രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“പൂവേ, നീ ഇപ്പോൾ ബഹിരാകാശത്ത് അങ്ങു ദൂരെ നില്ക്കുകയല്ലേ?” ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന പാത സൗരയൂഥത്തിനു പുറത്തുനിന്നു നോക്കിയാൽ എങ്ങനിരിക്കും എന്നറിയാൻ സങ്കല്പറോക്കറ്റിൽ പോയിരിക്കുന്ന പൂവിനോട് ഷംസിയട്ടീച്ചർ ചോദിച്ചു.
“അതേ…” ദൂരെനിന്നെന്നവണ്ണം പൂവ് വിളിച്ചുകൂവി പറഞ്ഞു.
“ങാ. അവിടെനിന്നു നോക്കിയാലേ മനസിൽ അതു വരയ്ക്കാനാവൂ. അവിടെനിന്നു നോക്കുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതായി തോന്നില്ല. ഭൂമിയെപ്പോലെതന്നെ ചന്ദ്രനും സൂര്യനെ ചുറ്റുന്നതായാണു കാണുക. പക്ഷേ, ചന്ദ്രൻ ഇടയ്ക്കിടയ്ക്കു ഭൂമിയുടെ മുന്നിലും ഭൂമിയുടെയും സൂര്യന്റെയും ഇടയിലും ഭൂമിയുടെ പിന്നിലും സൂര്യൻ ഉള്ളതിന്റെ എതിർവശത്തും മാറിമാറി വന്നുകൊണ്ടിരിക്കും.”
“ഭൂമിയുടെ നാലുപുറത്തും ചന്ദ്രൻ വരുന്നുണ്ടെങ്കിൽ അതു ചുറ്റൽ തന്നെയല്ലേ?”
“അതെ. പക്ഷെ, ഓരോ നിമിഷവുമുള്ള ചന്ദ്രന്റെ സ്ഥാനങ്ങൾ സ്പേസിൽ അടയാളപ്പെടുത്തിയാൽ കിട്ടുന്ന പാത ഇപ്പോൾ പൂവു കണ്ടതുപോലെ ആയിരിക്കും – ഭൂമിയുടെ പാതയ്ക്ക് അകത്തേക്കും പുറത്തേക്കും കയറിയും ഇറങ്ങിയും തരംഗംപോലുള്ള ഒരു പാത.”
Caption: സൂര്യനുചുറ്റുമുള്ള ചന്ദ്രന്റെ പോക്ക് ദാ ഇങ്ങനെയാ. മാസത്തിൽ ഇങ്ങനെ ഒരുതരംഗംവീതം ആണ്ടിൽ 12 തരംഗമുള്ള ഒരു വൃത്തം.] രണ്ടിടത്തായി കൊടുക്കാം.
“…ടീച്ചറു പറഞ്ഞപോലൊക്കെ സങ്കല്പിക്കാൻ പറ്റുന്നുണ്ടെങ്കിലും അത് അങ്ങനെ എങ്ങനെ…?”
“അങ്ങനെ എങ്ങനെ? എങ്ങനെ അങ്ങനെ?” ടീച്ചർ അവനെ അനുകരിച്ചു കളിയാക്കി. “ഞാൻ മുമ്പേ പറഞ്ഞ ഒരു കാര്യം പൂവ് വേണ്ടത്ര കണക്കിലെടുത്തിട്ടില്ല, അത്രതന്നെ.”
“അയ്യോ! അത് ഏതു കാര്യം?”
“ചന്ദ്രൻ ഭൂമിക്കുചുറ്റും നീങ്ങുന്നത് സെക്കൻഡിൽ ഒരു കിലോമീറ്റർ വേഗത്തിലും ഭൂമി സൂര്യനെ ചുറ്റുന്നത് സെക്കൻഡിൽ 30 കിലോമീറ്റർ വേഗത്തിലും ആണെന്നകാര്യം.”
“അത് ഓർമ്മയുണ്ട് ടീച്ചറേ.”
“പക്ഷേ, അതു വേണ്ടപോലെ ഉൾക്കൊണ്ടിട്ടില്ല ടീച്ചറേ,” പൂവിനെ ചൊടിപ്പിക്കാൻ ടീച്ചർ സ്നേഹപൂർവ്വം പിന്നെയും കളിയാക്കി.
പൂവ് ആശയക്കുഴപ്പത്തിലായി. അപ്പോൾ ടീച്ചർതന്നെ ഇടപെട്ടു.
“പൂവ് ഇപ്പോൾ നില്ക്കുന്ന സ്ഥലത്തുനിന്നു നോക്കുമ്പോൾ ഭൂമിയോടൊപ്പം ഭൂമിയുടെ അതേ വേഗത്തിൽ ചന്ദ്രനും മുന്നോട്ടു നീങ്ങുകയല്ലേ – സെക്കൻഡിൽ 30 കിലോമീറ്റർ വേഗത്തിൽ?”
“ഓ! ശരിയാണല്ലോ!”
“ഭൂമിയുടെ ആകർഷണത്തിൽ പെട്ട് ഭൂമിയുടെയൊപ്പം അതേ വേഗത്തിൽ പാഞ്ഞുകൊണ്ടല്ലേ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്? അപ്പോൾ, ഭൂമിയോടൊപ്പം 30 കിലോമീറ്റർ വേഗത്തിൽ മുന്നോട്ടു നീങ്ങുന്ന ചന്ദ്രൻ ഒരു കിലോമീറ്റർ വേഗത്തിൽ പിറകോട്ടു പോയാലും ഫലത്തിൽ മുന്നോട്ടുതന്നെയല്ലേ നീങ്ങുന്നത്?”
“അതെ. 29 കിലോമീറ്റർ വേഗത്തിൽ മുന്നോട്ട്.”
“അതുതന്നെ! ചന്ദ്രൻ ഭൂമിയുടെ മറുവശത്ത് ആയിരിക്കുമ്പഴോ? ഒരു കിലോമീറ്റർ വേഗം എങ്ങനെ ആകും?”
“ങും… ഭൂമിയുടെ വേഗത്തോടൊപ്പം അതുകൂടി ആകും. അപ്പോൾ… മുന്നോട്ടുള്ള വേഗം 31 കിലോമീറ്റർ, അല്ലെ ടീച്ചർ? ഓ! അങ്ങനെയാണ് ഓവർ ടേക്കിങ്ങ്!”
“അതെ. ഭൂമിയുടെ സഞ്ചാരപാതയുടെ അകവശത്തുകൂടി ചന്ദ്രൻ പിന്നോട്ടു നീങ്ങാൻ തുടങ്ങുമ്പഴേക്കു ഭൂമി നല്ല വേഗത്തിൽ മുന്നോട്ടു നീങ്ങിച്ചെല്ലുമല്ലോ. ഭൂമിയുടെ മുന്നിലൂടെ ഭൂമിയുടെ പാത മുറിച്ച് അകത്തേക്ക് കടന്നാൽ ചന്ദ്രന് ഭൂമിയുടെയും സൂര്യന്റെയും നടുവിലെത്താൻ ഏതാണ്ട് ഏഴു ദിവസം പോരെ?”
“ങൂം… ചന്ദ്രന്റെ പ്രദക്ഷിണസമയത്തിന്റെ നാലിലൊന്ന്, അല്ലെ?”
“അതെ. ഈ ഏഴുദിവസത്തിൽത്തന്നെ ചന്ദ്രൻ സ്വന്തം ഭ്രമണപഥത്തിൽ ഭൂമിയുടെ സഞ്ചാരദിശയെ അപേക്ഷിച്ച് നേരെ പിന്നോട്ടു നീങ്ങുന്നത് ഒറ്റദിവസമാണ്”
“അതെ, ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്ന ദിവസം.”
“ങും. ബാക്കിദിവസങ്ങളിൽ വളഞ്ഞ ദിശകളിൽ അല്ലെ ചന്ദ്രന്റെ നീക്കം? ഭൂമിയെ അപേക്ഷിച്ച് അകഭാഗത്തേക്കും പിന്നോട്ടും പുറത്തേക്കുമൊക്കെ വളയുന്ന ദിശകളിൽ?”
“അതെ.”
“അപ്പോൾ, ചന്ദ്രൻ ഭൂമിയുടെ പാതയുടെ ഉള്ളിലേക്ക് അല്പാല്പം നീങ്ങുന്നതായും അല്പമൊന്നു വേഗം കുറയുന്നതായുമേ പൂവ് നില്ക്കുന്നിടത്തു നില്ക്കുമ്പോൾ കാണൂ.”
ഈ ആനിമേഷനിൽ ഭൂമിയോടൊപ്പമുള്ള ചന്ദ്രന്റെ ഓട്ടം നോക്കൂ. ഭൂമിയെ ചുറ്റുന്നതായും കാണാം. നാം പരിചയപ്പെട്ടതുപോലെ തരംഗപാതയിൽ സൂര്യനെ ചുറ്റുന്നതായും കാണാം. സന്ദർശിക്കൂ..https://www.interactive-earth.com/earth/solar-system.html
അതു സങ്കല്പിച്ചെടുക്കാൻ പൂവ് അല്പം സമയം എടുത്തു. ഒടുവിൽ അവൻ വിജയിച്ചു. “ങും. കാണുന്നുണ്ട്, കാണുന്നുണ്ട്. അല്ല ടീച്ചറേ, ഭൂമിയുടെ ചുറ്റുമുള്ള ചന്ദ്രന്റെ കറക്കത്തിൽ വേഗവ്യത്യാസമൊന്നും വരുന്നില്ലല്ലോ?”
“ഇതുമായി ബന്ധപ്പെട്ട് വ്യത്യാസമൊന്നും ഇല്ല. എന്നാലും പൂവ് നില്ക്കുന്ന സ്ഥലത്തുനിന്നു നോക്കുമ്പോൾ ഓരോ ചന്ദ്രവട്ടത്തിലും ഭൂമിയുടെ പാതയുടെ അകവശത്ത് ആയിരിക്കുമ്പോൾ അല്പം വേഗം കുറയുന്നതായും ആ പാതയ്ക്കു പുറത്തെ വശത്ത് ആയിരിക്കുമ്പോൾ അല്പം വേഗം കൂടുന്നതായും തോന്നാം.”
“ങും. ചെറിയ വ്യത്യാസം.”
“അതെ. അറിയാൻമാത്രമൊന്നും തോന്നില്ല. പിന്നെ, ഓരോ പതിനാലു ദിവസവും കൂടുമ്പോൾ ചന്ദ്രൻ ഭൂമിയുടെ പിന്നിലും മുന്നിലും മാറിമാറി എത്തുന്നില്ലേ? അങ്ങനെ താരതമ്യം ചെയ്ത് അതു മനസിലാക്കാം.”
“ങും, ഇവിടെ വന്നു നിന്നാൽ മാത്രമേ അതു മനസിലാകൂ. ചുരുക്കത്തിൽ ചന്ദ്രനു പിന്നോട്ടു പോകാതെതന്നെ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാകാൻ കഴിയും. പിന്നോട്ടു പോകാതെ ഭൂമിയെ ചുറ്റാൻ കഴിയും.”
“അതേല്ലോ.”
“ങൂം… ടീച്ചർ ഇതുവരെ പറഞ്ഞതുവച്ച്, ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നുണ്ട്; എന്നാൽ, സൗരയൂഥത്തിനു പുറത്തുനിന്നു നോക്കുമ്പോൾ ചുറ്റുന്നില്ല. ടീച്ചറേ, അപ്പോൾ ഇതിൽ ഏതാ ശരിക്കും ശരി?!”
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള