Read Time:14 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

“രണ്ടും ശരിയാ.” ഷംസിയട്ടീച്ചർ പറഞ്ഞു. “ഞാൻ നേരത്തേ പറഞ്ഞില്ലേ, എല്ലാം ആപേക്ഷികമാണെന്ന്.” ഭൂമിയിൽനിന്നോ ഭൂമിയുടെ സമീപത്തെ സ്പേസിൽ നിന്നോ നോക്കുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതായും സൗരയൂഥത്തിനു പുറത്തുനിന്നു നോക്കുമ്പോൾ ഒരു തരംഗപാതയിലൂടെ ഭൂമിക്കൊപ്പം സൂര്യനെ ചുറ്റുന്നതായും തോന്നുന്നതിന്റെ ഗുട്ടൻസ് ടീച്ചർ പറഞ്ഞുകൊടുത്തു.

“അങ്ങനെയാണെങ്കിൽ ടീച്ചറേ, ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതല്ലേ ശരിക്കുള്ള ശരി? അല്ലെങ്കിൽ കറുത്തവാവും വെളുത്തവാവും ഗ്രഹണങ്ങളുമൊക്കെ എങ്ങനെ ഉണ്ടാകും?” 

“പൂവ് എന്താ അതു ചോദിക്കാത്തത് എന്നു കുറേനേരമായി ആലോചിക്കുകയായിരുന്നു ഞാൻ. പൂവ് ഒറ്റക്കാര്യം ഓർത്താൽ മതി. കഴിഞ്ഞദിവസം പറഞ്ഞ ആപേക്ഷികത.” 

“ഓ! പിടികിട്ടി. ഭൂമിയിൽ നില്ക്കുന്ന നമുക്ക് ഭൂമിയുടെ നീക്കം ബാധകമല്ല. അപ്പോൾ, ഭൂമിയും ചന്ദ്രനും ഉൾപ്പെടുന്ന സംവിധാനത്തിൽ ചന്ദ്രൻ ഭൂമിക്കു ചുറ്റും കറങ്ങുന്നുണ്ട്. പുറത്തു ദൂരെയുള്ള സ്ഥാനത്തെ അപേക്ഷിച്ചു നോക്കുമ്പോൾ മറിച്ചും.” പൂവ് സിദ്ധാന്തം അവതരിപ്പിച്ചു. ഉടൻ ഉണ്ടായീ മറ്റൊരു സംശയം. “അപ്പോൾ, സൗരയൂഥത്തിലെ ഗ്രഹങ്ങൾ…? ആപേക്ഷികമായി അവയുടെ ചലനം…?” 

 ഭൂമിയോടൊപ്പം സ്പേസിലൂടെ നീങ്ങുമ്പോൾത്തന്നെ ഭൂമിയുടെ മുകളിലും പിന്നിലും താഴെയും മുന്നിലും മാറിമാറിവരുന്ന ചന്ദ്രനും അതിനനുസരിച്ചു ഭൂമിയിൽ ചന്ദ്രനെ കാണുന്ന വിധവും.

“അതും അങ്ങനെതന്നെ. സൗരയൂഥം എന്ന യൂണിറ്റ് ഒന്നായി എടുക്കാം. അതിനുള്ളിൽ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നുണ്ടല്ലോ. അവയെല്ലാം ഓരോ പ്രദക്ഷിണവും പൂർത്തിയാക്കുമ്പോൾ പുറപ്പെട്ട സ്ഥാനത്തുതന്നെ എത്തും. ആ വ്യൂഹത്തിനുള്ളിലല്ലേ നമ്മുടെ സ്ഥാനം. അപ്പോൾ ഈ വ്യൂഹത്തിനു ബാധകമായ പ്രതിഭാസങ്ങളൊക്കെ സംഭവിക്കും. അതേസമയം, പൂവ് നമ്മുടെ ഗാലക്സിക്കു പുറത്തു ദൂരെ പോയിനിന്നു നോക്കിയാലോ? മുമ്പു പറഞ്ഞതുപോലെ ഓരോ ഭ്രമണം പൂർത്തിയാകുമ്പഴും പഴയ സ്ഥാനത്തല്ല എത്തുന്നത് എന്നു കാണും.”

“ശെടാ! അടുത്തു നിന്നു നോക്കുമ്പോൾ ഒരു തരത്തിൽ, ദൂരെ നിന്നു നോക്കുമ്പോൾ വേറൊരു തരത്തിൽ! രണ്ടും രണ്ടു കാഴ്ച. പക്ഷെ,… ശരിക്കും എന്താ സംഭവിക്കുന്നത്…?” ആത്മഗതം‌പോലെ പൂവു പറഞ്ഞത് ഉറക്കെ ആയിപ്പോയി. അതുകൊണ്ട്, ടീച്ചർ അതിനും മറുപടി നല്കി:

“എടാ പൂവേ, നീ അങ്ങു ദൂരെനിന്നു നോക്കിയപ്പോൾ ചന്ദ്രൻ തരംഗപാതയിൽ സൂര്യനെയാണു ചുറ്റുന്നതെന്നു കണ്ടെങ്കിലും ഒരു കാര്യം നീ ശ്രദ്ധിച്ചില്ലെ? ആ യാത്രയിലും ചന്ദ്രൻ ഭൂമിയുടെ മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ ആകുന്നില്ലെ? സൂര്യന്റെയും ഭൂമിയുടെയും ഇടയിലും സൂര്യന്റെ എതിർവശത്തും വരുന്നില്ലെ? വാവുകളും ഗ്രഹണങ്ങളും വൃദ്ധിക്ഷയങ്ങളും ഒക്കെ അപ്പോൾ ഉണ്ടാകാമല്ലോ.”

“ങാ, അതു ശരിയാണല്ലോ. എന്തൊക്കെ അത്ഭുതങ്ങളാ, അല്ലേ?”

“അതേയതെ. രസമുള്ള ഒരു ഉദാഹരണം പറയാം. ട്രക്കിൽ വലിയ കണ്ടയിനർ കൊണ്ടുപോകുന്നതു കണ്ടിട്ടില്ലേ? നീയും ഒരു ചങ്ങാതിയും ആ കണ്ടയിനറിൽ കയറി ഷട്ടിൽ ബാഡ്മിന്റൻ കളിക്കുന്നുവെന്നു സങ്കല്പിക്കൂ. ആ ട്രക്ക് കണ്ടയിനറുമായി ഓടിത്തുടങ്ങി, കുലുക്കമൊന്നുമില്ലാതെ. അപ്പോഴും നിങ്ങൾ ഒരു പ്രയാസവുമില്ലാതെ ഷട്ടിൽ കളിക്കുകയാണ്. അതിന്റെ വേഗം കൂട്ടിയാലും കളി തുടരാം. നീ മുന്നോട്ട് ഷട്ടിൽ അടിച്ചുവിടുന്നു. നിന്റെ മുന്നിൽ നിന്ന് ചങ്ങാതി അതു തിരികെ തട്ടുന്നു. ഇനി, നീ പുറത്തിറങ്ങുക. പകരം മറ്റൊരു ചങ്ങാതിയെ അകത്തു കയറ്റുക. അവർ ഷട്ടിൽ കളിക്കട്ടെ. വണ്ടി ഓടട്ടെ. ങാ, ഒരു കാര്യം. ആ കണ്ടയിനർ ചില്ലുകൊണ്ടു നിർമ്മിച്ചതാണെന്നു കരുതണം. അകമെല്ലാം പുറത്തുനിന്നു കാണാം. അപ്പോൾ, നീകാണുന്ന കാഴ്ച എങ്ങനെയാകും?”

“എന്താകാൻ? അവർ ഷട്ടിൽ കളിച്ചുകൊണ്ട് നീങ്ങിനീങ്ങി പോകുന്നതായി കാണും.”

“ങും… പോരല്ലോ. പൂവിന്റെ ഭാവനയ്ക്ക് എന്തുപറ്റി? … ങാ… നില്ക്ക്. ഞാൻ ഒരു വീഡിയോ കാണിക്കാം” ഷംസിയട്ടീച്ചർ ലാപ്‌ടോപ്പിൽ ഒരു വീഡിയോ അവനെ കാണിച്ചു. അപ്പോഴാണ് അവനു സംഗതി പിടികിട്ടിയത്.

അവൻ പറഞ്ഞു: “ഓ! ഒരാൾ തട്ടുന്ന ഷട്ടിൽ കോക്ക് ട്രക്ക് നീങ്ങുന്നതിനനുസരിച്ച് അത്രയും മുന്നിലേക്കു പോകുന്നുണ്ട്. ട്രക്കിനൊപ്പം അവിടെയെത്തുന്നതുകൊണ്ടാണ് മറ്റേയാൾക്ക് അത് തിരികെ അടിക്കാൻ പറ്റുന്നത്.”

“അതെ . അവരെ സംബന്ധിച്ച് കണ്ടയിനറിന്റെ നീളത്തിനുള്ളിലാണു കളി. പുറത്തുനിന്നു നോക്കുന്ന പൂവിനോ? കിലോമീറ്റർ‌കണക്കിനു നീളത്തിലാണു കളി നടക്കുന്നത്. ട്രക്കിൽ പിന്നോട്ടുതിരിഞ്ഞു നില്ക്കുന്ന ആൾ അയാളുടെ മുന്നിലേക്ക് അടിക്കുന്ന ഷട്ടിൽപോലും അയാളുടെ പിന്നിലേക്കാണു സഞ്ചരിക്കുന്നത്. അതായത്, ട്രക്ക് പോകുന്ന ദിശയിൽ, അല്ലേ?”

“ങും…” പൂവ് അതേപ്പറ്റിത്തന്നെ ചിന്തിച്ചുകൊണ്ടിരുന്നു. “ഹൊ! ഈ ആപേക്ഷികത… ഒരു വല്ലാത്ത സംഭവംതന്നെ!”

“ഹഹഹ! അതിന്റെ ആഴത്തിലേക്കിറങ്ങിയാൽ വല്ലാത്ത സംഭവംതന്നെ. തത്ക്കാലം അതിലെ ലളിതമായ കാര്യങ്ങൾ ഇപ്പോൾ മനസിലാക്ക്. ഒരു കാര്യം ചെയ്യ്! പൂവ് ഇനി ബഹിരാകാശത്തുനിന്ന് ഇറങ്ങി ഒരു കാറിൽ കയറ്.” 

“ശരി. കയറി.” 

“ങാ. ഇത്തവണ കാർ മെല്ലെ, വളരെ മെല്ലെ, ഓടിച്ചാൽ മതി. കാറിൽ നമ്മൾ ഇരിക്കുന്നതു സങ്കല്പിക്കൂ. കാറിൽ ഒരു ക്ലോക്ക് ഉണ്ട്. അതിന്റെ സെക്കൻഡ് സൂചി കറങ്ങുമല്ലോ. ഒരു മിനുട്ടു കഴിയുമ്പോൾ അതിന്റെ സ്ഥാനം തുടങ്ങിയയിടത്തുതന്നെ എത്തില്ലേ?” 

“എത്തും.” 

“ഇനി, ആ ക്ലോക്ക് പുറത്തുനിന്നു കാണത്തക്കവിധം ഒരു ചങ്ങാതിയെക്കൊണ്ടു പിടിപ്പിക്കൂ. പൂവ് പുറത്തിറങ്ങി ഒരു സ്ഥലത്തുനിന്ന് കാറിനെ നിരീക്ഷിക്കൂ. ഇപ്പോൾ ഒരു മിനിട്ടിനുശേഷം സെക്കൻഡ് സൂചിയെ കാണുന്നത് എവിടെയാ? ആ ഒരുമിനുട്ടുകൊണ്ട് കാർ നീങ്ങിയ ദൂരത്തോളം മാറി അല്ലേ? കാറിലിരിക്കുന്നവർ കാണുന്നതോ? സൂചി പഴയ സ്ഥാനത്തു മടങ്ങിയെത്തിയത്. ഇതിൽ ഏതാ ശരി?”  

“രണ്ടും ശരിയാ. ഒന്ന് പുറത്തു നില്ക്കുന്നവരുടെ ശരി. മറ്റേത് അകത്തിരിക്കുന്നവരുടെ ശരി.” 

“അതെ. ഇതിൽ, പുറത്തുനിന്നുള്ള കാഴ്ചയിൽ സൂചി നീങ്ങുന്നത് വൃത്താകൃതിയിലാണോ?  

“അല്ല.”

“ശരി. കാർ നീങ്ങിയ അത്രയും നീളത്തിൽ ഒരു തുണി വലിച്ചുകെട്ടി അതിൽ ആ സൂചിയുടെ ഓരോ സെക്കൻഡിലെയും സ്ഥാനങ്ങൾ അടയാളപ്പെടുത്തി അവ യോജിപ്പിച്ച് ഒരു വര വരച്ചാൽ?” 

ഠപ്പേന്നു വന്നൂ പൂവിന്റെ മറുപടി: “ഒരു തരംഗം പോലെ ഇരിക്കും. കാർ പുറപ്പെട്ട സ്ഥാനം മുതൽ എത്തിനിന്ന സ്ഥാനം‌വരെ നീളുന്ന തരംഗം.”

“അതെ. മുന്നോട്ടു പോകുന്തോറും ക്ലോക്കിന്റെ ഡയലിന്റെ മുകളിലെ ലെവലിൽനിന്നു കുറേശെ താണുതാണു താഴത്തെ ലെവലോളം വന്ന് മുന്നോട്ടു നീങ്ങി ക്രമമായി ഉയർന്ന് പഴയ ലെവലിലേക്ക് എത്തുന്ന ഒരു തരംഗം.” 

“അതെ.” പൂവ് വായുവിൽ വരച്ചുകാണിച്ചു. മനസിലാക്കിയ കാര്യം അവൻ അല്പം‌കൂടി വെളിവാക്കി: “കാറിന്റെ വേഗം കൂടുന്നേനനുസരിച്ച് തരംഗത്തിന്റെ ആകൃതി ‘ത’യും ‘റ’യും ‘ഗ’യും ഒക്കെയാകും.” 

“അതുതന്നെ. അത്രയേ ഉള്ളൂ കാര്യം. ആ കാറിന്റെ ടയറിൽ ഒരു ബിന്ദു അടയാളപ്പെടുത്തി അതിന്റെ ചലനം നിരീക്ഷിച്ചാലോ? അത് നീങ്ങിക്കൊണ്ടിരിക്കുന്ന വീലിന്റെ ആക്സിലിനെ ചുറ്റുന്നുണ്ട്. അതേസമയംതന്നെ ആ ബിന്ദു ‘ഗ’പോലുള്ള പാതയിലൂടെ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. അതുപോലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുകയും എന്നാൽ, അങ്ങനെ വട്ടത്തിൽ സഞ്ചരിക്കാതെ ഗ്രഹങ്ങളെപ്പോലെ സൂര്യനെ ചുറ്റുകയും ചെയ്യുന്നത്. അങ്ങനെ മനസിലാക്കുന്നതാണു നല്ലത്.”

“ങും…” പൂവ് തല മുന്നോട്ടും പിന്നോട്ടും ആട്ടി കുറച്ചുനേരം എന്തോ ആലോചിച്ചു. അവന്റെ കണ്ണുകൾ വിടർന്നു. “ടീച്ചറേ,” അവൻ അന്തം‌വിട്ട ഭാവത്തിൽ ചോദിച്ചു: “നമ്മുടെ ഗാലക്സിയിലൂടെ സൗരയൂഥം ഒന്നാകെ അതിവേഗം പായുമ്പോൾ ചന്ദ്രന്റെ ഈ തരംഗനൃത്തം എങ്ങനെ ആകും!!!”

“അത് പൂവ് സമയം കിട്ടുമ്പോൾ സങ്കല്പറോക്കറ്റിൽ ഒരു യാത്രകൂടി നടത്തി ഭാവനയിൽ കണ്ടുനോക്കൂ.”

“ശരി ശരി.” പൂവ് ചിരിച്ചു തലയാട്ടി. അപ്പോഴാണ് അവനു മറ്റൊരു കുഴപ്പം തോന്നിയത്. “ടീച്ചറേ, ഇക്കാര്യങ്ങൾ ഒക്കെ എന്നെ പഠിപ്പിക്കുന്ന മാഷിന് അറിയാമായിരിക്കുമോ? ഇല്ലെങ്കിൽ പണിയാകും. പരീക്ഷയ്ക്കു ഞാൻ ഇങ്ങനൊക്കെ എഴുതിവച്ചാൽ വെട്ടി ദൂരെക്കളയും!” 

“ഹഹഹ! മാഷുമാരും ടീച്ചർമാരുമെല്ലാം ഇതൊക്കെ അറിയണമല്ലോ. ഇതൊക്കെ പഠിക്കാൻകൂടിയല്ലേ ഞങ്ങൾക്കു ശമ്പളം തരുന്നത്. എന്നുവച്ച് പരീക്ഷയ്ക്കു ചോദിക്കുമ്പോൾ സ്കൂളിൽ പഠിപ്പിച്ചതുതന്നെ എഴുതിയാൽ മതി. പൂവ് കാര്യങ്ങൾ അറിയാൻ ഇഷ്ടമുള്ള ആളായതുകൊണ്ട് ഞാൻ പറയുന്നതാ ഇതൊക്കെ. പൂവിനു പ്രപഞ്ചത്തെ കൂടുതൽ നന്നായി മനസിലാകാൻ.”

എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്കമുതൽ ലൂസിവരെ – 2025 ലെ സയൻസ് കലണ്ടർ ഇപ്പോൾ ഓർഡർ ചെയ്യാം
Next post COP 29 ഉം കാലാവസ്ഥാ രാഷ്ട്രീയവും
Close