Read Time:28 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

മൃഗങ്ങളുടെയും‌മറ്റും രൂപങ്ങളുള്ള 12 നക്ഷത്രരാശികൾ ഒരു ദേശീയപാതപോലെ ആകാശത്തു നീണ്ടുനിവർന്നുകിടക്കുന്നത് പൂവ് മനക്കണ്ണിൽ കണ്ടു. ആകാശമദ്ധ്യത്തുനിന്നു വളഞ്ഞു വടക്കോട്ടുപോയി തിരികെവളഞ്ഞു മദ്ധ്യത്തിലെത്തി അവിടം മുറിച്ചുകടന്ന്  തെക്കോട്ടുപോയി തിരികെവളഞ്ഞു മദ്ധ്യത്തിലെത്തി തുടക്കസ്ഥാനത്ത് അവസാനിക്കുന്ന പാത. അതിലൂടെ മെല്ലെ കിഴക്കോട്ടു നിരങ്ങിനീങ്ങുന്ന സൂര്യൻ. ആ ആശയം പൂവിന്റെ മനസിൽ പതിഞ്ഞെന്നു ബോദ്ധ്യമായപ്പോൾ തുടർച്ചയെന്നോണം ടീച്ചർ പറഞ്ഞു: “പന്ത്രണ്ടു രാശികളിൽ ആദ്യത്തേതു മേടമാണ്. ആകാശമദ്ധ്യരേഖ മുറിച്ചു സൂര്യൻ വടക്കോട്ടു കടക്കുന്ന ദിവസമാണ് മേടം ഒന്നായി നിശ്ചയിച്ചത്.”

“ങേ… ചിങ്ങമല്ലേ ടീച്ചറേ ആദ്യമാസം? കാലൻഡറിലും പഞ്ചാംഗത്തിലുമൊക്കെ അങ്ങനെ ആണല്ലോ. മലയാളമാസത്തിലെ പുതുവർഷം ആഘോഷിക്കുന്നതും ചിങ്ങം ഒന്നിനാണല്ലോ.”

“അത് ഇപ്പോൾ. ആദ്യകാലത്ത് മേടം ഒന്നുതന്നെ ആയിരുന്നു പുതുവർഷദിനം. ഇന്നും വടക്കേ മലബാറിൽ ആണ്ടുപിറപ്പും ആഘോഷവുമൊക്കെ മേടം ഒന്നിനാണ്. ഏതോകാരണത്താൽ വർഷത്തുടക്കം പിന്നീട് ചിങ്ങം ഒന്നിനാക്കിയതാണ്. വിളവെടുപ്പുകാലം ആയതുകൊണ്ടോ ചരിത്രത്തിലെ ഏതെങ്കിലും പ്രധാനസംഭവത്തിന്റെ ഓർമ്മയ്ക്കായോ ആകാം അങ്ങനെ മാറ്റിയത്.”

“ഓ! അതുശരി!”

ആകാശത്തെ മാസരാശികളിലൂടെ സൂര്യന്റെ പാത

“ങാ, സൂര്യൻ ആകാശമദ്ധ്യരേഖമുറിച്ചു വടക്കോട്ടും തെക്കോട്ടും കടക്കുന്ന ബിന്ദുക്കളെ വിഷുവങ്ങൾ എന്നാണു വിളിക്കുന്നത്. ഇംഗ്ലിഷിൽ ഇക്വിനോക്സ്. വടക്കോട്ടു കടക്കുന്ന ബിന്ദു മേടവിഷുവം. നമ്മുടെ നാട്ടിൽ വിഷു ആഘോഷിക്കുന്നത് ആ ദിവസമാണ്.”

“ഓ! അങ്ങനെയാണല്ലേ? അപ്പോൾ, നരകാസുരനെ വധിച്ചതിന്റെ ഓർമ്മയ്ക്കാണെന്നു മുത്തശ്ശി പറഞ്ഞുതന്നതോ?”

“മുത്തശ്ശി പറഞ്ഞത് കഥ. ഞാൻ പറയുന്നതു സയൻസ്” ടീച്ചർ ചിരിച്ചു. “മേടവിഷുവത്തിന് ഇംഗ്ലിഷിൽ വേർണൽ ഇക്വിനോക്സ് എന്നാണു പേര്. ഉത്തരാർദ്ധഗോളത്തിൽ വസന്തം വരുന്ന കാലമായതുകൊണ്ട് അവിടെ ഇത് വസന്തവിഷുവമാണ്. ദക്ഷിണാർദ്ധഗോളത്തിലുള്ളവർക്ക് ഇതു ഗ്രീഷ്മവിഷുവവും. അതുപോലെ, ആകാശമദ്ധ്യരേഖയെ മുറിച്ചു സൂര്യൻ തെക്കോട്ടു കടക്കുന്ന ബിന്ദുവില്ലേ? അത് തുലാം ഒന്ന് എന്നും അന്നു നിശ്ചയിച്ചു.”

“ങും, ആറാമത്തെ മാസത്തിന്റെ തുടക്കം.” അതൊക്കെ തനിക്കറിയാം എന്ന മട്ടിൽ ഗൗരവത്തിൽ പൂവ് പറഞ്ഞു.

“അതെ. ആ ബിന്ദുവിന് തുലാവിഷുവം എന്നും ഇംഗ്ലിഷിൽ ഓട്ടമ്നസ് ഇക്വിനോക്സ് എന്നും പറയും. ഋതുക്കൾക്കനുസരിച്ചുള്ള പേരുകൾ രണ്ട് അർദ്ധഗോളത്തിലും ഉള്ളവർക്കും നേരേ തിരിഞ്ഞുവരും. തുലാവിഷുവം വടക്കുള്ളവർക്കു ഗ്രീഷ്മവിഷുവവും തെക്കുള്ളവർക്കു വസന്തവിഷുവവുമാണ്. ഇതിലെ വടക്ക്‌-തെക്ക് പക്ഷപാതം ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാൽ ഋതുക്കൾ ചേർത്തുള്ള പേരുകൾ ഇന്നു പൊതുവേ പറയാറില്ല.” പൂവ് എല്ലാം ശ്രദ്ധിച്ചു മനസിലുറപ്പിക്കുന്നതുകണ്ട് ഷംസിയട്ടീച്ചർ ബാക്കി വിശേഷങ്ങളിലേക്കു കടന്നു: “ഭൂമിയുടെ ആക്സിസ് വട്ടം ചുറ്റുന്ന കാര്യം പറഞ്ഞല്ലോ – പ്രിസെഷൻ ഓഫ് ഇക്വിനോക്സ്. ആ വട്ടം ചുറ്റലിന് അനുസരിച്ച് ഭൂമിയുടെ ചരിവ് ഓരോ വശത്തേക്കു മാറുമെന്നും ഞാൻ പറഞ്ഞു. അപ്പോൾ ഭൂമദ്ധ്യരേഖയും അതിനൊത്തു ചരിയും.” ടീച്ചർ ഒന്നു നിർത്തി.

സൂര്യനെ കേന്ദ്രത്തിൽ സങ്കല്പിക്കുമ്പോൾ ആകാശമദ്ധ്യരേഖയും ഭൂമിയുടെ  സഞ്ചാരതലവും തമ്മിലുള്ള ചരിവും അവ കൂട്ടിമുട്ടുന്ന രണ്ടു വിഷുവബിന്ദുക്കളും

അക്ഷാംശവും രേഖാംശവും ഒക്കെ വരച്ച ഭൂമി ആക്സിസിന്റെ വട്ടം‌ചുറ്റലിനൊത്തു പല വശങ്ങളിലേക്കു ചരിയുന്നത് പൂവു മനസിൽ കണ്ടു. അപ്പോൾ ടീച്ചർ ഒരു ചോദ്യം ചോദിച്ചു: “ഭൂമദ്ധ്യരേഖയുടെ നേരെ ആകാശത്തു സങ്കല്പിച്ചിട്ടുള്ള രേഖയായ ആകാശമദ്ധ്യരേഖയും അതിനൊത്തു ചരിയില്ലേ?”

“ചരിയും.”

“അപ്പോൾ, ആകാശമദ്ധ്യരേഖയെ സൂര്യന്റെ സഞ്ചാരപാത മുറിക്കുന്ന രണ്ടു ബിന്ദുക്കളും ആ ചരിവിനനുസരിച്ച് മെല്ലെമെല്ലെ നീങ്ങും.” 

“ങും. മനസിലായി.”

“പൂവേ, നിനക്കു മനസിലാകാനാ സൂര്യന്റെ സഞ്ചാരപാത, സൂര്യന്റെ സഞ്ചാരപാത എന്നു  ഞാനീ നീട്ടിപ്പറയുന്നത്. അതിനൊരു പേരുണ്ടല്ലോ. ക്രാന്തിവൃത്തം. ഇംഗ്ലിഷിൽ എക്ലിപ്റ്റിക്. ഇനി അതു പറയാം.” എന്നിട്ടു ടീച്ചർ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു: “എടാ പൂവേ, നിന്റെ പതിവുചോദ്യം ഞാൻ അങ്ങോട്ടു ചോദിക്കട്ടെ? ക്രാന്തിവൃത്തവും ആകാശമദ്ധ്യരേഖയും കൂട്ടിമുട്ടുന്ന ആ ബിന്ദുക്കൾ എങ്ങോട്ടാകും നീങ്ങുന്നത്?”

പൂവ് ആദ്യമൊന്നു പകച്ചു. പിന്നെ ആ വെല്ലുവിളി ഏറ്റെടുത്തു. അവൻ അക്ഷാംശങ്ങളും രേഖാംശങ്ങളുമുള്ള ഭൂമിയും അതിനുനേരെ സമാനമായ വരകളുള്ള ആകാശവും സങ്കല്പിച്ചു. അവയ്ക്കൊപ്പം, ആകാശത്തെ നക്ഷത്രഗണങ്ങളിലൂടെയുള്ള സൂര്യന്റെ സഞ്ചാരപാതയായ ക്രാന്തിവൃത്തവും ചേർത്തു. രണ്ടു വളകൾ കോർത്തുവച്ചപോലെ ആകാശമദ്ധ്യരേഖയും ക്രാന്തിവൃത്തവും. ഭൂമിയുടെ ചരിഞ്ഞ ആക്സിസിനെ അവൻ മെല്ലെ കറക്കി – ടീച്ചർ മുമ്പു പറഞ്ഞതുപോലെ, ഭൂമി തിരിയുന്നതിന്റെ എതിർദിശയിൽ. അവന്റെ ചൂണ്ടുവിരലിൽ ടീച്ചർക്കു കാണാമായിരുന്നു ആക്സിസിന്റെ ചുറ്റൽ. അവന്റെ മുഖത്തു ചിരി തെളിഞ്ഞു: “ടീച്ചറേ, കണ്ടുപിടിച്ചു. ക്രാന്തിവൃത്തത്തിലൂടെ പിന്നോട്ട്.”

“മിടുമിടുക്കൻ!” പൂവിന്റെ മനസുനിറഞ്ഞു. അവൻ തുള്ളിച്ചാടിയില്ലെന്നേയുള്ളൂ. ശാസ്ത്രജ്ഞർ കണ്ടുപിടിച്ച ഒരു കാര്യം അവനും കണ്ടുപിടിച്ചിരിക്കുന്നു! അവന്റെ സന്തോഷം പങ്കുവച്ച് ടീച്ചർ തുടർന്നു: “ശരി. വർഷം തുടങ്ങുന്ന സ്ഥാനം അങ്ങനെ ക്രാന്തിവൃത്തത്തിലൂടെ പിന്നോട്ട് മെല്ലെ നീങ്ങിക്കൊണ്ടിരിക്കും. ക്രാന്തിവൃത്തത്തിലല്ലേ മാസങ്ങളുടെ രാശികൾ. അവ വടക്കുനിന്നു നോക്കുമ്പോൾ ആൻ്റിക്ലോക്ക്‌വൈസായാണു കിടക്കുന്നത്. ഈ ബിന്ദുക്കളുടെ നീക്കം ക്ലോക്ക്‌വൈസും. അപ്പോൾ അവ ഓരോ രാശിയിലൂടെയും പിന്നാക്കം കടന്നുപോകും. അവ അങ്ങനെ 360 ഡിഗ്രി നീങ്ങുമ്പോൾ ഒരു വട്ടം പൂർത്തിയാകും. അപ്പോൾ വീണ്ടും പഴയ സ്ഥാനങ്ങളിൽ എത്തും.”

“ഭൂമിയുടെ ആക്സിസ് അതിന്റെ ഒരു വട്ടം‌ചുറ്റൽ പൂർത്തിയാക്കുമ്പോഴേക്ക്, അല്ലേ ടീച്ചറേ?”

“അതെ.”

“എത്ര കാലം‌കൊണ്ടാ ഈ മാറ്റം?”

“ഇതിന് 25,772 വർഷം എടുക്കും. ഒരു ഡിഗ്രി മാറാൻ 71.6 കൊല്ലം.” 

“ങും. രണ്ടു ബിന്ദുക്കളും മാറും എന്നല്ലേ ടീച്ചർ പറഞ്ഞത്? എന്നുവച്ചാൽ, മേടം ഒന്നും തുലാം ഒന്നും. ഓ! പിടികിട്ടി! ഈ രണ്ടു തീയതികളുടെയും സ്ഥാനങ്ങളാണു മെല്ലെമെല്ലെ മാറുന്നത്. അപ്പോൾ…?”

“മേടം ഒന്നും തുലാം ഒന്നും മാത്രമല്ല, സൂര്യൻ ഓരോ രാശിയിലേക്കും കടക്കുന്ന ബിന്ദുക്കളെല്ലാം ഇതിനനുസരിച്ചു പിന്നോട്ടുപിന്നോട്ടു മാറും.”

“എന്നുവച്ചാൽ, മീനം, മേടം എന്നുള്ള ഓരോ മാസവും ഇങ്ങനെ മാറിമാറി പോകും എന്നാണോ?” 

“അതെ. ആകാശത്തു മാറുന്നുണ്ട്. പക്ഷെ, പഞ്ചാംഗത്തിൽ നാം അതു മാറ്റുന്നില്ല. നാം ഉപയോഗിക്കുന്ന പഞ്ചാംഗത്തിന്റെ ആദ്യരൂപം ഉണ്ടാക്കിയ കാലത്തെ മേടം ഒന്നിനുതന്നെ ആണ് ഇപ്പോഴും പഞ്ചാംഗത്തിൽ മേടം ഒന്ന്. പക്ഷെ, മേടം രാശി തുടങ്ങുന്ന സ്ഥാനം അവിടുന്ന് 21 ദിവസത്തോളം മാറിയിരിക്കുന്നു.” 

“21 ദിവസം…! അത്രേം പിന്നോട്ടോ!?” 

“അതേ, മേടം ഒന്ന് ഏറെക്കാലം‌കൊണ്ട് മെല്ലെ മാറി മീനം 31-ലെത്തി. പിന്നെയും നീങ്ങി മീനം 30-ലും 29-ലും 28-ലും ഒക്കെ എത്തി. അങ്ങനെയങ്ങനെ മാറിമാറി ഇപ്പോൾ സൂര്യൻ ആ ബിന്ദുവിൽ എത്തുന്നത് പഞ്ചാംഗത്തിലെ മേടം 1-ന് 21 ദിവസം മുമ്പേ ആണ്.” 

“അപ്പോൾ നമ്മുടെ വിഷുവൊക്കെ ശരിക്കും ഉണ്ടാകുന്നത് പഞ്ചാംഗത്തിലെ മേടം ഒന്നിനല്ലാ….?”

“അല്ല. മീനം ഏഴിനൊക്കെയാ. പഞ്ചാംഗത്തെ ആധാരമാക്കി സൂര്യന്റെ രാശിസംക്രമണവുമായി ബന്ധപ്പെട്ടു നാം ആഘോഷിക്കുന്ന ദിനങ്ങളൊക്കെ ഇങ്ങനെ നേരത്തേയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. വിഷുവും ആണ്ടറുതിയിലെ ശുചീകരണം നടത്തുന്ന കർക്കടകസംക്രാന്തിയും മകരവിളക്ക് ആഘോഷിക്കുന്ന മകരസംക്രാന്തിയും മറ്റെല്ലാ മാസസംക്രാന്തികളും ഇങ്ങനെ മാറിയിട്ടുണ്ട്. ആ പഞ്ചാംഗത്തീയതി പ്രകാരമുള്ള മറ്റെല്ലാ ദിനങ്ങളും അങ്ങനെതന്നെ. ആ പഞ്ചാംഗപ്രകാരമുള്ള അയനങ്ങളും ഇത്തരത്തിൽ തെറ്റാണ്.”

“അപ്പോൾ…, രാശീം ഗ്രഹനിലയും ഒക്കെ വച്ചു ജ്യോത്സ്യന്മാർ ഫലം പറയുന്നതെല്ലാം തെറ്റാണ്, അല്ലെ?” എന്തിനും ഏതിനും ജ്യോത്സനെ കാണുന്ന വലിയമുത്തശ്ശിയെ അവൻ ഓർത്തു.

“അല്ലെങ്കിലും അതു തെറ്റാണ്. ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങൾ എങ്ങനാ പരീക്ഷ ജയിപ്പിക്കുകയും ലോട്ടറി അടിപ്പിക്കുകയും രോഗം മാറ്റുകയും കല്യാണം മുടക്കുകയും ഒക്കെ ചെയ്യുന്നത്?”

ശരിയാണല്ലോ എന്നു പൂവ് ചിന്തിച്ചു. പ്രപഞ്ചഗോളങ്ങൾക്കൊന്നും ബുദ്ധി ഇല്ലെന്നു ടീച്ചർ പറഞ്ഞതും അവൻ ഓർത്തു. അപ്പോൾ മറ്റൊരു സംശയമുയർന്നു. “അങ്ങനെയെങ്കിൽ, പഞ്ചാംഗം ഉണ്ടാക്കുന്നവർ ഗ്രഹണമൊക്കെ കണക്കാക്കുന്നതോ?”

“നല്ല ചോദ്യം. ഞാൻ പറയാനിരുന്നത് നീ ഇങ്ങോട്ടു ചോദിച്ചു.” ഷംസിയട്ടീച്ചർ സ്നേഹത്തോടെ ചിരിച്ചു. “ഗ്രഹണം പ്രവചിക്കുന്നത് ജ്യോതിശാസ്ത്രമാണ് –  അസ്ട്രോണമി. ഫലം പറയുന്നത് ഫലജ്യോതിഷം എന്ന അസ്ട്രോളജിയും. പഞ്ചാംഗത്തിന്റെ കണക്കൊക്കെ പറയുന്നത് അസ്ട്രോളജിയാണ്. നമ്മൾ ഇപ്പോൾ പറഞ്ഞ പിശക് അതിലാണ്.  അത് അവിടെത്തന്നെയുണ്ട്. ഈ പിശകു മനസിലാക്കിയ വരാഹമിഹിരനും മറ്റും ചില തിരുത്തൽ സമവാക്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നുമാത്രം. ഗ്രഹണം പോലുള്ള കാര്യങ്ങൾ കണക്കാക്കാൻ അതു പ്രയോഗിക്കും. അതുകൊണ്ടാണ് അവ ശരിയാകുന്നത്. പക്ഷെ, ഇന്നു ജ്യോത്സ്യക്കാർ ആശ്രയിക്കുന്നതും ജ്യോതിശാസ്ത്രജ്ഞർ കണക്കാക്കി പ്രസിദ്ധീകരിക്കുന്ന വിവരങ്ങളാണ്. ഇൻഡ്യൻ അസ്ട്രോണമിക്കൽ അസോസിയേഷനും അതുപോലെ മറ്റു രാജ്യങ്ങളിലുള്ള ജ്യോതിശാസ്ത്രജ്ഞരുടെ സംഘടനകളുമൊക്കെ ഇത്തരം കാര്യങ്ങൾ മുൻ‌കൂട്ടി കണക്കാക്കി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതാണ് ഇന്നു കലൻഡറിനും പഞ്ചാംഗത്തിനുമെല്ലാം ആധാരം. വരാഹമിഹിരന്റെ സമവാക്യമൊക്കെ പ്രയോഗിച്ചാലും ജ്യോത്സ്യക്കാരുടെ ഫലം പറയൽ ഒരു അടിസ്ഥാനവുമില്ലാത്ത ഒന്നാണ്. കപടശാസ്ത്രം എന്നോ അന്ധവിശ്വാസം എന്നോ പറയാം.”

“ഓ! അങ്ങനെയൊക്കെയാണോ കാര്യങ്ങൾ!…” പൂവ് തലയാട്ടി ഉറപ്പിച്ചു.

“ജ്യോത്സ്യത്തിന്റെ കാര്യം പറഞ്ഞാൽ ഇതിലും രസമുള്ള പലതുമുണ്ട്. ഈ രാശിചക്രത്തിനുപുറമെ നവഗ്രഹങ്ങളാണ് അവരുടെ പ്രവചനങ്ങളുടെ അടിത്തറ. ശരിക്കും ഗ്രഹങ്ങൾ എട്ടല്ലേ ഉള്ളൂ. അവർക്ക് ഒൻ‌പതും. അവരുടെ ഗ്രഹങ്ങളിൽ യുറാനസും നെപ്റ്റ്യൂണുമൊന്നും ഇല്ല. വലിയ മാസുള്ള ഗ്രഹങ്ങളല്ലേ അവ. അവയെയൊന്നും അന്നുള്ളവർക്ക് അറിയില്ലായിരുന്നു. നമ്മുടെ ഭൂമി അവർക്കു ഗ്രഹമല്ല. നക്ഷത്രമായ സൂര്യനോ, ജ്യോതിഷക്കാർക്കു ഗ്രഹമാ! ഉപഗ്രഹമായ ചന്ദ്രനും അവർക്കു ഗ്രഹം‌തന്നെ. പിന്നെ, ആകാശഗോളങ്ങളേയല്ലാത്ത രാഹു, കേതു ഒക്കെയാണ് അവരുടെ ഗ്രഹങ്ങൾ!”

അതു പൂവിനു പുതിയ അറിവായിരുന്നു. പൂവ് പാവം മുത്തശിയെ ഓർത്തു. അവൻ അറിയാതെ ഉറക്കെ ചിരിച്ചുപോയി.

അവന്റെ ചിരികണ്ടപ്പോൾ ടീച്ചർക്കും ചിരിപൊട്ടി. അതടക്കി ഷംസിയട്ടീച്ചർ പറഞ്ഞു: “പൂവേ, ഭൂമിയുടെ പ്രദക്ഷിണത്തെപ്പറ്റിയൊന്നും അറിവില്ലാതിരുന്ന അന്നത്തെ മനുഷ്യർ ആകാശത്തെ ഈ രാശിചക്രങ്ങളിലൂടെ സൂര്യനും ഗ്രഹങ്ങളുമൊക്കെ ചില പ്രത്യേകക്രമങ്ങളിൽ നീങ്ങുന്നതു കണ്ടപ്പോൾ അതു ദൈവത്തിന്റെ എന്തോ കളിയാണെന്നാണു കരുതിയത്. അങ്ങനെയാണ് അതുമായി ബന്ധപ്പെടുത്തി മനുഷ്യരുടെ ഭാവി പ്രവചിക്കുന്ന ജ്യോത്സ്യം ഉണ്ടായത്. ബിസി‌ഇ രണ്ടാം നൂറ്റാണ്ടിൽ ടോളമി രചിച്ച ‘ടെട്രാബിബ്ലോസ്’ എന്ന കൃതിയാണത്രേ ഫലജ്യോതിഷത്തിന് ആധാരമായത്. അവിടുന്നു പിന്നീടാണ് ഈ തട്ടിപ്പു നമ്മുടെ നാട്ടിലൊക്കെ എത്തിയത്. ങാ, രാശിചക്രവുമായി ബന്ധപ്പെട്ട് ഒരു കാര്യം‌കൂടി പറയാം. നക്ഷത്രങ്ങളെ ചേർത്തു സങ്കല്പിക്കുന്ന രാശികൾ, അഥവാ നക്ഷത്രഗണങ്ങൾ, ക്രാന്തിവൃത്തത്തിൽ മാത്രമല്ല. ആകാശത്തെ മുഴുവൻ ഇങ്ങനെ രാശികളായി തിരിച്ചിട്ടുണ്ട്.”

“ഓ! ടീച്ചർ കാട്ടിത്തന്നിട്ടുള്ള ഒറായണൊക്കെ അങ്ങനെയുള്ള രാശികളാണ്, അല്ലേ?”

“അതേയതേ. അത്തരം രാശികൾ ആകെ 88 എണ്ണമുണ്ട്. ഭൂപടത്തിലെ രാജ്യങ്ങൾ‌പോലെ ഇവയെ അതിർത്തിതിരിച്ച് ഇട്ടിട്ടുണ്ട് ശാസ്ത്രജ്ഞർ. ഇവയിലൂടെ ആകാശത്തിന്റെ ഏതു മുക്കിലെയും മൂലയിലെയും കാര്യങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ‌പറ്റും. ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള ഈ രാശിപ്പട്ടികയിലെ 13 രാശികൾ ക്രാന്തിവൃത്തത്തിൽ പെടുന്നുണ്ട്.”

“ങേ! ടീച്ചർ നേരത്തേ പറഞ്ഞത് 12 എന്നല്ലേ?”

“അതേ. അതാണു പറഞ്ഞുവരുന്നത്. ജ്യോത്സ്യക്കാരുടെ രാശിചക്രത്തിൽ ആ പന്ത്രണ്ടേ ഉള്ളൂ. ശാസ്ത്രജ്ഞരുടെ ക്രാന്തിവൃത്തത്തിൽ 13-ഉം. സൂര്യനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയിട്ടുള്ള കാലൻഡറുകൾക്ക് അടിസ്ഥാനം അന്നത്തെ 12 രാശികൾതന്നെ. അതുപ്രകാരം ആകാശത്തെ ഏകദേശം 30 ഡിഗ്രിവീതമാണ് ഓരോ രാശിയും. എന്നാൽ, ആധുനികജ്യോതിശാസ്ത്രം ക്രാന്തിവൃത്തത്തെ 28 ഡിഗ്രിവീതമാണു തിരിച്ചിട്ടുള്ളത്. അങ്ങനെയാണു 13 രാശികൾ ആയത്. ഒഫ്യൂക്കസ് ആണ് അധികമായുള്ള രാശി. വൃശ്ചികത്തിനും ധനുവിനും ഇടയിലാണതിന്റെ സ്ഥാനം. വൃശ്ചികത്തിന്റെ യൂറോപ്യൻ‌പേര് സ്കോർപിയസ്; ധനു സജിറ്റേരിയസും.”

“ശെടാ, ഇതു കൊഴപ്പമായല്ലോ. ആരെങ്കിലും രാശിചക്രത്തിലെ രാശികൾ ചോദിച്ചാൽ എന്തു പറയണം?”

“ങാ, അതല്പം കുഴപ്പം‌തന്നെയാണ്. ഇവ തിരിച്ചറിയാൻ ജ്യോത്സ്യത്തിലെ 12 രാശികളെ സോഡിയാക് സൈൻസ് എന്നും ജ്യോതിശാസ്ത്രത്തിലെ 13 രാശികളെ എക്ലിപ്റ്റിക് കോൺസ്റ്റലേഷൻസ് എന്നുമാണ് പറയാറ്. കോൺസ്റ്റലേഷന് രാശി എന്നതിനു പകരം നക്ഷത്രഗണം എന്നു പറയുന്നതാകും ആശയക്കുഴപ്പം ഒഴിവാക്കാൻ നല്ലത്. വേറെയുമുണ്ട് പ്രശ്നം. ജ്യോത്സ്യക്കാരുടെ 12 രാശികൾക്ക് യൂറോപ്പിലും ഇൻഡ്യയിലുമെല്ലാം ഒരേ അർത്ഥമുള്ള പേരുകളും രൂപങ്ങളും ഒക്കെയാണെങ്കിലും അവയ്ക്കോരോന്നിനും നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ വ്യത്യസ്തമാണ്. മലയാളം വർഷമെന്നു വിളിക്കുന്ന നമ്മുടെ കൊല്ലവർഷത്തിൽ മേടം ഏപ്രിൽ 15 മുതൽ മേയ് 14 വരെ ആണ്. ഇപ്പോഴത്തെ യൂറോപ്യൻ ജ്യോത്സ്യത്തിൽ മേടം അഥവാ ഏരീസ് മാർച്ച് 21 മുതൽ ഏപ്രിൽ 20 വരെ ആണ് – 21 ദിവസം പിന്നിൽ. തുടർന്ന് അങ്ങോട്ടുള്ള എല്ലാ രാശിയും ഇതിനനുസരിച്ച് അത്രയും വ്യത്യാസത്തിലാണ്.”

“ഓഹോ, യൂറോപ്പിലെ ജ്യോതിഷക്കാർ ഇന്നത്തെ സമരാത്രദിനത്തിൽ തുടങ്ങുന്നവിധത്തിൽ ആക്കി, അല്ലേ?”

“അതേ. മേടവിഷുവത്തിലാണ് ഇപ്പോൾ അവരുടെ സോഡിയാക് സൈൻസ് തുടങ്ങുന്നത്. ഇതു തിരുത്തി എന്നുവച്ച്, അവരുടെ ജ്യോതിഷം അന്ധവിശ്വാസം അല്ലാതാകുന്നില്ല, കേട്ടോ.”

വിഷുവങ്ങളും ഭൂമിയുടെ ആക്സിസിന്റെ വട്ടം‌ചുറ്റൽ‌കാരണം അവയുടെ പിന്നോട്ടുള്ള നീക്കവുമൊക്കെ മനസിലായപ്പോൾ ജിജ്ഞാസുവായ പൂവ് അടുത്ത ചോദ്യം എറിഞ്ഞു: “ഭൂമിയുടെ ചലനത്തിന് ഇതല്ലാതെ വേറെ വല്ല കുഴപ്പവും…?”  

“കുഴപ്പങ്ങൾ മാത്രമേ ആകാവൂ എന്നുണ്ടോ? പൂവ് ഇത്രയും ശ്രദ്ധയോടെ കേൾക്കുന്നസ്ഥിതിക്ക് കുഴപ്പമൊന്നുമല്ലാത്ത, കൗതുകകരമായ, മറ്റൊരു കാര്യംകൂടി പറഞ്ഞുതരാം.” 

“അതെന്താ ടീച്ചറേ?” അവൻ കാതുകൂർപ്പിച്ച് ഇരുന്നു.

“ഭൂമിയുടെ ആക്സിസിന്റെ നേർക്കു വടക്കു കാണുന്ന നക്ഷത്രമാണു ധ്രുവനക്ഷത്രം എന്നല്ലേ പൂവ് പഠിച്ചിട്ടുള്ളത്?” 

“അതെ. ധ്രുവരാജകുമാരനാണ് ആ നക്ഷത്രം ആയതെന്നു മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്. ലോകാവസാനംവരെ അവിടെനിന്നു മാറാതിരിക്കാൻ ധ്രുവകുമാരനു വരം കിട്ടിയിട്ടുണ്ടത്രേ! നല്ല രസമുള്ള കഥയാ.” 

“ങും. നമ്മുടെ ഭാവനാശാലികളായ പൂർവ്വികർ ഇത്തരം പല കൗതുകങ്ങളെപ്പറ്റിയും കഥകൾ ചമച്ചിട്ടുണ്ട്.” ടീച്ചർ കഥയുടെ യുക്തിയിലേക്കു കടന്നു. “ഭൂമി കറങ്ങുന്നതിനനുസരിച്ചു സൂര്യനെപ്പോലെ എല്ലാ നക്ഷത്രവും കിഴക്കുനിന്നു പടിഞ്ഞാറേക്കു പോകുന്നതായി നമുക്കു തോന്നും. പക്ഷെ, കറക്കത്തിന്റെ കേന്ദ്രമായ ആക്സിസിനു നേരെ നില്ക്കുന്ന നക്ഷത്രത്തിന്റെ സ്ഥാനമോ? അതു മാറുമോ? ഇല്ലല്ലോ. അതു മാത്രം മാറുന്നില്ല എന്നു കണ്ടപ്പോൾ അതിനെപ്പറ്റി ഒരു കഥ ഉണ്ടാക്കി. അത്രേയുള്ളൂ.” 

“ഓ, അവർക്ക് അതൊക്കെ അറിയാമായിരുന്നു?” 

“ഒരു നക്ഷത്രത്തിന്റെ മാത്രം സ്ഥാനം മാറാതെ നില്ക്കുന്നതും മറ്റുള്ളതെല്ലാം മാറുന്നതും അവർ നിരീക്ഷിച്ചിരുന്നു. ധ്രുവപ്രദേശത്തോട് അടുത്തു ജീവിക്കുന്നവർക്ക് ഇതു കൂടുതൽ മനസിലാകും. ധ്രുവത്തിൽനിന്നു നോക്കിയാൽ നക്ഷത്രങ്ങൾ നമ്മുടെ നാട്ടിൽനിന്നു നോക്കുമ്പോൾ കാണുന്നപോലെ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുകയല്ല. അവ ഉദിക്കാറും അസ്തമിക്കാറും ഇല്ല. പകരം, ധ്രുവത്തിനു ലംബമായ രേഖ ചൂണ്ടുന്ന ബിന്ദുവിനെ ചുറ്റുന്നതായാണു കാണുക. അവയ്ക്കു നടുവിൽ, അതായത്, ലംബരേഖയ്ക്കു നേരെ, നക്ഷത്രമുണ്ടെങ്കിലോ? അത് അവിടെത്തന്നെ അനങ്ങാതെ നില്ക്കുന്നതായാണു കാണുക. അതിനെ മറ്റുള്ളവ ചുറ്റുന്നതായും കാണും.”

“അപ്പോൾ അതാണു ധ്രുവനക്ഷത്രം, അല്ലേ?”

“അതെ. നമ്മൾ ഭൂമിയുടെ കൃത്യം ധ്രുവത്തിൽ നിന്നാൽ തലയ്ക്കു മുകളിൽ ആയിരിക്കും അത്. ഇവിടെ നിന്നാലും നമുക്കു ധ്രുവനക്ഷത്രത്തെ കാണം, വടക്കേ ചക്രവാളത്തോട് അടുത്ത്. പക്ഷെ, മറ്റു നക്ഷത്രങ്ങൾ അതിനെ ചുറ്റുന്നതായി കാണുന്ന പ്രതിഭാസം വടക്കോട്ടുവടക്കോട്ടു പോകുന്തോറുമാണു ദൃശ്യമാകുക.” 

“അപ്പോൾ ഏഷ്യേടേം യൂറോപ്പിന്റേമൊക്കെ വടക്കൻപ്രദേശങ്ങളിലുള്ളവർ പ്രാചീനകാലത്തുതന്നെ ധ്രുവനെ മനസിലാക്കിയിരിക്കും, അല്ലേ.” 

“അതെ. അത്ര വടക്കല്ലെങ്കിലും പഴയ മെസൊപ്പൊട്ടേമിയയിലും വടക്കേയിൻഡ്യയിലും ഒക്കെ ഉള്ളവരിലെ നല്ല നിരീക്ഷകരും ഇതു മനസിലാക്കിയിരുന്നു. പക്ഷെ, അവർ കണ്ടതും പുരാണത്തിൽ പറയുന്നതുമായ ധ്രുവനക്ഷത്രമല്ല ഇപ്പോൾ നാം കാണുന്ന ധ്രുവനക്ഷത്രം.”

“ങേ!” പൂവ് ഒന്ന് അന്ധാളിച്ചു.

ടീച്ചർ ചിരിച്ചു. “കഥ കഥമാത്രമല്ലെ, പൂവേ? ഭൂമിയിൽനിന്ന് അന്നു കണ്ട ധ്രുവന്റെ സ്ഥാനം മാറിപ്പോയി!” അപ്പോഴും വിസ്മയം മാറത്ത പൂവിനെ നോക്കി ടീച്ചർ വിശദീകരിച്ചു: “അതെ. ആ നക്ഷത്രമല്ല ഇന്ന് ഉത്തരധ്രുവത്തിൽ ആക്സിസിനു നേരെ കാണുന്നത്. ആക്സിസിന്റെ തുടർച്ചയായി അനന്തതയിലേക്ക് ഒരു വര വരച്ചാൽ അതു ചെന്നു മുട്ടുന്ന ഭാഗത്തു കാണുന്ന നക്ഷത്രമാണല്ലോ ധ്രുവനക്ഷത്രം. നേരത്തേ പറഞ്ഞ പ്രിസെഷൻ കാരണം ആക്സിസ് കറങ്ങിമാറുമല്ലോ. അപ്പോൾ ആ വരയുടെ ദിശയും മാറും.”

“അയ്യോ! അപ്പോൾ ആക്സിസിനുനേരെ നക്ഷത്രം ഇല്ലാതാകുമോ?”

ഒഫിയൂക്കസ് നക്ഷത്രഗണം
എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

 ഇതുവരെ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആരാണ് ടി.കെ.രാധ ?
Close