Read Time:16 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

 ഭൂമിയുടെ സഞ്ചാരപാതയ്ക്ക് അരലക്ഷത്തോളം കൊല്ലം‌കൊണ്ടു നീളം കൂടുകയും പിന്നത്തെ അരലക്ഷത്തോളം കൊല്ലംകൊണ്ടു നീളം കുറയുകയും ചെയ്യും എന്നതുതന്നെ പൂവിനെ വട്ടുപിടിപ്പിച്ചിരുന്നു. ‘അതും ആക്സിസിന്റെ ചരിവുംകൂടിച്ചേരുമ്പോൾ… അപ്പോൾ എന്താകും സംഭവിക്കുക…’ പൂവ് ചിന്തിച്ചു. “അല്ല ടീച്ചറേ, ഇതൊക്കെ എനിക്കു മനസിലാകുന്ന കാര്യങ്ങൾ ആണോ?”

“പൂവ് നല്ല ബുദ്ധിമാനല്ലേ? മനസിലാകാതെ എവിടെ പോകാൻ!”

“ങും” എത്ര ഗഹനമായ കാര്യവും പറഞ്ഞു മനസിലാക്കിത്തരാനുള്ള ടീച്ചറുടെ കഴിവ് പൂവിനു നന്നായി ബോദ്ധ്യമുണ്ട്. അതുകൊണ്ട്, അവൻ ആത്മവിശ്വാസത്തോടെ പുതിയ അറിവുകൾക്കായി കാതു കൂർപ്പിച്ചു.

ഷംസിയട്ടീച്ചർ നന്നേ ലളിതമായി വിശദീകരിച്ചു. “ദീർഘവൃത്തത്തിലുള്ള പാതയ്ക്ക് വൃത്തത്തെപ്പോലെ ഒരു കേന്ദ്രമല്ല ഉള്ളത്. രണ്ടു കേന്ദ്രങ്ങളുണ്ട്. ദീർഘവൃത്തത്തിന്റെ അഥവാ എലിപ്സിന്റെ ഫോക്കസ് എന്നാണ് ഇവയെ ഓരോന്നിനെയും വിളിക്കുന്നത്. ഗ്രഹം ആ പാതയിൽ ചുറ്റുമ്പോൾ രണ്ടു ഫോക്കസുകളിൽ ഒന്നിൽ ആയിരിക്കും സൂര്യൻ.”

“എലിപ്റ്റിക്കൽ പാതയിൽ സഞ്ചരിക്കുന്ന എല്ലാ ഗോളത്തിന്റെയും കാര്യം ഇങ്ങനെയാണോ?”

“അതെ. മറ്റു യൂഥങ്ങളിലും ഒരു ഫോക്കസിൽ അതിലെ നക്ഷത്രമാകും. ഉപഗ്രഹങ്ങളുടെ കാര്യത്തിൽ ഗ്രഹവും. രണ്ടാമത്തെ ഫോക്കസ് ശൂന്യമായിരിക്കും.” 

“ശരിയാ. ഭൂമിയുടെയും ഗ്രഹങ്ങളുടെയുമൊക്കെ സഞ്ചാരപാതകളുടെ പടങ്ങളിൽ സൂര്യൻ അതിന്റെ നടുക്കല്ലല്ലോ. ഒരു ഭാഗത്തേക്കു നീങ്ങിയല്ലേ.” 

“അതെ. പൂവിന് എലിപ്സ് വരയ്ക്കാൻ അറിയാമോ?” 

“അറിയാം. സ്കൂളിൽ ഡ്രോയിങ് ടീച്ചർ പഠിപ്പിച്ച ഒരു സൂത്രമുണ്ട്. രണ്ട് കുത്തിട്ട് അവയിൽ ഓരോ മൊട്ടുസൂചി കുത്തിനിർത്തി നൂലും പെൻസിലുംകൊണ്ട് ഒരു സൂത്രം.” 

“അതെ. ആ രണ്ടു മൊട്ടുസൂചിക്കുത്തുകളാണു ഫോക്കസുകൾ. രണ്ടറ്റവും കൂട്ടിക്കെട്ടിയ ഒരു നൂല് ആ മൊട്ടുസൂചികൾക്കു ചുറ്റുമായി ഇട്ട് അതിൽ പെൻസിൽ വച്ച് വലിച്ചുപിടിച്ചു വട്ടം ചുറ്റും, അല്ലേ?” 

“അതെ.” ജിജ്ഞാസ പൂവിനെ അക്ഷമനാക്കി. “എന്നിട്ടും ടീച്ചർ ഭൂമിയുടെ ചരിവും ഇതും ചേർന്നാലുള്ള പ്രശ്നം പറഞ്ഞില്ല…” 

“ഒന്ന് അടങ്ങ് പൂവേ! അതാണു പറഞ്ഞുവരുന്നത്. എലിപ്റ്റിക്കൽ പാതയിൽ ദ്രവ്യമുള്ള ഫോക്കസിൽനിന്ന് അകലെ ആയിരിക്കുമ്പോൾ ചുറ്റുന്ന ഗോളത്തിന്റെ വേഗം കുറയും. അടുത്തുള്ള ഭാഗത്തുകൂടി കടന്നുപോകുന്നതാകട്ടെ കൂടുതൽ വേഗത്തിലും ആയിരിക്കും. ഇനി ആക്സിസിന്റെ ചരിവും ചേർത്ത് ഭൂമിയുടെ കാര്യം പൂവ് ഒന്നു സങ്കല്പിക്കൂ!” 

ചൂണ്ടുവിരൽകൊണ്ടു പൂവ് വായുവിൽ നീളൻവട്ടങ്ങൾ വരച്ചു. ദൂരേക്കു പോകുമ്പോൾ വേഗം കുറച്ചും അടുത്തേക്കു വരുമ്പോൾ വേഗം കൂട്ടിയും ആ കുഞ്ഞുവിരലുകൾ കുറേവട്ടം ചുറ്റിക്കറങ്ങി. വിരൽ ആക്സിസുപോലെ ചരിച്ചു പിടിക്കാനും പൂവ് മറന്നില്ല. ഒടുവിൽ അവന്റെ കണ്ടെത്തൽ പ്രസ്താവനയായി പുറത്തുവന്നു: “പിടികിട്ടി! ദൂരെ ആയിരിക്കുമ്പോൾ ഭൂമി ആ ഭാഗം ഓടിത്തീർക്കാൻ കൂടുതൽ ദിവസം എടുക്കും. അങ്ങനെയാണോ ടീച്ചർ?”

“അതെ. അപ്പോൾ…? ഭൂമിയുടെ ചരിവും ചേർത്തു ചിന്തിക്കൂ!”

“ങും… അപ്പോൾ… ആ മാസങ്ങളിൽ സൂര്യന്റെ നേരെ വരുന്ന ഭാഗത്ത് കൂടുതൽ ദിവസം വെയിൽ കിട്ടും.”

“വേഗം കടന്നുപോകുന്ന മാസങ്ങളിലോ?”

“സൂര്യനുനേരെയുള്ള വശത്തു കുത്തനെ വെയിലു വീഴുന്ന ദിവസങ്ങൾ കുറയും.”

“മിടുക്കൻ! ഇനി ഒരു കാര്യം‌കൂടി പറഞ്ഞുതരാം. ദൂരെ ആകുമ്പോൾ ഭൂമിയുടെ വടക്കേപ്പകുതി ആണ് സൂര്യനു നേരെ. അപ്പോൾ ഭൂമിയുടെ ആ ഭാഗത്ത് – ഉത്തരാർദ്ധഗോളത്തിൽ – ഏതൊക്കെ ഋതുക്കളായിരിക്കും? പറയാമോ?”

“ങൂം… അത്… ഏതൊക്കെയാ ടീച്ചറേ?”

“പറയാം. ഗ്രീഷ്മവും വസന്തവും. അവ മറ്റു രണ്ട് ഋതുക്കളെക്കാളും – അതായത്, ഹേമന്തത്തെയും ശരത്തിനെയും‌കാൾ – നീണ്ടതാകും.”

“നീണ്ടത് എന്നു പറഞ്ഞാൽ…, എത്ര ദിവസത്തിന്റെ വ്യത്യാസം?

“ഇപ്പോൾ, എന്നുവച്ചാൽ, ഭ്രമണപഥം നീളം കുറഞ്ഞുവരുന്ന ഈ കാലത്ത്, ഗ്രീഷ്മകാലം ഹേമന്തത്തെക്കാൾ നാലരദിവസം കൂടുതലാണ്. വസന്തകാലം ശരത്‌ക്കാലത്തെക്കാൾ മൂന്നുദിവസം കൂടുതലും. രണ്ടും‌കൂടി ഏഴര ദിവസം അധികം.”

പൂവ് ഇടയിൽ കയറി ചോദിച്ചു: “അതെന്താ ആ രണ്ടു സീസണിനുമാത്രം നീളം കൂടിയത്?”

“ഓ, ഞാൻ കരുതി പൂവിന് അത് അറിയാമെന്ന്. സൂര്യൻ വടക്കെ അർദ്ധഗോളത്തിനു മുകളിൽ ഉള്ളപ്പോൾ അവിടെ ഈ രണ്ടു സീസണുകൾ ആയിരിക്കും; ഗ്രീഷ്മവും വസന്തവും. അപ്പോൾ തെക്കേ പകുതിയിൽ തണുപ്പുസീസണുകളും.”

“അതായത്, ശരത്തും ഹേമന്തവും, അല്ലേ ടീച്ചർ?”

“അതെ. സൂര്യൻ തെക്കേ പകുതിക്കു മുകളിൽ ആകുമ്പോഴോ?”

“വസന്തവും ഗ്രീഷ്മവും അവിടെയാകും.”

“അപ്പോൾ ഉത്തരാർദ്ധഗോളത്തിലോ?”

“ശരത്തും ഹേമന്തവും. ഇപ്പോൾ പിടികിട്ടി. ങാ, അപ്പോൾ, …അങ്ങനെ സീസണിനു നീളം കൂടുമ്പോൾ?

“കര കൂടുതലുള്ളത് ഉത്തരാർദ്ധഗോളത്തിൽ അല്ലെ? കടലിനെ അപേക്ഷിച്ചു കൂടുതൽ ചൂടു പിടിക്കുന്നത് കരയ്ക്കാണ്. അപ്പോൾ വെയിലിന്റെ ഫലം കൂടുതൽ അനുഭവപ്പെടും. തുടർച്ചയായ പതിനായിരക്കണക്കിനു വർഷങ്ങളിൽ ഇത് ഇങ്ങനെ തുടരുകയല്ലേ. നീണ്ടകാലം അങ്ങനെ തുടർച്ചയായി എല്ലാക്കൊല്ലവും ഒരു ഭാഗത്ത് കൂടുതൽ വെയിൽ കിട്ടിക്കൊണ്ടിരുന്നാൽ ആ ഭാഗത്തു ചൂടു കൂടില്ലേ.”

രണ്ടു പിന്നും ചരടും പെൻസിലും‌കൊണ്ട് എലിപ്സ് വരയ്ക്കുന്ന വിധം

“ഓ, ശരിയാണല്ലോ. അപ്പോ, സഞ്ചാരപാത പഴേപടി ആകുമ്പം? ഇതും പഴേപോലെ ആകുമാരിക്കും?” 

“അതെ. അപ്പോൾ രണ്ടു പകുതിയിലും സീസണുകൾ ഏതാണ്ട് ഒരുപോലെ ആകും. അവയുടെ നീളവ്യത്യാസം മാറും.”

“ഇപ്പം ഭൂമീടെ പാത വൃത്താകൃതിയോട് അടുത്തു വന്നിരിക്കുന്നൂന്നല്ലേ ടീച്ചർ പറഞ്ഞെ? ഇപ്പം വടക്കേപ്പകുതീൽ ഗ്രീഷ്മോം വസന്തോംകൂടി ഏഴരദിവസം കൂടുതലാണെന്നും പറഞ്ഞു. എങ്കിൽ, കൂടുതൽ അകലെ ആയിരുന്നപ്പം അവ ഇതിലും നീണ്ടതാരുന്നുകാണില്ലെ?”

“ആഹാ! നീയത് ഊഹിച്ചല്ലോ, ഭയങ്കരാ!”

പൂവ് വിടർന്നുചിരിച്ചു. “അങ്ങനാണെങ്കീ, വടക്കേപ്പകുതീൽ വെയിലു കിട്ടുന്ന അധികദിവസങ്ങൾ ഇപ്പം കുറഞ്ഞിരിക്കുകയല്ലേ?”

“അതേല്ലോ.”

സൂര്യനും ഭൂമിയുമായുള്ള അകലം ജനുവരിയിലും ജൂണിലും.

“എങ്കിൽ, ഉത്തരാർദ്ധഗോളത്തിൽ ചൂട് കുറഞ്ഞുവരേണ്ടേ?”

“വരണം. ഇതുകാരണം കുറയണ്ട ചൂട് കുറയുന്നുണ്ട്. പക്ഷെ, ഭൂമി സൂര്യനോടു കൂടുതൽ അടുത്ത പഥത്തിലേക്കു മാറുന്തോറും ആ അടുപ്പം‌കൊണ്ട് ചൂടു കൂടില്ലേ? നീളം‌കുറഞ്ഞ പാതയിലാകുമ്പോൾ 23 ശതമാനം‌വരെ ചൂടു കൂടുമെന്നു പറഞ്ഞതുശ്രദ്ധിച്ചില്ലേ? അതുമായി താരതമ്യം ചെയ്യുമ്പോൾ, ചൂടുസീസണുകളുടെ നീളം കുറയുന്നതുകൊണ്ടുള്ള ചൂടുകുറയൽ വളരെ ചെറുതാണ്.”

 

പൂവ് വീണ്ടും ചിന്തയിലാണ്ടു. “…ഭൂമി സൂര്യനോട് അടുത്തുള്ള വശത്താകുമ്പം സൂര്യനു നേരെ വരുന്നത്…” പൂവിന്റെ ആലോചന ചോദ്യമായി പുറത്തുവന്നു.

“ദക്ഷിണാർദ്ധഗോളം. അല്പം മുമ്പു പറഞ്ഞത് അതിനിടയ്ക്കു മറന്നോ?”

“മറന്നതല്ല, ആലോചിച്ചതാ.” ചമ്മൽ ഒഴിവാക്കാൻ പൂവ് ഒരു നമ്പർ ഇറക്കി. “അപ്പോ, ഏതു പാതേൽ ചുറ്റിയാലും എല്ലാക്കൊല്ലോം ആറുമാസം അവിടെ താരതമ്യേന ചൂടു കൂടുതൽ കിട്ടും, അല്ലെ?”

“അതെ. നീളം കുറഞ്ഞ പഥത്തിൽ ആകുമ്പോൾ ഉത്തരാർദ്ധഗോളത്തിൽ വെയിൽ നേരെ അടിക്കുന്ന അധികദിവസങ്ങൾ കുറയുമെങ്കിലും സൂര്യനോടുള്ള അടുപ്പം കൂടും അതിനാൽ ആ വശത്തു കിട്ടുന്നചൂടും കൂടും.”

“ആകെ കൺഫ്യൂഷൻ ആയല്ലോ… ഒന്ന് ചൂടു കുറയ്ക്കുമ്പോൾ മറ്റൊന്ന് ചൂടു കൂട്ടും… അല്ല, ഇതെല്ലാംകൂടി ചേരുമ്പം…” ആലോചനയ്ക്കൊടുവിൽ പൂവ് ഒരു സിദ്ധാന്തം ടീച്ചർക്കുമുന്നിൽ അവതരിപ്പിച്ചു: “ഓ, അപ്പോൾ കാലാവസ്ഥാമാറ്റത്തിൽ എക്സെൻട്രിസിറ്റി അത്രവലിയ ഘടകമല്ല, അല്ലെ?”

“അല്ലേ? ഒന്നുകൂടി ആലോചിച്ചുനോക്കൂ!” ഷംസിയട്ടീച്ചർ പൂവിനെ തറപ്പിച്ചൊന്നു നോക്കി. “ഭൂമിയുടെ പാത ഏറ്റവും നീണ്ടതായിരിക്കുമ്പോൾ രണ്ടറ്റത്തും കിട്ടുന്ന വെയിൽതമ്മിൽ 23 ശതമാനം വ്യത്യാസം ഉണ്ടാകും എന്നു പറഞ്ഞതു മറന്നോ? അതങ്ങനെ ആയിരക്കണക്കിനുവർഷം തുടരുമ്പഴോ? ആ കൊല്ലങ്ങളിലെല്ലാം ആ മാസങ്ങളിൽ വടക്കേപ്പകുതിയിൽ ചൂടു കുറയില്ലേ?”

“അപ്പോൾ പക്ഷെ, ആ ഭാഗത്തു വെയിൽ കിട്ടുന്ന ദിവസങ്ങളുടെ എണ്ണം കൂടില്ലെ?” പൂവ് തർക്കഭാവത്തിൽ ചോദിച്ചു.

“കൂടും.” അവന്റെ മുഖത്തെ വിജയിയുടെ ഭാവം കണ്ട് ടീച്ചർ ചുണ്ടിന്റെ വശം‌കൊണ്ടു ചിരിച്ചുകൊണ്ടു തുടർന്നു. “പക്ഷെ, അകലം‌കൊണ്ടു വെയിലിന്റെ ചൂടിൽ വരുന്ന കുറവുമായി താരതമ്യം ചെയ്യുമ്പോൾ ആ അധികദിവസത്തെ വെയിൽ അത്ര വലിയ ഘടകമല്ല. താപത്തിൽ 23 ശതമാനമല്ലേ കുറവുവരുന്നത്. ആ താപവ്യത്യാസം ചെറിയകാര്യമല്ലല്ലോ.” മനസിലായി എന്ന ഭാവത്തിൽ പൂവ് തലയാട്ടി. ടീച്ചർ തുടർന്നു: “ആക്സിസിന്റെ ചരിവ്, നീ സ്കൂളിൽ പഠിച്ചതുപോലെ, ഋതുഭേദങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത്, മൊത്തത്തിലുള്ള കാലാവസ്ഥാമാറ്റവും ഉണ്ടാക്കുന്നുണ്ട്.”

സൂര്യവെളിച്ചം കുത്തനെ വീഴുന്ന ഉത്തരാർദ്ധഗോളത്തിൽ വേനലും ദക്ഷിണാർദ്ധഗോളത്തിൽ മഞ്ഞുകാലവും.

“ഓ. അപ്പോൾ, കാലാവസ്ഥാഅറിയിപ്പിൽ, ഇന്നു മഴ പെയ്യും, നാളെ കാറ്റടിക്കും, ചൂടുകൂടും എന്നൊക്കെ പറയുന്നത് ഇതൊക്കെക്കൂടി നോക്കിയാണോ?”

“ആ കാലാവസ്ഥ അല്ല ഇത്. അത് ഇംഗ്ലിഷിലെ വെതർ. ഞാൻ ഇപ്പോൾ പറഞ്ഞത് ക്ലൈമറ്റ്. ഇംഗ്ലിഷിൽ രണ്ടു വാക്ക് ഉണ്ടെങ്കിലും മലയാളത്തിൽ രണ്ടിനും ഒറ്റ വാക്കാണ് – കാലാവസ്ഥ എന്ന്. കാലാവസ്ഥാമാറ്റം എന്ന് ഇപ്പോൾ പറയുന്നത് ക്ലൈമറ്റിലെ മാറ്റത്തെ ആണ്. കാലാവസ്ഥാവ്യതിയാനം എന്നൊക്കെ കേൾക്കാറില്ലെ?”

“ഉവ്വ് ഉവ്വ്. മനസിലായി. ആഗോളതാപനം… അതല്ലേ?”

“അതെ. ആക്സിസിന്റെ ചരിവുമായി ബന്ധപ്പെട്ട മറ്റു രണ്ടു പ്രധാന ചലനവ്യത്യാസങ്ങൾകൂടി കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. എക്സെൻട്രിസിറ്റിപോലെതന്നെ ദീർഘകാലചക്രങ്ങളുള്ള രണ്ടു ഘടകങ്ങൾ. ഇവകൂടി ചേരുമ്പോൾ ആകെ ഉണ്ടാകുന്ന ഇഫക്റ്റാണ് പ്രധാനം. അതാണ് വലിയ മാറ്റം ഉണ്ടാക്കുന്നത്.”

“ഹന്റമ്മോ! ആക്സിസിന്റെ ചരിവിനു വേറേം പ്രശ്നമോ!!!” പൂവ് പിന്നെയും അന്ധാളിച്ചു. പിന്നെ അല്പനേരം ചിന്താമഗ്നനായി. ഒടുവിൽ വീണ്ടും തത്വചിന്തകന്റെഭാവം. “ഭൂമീടെ ചലനത്തിൽപ്പോലും എന്തൊക്കെ കുരുങ്ങിമറിയലാ, അല്ലേ ടീച്ചർ!”

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലാക്ടിക് ആസിഡ് ബാക്ടീരിയങ്ങളും ഉപാപചയ പ്രവർത്തനങ്ങളിലെ മാറ്റങ്ങളും നേട്ടങ്ങളും
Next post സ്‌ക്രബ് ടൈഫസ് ഉയർത്തുന്ന പൊതുജനാരോഗ്യ ചിന്തകൾ
Close