![](https://i0.wp.com/luca.co.in/wp-content/uploads/2025/02/azhikkurukku-29.png?resize=1140%2C1140&ssl=1)
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“ടീച്ചറേ, ഭൂമീടെ സ്ഥാനത്തിനു വരുന്ന ഈ മാറ്റത്തിനു പതിനായിരക്കണക്കിനു വർഷമെടുക്കും എന്നു പറഞ്ഞു. അങ്ങനെയെങ്കിൽ…”
ഷംസിയട്ടീച്ചർ ഇടയിൽ കയറി പൂവിനെ തിരുത്തി. “അല്ലല്ല. സ്ഥാനത്തിനു വരുന്ന മാറ്റത്തിനല്ല പതിനായിരക്കണക്കിനു വർഷങ്ങൾ. ഭ്രമണപഥത്തിൽ ഭൂമി നിരന്തരം സഞ്ചരിക്കുകയല്ലേ? അതുകൊണ്ടുതന്നെ ഭൂമിയുടെ സ്ഥാനം നിരന്തരം മാറുകയല്ലേ?”
“അതേയതെ. …ഞാൻ ഉദ്ദേശിച്ചത് സ്ഥാനം അല്ല, പാതയാണ്. പാതയ്ക്ക് ഉണ്ടാകുന്ന മാറ്റം.”
“അപ്പോഴും പൂവ് പറഞ്ഞതിൽ കുഴപ്പമുണ്ട്. ഭൂമിയുടെയും ഭീമന്മാരടക്കം സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളുടെയും സ്ഥാനം ഭ്രമണത്തിനനുസരിച്ചു നിരന്തരം മാറുകയല്ലേ. പല വേഗത്തിൽ, വ്യത്യസ്തപാതകളിൽ പായുകയല്ലേ അവയെല്ലാം? അപ്പഴോ? സൂര്യന്റെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ ഭൂമിയെ അപേക്ഷിച്ച് എപ്പോഴും മാറിക്കൊണ്ടിരിക്കും, ഇല്ലേ? അങ്ങനെ ഓരോഭാഗത്തു മാറിമാറിനിന്ന് അവയെല്ലാം ഭൂമിയെ ആകർഷിക്കും. അതിനനുസരിച്ച് സൂക്ഷ്മമായ വ്യതിയാനങ്ങൾ ഭൂമിയുടെ പാതയിൽ എപ്പോഴും സംഭവിക്കുന്നുണ്ട്. നീ പറഞ്ഞത്, ഭൂമിയുടെ പാതയ്ക്ക് പതിനായിരക്കണക്കിനു വർഷംകൊണ്ടു മാറ്റമുണ്ടാകും എന്നല്ലേ? അതു ശാസ്ത്രീയമായി ശരിയാണോ? ഞാൻ നേരത്തേ പറഞ്ഞതൊക്കെ മറന്നോ?”
“ശെടാ, സയൻസ് പറയുമ്പം കിറുകൃത്യമായി പറഞ്ഞില്ലേൽ അപ്പോ ടീച്ചറുടെ പിടി വീഴുമല്ലോ!” അതു കേട്ടു ഷംസിയട്ടീച്ചർക്കു ചിരി വന്നു. ഇളംചിരി പൂവിന്റെ മുഖത്തുംതത്തിക്കളിച്ചു. ചിരിയോടെതന്നെ അവൻ പറഞ്ഞു: “ഓർമ്മയുണ്ട്, ഓർമ്മയുണ്ടേ. ബേരിസെന്ററിന്റേം വോബ്ലിങ്ങിന്റേം ഒക്കെ കാര്യം പറഞ്ഞത് ഓർമ്മയുണ്ട്. ടീച്ചറേ, അപ്പോപ്പിന്നെ, സ്ഥാനവും പാതയും എപ്പോഴും മാറുകയാണെങ്കിൽ പിന്നെ എന്താണ് പതിനായിരക്കണക്കിനു കൊല്ലംകൊണ്ടു മാറും എന്നു പറഞ്ഞത്?”
“ഈ നിരന്തരമാറ്റങ്ങൾക്കൊപ്പം പാത നീളുകയും കുറുകുകയും ചെയ്യുന്ന ‘എക്സെൻട്രിസിറ്റി’ എന്ന പ്രതിഭാസത്തിനാണ് പതിനായിരക്കണക്കിനു വർഷമെടുക്കും എന്നു പറഞ്ഞത്.”
“ഓ, ഇപ്പോൾ മനസിലായി.”
“നിരന്തരം സ്ഥാനം മാറുന്ന ഗ്രഹങ്ങൾ ഭൂമിക്കുമേൽ ചെലുത്തുന്ന ഗുരുത്വാകർഷണത്തിന്റെ ആകത്തുകയായാണ് എക്സെൻട്രിസിറ്റി ഉണ്ടാകുന്നത്. ഞാൻ പറയാൻ തുടങ്ങിയത് മറ്റൊന്നാണ്. എക്സെൻട്രിസിറ്റിക്കു മൂന്നു ചക്രങ്ങളുണ്ട്. എക്സെൻട്രിസിറ്റിപോലെതന്നെ ദീർഘകാലചക്രങ്ങളുള്ള രണ്ടു ഘടകങ്ങൾ വേറെയുമുണ്ട്. അവയെയൊക്കെപ്പറ്റിയാണ് പറഞ്ഞുതുടങ്ങിയത്.”
പൂവ് വീണ്ടും ചിന്തകൻ ആയി. “…അപ്പോൾ… മാറ്റത്തിനൊന്നും ഒരു ചിട്ടേം ഇല്ലേലും ചില ചക്രങ്ങളൊക്കെ ഉണ്ട്!”
“ങും. പൂവിന് എല്ലാ കാര്യത്തിലും ചിട്ട വേണം, അല്ലെ? പക്ഷെ, എന്തു ചെയ്യാം! ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ഒരേ രീതിയിൽ ആവർത്തിക്കുക അല്ലല്ലോ. അത് വളരെ ഗഹനം ആണ്. എങ്കിലും, ഇന്ന് അതൊക്കെ മുൻകൂട്ടി കണക്കാക്കാൻ ശാസ്ത്രജ്ഞർക്കു കഴിയും. പൂവും വളർന്നു വലിയ ജ്യോതിശാസ്ത്രജ്ഞൻ ആയാൽ ഇതൊക്കെ മനസിലാക്കാം.”
“ങും. ആകണംന്ന് ഇപ്പം നല്ലോണം തോന്നുന്നൊണ്ട്.” പൂവ് ചിരിച്ചു. പിന്നെ ചോദിച്ചു: “ടീച്ചറേ, ഈ ചക്രങ്ങൾക്കേ, പതിനായിരക്കണക്കിനെന്ന് അല്ലാതെ… ഏകദേശം… ഒരു കണക്കൊക്കെ ഉണ്ടാവില്ലേ?”
“ഉണ്ടല്ലോ. ഒരു ചക്രമല്ല. പല ചക്രങ്ങൾ ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുണ്ട്. ഈ ചക്രങ്ങൾക്ക് അനുസരിച്ച് കാലാവസ്ഥയിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നാണു കണ്ടെത്തിയിട്ടുള്ളത്. പക്ഷെ, ഭൂമിയുടെ പാതയിലെ ഇത്തരം അസ്ഥിരതകൾ കാലാവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം മനസിലാക്കുക എളുപ്പമല്ല.”
“അതെന്താ?”
“എന്താന്നു ചോദിച്ചാൽ, ഈ വ്യതിയാനങ്ങൾ വളരെ പതുക്കെ സംഭവിക്കുന്നതും നേരിയതോതിൽ മാത്രം അനുഭവപ്പെടുന്നതും ആണ്, അതുതന്നെ കാരണം. ഇതു സംബന്ധിച്ച് ശാസ്ത്രീയമായ സിദ്ധാന്തം മുന്നോട്ടുവച്ചത് മിലൂറ്റിൻ മിലങ്കോവിച്ച് എന്ന ശാസ്ത്രജ്ഞനാണ് – ഒരു നൂറ്റാണ്ടു മുമ്പ് 1920-ൽ.”
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/Milutin_Milankovic_2.jpg?resize=270%2C389&ssl=1)
“എപ്പോഴും മാറുന്ന കാര്യത്തിന് എങ്ങനെ സിദ്ധാന്തം ഉണ്ടാക്കും? അതും ഇത്രേം കൊഴാമറിച്ചിലുള്ള കാര്യങ്ങളിൽ?”
“അതാണു ശാസ്ത്രജ്ഞരുടെ സമർപ്പണം. ഏഴെട്ടുകൊല്ലത്തെ നിരന്തരപഠനത്തിലൂടെ അദ്ദേഹം മുൻകാലങ്ങളിലെയും ഭാവിയിലെയും കാലാവസ്ഥാമറ്റങ്ങൾ നിർണ്ണയിക്കാവുന്ന ഒരു മാതൃക വികസിപ്പിച്ചു. ഭൂമിയിലെ മാത്രമല്ല, മറ്റു ഗ്രഹങ്ങളിലെ കാലാവസ്ഥാമാറ്റംപോലും പഠിച്ച് അദ്ദേഹം സിദ്ധാന്തങ്ങൾ ഉണ്ടാക്കി.”
“വൗ!!! അതെന്താണ്?”
“പറയാം. ഭൂമിയുടെ നില്പിലെയും നടപ്പിലെയും മൂന്നു സവിശേഷതകൾ ആധാരമാക്കിയാണ് അദ്ദേഹം സിദ്ധാന്തം ഉണ്ടാക്കിയത്. അതിൽ ഒന്നാണ് നേരത്തേ പറഞ്ഞ എക്സെൻട്രിസിറ്റി. ഭൂമിയുടെ എക്സെൻട്രിസിറ്റിക്ക് വ്യത്യസ്ത കാലചക്രങ്ങളുള്ള മൂന്നു ഘടകങ്ങൾ മിലങ്കോവിച്ച് കണ്ടെത്തി – ഒന്ന് 4,13,000 കൊല്ലംകൊണ്ട് ഉണ്ടാകുന്നത്; 95,000 കൊല്ലത്തിന്റെ വേറൊന്ന്; പിന്നെയൊന്ന് 1,25,000 കൊല്ലംകൊണ്ട് ഉണ്ടാകുന്നതും. ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഘടകങ്ങൾ അദ്ദേഹം ഒന്നിച്ച് എടുത്തു. ഉദ്ദേശം ഒരുലക്ഷം വർഷം എന്ന് ആ ചക്രത്തെ അദ്ദേഹം നിർദ്ദേശിച്ചു. അതാണു ഞാൻ നേരത്തേ പറഞ്ഞ ഒരുലക്ഷം വർഷത്തിന്റെ കണക്ക്.”
“ങും. പക്ഷെ…, ടീച്ചറേ, അത്രയ്ക്കൊന്നും ഞാൻ താങ്ങില്ല.”
“ശരി, ആയിക്കോട്ടെ. ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞിരുന്നാൽമതി. അതിന്റെ വിശദമായ കാര്യങ്ങൾ പൂവ് വലുതായിട്ടു പഠിച്ചാൽ മതി.”
“ങൂം…” പൂവ് പിന്നെയും എന്തോ ആലോചിച്ചു. “…അപ്പോൾ ഇത്രയേറെ ചലനങ്ങളാണു നമ്മുടെ ഭൂമിയുടെ കാര്യത്തിൽപ്പോലും ഉള്ളത്!”
“അല്ല പൂവേ. മിലങ്കോവിച്ച് പഠനം നടത്തിയതിൽ എക്സെൻട്രിസിറ്റി മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂ. വേറെയും രണ്ടു ചലനങ്ങൾ ഉണ്ടെന്നു പറഞ്ഞില്ലേ?”
“അയ്യോ!” പൂവ് തലയിൽ കൈവച്ചു. പിന്നെ ചിരിച്ചു. “എന്നാലും ഇതൊക്കെ അറിയുന്നത് എന്തൊരു രസമാ! അല്ല ടീച്ചറേ, നമ്മളെ ബാധിക്കുന്ന ചലനങ്ങളാണോ ഇനിയുമുണ്ട് എന്നു പറഞ്ഞത്?”
“അതേല്ലോ. കാലാവസ്ഥാമാറ്റവുമായി ബന്ധമുണ്ടെന്നു മിലങ്കോവിച്ചുതന്നെ കണ്ടെത്തിയ ചലനങ്ങളാണ് അവ. അവയും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചക്രങ്ങളാണ്. ഇവയെ മിലങ്കോവിച്ച് സൈക്കിളുകൾ എന്നാണു വിളിക്കുന്നത്.”
“എന്നാൽപ്പിന്നെ അതുരണ്ടുംകൂടി അറിഞ്ഞുകളയാം.” പൂവ് കസേരയിൽ ഒന്നുകൂടി ഉറച്ചിരുന്നു.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/rer.jpg?resize=998%2C880&ssl=1)
കഴിഞ്ഞ നാലുലക്ഷം വർഷത്തെയും അടുത്ത 25,000 വർഷത്തെയും ഭൂമിയുടെ പാതയിലെ എക്സെൻട്രിസിറ്റി കാണാവുന്ന ഇന്ററാക്റ്റീവ് ആനിമേഷൻ വീഡിയോ. താഴെയുള്ള ബട്ടണുകളിൽ ആദ്യരണ്ടെണ്ണം ഉപയോഗിച്ച് ഭൂമിയുടെ പാതയുടെ മുകളിൽനിന്നും വശത്തുനിന്നുമുള്ള കാഴ്ച തെരഞ്ഞെടുക്കാം. വലതുവശത്തെ ബാടിലുള്ള പോയിന്റർ ഉയ്രത്തുകയും താഴ്ച്ത്തുകയും ചെയ്താൽ വിവിധ കാലങ്ങളിലെ എക്സെൻട്രിസിറ്റി കാണാം.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
![](https://i0.wp.com/luca.co.in/wp-content/uploads/2024/07/EP2-FEATURE.png?resize=1024%2C563&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2024/08/Cover-2.png?resize=1024%2C563&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2024/12/ep-21-1.png?resize=1024%2C563&ssl=1)