
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“ആകും.” ഉത്തരധ്രുവത്തിൽ ഭൂമിയുടെ ആക്സിസിനുനേരെ നക്ഷത്രം ഇല്ലാതാകും എന്ന ഷംസിയട്ടീച്ചറുടെ മറുപടി കേട്ട് പൂവിനു സങ്കടമായി. പാവം ധ്രുവൻ! നല്ലൊരു കഥ. അതിന് ഈ ഗതി വന്നല്ലോ!… ഞൊടിയിടയിൽ പൂവ് എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. അവന്റെ ആശങ്ക അകറ്റാൻ ഷംസിയട്ടീച്ചർ സംഗതി വിശദീകരിച്ചു: “പക്ഷെ, കുറേക്കാലം കഴിയുമ്പോൾ ആക്സിസ് ആ മേഖലയിലുള്ള മറ്റൊരു നക്ഷത്രത്തിന്റെ നേരെയാകും. അപ്പോൾ അതാകും ധ്രുവൻ. അതു കുറെയേറെക്കാലം ആക്സിസിന്റെ നേർക്കോ അതിനോടടുത്തോ ഒക്കെയായി കാണും. ആക്സിസ് പിന്നെയും മാറിക്കൊണ്ടിരിക്കും.”
“അപ്പോൾ പിന്നെയും ധ്രുവനക്ഷത്രം ഇല്ലാത്ത അവസ്ഥ വരും?”
“തീർച്ചയായും. ആ വട്ടംചുറ്റലിന്റെ കൃത്യംവഴിയിൽ നക്ഷത്രങ്ങൾ ഉണ്ടെങ്കിൽ അവ കാലാകാലം ധ്രുവന്മാരായി മാറും.”
“അപ്പോ, ഇപ്പം ധ്രുവനക്ഷത്രം ഇല്ലേ?”
“ഉണ്ട്. ഇപ്പോഴത്തെ ധ്രുവനക്ഷത്രത്തിന്റെ പേര് പോളാരിസ് എന്നാണ്.”
“അത് ധ്രുവത്തിനുനേരെ വന്നിട്ട് എത്രകാലമായി?”

“കൃത്യം നേരെ ഇതുവരെ വന്നിട്ടില്ല. നേരെ എന്നു പറയുന്നത് പലപ്പോഴും കിറുകൃത്യം നേരെ അല്ല. മുമ്പൊക്കെ മരുഭൂമിയിലെയും കടലിലെയും യാത്രക്കാർ ദിക്കു നിർണ്ണയിക്കാൻ ആശ്രയിച്ചിരുന്നത് നക്ഷത്രങ്ങളെയാണ്. അതിനുവേണ്ട കൃത്യതയൊക്കെയേ അന്നു കണക്കാക്കിയിട്ടുള്ളൂ. പക്ഷെ, ഇന്നു കൂടുതൽ കൃത്യമായി കണക്കാക്കാൻ പറ്റും. അതുപ്രകാരം പോളാരിസ് നമ്മുടെ ആകാശഗോളത്തിലെ ധ്രുവത്തിന് ഏറ്റവും അടുത്തെത്തുന്നത് 2100-ൽ ആണ്.”
“അയ്യോ! അപ്പം നമുക്കൊന്നും അന്നതു കാണാൻ പറ്റില്ല!”
“ങാ, ഒരു 90 – 95 വയസുവരെയൊക്കെ ജീവിച്ചാൽ പൂവിനു കാണാം.”
പൂവ് തത്വചിന്തകനെപ്പോലെ ചിരിച്ചു. “…അപ്പോൾ പുരാണത്തിലെ ധ്രുവൻ ആരായിരുന്നു?”

“അയ്യായിരം കൊല്ലം മുമ്പ് തൂബൻ എന്ന നക്ഷത്രമായിരുന്നു ധ്രുവൻ. ബിസിഇ 2787-ൽ അത് ആക്സിസിന് ഏതാണ്ടു കൃത്യം നേരെതന്നെ വന്നിരുന്നുവത്രേ. അങ്ങനെയാണ് ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്. അക്കാലത്താണു ലോകത്ത് വെങ്കലയുഗം തുടങ്ങുന്നത്. ബിസിഇ 1700 മുതൽ സിഇ 300 വരെ കോച്ചാബ് എന്ന നക്ഷത്രം ആയിരുന്നു ധ്രുവൻ. ഇതും കൃത്യം ധ്രുവത്തിനു നേർക്കു വന്നില്ല. ഏഴു ഡിഗ്രി അടുത്തുവരെ വന്നു. ഉഴ്സാ മൈനർ എന്ന രാശിയിലെ പ്രകാശത്തിൽ രണ്ടാം സ്ഥാനമുള്ള നക്ഷത്രമാണ് കോച്ചാബ്. ഇതും അടുത്തുള്ള ഫെർക്കാഡ് നക്ഷത്രവും ഇപ്പോഴത്തെ ധ്രുവനായ പോളാരിസിനെ ചുറ്റുന്നതായി ഭൂമിയിൽനിന്നു നോക്കുമ്പോൾ കാണുന്നതിനാൽ ഇവയെ ധ്രുവത്തിന്റെ കാവൽക്കാർ എന്നു വിളിക്കാറുണ്ട്. ധ്രുവനക്ഷത്രത്തെ ആദ്യം തിരിച്ചറിഞ്ഞ ആദിമസംസ്ക്കാരങ്ങളിലെ മനുഷ്യർ കണ്ടിട്ടുണ്ടാവുക ഒരുപക്ഷെ, തൂബനെ ആകാം.”
“തൂബൻ, ധ്രുവൻ. ഒരു സാമ്യമൊക്കെയുണ്ട്.”
“ങും. തൂബൻ അറബി പദമാണ്. ധ്രുവൻ സംസ്കൃതവും. സംസ്കൃതത്തിലുള്ള നമ്മുടെ പുരാണങ്ങൾ എഴുതപ്പെടുന്നത് തൂബൻ ധ്രുവനക്ഷത്രം ആയിരുന്നപ്പോഴല്ല. അക്കാലത്ത് കോച്ചാബ് ആയിരുന്നു ധ്രുവൻ. എങ്കിലും, സംസ്കൃതം പറയുന്ന ഗോത്രങ്ങൾ ഇൻഡ്യയിലേക്കു വരുന്നതിനു തലമുറകൾക്കുമുമ്പ് – അതായത്, അവരുടെ പൂർവ്വികർ മദ്ധ്യേഷയിലൊക്കെ നാടോടികളായി നടന്നകാലത്ത് – പഴയ ധ്രുവനക്ഷത്രമായിരുന്ന തൂബനെ പരിചയപ്പെട്ടിട്ടുണ്ടാകാം. പക്ഷെ, പേരിലെ സാമ്യംവച്ചുമാത്രം അങ്ങനെയൊന്നും നിഗമനങ്ങളിൽ എത്താനാവില്ല.”
“ഓ, അതു ഞാൻ വെറുതേ പറഞ്ഞതാ ടീച്ചറേ. അതു പോട്ടെ. ഇപ്പഴത്തെ ധ്രുവന്റെ പേര് ടീച്ചർ പറഞ്ഞല്ലോ, എന്താരുന്നു?”
“പോളാരിസ്.”
“ങാ. അതു കഴിഞ്ഞാൽ ഏതാ ധ്രുവൻ ആകുക?”
“അഭിജിത്ത് എന്നു നാം വിളിക്കുന്ന വേഗ എന്ന നക്ഷത്രത്തിനാകും ആ പദവി. അതിനു പക്ഷെ, സിഇ 14,000 ആകണം.”
“അയ്യോ! അപ്പോൾ അതുവരെ ധ്രുവത്തിൽ നക്ഷത്രം ഉണ്ടാവില്ലേ! അപ്പോൾ ആകാശത്തെ ധ്രുവം നമ്മൾ എങ്ങനെ കണ്ടുപിടിക്കും?”
“എടാ, ഇങ്ങനെ സകലതിനും നീ ബേജാറാകാതെ! നക്ഷത്രം ഇല്ലേലും നക്ഷത്രച്ചാർട്ടും ആകാശത്തെ ഉയരം അളക്കുന്ന ക്ലൈനോ മീറ്ററും ഒക്കെവച്ച് ധ്രുവം നിർണ്ണയിക്കാനാകും.”
“ഓ ശരിശരി. അപ്പോൾ ഭൂമിയുടെ ആക്സിസ് അങ്ങനെ ഒരു വട്ടം പൂർത്തിയാക്കുമ്പോൾ തൂബൻ വീണ്ടും ധ്രുവൻ ആകുമായിരിക്കും.”
“മിടുക്കൻ! ഏകദേശം 26,000 കൊല്ലം കൂടുമ്പോൾ അതങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും; കൃത്യമായി പറഞ്ഞാൽ 25,772 കൊല്ലം.”
ഒരു പടുകൂറ്റൻ പമ്പരമായി ഭൂമി പൂവിന്റെ മനസിൽ നിറഞ്ഞുകറങ്ങി. അതിന്റെ ആക്സിസ് മന്ദവേഗത്തിൽ പമ്പരത്തിന്റെ തണ്ടുപോലെ വട്ടംചുറ്റി; ഭൂമി കറങ്ങുന്നതിന്റെ എതിർദിശയിൽ. തൈരു കടയുന്നതുപോലെ അത് അവന്റെ മനസിനെ കടഞ്ഞപ്പോൾ അടുത്ത സംശയം വെണ്ണയായി ഉയർന്നുവന്നു: “ഈ ചലനങ്ങളൊക്കെക്കാരണം ഹിമയുഗങ്ങളും ആവർത്തിച്ചോണ്ടിരിക്കുമോ?”
“അങ്ങനെയാണ് ഗവേഷണങ്ങൾ കാണിക്കുന്നത് – ഏകദേശം ഒരുലക്ഷം വർഷം കൂടുമ്പോൾ ഹിമയുഗം ആവർത്തിച്ചിരുന്നു എന്ന്. ഇതിന്റെ തെളിവുകൾ ഊറൽപ്പാറകളിൽനിന്നു കിട്ടിയിട്ടുണ്ട്. ഇരുപത്തൊന്നരക്കോടി കൊല്ലം മുമ്പത്തെ വരെ തെളിവുകൾ.” പൂവ് ഒന്ന് അന്ധാളിച്ചു. അതു കണ്ട് ടീച്ചർ വിശദീകരിച്ചു: “എന്നുവച്ചാൽ, ഡൈനസോറുകൾ ഭൂമിയിൽ ആവിർഭവിച്ച കാലത്തോളമുള്ള തെളിവുകൾ!”
“അപ്പോൾ ഡൈനസോറുകൾ എത്ര ഹിമയുഗം കണ്ടിട്ടുണ്ടാകും!” പൂവ് വിസ്മയിച്ചു. “നമ്മൾ മനുഷ്യരൊക്കെ ഉണ്ടാകുന്നതിനു മുമ്പത്തെ കാലമല്ലേ അത്?”
“അതെ. വളരെവളരെ മുമ്പത്തെ കാര്യം. മനുഷ്യപരിണാമചരിത്രത്തിലെ ഒരു പ്രധാനവിഭാഗമായ ഹോമോ ഇറക്റ്റസ് ഉണ്ടായതുതന്നെ വെറും 19 – 20 ലക്ഷം കൊല്ലം മുമ്പാണ്. നമ്മുടെ വംശമായ ഹോമോ സാപ്പിയൻസ് ഉണ്ടായത് മൂന്നുലക്ഷം കൊല്ലം മുമ്പും. പക്ഷെ, ഹോമോസാപ്പിയൻസ് ആവിർഭവിച്ചശേഷവും ഉണ്ടായിട്ടുണ്ട് ഒരു ഹിമയുഗം. ഇന്നേക്ക് 21,500 കൊല്ലം മുമ്പായിരുന്നു അതിന്റെ മൂർധന്യം. മനുഷ്യചരിത്രത്തിൽ പരാമർശിക്കാറുള്ള ഹിമയുഗം ഇതാണ്.”
“അയ്യോ! അപ്പോൾ നമ്മുടെ മുതുമുത്തശ്ശർ തണുത്തുവിറച്ച് ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടാകും.”
“പിന്നേ. തീർച്ചയായും. ഈ ഹിമയുഗങ്ങൾക്ക് ജീവിപരിണാമത്തിലും പങ്കുണ്ട്. ഭൂമിയിലെ ജീവജാലങ്ങൾ ആദ്യകാലത്തൊരിക്കൽ വലിയതോതിൽ ഇല്ലാതായിപ്പോയിരുന്നു. അതിനു കാരണം വലിയൊരു ഹിമയുഗം ആയിരുന്നു. ഒടുവിലത്തെ ഹിമയുഗം മനുഷ്യപരിണാമത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കിഴക്കെയാഫ്രിക്കയിൽ മാറിമാറി ഉണ്ടായ വെള്ളപ്പൊക്കവും വരൾച്ചയും ഞാൻ മുമ്പേ പറഞ്ഞ ഹോമോ ഇറക്റ്റസിന്റെ പരിണാമത്തിനു കാരണമായെന്ന് ശാസ്ത്രജ്ഞർ സിദ്ധാന്തിച്ചിട്ടുണ്ട്.”
“ഓ! അപ്പോൾ മനുഷ്യർ ഉണ്ടായതിനുപോലും കാലാവസ്ഥാവ്യതിയാനം കാരണമായിട്ടുണ്ട്!?”
“ഹോമോ ഇറക്റ്റസിന്റെ കാര്യമാ ഞാൻ പറഞ്ഞത്. അത് ഇന്നത്തെ മനുഷ്യരുടെ പൂർവ്വികരല്ല. നാം ഹോമോസാപ്പിയൻസ് അല്ലേ? ഹോമോ ഇറക്റ്റസ് രണ്ടു കാലിൽ നിവർന്നു നടന്ന, വലിയ തലച്ചോറൊക്കെ ഉള്ള, തീ ഉപയോഗിച്ച് ആഹാരം പാകം ചെയ്ത, ഒരിനം മനുഷ്യർ ആയിരുന്നു. ഇരുപതുലക്ഷം വർഷം മുമ്പ് ഉണ്ടായ ആ ജീവിവിഭാഗം ഒരുലക്ഷത്തിലേറെ കൊല്ലംമുമ്പ് ഇല്ലാതായിപ്പോയി.”
“അയ്യോ! അതൊക്കെ എന്തു കഷ്ടമാ! …ഒരു ജീവിവർഗ്ഗംതന്നെ ഇല്ലാതായിപ്പോകുന്നത്. കാലാവസ്ഥയിലെ മാറ്റംതന്നെയാണോ അതിനും കാരണം?”
“ആണെന്നാണ് അടുത്തിടെ ഒരു പഠനത്തിൽ കണ്ടത്. നമ്മുടെ കൂട്ടർ ഉണ്ടായശേഷം വന്ന ഹിമയുഗത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ലേ? ഹോമോസാപ്പിയൻസിനോടൊപ്പം ഏറെക്കാലം ഭൂമിയിൽ ഉണ്ടായിരുന്ന നിയാൻഡർത്താൽസ് എന്ന മനുഷ്യവർഗ്ഗം അക്കാലത്താണ് ഇല്ലാതായത്. ആ ഹിമയുഗമായിരിക്കും കാരണമെന്നു ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഹോമോസാപ്പിയൻസിന്റെ തലച്ചോറു വളരാൻ ആ ഹിമയുഗം കാരണമായിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ഈ വാദങ്ങൾ ശാസ്ത്രലോകം പൊതുവേ അംഗീകരിച്ചിട്ടില്ല. ഏതായാലും, ഒടുവിലത്തെ ഹിമയുഗം കഴിഞ്ഞപ്പോഴാണു നമ്മുട മുത്തശ്ശർ കൃഷി തുടങ്ങുന്നത്. ഹോമോസാപ്പിയൻസിന്റെ വ്യാപനത്തിലും കാലാവസ്ഥാവ്യതിയാനം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.”
“ആണോ. അതെങ്ങനെയാ?”
“ആഫ്രിക്കയിൽ രൂപപ്പെട്ട ഹോമോസാപ്പിയൻസിനെ അവിടെനിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കുമൊക്കെ പോകാൻ നിർബ്ബന്ധിച്ചത് ഈ കാലാവസ്ഥാചക്രങ്ങൾ ആണെന്നു പഠനം കണ്ടെത്തിയിരിക്കുന്നു. ധാരാളം വെള്ളം മഞ്ഞായപ്പോൾ കടലിലെ ജലനിരപ്പ് ഒരുപാടു താണു. ഇന്നു കടലിലുള്ള ന്യൂസീലാൻഡിലേക്കും ഓസ്ട്രേലിയയിലേക്കും അനവധി ദീപുകളിലേക്കുമൊക്കെ നടന്നും നീന്തിയും മനുഷ്യവർഗ്ഗത്തിനു പോകാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ചൈനയുടെ കിഴക്കേ അറ്റത്തുകൂടി അമേരിക്കയിൽ എത്താൻ കഴിഞ്ഞതും അങ്ങനെതന്നെ.”
“അതുകൊള്ളാം! കാലാവസ്ഥയെ പേടിച്ചു നാടുവിട്ട ആ മനുഷ്യർതന്നെ ഇപ്പം ആ കാലാവസ്ഥാചക്രങ്ങളെപ്പറ്റി പഠനം നടത്തുന്നു! …ങ്ഹും. അതിരിക്കട്ടെ, ഭൂമിയുടെ കാര്യത്തിൽ ഇനിയുമുണ്ടോ അവ്യവസ്ഥകൾ?”
നമ്മുടെ വംശമായ ഹോമോസാപ്പിയൻസ് ലോകമാകെ വ്യാപിച്ച വഴികളും കാലവും വീഡിയോ
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


