
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
സയൻസിന്റെ വഴികൾ പൂവിനു കൗതുകകരമായിത്തോന്നി. സാധാരണകാഴ്ചകളിൽനിന്ന് തുടർച്ചയായ നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും കാഴ്ചയ്ക്കപ്പുറമുള്ള കാഴ്ചപ്പാടുകളിലേക്കു വികസിക്കുന്ന രീതി എന്തു രസമാണ്. പകലാകാശത്തെ കാണാനക്ഷത്രങ്ങളെ സങ്കല്പിച്ച് അവയ്ക്കിടയിലൂടെ സൂര്യനൊരു സഞ്ചാരപാത നിർണ്ണയിക്കുക. പിന്നെ ഏറെക്കാലംകഴിഞ്ഞ് അതു സൂര്യന്റെ പാതയല്ല, സൂര്യനല്ല, ഭൂമിയാണു സഞ്ചരിക്കുന്നത്, അപ്പോൾ തോന്നുന്ന തോന്നലാണു സൂര്യന്റെ സഞ്ചാരം എന്നെല്ലാം തിരിച്ചറിയുക. ആ കൗതുകം ആസ്വദിക്കുമ്പോൾത്തന്നെ പൂവിനത് നേരിയ വേദനയും സമ്മാനിച്ചു: “ടീച്ചറേ, അന്ന് ആ പാവങ്ങൾ സൂര്യന്റെ ഓരോ ദിവസത്തെയും സ്ഥാനങ്ങളൊക്കെ നിർണ്ണയിക്കാൻ എന്തു പാടുപെട്ടിട്ടുണ്ടാകും! അങ്ങനെ ആകാശത്തു പാത വരച്ചുണ്ടാക്കിയതെല്ലാം വെറുതേയായി, അല്ലേ? ഓർത്തിട്ടു സങ്കടം വരുന്നു.”
“ശരിയായ നിരീക്ഷണങ്ങളൊന്നും വെറുതേയാവില്ല പൂവേ” ഷംസിയട്ടീച്ചർ അവനെ സമാധാനിപ്പിച്ചു. “ആ പാതയാണ് ഇന്നും ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. അങ്ങനെയൊരു ആകാശപാതയിലൂടെ സൂര്യനാണു സഞ്ചരിക്കുന്നത് എന്നു തത്ക്കാലം കരുതുന്നതാണ് ഞാൻ പറഞ്ഞുവരുന്ന കാര്യം മനസിലാക്കാൻ നമുക്കു സൗകര്യവും.”
“ങും. രണ്ടിൽനിന്നു നാലു കുറയ്ക്കാൻ പറ്റില്ല എന്ന് ആദ്യം പഠിക്കുന്നപോലെ, അല്ലേ?” ടീച്ചർ മുമ്പു പറഞ്ഞ ഉദാഹരണംതന്നെ അവനെടുത്തു വീശി. “അതിരിക്കട്ടെ, ആ പാതയിലൂടെ സൂര്യൻ ഏതു ദിശയിലാ നീങ്ങുന്നത്?”
“സൂര്യന്റെ സ്ഥാനം രാത്രിയാകാശത്ത് അടയാളപ്പെടുത്തുന്ന നിരീക്ഷണം നടത്താൻപോകുകയല്ലേ നീ. രണ്ടുമൂന്നു ദിവസത്തെ സ്ഥാനങ്ങൾ ആകുമ്പഴേക്കു നിനക്കതു മനസിലാകും. പൂവ് അതു ചെയ്തു നോക്കണം, കേട്ടോ. തത്ക്കാലം ഞാൻ പറഞ്ഞുതരാം – പടിഞ്ഞാറുനിന്നു കിഴക്കോട്ട്.”
“ങും. ഭൂമിയിൽനിന്നു നോക്കുമ്പോൾ അങ്ങനെ ആണെന്ന്. ശരി, മനസിലായി. അതിനിടയ്ക്കാണ് തെക്കോട്ടും വടക്കോട്ടുമുള്ള നീക്കവും!”
“കറക്റ്റ്!”
“പിന്നെയും കൺഫ്യൂഷനാണല്ലോ ടീച്ചറേ.”
“എന്തു കൺഫ്യൂഷൻ? രണ്ടുംകൂടി പൂവ് ഒന്നു കൂട്ടിയിണക്കൂ! സൂര്യൻ വടക്കോട്ടു നീങ്ങിനീങ്ങി ഭൂമദ്ധ്യരേഖയ്ക്കു മുകളിലെത്തി പിന്നെയും നീങ്ങി ഉത്തരായനരേഖയ്ക്കു മുകളിലെത്തി തിരികെ തെക്കോട്ടു വിട്ട് ഭൂമദ്ധ്യരേഖ തിരികെ താണ്ടി ദക്ഷിണായനരേഖയ്ക്കു മുകളിലെത്തി പിന്നെയും തിരികെ വടക്കോട്ട്… അങ്ങനെയാണല്ലോ ഒരു നീക്കം. അത്തരമൊരു നീക്കം പൂർണ്ണമാക്കാൻ വേണ്ടത് ഒരു വർഷമല്ലേ? ഇതോടൊപ്പം, നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിലൂടെസൂര്യൻ ദിവസേന കുറേശെ കിഴക്കോട്ടും നീങ്ങുന്നു. അങ്ങനെ നീങ്ങി ഒരുവർഷംകൊണ്ടു ഭൂമിയുടെ മറുവശത്തുകൂടി പഴയ സ്ഥാനത്തു തിരികെ എത്തും. ഈ രണ്ടു നീക്കത്തിനും എടുക്കുന്നത് ഒരേ കാലയളവ് – ഒരു വർഷം. ഈ രണ്ടു നീക്കവും ഒരുമിച്ചാണു സംഭവിക്കുന്നത്. വടക്കോട്ടും തെക്കോട്ടുമൊക്കെ മാറുമ്പഴും കിഴക്കോട്ടുള്ള നീക്കം തുടരുകയാണ്. അതായത്, കിഴക്കോട്ടു നീങ്ങുമ്പോൾത്തന്നെയാണ് തെക്കോട്ടും വടക്കോട്ടുമുള്ള ഈ മാറ്റങ്ങൾ. അങ്ങനെ ക്രമേണ നീങ്ങുന്നതു സങ്കല്പിച്ചുനോക്കൂ.”
പൂവ് പിന്നെയും കണ്ണടച്ചു ധ്യാനം തുടങ്ങി. നിറയെ നക്ഷത്രങ്ങൾ പൂത്തുലഞ്ഞുനില്ക്കുന്ന പകലാകാശം. ആ നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യന്റെ നീക്കം അകക്കണ്ണിൽ കണ്ട പൂവ് മെല്ലെ ഉണർന്നു. “ടീച്ചറേ, അപ്പോൾ, നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ മെല്ലെമെല്ലെ നീങ്ങുന്ന സൂര്യന്റെ ആകാശത്തെ പാത നേരെ കിഴക്കുപടിഞ്ഞാറുള്ള വൃത്തമല്ല.” കണ്ടുപിടുത്തംപോലെ പൂവിന്റെ പ്രസ്താവന.

“കണ്ടോ, കിട്ടുന്ന അറിവുകൾ പരസ്പരം കൂട്ടിയിണക്കി അതിന്റെ അടിസ്ഥാനത്തിൽ അക്കാര്യങ്ങൾ സങ്കല്പിച്ചുനോക്കുമ്പോൾ കാര്യങ്ങൾക്കു വ്യക്തതവരുന്നതു കണ്ടോ. ശാസ്ത്രജ്ഞരും ഇങ്ങനെയാ ഓരോ നിഗമനങ്ങളിൽ എത്തുക. പിന്നെ ആ നിഗമനം ശരിതന്നെയോ എന്നു നോക്കാൻ കൂടുതൽ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമൊക്കെ നടത്തും. അതാണു സയൻസിന്റെ രീതി.” ഷംസിയട്ടീച്ചർ അവന്റെ പ്രസ്താവന ശരിവച്ചുകൊണ്ടു പറഞ്ഞു: “ഭൂമദ്ധ്യരേഖയ്ക്കു നേരെ മുകളിൽ ആകാശത്ത് ഒരു രേഖ വരച്ചാൽ സൂര്യന്റെ പാതയുടെ പകുതിഭാഗം അതിന്റെ തെക്കുപുറത്തേക്കും ബാക്കിപ്പകുതി അതിന്റെ വടക്കുപുറത്തേക്കും കയറിക്കിടക്കും.”
“ങാ. അങ്ങനെയാ ഞാൻ സങ്കല്പത്തിൽ കണ്ടത്. ഇരുപത്തിമൂന്നര ഡിഗ്രിവീതം തെക്കോട്ടും വടക്കോട്ടും?”
“അതെ.” ടീച്ചർ ഡ്രസിങ് ടേബിൾ തുറന്ന് രണ്ടു വളകളെടുത്തു. അതിൽ ഒരു വളയുടെ അകത്തുകൂടി അല്പം ചെറിയ മറ്റൊരു വള കടത്തി പൂവിന്റെ കൈയിൽ കൊടുത്തു. “ഇതിൽ ഒന്ന് ആകാശത്തെ മദ്ധ്യരേഖയാണെന്നു സങ്കല്പിക്കൂ. മറ്റേത് സൂര്യന്റെ പാതയും. നീ സങ്കല്പിച്ചപോലെ ഇവ വച്ചുകാണിക്കൂ!” പൂവ് അകത്തെ വള രണ്ടുപകുതിയും മറ്റേ വളയെ അപേക്ഷിച്ച് ഏതാണ്ട് ഇരുപത്തിമൂന്നര ഡിഗ്രിവീതം പുറത്തേക്കു തള്ളിയതുപോലെ വച്ചുകാണിച്ചു. “വെരി ഗുഡ്! ദാ, ഈ വള – അതായത് സൂര്യന്റെ പാത – രണ്ടിടത്ത് ആകാശത്തെ മദ്ധ്യരേഖയെ മുറിച്ചുകടക്കുന്നില്ലെ?”
“ഉവ്വ്. ഒരുവട്ടം വടക്കോട്ടും ഒരുവട്ടം തെക്കോട്ടും.”
“കറക്റ്റ്. ആ രണ്ടു ദിവസങ്ങളിലാണു സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു നേരെ വരിക.”
“ങാ, അതു പഠിച്ചിട്ടുണ്ട്. സമരാത്രദിനങ്ങൾ – രാത്രിയും പകലും തുല്യമായ ദിവസങ്ങൾ.”
“അതെ. ഇതിൽ വടക്കോട്ടു മുറിച്ചുകടക്കുന്ന ബിന്ദുവിൽ സൂര്യൻ എത്തുമ്പോൾ ഒരു വർഷം തുടങ്ങും എന്നാണു കണക്ക്.”
പൂവ് ഇടയ്ക്കുകയറി ചോദിച്ചു: “അതെന്താ വടക്കോട്ടു മുറിച്ചുകടക്കുന്നതിൽ തുടങ്ങുന്നത്? തെക്കോട്ടു കടക്കുന്നതിലും തുടങ്ങാമായിരുന്നില്ലേ?”

“നല്ല ചോദ്യം.” ചോദ്യം ചോദിക്കുന്നത് എപ്പോഴും ടീച്ചർക്ക് ഇഷടമാണ്. “ഭൂമിയിലെ കര കൂടുതലും ഉത്തരാർദ്ധഗോളത്തിൽ ആണെന്നതു പൂവ് ശ്രദ്ധിച്ചിട്ടുണ്ടോ?” ഉണ്ടെന്ന് അവൻ തലയാട്ടി. “അതുകൊണ്ടുതന്നെ മനുഷ്യരും കൂടുതൽ ഉത്തരാർദ്ധഗോളത്തിൽ ആണ്. ആഫ്രിക്കയിൽ പിറവികൊണ്ട മനുഷ്യവംശം ആദ്യകാലത്തു നീങ്ങിനിറഞ്ഞതും വടക്കാണ്. അതുകൊണ്ടുതന്നെ, ആദ്യകാലത്ത് ഇതൊക്കെ നിരീക്ഷിച്ച മനുഷ്യരും ഭൂമിയുടെ വടക്കേപ്പകുതിയിലുള്ളവർ ആയിരുന്നു. അവിടത്തെ വസന്തവും വിളവെടുപ്പും ഒക്കെ ആയിരുന്നല്ലോ അന്ന് അവരുടെ ജീവിതത്തിൽ പ്രധാനം. അതൊക്കെ സൂര്യൻ അവരുടെ ഭാഗത്തേക്ക് എത്തുമ്പഴാണ്. അതൊക്കെക്കൊണ്ട്, സൂര്യൻ ആ ഭൂമേഖലയിലേക്കു കടക്കുന്നത് അവർക്കു സ്വാഭാവികമായും പ്രധാനമായി. മനസിലായോ?”
“ആയി. ഈ ചലനങ്ങൾക്കൊക്കെ അങ്ങനെയും കാര്യങ്ങൾ ഉണ്ടെന്നും മനസിലായി. …അപ്പോൾ, …സൂര്യൻ ആകാശമദ്ധ്യരേഖ മുറിച്ചു വടക്കോട്ടു കടക്കുമ്പഴാണ് വർഷത്തിന്റെ തുടക്കം. ശരി ടീച്ചർ, ബാക്കി പറഞ്ഞോളൂ.”
“അവിടം മുതൽ നീങ്ങിനീങ്ങി ഉത്തരാർദ്ധഗോളത്തിനുമുകളിലെ സഞ്ചാരം പൂർത്തിയാക്കി ആകാശമദ്ധ്യരേഖമുറിച്ചു തെക്കോട്ടുകടക്കും. ആ അർദ്ധഗോളത്തിനുമുകളിലെ സഞ്ചാരവും പൂർത്തിയാക്കി വീണ്ടും തിരികെ വടക്കോട്ടു കടക്കാൻ ആദ്യത്തെ സ്ഥലത്ത് എത്തില്ലേ? അങ്ങനെ ഒരുവട്ടം വടക്കോട്ടു കടക്കുന്നതുമുതൽ അടുത്തവട്ടം വടക്കോട്ടു കടക്കുന്നതുവരെയാണ് ഒരു വർഷത്തെ സൂര്യന്റെ സഞ്ചാരപാത. ആ പാതയ്ക്കുള്ള പേരാണ് എക്ലിപ്റ്റിക്. മലയാളത്തിൽക്രാന്തിവൃത്തം. ആണ്ടും ഋതുക്കളും മാസങ്ങളുമൊക്കെ മനുഷ്യർ കണക്കാക്കിയപ്പോൾ അതിന്റെ അടിസ്ഥാനത്തിൽ ഈ പാതയെ പന്ത്രണ്ടായി വിഭജിച്ചു. ആ ഓരോ ഭാഗത്തിനും രാശി എന്നാണു പറയുക. ഈ രാശികൾക്ക് ഏരിയസ്, ടോറസ്, ജെമിനി എന്നിങ്ങനെയാണു പേര്. മലയാളത്തിലെ പേര് മേടം, ഇടവം, മിഥുനം എന്നിങ്ങനെയും.”
“ങേ! അതു മാസങ്ങളുടെ പേരല്ലേ?”
“അതെ. ഈ മാസപ്പേരൊക്കെ ആകാശത്ത് ഉള്ളതാണെന്ന് ഇപ്പോൾ മനസിലായില്ലേ? രാശിക്ക് ഇംഗ്ലിഷിൽ പറയുന്നത് കോൺസ്റ്റലേഷൻ എന്നാണ്.”
“ഓ! ടീച്ചർ കാണിച്ചുതന്നിട്ടുള്ള സിംഹവും തേളുമൊക്കെ. ചിങ്ങം, കന്നി… ഒക്കെ. ഓ, അതാണല്ലേ!”
“അതുതന്നെ! ഈ രാശികൾ ചേർന്ന ചക്രമാണു രാശിചക്രം. ഇംഗ്ലിഷിൽ സോഡിയാക്. ആകാശത്തെ നക്ഷത്രങ്ങളെ ചേർത്ത് ആട്, കാള, സിംഹം, മീൻ, ഞണ്ട് തുടങ്ങിയ രൂപങ്ങൾ സങ്കല്പിച്ച് അവയുടെ പേരുകളാണ് ഈ രാശികൾക്ക് ഇട്ടത്. ഇതുമായി ബന്ധപ്പെട്ടു കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ രേഖ ബിസിഇ ആയിരത്തിനടുത്ത് ബാബിലോണിയക്കാർ എഴുതിവച്ചതാണ്. ഈ പറഞ്ഞ ഓരോ രാശിയിലൂടെയുമാണല്ലോ സൂര്യൻ കടന്നുപോകുന്നത്. ഏതു രാശിയിലൂടെയാണോ സൂര്യൻ നീങ്ങുന്നത് ആ സമയമാണ് ആ മാസം. ആ രാശിയുടെ പേരാണു മാസത്തിനും.”
“ഓ, അതുശരി. അപ്പോൾ ഇവ കിഴക്കോട്ടുകിഴക്കോട്ട് ക്രമത്തിൽ ആയിരിക്കും ഈ രാശികൾ വരുന്നത്.”
“ങാ, അങ്ങനെ പറയാം. പക്ഷെ, നേരേ കിഴക്കോട്ടുകിഴക്കോട്ടാണോ? പൂവ് ഒന്നുകൂടി ആലോചിച്ചേ.”
ആകാശത്തെ നക്ഷത്രപാത ഒരിക്കൽക്കൂടി പൂവ് മനസിൽ നിവർത്തി. ടീച്ചറുടെ ചോദ്യത്തിലെ ‘നേരെ’ എന്ന പ്രയോഗത്തിന്റെ അർത്ഥം അവനു പിടികിട്ടി. “അല്ല” പൂവ് തെറ്റു തിരുത്തുന്ന ഭാവത്തിൽ പറഞ്ഞു. എന്നിട്ട് അവൻ വിശദീകരിച്ചു: “ഞാൻ മുമ്പേ പറഞ്ഞപോലെ, ആ പന്ത്രണ്ടു ഭാഗങ്ങളിൽ ആദ്യത്തെ ആറെണ്ണം ആകാശത്തെ മദ്ധ്യരേഖയുടെ വടക്കുവശത്തും പിന്നത്തെ ആറെണ്ണം തെക്കുവശത്തും ആയിരിക്കും, അല്ലെ ടീച്ചർ?”
“അതെ.” ശാസ്ത്രജ്ഞരെപ്പോലെ ഓരോ കാര്യങ്ങളും സ്വയം കണ്ടുപിടിക്കാൻ കഴിയുന്നതിൽ പൂവിന് അതിയായ അഭിമാനം തോന്നി.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


