Read Time:14 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

“അതിലൊന്ന് പൂവിന് അറിയാവുന്ന കാര്യമാ.” മിലങ്കോവിച്ച് സൈക്കിളുകളിലെ രണ്ടാമത്തെ ചലനത്തെപ്പറ്റി പറയാൻ ഒരുങ്ങുകയാണു ഷംസിയട്ടീച്ചർ.

“അതെന്താ?” പൂവിന് ആകാംക്ഷയായി.

“ഭൂമിയുടെ ആക്സിസിന്റെ ചരിവ്.” 

“ങാ, അതോ. പക്ഷേ, ആ ചരിവു കാരണം ഋതുഭേദങ്ങൾ ഉണ്ടാകുമെന്നല്ലാതെ കാലാവസ്ഥാവ്യതിയാനോം ഉണ്ടാകുമെന്ന് ഇപ്പഴാ അറിഞ്ഞെ.” 

“ഋതുക്കൾക്ക് ആ ചരിവാണു കാരണം. പക്ഷെ, കാലാവസ്ഥാവ്യതിയാനം ആ ചരിവുകൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. ആ ചരിവും ഭൂമിയുടെ ഭ്രമണപഥത്തിലെ എക്സെൻട്രിസിറ്റിയും ചേരുമ്പോഴാണ് കാലാവസ്ഥയിൽ സ്വാധീനം ഉണ്ടാക്കുന്നത്.” വീണ്ടും പൂവിനെ തിരുത്തിയിട്ട് ടീച്ചർ കാര്യത്തിലേക്കു കടന്നു. “ആ ചരിവ് 23 ½ ഡിഗ്രി എന്നല്ലേ പൂവ് പഠിച്ചിട്ടുള്ളത്? പക്ഷെ, അത് അങ്ങനെ 23 ½ ഡിഗ്രിയായി സ്ഥിരമായി നില്ക്കുകയല്ല.” 

“ങേ! അതിലും മാറ്റമോ! കംപ്ലീറ്റ് അനിശ്ചിതത്വം ആണല്ലോ!” പൂവ് വീണ്ടും ഫിലോസഫർ ആയി.

“ഹഹഹ! അനിശ്ചിതത്ത്വം ഉണ്ടാകാൻ വല്ല നിശ്ചയവും ഉണ്ടായിട്ടുവേണ്ടേ. ഭൂമിയുടെ ആക്സിസിന്റെ ചരിവ് 22.1 ഡിഗ്രി മുതൽ 24.5 ഡിഗ്രി വരെ മാറിക്കൊണ്ടിരിക്കുകയാണ്.” 

ഭൂമിയുടെ ആക്സിസിന്റെ ചരിവിൽ ഉണ്ടാകുന്ന മാറ്റം.

“അപ്പോൾ അതിന്റെ ശരാശരിയാണോ 23.5 ഡിഗ്രി?” 

“അല്ല, ശരാശരിയല്ല. ശരാശരി 23.3 അല്ലേ വരൂ. 23.5 ഡിഗ്രി എന്നത് ഇപ്പോഴുള്ള ചരിവാണ്. പാഠപുസ്തകത്തിലൊക്കെ 23.5 ഡിഗ്രി എന്നു പറയുമെങ്കിലും കൃത്യമായി പറഞ്ഞാൽ അത്രയുമില്ല, 23.44 ഡിഗ്രിയേ ഉള്ളൂ. അതായത് ഏതാണ്ട് 23 ഡിഗ്രി 27 മിനുട്ട്. മൂന്നു മിനുട്ടിന്റെ കുറവ്. 30 മിനുട്ട് തികഞ്ഞാലല്ലേ അരഡിഗ്രി ആകൂ?” 

“ഓഹോ. എങ്കിലേ, ഇപ്പം ആക്സിസിന്റെ ചരിവു കുറേവാണോ കൂടുവാണോ?” 

“കുറേശെ കുറഞ്ഞുവരികയാണ്. കുറഞ്ഞ് 22.1 ഡിഗ്രി എത്തിയാൽ കൂടിത്തുടങ്ങും.” 

“ഇത് ഒരുതവണ കൂടിയിട്ടു പഴയപടി എത്താൻ എത്രകാലം എടുക്കും?” 

“41,000 വർഷം.”

“അപ്പോ, നമ്മുടെ ജീവിതകാലത്ത് എപ്പം പരീക്ഷയ്ക്കു ചോദിച്ചാലും 23 ½ ഡിഗ്രി എന്ന് എഴുതാം.” പൂവിനു സമാധാനമായി. പക്ഷെ, അടുത്തനിമിഷം പൂവിന്റെ കണ്ണു പിന്നെയും തുറിച്ചു. “… ഒരുവട്ടം കൂടീട്ട് പഴേപടി എത്താൻ 41,000 വർഷം. …അപ്പോൾ, ഏറ്റവും കുറഞ്ഞ ചരിവീന്ന് ഏറ്റവും കൂടിയ ചരിവിലേക്ക് എത്താൻ… ഇതിന്റെ പകുതി… ങൂം…. 20,500 കൊല്ലം. തിരികെ ഏറ്റവും കുറഞ്ഞ ചരിവ് ആകാനും ഇത്രേം സമയം.”

“അതെ.” അവന്റെ കണക്കുകൂട്ടലിനെ ടീച്ചർ അഭിനന്ദിച്ചു. “ആക്സിസിന്റെ ചരിവ് ഇപ്പോൾ കുറഞ്ഞ് ഏകദേശം പകുതിയിലേക്ക് എത്തുന്ന ഘട്ടമാണ്.”

ഭൂമിയുടെ സഞ്ചാരദിശ, അതിന്റെ ലബം എന്നിവയും അവയിൽനിന്ന് ആകാശമദ്ധ്യരേഖ, ആക്സിസ് എന്നിവയ്ക്കുള്ള മാറ്റവും.

“അപ്പോൾ എത്രകൊല്ലം മുമ്പാരുന്നു ടീച്ചറേ ഏറ്റവും ചരിഞ്ഞ നില?”

“ഏകദേശം 10,700 കൊല്ലം മുമ്പ്. അതായത് ബിസി‌ഇ 8,700-ൽ. ബിസി‌ഇ എന്നു പറഞ്ഞാൽ പൂവിന് അറിയാമല്ലോ, അല്ലേ?”

“അറിയാം. നമ്മുടെ കലൻഡറിലെ വർഷം തുടങ്ങുന്നതിനുമുമ്പുള്ള, പിന്നിലേക്കു കണക്കാക്കുന്ന, കാലം.”

“അതെ. ഞങ്ങൾ പഠിക്കുമ്പോൾ എഡി എന്നും ബിസി എന്നുമാണു പറഞ്ഞിരുന്നത്. അന്നൊ ഡൊമിനി, ബിഫോർ ക്രൈസ്റ്റ് എന്നിവയുടെ ചുരുക്കം. പിന്നീടാണ് ഇവ കോമൺ ഈറ എന്നും ബിഫോർ കോമൺ ഈറ എന്നും ആക്കിയത്. അവയുടെ ചുരുക്കം ആണല്ലോ സി‌ഇയും ബിസി‌ഇയും. പൊതുവർഷവും പൊതുവർഷത്തിനു മുമ്പും.”

“ങും.” ഭൂമിയുടെ ആക്സിസിന്റെ ചരിവു കൂടുകയും കുറയുകയും ചെയ്യുന്നതിന്റെ കണക്കും അത് ഏറ്റവും കൂടിയിരുന്ന സമയവും മനസിൽ ഉറപ്പിച്ചിട്ട് പൂവു ചോദിച്ചു: “ചരിവ് ഏറ്റോം കുറഞ്ഞ കാലമോ?”

“11,800 കൊല്ലം കഴിയുമ്പോൾ.”

“ങും.” പൂവിന്റെ കണ്ണ് വലത്തേക്കും മുകളിലേക്കും ഒക്കെ സഞ്ചരിച്ചു. “ഇത് കാലാവസ്ഥയെ എങ്ങനാ ബാധിക്കുക?”

“പറയാം. ചരിവു കൂടുന്നതും കുറയുന്നതും ഒന്നു സങ്കല്പിക്കൂ. ഉത്തരായനോം ദക്ഷിണയനോം ഒക്കെ പറഞ്ഞുതന്നത് ഓർമ്മയില്ലേ? അതുപോലെ ഭൂമിയെ കുറഞ്ഞ ചരിവിൽ നിർത്തി സൂര്യനെ ഒന്നു ചുറ്റിക്കൂ. എന്നിട്ട് കൂടിയചരിവിലേക്കു മാറ്റിയും ഒന്നു ചുറ്റിക്ക്. ചരിവു മാറുന്നതിനനുസരിച്ചു സൂര്യന്റെ നേരെ വരുന്ന ഭൂമിയുടെ ഭാഗത്തിന്റെ വിസ്തൃതി മാറുന്നുണ്ടോ?”

“ഉണ്ട്. കുറഞ്ഞ ചരിവ് ആയിരിക്കുമ്പം ഭൂമദ്ധരേഖേന്ന് അത്രേം‌വരേ സൂര്യൻ മാറുന്നുള്ളൂ. ചരിവു കൂടുമ്പം സൂര്യൻ അത്രേം‌വരെ പോകും.”

“അങ്ങനെതന്നെ! ചരിവ് 22.1 ഡിഗ്രി ആയിരിക്കുമ്പോൾ തെക്കോട്ടും വടക്കോട്ടും ആ അക്ഷാംശം വരെയേ കുത്തനെ സൂര്യരശ്മി വീഴൂ. ചരിവ് 24.5 ഡിഗ്രിയാകുമ്പഴോ? ഇരുപകുതിയിലും ആ രേഖാംശംവരെ വീഴും. ചരിവു കൂടിയ കാലത്ത് ചരിഞ്ഞ രശ്മികൾ ധ്രുവമേഖലകളിലേക്കു കൂടുതൽ എത്തും. എന്നുവച്ചാൽ, ആ കാലങ്ങളിൽ ധ്രുവങ്ങളിൽ അത്രയുംകൂടി ചൂടു കിട്ടും. വേറൊരു കാര്യം‌കൂടി ഉണ്ട്. ചരിവ് കൂടുതലുള്ളപ്പോൾ എല്ലാ ഋതുക്കളും രൂക്ഷമാകും. ഭൂമിയുടെ രണ്ടു പകുതിയിലും വേനലിനു കൂടുതൽ ചൂടും മഞ്ഞുകാലത്തിനു കൂടുതൽ തണുപ്പും ആയിരിക്കും.”

“ഓഹോ. അപ്പോൾ, ചരിവ് ഏറ്റവും കുറേമ്പം ഋതുക്കളെല്ലാം മയപ്പെടുമോ?”

“അതേടാ മിടുക്കാ!” ടീച്ചർ അഭിനന്ദിച്ച് അവന്റെ തോളിൽ തട്ടി. “ഒപ്പം, ധ്രുവങ്ങളിൽ വീഴുന്ന സൂര്യവെളിച്ചത്തിന്റെ അളവും കുറയും.”

പൂവിന് ആവേശമായി. “ഓ, അങ്ങനെ നീണ്ടകാലം തണുപ്പു തുടരുമ്പം ധ്രുവങ്ങളിൽ കൂടുതൽ വെള്ളം ഉറഞ്ഞ് മഞ്ഞാകും, അല്ലേ ടീച്ചർ?”

“അതെ. അതിന്റെ മറുവശം‌കൂടി ചിന്തിച്ചേ.”

“ങൂം… ധ്രുവങ്ങളിൽ ഒരുപാടുകാലം വെയിൽ കിട്ടിക്കൊണ്ടിരുന്നാൽ ആ മഞ്ഞ് ഉരുകും. അതു മനസിലായി.”

“രസമുള്ള ഒരു കാര്യം‌കൂടി ഉണ്ട്. ധ്രുവങ്ങളിൽ മഞ്ഞ് പാളികളായി രൂപം‌കൊണ്ടുകഴിയുമ്പോൾ അതിൽ തട്ടുന്ന സൂര്യവെളിച്ചം കുറെയെല്ലാം പ്രതിഫലിച്ചു പുറത്തേക്കു പോകാൻ തുടങ്ങും. ബാക്കി ചൂടേ ധ്രുവമേഖലയിൽ പിടിക്കൂ. എന്നുവച്ചാൽ, കിട്ടുന്ന വെയിലിനനുസരിച്ചുള്ള ചൂട് ധ്രുവപ്രദേശങ്ങളിൽ അനുഭവപ്പെടില്ല. അപ്പോൾ, അവിടത്തെ ചൂട് പിന്നെയും കുറയും.”

“വൗ! എന്തെല്ലാം അത്ഭുതങ്ങളാ! ഭയങ്കര അഡ്ജസ്റ്റ്‌മെന്റുകൾ ആണല്ലോ!!! …ടീച്ചറേ, അങ്ങനാണേലേ, ധ്രുവങ്ങളിലെ മഞ്ഞുരുകൽ കുറേന്ന കാലത്തേക്കല്ലേ ഭൂമി ഇപ്പം നീങ്ങുന്നേ? എന്നിട്ടും മഞ്ഞുരുകൽ കൂടുകയാണല്ലോ? ഇപ്പം ധ്രുവങ്ങളിലെ മഞ്ഞെല്ലാം ഉരുകുവാന്നാ ഇന്നാള് യുറീക്കേൽ വായിച്ചെ.”

മിലങ്കോവിച്ച് ചക്രത്തിനൊത്തു ഗ്രീൻലൻഡിൽ രൂപം‌കൊണ്ട കനത്ത മഞ്ഞുപാളികൾ ഇന്നത്തെ ആഗോളതാപനത്താൽ ഉരുകിയൊഴുകുന്നു.

“അതെ. അതുപക്ഷെ, മനുഷ്യർ ഉണ്ടാക്കുന്ന ആഗോളതാപനം‌കൊണ്ടാണെന്ന് യുറീക്കയിൽ പറഞ്ഞിരുന്നല്ലോ. ഇന്ന് അപകടകരമായി വളർന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റത്തിന് ഒരു പ്രധാനകാരണം, ലാഭത്തിനും വലിയവലിയ സുഖസൗകര്യങ്ങൾക്കും‌വേണ്ടി വീണ്ടുവിചാരമില്ലാതെ മനുഷ്യർ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ്. വ്യവസായയുഗം പിറന്നശേഷം ചൂട് ഉയരുന്നതിന്റെ വേഗം കൂടിയിട്ടുണ്ട്. പിന്നെ,  മിലങ്കോവിച്ചിന്റെ സിദ്ധാന്തത്തിലുമുണ്ട് ഒരു പ്രശ്നം. ഈ ചക്രങ്ങളൊക്കെ മിലങ്കോവിച്ച് കണക്കാക്കിയെങ്കിലും ഹിമയുഗം ഉണ്ടാകുന്നതിലുംമറ്റും അവയ്ക്കുള്ള പങ്കിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വാദം പരക്കെ സ്വീകരിക്കപ്പെട്ടിട്ടില്ല. സയൻസ് അങ്ങനെ ആണല്ലോ. സിദ്ധാന്തങ്ങൾ പുനഃപരിശോധിക്കുകയും തിരുത്തുകയും തെറ്റെന്നുകണ്ടാൽ ഉപേക്ഷിക്കുകയും ഒക്കെ ചെയ്യും.”

“ങും.” പൂവ് തലയാട്ടി. “ങാ, ഇനീം… ഒരു ചലനംകൂടി ഉണ്ടെന്നു ടീച്ചർ പറഞ്ഞല്ലോ.”

“അതെ. ഇപ്പോൾ പറഞ്ഞ ആക്സിസിന്റെ ചരിവിനു പേര് ഒബ്ലിക്വിറ്റി (Obliquity) എന്നാണ്. ഇതിന് ആക്സിയൽ റ്റിൽറ്റ് എന്നും പറയും. ഇനി പറയുന്ന ചലനത്തിനു പേര് പ്രിസെഷൻ (Precession) എന്നാണ്. പ്രിസെഷൻ ഓഫ് ഇക്വിനോക്സ്, പ്രിസെഷൻ ഓഫ് എക്ലിപ്റ്റിക്സ് എന്നൊക്കെ പറയാറുണ്ട്” 

“അതെന്തു ഗുലുമാലാ?” പൂവ് ടീച്ചറുടെ മുഖത്തേക്കു കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.

ഗ്രഹങ്ങളുടെയും പ്ലൂട്ടോയുടെയും ആക്സിസുകളുടെ ദിശയും ഭ്രമണവേഗവും – താരതമ്യം.

ചരിഞ്ഞ ആക്സിസോടെ ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുമ്പോൾ ഓരോ മാസത്തിലും ഭൂമി സൂര്യന്റെ ഏതു വശത്ത് എവിടെ ആണെന്നും അപ്പോൾ സൂര്യവെളിച്ചം വീഴുന്നത് ഭൂമിയുടെ ഏതൊക്കെ ഭാഗത്താണെന്നും ആ സമയം കേരളത്തിൽ (കൊച്ചിയുടെ അക്ഷാംശയളവായ ഉത്തരക്ഷാംശം 10 ഡിഗ്രിയിൽ) സൂര്യരശ്മി പതിക്കുന്നത് ഏതു ദിശയിൽ എത്ര ചരിഞ്ഞ് ആയിരിക്കുമെന്നും കാണുക്കുന്ന ഇന്ററാക്റ്റീവ് ചിത്രം. താഴെ മാസപ്പേരുകളിൽ കാണുന്ന പോയിന്റർ നീക്കി ഇതു കാണാം.

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സഹകരണവർഷവും കേരളവും – ചില ചിന്തകൾ
Close