലയോ! പ്രപഞ്ചത്തിനു തലച്ചോറും ബുദ്ധിയും വികാരവും ഒന്നും ഇല്ലെന്നു നേരത്തേ പറഞ്ഞതല്ലേ? ഇതൊന്നും മനഃപൂർവ്വമോ ആലോചിച്ചുറച്ചോ ചെയ്യുന്നതല്ലല്ലോ. പിന്നെ, ഈ ചാടിക്കളി സൗരയൂഥത്തിനു മാത്രം ഉള്ളതല്ല. മിൽക്കി വേ ഗാലക്സിയിലെ മറ്റ് അനവധി നക്ഷത്രങ്ങൾക്കും നക്ഷത്രയൂഥങ്ങൾക്കും ഒക്കെ ഉള്ളതാണ്. പൂവിനു മനസിലാക്കാനുള്ള എളുപ്പത്തിന് ആദ്യം സൗരയൂഥത്തിന്റെ കാര്യം പറഞ്ഞെന്നേ ഉള്ളൂ.”
“ഓഹോ. അപ്പോൾ, നക്ഷത്രങ്ങളുടെയെല്ലാം ചാഞ്ചാട്ടം ഒരേ കണക്കിൽ ആണോ?”
“അല്ല. ഗാലക്സിയുടെ കേന്ദ്രത്തോട് അടുത്തുള്ള നക്ഷത്രങ്ങൾക്കു ചാഞ്ചാട്ടമൊന്നും ഇല്ല. അവിടത്തെ അതിശക്തിയുള്ള ബ്ലായ്ക്ക് ഹോളിന്റെയും കേന്ദ്രഭാഗത്തെ വമ്പിച്ച മാസിന്റെയും ആകർഷണത്തിൽപ്പെട്ട് അച്ചടക്കത്തോടെ ചുറ്റുകയാണ് അവ. അവിടെയുള്ളത് മറ്റു ചില അവ്യവസ്ഥകളാണ്.”
“അപ്പോൾ ഗാലക്സിയുടെ പുറംഭാഗങ്ങളിൽ ഒക്കെയാണ് ഇത്തരം ചാഞ്ചാട്ടം?”
“അതെ. കേന്ദ്രത്തിലുള്ള ആകർഷണം അകലേക്കു പോകുന്തോറും കുറയുമല്ലോ. മാത്രവുമല്ല, അതതുഭാഗത്തുള്ള മറ്റു ഗോളങ്ങളുടെയും ഗോളമല്ലാതെ പരന്നുകിടക്കുന്ന ദ്രവ്യത്തിന്റെയും ഒക്കെ സ്വാധീനവും അവയുടെ ചലനത്തെ ബാധിക്കും. ഇക്കാര്യം ഞാൻ പറഞ്ഞത് പൂവിന് ഓർമ്മയില്ലേ?”
“ങും.” ഉവ്വെന്നു പൂവ് തലയാട്ടി.
“അങ്ങനെയുള്ള ഭാഗങ്ങളിലാണ് ചാഞ്ചാട്ടമൊക്കെ. ഓരോ ഭാഗത്തും ഈ സാഹചര്യങ്ങൾ പല തരത്തിൽ ആയതിനാൽ അവിടങ്ങളിലെ നക്ഷത്രങ്ങളുടെയും യൂഥങ്ങളുടെയും ചാഞ്ചാട്ടങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. എന്തിന്, മറ്റു ഗാലക്സികളുടെ വരെ സ്വാധീനത ഓരോ ഗാലക്സിയുടെയും പലഭാഗങ്ങളിൽ ഉണ്ടാകാമെന്നു നാം കണ്ടില്ലെ?”
“മറ്റു ഗാലക്സികളും ഈ ചാടിക്കളിക്കു കാരണമാണെന്നോ?”
“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ. അവയുടെ സ്വാധീനതവരെ ഗാലക്സിയിൽ ഉണ്ടാകുമെന്നല്ലേ പറഞ്ഞുള്ളൂ. ഏതായാലും ഒരു ഗാലക്സിയെ ശാസ്ത്രജ്ഞർ ഈ കേസിൽ പ്രതി ആക്കിയിട്ടുണ്ട്.”
“അത് ഏതു ഗാലക്സി?”
“നമ്മുടെ ആകാശഗംഗാഗാലക്സിയുടെ ഡിസ്കിലൂടെ ഇടിച്ചുകയറിപ്പോയ സജിറ്റേരിയസ് ഡ്വാർഫ് എന്ന ഗാലക്സിയെപ്പറ്റി ഞാൻ പറഞ്ഞിരുന്നോ?”
“ങും….” ഉറപ്പില്ലാത്തതുപോലെ, ഓർത്തുനോക്കി പൂവ് ഇരുന്നു.
ഷംസിയട്ടീച്ചർ തുടർന്നു: “ഇല്ലെങ്കിൽ ഇപ്പോൾ പറയാം. സജിറ്റേരിയസ് ഡ്വാർഫ് എന്നു പേരുള്ള രണ്ടു ഗാലക്സികൾ ഉണ്ട്. ഒന്ന് ഗോളാകൃതിയിൽ ഉള്ളത്. ഇംഗ്ലിഷിൽ സ്ഫിറോയിഡൽ എന്നു പറയും. മറ്റൊന്ന് പ്രത്യേക ആകൃതി ഇല്ലാത്തതും – ഇറെഗുലർ. ഇവയെ ആകൃതി ചേർത്താണു വിളിക്കാറ്. ഇതിൽ സജിറ്റേരിയസ് ഡ്വാർഫ് സ്ഫിറോയിഡൽ ഗാലക്സിയാണു നമ്മുടെ കഥാപാത്രം.”
“അതാണോ ഗാലക്സിയിലൂടെ ഇടിച്ചുകയറിയത്?”
“അതെ. ആകാശഗംഗയെ ചുറ്റുന്ന ഈ ഗാലക്സി അതിനെ മൂന്നു തവണയെങ്കിലും ഇങ്ങനെ ഇടിച്ചിട്ടുണ്ട്. ഈ ഇടിയുടെ ആഘാതമാണ് ആകാശഗംഗയിലെ നക്ഷത്രങ്ങളുടെ തരംഗചലനത്തിനു കാരണമെന്നാണ് പുതിയ കണ്ടെത്തൽ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശടെലസ്കോപ്പായ ഗായ (Gaia) നടത്തിയ നിരീക്ഷണമാണ് ഈ നിഗമനത്തിനു വഴിതെളിച്ചത്. ഗായ നമ്മുടെ ഗാലക്സിയിലെ കൂടുതൽ ഭാഗത്തെ നക്ഷത്രങ്ങളുടെ ചലനം കണ്ടെത്തി. മറ്റു ടെലിസ്കോപ്പുകൾ തരുന്നതിനെക്കാൾ കൂടുതൽ കൃത്യമായ ചലനങ്ങളാണ് ഗായ കാട്ടിത്തന്നത്. ഈ ചലനങ്ങളിൽ കണ്ട പൊതുവായ സ്വഭാവങ്ങളാണ് പുതിയ നിഗമനത്തിലേക്കു ശാസ്ത്രജ്ഞരെ നയിച്ചത്. കല്ലു വെള്ളത്തിൽ ഇട്ടാൽ ഉണ്ടാകുന്ന ഓളങ്ങൾക്കു സമാനമാണ് നക്ഷത്രങ്ങളുടെ ഈ തരംഗചലനം എന്നാണ് അവർ പറയുന്നത്.”
സജിറ്റേറിയസ് ഡ്വാർഫ് ഗാലക്സി ആകാശഗംഗ ഗാലക്സിയുമായി ചേർന്നതിൻ്റെ ആവിഷ്കാരം. 500 കോടി കൊല്ലംകൊണ്ടു സംഭവിച്ച കാര്യങ്ങൾ അതിവേഗത്തിലാക്കി ഏതാനും സെക്കൻഡിൽ ഒതുക്കി കാണിച്ചിരിക്കുകയാണ്. ഈ കൂടിച്ചേരലാണ് സൂര്യൻ്റെയും സൗരയൂഥത്തിൻ്റെയും പിറവിക്കു കാരണമെന്നും ഒരു സിദ്ധാന്തമുണ്ട്.
ആ ഗാലക്സി വന്ന് നമ്മുടെ ഗാലക്സിയിൽ ഇടിച്ചുകയറി മറുവശത്തേക്കു കടന്നുപോകുന്നതും അപ്പോൾ ഉണ്ടാകുന്ന ആകർഷണവ്യത്യാസങ്ങളിൽ നക്ഷത്രങ്ങൾ മെല്ലെ ചുവടുവയ്ക്കുന്നതും പൂവ് ഭാവനചെയ്തു. എന്തോ പന്തികേടു തോന്നിയതിനാൽ അവൻ ചോദിച്ചു: “അപ്പോൾ… കേന്ദ്രത്തിൽനിന്ന് കുറേ മാറിയുള്ള നക്ഷത്രങ്ങൾക്കൊക്കെ തരംഗചലനങ്ങൾ ആകുമ്പോൾ… ഗാലക്സി മൊത്തത്തിൽ ചലിക്കുന്നത്… അത് എങ്ങനെ സങ്കല്പിക്കാൻ പറ്റും…?” പൂവിനു സങ്കല്പിക്കൽ വഴിമുട്ടി.
ടീച്ചർ ലളിതമായി ഇങ്ങനെ പറഞ്ഞുകൊടുത്തു: “കേന്ദ്രത്തിൽനിന്ന് പല അകലങ്ങളിൽ പല നിരകളുള്ള ഒരു പടുകൂറ്റൻ മെറി ഗോ റൗൺഡ് സങ്കല്പിക്കൂ. അതിൽ ഓരോ ഇരിപ്പിടത്തിലും പൂവും സ്കൂളിലെ മുഴുവൻ കൂട്ടുകാരും ഇരിക്കുന്നു എന്നു കരുതൂ. അതു മൊത്തത്തിൽ കറങ്ങുന്നത് ഒന്നു മനസിൽ കണ്ടുനോക്കൂ!”
പൂവ് അതു മനസിൽ കണ്ടു. ചിലർ മേലോട്ടു പോകുമ്പോൾ ചിലർ കീഴോട്ട്. അതുതന്നെയും പല അളവിലും വേഗത്തിലും. വലത്തും ഇടത്തും മുമ്പിലും പുറകിലും അവയ്ക്കിടയിലും ഒക്കെയുള്ള കൂട്ടുകാർ പലതരത്തിൽ പായുന്നു. പലരും ഇരിപ്പിടങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നു. പലരും ഭയന്നു നിലവിളിക്കുന്നു. നിർത്താനാവുന്നില്ല. നിയന്ത്രിക്കാൻ ആരുമില്ല. കൂട്ടത്തിൽ പൂവും. അവനുമാത്രം അറിയാം ഇതിന്റെയെല്ലാം പൊരുൾ. പേടിക്കാൻ ഒന്നുമില്ലെന്ന് അവനറിയാം. അവനു ചിരി വന്നു. ചിരി അടക്കാൻ കഴിയുന്നില്ല. അവൻ ഉറക്കെയുറക്കെ ചിരിച്ചു.

നമ്മുടെ ഗാലക്സിയുടെ പുറംഭാഗത്തോടടുത്ത മേഖലയിലെ നക്ഷത്രങ്ങളുടെയും നക്ഷത്രസമൂഹങ്ങളുടെയും തരംഗചലനം സംബന്ധിച്ച വീഡിയോ. ദശലക്ഷക്കണക്കിനു വർഷങ്ങൾ ഏതാനും സെക്കൻഡിൽ ഒതുക്കി കാണിക്കുന്നതാണ് ഇത്തരം പല വീഡിയോകളുമെന്ന് ഓർക്കുക.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


