Read Time:10 Minute

“ങാ, അതൊന്നും സാരമില്ല, ഒരുകൊല്ലം തികയുമ്പോൾ നമ്മൾ പഴയ സ്ഥാനത്തു തിരികെ എത്തുമല്ലോ! ആ സമാധാനം മതി.” ഭൂമിയുടെ പുറത്തിരുന്ന് ഒരേസമയം ഭ്രമണവും പ്രദക്ഷിണവും നടത്തുന്നതു സങ്കല്പിച്ച് അന്തം‌വിട്ട പൂവ് സ്വയം സമാധാനിച്ചു.

“അതെങ്ങനാ പൂവേ? സൂര്യൻ ഒരിടത്തു വെറുതെ നില്ക്കുകയല്ലല്ലോ.” ഷംസിയട്ടീച്ചർ പൂവിന്റെ സമാധാനം അങ്ങനെ തുടരാൻ അനുവദിച്ചില്ല.

“ങേ, സൂര്യനും ഓട്ടത്തിലാണോ!” 

“അതേല്ലോ. സൂര്യനും സൗരയൂഥവുമെല്ലാം അതിവിശാലമായ ഒരു നക്ഷത്രക്കടലിന്റെ ഭാഗമാണെന്നു പഠിച്ചിട്ടില്ലേ?” 

“ഉണ്ട്. അതല്ലേ ഗാലക്സി? ആകാശഗംഗ?” 

“അതെ. മിൽക്കി വേ എന്ന് ഇംഗ്ലിഷിൽ പറയും. ആ ഗാലക്സിയുടെ ചിത്രം കണ്ടിട്ടില്ലേ? വളഞ്ഞ ഇലകളുള്ള ഒരു വലിയ ഫാൻ പോലെ.” 

ആകാശഗംഗ ഗാലക്സിയുടെ കൈവഴികളും അതിൽ സൂര്യന്റെ സ്ഥാനവും. വലത്ത്: ആകാശഗംഗയെ ഒരു അരികിൽനിന്നു നോക്കിയാൽ കാണുന്ന രീതി. അതിന്റെ വിവിധഭാഗങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു. Copyright: Left: NASA/JPL-Caltech; right: ESA; layout: ESA/ATG medialab

“വെള്ളയപ്പം പോലെയുള്ള പടവും കണ്ടിട്ടുണ്ട്, നടുഭാഗം കനം കൂടിയും അരികിലേക്കു പോകുന്തോറും കനം കുറഞ്ഞും.” 

“ങും. മിടുക്കൻ! അത് ഗാലക്സിയുടെ ഒരു വശത്തുനിന്നു നോക്കിയാൽ കാണുന്ന രൂപമാണ്. അതും മുമ്പേ പറഞ്ഞതുപോലെ, നമ്മൾ എവിടെനിന്നു നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.” 

“അതിൽ എവിടെയാ നമ്മൾ?” 

“അതിലെ ഒരു ഇലയിൽ. ഇല എന്നു പറഞ്ഞത് ഫാൻ എന്നു സങ്കല്പിച്ചതുകൊണ്ടാ. നല്ല നീളമുള്ള ആ ഇതളുകളെ കൈവഴികൾ എന്നു വിളിക്കുന്നതാവും കൂടുതൽ ശരി. ഇംഗ്ലിഷിൽ ആം എന്നാ പറയുക. അതിലെ നീളം കുറഞ്ഞ ഒരു കൈവഴിയിലാണു നമ്മുടെ സൗരയൂഥം. ഓറിയോൺ കൈവഴി എന്നാണ് അതിന്റെ പേര്.” 

“ഈ കൈവഴികൾ നമുക്കു കാണാൻ പറ്റുമോ?” 

ആകാശഗംഗ ഗാലക്സി. നടുവിൽ സജിറ്റേരിയസ് എ എന്ന ബ്ലാക്ക് ഹോളും നക്ഷത്രക്കൈവഴികളും. ഓറിയോൺ കൈവഴിയിൽ സൂര്യൻ Image Credit : NASA/JPL-Caltech/T. Pyle

“ഒരെണ്ണത്തിന്റെ കുറച്ചുഭാഗം വെറും കണ്ണുകൊണ്ടുതന്നെ കാണാം. നമ്മൾ ഉള്ള കൈവഴിയുടെ അടുത്തുള്ള കൈവഴിയെ. സജിറ്റേറിയസ് കൈവഴി എന്നാണ് അതിനു പേര്. ഭൂമിയിലുള്ള നമ്മളല്ലേ ഇതിനെല്ലാം പേരിടുന്നത്. ആ നമ്മൾ നോക്കുമ്പോൾ ആകാശത്തു കാണുന്ന സജിറ്റേറിയസ് രാശിയിലൂടെ ആ കൈവഴി പോകുന്നതായാണു കാണുന്നത്. അതുകൊണ്ടാ അങ്ങനെപേര് ഇട്ടത്.”

“രാശീന്നു വച്ചാൽ?”

“ആകാശത്തിന്റെ ഓരോ ഭാഗവും തിരിച്ചറിയാനായി നമ്മൾ അവിടങ്ങളിലെ കുറെ നക്ഷത്രങ്ങളെ കൂട്ടിച്ചേർത്ത് ഓരോ രൂപം സങ്കല്പിക്കും. ആട്, സിംഹം, മീൻ, കരടി, പട്ടി, വേട്ടക്കാരൻ, കുടം, തുലാസ്, ഹെർക്കുലീസിനെയും സപ്തർഷികളെയും പോലുള്ള പുരാണകഥാപാത്രങ്ങൾ,… ഇങ്ങനെ പലതരം രൂപങ്ങൾ. ആകാശത്തെ ആ ഓരോ പ്രദേശത്തെയും കോൺസ്റ്റലേഷൻ എന്നാ പറയുക. അതിന്റെ മലയാളമാ രാശി.”

“നമ്മുടെ ഗാലക്സിയുടെ സജിറ്റേറിയസ് ആം എനിക്കു കാട്ടിത്തരാമോ, ടീച്ചറേ?” 

ഭൂമിയിൽനിന്നു കാണാവുന്ന ആകാശഗംഗയുടെ രൂപം. Image Credit : Kevin Palmer

“പിന്നെന്താ. മാർച്ച് മുതൽ ഒക്റ്റോബർ വരെ രാത്രിയിൽ തെളിഞ്ഞ ആകാശത്തു കാണാം. ഇതിൽ ആദ്യമാസങ്ങളിൽ ആണെങ്കിൽ വെളുപ്പിനെ എണീറ്റു നോക്കണം. അവസാനമാസങ്ങളിൽ സന്ധ്യയ്ക്കേ കാണാം. ഇന്നു രാത്രിയാകട്ടെ, ഞാൻ കാട്ടിത്തരാം.” 

“അത് എങ്ങനെ ഇരിക്കും?” 

“പ്രകാശനദിപോലെ. ജെറ്റ് വിമാനം പോയി അല്പം കഴിയുമ്പോൾ ആകാശത്തു പടർന്നു കാണുന്ന മേഘവര ഇല്ലേ, ഏതാണ്ട് അതുപോലെ. ടെലിസ്കോപ്പുവച്ചു നോക്കിയാൽ അതുനിറയെ നക്ഷത്രങ്ങളാണെന്നു കാണാം. ഒരു താരാപഥം.” 

“അതിനെന്താ പേര്?” 

“ഗംഗയുടെ തീരത്തു താമസിച്ചവർ നുരഞ്ഞുപതഞ്ഞൊഴുകുന്ന ഗംഗപോലെ ആകാശത്തു കണ്ട ഈ താരാപഥത്തെ ആകാശഗംഗ എന്നാണു വിളിച്ചത്. പാൽപ്പതപോലെ തോന്നുന്ന അതിനെ മിൽക്കി വേ എന്നു യൂറോപ്യരും പണ്ടു പേരിട്ടു. അതിനു നാം ക്ഷീരപഥം എന്നു പരിഭാഷയും നല്കി.” 

“അതെല്ലാം നമ്മുടെ ഗാലക്സിയുടെ പേരല്ലേ?” 

“അതെ. അന്നു ഗാലക്സിയെപ്പറ്റിയൊന്നും അറിവില്ലായിരുന്നല്ലോ. ഗാലക്സിയുടെ കൈവഴിയാണെന്നൊന്നും അറിഞ്ഞല്ല പഴമക്കാർ ഈ പേരൊക്കെ ഇട്ടത്. പിന്നീടു പൂർണ്ണരൂപത്തിലുള്ള ഗാലക്സിയെപ്പറ്റി മനസിലാക്കിയപ്പോൾ ഈ വിളിപ്പേരുകൾതന്നെ നാം അതിനു നല്കുകയായിരുന്നു.” 

വെറുതെ ഇരുന്ന തന്നെ ഷംസിയട്ടീച്ചർ കിലോമീറ്ററുകൾ യാത്ര ചെയ്യിച്ചതിൻ്റെ അസ്കിതയിൽ ആയിരുന്നു പൂവ്. പഴയ സ്ഥലത്തു തിരിച്ചെത്താനാവില്ലേ എന്ന ഉത്ക്കണ്ഠ. അതു പൊടുന്നനെ ചോദ്യമായി പുറത്തുവന്നു: “ഗാലക്സിയുടെ ഒരു കൈവഴിയിൽ ആണു നമ്മൾ എന്നല്ലെ ടീച്ചർ പറഞ്ഞത്?”

“അതെ, ഓറിയോൺ കൈവഴിയിൽ.”

“എന്തായാലും ഗാലക്സിയിലെ ഈ പറഞ്ഞ സ്ഥാനത്തുതന്നെ നാം എപ്പോഴും ഉണ്ടാകുമല്ലോ. ഭൂമി സൂര്യനു ചുറ്റും കറങ്ങിയാലും ഓരോ പ്രദക്ഷിണവും പൂർത്തിയാക്കുമ്പോൾ പഴയ സ്ഥാനത്തുതന്നെ എത്തുമല്ലോ.” 

“ഇല്ലല്ലോ. സൂര്യനും ഓട്ടത്തിലാണോ എന്നു പൂവ് ചോദിച്ചപ്പോൾ അതെ എന്നു ഞാൻ പറഞ്ഞതു മറന്നോ? നമ്മുടെ ഗാലക്സി അതിന്റെ കേന്ദ്രത്തിനുചുറ്റും സ്വയം കറങ്ങുന്നുണ്ട്, പൂവേ.”
“ഹെന്റമ്മോ! അപ്പോൾ സൂര്യനും ഗാലക്സിയുടെ സ്വയംഭ്രമണത്തിനൊത്തു ചുറ്റുകയാ? അതിന്റെകൂടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും എല്ലാംകൂടി?!” സൂര്യകുടുംബത്തിലെ മുഴുവൻ അംഗങ്ങളും അണിചേരുന്ന ഒരു ഘോഷയാത്ര മനസിൽക്കണ്ട് കണ്ണുമിഴിച്ച് വാപിളർന്ന് ഇരുന്നുപോയി പൂവ്.

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ് കാണാം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡിജിറ്റൽ ശൃംഖലാ മുതലാളിത്തം
Next post മൺസൂൺ ദീർഘശ്രേണി പ്രവചനത്തിന്റെ സംക്ഷിപ്ത ചരിത്രവും പുരോഗതിയും
Close