Read Time:16 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

 രാവിലേതന്നെ ഷംസിയട്ടീച്ചറുടെ സ്വീകരണമുറിയിൽ മണി മുഴങ്ങി. വാതിൽ തുറന്നപ്പോൾ പൂമുഖത്ത് പൂവ് അങ്ങനെ വിടർന്നു പരിലസിക്കുന്നു. പ്രപഞ്ചത്തിലേക്കു തുറന്നിരിക്കുന്ന ആ പൂമുഖത്തുതന്നെ ഇരുവരും ഇരുന്നു. 

“എന്താ പൂവേ, ഗ്രഹങ്ങൾ വല്ലതും വഴിതെറ്റിവന്നു പൂവിനെ ഇടിച്ചോ? അതോ അവർ തമ്മിൽത്തമ്മിൽ ഇടിപിടി ആയോ?” 

“ഏയ്, ഒന്നുമില്ല. ഇന്നലെ ടീച്ചർ ആ സോഫ്റ്റ്‌വെയറിന്റെ കാര്യം പറഞ്ഞില്ലേ, സൂര്യന്റെ ബേരിസെന്റർ കണക്കാക്കുന്ന സോഫ്റ്റ്‌വെയർ. അതുണ്ടാക്കിയത് ഗുരുത്വാകർഷണം പഠിക്കുന്ന ശാസ്ത്രജ്ഞരാണെന്നു പറഞ്ഞല്ലോ. അത് ആലോചിച്ചപ്പഴാ ഓർത്തത്. ടീച്ചറോടു ചോദിക്കണമെന്നു പലപ്പഴും വിചാരിച്ചിട്ടുള്ള കാര്യമാ. …ശരിക്കും എന്താ ഈ ഗുരുത്വാകർഷണം? എങ്ങനെയാ അത് പ്രവർത്തിക്കുന്നെ?” 

“അയ്യോ! അത് അങ്ങനിങ്ങനൊന്നും പറഞ്ഞുമനസിലാക്കാൻ പറ്റാത്ത ഒരു വിഷയമാ. ശാസ്ത്രജ്ഞർക്കുതന്നെ വലിയ പിടിപാട് ഇല്ലാത്ത വിഷയം. ഗുരുത്വാകർഷണത്തിന്റെ സ്വാധീനവും ഫലവുമൊക്കെ നമുക്കു നന്നായി അറിയാം. പക്ഷെ, അത് എങ്ങനെയാണു പ്രവർത്തിക്കുന്നത് എന്നതു മനസിലാക്കാനാണ് ലോകത്ത് ഏറ്റവും പ്രധാന ഗവേഷണങ്ങൾ ഇന്നു നടക്കുന്നത്. അത് പിന്നൊരിക്കൽ പറഞ്ഞുതരാം. അതാണു നല്ലത്.”  

“ഉം… ടീച്ചറേ, ടീച്ചർ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചപ്പോൾ എനിക്കു വേറൊരു സംശയം. വലിയ മാസുള്ള ഈ ഗ്രഹങ്ങൾ സൂര്യനെപ്പോലും സ്വാധീനിക്കുന്ന കാര്യം ടീച്ചർ പറഞ്ഞുതന്നല്ലോ. അപ്പോൾ ആ ഗ്രഹങ്ങൾ നമ്മുടെ ഭൂമിയെയും മറ്റു ഗ്രഹങ്ങളെയുമൊക്കെ സ്വാധീനിക്കില്ലേ? ആ സ്വാധീനിക്കലും ഗ്രഹങ്ങളുടെ സഞ്ചാരത്തെ ബാധിക്കില്ലേ?” 

“വളരെ നല്ല സംശയമാണ്. പൂവ് ചോദിച്ചില്ലെങ്കിലും പറയണമെന്നു കരുതിയിരുന്നതുമാണ്.” 

“അപ്പോൾ അത് അത്ര വലിയ വിഷയമാണോ?” 

“വലുത് എന്നല്ല, നമ്മളെയൊക്കെ ബാധിക്കുന്ന വിഷയമാണ്, വിശേഷിച്ചും ഭൂമിയുടെ ചലനങ്ങളെ സ്വാധീനിക്കുമ്പോൾ.”  

“അതെന്താ, അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?” 

“കുഴപ്പമെന്നൊക്കെ പറയാമോ എന്ന് അറിയില്ല. പക്ഷേ, നമ്മുടെ കാലാവസ്ഥയെയും ഋതുക്കളെയുമൊക്കെ അതു സ്വാധീനിക്കുന്നുണ്ട്.” 

“അതെങ്ങനെ?” 

“ഈ ഗ്രഹങ്ങളുടെ സ്വാധീനം കാരണം ഭൂമിയുടെ നില്പിലും സഞ്ചാരപാതയിലും ഒക്കെ വ്യത്യാസം ഉണ്ടാകുന്നുണ്ട്.” 

“നില്പിലോ? എന്നുവച്ചാൽ?” 

“ങാ, നില്പിന്റെ കാര്യം പറഞ്ഞാലേ നില്പിലെയും സഞ്ചാരത്തിലെയും മാറ്റങ്ങൾ മനസിലാക്കാൻ പറ്റൂ. നില്പിന്റെ കാര്യം പൂവ് സ്കൂളിൽ പഠിച്ചതാണല്ലോ.” 

ഭൂമിയുടെ ആക്സിസിന്റെ ചരിവ് By I, Dennis Nilsson, CC BY 3.0

“ടീച്ചർ ഉദ്ദേശിച്ചത് ഭൂമിയുടെ ചരിവാണോ? ഭൂമിയുടെ ആക്സിസിന്റെ 23 ½ ഡിഗ്രി ചരിവ്?” 

“അതേടാ മിടുക്കാ. ചരിവ് എങ്ങനെ, എങ്ങോട്ടാണെന്നു നിനക്കറിയാമോ?”

“ങൂം… എങ്ങോട്ടാ?”

സാധാരണഗതിയിൽ നക്ഷത്രങ്ങളെ ചുരുന്ന ഗ്രഹങ്ങളുടെ ആക്സിസ് വരുന്നത് അതു ചുറ്റുന്ന തലത്തിനു കുത്തനെ – എന്നുവച്ചാൽ ലംബമായി – ആണ്. എന്നാൽ, ഭൂമിയുടെ ആക്സിസ് അങ്ങനെ സഞ്ചാരതലത്തിനു ലംബമായല്ല. ലംബത്തിൽനിന്ന് 23 ½ ഡിഗ്രി ചരിഞ്ഞാണ്. അതുകൊണ്ടാണല്ലോ ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നത്.” 

“അങ്ങനെ പഠിച്ചിട്ടുണ്ട്. മാഷ് ഗ്ലോബ് കൊണ്ടുവച്ച് കാട്ടിത്തരികയും ചെയ്തു. എന്നാലും ശരിക്കങ്ങോട്ട് മനസിലായില്ല.” 

“ങും. ഇവിടെ ഗ്ലോബും പന്തും ഒന്നും ഇല്ലല്ലോ കാട്ടിത്തരാൻ… ങ്… ഒരു കാര്യം ചെയ്യാം. പൂവിനെ ഒരുവട്ടംകൂടി ബഹിരാകാശത്ത് അയയ്ക്കാം – സങ്കല്പറോക്കറ്റിൽ.” 

“റെഡി. ഞാൻ കയറിക്കഴിഞ്ഞു. ഏതു വഴിക്കാ പോകേണ്ടത്?” 

“ഹഹഹ! നേരത്തേ പോയി പരിചയമുള്ള വഴിതന്നെ ആകട്ടെ.” 

“നേരെ വടക്കോട്ടു കത്തിക്കട്ടേ?” 

“റെഡി! ത്രീ…, ടൂ…, വൺ…, സീറോ! വിട്ടോ…! പഴയ ദൂരത്തിൽ എത്തി നിന്നോളൂ!”

“ഭ്രൂൂൂൂൂൂൂ….”

ബഹിരാകാശത്ത് വിദൂരതയിൽ സൗരയൂഥത്തെ നോക്കി പൂവ് നിന്നു.

ഷംസിയട്ടീച്ചർ ചോദിച്ചു: “ഭൂമിയുടെ കറക്കം അറിയാമല്ലോ?” 

ഗ്രഹങ്ങളുടെ ആക്സിസിന്റെ ചരിവും പ്രദക്ഷിണദിശയും

“അറിയാം. വടക്കുനിന്നു നോക്കുമ്പോൾ വടക്കോട്ടു പെരുവിരൽ വരത്തക്കവിധം വലതുകൈ ചുരുട്ടിപ്പിടിക്കുമ്പോൾ വിരലുകൾ പോകുന്ന ദിശ. ക്ലോക്കിന്റെ കറക്കത്തിന്റെ എതിർദിശ.” 

“അതേ. പൂവ് പഠിച്ചുപോയി! ഭൂമിയുടെ ആക്സിസിനു ചരിവില്ലെന്ന് തത്ക്കാലം കരുതുക. ഉത്തരധ്രുവം നേരെ വടക്കോട്ട്. ദക്ഷിണധ്രുവം നേരെ തെക്കോട്ട്. ഭൂമദ്ധ്യരേഖ സൂര്യന്റെ നേരെ. ശരി, ഭൂമിയെ സൂര്യന്റെ ഏതുഭാഗത്താ പൂവ് നിർത്തിയിരിക്കുന്നെ?” 

“നേരെ പടിഞ്ഞാറുവശത്ത്”

“ഓകെ! അപ്പോ… റെഡി!” ടീച്ചറുടെ കമാൻഡ്: “ഭൂമി സൂര്യനെ ചുറ്റട്ടെ!” 

“ചുറ്റുന്നു.” 

“ശരി. ഒരു വട്ടം കറങ്ങാൻ 12 മാസം. അപ്പോൾ കാൽഭാഗം താണ്ടാൻ മൂന്നു മാസം. മൂന്നുമാസംകൊണ്ട് ഭൂമി എവിടെയെത്തി?” 

“സൂര്യന്റെ നേരെ മുകളിൽ.”

“സങ്കല്പക്കാരാ, ഭൂമിയുടെ അക്ഷം നേരെ തെക്കുവടക്കുതന്നെ ആണല്ലോ, അല്ലേ?”

“അതെ. മാറ്റാൻ ടീച്ചർ പറയുന്നതുവരെ അങ്ങനെതന്നെ.”

“ഇപ്പോഴും ഭൂമദ്ധ്യരേഖ സൂര്യന്റെ നേരെതന്നെ അല്ലേ?” 

“അതെ.” 

“എന്നുവച്ചാൽ, ഇപ്പഴും കുത്തനെ വെയിൽ വീഴുന്നത് മദ്ധ്യരേഖാപ്രദേശത്താണ്. മൂന്നുമാസംകൂടി കറങ്ങട്ടെ. ഇപ്പഴോ? 

“ഇപ്പോ ഭൂമി സൂര്യന്റെ കിഴക്കുവശത്ത്. മദ്ധ്യരേഖയിൽത്തന്നെ കുത്തനെ വെയിൽ.” 

“ഒരു മൂന്നുമാസംകൂടി കറങ്ങൂ!” 

“ഇപ്പോൾ സൂര്യന്റെ നേരെ കീഴിൽ. സൂര്യന്റെ നേർക്ക് മദ്ധ്യരേഖതന്നെ.” 

“മൂന്നുമാസംകൂടി കഴിയുമ്പോൾ തുടങ്ങിയ സ്ഥാനത്ത് എത്തില്ലേ?” 

“എത്തി. ഇപ്പോഴും സൂര്യരശ്മി കുത്തനെ വീഴുന്നത് മദ്ധ്യരേഖയിൽത്തന്നെ – തുടങ്ങിയപ്പോഴത്തെപ്പോലെ.” 

“ഇതുവരെ ആക്സിസ് ഭൂമിയുടെ സഞ്ചാരതലത്തിനു ലംബം ആയിരുന്നല്ലോ. ലംബം എന്നുവച്ചാൽ കുത്തനെ.  ഇനി അത് പൂവ് പഠിച്ചപോലെ 23 ½ ഡിഗ്രി ചരിക്കൂ! പൂവിന്റെ സങ്കല്പപ്രകാരം ഇപ്പോൾ സൂര്യരശ്മികൾ കുത്തനെ വീഴുന്നത് ഏതുഭാഗത്താ?” 

“ഭൂമദ്ധ്യരേഖയിൽത്തന്നെ.” 

“ഓഹോ. അപ്പോൾ പൂവ് ആക്സിസ് ചരിച്ചത് മുകളിലേക്കോ താഴേക്കോ ആണ്.”

“അതെ, മുകളിലേക്ക്.” 

“ആയിക്കോട്ടെ. പ്രപഞ്ചത്തിൽ മുകളും താഴെയും തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എല്ലാം ആപേക്ഷികമാണല്ലോ. അപ്പോൾ പൂവിന്റെ തല മേലോട്ടും കാലു കീഴോട്ടും എന്നതും ആപേക്ഷികമല്ലേ? മറ്റൊരാൾ നോക്കുമ്പോൾ പൂവിന്റെ തല കിഴക്കോട്ടും കാലു പടിഞ്ഞാട്ടും ആണെന്നു തോന്നാം. വേറൊരാൾക്ക് പൂവ് തലകുത്തി നില്ക്കുന്നതായി തോന്നാം. അതുപോലെ പൂവിന്റെ പടിഞ്ഞാറ് മറ്റൊരാൾക്ക് മുകളിലോ കീഴെയോ ആകാം. സ്വന്തം സ്ഥാനവും നില്പും സ്വയം സങ്കല്പിക്കുന്നതിന് അനുസരിച്ചിരിക്കും.” 

പൂവ് സങ്കല്പലോകത്തു വീണ്ടും മുഴുകി. ഭൂമിയിൽ പല ഭാഗത്തു നിന്ന് ആളുകൾ തന്നെ നോക്കുന്നതും അവർ തന്നെ കാണുന്നതും അവൻ ഭാവനയിൽ കണ്ടു. “ഓ! അതുശരി! അപ്പോൾ സ്പേസിലെ എന്റെ കിഴക്കും പടിഞ്ഞാറുമെല്ലാം എന്റെമാത്രം! ഒക്കെ സങ്കല്പം പോലെ, അല്ലേ ടീച്ചർ?” 

“അതേല്ലോ. ഇപ്പോൾ വെറുതെ ഓർമ്മിപ്പിച്ചെന്നേയുള്ളൂ. നമുക്ക് അതു വിടാം. ഭൂമിയെ കറക്കാം. ആക്സിസിന്റെ ചരിവ് എപ്പോഴും അങ്ങനെതന്നെ നില്ക്കണം. ദിശ മാറരുത്.” 

“ഇല്ല. എവിടേക്കു നീങ്ങിയാലും ആക്സിസ് എന്റെ കാഴ്ചപ്രകാരം മുകളിലേക്ക്. അതു മാറ്റില്ല.” പൂവ് കണ്ണടച്ചു ബഹിരാകാശകാഴ്ചക്കാരൻ ആയി. “മൂന്നുമാസംവീതം‌തന്നെ കറക്കട്ടെ?” 

“ആകട്ടെ. തുടങ്ങിയത് നിന്റെ കണക്കിൽ സൂര്യന്റെ പടിഞ്ഞാറുനിന്നല്ലേ? ഇപ്പോൾ മുകളിൽ എത്തിയോ?” 

“ങാ, എത്തി.” 

“ഇപ്പോൾ എവിടെയാ സൂര്യരശ്മി നേരെ പതിക്കുന്നത്?” 

“ഒരു വശത്താണ്. മദ്ധ്യരേഖയിലല്ല.” 

“സയൻസ് പറയുമ്പോൾ അങ്ങനെ പറഞ്ഞാൽപ്പോര. ഏതു വശത്തെന്നു പറയണം.” 

“ങൂം… ഭൂമിയുടെ തെക്കേപ്പകുതിയിൽ… മദ്ധ്യരേഖയിൽനിന്നു കുറേ തെക്കോട്ടു മാറി. പക്ഷെ, എത്ര മാറി എന്ന് പറയാൻ അളക്കാനൊന്നും മാർഗ്ഗമില്ലല്ലോ.” 

“അതു ശരിയാണ്. ഭൂമിയുടെ പുറത്ത് അക്ഷാംശരേഖകൾ വരച്ചിട്ടുണ്ടായിരുന്നെങ്കിൽ തെക്കേ അക്ഷാംശം 23 ½ ഡിഗ്രിയിലാണു വെയിൽ കുത്തനെ പതിക്കുന്നത് എന്നു കാണാൻ കഴിഞ്ഞേനെ; അതായത് ദക്ഷിണായനരേഖയിൽ.”

“ഇപ്പോൾ ആ രേഖയാണ് സൂര്യന്റെ നേരെ, അല്ലേ ടീച്ചർ?” 

“അതെ. മൂന്നുമാസംകൊണ്ട് അവിടേക്ക് എത്തി. ഓരോ ദിവസവും സൂര്യന്റെ നേർക്കുള്ള ഭാഗം ഭൂമദ്ധ്യരേഖയിൽനിന്നു കുറേശെ മാറിമാറിയാണ് ഇപ്പോൾ ദക്ഷിണായനരേഖ സൂര്യന്റെ നേരെ എത്തിയത്. അതുശ്രദ്ധിച്ചോ?” 

“അയ്യോ, ഇല്ല. എന്നാ, ഈ നീക്കം ഞാനൊന്നു സ്ലോ മോഷനിൽ ഇട്ടു നോക്കട്ടെ!” പൂവ് കയ്യും കലാശവുമൊകെ കാട്ടി സ്ലോമോഷൻ സങ്കല്പിച്ചു. 

“പൂവേ! അപ്പോൾ ഭൂമിയിൽ നില്ക്കുന്ന ഒരാൾക്ക് ആ മാറ്റം എങ്ങനെയാ തോന്നുക എന്നുകൂടി ഒന്നു സങ്കല്പിക്കൂ!” 

പൂവ് വീണ്ടും സങ്കല്പലോകത്ത്. “… ങൂം… സൂര്യൻ തെക്കോട്ടുതെക്കോട്ടു നീങ്ങി ആ രേഖേടെ മുകളിൽ എത്തുന്നതായി തോന്നും. അത് ഞാൻ കണ്ടിട്ടുള്ളതാ. സൂര്യൻ അങ്ങനെ തെക്കോട്ടു പോകുന്നേന് ദക്ഷിണായനം എന്നും വടക്കോട്ടു പോകുന്നേന് ഉത്തരായനം എന്നും പറേമെന്നും അറിയാം. ഇപ്പോ സംഗതി മനസിലായി. …എന്നാൽ, ഭൂമിയുടെ ബാക്കി കറക്കംകൂടി വിട്ടുനോക്കട്ടെ?” സങ്കല്പലോകത്തു പരുന്തിനെപ്പോലെ പൂവ് വട്ടമിട്ടു. “ഭൂമി സൂര്യന്റെ കിഴക്കുവശത്തെത്തിയപ്പോൾ സൂര്യന്റെ നേർക്കു വീണ്ടും ഭൂമദ്ധ്യരേഖ എത്തി. …സൂര്യന്റെ കീഴെ എത്തിയപ്പോൾ… ങൂം… ഉത്തരായനരേഖ.” 

“പൂവ് ഒരു അടിപൊളി സങ്കല്പക്കുട്ടപ്പൻ ആണ്, കേട്ടോ. സൂര്യന്റെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ സഞ്ചാരം യഥാർത്ഥത്തിൽ ആക്സിസിന്റെ ചരിവോടെ ഭൂമി സൂര്യനുചുറ്റും സഞ്ചരിക്കുമ്പോൾ നമുക്കുണ്ടാകുന്ന തോന്നലാണെന്ന് ഇപ്പോൾ മനസിലായില്ലേ? ഈ മാറ്റത്തിന് അനുസരിച്ചാണു ഭൂമിയുടെ വടക്കെ പകുതിയിലും തെക്കെ പകുതിയിലും ഋതുക്കൾ മാറിവരുന്നത്.” 

“അപ്പോ, ആക്സിസിന്റെ ചരിവാണ് അതിന്റെ കാരണം.” പൂവ് സിദ്ധാന്തം കണ്ടുപിടിച്ചു. “ഓ, അതാണ് ഭൂമീടെ നില്പ് എന്നു ടീച്ചർ പറഞ്ഞത്. എങ്കിൽ ഇനി നടപ്പിന്റെ കാര്യം പറ!” 

“പറയാം. പക്ഷെ, നില്പ് മനസിൽ ഉറപ്പിക്കണം. എന്നാലേ നില്പിന്റെയും നടപ്പിന്റെയും പ്രശ്നങ്ങൾ മനസിലാകൂ.” 

“ശരി. അതു ഞാൻ ഓർത്തോളാം.” അവൻ ചിരിച്ചു. 

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അറിയാനൊത്തിരി ബാക്കി – ഒരു ഹ്രസ്വചിത്രം
Close