Read Time:12 Minute

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

ചന്ദ്രന്റെ സഞ്ചാരം മനസിലാക്കാൻ സൗരയൂഥത്തെ ദൂരെ നിന്നു കാണാൻ സങ്കല്പറോക്കറ്റിൽ അതിവിദൂരതയിലേക്കു കുതിച്ച പൂവിനു ഷംസിയട്ടീച്ചർ നിരീക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ നല്കുകയാണ്. “ഓ! ശരി, സൗരയൂഥത്തിനു പുറത്ത് അങ്ങുദൂരെ എത്തിയെങ്കിൽ, ഇനി ഞങ്ങടെ സൗരയൂഥത്തിലേക്കു ശ്രദ്ധിച്ചുനോക്കൂ! സൂര്യനെയും ഗ്രഹങ്ങളെയും ചന്ദ്രനെയുമെല്ലാം കാണാമല്ലോ.”

“കാണാം.”

“അപ്പോൾ നിരീക്ഷകാ, ഭൂമിയും ചന്ദ്രനും ഏകദേശം ഒരേ തലത്തിലാണു സഞ്ചാരം എന്ന് ഓർക്കണേ. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും ഭൂമിയോടൊപ്പം സൂര്യനെ ചുറ്റുന്നതും ഏതാണ്ട് ഒരേ തലത്തിൽ. നേരത്തേ പറഞ്ഞതുപോലെ വെറും 5.14 ഡിഗ്രിയുടെ ചരിവേയുള്ളൂ ചന്ദ്രന്റെ സഞ്ചാരതലത്തിന്.” 

“അതിനെന്താ?” 

“ഒന്നുമില്ലേ?” 

“………ങ്…..?” 

“ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതു സങ്കല്പിക്കൂ! സൂര്യൻ ഉള്ളതിന്റെ എതിർ‌വശത്താനു ചന്ദ്രൻ എന്നു സങ്കല്പിച്ചുകൊണ്ടു തുടങ്ങാം.” 

“ശരി, ടീച്ചർ… ഓവർ!” 

ടീച്ചർ പൊട്ടിച്ചിരിച്ചുപോയി. “ഹഹഹ…! വേണ്ടാ, വെറുതേ ഓവറാക്കണ്ടാ. ശ്രദ്ധിച്ചുനിരീക്ഷിക്കൂ! മുന്നോട്ടു നീങ്ങുന്ന ഭൂമിയുടെ മുന്നിലൂടെ ഭൂമിയുടെ സഞ്ചാരപാത മുറിച്ച് ചന്ദ്രൻ അകത്തേക്കു കടന്നതായി സങ്കല്പിക്കുക.” 

“സങ്കല്പിച്ചു.” 

“കറങ്ങി ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വന്നോ?” 

“വന്നു.” 

“ഇനി ഭൂമിയുടെ പിന്നിലൂടെ പാത മുറിച്ചുകടന്നു മറുവശത്ത് എത്തണ്ടേ?” 

“വേണം. ദാ എത്തുകയാണ്.” 

“അപ്പോഴും ഭൂമി മുന്നോട്ടു നീങ്ങുകയല്ലേ?” 

“അതെ.” 

“അപ്പോൾ ചന്ദ്രൻ പിന്നോട്ടുപോകുകയും ഭൂമി അതിവേഗം മുന്നോട്ടുപോകുകയും ചെയ്താൽ രണ്ടുപേരും അകന്നുപോവില്ലേ?” 

“അയ്യൊ! ശരിയാണല്ലോ.” 

“അങ്ങനെ അകന്നുപോയാൽ ആകർഷണത്തിൽനിന്നു വിട്ടുപോകില്ലേ? അപ്പോൾ വീണ്ടും ഭൂമിയുടെ മുന്നിലെത്തി മറുവശത്തേക്കു കടക്കാൻ ചന്ദ്രനു പറ്റുമോ?” 

“ഇല്ല. അതിന് അതിവേഗത്തിൽ ഓടേണ്ടിവരും.”

“പക്ഷെ, ചന്ദ്രന് ആക്സിലറേറ്ററും ബ്രേക്കും ഒന്നും ഇല്ലല്ലോ, അങ്ങനെ തോന്നുമ്പഴൊക്കെ വേഗം കൂട്ടാനും കുറയ്ക്കാനും.”

“പോ ടീച്ചറേ. ഉണ്ടെങ്കിൽത്തന്നെ ആവശ്യത്തിനൊത്ത് അതിൽ ചവിട്ടാൻ ചന്ദ്രനു പറ്റുമോ? ടീച്ചറല്ലേ ഇന്നലെ പറഞ്ഞത് ഈ ഗോളങ്ങൾക്കൊന്നും ബുദ്ധിയില്ലെന്ന്. ” 

“അതെ. പിന്നെന്തു ചെയ്യും?” 

“എന്തു ചെയ്യും…?” പൂവ് കുഴപ്പത്തിലായി. “ചന്ദ്രൻ മുന്നിലൂടെ വഴി മുറിച്ചുകടക്കുമ്പോൾ മുന്നോട്ടു പായുന്ന ഭൂമി വന്ന് ഇടിക്കുകയും ചെയ്യില്ലേ?” 

“ഹഹഹ!!! അപ്പോൾ പൂവ് ശരിക്കും കുരുക്കിലായി!” 

“അതെ ടീച്ചറേ. രക്ഷിക്ക്…, പ്ലീസ്…” 

“പൂവേ, ചന്ദ്രൻ ഭൂമിയുടെ ആകർഷണവലയത്തിലല്ലേ? അപ്പോൾ അങ്ങനെ അങ്ങ് അകന്നുപോകാനും വിട്ടുപോകാനുമൊക്കെ കഴിയുമോ?” 

“അതു ശരിയാണല്ലോ…” 

“കോടിക്കണക്കിനു കൊല്ലമായിട്ടും ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽത്തന്നെ ഉണ്ടുതാനും.” 

“അതെ. പിന്നെ… അതെങ്ങനെ… ശരിയാകും…?” 

“പൂവേ! ചന്ദ്രൻ മുന്നിലൂടെ അകവശത്തേക്കു കടക്കുമ്പോഴേക്ക് ഭൂമി കുറെ മുന്നോട്ടു നീങ്ങില്ലേ?” 

“നീങ്ങും.” 

Fig 68: ചന്ദ്രൻ സൂര്യനുചുറ്റും നീങ്ങുന്നത് ഇങ്ങനെയാണെന്നാണ് ആദ്യം തോന്നുക. പക്ഷെ, ചന്ദ്രന്റെയും ഭൂമിയുടെയും വേഗങ്ങൾ മനസിലാക്കുമ്പോൾ പാത ഇങ്ങനെയല്ലെന്നു മനസിലാകും. പൂവ് ആദ്യം കരുതിയത് ഇങ്ങനെയാണെന്നാണ്. Fig 67: സൂര്യനു ചുറ്റുമുള്ള ചന്ദ്രന്റെ പാതയായി പൂവ് ആദ്യം സങ്കല്പിച്ചതിനെ അല്പം‌‌ വലിച്ചുനീട്ടിയപ്പോൾ ഇങ്ങനെ ഒന്നാണു പൂവിനു മനസിൽ തോന്നിയത്. പക്ഷെ, ഇതുമല്ല ശരിയായ പാത.
Fig 66: സൂര്യനുചുറ്റുമുള്ള ഭൂമിയുടെയും ചന്ദ്രന്റെയും പാതകളുടെ ശരിയായ മാതൃക.

“അതെ. അപ്പോൾ, അതേ ദിശയിൽ അതേ വേഗം ചന്ദ്രനും വേണ്ടേ? എങ്കിൽ, വട്ടം പൂർത്തിയാക്കാൻ പിറകോട്ടു പോകേണ്ട ചന്ദ്രനു ഭൂമിക്കൊപ്പം മുന്നോട്ടും നീങ്ങണം. അങ്ങനെ മുന്നോട്ടും നീങ്ങിക്കൊണ്ടാണു പാതയുടെ മറുവശത്തേക്കു കടക്കുക.” 

“അപ്പോൾ… മുന്നോട്ടെത്താൻ… ചന്ദ്രൻ അല്പം കൂടുതൽ ദൂരം ഓടണം; പിന്നോട്ട് അത്രേം പോകാതിരിക്കുവേം വേണം.”

“കറക്റ്റ്! അങ്ങനെ പോകുന്ന പോക്ക് ഒന്നു സങ്കല്പിക്കൂ!” 

പൂവ് സങ്കല്പലോകത്ത്. ഒടുവിൽ അവൻ വായുവിൽ വരച്ചുകാണിച്ചു – കുറെ ‘ത’കൾ കൂട്ടിച്ചേർത്ത് എഴുതിയപോലെ, വലത്തുനിന്ന് ഇടത്തേക്ക്. 

ടീച്ചർ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു: “പൂവിനു സംഗതിയുടെ ഗുട്ടൻസ് പിടികിട്ടി.” 

പൂവ് വിടർന്നുചിരിച്ചു. 

“പക്ഷേ, അപ്പഴും ഒരല്പം പ്രശ്നമുണ്ട്.” 

“അതെന്താ?” 

“ഭൂമിയുടെ വേഗം പൂവ് സങ്കല്പിച്ചത്രയുമല്ല. അതിനെക്കാളും വളരെ കൂടുതലാ.” 

“അയ്യോ! അപ്പോൾ പാവം ചന്ദ്രന്റെ ഊപ്പാടു വരുമല്ലോ!” 

ടീച്ചർ പൊട്ടിച്ചിരിച്ചു. “അത്രയ്ക്കൊന്നും വരില്ല. സമാധാനിക്ക്! ത കൂട്ടിച്ചേർത്തപോലുള്ള ചന്ദ്രന്റെ പാത സ്പ്രിങ് പോലെ ഒന്നു വലിച്ചുനോക്ക്.” 

“വലിച്ചാൽ… ഓ! ‘ത’ പോലെ അകത്തൂടെ കയറിയിറങ്ങാനൊന്നും നേരം കിട്ടില്ലായിരിക്കും.” 

“അതെ.” 

“അപ്പോൾ കുറെ ‘റ’ മുട്ടിച്ചേർന്നിരിക്കുന്നപോലെയേ ഉണ്ടാവൂ…?” 

ചന്ദ്രൻ സൂര്യന്റെ മുന്നിലും പിന്നിലും മുകളിലും താഴെയുമെല്ലാം എത്തുന്നതു നോക്കുക. അതേസമയം, ചന്ദ്രന്റെ ആ സ്ഥാനങ്ങളെല്ലാം കൂട്ടിയിണക്കിയാലോ? വളഞ്ഞുപുളഞ്ഞ ഒരു പാതയിലാണു സൂര്യനുചുറ്റുമുള്ള ചന്ദ്രന്റെ സഞ്ചാരം എന്നു കാണാം. ഒരേസമയം ഭൂമിയെ ചുറ്റുകയും എന്നാൽ, ഭൂമിയെ ചുറ്റാതെ ഭൂമിയെപ്പോലെ സൂര്യനെ ചുറ്റുകയും ചെയ്യുന്നതിന്റെ രഹസ്യം ഇപ്പോൾ വ്യക്തമായില്ലേ?

“ആ വേഗവും പോരല്ലോ പൂവേ! സെക്കൻഡിൽ 30 കിലോമീറ്ററാ ഭൂമിയുടെ വേഗം. പക്ഷേ, പൂവ് ഇങ്ങനെ പടിപടിയായി വേഗം കൂട്ടുന്നതാ ഒരുകണക്കിനു നല്ലത്. കാര്യം നന്നായി മനസിലാകും. ശരി, സ്പ്രിങ് അല്പം‌കൂടി വലിക്കൂ!” 

“അല്ല ടീച്ചറേ, ഫുള്ളായിട്ടു വലിച്ചാൽ നേർവരപോലെ ആയിപ്പോവില്ലേ?” 

“മോനേ, നീ മിടുക്കനാ.” ടീച്ചർ പൂവിനെ പ്രോത്സാഹിപ്പിച്ചു. “പക്ഷെ, അത്രയും വലിക്കണ്ടാ. കുറച്ച് അയവ് ആകാം. അപ്പോൾ വളഞ്ഞുപുളഞ്ഞ് തരംഗം പോലെ ഒരു വര കിട്ടും.”

“ങും. ടീച്ചറേ, തരംഗത്തിനു ഭൂമിയുടെ പാതയിൽനിന്ന് ഇരുവശത്തേക്കും എത്രവരെ വളവു സങ്കല്പിക്കണം?”

“നീതന്നെ ആലോചിക്കൂ!”

പൂവ് അല്പനേരം ശാസ്ത്രജ്ഞനായി. നന്നായി ആലോചിച്ചു. എന്നിട്ടു പറഞ്ഞു: “ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തോളം. ശരിയല്ലേ?”

“കറക്റ്റ്!” ടീച്ചർ കയ്യടിച്ച് അഭിനന്ദിച്ചു.

“അപ്പോൾ അങ്ങനെതന്നെയാണ്! ങും… ഇരുവശത്തേക്കും അത്രയും വളവിട്ട് ആ തരംഗം ഫൈനലായിട്ട് ഒന്നൂടെ സങ്കല്പിക്കട്ടെ!” 

 ഭൂമിയെ ചുറ്റുന്നതിനിടെ ചന്ദ്രൻ എത്തിച്ചേരുന്ന സ്ഥാനങ്ങളും ആ ദിവസങ്ങളിൽ ചന്ദ്രനെ ഭൂമിയിൽനിന്നു കാണുന്ന രൂപവും (അമാവാസിമുതൽ അടുത്ത അമാവാസിവരെ)
എന്തിനാണ് ഈ പരമ്പര?

പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.

ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.

ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!

മനോജ് കെ. പുതിയവിള

ഇതുവരെ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്കമുതൽ ലൂസിവരെ – 2025 ലെ സയൻസ് കലണ്ടർ ഇപ്പോൾ ഓർഡർ ചെയ്യാം
Next post സയൻസിന്റെ വെടിക്കെട്ടായി തിരുവനന്തപുരം റിജിയൺ സയൻസ് സ്ലാം
Close