രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“ങേ! അതെങ്ങനെ?” ഏതാനും നൂറുകോടി കൊല്ലം കഴിയുമ്പോൾ ഭൂമിയും ചന്ദ്രനും ഇരട്ടഗ്രഹങ്ങൾ ആകുന്നത് എങ്ങനെ എന്നത് പൂവിനെ കുഴക്കി.
“ചന്ദ്രൻ ഭൂമിയുമായി ഓരോ വർഷവും ഏകദേശം 3.8 സെന്റീമീറ്റർവീതം അകലുകയാണെന്നു പുവിന് അറിയാമോ?” ഷംസിയട്ടീച്ചർ ചോദിച്ചു.
“ഇല്ല. അപ്പോൾ നമ്മൾ ഇതുവരെ പറഞ്ഞ കുഴഞ്ഞുമറിഞ്ഞ ചലനങ്ങൾക്കൊപ്പം ആ ചലനവും കണക്കിലെടുക്കണം, അല്ലേ?”
“അതെ. ചന്ദ്രന്റെ പ്രദക്ഷിണവഴി കൃത്യമായി അറിയണമെങ്കിൽ ഇതുംകൂടി ചേർത്തുവേണം കണക്കാക്കാൻ. ചന്ദ്രൻ അങ്ങനെ അകന്നുകൊണ്ടിരുന്നാൽ ഏതാനും നൂറുകോടി കൊല്ലങ്ങൾ കഴിയുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും പൊതുഗുരുത്വകേന്ദ്രം ഭൂമിക്കു പുറത്താകും. അപ്പോൾ നിർവ്വചനം ശരിയാകും. ഇവ ഇരട്ടഗ്രഹങ്ങളാകും.”
“ടീച്ചറേ, അപ്പോൾ ഭൂമിയും ഈ കേന്ദ്രത്തെ ചുറ്റുന്ന നില വരും.”
“പൂവേ, ഇപ്പോഴും ബേരിസെന്ററിനനുസരിച്ച് ഭൂമി അല്പാല്പം നീങ്ങുന്നുണ്ട്, മുമ്പേ പറഞ്ഞ തടിയന്റെ ചുവടുകൾപോലെ. ബേരിസെന്റർ ഉള്ളിലായതുകൊണ്ട് ഭൂമി അതിനെ ചുറ്റുന്നുവെന്നു പറയാൻ കഴിയില്ലെങ്കിലും ഭൂമിയുടെ കേന്ദ്രം അതിനെ ചുറ്റുന്നുണ്ട് എന്നുതന്നെ പറയാം. ചന്ദ്രന്റെ എതിർവശത്തേക്കു ചുവടുവച്ചുള്ള ഈ കളി കാരണം സൂര്യനുചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരത്തിൽ നേരിയ വ്യതിയാനം ഉണ്ട്. ഒരു ചെറിയ ആടിക്കുഴയൽ. വോബ്ലിങ് എന്ന് ഇംഗ്ലിഷിൽ പറയും. ഭാവിയിൽ ബേരിസെന്റർ ഭൂമിക്കു പുറത്താകുമ്പോൾ അതിനനുസരിച്ച വ്യത്യാസം വോബ്ലിങ്ങിനു വരും. ക്രമമായി അതിസൂക്ഷ്മമായി ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.”
“ടീച്ചറേ, അപ്പഴേ, ഭൂമിയുടെ പാത – അതും വളഞ്ഞുപുളഞ്ഞുപോവില്ലേ? എന്നുവച്ചാൽ, നമ്മളിപ്പം ഭൂമിയുടെ കേന്ദ്രത്തിന്റെ സ്ഥാനം തുടർച്ചയായി അടയാളപ്പെടുത്തീന്നു വച്ചോ. അപ്പം ആ രേഖയും തരംഗം പോലെ ഇരിക്കില്ലേ?”
“അതേടാ എന്റെ ശാസ്ത്രജ്ഞക്കുട്ടാ!” ടീച്ചർ വാത്സല്യത്തോടെ പൂവിന്റെ മൂക്കു പിടിച്ചു കുലുക്കി. “ശരിക്കും പറഞ്ഞാൽ നേരായപാതയിൽ സൂര്യനെ ചുറ്റുന്നത് ഭൂമിയുടെയും ചന്ദ്രന്റെയും ബേരിസെന്ററാണ്, ഭൂമിയല്ല.”
“ഓ!” പൂവ് ഒരു നിമിഷം സങ്കല്പത്തിൽ മുഴുകി. പിന്നെ ഉണർന്നു. “അതുശരി. അതിരിക്കട്ടെ, ഇപ്പോൾ ഏതായാലും ഭൂമിക്കുള്ളിലുള്ള പൊതുകേന്ദ്രത്തെയാണു ചന്ദ്രൻ ചുറ്റുന്നത്.”
“അതെ. ചന്ദ്രൻ ഭൂമിക്കുചുറ്റും നീങ്ങുന്നതിനൊപ്പം ഈ പൊതുഗുരുത്വകേന്ദ്രവും മാറിക്കൊണ്ടിരിക്കുകയല്ലേ. അപ്പോൾത്തന്നെ, ഈ ബേരിസെന്റർ സൂര്യനെ ചുറ്റി അതിവേഗം നീങ്ങുകയുമാണല്ലോ. അതിനെ പിന്തുടർന്നു ചുറ്റുകയാണു ചന്ദ്രൻ.”
“ഓകേ ഓകേ. അപ്പോൾ ചന്ദ്രന്റെ ആ സ്ഥാനങ്ങൾ തുടർച്ചയായി അടയാളപ്പെടുത്തിയാൽ കിട്ടുന്നതായിരിക്കും ചന്ദ്രന്റെ ശരിയായ പാത, അല്ലെ?”
“അതെ. ഭൂമിയുടെ സഞ്ചാരപാതയ്ക്കു പുറത്തേക്കും അകത്തേക്കും കയറിയും ഇറങ്ങിയും കിടക്കുന്ന പാത. അതിലൂടെയാണു ചന്ദ്രൻ സൂര്യനെ ചുറ്റുന്നത്.”
“ഭൂമിയുടെ സഞ്ചാരപാതയോ? ഇതൊക്കെ അറിയാവുന്ന ടീച്ചർ അങ്ങനെ പറയുന്നതു ശരിയാണോ? ബേരിസെന്ററിന്റെ സഞ്ചാരപാത എന്നു പറേന്നതല്ലേ ടീച്ചറേ ശരി?” ടീച്ചർക്കു പറ്റിയ തെറ്റു തിരുത്തുന്ന ഭാവത്തിൽ പൂവ് ചോദിച്ചു.
“പൂവേ, നീ എന്നെ കടത്തിവെട്ടുകയാണോ?” കുശുമ്പു ഭാവം വരുത്തി ടീച്ചർ ചോദിച്ചു. എന്നിട്ട് താൻ പറഞ്ഞതും ശരിയാണെന്നു സ്ഥാപിക്കാൻ ടീച്ചർ വാദം പറഞ്ഞു: “ഭൂമിയുടെ സഞ്ചാരപഥത്തെ അപേക്ഷിച്ചും ബേരിസെന്ററിന്റെ സഞ്ചാരപഥത്തെ അപേക്ഷിച്ചും ചന്ദ്രന്റെ പാത പുറത്തേക്കും അകത്തേക്കും കയറിയും ഇറങ്ങിയും തന്നെ ആണല്ലോ. അതുകൊണ്ട് ഞാൻ പറഞ്ഞതും ശരിതന്നെയാ. ഞാൻ ഉദ്ദേശിച്ചതും അതുതന്നെയാ.” കുശുമ്പു ഭാവം സ്നേഹം നിറഞ്ഞ ചിരിയായി മാറി.
പൂവും ചിരിച്ചു. “ശരി. സമ്മതിച്ചു. അപ്പൊ വേറൊരു സംശയം. ഭൂമി വോബിൾ ചെയ്യുന്നതായി ടീച്ചർ പറഞ്ഞല്ലോ. അതിനനുസരിച്ച് ഭൂമിയുടെ പാതയിൽ വരുന്ന വ്യത്യാസം എങ്ങനെയാ ടീച്ചറേ?”
“ആ വ്യത്യാസം വളരെ നേരിയതോതിൽ മാത്രമാണ്. ചന്ദ്രൻ ഭൂമിയുടെ സഞ്ചാരപാതയ്ക്കു പുറത്ത് ആയിരിക്കുമ്പോൾ അകത്തേക്കും ചന്ദ്രൻ അകത്ത് ആയിരിക്കുമ്പോൾ പുറത്തേക്കും എന്ന രീതിയിലാണു ഭൂമിയുടെ വ്യതിയാനം. അകത്ത് എന്നും പുറത്ത് എന്നും പറഞ്ഞതു മനസിലായോ?”
“ഉവ്വ്. അകം ഭ്രമണവട്ടത്തിന്റെ അകം. അതായത് സൂര്യൻ ഉള്ള വശം. എതിർവശം പുറവും.”
“അതുതന്നെ.”
“അപ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും വളഞ്ഞുപുളഞ്ഞ പാതകൾക്കിടയിൽ നേർപാതയായി ബേരിസെന്ററും സൂര്യനെ വലംവയ്ക്കുന്നു, അല്ലെ?”
“അതെ. പക്ഷെ, ബേരിസെന്ററിന്റെ പാത ഭൂമിയുടെ ഉള്ളിലൂടെത്തന്നെ ആണെന്ന കാര്യം മറക്കരുത്. ഭൂമിയുടെ പാതയായി നാം വരയ്ക്കുന്നത് ഭൂകേന്ദ്രത്തിന്റെ സഞ്ചാരപാതയാണല്ലോ. അപ്പോൾ അതിനോട് വളരെ ചേർന്നാകും ബേരിസെന്ററിന്റെ പ്രദക്ഷിണപാത. ചന്ദ്രന്റെ പാതയാണു ബേരിസെന്റർ പാതയിൽനിന്നു കൂടുതൽ വ്യതിയാനമുള്ളത്.
“ഒക്കെ ഞാൻ മനസിലൊന്നു നന്നായി വിഷ്വലൈസ് ചെയ്തു നോക്കട്ടെ.”
“ആയിക്കോട്ടെ. വിഷ്വലൈസേഷന് ആധാരമാക്കാവുന്ന ഇവരുടെയൊക്കെ ചലനങ്ങൾ തത്ക്കാലം ഇതൊക്കെയാണ്.”
“ങേ! തത്ക്കാലമോ? ഇതിലും മാറ്റമുണ്ടോ?”
“ഉണ്ടാകുമോ? നമുക്ക് അന്വേഷിക്കാം. അതല്ലേ പഠനം.”
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള