രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

“ടീച്ചറേ, ടീച്ചർ ഇതൊക്കെ പറഞ്ഞപ്പോൾ മറ്റൊരു കൺഫ്യൂഷൻ.” സൂര്യനുചുറ്റുമുള്ള ചന്ദ്രന്റെ സഞ്ചാരപാത സംബന്ധിച്ചു ടീച്ചർ അവതരിപ്പിച്ച പുതിയ ആശയം പൂവിന് ഇഷ്ടമായി. വട്ടംകറങ്ങാതെയുള്ള വട്ടംകറങ്ങൽ! തരംഗരൂപത്തിലുള്ള ദീർഘവൃത്തമാണെന്ന പുതിയ അറിവ് അവൻ മനസിലുറപ്പിച്ചു. അപ്പോൾ പൂവ് അടുത്ത ചോദ്യവുമായി ഷംസിയട്ടീച്ചറെ നേരിട്ടു: “ചന്ദ്രൻ നേരിട്ടു സൂര്യനെ ചുറ്റുകയാണെന്നല്ലേ ടീച്ചർ പറഞ്ഞതിന്റെ അർത്ഥം. എങ്കിൽ, ചന്ദ്രൻ സൂര്യന്റെ ഗ്രഹമാകണ്ടേ? പക്ഷെ, ഭൂമിയുടെ ഉപഗ്രഹമായല്ലേ കണക്കാക്കുന്നത്? അല്ലെങ്കിൽത്തന്നെ, ചന്ദ്രന് ഭൂമിയുടെ ഉപഗ്രഹവും സൂര്യന്റെ ഗ്രഹവും ഒന്നിച്ച് ആകാൻ പറ്റുമോ!?” 

“വണ്ടർഫുൾ ക്വസ്റ്റ്യൻ! ഇതൊരു വലിയ പ്രശ്നമാണ്. ചില ശാസ്ത്രജ്ഞർ ഇതേപ്പറ്റി മുന്നോട്ടുവച്ച സിദ്ധാന്തം എന്താന്നറിയുമോ? ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമല്ല, ഭൂമിയും ചന്ദ്രനും സൂര്യന്റെ ഇരട്ടഗ്രഹങ്ങളാണ് എന്നാണ്.” 

“ഇരട്ടഗ്രഹങ്ങളോ? എന്നുവച്ചാൽ?” 

“പ്രപഞ്ചത്തിൽ പല നക്ഷത്രങ്ങളും ഇരട്ടയും മൂന്നെണ്ണം ചേർന്ന കൂട്ടുകെട്ടും ഒക്കെയാണ്. അവ പരസ്പരം ചുറ്റിക്കൊണ്ടിരിക്കും. ഇത്തരം കൂട്ടങ്ങളേ ബൈനറി, ട്രിനിറ്റി എന്നൊക്കെ പറയും. ചില നക്ഷത്രങ്ങളുടെ ഗ്രഹങ്ങളും ഇങ്ങനെയുണ്ട് – പരസ്പരം ചുറ്റിക്കൊണ്ട് നക്ഷത്രത്തെ ചുറ്റുന്നവ.” 

“പരസ്പരം ചുറ്റുക എന്നു പറഞ്ഞാൽ? അവയിൽ ഒന്നിനെ മറ്റേതു ചുറ്റുകയാണോ?” 

“ഒന്നിനെ മറ്റുള്ളവ ചുറ്റുകയാണെങ്കിൽ ചുറ്റുന്നവ ഉപഗ്രഹം ആയിപ്പോവില്ലേ? ഇത് അങ്ങനെയല്ല. പരസ്പരം ചുറ്റുകയാണ്.”

“ങേ…! പരസ്പരം ചുറ്റുകയോ!?” പൂവിനു മനസിലായില്ല. ആകെയൊരു ആശയക്കുഴപ്പം. അപ്പോൾ ടീച്ചർ എഴുന്നേറ്റു. “പൂവേ, നീയും ഒന്ന് എഴുന്നേറ്റുനിന്നേ.” അവനും എഴുന്നേറ്റു. ടീച്ചർ രണ്ടുകൈയും നീട്ടിപ്പിടിച്ചു പറഞ്ഞു: “നിന്റെ രണ്ടുകൈയും എന്റെ കൈകളിൽ കോർത്തുപിടിക്ക്.” അവൻ അങ്ങനെ ചെയ്തു. “ഇനി കൈകൾ വലിച്ചുപിടിച്ച് എന്നെ ചുറ്റൂ!” അവൻ ചുറ്റാൻ തുടങ്ങിയപ്പോൾ ടീച്ചറും കാലുകൾ ഇളക്കി അതേ ദിശയിൽ വട്ടത്തിൽ നീങ്ങാൻ‌തുടങ്ങി. ടീച്ചർ അവനെ ചുറ്റാൻ ശ്രമിക്കുകയായിരുന്നു. രണ്ടാളും അങ്ങനെ നാലഞ്ചുവട്ടം ചുറ്റി. ആ കളി പൂവിന് നന്നേ ഇഷ്ടമായി. അവർ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി. ടീച്ചറും ആസ്വദിച്ചുചിരിച്ചു. “മതിമതി. തലചുറ്റും.” കളി കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു: “ഇപ്പോൾ ആര് ആരെയാണു ചുറ്റിയത്?”

“ടീച്ചർ എന്നേം ഞാൻ ടീച്ചറേ. പക്ഷേ… ഞാൻ കറങ്ങിവരുമ്പഴേക്ക് ടീച്ചറങ്ങു മാറിപ്പോകും.”

“ഹഹഹ! ഞാൻ കറങ്ങി വരുമ്പഴേക്ക് നീയും മാറിപ്പോകുന്നുണ്ടായിരുന്നു. പക്ഷെ, ഞാൻ നിന്നെ ചുറ്റാനാണു ശ്രമിച്ചത്. നീ ശ്രമിച്ചത് എന്നെ ചുറ്റാനല്ലേ? ശരി, നമ്മൾ ചുറ്റിയതിന്റെ കാല്പാടൊന്നു നോക്കൂ.”

“ങും. അതു വട്ടമാ.”

“വട്ടമാണെങ്കിൽ അതിനൊരു കേന്ദ്രം കാണില്ലേ? അപ്പോൾ നമ്മൾ രണ്ടാളും ചുറ്റിയത് അതിനെയല്ലേ?”

“അതെ. അപ്പോൾ, നമ്മൾ പരസ്പരം ചുറ്റിയിട്ടില്ലല്ലോ ടീച്ചറെ. നമ്മൾ രണ്ടുപേരും ആ കേന്ദ്രത്തെയല്ലെ ചുറ്റിയത്? ഒരേ കേന്ദ്രത്തെ?”

“അതേല്ലോ. രണ്ടു ഗോളങ്ങൾ പരസ്പരം ചുറ്റാൻ‌തുടങ്ങുമ്പോൾ സംഭവിക്കുന്നതും ഇതാണ്. ഇനി, ചുറ്റിയ രണ്ടുപേരിൽ ഒരാൾ ഭയങ്കര തടിയും ഭാരവും ഉള്ള ആൾ ആണെങ്കിലോ? ഈ പാതയ്ക്കോ കേന്ദ്രത്തിനോ വല്ല വ്യത്യാസവും വരുമോ?”

“ഛെ, ഒന്നു കറങ്ങിനോക്കാൻ അങ്ങനെയൊരാൾ ഇവിടെ ഇല്ലല്ലോ. ങ്‌ഹാ, തത്ക്കാലം സങ്കല്പിച്ചുനോക്കാം. തെറ്റിയാൽ ടീച്ചർ കളിയാക്കരുത്…” ആ വട്ടം‌ചുറ്റൽ അവൻ സങ്കല്പിച്ചു. “ങൂ… തടിയുള്ളയാൾ ഒരുപാടു നീങ്ങില്ലല്ലോ… ഭയങ്കര തടിയും ബലവും ഉള്ള ആളാണെങ്കി… അയാളുടെ ചുവടുകൾ നില്ക്കുന്നിടത്തുതന്നെ നാലുവശത്തേക്കും തിരിയുകയല്ലേയുള്ളൂ.”

“അതെ. ആ ആൾക്ക് അത്രയ്ക്കു തടിയില്ലെങ്കിലോ?”

“എങ്കിൽ… കാല്പാടുകൾ അയാൾ നില്ക്കുന്നഭാഗത്തു ചെറിയവട്ടത്തിൽ കറങ്ങുമായിരിക്കും. അപ്പോൾ… എന്റെ കാലിന്റെ പാടുകൂടെ ആകുമ്പം രണ്ടു വട്ടങ്ങൾ ഉണ്ടാകും. ഒന്നു ചെറുതും ഒന്നു വലുതും. ശരിയാണോ ടീച്ചറേ?”

“കറകറക്റ്റ്! അതുപോലെയാണ് ആകാശഗോളങ്ങളുടെയും കാര്യം. രണ്ടു ഗോളത്തിനും രണ്ടു മാസ് ആയിരിക്കില്ലേ? അപ്പോൾ, അവയുടെ ആകെ മാസിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു പൊതുഗുരുത്വകേന്ദ്രം ഉണ്ടാകും. അതിനുചുറ്റുമാണ് അവ കറങ്ങുക.” 

“പൊതുഗുരുത്വകേന്ദ്രം?” 

“അതെ. ബേരിസെന്റർ എന്നു പറയും.” 

“അപ്പോൾ ഭൂമിക്കും ചന്ദ്രനുംകൂടി ഒരു പൊതുഗുരുത്വകേന്ദ്രം ഉണ്ടോ?” 

“ഉണ്ടല്ലോ.” 

“അത് എവിടെയാ?” 

“അത് ഭൂമിയുടെ ഉള്ളിലാ. ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള ദൂരത്തിന്റെ മുക്കാൽ ഭാഗത്തോളം വരുന്നിടത്ത്.” 

“മനസിലായി. ആരത്തിന്റെ മുക്കാൽ ഭാഗം.” 

“അതെ. ആരത്തിന്റെ ഇംഗ്ലിഷാണു റേഡിയസ്. അതിന്റെ മുക്കാൽ ഭാഗം. ചന്ദ്രൻ ഏതു വശത്താണോ ആ വശത്തേക്ക് ഈ പൊതുഗുരുത്വകേന്ദ്രം മാറിക്കൊണ്ടിരിക്കും. ചന്ദ്രൻ നമ്മുടെ തലയ്ക്കു മുകളിൽ ആയിരിക്കുമ്പോൾ നമ്മൾ നില്ക്കുന്നതിന് 1700 കിലോമീറ്റർ താഴെ ആയിരിക്കും ബേരിസെന്റർ. ആ കേന്ദ്രത്തെയാണു ചന്ദ്രൻ ചുറ്റുന്നത്; അല്ലാതെ ഭൂമിയുടെ ഗുരുത്വകേന്ദ്രത്തെ അല്ല.”

ഭൂമിയും ചന്ദ്രനും തമ്മിൽ വലിപ്പത്തിലുള്ള താരതമ്യം. ചിത്രത്തിലെ വലിയ രണ്ടു ഗോളങ്ങളാണു ഭൂമിയും ചന്ദ്രനും. വലത്ത് താഴെ കാണുന്ന ചെറിയ ഗോളങ്ങൾ ഗ്രഹമല്ലാതായ പ്ലൂട്ടോയും അതിൻ്റെ കൂട്ടാളിയായ ചാറണും ആണ്. ഇവരും പരസ്പരം ചുറ്റുന്ന ഇരട്ടകളാണ്. അവയുടെ വലിപ്പവും താരതമ്യം ചെയ്യൂ. പരസ്പരമുള്ള അവയുടെ ചുറ്റൽ എങ്ങനെയാകും? കടപ്പാട് : NASA, JHUAPL, SWRI, Gregory H. Revera – Images from NASA

“ഓ! അങ്ങനെയാണോ! അപ്പോൾ, ഭൂമിയോ…? സ്വന്തം ഉള്ളിലുള്ള കേന്ദ്രത്തെ… എങ്ങനെ… ചുറ്റാൻ പറ്റും?”

“പറ്റില്ലേ? നല്ല തടിയുള്ളയാൾ നില്ക്കുന്നിടത്തുതന്നെ നിന്നു കറങ്ങുമെന്നു നീയല്ലേ പറഞ്ഞത്. അതുപോലെ. ചന്ദ്രൻനീങ്ങുന്നതിനനുസരിച്ച് ചന്ദ്രന്റെ എതിർവശത്തേക്കു കുറേശെ മാറിക്കൊണ്ടിരിക്കും. അത്രേയുള്ളൂ.”

വീഡിയോ : ഭൂമിയും ചന്ദ്രനും ബേരിസെന്ററിനെ ചുറ്റുന്നത് രണ്ടു വശത്തുനിന്നുള്ള കാഴ്ചകൾ

“ഓ! അതുശരി! ങാ… അതിരിക്കട്ടെ, ഭൂമിയും ചന്ദ്രനും ഇരട്ടഗ്രഹങ്ങളാണെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു എന്നു ടീച്ചറിപ്പോൾ പറഞ്ഞില്ലേ? അതെന്താ ഒരു ‘ചില’? എല്ലാ ശാസ്ത്രജ്ഞരും അത് അംഗീകരിച്ചിട്ടില്ലേ?”

“ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരട്ടഗ്രഹങ്ങളാണ് എന്നത് അംഗീകരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾക്കൊക്കെ മാനദണ്ഡങ്ങൾ ഉണ്ട്. അവ നിശ്ചയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് ഇന്റർനാഷണൽ അസ്റ്റ്രോണമിക്കൽ യൂണിയൻ (IAU) എന്ന സംഘടനയാണ്.” 

“ഓ! അങ്ങനെയൊക്കെ ഉണ്ടോ!?” 

“ഉണ്ട്. ഇരട്ടഗ്രഹങ്ങൾ ആകണമെങ്കിൽ പ്രധാനമായി രണ്ടു വ്യവസ്ഥകൾ ഉണ്ട്. ഒന്ന്, പൊതുഗുരുത്വകേന്ദ്രം ഏതെങ്കിലും ഗോളത്തിന്റെ ഉള്ളിൽ ആകാൻ പാടില്ല. ഒന്നിന്റെ ഉള്ളിലായാൽ ആ ഗോളത്തിന്റെ ഉപഗ്രഹമായേ മറ്റേതിനെ കണക്കാക്കൂ.” 

“അതുശരി. രണ്ടാമത്തെ വ്യവസ്ഥയോ?” 

“ആ വ്യവസ്ഥ, ആ ഗോളങ്ങളുടെ മാസുകൾ തമ്മിലുള്ള അനുപാതം സംബന്ധിച്ചാണ്. അനുപാതം എന്നു പറഞ്ഞാൽ, ഒന്നിന്റെ മാസിനെ മറ്റേതിന്റെ മാസുകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നത്. ഇത് ഒന്നിനോട് അടുത്തായിരിക്കണം. ഭൂമിയും ചന്ദ്രനും തമ്മിൽ ഇത് ഒന്നിനെക്കാൾ വളരെ കുറവാണ് – 0.0123.” 

“ഓ! അപ്പോൾ ഇതുരണ്ടുമാണു നമുക്കു പാര?” 

“ഹഹഹ! നമുക്കെന്തു പാര!” 

“ഇരട്ടഗ്രഹം എന്നത് സൗരയൂഥത്തിൽ നമുക്കുമാത്രമുള്ള ഒരു പദവി ആവില്ലായിരുന്നോ?” 

“നീ ആളൊരു പ്രാദേശികവാദി ആണല്ലോ! നമുക്ക് കേമത്തങ്ങൾ വേണം എന്ന ചിന്ത. അതത്ര നല്ലതല്ല. ഉള്ളതിനെ ഉള്ളതുപോലെ കാണാൻ കഴിയണം.” ടീച്ചർ പൂവിനെ ഉപദേശിച്ചു. “പിന്നെ, പ്ലൂട്ടോയും ഉപഗ്രഹമായ കെയ്‌രണും പൊതുകേന്ദ്രത്തെ ചുറ്റുന്നവയാണ്. പക്ഷെ, 2006-ൽ ഗ്രഹത്തിന്റെ മാനദണ്ഡങ്ങൾ പുതുക്കിനിശ്ചയിച്ചപ്പോൾ ഗ്രഹം എന്ന പദവി പാവം പ്ലൂട്ടോയ്ക്കു നഷ്ടമായില്ലേ?”

“അയ്യോ! അതു കഷ്ടമായല്ലോ!”

ഗ്രഹപദവി ഇല്ലെങ്കിലും പരസ്പരം ചുറ്റിച്ചുറ്റി സൂര്യനെ ചുറ്റുന്ന പ്ലൂട്ടോയും ചാറണും. ഇവിടെ ബേരിസെൻ്റർ പ്ലൂട്ടോയ്ക്കു പുറത്തായതുകൊണ്ട് പ്ലൂട്ടോയ്ക്കുണ്ടാകുന്ന സ്ഥാനമാറ്റം ശ്രദ്ധിക്കുക. അവ രണ്ടും ബേരി സെൻ്ററിനെ എങ്ങനെയാണു ചുറ്റുന്നത്? കടപ്പാട് : Tomruen – Own work

“ശെടാ! അതിനും നിനക്കു സങ്കടമോ!? അല്ല പൂവേ, ഇതിലൊക്കെ സങ്കടപ്പെടാൻ എന്തിരിക്കുന്നു! മാനദണ്ഡം വീണ്ടും പരിഷ്ക്കരിച്ചാൽ പ്ലൂട്ടോയ്ക്കും കെയ്‌‌രണിനും ‘ഇരട്ട കുള്ളൻ ഗ്രഹങ്ങൾ’ എന്ന പദവി കിട്ടിയേക്കാം.”

“അതു ശരിയാണല്ലോ. ഞാൻ എന്തിനാ വിഷമിക്കുന്നത്? ഇരട്ടയായാലും ഒറ്റയായാലും നമുക്കു വ്യത്യാസമൊന്നും ഇല്ലല്ലോ.”

“അതെ. ഏതായാലും സങ്കടപ്പെട്ട പൂവിന് ആശ്വാസത്തിനായി ഒരു കാര്യം പറയാം. ഏതാനും നൂറുകോടി കൊല്ലങ്ങൾ കഴിയുമ്പോൾ ഭൂമിക്കും ചന്ദ്രനും ഇരട്ടപ്പദവി കിട്ടാം.”

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

 

Leave a Reply

Previous post 2024 ഡിസംബറിലെ ആകാശം
Next post കേരള സയൻസ് സ്ലാം ഫൈനലിലേക്ക്
Close