Read Time:15 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

പൂവിന്റെ ഉത്ക്കണ്ഠ കണ്ട് ഷംസിയട്ടീച്ചർ ചിരിച്ചുപോയി. “ഉണ്ട് ഉണ്ട്. ആട്ടവും വട്ടം‌ചുറ്റലും അല്ലാതെ ഭൂമിയുടെ ആക്സിസിന് ചില ചാഞ്ചാട്ടങ്ങളും ഉണ്ട്. വടക്കും തെക്കും ആക്സിസിന്റെ അഗ്രങ്ങളായി ഭൂമിയിൽ നാം നിർണ്ണയിച്ചുവച്ചിരിക്കുന്ന ബിന്ദുക്കൾ ഉണ്ടല്ലോ. ധ്രുവബിന്ദുക്കൾ. അവയിൽനിന്നു നാലുഭാഗത്തേക്കും ആക്സിസ് ലേശം മാറിപ്പോകും! മാറുന്ന ആ ആക്സിസ് ആധാരമാക്കിയാകും അപ്പോൾ ഭ്രമണം! അത്തരം ചാഞ്ചാട്ടത്തിലൊന്ന് സമീപകാലത്തും കണ്ടെത്തി.”

“അതുകൊണ്ടു വല്ല കുഴപ്പവും…?”

പൂവിന്റെ ആശങ്ക പിന്നെയും ടീച്ചറെ ചിരിപ്പിച്ചു. “ഇല്ലില്ല, അങ്ങനെ കുഴപ്പമൊന്നും ഇല്ല. നമ്മൾ ഉപയോഗിക്കുന്ന ഗൂഗിൾ മാപ്പിലൊക്കെയുള്ള ജിപി‌എസ് ഇല്ലേ? ഭൂമിയിലെ സ്ഥാനങ്ങൾ നിർണ്ണയിക്കുന്ന ബഹിരാകാശസംവിധാനം. അതിന്റെ സ്ഥാനനിർണ്ണയത്തിൽ നേരിയ വ്യത്യാസം വരും, അത്രേയുള്ളൂ. ആ സംവിധാനം ആ വ്യത്യാസത്തിനനുസരിച്ചു ക്രമപ്പെടുത്തണം. ഭൂമിയെ നിരീക്ഷിക്കുന്ന കൃത്രിമോപഗ്രഹങ്ങളും ഇതു മനസിലാക്കി പ്രവർത്തിക്കണം.”

“ശ്ശൊ! ഈ ശാസ്ത്രജ്ഞർക്ക് എന്തെല്ലാം തലവേദനകളാ! അതിരിക്കട്ടെ, ഈ ചാഞ്ചാട്ടം എപ്പഴാ ടീച്ചറേ തുടങ്ങിയത്?”

“അത് എപ്പോഴും ഉള്ളതാണ്. നൂറിലേറെ കൊല്ലമായി നാം ഇതു മനസിലാക്കിയിട്ട്. നമ്മൾ നിരീക്ഷിച്ചുതുടങ്ങിയശേഷം ഉണ്ടായ ഏറ്റവും വലിയ മാറ്റം 12 മീറ്റർ വരെയാണ്.”

ഭൂമിയുടെ ഭ്രമണത്തിന്റെ കേന്ദ്രമായ ആക്സിസിന്റെ ഉത്തരധ്രുവത്തിന് 1990-നു ശേഷം വന്ന മാറ്റം

“ഇതാണോ അടുത്തിടെ കണ്ടുപിടിച്ചു എന്നു പറഞ്ഞത്?”

“അല്ല. അത് പത്തിരുപതു കൊല്ലം മുമ്പാ. 2000-ത്തിനടുത്ത്. അന്ന് ഭൂമിയുടെ ആക്സിസ് പെട്ടെന്നു കിഴക്കോട്ടു മാറാൻ തുടങ്ങി.”

“പെട്ടെന്ന് അങ്ങനെ മാറിയാൽ ഭൂമി കുലുങ്ങില്ലേ?”

“പെട്ടെന്നു മാറാൻ തുടങ്ങി എന്നു പറഞ്ഞാൽ ഒരു സെക്കൻഡുകൊണ്ടു മാറി എന്നല്ല. മാറ്റം തുടങ്ങിയതു പെട്ടെന്നാണെന്നാണ്. പിന്നീട് മാറ്റത്തിന്റെ വേഗം ഇരട്ടിയായി. ഇപ്പോൾ ആണ്ടിൽ 17 സെന്റീമീറ്റർ‌വീതമാണു മാറുന്നത്.”

ഉത്തരധ്രുവത്തിന്റെ നീക്കം: ചിത്രത്തിൽ ഇളം‌നീല നിറത്തിലുള്ള വര സൂചിപ്പിക്കുന്നതാണ് ഉത്തരധ്രുവത്തിനു വന്നതായി കാണുന്ന മാറ്റത്തിന്റെ ദിശ. ഗ്രീൻ‌ലാൻഡിലെ ഹിമാനികളുടെ നഷ്ടം (നീല കുത്തുകൾ), മഞ്ഞുപാളികൾ പോയപ്പോൾ കര ഉയർന്നത് (മഞ്ഞ കുത്തുകൾ), ഭൂമിയുടെ ഉൾക്കാമ്പ് അഥവാ മാന്റിലിലെ മാറ്റങ്ങൾ (ചുവപ്പ് കുത്തുകൾ) എന്നിവയെല്ലാം ചേർന്ന് ഉണ്ടാകേണ്ടതായി കണക്കാക്കിയ മാറ്റമാണ് പിങ്ക് വര.

“ശെടാ! ഇതെന്താ ഇങ്ങനൊക്കെ സംഭവിക്കുന്നത്!?” എല്ലാം കൃത്യം വ്യവസ്ഥപ്രകാരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പൂവ് മനസിലാക്കിവച്ചിരുന്നത്. അവന് എല്ലാം അങ്ങനെ സ്വഛന്ദം മുന്നോട്ടു പോകണം. അസ്ഥിരതയും അവ്യവസ്ഥയുമൊന്നും അവന് ഇഷ്ടമല്ല. ഒക്കെ കുഴപ്പം ആണെന്നാണ് അവന്റെ തോന്നൽ. അത് ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.

അതു മനസിലാക്കിക്കൊണ്ടുതന്നെ ടീച്ചർ വിശദീകരിച്ചു: “ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. ആഗോളതാപനം‌മൂലം ധ്രുവങ്ങളിലെ മഞ്ഞുപാളികൾ ഉരുകി വെള്ളമാകുന്നകാര്യം പൂവിനറിയാമല്ലോ.”

“അറിയാം. ഗ്രീൻ‌ലാൻഡിലെ വല്യ മഞ്ഞുമലകൾ ഉരുകി അടർന്നുവീഴുന്ന വീഡിയോ കണ്ടിരുന്നു.”

“ങാ, ആയിരക്കണക്കിനു ഗിഗാ ടൺ മഞ്ഞാണ് ഗ്രീൻ‌ലാൻഡിലും മറ്റും ഇങ്ങനെ ഉരുകിക്കഴിഞ്ഞത്.”

“ഗിഗാ ടണ്ണെന്നു പറഞ്ഞാൽ?”

“നൂറുകോടി ടണ്ണാണ് ഒരു ഗിഗാ ടൺ.”

“ഹെന്റമ്മോ! അത്തരം ആയിരക്കണക്കിനു ഗിഗാ ടൺ! അപ്പോൾ…” പൂവ് മഞ്ഞുരുകലിന്റെ ഭയങ്കരത്വം സങ്കല്പിക്കാൻ നോക്കി.

“അതേപൂവേ. നമ്മൾ സങ്കല്പിക്കുന്നതിനൊക്കെ അപ്പുറമാണ് മഞ്ഞുരുകലിന്റെ തോത്. ഉത്തരധ്രുവത്തിലാണ് ഇത് ഏറ്റവുമധികം സംഭവിക്കുന്നത്. അന്റാർട്ടിക്കിലും ഇതുണ്ട്. അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള തെക്കേയമേരിക്കൻ ഭാഗത്ത് ആൻഡീസ് പർവ്വതം നിറയെ മഞ്ഞുപാളികളുണ്ട്. പാറ്റഗോണിയൻ ഗ്ലേസിയറുകൾ എന്നാണിവയ്ക്കു പേര്. ആ മഞ്ഞുപാളികളും ധാരാളമായി ഉരുകുന്നുണ്ട്. കൂറ്റൻ മഞ്ഞുപാളികൾ ഇല്ലാതാകുന്നിടത്ത് ഭൂമിയുടെ മാസു കുറയില്ലേ? ഉരുകിയ മഞ്ഞെല്ലാം വെള്ളമായി ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ വ്യാപിക്കുകയും ചെയ്യും. ഇതു ഭൂമിയിലുടനീളവും മാസിൽ മാറ്റം വരുത്തും. ഒപ്പം വേറൊന്നുകൂടി സംഭവിക്കും. കരയ്ക്കുമീതേയല്ലേ ഈ പടുകൂറ്റൻ മഞ്ഞുപാളികൾ ഇക്കാലമത്രയും ഇരുന്നത്. അവയുടെ ഭാരം‌കൊണ്ട് അവിടെ കര അമങ്ങി താണുപോകില്ലേ. മഞ്ഞുപാളി ഇല്ലാതാകുമ്പഴോ?”

“അമങ്ങിയിരുന്ന കര മെല്ല പൊങ്ങി പഴയപോലാകുമോ?”

“അതെ. ഇപ്പോൾ ആകെ മൂന്നു കാര്യം ആയില്ലേ? ഏതൊക്കെയാ? മഞ്ഞുരുകലും ആ വെള്ളത്തിന്റെ വ്യാപനവും അമർന്നിരുന്ന കര ഉയരുന്നതും. ഇവമൂന്നും ആ ഭാഗങ്ങളിൽ മാസിലും ഭൂമിക്കുള്ളിലെ മർദ്ദത്തിലും വ്യത്യാസമുണ്ടാക്കും.”

“ഓ, ആ വ്യത്യാസമാണോ ധ്രുവത്തെ മാറ്റുന്നത്?”

“ഈ വ്യത്യാസം മാത്രമല്ല. ഈ വ്യത്യാസം ഭൂമിയിൽ മാസിന്റെ അസംതുലനം ഉണ്ടാക്കുകയല്ലേ? അതു സ്വയം ക്രമീകരിക്കാൻ ഭൂമി ശ്രമിക്കും. ഭൂമിക്കുള്ളിലെ ഉരുകിക്കിടക്കുന്ന മാഗ്മ അതിനനുസരിച്ച് ഒഴുകിമാറും. ഈ നാാലു പ്രതിഭാസങ്ങളാണ് ആക്സിസിന്റെ നീക്കത്തിനു കാരണമെന്നാണ് ജർമ്മനിയുടെയും നാസയുടെയും ശാസ്ത്രജ്ഞർ ഉപഗ്രഹവിവരങ്ങൾ പരിശോധിച്ചു കണ്ടെത്തിയത്.”

“മഞ്ഞ് ഉരുകുന്നതും ഉറയുന്നതും ഇങ്ങനെ തുടർന്നാൽ…?”

“തുടർന്നാൽ അതിനനുസരിച്ചു മാറ്റം ഉണ്ടാകും.”

“അയ്യോ”

പൂവിന്റെ പ്രതികരണം കാര്യമാക്കാതെ ടീച്ചർ തുടർന്നു: “ധ്രുവങ്ങളിൽ മാത്രമല്ല, ഇവിടങ്ങളിൽ നടക്കുന്ന ചില മാറ്റങ്ങളും ആക്സിസിന്റെ ഈ ചാഞ്ചാട്ടത്തിനു കാരണമാണ്.”

“ഇവിടങ്ങളിലോ? എന്നുവച്ചാൽ, കേരളത്തിലോ?”

“അല്ലല്ല. നമ്മുടെ ഇൻഡ്യൻ ഉപഭൂഖണ്ഡവും കാസ്പിയൻ കടലും ഒക്കെ ഉൾപ്പെടുന്ന വലിയ ഭൂപ്രദേശത്ത്. യൂറോപ്പിന്റെയും ഏഷ്യയുടെയും ഭാഗങ്ങൾ ചേർന്ന ഈ പ്രദേശത്തിന് യുറേഷ്യ എന്നാണു പറയുക. അവിടെ ഭൂമിക്കടിയിലെ വെള്ളം കുറയുന്നതും ആക്സിസിന്റെ മാറ്റത്തിനു പ്രധാനകാരണം ആണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.”

“ഭൂമിക്കടിയിലെ വെള്ളം അത്രയ്ക്കു കുറയുന്നോ?”

“അതെ. വരൾച്ച ഒരു കാരണമാണ്. ഭൂഗർഭജലം സംഭരിക്കപ്പെട്ടിരിക്കുന്ന മേഖലയ്ക്കുണ്ടാകുന്ന നാശമാണു മറ്റൊരു കാരണം. പല ആവശ്യങ്ങൾക്കായി മനുഷ്യർ കുഴിച്ചെടുക്കുന്ന ഭൂഗർഭജലം എത്രയാണെന്നാ നിന്റെ വിചാരം? ഇതൊക്കെക്കൊണ്ട് ഈ മേഖലകളിൽ ഭൂഗർഭജലത്തിനു കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്.”

“ങും” പൂവ് ഇരുത്തി ഒന്നു മൂളി. “അപ്പോൾ ഭൂഗർഭജലമൊക്കെ സംരക്ഷിക്കേണ്ടത് വളരെ പ്രധാന കാര്യമാണ്!” 

“അതേയതേ. ഇപ്പോൾ പറഞ്ഞത് ഭൂമി ഭ്രമണം ചെയ്യുന്ന ആക്സിസിനു വരുന്ന മാറ്റമാ. ഈ ആക്സിസുകൂടാതെ ഭൂമിക്ക് കാന്തിക‌ആക്സിസും കാന്തികധ്രുവങ്ങളുമുണ്ട്. ഇതുവരെ പറഞ്ഞത് ഭൗമധ്രുവങ്ങളുടെ കാര്യം. ഇനി പറയുന്നത് കാന്തികധ്രുവങ്ങളുടെ കാര്യം. ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഉരുകിയ ഇരുമ്പ് ഭൂമിയുടെ ഭ്രമണം‌മൂലം കറങ്ങുമ്പോൾ ഉണ്ടാകുന്നതാണ് ഭൂമിയുടെ കാന്തമണ്ഡലവും കാന്തികധ്രുവങ്ങളും. ഭൗമധ്രുവങ്ങളും കാന്തികധ്രുവങ്ങളും വടക്കും തെക്കും ഒരേഭാഗങ്ങളിൽ ആയതുകൊണ്ട് രണ്ടും ഒന്നാണെന്നു നമ്മൾ കരുതും. പക്ഷെ, രണ്ടാണ്. ഈ കാന്തികധ്രുവങ്ങൾക്കും മാറ്റം ഉണ്ടാകാറുണ്ട്. ഇതു ഭൂമിയുടെ ചലനത്തെ ബാധിക്കുന്ന കാര്യമല്ല. നിനക്കു ചലനങ്ങളിലാണല്ലോ താത്പര്യം.”

വീണ്ടും ആലോചന. പിന്നാലെ വന്നൂ തത്വചിന്ത: “ചരിയലും ചാഞ്ചാടലും എല്ലാം ഭൂമിയുടെ ചലനങ്ങൾതന്നെ ആണല്ലോ.” അവന്റെ ചിന്തകൾ സഞ്ചരിക്കുന്ന വഴി അറിയാൻ ടീച്ചർ അവനെത്തന്നെ ശ്രദ്ധിച്ച് ഇരുന്നു. ഒരു നിമിഷത്തെ മൗനം കഴിഞ്ഞപ്പോൾ പൂവിലെ ജിജ്ഞാസു പിന്നെയും ഉണർന്നു: “ഭൂമിയുടെ പുറത്തിരുന്നു നാം അറിയാതെ നടത്തുന്ന സഞ്ചാരങ്ങളും ചലനങ്ങളും ഇനിയുമുണ്ടോ ടീച്ചർ”

“ഉണ്ട്, ഉണ്ട്, ഇനിയുമുണ്ട്. ഇതിലും കൗതുകമുള്ള ചലനങ്ങൾ.”

“ഗാലക്സികൾ കൂട്ടിയിടിക്കാൻ പോകുന്ന കാര്യമൊക്കെ പറഞ്ഞല്ലോ. അങ്ങനെയൊക്കെ ഉള്ളതാണോ?” 

“സിനിമാ കണ്ടുകണ്ട് പൂവിനു കമ്പം സ്റ്റണ്ടിലും കൂട്ടിയിടിയിലും ഒക്കെയാ, അല്ലേ?” 

“അയ്യോ, അല്ല. അങ്ങനെയൊക്കെ ഉണ്ടാകുന്നതല്ലേ നമുക്ക് അപകടം ചെയ്യുന്നത്. അതുകൊണ്ടു ചോദിച്ചതാ.” 

“ഹഹഹ! അതൊക്കെ എത്രായിരംലക്ഷം കൊല്ലം കഴിഞ്ഞ് ഉണ്ടാകാവുന്ന കാര്യങ്ങളാ. നമ്മളെ അതിനെക്കാളൊക്കെ വേഗം ബാധിക്കാൻപോകുന്ന, പോകുന്ന അല്ല, ഇപ്പോൾത്തന്നെ ബാധിച്ചുതുടങ്ങിയിരിക്കുന്ന, അപകടമുണ്ടല്ലോ. ഇപ്പോൾ പറഞ്ഞ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ. ആഗോളതാപനം. അതു നമ്മൾതന്നെ ഉണ്ടാക്കുന്നതാ.” 

“ങും. നേരാ.” മറ്റു ജീവജാലങ്ങളുടെകൂടി നാശത്തിനു കാരണമാകുന്ന മനുഷ്യരുടെ വകതിരിവില്ലാത്ത പ്രവൃത്തികളെപ്പറ്റി സബിതട്ടീച്ചർ ക്ലാസിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തു പൂവ് നെടുവീർപ്പിട്ടു.

ഉത്തരധ്രുവത്തിൽ മഞ്ഞുമലകൾ ഉരുകുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്ത.

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

 ഇതുവരെ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും
Next post കുറുനരി മോഷ്ടിക്കരുത് !! – Kerala Science Slam
Close