
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ഭൂമിയുടെ ചലനത്തിലെ സവിശേഷതകളും മിലങ്കോവിച്ച് സൈക്കിളുകളും അവ കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ഹിമയുഗങ്ങളും ആഗോളതാപനവും മഞ്ഞുപാളികളുടെ ഉരുകലും ഒക്കെ പൂവിന്റെ ചിന്തകളിൽ വിഷാദം കലർത്തി. അവന്റെ ഭാവങ്ങൾ നോക്കിയിരുന്ന ഷംസിയട്ടീച്ചർ വാത്സല്യത്തോടെ പറഞ്ഞു, “പൂവിന്റെ നല്ല മൂഡ് ഞാൻ കളഞ്ഞു, അല്ലെ?”
“ഇല്ല ടീച്ചർ” അവൻ പെട്ടെന്ന് സങ്കടഭാവം മാറ്റി പഴയ പൂവായി; വിടർന്ന പൂവ്. “ഞാൻ ഓകെ.” അവൻ ഉഷാറായി. “പോരട്ടെ, പോരട്ടെ, ഇനിയുമുണ്ടെന്നു പറഞ്ഞ ചാടിക്കളികൾ.”
“ഇതുവരെ പറഞ്ഞത് ഭൂമിയുടെയും സൂര്യന്റെയും ഗ്രഹങ്ങളുടെയും ഒക്കെ ചാടിക്കളികളല്ലേ. പിന്നെയും നീ ചാടിക്കളികൾ ചോദിച്ച സ്ഥിതിക്ക് സൗരയൂഥം ഒന്നായി നടത്തുന്ന ഒരു ചാടിക്കളിയുടെ കാര്യം പറയാം.”
“ങേ! ശരിക്കും ചാടിക്കളിയോ!” അവനു വിശ്വാസമായില്ല. “അതും സൗരയൂഥം ഒന്നാകെ?”
“അതേന്നേ. സൗരയൂഥം ആകാശഗംഗ എന്ന നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തെ ചുറ്റുകയാണെന്നു നേരത്തേ പറഞ്ഞില്ലേ? മറ്റു നക്ഷത്രങ്ങൾ ഉൾപ്പെടെ ചുറ്റുമുള്ള ദ്രവ്യം കാരണം അതിന്റെ വേഗവും ദിശയുമൊക്കെ മാറുന്നുണ്ടെന്നും പറഞ്ഞു. ഇതൊക്കെ കൂടാതെയാണ് ഒരു ചാടിക്കളി.”
“ചാടിക്കളി എന്നൊക്കെ പറയുമ്പോൾ… എങ്ങോട്ടാണീ ചാട്ടം?”
“പറയാമെടാ. നീയൊന്ന് അടങ്ങ്. നക്ഷത്രങ്ങൾ ഏതാണ്ട് എല്ലാംതന്നെ പൊതുവിൽ ഗാലക്സിയുടെ ഡിസ്കിൽ ആണ് ഉള്ളത്. നമ്മുടെ സൗരയൂഥം ഇപ്പോൾ ആ ഡിസ്കിന്റെ തലത്തിനു കുറേ പുറത്താണ്.”

“ങേ! പുറത്തോ!?” പൂവിന്റെ കണ്ണു പിന്നെയും തള്ളി. വായ പിളർന്നു. അവൻ ടീച്ചറിന്റെ മുഖത്തു തുറിച്ചുനോക്കി ഇരുന്നു.
“ഹഹഹഹ..!” ടീച്ചർ അതു കണ്ട് ഉറക്കെ ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ അവന്റെ കവിളിൽ മെല്ലെ തട്ടി അവനെ ഉണർത്തി. “അതേടാ പൂവേ!”
“…പുറത്തെന്നു പറഞ്ഞാൽ… ഒരുപാടു ദൂരെയാ?”
“ഏകദേശം 55 പ്രകാശവർഷം അകലെ.”
“എപ്പഴും അങ്ങനെ ആണോ? അതോ ചാടിക്കളി കാരണം അകന്നുപോയതാണോ?”
“ചാടിക്കളികൊണ്ട് അകന്നതാ.”
“അയ്യോ!” പൂവിന്റെ മുഖത്തു പിന്നെയും പരിഭ്രാന്തി. “അപ്പോൾ… ആകാശഗംഗയിൽനിന്ന് നമ്മൾ വിട്ടുപോകുമോ?”
“അതൊന്നുമില്ല. നീ ഇങ്ങനെ പേടിക്കാതെ. ഇനി അതല്ല, വിട്ടുപോകുകയാണെങ്കിൽത്തന്നെ നീ പേടിച്ചിട്ട് എന്തു പ്രയോജനം?” അവന്റെ നിഷ്ക്കളങ്കമായ പ്രപഞ്ചസ്നേഹത്തെ സ്നേഹത്തോടെ കളിയാക്കി ടീച്ചർ കാര്യം വിശദീകരിച്ചു. “നമ്മുടെ ഗ്യലാക്റ്റിക് ഡിസ്കിന്റെ കനം ഏകദേശം ആയിരം പ്രകാശവർഷമാണ്. അൻപതു പ്രകാശവർഷമൊക്കെ അതിനുമുന്നിൽ എന്ത്! പിന്നെ, ഡിസ്കിൽനിന്ന് അകന്നു എന്നല്ല ഞാൻ പറഞ്ഞത്, ഡിസ്കിന്റെ തലത്തിൽനിന്ന് അകന്നു എന്നാണ്. അങ്ങനെ മാറിപ്പോയാലും ഡിസ്കിനു പുറത്തൊന്നും പോകുന്നില്ല. തലത്തിന് ഇരു വശത്തേക്കും 500 പ്രകാശവർഷംവീതം കനത്തിൽ ഡിസ്ക് ഉണ്ടല്ലോ. എന്നു മാത്രമല്ല, സൗരയൂഥം ഗലാക്റ്റിക് തലത്തിൽനിന്ന് അങ്ങനെ കുറച്ചു പുറത്തേക്കു പോയിട്ട് തിരികെ വരുകയും ചെയ്യും.” പൂവിന്റെ മുഖത്ത് ആശ്വാസത്തിന്റെ നിലാവു പരന്നു.
“തിരികെ വന്ന് ഡിസ്കിന്റെ തലത്തിൽ തുടരുമോ?”
“ഇല്ല. തിരികെ വരുന്ന ആയത്തിൽ മറുവശത്തേക്കു പോകും. ആ പുറത്തേക്കും ഇങ്ങനെ കുറെ അകന്നുപോയിട്ട് പിന്നെയും തിരികെ ഇപ്പോഴുള്ള വശത്തേക്കു വരും.”
“വെള്ളത്തിലെ ഓളം പോലെ?”
അതെ എന്നു ടീച്ചർ തലയാട്ടി. കുറച്ചുകൂടി വ്യക്തമാകുന്ന ഉപമ ടീച്ചർ പറഞ്ഞു: “മെറി ഗോ റൗൺഡിൽ ഇരിക്കുമ്പോൾ പൂവ് പൊങ്ങിയും താണും നീങ്ങില്ലേ, അതുപോലെ.”
അപ്പോൾ പൂവിന് അടുത്ത സംശയം വന്നു. “അങ്ങനെ രണ്ടു വശത്തോട്ടും എത്ര ദൂരം വരെ പോകും?”
“ഏകദേശം 270 – 300 പ്രകാശവർഷം അകലെവരെ പോകും. എന്നിട്ടു മെല്ലെ മടങ്ങും. ഇതൊന്നും കിറുകൃത്യം കണക്കല്ല. ശാസ്ത്രജ്ഞർ അടുത്തകാലത്തു കണ്ടുപിടിച്ച കാര്യങ്ങളല്ലേ ഇതെല്ലാം. ഇതൊക്കെ കൃത്യമായി കണക്കാക്കിവരുന്നതേയുള്ളൂ. ഇപ്പോഴത്തെ വിവരംവച്ചു കണക്കാക്കിയാലും പിന്നീടു കണ്ടുപിടിക്കുന്ന മറ്റു ഘടകങ്ങൾക്കനുസരിച്ച് ആ കണക്കൊക്കെ മാറിക്കൊണ്ടും ഇരിക്കും.”
“ങും. ഇത്തരം ഒരു ചാഞ്ചാട്ടത്തിന് എത്രകാലം എടുക്കും?”
“ആറുകോടി 40 ലക്ഷം കൊല്ലം എന്നാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.”
തെല്ലിട ആലോചിച്ചിട്ട് എന്തിനോ തയ്യാറെടുത്തപോലെ പൂവ് ചോദിച്ചു: “അങ്ങനെയെങ്കിൽ, ഇപ്പോൾ നമ്മൾ ഡിസ്കിന്റെ മുകളിലോ താഴെയോ?”
“നിന്റെ ഒരു മുകളും താഴെയും!” ടീച്ചർക്കു ശൂണ്ഠി വന്നു.
“ഓ! സോറി ടീച്ചറേ! പ്രപഞ്ചത്തിനു മുകളും താഴെയും ഒന്നും ഇല്ലെന്നകാര്യം പെട്ടെന്നങ്ങു മറന്നു.” പക്ഷേ, തോറ്റുകൊടുക്കാൻ മനസില്ലാത്ത അവൻ അതിനും ന്യായം പറഞ്ഞു: “പടത്തിലെല്ലാം ഗാലക്സിയുടെ ഡിസ്ക് ഇങ്ങനെ തെക്കുവടക്കായല്ലേ കാണുന്നത്.” ഭൂമിക്കു സമാന്തരമായി കൈകൊണ്ടു രേഖ വരച്ച് അവൻ വിശദീകരിച്ചു. “അതുകൊണ്ട്… പെട്ടെന്ന്… ചോദിച്ചുപോയതാ.”
ടീച്ചറും വിട്ടുകൊടുക്കാൻ ഭാവമില്ല. “തെക്കുവടക്കോ? നീ ആ പടം കിഴക്കുപടിഞ്ഞാറു പിടിച്ചാലോ?” പൂവിന് അതിന്റെയും അബദ്ധം പിടികിട്ടി. മുഖത്ത് ചമ്മൽ അല്പംകൂടി പരന്നു. ടീച്ചർ അവനെ ചേർത്തിരുത്തി ആ ക്ഷീണം മാറ്റി. “പുവേ, ഭൂമിയുടെ ആയാലും സ്പേസിന്റെ ആയാലും മാപ്പുകളിൽ മുകൾഭാഗം വടക്ക് എന്നാണു നാം നിശ്ചയിച്ചിട്ടുള്ളത്. പ്രപഞ്ചത്തിലെ കാര്യങ്ങളിൽ എപ്പോഴെങ്കിലും ദിക്കു പറയുകയാണെങ്കിൽ അതു ഭൂമിയിലെ ദിക്കുമായി ബന്ധപ്പെടുത്തി ആയിരിക്കും.”

“അപ്പോൾ സൗരയൂഥത്തിന്റെ ചാടിക്കളി…?”
“മിൽക്കി വേയുടെ ഡിസ്കിന്റെ നമ്മൾ കാണാറുള്ള ചിത്രമല്ലേ പൂവിന്റെ മനസിൽ? അതിന്റെ അടിസ്ഥാനത്തിൽ സങ്കല്പിക്കാനാണെങ്കിൽ, മുകളിൽ എന്നു കരുതിക്കോളൂ.” അവൻ മനസിൽ സൗരയൂഥത്തെ ചാടിക്കളിപ്പിക്കാൻ നോക്കി.
“ടീച്ചറേ, സൂര്യൻ ഇങ്ങനെ ചാടിക്കളിക്കുമ്പോൾ നമ്മുടെ സൗരയൂഥവും കൂടെ ചാടണ്ടേ? ക്യാമറ കൂടെ ചാടട്ടെ എന്ന് ഒരു സിനിമയിൽ പറഞ്ഞതുപോലെ?”
“ചാടാതെ പറ്റില്ലല്ലോ. അത് ഒരു ഒറ്റ വ്യൂഹം അല്ലേ.”
“നമ്മുടെ സൗരയൂഥം ഗാലക്സിയുടെ ഡിസ്കിനു കുത്തനെയാണു നീങ്ങുന്നതെന്നല്ലേ ടീച്ചർ പറഞ്ഞിരുന്നത്?” അവൻ സൗരയൂഥത്തിന്റെ ചാടിക്കളി മനസിൽ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണെന്നു ടീച്ചർക്കു മനസിലായി. അതുകൊണ്ട്, അക്കാര്യം ടീച്ചർ വിശദീകരിച്ചു:
“കുത്തനെ എന്നു പറഞ്ഞെങ്കിലും നേരെ ലംബമായല്ല. സൗരയൂഥത്തിലെ ഗ്രഹങ്ങളും ധൂമകേതുക്കളും എല്ലാം ഏതാണ്ട് ഒരു തലത്തിൽ ആണല്ലോ സൂര്യനെ ചുറ്റുന്നത്. ഈ തലം ഗാലക്സിയുടെ ഡിസ്കിന്റെ തലത്തിൽനിന്ന് ഏകദേശം 60 ഡിഗ്രി ചരിഞ്ഞാണ്. പൂവിന്റെ മുകളും താഴെയും സങ്കല്പപ്രകാരം മുകളിലേക്ക് ചരിഞ്ഞ്. ഇനി സങ്കല്പിച്ചോളൂ…”
പൂവ് കണ്ണടച്ച് സങ്കല്പകുമാരനായി. ടീച്ചർ മെല്ലെ പറഞ്ഞു. “പ്രപഞ്ചത്തിനു മുകളും താഴെയും ഒന്നും ഇല്ലാത്തതുകൊണ്ട്, പൂവിന്റെ മനസിലെ ഇപ്പോഴത്തെ മിൽക്കി വേ മോഡലിനെ കുത്തനെയും തലകീഴ് മറിച്ചും ഒക്കെ സങ്കല്പിച്ചോളൂ.” കണ്ണടച്ചു സങ്കല്പിച്ചുകൊണ്ടുതന്നെ പൂവ് ചിരിച്ചു തലയാട്ടി.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


