
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“ഗുലുമാലൊന്നും ഇല്ല. സംഗതി സിംപിളാ.” ഭൂമിയുടെ എക്സെൻട്രിസിറ്റിയും ഒബ്ലിക്വിറ്റിയുമൊക്കെ ചേർന്നു കാലാവസ്ഥാവ്യതിയാമുണ്ടാക്കുന്നു എന്നതുതന്നെ പൂവിനു ദഹിച്ചിരുന്നില്ല. അപ്പഴാ ആയിനത്തിൽ ഒരു ചലനംകൂടി ഭൂമിക്കുണ്ടെന്നു ഷംസിയട്ടീച്ചർ പറഞ്ഞത്. അതുവരെ പറഞ്ഞ കാര്യങ്ങൾ മനസിൽ അടുക്കിവയ്ക്കുന്നതിനിടെ ‘സിസ്റ്റം ഹാങ്ങാ’യതുപോലെ ഇരുന്ന പൂവിനെ ഷംസിയട്ടീച്ചർ തട്ടിയുണർത്തി ഉഷാറാക്കി. “പൂവ് പമ്പരം കറക്കിയിട്ടില്ലേ?”
“ഉവ്വ്”
“നല്ല വേഗത്തിൽ കറങ്ങുന്ന പമ്പരത്തിൽ നോക്കിയിരുന്നിട്ടില്ലേ? വേഗം കുറയുമ്പോൾ അത് ആടിത്തുടങ്ങുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?”
“ഉണ്ടുണ്ട്. അതിന്റെ തണ്ട് ചരിഞ്ഞ് നാലുവശത്തേക്കും വട്ടത്തിൽ കറങ്ങും.”
“ഹതുതന്നെ.” പ്രതീക്ഷിച്ച ഉത്തരം കിട്ടിയതിന്റെ സന്തോഷം ടീച്ചറുടെ മുഖത്ത്. “പമ്പരത്തിന്റെ തണ്ട് അതിന്റെ ആക്സിസാ. ഭൂമിയുടെ ആക്സിസിനും ഇതുപോലൊരു കറക്കമുണ്ട്.”
“അയ്യോ! പമ്പരത്തിന് അങ്ങനെ വരുന്നത് വേഗം കുറയുമ്പോഴാണ്. അതിന്റെ ചരിവു കൂടിക്കൂടി പമ്പരം വീണുപോകും. ഭൂമിയും അങ്ങനെ വീണുപോകുമോ!?”

“ഭൂമി വീണുപോകാനോ? എങ്ങോട്ട്?” ടീച്ചറുടെ ചിരി പൂവിനു ലേശം ചമ്മൽ ഉണ്ടാക്കി. ടീച്ചർ അതു തമാശയാക്കിത്തന്നെ തുടർന്നു: “പേടിക്കണ്ടാ. ഇത് അങ്ങനെ വേഗം കുറഞ്ഞിട്ട് ഉണ്ടായതല്ല. ഭൂമിയുടെ ആകൃതി ഗോളമാണെന്നു മറയുമെങ്കിലും അതു തികഞ്ഞ ഗോളമല്ല. മദ്ധ്യരേഖാപ്രദേശം അല്പമൊന്നു വീർത്തിട്ടാണ് – പൂവിന്റെ ഉണ്ണിക്കുടവയറുപോലെ.” ടീച്ചർ അവന്റെ വയറ്റിൽ ഇക്കിളിയാക്കി. അവൻ ആകെ ചുരുണ്ടുപോയി. അവൻ വീണ്ടും ശ്രദ്ധിച്ചുതുടങ്ങിയപ്പോൾ ടീച്ചർ തുടർന്നു: “ആ വീർപ്പിന്മേൽ സൂര്യനും ചന്ദ്രനും ചെലുത്തുന്ന ഗുരുത്വാകർഷണത്തിന്റെ ഫലമാണ് ആക്സിസിന്റെ ആ വട്ടം ചുറ്റൽ.”
“അങ്ങനെ വരുമ്പോൾ…,” പൂവ് ആലോചനയിലാണ്ടു. എന്നിട്ട്, ആ ചിന്ത പങ്കുവച്ചു: “അപ്പോൾ… ആക്സിസിന്റെ 23.5 ഡിഗ്രി ചരിവ് എപ്പഴും ഒരുവശത്തേക്കുതന്നെ അല്ല! ഞാൻ കരുതീത് അങ്ങനാ. ഓ…, അത് എല്ലാവശത്തേക്കും മാറിമാറി വരും, പമ്പരക്കാലിന്റെ വട്ടംചുറ്റൽപോലെ!”
“മിടുക്കൻ! ആക്സിസിന്റെ ചരിവാണു സീസണുകൾക്കു കാരണം എന്ന് അറിയാമല്ലോ.”
“ഉവ്വ്. പക്ഷെ, ചരിവു കൂടുവേം കൊറേവേം ചെയ്യുമ്പഴല്ലേ കാലാവസ്ഥേടെ ക്രമോം തീവ്രതേമൊക്കെ മാറൂ? ടീച്ചറിപ്പം പറഞ്ഞത്, ചരിവിന്റെ വശം മാറുന്നകാര്യമല്ലേ. ചരിവിന്റെ വശം മാറിയെന്നുവച്ച് ഋതുക്കളുടെ നീളത്തിൽ മാറ്റം വരില്ലല്ലോ.”
“ആ അഭിപ്രായത്തിനും എന്റെ ഒരു കോംപ്ലിമെന്റ്! ഋതുക്കളുടെ നീളമൊന്നും ഇതുകൊണ്ടു മാറില്ല. പക്ഷെ, പൂവ് ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. ഈ മാറ്റം വരുന്ന മുറയ്ക്ക് ഉത്തരായനവും ദക്ഷിണായനവുമൊക്കെ തുടങ്ങുന്ന ദിവസങ്ങൾ മെല്ലെമെല്ലെ മാറും.”
“ങേ, അതെങ്ങനാ ടീച്ചറേ?”
“ആക്സിസിന്റെ ഈ ചുറ്റലിനൊത്തു ഭൂമിയും അതതുവശത്തേക്കു ചരിയുമല്ലോ.”
“ചരിയും.”
“അപ്പോൾ, ഭൂമിയുടെ മദ്ധ്യരേഖയും അക്ഷാംശരേഖകളും അങ്ങോട്ടു ചരിയില്ലേ?”
“ചരിയും.”
“മദ്ധ്യരേഖയുടെ നേരെ സൂര്യനെ കാണുന്ന ദിവസങ്ങളല്ലേ സമരാത്രദിനങ്ങൾ? അതുപോലെ ഉത്തരായനരേഖയുടേം ദക്ഷിണായനരേഖയുടേം നേരേ സൂര്യൻ വരുന്ന ദിവസങ്ങളല്ലേ അയനങ്ങളുടെ തുടക്കം.”
“അതേ.”
“ആ രേഖകളുടെ സ്ഥാനം സൂര്യനെ അപേക്ഷിച്ചു മാറിയാലോ? സമരാത്രദിനങ്ങളും അയനാരംഭങ്ങളും മാറില്ലേ? അതിനൊത്ത് ഋതുക്കളും നീങ്ങിനീങ്ങിപ്പോവില്ലേ?”
“ഓ! അതു നേരെചൊവ്വേ മനസിലാക്കാൻ ഈ കോസ്മനോട്ട് വീണ്ടും ബഹിരാകാശത്തു പോകേണ്ടിവരുമോ!”
“തത്ക്കാലം വേണ്ടാ. അത് മറ്റൊരു സന്ദർഭത്തിൽ കുറച്ചുകൂടി മനസിലാകുമാറു പറഞ്ഞുതരാം. എന്താ അതു പോരെ?”
“മതി ടീച്ചർ. പക്ഷെ, ആക്സിസിന്റെ ഈ വട്ടംകറങ്ങളിന്റെ കാലയളവു പറഞ്ഞില്ല.”
“ഓ! അതു മറന്നു. പൂവിന്റെ പതിവു പേടി ഇക്കാര്യത്തിലും വേണ്ടാ. നമ്മുടെ കാലത്തൊന്നും ആക്സിസിന്റെ ദിശ പാടേ മാറിപ്പോകില്ല. ശരാശരി 25,772 കൊല്ലം വേണം ഭൂമിയുടെ അക്ഷത്തിന് ഇങ്ങനെ ഒരു വട്ടം ചുറ്റാൻ. ഇതങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും. ഒരുകാര്യം പ്രത്യേകം മനസിൽ വയ്ക്കണം. പ്രിസിഷൻ ഓഫ് ഇക്വിനോക്സ് എന്ന ഈ പ്രതിഭാസം നടക്കുമ്പോൾത്തന്നെ ആക്സിസിന്റെ ചരിവായ ഒബ്ലിക്വിറ്റിയും കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു മറക്കരുത്.”

“ഇതിന്റെ എല്ലാം കൂടെ എക്സെൻട്രിസിറ്റിയും!” പൂവ് കൂട്ടിച്ചേർത്തു.
“അതുതന്നെ!” ഷംസിയട്ടീച്ചർ വീണ്ടും അഭിനന്ദനച്ചിരി പൊഴിച്ചു.
“ഇതെല്ലാം ചേർന്നാണല്ലോ സംഭവിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം നമ്മുടെ കാലാവസ്ഥാവ്യതിയാനത്തിന് കാരണമാവുന്നുണ്ട്, അല്ലേ ടീച്ചറേ?”
“അതല്ലേ ഞാൻ നേരത്തേ പറഞ്ഞത്. ആവർത്തിച്ച് ഉണ്ടാകുന്ന ഹിമയുഗങ്ങൾക്ക് ഇവ കാരണമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ ഇപ്പോഴത്തെ ആഗോളതാപനത്തിനും കാരണമാണെന്നു ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇവയുടെയും സ്വാധീനം ഉണ്ട്. പക്ഷെ, മിലങ്കോവിച്ച് പറഞ്ഞ മാറ്റങ്ങളാണ് ഇപ്പോഴത്തെ ഉയർന്ന ആഗോളതാപനത്തിനു കാരണം എന്ന വാദത്തിന് ശസ്ത്രലോകത്ത് അംഗീകാരം ഉണ്ടായിട്ടില്ല. ഇന്നു നാം കാണുന്നത്ര വേഗത്തിലുള്ള കാലാവസ്ഥാമാറ്റത്തിനു കാരണം മനുഷ്യരുടെ ഇടപെടലുകൾതന്നെയാണ്. അതിനു ശക്തമായ തെളിവുകളുണ്ട്. ഹരിതഗൃഹവാതകങ്ങൾ എന്നൊക്കെ പൂവ് കേട്ടിട്ടില്ലേ?”
“ഉണ്ട്. കാർബൺ ഉണ്ടാക്കുന്നതു കുറച്ചതിനു വയനാട്ടിലെ ഏതോ ഗ്രാമത്തിന് അംഗീകാരം കിട്ടിയകാര്യം ഞങ്ങടെ ഡെന്നി ജോർജ്ജ് മാഷ് ക്ലാസിൽ പറഞ്ഞിരുന്നു.”
“അതെ. മീനങ്ങാടി പഞ്ചായത്ത്.”
“ങാ, അതുതന്നെ. ടീച്ചറേ, ആക്സിസ് ഇങ്ങനെ വട്ടം ചുറ്റിക്കൊണ്ടിരുന്നാൽ ഭൂമിയുടെ ചരിവ് മറുവശത്തേക്കൊക്കെ ആകുമല്ലോ. അതിനു വല്ല കുഴപ്പവുമുണ്ടോ?”
“മറുവശം എന്നുവച്ചാൽ?”
“പോ ടീച്ചറേ… എനിക്ക് ഇങ്ങനെയൊക്കെ പറയാനേ അറിയൂ. ഞാൻ പറഞ്ഞതേ…, ശരിക്കുള്ള വടക്കില്ലേ…, അതിന്റെ നാലു വശത്തേക്കും ഭൂമിയുടെ ആക്സിസ് മാറിപ്പോവില്ലേ എന്നാണ്. നില്ല്, നില്ല്. അതിനു മുമ്പ് വേറൊരു കാര്യം ചോദിക്കട്ടെ. ആക്സിസിന്റെ ഈ കറക്കം എങ്ങനെയാ? ഏതു വശത്തോട്ടാ?”
“ങാ, അതു പറയാം. ഭൂമിയുടെ ഭ്രമണത്തിന്റെ എതിർ ദിശയിൽ. ക്ലോക്കിന്റെ ദിശയിൽ.”
“എന്നുവച്ചാൽ, അങ്ങു വടക്കു ചെന്നുനിന്നു നോക്കുമ്പം കിഴക്കുനിന്നു പടിഞ്ഞാട്ട്. ശരി. ഇപ്പോൾ ആക്സിസ് നേർവടക്കിന്റെ ഏതു വശത്താ?”
“നേർവടക്ക് എന്നു വച്ചാൽ? എന്താ പൂവ് ഉദ്ദേശിച്ചത്? സൂര്യനെ ഭൂമി പ്രദക്ഷിണം ചെയ്യുന്ന തലത്തിന്റെ ലംബം, അല്ലേ?”
“അതേ ടീച്ചറേ.”
“ഭൂമി സൂര്യനെ ചുറ്റുന്ന തലത്തിന് ക്രാന്തിവൃത്തം എന്നാണു പേര്. ഇംഗ്ലിഷിൽ എക്ലിപ്റ്റിക്. അതിനു ലംബമായി നേരേ വടക്കുള്ള ബിന്ദുവിന് എക്ലിപ്റ്റിക് നോർത്ത് പോൾ എന്നു പറയും. അതാണ് നീ പറഞ്ഞ നേർവടക്ക്.”
“അതെ. അതിന്റെ ഏതു വശത്താ ഇപ്പോൾ ഉത്തരധ്രുവം? ഭൂമിയിൽനിന്നു നോക്കുമ്പോൾ കാണുന്ന രീതി പറഞ്ഞുതരണേ.”
“ഓ… ശരിശരിയേ… പറഞ്ഞുതരാമേ…!” പൂവിന്റെ ചോദ്യത്തിലെ കാർക്കശ്യം കണ്ട് വിനയം അഭിനയിച്ചു ടീച്ചർ പറഞ്ഞു. “കിഴക്ക് അല്പം മുകളിലേക്ക് ആണെന്നു പറയാം.”
“എങ്കിൽ, ഞാൻ ചോദിച്ചത്, അത് മുകളിക്കൂടെ വന്നു പടിഞ്ഞാറേക്കു പോയി താഴേക്കു താണ് താഴെക്കൂടി കിഴക്കോട്ട്… അങ്ങനെയല്ലേ…” അതെ എന്നു ടീച്ചർ തലയാട്ടിയപ്പോൾ അവൻ തുടർന്നു. “അങ്ങനാണെങ്കിൽ, ഇപ്പം കിഴക്കു മുകളിലേക്കു മാറിയുള്ള ആക്സിസ് കറങ്ങി പടിഞ്ഞാറുവശത്തേക്കൊക്കെ ആവില്ലേ എന്നാണു ഞാൻ ചോദിക്കാൻ വന്നത്. അങ്ങനെ ആയാൽ വല്ല കുഴപ്പവും ഉണ്ടോ?
“എന്തു കുഴപ്പം? മുമ്പേ പറഞ്ഞതുപോലെ ഋതുക്കളും മാസങ്ങളുമെല്ലാം നീങ്ങിനീങ്ങി പൊയ്ക്കൊണ്ടിരിക്കും എന്നുമാത്രം.”
“ങേ! മാസങ്ങളും മാറുമോ? അതെങ്ങനെ?” പൂവ് പിന്നെയും പ്രശ്നത്തിൽ ആയി.

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…


