രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“അല്ല ടീച്ചറേ, ടീച്ചർ പറഞ്ഞതു വച്ച്… ഭൂമീടെ ഗുരുത്വകേന്ദ്രത്തെയല്ലാ ചന്ദ്രൻ വലം വയ്ക്കുന്നെ?”
“ഹഹഹ! പൂവ് ആകെ കൺഫ്യൂഷനിലായോ? അതോ, മാഷ് പരീക്ഷയിൽ മാർക്കു കുറയ്ക്കുമോ എന്ന പേടിയിൽ വരുന്ന സംശയമാണോ?”ഭൂമിയും ചന്ദ്രനും അവയുടെ പൊതുഗുരുത്വകേന്ദ്രമായ ബേരിസെന്ററിനെ ചുറ്റുകയാണെന്നും അങ്ങനെ ചുറ്റിക്കൊണ്ടാണ് അവ സൂര്യനെ ചുറ്റുന്നതെന്നുമുള്ള പുതിയ അറിവ് പൂവിന്റെയുള്ളിൽ പലതരം സംശയങ്ങളുടെ വിത്തിട്ടു. ആ ബേരിസെന്റർ സൂര്യനെ ചുറ്റുന്ന പാത, വൊബ്ലിങ് കാരണം ഭൂമിയുടെ പാതയ്ക്ക് അതിൽനിന്നുണ്ടാകുന്ന നേരിയ മാറ്റങ്ങൾ, സൂര്യനുചുറ്റുമുള്ള ചന്ദ്രന്റെ തരംഗപാതയിലെ വ്യതിയാനങ്ങൾ… ഒക്കെ അവന്റെ കുഞ്ഞുമനസിൽ ചിന്തയുടെ മലരികൾ തീർത്തു. ഷംസിയട്ടീച്ചർ അതു മനസിലാക്കി: “ഞാൻ മറ്റൊരുകാര്യം ചോദിക്കാം. പൂവ് നാലാം ക്ലാസിൽ പഠിച്ചത് രണ്ടിൽനിന്നു നാലു കുറയ്ക്കാനാവില്ല എന്നല്ലേ?”
“അതെ.”
“ശരിക്കും അതു പറ്റില്ലേ?”
“പറ്റും. നെഗറ്റീവ് രണ്ട് കിട്ടും.”
“നീ അതു വലിയ ക്ലാസിൽ വന്നപ്പോഴല്ലേ പഠിച്ചത്?”
“അതെ.”
“അതുപോലെ, ചില കാര്യങ്ങൾ ആദ്യം ഏറ്റവും ലളിതമായ രീതിയിൽ പഠിക്കണം. അത്തരം കാര്യങ്ങൾ പഠിച്ചാലേ അതിലും ഗഹനമായ കാര്യങ്ങൾ മനസിലാക്കാൻ പറ്റൂ. കൂടുതൽ അറിയുമ്പോൾ കൂടുതൽ വ്യക്തത വരും. അത്രേയുള്ളൂ. നമ്മൾ പൊതുവിൽ മനസിലാക്കുന്നതുപോലെ അത്ര ലളിതമായിരിക്കില്ല പലതും.”
“പലതും? എന്നുവച്ചാൽ…?”
“ഒരു ഉദാഹരണം പറയാം. സൂര്യന്റെ ഗുരുത്വാകർഷണം മൂലം ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്നല്ലേ പൂവ് പഠിച്ചിട്ടുള്ളത്? അപ്പോൾ ഗ്രഹങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് സൂര്യന്റെ ഗുരുത്വാകർഷണമാണ്.”
“അതെ.”
“അപ്പോൾ, ഗ്രഹങ്ങൾക്കൊന്നും ഗുരുത്വാകർഷണമില്ലേ?”
“ഉണ്ട്.”
“അപ്പോൾ അവ സൂര്യനെ സ്വാധീനിക്കുന്നുണ്ടാവുമോ?”
“ങേ! ടീച്ചർ ഇതൊക്കെ എന്നോടു ചോദിച്ചാൽ എങ്ങനെയാ!?”
“പൂവ് ആലോചിക്ക്!”
“ങും… സ്വാധീനിക്കുമായിരിക്കും. പക്ഷേ, അവയെല്ലാം സൂര്യനെക്കാൾ വളരെ ചെറുതല്ലേ?”
“വലിപ്പമല്ലല്ലോ മാസല്ലേ പൂവേ, ഗുരുത്വാകർഷണത്തിന്റെ അടിസ്ഥാനം?”
“ഓ, സോറി. ഞാൻ ഉദ്ദേശിച്ചത് അതാ. പറഞ്ഞപ്പോൾ വലിപ്പം എന്ന് ആയിപ്പോയതാ.”
“ശരി. ക്ഷമിച്ചിരിക്കുന്നു. മാസ് കുറവാകുമ്പോൾ ഗുരുത്വാകർഷണവും അതിന്റെ സ്വാധീനവും ചെറിയ തോതിൽ ആയിരിക്കും. എന്നാലും സ്വാധീനിക്കും. ഏതായാലും ഉപഗ്രഹങ്ങളെ പിടിച്ചുനിർത്തി വട്ടം ചുറ്റിക്കാനുള്ള ഗുരുത്വാകർഷണമൊക്കെ ഗ്രഹങ്ങൾക്ക് ഉണ്ടല്ലോ.”
“ഉണ്ട്. പക്ഷെ, സൂര്യനെപ്പോലൊരു അതിഭീമനെ അത് സ്വാധീനിക്കുന്നതൊക്കെ നമുക്ക് എങ്ങനെ അറിയാൻപറ്റും?”
“നമുക്ക് അറിയാൻ പ്രയാസമാണ്. പക്ഷേ, ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്.”
“അപ്പോൾ, ഭൂമിയും സൂര്യനും തമ്മിൽ അങ്ങനെ ഉണ്ടോ?”
“ഉണ്ടോ? ഇതുവരെ പറഞ്ഞതുവച്ച് പൂവ് ഒന്ന് ആലോചിച്ചുനോക്കൂ!”
“ങൂം… മാസുള്ള രണ്ടു ഗോളങ്ങൾ… അപ്പോൾ… ടീച്ചറേ, സൂര്യനും ഭൂമിക്കുംകൂടി ഒരു ബേരിസെന്റർ ഉണ്ടാകുമോ?”
“കണ്ടോ. ഞാൻ പറയാറില്ലേ പൂവ് ബുദ്ധിമാനാണെന്ന്. നീ കൃത്യം പോയിന്റിലേക്ക് എത്തി! അവയ്ക്ക് ബേരിസെന്റർ ഉണ്ട്. പക്ഷെ, അത് സൂര്യന്റെ വളരെയുള്ളിലാ. സൂര്യന്റെ ആരം 6,96,000 കിലോമീറ്ററാണ്. ആരം എന്നുപറഞ്ഞാൽ റേഡിയസ്. സൂര്യന്റെ കേന്ദ്രത്തിൽനിന്ന് വെറും 449 കിലോമീറ്റർ മാത്രം മാറിയാണ് ബേരിസെന്റർ. എന്നുവച്ചാൽ, സൂര്യന്റെ വലിപ്പം വച്ചു നോക്കുമ്പോൾ ഏതാണ്ടു കേന്ദ്രത്തിൽത്തന്നെ.”
“അപ്പോൾ സൂര്യൻ വോബിൾ ചെയ്യാനുള്ള സാദ്ധ്യത ഇല്ല, അല്ലേ?”
“ഒട്ടും ഇല്ല എന്നു പറഞ്ഞാൽ ശാസ്ത്രീയമാവില്ല. പറയാൻമാത്രമൊന്നും ഇല്ല എന്ന് ഉപായത്തിൽ പറയാം. എന്നാലും സ്വല്പമെങ്കിലും ഉണ്ട് എന്നത് ഇതിലൊക്കെ താത്പര്യമുള്ള പൂവ് മനസിലാക്കിയിരിക്കണമല്ലോ.”
“ങും. അതാ എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടം.” പൂവ് ചിരിച്ചു.
“എന്നാൽ ഒരു കാര്യംകൂടി പറഞ്ഞുതരാം. ദീർഘവൃത്തത്തിൽ ആണല്ലോ ഭൂമിയുടെ സഞ്ചാരം. ദീർഘവൃത്തത്തിന് ഇംഗ്ലിഷിൽ എലിപ്സ് എന്നാണു പേര്. ദീർഘവൃത്തത്തിലുള്ള പാതയിലൂടെ പ്രദക്ഷിണം ചെയ്യുമ്പോൾ സൂര്യനുമായുള്ള ഭൂമിയുടെ അകലം വ്യത്യാസപ്പെടുമല്ലോ. അതും നേരിയതോതിൽ ഈ ബേരിസെന്ററിനെ ബാധിക്കും.”
“ഇതും നിസാരമായിരിക്കും, അല്ലേ ടീച്ചറേ. പക്ഷേ, സൗരയൂഥത്തിൽ ഏറ്റവും മാസുള്ള ഗ്രഹം വ്യാഴമല്ലേ? വ്യാഴവും സൂര്യനുമായി എങ്ങനെയാ?” പൂവ് ഗൗരവക്കാരനായി.
“ങാ, അവിടെ കളി മാറും. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ മാസ്. പോരാത്തതിന്, സൂര്യനിൽനിന്നു ഭൂമിയിലേക്ക് ഉള്ളതിലും അഞ്ചേകാൽ ഇരട്ടിയോളം അകലെയാണ് വ്യാഴം. അതൊക്കെക്കൊണ്ട് സൂര്യന്റെയും വ്യാഴത്തിന്റെയും ബേരിസെന്റർ സൂര്യനു പുറത്താണ്. സൂര്യന്റെ ഉപരിതലത്തിനും 46,000 കിലോമീറ്റർ പുറത്ത്.”
“അപ്പോൾ ഈ കേന്ദ്രത്തിനു ചുറ്റും സൂര്യനും കറങ്ങുന്നുണ്ട്! അയ്യോ! ഞാൻ കരുതിയിരുന്നത് സൂര്യൻ സൗരയൂഥത്തിന്റെ കൃത്യം കേന്ദ്രത്തിൽ നില്പാണെന്നാണ്.”
“ങ്ഹും. വ്യാഴത്തെയും സൂര്യനെയും ഒരു യൂണിറ്റായി എടുത്താൽ ഈ കേന്ദ്രത്തിനു ചുറ്റും സൂര്യനും വ്യാഴവും കറങ്ങുന്നുണ്ട്.
“എങ്കിൽ പണിയെല്ലാം പാളുമല്ലോ ടീച്ചറേ!”
“അതെന്താ? എന്തു പണി പാളാൻ? കാലാകാലമായി ഇങ്ങനെയൊക്കെയല്ലേ കാര്യങ്ങൾ നടന്നുപോകുന്നത്.”
“എന്നാലും… ബേരിസെന്റർ സൂര്യനു പുറത്താണെന്നു വരുമ്പോഴേ…” പൂവ് പിന്നെയും തല ചൊറിഞ്ഞ് ആകാശത്തുനോക്കി കുറേനേരം ഇരുന്നു.
അവന്റെ ആശയക്കുഴപ്പം മാറ്റാൻ ടീച്ചർ ഇടപെട്ടു. “സൂര്യനു പുറത്തെന്നു പറഞ്ഞെങ്കിലും സൂര്യന്റെ അന്തരീക്ഷത്തിന്റെ ഉള്ളിൽത്തന്നെയാണു കേട്ടോ. അന്തരീക്ഷത്തിലെ ഫോട്ടോസ്‌ഫിയറിനും ക്രോമോസ്‌ഫിയറിനും പുറത്താണ്. എന്നാൽ, അതിനും പുറത്തെ, എന്നുവച്ചാൽ ഏറ്റവും പുറത്തെ, ഭാഗമായ കൊറോണയ്ക്ക് ഉള്ളിലാണ്. കൊറോണയുടെ കനം 50 ലക്ഷം കിലോമീറ്ററാണ്.”
“എന്നാലും സൂര്യന് അതിനനുസരിച്ച സ്ഥാനമാറ്റം വരില്ലേ?”
“വരുമെന്നു ഞാൻ പറഞ്ഞല്ലോ.” പൂവ് തല വലത്തേക്കു ചരിച്ച് ഇടംകണ്ണിലൂടെ ദൂരേക്കു നോക്കി സൂര്യന്റെ സ്ഥാനമാറ്റം മനസിൽ ആവിഷ്ക്കരിച്ചുനോക്കി.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള