രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
അടുത്തദിവസം രാവിലേതന്നെ പൂവ് ഷംസിയട്ടീച്ചറെ പിടികൂടി. തലേന്നു രാത്രിമുഴുവൻ അവന്റെ തലയിൽ ആകാശഗോളങ്ങൾ തലങ്ങും വിലങ്ങും ചുറ്റിക്കറങ്ങുകയായിരുന്നു. ഭൂമിയുടെ പുറത്തിരുന്നുള്ള കറക്കം, സൂര്യന്റെ ചുറ്റുമുള്ള ഓട്ടം, അങ്ങനെയൊക്കെ കറങ്ങിക്കൊണ്ടു ഗാലക്സിക്കുള്ളിലെ പ്രദക്ഷിണം, ലോക്കൽ ഗ്രൂപ്പിലെ ഗാലക്സികളുടെ കറക്കം, തമ്മിൽത്തമ്മിൽ അകലുന്ന ഗാലക്സികളുടെ ഓട്ടം, … അതെല്ലാം ആലോചിച്ചപ്പോൾ പൂവിനൊരു കൗതുകം.
“ടീച്ചറേ, പലതരം ചലനങ്ങൾ ടീച്ചർ പറഞ്ഞല്ലോ. ഭൂമിയുടെ കറക്കംതൊട്ട് ഗാലക്സികളുടെ ഓട്ടം വരെ. ഇതെല്ലാം ചേർത്ത്, പത്തുകൊല്ലം കഴിയുമ്പോൾ നമ്മൾ പ്രപഞ്ചത്തിൽ എവിടെ ആരിക്കും? കണക്കുകൂട്ടാൻ പറ്റുമോ?”
ബുദ്ധിമാനായ പൂവിൽനിന്ന് ഇത്തരം ചോദ്യങ്ങളാണ് ടീച്ചറും പ്രതീക്ഷിക്കുന്നത്. ടീച്ചറും ഉഷാറായി.
“പറ്റുമല്ലോ. പക്ഷേ, അതൊരു വലിയ പണിയാണ്. നല്ല ശക്തിയുള്ള കമ്പ്യൂട്ടറും പ്രത്യേക സോഫ്റ്റ്‌വെയറും ഒക്കെ വേണം. എല്ലാ ചലനങ്ങളുടെയും പൂർണ്ണമായ വിവരം, എന്നുവച്ചാൽ വേഗവും ദിശയും ഒക്കെ, വേണം. ദിശയിലും വേഗത്തിലുമൊക്കെ എപ്പോഴെല്ലാം എങ്ങനെയെല്ലാം മാറ്റം വരാം എന്നതും അറിയണം. പുസ്തകത്തിൽ കാണുന്ന വട്ടം വരച്ചപോലുള്ള കൃത്യമായ പഥമൊന്നുമല്ല പ്രപഞ്ചത്തിൽ ഉള്ളത്.”
“അത് ഇപ്പോൾ മനസിലായി. അപ്പോൾ, നമ്മൾ മുമ്പ് എവിടെയൊക്കെ ആയിരുന്നെന്നും ഭാവിയിൽ എവിടെയൊക്കെ എത്തുമെന്നും ശാസ്ത്രജ്ഞർക്കു കണ്ടുപിടിക്കാം, അല്ലെ? ഗാലക്സിയടക്കം എല്ലാം ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കുവാണെങ്കിൽ നമ്മൾ ഒരിക്കലും ഒരു സ്ഥാനത്തും തിരികെ എത്തില്ലേ?”
“ഭൂമി സൂര്യനെ ചുറ്റുമ്പോഴും സൗരയൂഥം ഗാലക്സിയിൽ പ്രദക്ഷിണം ചെയ്യുകയല്ലേ? അപ്പോൾ, ഭൂമി സൂര്യനുചുറ്റും ഒരു വട്ടം പൂർത്തിയാക്കുമ്പോഴേക്കു സൗരയൂഥം കുറേയേറെദൂരം നീങ്ങിക്കഴിയില്ലേ? ഒരുകൊല്ലം മുമ്പു നിന്ന സ്ഥാനത്തല്ലല്ലോ ഭൂമി എത്തുക. സ്പ്രിങ്ങുപോലെയാണ് ആ പോക്കെന്നു നമ്മൾ കണ്ടതല്ലെ? ഇനി, ഗാലക്സിക്കുള്ളിൽ സൗരയൂഥം ഒരു പ്രദക്ഷിണം പൂർത്തിയാക്കുമ്പഴേക്ക് ഗാലക്സിതന്നെ ഒരുപാടു സഞ്ചരിച്ചുകഴിയില്ലേ? ഇനി പൂവുതന്നെ ഉത്തരം പറയൂ, നാം പ്രപഞ്ചത്തിലെ ഏതെങ്കിലും സ്ഥാനത്തു മടങ്ങിയെത്തുമോ?”
“ഇല്ല. അത് ഉറപ്പായി.” പൂവിനു ചിത്രം കൂടുതൽ വ്യക്തമായി. “എങ്കിലും നമ്മൾ എപ്പോൾ എവിടെ എത്തുമെന്നു കണക്കുകൂട്ടാം, അല്ലെ? അതുപോലെ, മുമ്പ് എപ്പോൾ എവിടെ ആയിരുന്നെന്നും? …അതിന്റെയെല്ലാം വിവരങ്ങൾ കമ്പ്യൂട്ടറിനു കൊടുത്താൽ?”
“അതെ. ആദ്യം അത്തരം പഥങ്ങളിലെ സഞ്ചാരത്തിന്റെ സമവാക്യങ്ങൾ കണ്ടുപിടിക്കണം. അതിനും കമ്പ്യൂട്ടർ സഹായിക്കും. അതെല്ലാം ചേർത്തു വേണം കമ്പ്യൂട്ടറിനു കൊടുക്കാൻ. അപ്പോൾ അത് ഈ സഞ്ചാരങ്ങളുടെ സമവാക്യങ്ങളെല്ലാം ചേർത്ത് നമ്മൾ എത്തിച്ചേരുന്ന സ്ഥാനം കണ്ടുപിടിക്കും.”
പൂവു വീണ്ടും ഇടത്തു കൺകോണിലൂടെ മാനത്തുനോക്കി കുറേനേരം ആലോചിച്ചു. “സ്ഥിരമായി ഒരു സ്ഥാനം ഇല്ലാത്തസ്ഥിതിക്ക് അങ്ങു ദൂരെയുള്ള ഒരു ഗാലക്സിയിൽനിന്ന് ആരെങ്കിലും നമുക്കൊരു കത്തയച്ചാൽ അതു ഭൂമിയിൽ എത്തിക്കാൻ പാവം മെയിൽ വാൻ ഈ വഴിയെല്ലാം പരക്കംപായണം, അല്ലേ ടീച്ചറേ?”
പൂവിന്റെ കടന്ന ചിന്ത കേട്ട് ഷംസിയട്ടീച്ചർ പൊട്ടിച്ചിരിച്ചുപോയി. “ഹഹഹ! അതേയതേ. ഭൂമിക്കു പുറത്ത് എവിടെനിന്ന് അയച്ചാലും ഭൂമി അപ്പോഴുള്ള സ്ഥലം തേടി മെയിൽ വാൻ ഓടിയേ പറ്റൂ.”
ഭൂമിക്കു പുറത്തുനിന്നു കത്ത് അയയ്ക്കുന്ന കാര്യം വന്നപ്പോൾ പൂവ് നമ്മുടെ ഏറ്റവും അടുത്ത ചന്ദ്രനെ ഓർത്തു. ചന്ദ്രനിൽനിന്നു പൂവിന് ചാന്ദ്രയാത്രികരിൽ ഒരാൾ കത്ത് അയയ്ക്കുന്നത് അവൻ സങ്കല്പിച്ചു. അപ്പോഴാണ് ചന്ദ്രന്റെ ചലനക്കാര്യം അവൻ ആലോചിക്കുന്നത്. “അല്ല ടീച്ചറേ, ഇങ്ങനെയൊക്കെ ആകുമ്പോൾ, നമ്മുടെ ചന്ദ്രന്റെ കാര്യം ഇതിലും കഷ്ടമാണല്ലോ! ഭൂമിതന്നെ അക്രോബാറ്റുകളുടെ മാതിരി കുടലു മറിയുന്നപോലെ ആണല്ലോ പായുന്നത്. ചന്ദ്രനും ഈ മറിയലെല്ലാം മറിയണമല്ലോ. ഒപ്പം ഭൂമിയെയും ചുറ്റണ്ടേ! അതും വലിഞ്ഞുനീണ്ട സ്പ്രിങ്ങുപോലെ ആണോ?”
“പൂവു പറഞ്ഞതു നേരാ. ചന്ദ്രന്റെ പാതയുടെ കാര്യത്തിൽ വേറൊരു കൗതുകമുണ്ട്.”
“ങേ! അതെന്താ ടീച്ചറേ?”
“അതു നീ തന്നെ കണ്ടുപിടിക്കണം. ഞാൻ സഹായിക്കാം. ചന്ദ്രന്റെ പാതയുടെ പ്രത്യേകത മനസിലാക്കിക്കാൻ ഞാൻ പൂവിനെ ഒന്നുകൂടി ബഹിരാകാശത്ത് അയയ്ക്കേണ്ടിവരും.”
“ഞാൻ റെഡിയാ ടീച്ചറേ.”
“എന്നാൽ ആദ്യം നമുക്ക് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് അങ്ങു ദൂരെപോയിനിന്ന് ഒന്നു കാണാം. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ഭൂമി സൂര്യനെ ചുറ്റുന്ന ഏതാണ്ട് അതേ തലത്തിൽ ആണ് – വെറും 5.14 ഡിഗ്രിയുടെ വ്യത്യാസമേയുള്ളൂ. ഗാലക്സിയിലെ സഞ്ചാരത്തിലെ ഭൂമിയുടെയും സൗരയൂഥത്തിന്റെയും നിലപോലെ ലംബമായല്ല. അതുകൊണ്ട്, ചന്ദ്രന്റെ സഞ്ചാരം കാണാൻ നല്ല സ്ഥലം, പൂവ് ആദ്യം പോയ സ്ഥലമാണ്. സൗരയൂഥത്തിൽനിന്നു മാറിനിന്നു ഭൂമിയുടെ കറക്കം കാണാൻ പോയില്ലേ, അവിടെ. അപ്പോൾ ശരി, റോക്കറ്റിൽ കയറി വേഗം വടക്കോട്ടു വിട്ടോ…!”
“ഓകെ… ഭൂ……..” എന്നിട്ട് ദൂരെനിന്നെന്നവണ്ണം വിളിച്ചുപറഞ്ഞു: “ഞാൻ ഇവിടെ എത്തീ…”
“ഓ! മനസിന്റെ വേഗം ഒരു റോക്കറ്റിനും ഇല്ലല്ലോ! ശരി, ഇനി നോക്കൂ. എന്താ കാണുന്നത്? ചന്ദ്രനും ഭൂമിയുംകൂടി സൂര്യനെ ചുറ്റുകയല്ലേ?”
“അതെ. ചന്ദ്രൻ ഭൂമിയെ ചുറ്റിക്കൊണ്ട് ഭൂമിക്കൊപ്പം സൂര്യനെ ചുറ്റുന്നു.”
“ങും. നിന്റെ ഭാവനയ്ക്കു കുറച്ചുകൂടി യാഥാർത്ഥ്യബോധം വരാൻ ഒരു കണക്കു പറഞ്ഞുതരാം. ഭൂമി സൂര്യനെ ചുറ്റുന്നത് സെക്കൻഡിൽ 30 കിലോമീറ്റർ വേഗത്തിലാണ്. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് സെക്കൻഡിൽ ഒരു കിലോമീറ്റർ വേഗത്തിലും.”
“നിൽക്ക് ടീച്ചറെ. ഞാൻ ആ സ്പീഡൊന്നു ശരിയാക്കട്ടെ!”
“ശരി ശരി. അല്ല, നിന്റെ കിഴക്കും പടിഞ്ഞാറും പ്രശ്നം ഇപ്പോൾ ഇല്ലേ?”
“ഇല്ല” പൂവ് ചിരിച്ചു.
“എങ്കിൽ നീ കാണുന്നത് ഞാൻ പറയുന്നതുപോലെ വേണം. ക്ലോക്കിൽ സൂചി ഓടുന്നതിന്റെ എതിർവട്ടത്തിലല്ലേ ഭൂമി സൂര്യനെ ചുറ്റുന്നത്? ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും അതേപോലെതന്നെ – ക്ലോക്കിന്റെ എതിർദിശയിൽ. ആന്റിക്ലോക്ക്‌വൈസ് എന്ന് ഇംഗ്ലിഷിൽ പറയും. ഭൂമിയും ചന്ദ്രനും അവയുടെ ആക്സിസുകളിൽ സ്വയം കറങ്ങുന്നതും അതേദിശയിൽത്തന്നെ. ”
“ടീച്ചർ പറഞ്ഞതു നന്നായി. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ ചന്ദ്രനെ തിരിച്ചു കറക്കിയേനെ.”
“ങും, എനിക്കറിയാം. അതുകൊണ്ടാ ആദ്യമേ പറഞ്ഞത്. ഇത് ഓർക്കാൻ ഒരു വിദ്യയുണ്ട്. നമ്മൾ ഭൂമിയിൽ നിൽല്ക്കുമ്പോൾ, വലതുകൈയുടെ പെരുവിരൽ വടക്കോട്ടാക്കി ചൂണ്ടുവിരൽ നിവർത്തിപ്പിടിച്ചാൽ ആ ചൂണ്ടുവിരൽ ചൂണ്ടുന്ന വഴിക്കു വളഞ്ഞാണ് അവയുടെ പോക്ക്. ബാക്കി മൂന്നുവിരലുകൾ വളച്ചുപിടിച്ചിരിക്കുകയല്ലേ? ആ ദിശയിലാണു ചുറ്റലും തിരിയലും. ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഇങ്ങനെകൂടി സങ്കല്പിക്കാൻ മറക്കണ്ടാ.”
“സങ്കല്പിക്കാം. തിരികെ ഭൂമിയിൽ എത്തട്ടെ.”
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള