
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“കാലൻഡറിലെ മാസങ്ങളല്ല. അതു നമ്മൾ അങ്ങനെ തീരുമാനിച്ചു വച്ചിരിക്കുന്നത് ആണല്ലോ. ഞാൻ ഉദ്ദേശിച്ച മാസം അതല്ല.” ആക്സിസിന്റെ വട്ടംചുറ്റൽ കാരണം മാസങ്ങളും മാറും എന്നു കേട്ട് അന്തം വിട്ട പൂവിനു ഷംസിയട്ടീച്ചർ വിശദീകരിച്ചുകൊടുത്തു.
“പിന്നെ?”
“ജ്യോതിശാസ്ത്രനിരീക്ഷണത്തിലൂടെ ആകാശത്തെ രാശികളെ ആസ്പദമാക്കി നാം നിർണ്ണയിച്ചുവച്ചിട്ടുള്ള മാസക്കണക്കുണ്ട്. അതിന്റെ കാര്യമാണ്.” പിടിപാടില്ലാത്ത കാര്യം ആയതിനാൽ പൂവിന്റെ നെറ്റി ചുളിഞ്ഞും കണ്ണിൽ ജിജ്ഞാസ മുനകൂർപ്പിച്ചും നിന്നു. അതു മനസിലാക്കി ടീച്ചർ കാര്യം വിശദീകരിച്ചു: “ആകാശത്ത് സൂര്യൻ സഞ്ചരിക്കുന്നതായി നാം കാണുന്ന പാതയുണ്ടല്ലോ. ഓരോ ദിവസവും കിഴക്കുനിന്നു പടിഞ്ഞാറേക്കു പോകുന്ന പാതയല്ല. ഒരു വർഷംകൊണ്ട് സൂര്യന് ആകാശത്തുണ്ടാകുന്ന സ്ഥാനമാറ്റം.”
“തെക്കോട്ടും വടക്കോട്ടുമുള്ള നീക്കമാണോ? രണ്ട് അയനങ്ങൾ പൂർത്തിയാക്കുന്ന സഞ്ചാരം?”
“ആ കാലയളവുകൊണ്ട് സൂര്യൻ തെക്കോട്ടും വടക്കോട്ടും മാത്രമല്ലല്ലോ നീങ്ങുന്നത്. ഭൂമി സൂര്യനെ ഒരുവട്ടം ചുറ്റില്ലേ? അപ്പോൾ ഓരോ നിമിഷത്തിലെയും ഭൂമിയുടെ സ്ഥാനത്തിന് അനുസരിച്ചു നാം സൂര്യനെ കാണുന്ന സ്ഥാനം മാറില്ലേ?”
“ങും, മാറും. പക്ഷെ…, അതു നാം എങ്ങനെ അറിയും? ആകാശം എല്ലാം ഒരുപോലെയല്ലേ? നീലക്കുട നിവർത്തിവച്ചപോലെ.”
“പകലല്ലേ ഉള്ളൂ പൂവേ, നിന്റെ നീലക്കുട? അതു നമ്മുടെ കാഴ്ച മാത്രമല്ലേ? നമ്മുടെ നാലുപാടും ആകാശം മുഴുവൻ നക്ഷത്രങ്ങളല്ലേ. പകലത്തെ ആകാശത്തും അവ ഉണ്ടല്ലോ. സൂര്യപ്രഭകാരണം കാണാൻ കഴിയാത്തതല്ലേ. ”
“അതെ, പക്ഷെ, പകലല്ലേ സൂര്യനുള്ളൂ. അപ്പോൾ നക്ഷത്രങ്ങളെ കാണില്ലല്ലോ. പിന്നെ സൂര്യന്റെ നീക്കം നാം എങ്ങനെ അറിയും?”
“അതിനു സങ്കല്പവിമാനം വേണ്ടിവരും. പകൽ സൂര്യന്റെ പിന്നിൽ നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്ന ആകാശം പൂവ് ഒന്നു സങ്കല്പിക്കൂ! രാത്രിയുള്ള വശത്തും നിറയെ നക്ഷത്രം; പകലുള്ള വശത്തും നിറയെ നക്ഷത്രം. വേറെവേറെ നക്ഷത്രങ്ങൾ.”
പൂവ് കണ്ണടച്ചു സങ്കല്പിച്ചു. “ഹായ്! പകൽ ശരിക്കും ഇങ്ങനെ ആയിരുന്നെങ്കിൽ എന്തു രസമായിരുന്നു! സൂര്യനും നിറയെ നക്ഷത്രങ്ങളും!” അവന്റെ മുഖം വിടർന്നു.
“അതെ. പക്ഷെ,നിവൃത്തിയില്ല. സങ്കല്പത്തിലേ അതു കാണാൻ പറ്റൂ.”
“പിന്നെ എന്താ ടീച്ചറേ വഴി?”
“പറയാം. ഇപ്പോൾ പൂവ് സൂര്യനെ കാണുന്ന സ്ഥലത്തിന്റെ നേരെ എതിർവശത്ത് ആയിരിക്കും ആറുമാസം കഴിയുമ്പോൾ സൂര്യൻ, അല്ലെ?” പൂവ് തലയാട്ടി. “ഇപ്പോൾ രാവിലെ 9 മണി. കിഴക്കേയാകാശത്ത് സൂര്യൻ നില്ക്കുന്ന സ്ഥാനം കണ്ടല്ലോ. ചക്രവാളത്തിൽനിന്ന് എത്ര ഉയരത്തിൽ എന്ന് ഓർത്തുവയ്ക്കണം.”
അടുത്തു കിടന്ന ഒരു കമ്പെടുത്ത് കുത്തനെ പിടിച്ച് കൈ പൂർണ്ണമായി നിവർത്തി പൂവ് അളവെടുത്തു. കമ്പിൽ നഖംകൊണ്ട് അവൻ അത് അടയാളപ്പെടുത്തി. “ശരി. അളവ് എടുത്തു.”
“മിടുക്കൻ! ഇന്നു രാത്രി ഇതേ സമയം, അതായത് 9 മണി, ആകുമ്പോൾ പൂവ് ഇതേ ഉയരത്തിൽ കിഴക്കേയാകാശത്തു നോക്കണം. ഒരു കാര്യം ശ്രദ്ധിക്കണം. ഇപ്പോൾ സൂര്യൻ ആകാശമദ്ധ്യത്തുനിന്ന് അല്പം വടക്കോട്ടു നീങ്ങിയല്ലേ കാണുന്നത്. രാത്രി നോക്കുമ്പോൾ, അത്രയും തെക്കോട്ടു മാറിയുള്ള സ്ഥലം നിർണ്ണയിക്കണം. അതായിരിക്കും…? അതായിരിക്കും…?”
“……………” പൂവ് ടീച്ചറുടെ ഉത്തരത്തിനായി കാത്തിരുന്നു.
“ഇന്നേക്ക് ആറുമാസം തികയുന്ന ദിവസത്തെ സൂര്യന്റെ സ്ഥാനം.”
“അതിനെന്തിനാ വടക്ക് തെക്കാക്കുന്നെ?”
“പൂവുതന്നെ കണ്ടുപിടിക്കൂ!” ടീച്ചർ പന്ത് അവന്റെ കോർട്ടിലേക്കുതന്നെ തട്ടിയിട്ടു.
പൂവ് തലപുകച്ചു. ഒടുവിൽ അവൻ കണ്ടെത്തി: “ഓ! ആറുമാസം കഴിയുമ്പോൾ തെക്കേയാകാശത്ത് ആകുമല്ലോ. അപ്പോഴത്തെ സ്ഥാനമാണല്ലോ ഇന്നു രാതി കാണുന്നത്. പിടികിട്ടി, പിടികിട്ടി.” അവന്റെ മുഖം അഭിമാനംകൊണ്ടു തുടുത്തു.
“മിടുക്കൻ!” ടീച്ചർ പ്രശംസിക്കുകകൂടി ചെയ്തു. “ഇങ്ങനെ തുടർച്ചയായി ഒരു വർഷത്തെ എല്ലാ ദിവസത്തെയും സ്ഥാനം കണ്ടുപിടിച്ചാൽ ആകാശത്ത് ഒരു സഞ്ചാരപാത കിട്ടില്ലേ?” പൂവ് തലയാട്ടി. കാര്യം മനസിലായെന്നു കണ്ടപ്പോൾ ടീച്ചർ ചോദിച്ചു: “വടക്കേയാകാശത്തെ സഞ്ചാരം കഴിയുമ്പോൾ പകൽ സൂര്യൻ ആകാശമദ്ധ്യത്തിന്റെ തെക്കുഭാഗത്ത് ആവില്ലേ? അപ്പോഴോ?”
“എങ്കിൽ, രാത്രിയിൽ അത്രേംവീതം വടക്കോട്ടു മാറിയുള്ള സ്ഥലം കണക്കാക്കണം.”
“അപ്പടി തന്നെ!” ഷംസിയട്ടീച്ചർ പ്രോത്സാഹിപ്പിച്ചു. “അവിടെ കാണുന്ന നക്ഷത്രങ്ങളാകും ആ ദിവസത്തിനുശേഷം ആറുമാസം കഴിയുമ്പോൾ സൂര്യന്റെ പിന്നിൽ.”
ചിന്തിച്ചുകൊണ്ട് അവൻ മെല്ലെ പിറുപിറുത്തു: “ആറുമാസം കഴിയുമ്പോൾ… പിന്നെയും ആറുമാസം… പന്ത്രണ്ടുമാസം…” പെട്ടെന്നു വെളിപാടുപോലെ ഉറക്കെ ചോദിച്ചു: “ങേ! അത് ദേ, ഇന്നു നമ്മൾ കാണുന്ന സൂര്യന്റെ സ്ഥാനം ആയിരിക്കില്ലേ?”
“അതെയല്ലോ” പൂവിനു പിന്നെയും അഭിമാനമായി. അവൻ കണ്ണടച്ചു സങ്കല്പം തുടങ്ങി. ഉടൻ അടുത്ത കണ്ടുപിടുത്തം വന്നു: “അപ്പോൾ, ആറുമാസം കഴിയുമ്പോൾ അവിടെ എത്തണമെങ്കിൽ സൂര്യൻ നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കണം, അല്ലേ?”
“അതെ. വീണ്ടും ആറുമസംകൂടി കഴിയുമ്പോൾ ഇപ്പോഴത്തെ സ്ഥാനത്ത് തിരികെ എത്തുകയും ചെയ്യും.”
“അപ്പോൾ ഒരു പൂർണ്ണവട്ടം.”
“അതെ. നല്ല വാനനിരീക്ഷകർ ഓരോ ദിവസത്തെയും, ഓരോ സമയത്തെയും, സൂര്യന്റെ സ്ഥാനങ്ങൾ നക്ഷത്രങ്ങൾ പതിച്ച ആകാശത്ത് കൂടുതൽ കൃത്യതയോടെ അടയാളപ്പെടുത്തി. അങ്ങനെയാണു സൂര്യന്റെ പാത നിർണ്ണയിച്ചത്. ”
“അത്രേം ദിവസത്തെ സ്ഥാനങ്ങൾ അത്ര കൃത്യമായി എങ്ങനെ ഓർത്തുവയ്ക്കും ടീച്ചറേ?
“ങാ, അതിന് ആകാശം അത്രയ്ക്കു മനഃപാഠമാക്കണം. വാനനിരീക്ഷകർക്ക് ആകാശത്തു കാണാവുന്ന ഓരോ നക്ഷത്രത്തെയും അറിയാം. അവയുടെ സ്ഥാനങ്ങൾ അറിയാം. ആ നക്ഷത്രങ്ങളിൽ മിക്കതിന്റെയും പ്രത്യേകതകൾപോലും അറിയാം. പൂവിന് ഞാനൊരു നക്ഷത്രച്ചാർട്ട് തരാം. ഞങ്ങടെ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ചതാ. അതു നോക്കി നക്ഷത്രങ്ങളെ തിരിച്ചറിയാൻ ഞാൻ പഠിപ്പിക്കാം. കുറച്ചു രാത്രികൾ പൂവ് ഉറക്കമിളയ്ക്കേണ്ടിവരും.”
“അതിനു ഞാൻ റെഡി.”

“അത്തരം ചാർട്ടുകളുണ്ടാക്കി അതിൽ സൂര്യന്റെ സ്ഥാനങ്ങൾ വാനനിരീക്ഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്. ങാ, ഒരു വിദ്യകൂടി പറഞ്ഞുതരാം. ദേ, ഈ കാലൻഡർ കണ്ടോ?”
ടീച്ചർ ചൂണ്ടിക്കാട്ടിയ കാലൻഡർ അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്. സാധാരണ കാലൻഡറുകളിലെ വിവരങ്ങൾക്കുപുറമേ സയൻസിന്റെ എന്തൊക്കെയോ പടങ്ങളും വിവരങ്ങളുമുള്ള ഒരു കാലൻഡർ. അതിന്റെ പേര് അവൻ ഉറക്കെ വായിച്ചു: “ലൂക്ക കാലൻഡർ.”

“അതെ. ഈ ലൂക്ക കാലൻഡറിലെ ദേ, ഈ ക്യൂ ആർ കോഡ് കണ്ടോ. അതു ഫോണിൽ സ്കാൻ ചെയ്താൽ ഓരോ മാസത്തെയും രാത്രിയാകാശം പരിചയപ്പെടാം.” ടീച്ചർ ഫോണിൽ ആ ക്യൂആർ കോഡ് സ്കാൻ ചെയ്തു കാണിച്ചുകൊടുത്തു. ഫോൺ വാങ്ങി അവനതു നന്നായി നോക്കി.
“ഓ! ഇതു കൊള്ളാമല്ലോ! ഞങ്ങടെ വീട്ടിലെ കാലൻഡറിൽ ഇതു കണ്ടിട്ടില്ലല്ലോ… …ടീച്ചറേ, എന്നാലും ഇതൊന്നും ഇല്ലാത്ത കാലത്ത് ഇതൊക്കെ കണ്ടുപിടിച്ചവരെ സമ്മതിക്കണം!”
“തീർച്ചയായും. അതിനായി ജീവിതം സമർപ്പിച്ചവരായിരുന്നു അവരൊക്കെ. പക്ഷെ, ഇതൊക്കെ മനസിലാക്കിയ കാലത്തും മനുഷ്യർക്ക് ഭൂമിയായിരുന്നു പ്രപഞ്ചത്തിന്റെ കേന്ദ്രം. അന്ന് അവർക്ക് അതു ഭൂമിക്കു ചുറ്റുമുള്ള സൂര്യന്റെ സഞ്ചാരപാതതന്നെ ആയിരുന്നു. പിന്നല്ലേ സൂര്യനാണു സൗരയൂഥത്തിന്റെ കേന്ദ്രം എന്നൊക്കെ കണ്ടുപിടിക്കുന്നത്. അപ്പോഴാണ് സൂര്യനല്ല, ഭൂമിയാണു സഞ്ചരിക്കുന്നതെന്നു മനസിലാക്കിയത്. അപ്പോൾ ഉണ്ടാകുന്ന തോന്നലാണ് സൂര്യന്റെ സഞ്ചാരമായി നാം കരുതിയതെന്നും അന്നാണു തിരിച്ചറിയുന്നത്.”
എങ്കിലും, ആ അറിവൊക്കെ ഉണ്ടാകുന്നതിനും എത്രയോമുമ്പ് പകലാകാശത്ത് സൂര്യന്റെ സ്ഥാനങ്ങൾ നിർണ്ണയിച്ചു മനസിലുറപ്പിച്ച് സൂര്യന്റെ പാത കണ്ടെത്തിയ മുതുമുത്തശ്ശരോട് പൂവിന് അതിയായ ആദരവും സ്നേഹവും തോന്നി. അതിലേറെ അവനു രസം തോന്നിയത് നക്ഷത്രങ്ങൾ പൂത്തുലഞ്ഞ പകലാകാശം എന്ന സങ്കല്പമാണ്.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


