രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
സൂര്യനെ ചുറ്റുന്ന തലത്തിന്റെ ലംബത്തിൽനിന്ന് 23½o ചരിഞ്ഞ ആക്സിസുമായുള്ള ഭൂമിയുടെ നില്പ് പൂവ് മനസിൽ ഉറപ്പിച്ചു. പുതിയ അറിവിനായുള്ള ആവേശത്തോടെ അവൻ ടീച്ചറെ പ്രോത്സാഹിപ്പിച്ചു: “ടീച്ചറേ, നില്പ് ഓകെ. അപ്പോൾ ഇനി നടപ്പ്. ഭൂമിയുടെ സഞ്ചാരപാത വൃത്തമല്ല, ദീർഘവൃത്തമാണ് എന്നു പഠിച്ചിട്ടുണ്ട്.”
“ഭൂമിയുടെ മാത്രമല്ല, എല്ലാ ഗ്രഹങ്ങളുടെയും പാത അങ്ങനെയാണ്. പക്ഷെ, എല്ലാം ഒരേ ആകൃതിയല്ല. ചിലത് വളരെ നീണ്ട വൃത്തമാകും. ചിലതിന് അത്ര നീളം ഉണ്ടാവില്ല. ചിലത് വൃത്തത്തോട് ഏതാണ്ട് അടുത്ത രൂപവും. ഭൂമിയുടെ പാത അത്രയ്ക്കങ്ങു ദീർഘമല്ല. വൃത്തത്തോട് അടുത്തതാണ്. ഇതും മനസിൽ ഉറപ്പിക്കണം.”
“ശരി, ഉറപ്പിച്ചു. ആ പാതയിൽ പിന്നെയും വ്യത്യാസം വരുമെന്നാണോ ടീച്ചർ മുമ്പേ പറഞ്ഞത്?”
“ങാ, വരും. അത് ക്രമേണ നീണ്ട് ലേശംകൂടി ദീർഘവൃത്തമാകും. വീണ്ടും വൃത്താകൃതിയോട് അടുത്തുവരും. അത് ആവർത്തിച്ചുകൊണ്ടിരിക്കും. ദീർഘവൃത്തം എന്നു കേട്ട് ഒരുപാടങ്ങു നീളും എന്നു കരുതല്ലേ. ഏകദേശം കോഴിമുട്ടപോലെ ആകും, അത്രയേ ഉള്ളൂ. പക്ഷെ, ഭൂമിയുടെ സഞ്ചാരപാത വളരെ വലുതല്ലേ? ആ വലുപ്പം വച്ചു നോക്കുമ്പോൾ ഈ വ്യത്യാസംതന്നെ വളരെ വലുതാണെന്ന് ഓർക്കണം.”
“അപ്പോൾ അതിനനുസരിച്ച് ഭൂമി സൂര്യന്റെ അടുത്തേക്കും അകലേക്കും മാറിമാറി വരുമോ?”
“അതെ, വരും. പക്ഷെ, ഒരു കാര്യം ഓർക്കണം. ഇങ്ങനെ നീളാത്തപ്പോഴും ഭൂമിയുടെ പാത അല്പം ദിർഘവൃത്തമല്ലേ? അതുകൊണ്ട്, എല്ലാക്കൊല്ലവും ഏതാനും മാസം ഭൂമി സൂര്യനിൽനിന്ന് അകലെയും ബാക്കിക്കാലം അടുത്തും ആയിരിക്കും. ഭ്രമണപഥം നീളുന്നകാലത്ത് അകലത്തിന്റെ ദൂരം കൂടും. അങ്ങനെ മനസിലാക്കണം. ”
ഭൂമിയുടെ ദീർഘവൃത്തമായ പാതയുടെ നീളം കൂടുന്നതും കുറയുന്നതുമാണ് ചിത്രത്തിൽ. യഥാർത്ഥത്തിൽ പാതയുടെ നീളത്തിൽ ഇത്രയും വ്യത്യാസം ഉണ്ടാകില്ല. എക്സൻട്രിസിറ്റി എന്ന ആശയം മനസിലാക്കാൻ വരച്ച ചിത്രമായതിനാൽ മാറ്റം അല്പം കൂടുതലാക്കി കാണിച്ചിരിക്കുന്നതാണ്.
“ശരിയാണല്ലോ…! പക്ഷെ, അതൊന്നും നാം എപ്പോഴും ഓർക്കാറില്ല! അപ്പോൾ, പാതയ്ക്കു വ്യത്യാസം വന്നില്ലെങ്കിലും സൂര്യനും ഭൂമിയുമായുള്ള അകലം ഓരോ നിമിഷവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും, അല്ലെ?”
“അതെ. അതിന്റെ ശരാശരിയാണ് സൂര്യനിലേക്കുള്ള ദൂരമായി നാം പറയുന്ന 14 കോടി 96 ലക്ഷം കിലോമീറ്റർ. ഇപ്പോൾ ഞാൻ പറയുന്ന മാറ്റം അതല്ല. ആ ദീർഘവൃത്തപാതയുടെതന്നെ നീളം കൂടുകയും വീണ്ടും കുറഞ്ഞ് പഴയപോലെ ആകുകയും ചെയ്യുന്ന കാര്യമാണ്. ഇതു കാരണം സൂര്യനിൽനിന്നുള്ള അകലങ്ങൾക്ക് ഏറെക്കാലംകൊണ്ട് ഏറ്റക്കുറവ് ഉണ്ടാകും.”
“ങും, മനസിലായി. കൊല്ലംതോറും ഭൂമി ചുറ്റിക്കറങ്ങുന്ന പാത ഒരുപാടുകാലംകൊണ്ട് നീളുകയും കുറുകുകയും ചെയ്യുന്നുണ്ട്, അല്ലെ? ഭ്രമണപഥത്തിന്റെ ആകൃതിതന്നെ മാറുന്നു എന്ന്.”
“അതെ. ഏതാണ്ട് ഒരുലക്ഷം വർഷത്തിനിടെ ആ പാതയുടെ നീളം കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്.”
“മറ്റു ഗ്രഹങ്ങളാണ് ഈ മാറ്റത്തിനു കാരണം, അല്ലേ?”
“അതെ. മുമ്പേ പറഞ്ഞപോലെ എല്ലാ ഗ്രഹങ്ങളുടെയും പാത ദീർഘവൃത്തമാണ്. മറ്റു ഗ്രഹങ്ങളുടെ സ്വാധീനമാണ് ഓരോ ഗ്രഹത്തിന്റെയും പാതകളിൽ മാറ്റം വരുത്തുന്നത്. ഗ്രഹപാതയുടെ ഈ മാറ്റത്തിന് ‘എക്സെൻട്രിസിറ്റി’ എന്നാണ് ശാസ്ത്രജ്ഞർ ഇട്ടിട്ടുള്ള പേര്.”
“എക്സെൻട്രിസിറ്റി എന്നു പറഞ്ഞാൽ കിറുക്കെന്നല്ലേ അർത്ഥം?!” പൂവ് നെറ്റി ചുളിച്ച് ചോദിച്ചു.
“അങ്ങനെയും അർത്ഥമുണ്ട്. എക്സെൻട്രിസിറ്റിക്കു വേറെയും ഉണ്ട് അർത്ഥങ്ങൾ – സ്വഭാവവൈകൃതം, കേന്ദ്രത്തിന്റെ സ്ഥാനം തെറ്റൽ, എന്നൊക്കെ. ഇപ്പോൾ കേസ് തീർന്നില്ലേ?” പൂവ് തലകുലുക്കി. ടീച്ചർ തുടർന്നു: “വൃത്താകൃതിക്ക് എക്സെൻട്രിസിറ്റി ഇല്ല. അതു പൂജ്യമാണ്. അതു ദീർഘവൃത്തം ആകുന്നതിന് അനുസരിച്ച് എക്സെൻട്രിസിറ്റി കൂടിവരും.”
“ശരി ശരി. സംഗതി പിടികിട്ടി.”
“എങ്കിൽ, ഭൂമിയുടെ ഭ്രമണപഥത്തിന്റെ നീളം കുറയുന്നത് ആദ്യം സങ്കല്പിക്കുക. അപ്പോൾ അത് വൃത്താകൃതിയോട് കൂടുതൽ അടുക്കുമല്ലോ. അതു ഭാവനയിൽ കണ്ടല്ലേ പൂവ് ചോദിച്ചത്, ഭൂമി സൂര്യന്റെ അടുത്തേക്കും അകലേക്കും മാറിമാറി വരുമോ എന്ന്.”
“അതെ.”
“ആ ചോദ്യവും ശരിയാണ്. സഞ്ചാരപാത വൃത്താകൃതിയോട് അടുക്കുമ്പോൾ, സൂര്യനിൽനിന്നു ഭൂമി പോകുന്ന ഏറ്റവും കൂടിയ അകലം കുറയും. അപ്പോൾ സൂര്യനിൽനിന്നു കിട്ടുന്ന ചൂടിന്റെ അളവു കൂടും. പാത കൂടുതൽ നീണ്ടതാകുമ്പോഴോ?”
“ഏറ്റവും അകന്നുപോകുന്ന ദൂരം കൂടും. അപ്പോൾ ആ സമയം സൂര്യനിൽനിന്നു കിട്ടുന്ന ചൂടു കുറയും, അല്ലെ?”
“അതെ.”
“ഇതൊക്കെത്തമ്മിൽ എത്ര ചൂടുവ്യത്യാസം ഉണ്ടാകും, ടീച്ചറേ? വലിയ വ്യത്യാസമാ?”
“അതു മനസിലാക്കാൻ ഒരു കണക്കു പറയാം. പാത ഏറ്റവും ദീർഘം ആയിരിക്കുന്ന കാലത്തെ കാര്യം ആദ്യം പറയാം. അക്കാലത്ത്, ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോൾ കിട്ടുന്നതിലും 23 ശതമാനം കൂടുതൽ സൂര്യവെളിച്ചം ഏറ്റവും അടുത്തായിരിക്കുമ്പോൾ കിട്ടും.”
“ഓ! അത്രയ്ക്കു വ്യത്യാസം വരും, അല്ലെ!”
“അതെ. ആ കാലത്ത് എല്ലാക്കൊല്ലവും ഇത് ഇങ്ങനെ ആയിരിക്കും. പാതയുടെ നീളം കുറയുംതോറും ഈ വ്യത്യാസം കുറഞ്ഞുവരും. പാത വൃത്താകൃതിയോട് ഏറ്റവും അടുക്കുമ്പോൾ ഈ വ്യത്യാസം നന്നേ കുറയും. അപ്പോൾ വർഷം മുഴുവൻ ഭൂമിയിൽ വീഴുന്ന സൂര്യപ്രകാശത്തിന്റെ അളവ് ഏറെക്കുറെ തുല്യം ആകും.”
എന്തോ കണ്ടുപിടുത്തം നടത്തിയ ഭാവത്തിൽ പൂവ് ഗൗരവത്തിൽ ചോദിച്ചു: “ഇപ്പോൾ നമ്മുടെ പാത നീണ്ടതോ വൃത്തത്തോട് അടുത്തതോ?”
“നല്ല ചോദ്യം! ഇപ്പോൾ നീളം ഏറ്റവും കുറഞ്ഞ രൂപത്തിലേക്ക് പാത എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. വൃത്തത്തോട് അടുത്ത രൂപം. എക്സെൻട്രിസിറ്റി കുറവായ അവസ്ഥ. വരുംകാലത്ത് എക്സെൻട്രിസിറ്റി അല്പംകൂടി കുറയും. അങ്ങനെ ഏറ്റവും നീളം കുറഞ്ഞ അവസ്ഥ എത്തും. എന്നിട്ടു വീണ്ടും കൂടാൻ തുടങ്ങും.”
“ങും. ചുമ്മാതല്ല കഴിഞ്ഞ നാലഞ്ചു കൊല്ലമായി ചൂടു കൂടുതൽ!” മുതിർന്നവരെപ്പോലെ ഗൗരവത്തിലുള്ള പൂവിന്റെ ഡയലോഗ് കേട്ടു ടീച്ചർ ചിരിച്ചുപോയി.
ചിരി അടക്കി ടീച്ചർ പറഞ്ഞു: “അല്ല പൂവേ. ഇപ്പോഴത്തെ ചൂടുകൂടലിന്റെ കാരണങ്ങൾ വേറെ ആണ്. ഭൂമിയുടെ സഞ്ചാരപാതയിലെ മാറ്റവും അതുകൊണ്ടുള്ള ചൂടുവ്യത്യാസവും ഇങ്ങനെ ആണ്ടോടാണ്ട് അനുഭവപ്പെടുന്ന കാര്യമല്ല. അത് ഏതാനും കൊല്ലംകൊണ്ടൊന്നും ഉണ്ടാകുന്നതല്ല. ഒരുലക്ഷം കൊല്ലംകൊണ്ടൊക്കെ ആണ് പാതയ്ക്ക് ഈ നീളലും കുറുകലും ഉണ്ടാകുന്നതെന്നു നേരത്തേ പറഞ്ഞതു മറന്നോ?”
“ഓഹ്! ഞാൻ വിചാരിച്ചു…” ചെറിയ ചമ്മലോടെ അവൻ തല ചൊറിഞ്ഞ് ഇരുന്നു. “അതു പോകട്ടെ.” അവൻ വിഷയം മാറ്റി. “അപ്പോൾ പതിനായിരക്കണക്കിനു വർഷങ്ങൾ ഭൂമി സൂര്യനോട് അടുത്തുള്ള പാതകളിൽ ആകും കറങ്ങുക. പതുക്കെപ്പതുക്കെ പാത നീളുമല്ലോ. നീളം കൂടിയ ആ പാതകളിൽ ആകും പിന്നെ പതിനായിരക്കണക്കിനു വർഷം കറക്കം. അങ്ങനെയാണോ?”
“തീർച്ചയായും. അങ്ങനെതന്നെയാണ്.” പൂവിനെ ചുമലിൽ തട്ടി ടീച്ചർ പ്രോത്സാഹിപ്പിച്ചു. “നീളം കുറഞ്ഞ പാതയിൽ, അതായത് സൂര്യനോട് അടുത്ത്, ചുറ്റുന്ന പതിനായിരക്കണക്കിനു വർഷങ്ങൾ ചൂടു കൂടുതൽ കിട്ടുന്ന കാലമായിരിക്കും. ചൂടു കുറയുന്ന കാലവും അങ്ങനെതന്നെ – പതിനായിരക്കണക്കിനു വർഷങ്ങൾ.”
“ങും, ഇപ്പം മനസിലായി.” പക്ഷെ, പൂവ് വീണ്ടും സംശയാലുവായി. “അപ്പോൾ, പാതയുടെ ആകൃതി മാറുന്നതും നേരത്തേ ടീച്ചർ പറഞ്ഞ ഭൂമിയുടെ ചരിഞ്ഞ നില്പും തമ്മിൽ എന്തു ബന്ധം?”
“അവ തമ്മിൽ ബന്ധമൊന്നും ഇല്ല. പക്ഷെ, അവ രണ്ടുംകൂടി ചേരുമ്പോൾ ചിലതൊക്കെ സംഭവിക്കും. പറയാം.”
ഈ വീഡിയോയിൽ ഭൂമിയുടെ സഞാരപാത നീളുന്നതും കുറുകുന്നതും കാണാം. ഇതിൽ പക്ഷെ, നീണ്ടശേഷമുള്ള ഒരു പ്രദക്ഷിണവും നീളം കുറഞ്ഞിരിക്കുമ്പോഴുള്ള ഒരു പ്രദക്ഷിണവുമേ കാണിക്കുന്നുള്ളൂ. യഥാർത്ഥത്തിൽ അങ്ങനെയല്ലല്ലോ. ഈ നീളലും കുറുകലും ഒരുവട്ടം സംഭവിക്കാൻ ഒരുലക്ഷം വർഷം എടുക്കുമല്ലോ. അപ്പോൾ, ഈ മാറ്റം ഒരുവട്ടം സംഭവിക്കുന്നതിനിടയ്ക്ക് ഭൂമി സൂര്യനെ ഒരുലക്ഷം തവണ ചുറ്റും. അതും ചേർത്ത് ഈ പ്രതിഭാസം സങ്കല്പിക്കൂ!
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള