“കറങ്ങിക്കറങ്ങി ദൂരേക്ക്… പന്ത് ഉരുളുംപോലെ!” ഭൂമിയുടെ പുറത്തിരുന്നു കറങ്ങിയും ഒപ്പം സൂര്യനെ ചുറ്റിയുമുള്ള സ്വന്തംയാത്ര പൂവ് സങ്കല്പിച്ചുനോക്കി. “ങും…സങ്കല്പിക്കാൻ തുടങ്ങിയപ്പോൾ ഒരു പ്രശ്നം. സൂര്യനു ചുറ്റുമുള്ള പോക്ക് ഏതു വശത്തേക്കാ? കിഴക്കോട്ടാ?”
“ഹഹഹ! അതാണ് അതിലും രസം. അനന്തമായ ആകാശത്തിൽ അങ്ങനെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഒന്നുമില്ല. ഭൂമിയിലെ സൂര്യന്റെ ഉദയവും അസ്തമയവും ഒക്കെ നോക്കി നാം ഉണ്ടാക്കിയിട്ടുള്ള ഒരു ധാരണ മാത്രമാണ് അതൊക്കെ.”
“പിന്നെ നമ്മുടെ പോക്കു ഞാൻ എങ്ങനെ സങ്കല്പിക്കും?”
“ഒരു കാര്യം ചെയ്യാം. ഭൂമിയിലെ ദിക്കുവച്ചു നിനക്കു മനസിലാക്കാൻ ഒരു ഉപായം പറയാം. ആദ്യം ഭൂമിയിൽനിന്നു പുറപ്പെട്ട് അങ്ങു വടക്ക്, എന്നുവച്ചാൽ ദശലക്ഷക്കണക്കിനു കിലോമീറ്റർ വടക്ക് ചെല്ലണം. അല്ലെങ്കിൽ അത്രയും ദൂരം തെക്ക്. അവിടെനിന്ന് ഒരുകൊല്ലം മുഴുവൻ നോക്കണം.”
“അയ്യോ! അവിടെ ഞാൻ എങ്ങനെ പോകും! ഒരു കൊല്ലം അവിടെ കഴിയാനോ! എങ്ങനെ? എനിക്ക് സ്കൂളിൽ പോകണ്ടേ?”
ഷംസിയട്ടീച്ചർ പിന്നെയും ചിരിച്ചു. അവന്റെ അടുത്തു ചെന്നിരുന്ന് തോളിൽ കൈയിട്ട് സമാധാനിപ്പിച്ചു. “ഒരു കൊല്ലത്തെ ബഹിരാകാശവാസമൊന്നും വേണ്ടാ കേട്ടോ. അതൊക്കെ നീ ഭാവനയിൽ നടത്തിയാൽ മതി.”
“ഓ! അത് ഓകെ.”
“അപ്പോൾ… അങ്ങനെ ബഹിരാകാശത്ത് അങ്ങു വടക്കോ തെക്കോ ചെന്നുനിന്നു നോക്കുമ്പോൾ, ഭൂമി മുകളിലേക്കു പൊങ്ങി സൂര്യൻ്റെ മുകളിലൂടെ കിഴക്കോട്ടു നീങ്ങി പിന്നെ സൂര്യൻ്റെ കിഴക്കുവശത്തുകൂടി താഴേക്കു പോയി സൂര്യൻ്റെ അടിയിലൂടെ പടിഞ്ഞാറേക്കു നീങ്ങി വീണ്ടും സൂര്യൻ്റെ പടിഞ്ഞാറുവശത്തുകൂടി മുകളിലേക്കുയർന്ന് അങ്ങനെ ചുറ്റുന്നതായി കാണാം.”
“ശരി, ഞാൻ ഒന്നു സങ്കല്പിക്കട്ടെ!”
“സങ്കല്പിക്കുന്നതൊക്കെ കൊള്ളാം. ആ കിഴക്കും പടിഞ്ഞാറുമൊന്നും മനസിൽ ഉറപ്പിച്ചുകളയരുത്. നേരത്തേ പറഞ്ഞില്ലേ, അനന്തമായ ആകാശത്ത്, അതായത് സ്പേസിൽ, ദിക്കെല്ലാം ആപേക്ഷികമാണ്. പൂവിനു പെട്ടെന്നു മനസിലാക്കാൻ പ്രയാസമുള്ള കാര്യമാണ്. പ്രപഞ്ചത്തെ കൂടുതൽ അറിയുമ്പോഴേ അതു ശരിക്കും മനസിലാകൂ.”
“ങും, കുറച്ചൊക്കെ മനസിലാകുന്നുണ്ട്.” ടീച്ചർ പറഞ്ഞതുപോലെ ഭൂമിയിൽനിന്നു ദൂരേക്കു പോകാൻ പൂവ് തയ്യാറെടുത്തു; മനോരഥത്തിലെ യാത്ര. “ഞാൻ ഭൂമിയുടെ വടക്കേ ധ്രുവത്തിൽ നില്ക്കുകയാണ്. അപ്പോഴും ഞാൻ ഇവിടുത്തെപ്പോലെതന്നെ ഭൂമിയിൽ കാലുറപ്പിച്ച് തല മുകളിലേക്കായി അല്ലേ നില്ക്കുക. അപ്പോൾ, ടീച്ചർ നില്ക്കുന്നിടത്തുനിന്നു നോക്കുമ്പോൾ എന്റെ തല വടക്കോട്ട് അല്ലെ?”
“അതേല്ലോ. പൂവേ, നീ വെറും ഭാവനക്കാരൻ അല്ല, ഒന്നാന്തരം ശാസ്ത്രഭാവനക്കാരനാ.”
പ്രശംസ കേട്ട് അഭിമാനം തോന്നിയെങ്കിലും പ്രകടമായത് ചെറിയ ലജ്ജയാണ്. അത് ഒരു പ്രത്യേക ചിരിയിൽ ഒതുക്കി പൂവ് ചോദിച്ചു: “അപ്പോൾ ടീച്ചറേ, ഇവിടുന്നു വടക്കോട്ടു പോകുക എന്നു വച്ചാൽ, എന്റെ തലയുടെ നേർക്കല്ലേ പോകേണ്ടത്? നേരേ മുകളിലേക്ക്?”
“അതെ.”
“ഞാൻ അങ്ങനെ അങ്ങു മുകളിൽ ചെന്നാൽ ഭൂമിയെ താഴെയല്ലേ കാണുക? അതു തെക്കാണെന്ന് വെറുതെ സങ്കല്പിക്കാനല്ലേ കഴിയൂ?”
“കറക്റ്റ്! അപ്പോൾ ഭൂമി സൂര്യന്റെ ചുറ്റും കറങ്ങുന്നതു നീ കാണുന്നത് മുമ്പേ പറഞ്ഞതുപോലെ മുകളിലേക്കും താഴേക്കും ഒന്നും ആവില്ല, തെക്കോട്ടും കിഴക്കോട്ടും വടക്കോട്ടും പടിഞ്ഞാട്ടും ആയിരിക്കും. എന്നുവച്ചാൽ, നോക്കുന്ന ആളുടെ സ്ഥാനത്തിനനുസരിച്ചു മാത്രമേ പ്രപഞ്ചത്തിലെ സ്ഥാനങ്ങളെയും നീക്കങ്ങളെയും ഒക്കെപ്പറ്റി പറയാനാകൂ.”
“എന്നുവച്ചാൽ…, പ്രപഞ്ചത്തിലെ എന്തിനെപ്പറ്റി പറയണമെങ്കിലും ഇങ്ങനെ പറയേണ്ടിവരും?!”
“അതേ. ധ്രുവത്തിലേക്കു പോകാതെ തത്ക്കാലം പൂവ് വീട്ടുമുറ്റത്തുനിന്നുതന്നെ മുകളിലേക്കു പോകുന്നതായി സങ്കല്പിക്കൂ! അങ്ങു ദശലക്ഷക്കണക്കു കിലോമീറ്റർ ഉയരെ എത്തി താഴേക്കു നോക്കിയാലോ?”
“ങൂം…” കയ്യും കലാശവുമൊക്കെ കാട്ടി പൂവ് അല്പസമയം ആലോചിച്ചു. എന്നിട്ടു പറഞ്ഞു: “ഭൂമി എന്റെ അടുത്തേക്കുവന്ന് കറങ്ങി അകലേക്കു പോയി പിന്നെയും തിരികെ വരുന്നതായി തോന്നും, ശരിയല്ലെ?”
“അതെ. സ്ഥാനം മാറിയപ്പോൾ ദിക്കു മാത്രമല്ല, കാഴ്ചതന്നെ മാറി?”
“ആകെ വട്ടുപിടിക്കുന്ന ഏർപ്പാടാണല്ലോ ടീച്ചറേ!”
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ് കാണാം