രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“ചലനം ചലനം പ്രപഞ്ചസത്യം
മാനവനിതുകേട്ടുണരട്ടെ!” പൂവ് പാടിക്കൊണ്ടേയിരുന്നു.
പാട്ട് ആസ്വദിച്ചുകൊണ്ട് ഷംസിയട്ടീച്ചർ പറഞ്ഞു: “ങാ. പാട്ടൊക്കെ കൊള്ളാം. പക്ഷേ, ചലനത്തെയും കാലത്തെയും പറ്റി മനസിലാക്കാൻ ഇനി എത്രയോ കാര്യങ്ങളുണ്ട്! രസമുള്ള ഒരു കാര്യംകൂടി പറയാം. ദ്രവ്യത്തിനു ചലിക്കാൻ സ്ഥലം വേണ്ടേ?”
“വേണം.”
“അപ്പോൾ, സ്ഥലത്തിലാണു ദ്രവ്യം ചലിക്കുന്നത്. അതുപോലെ കാലത്തിലൂടെയുമാണു ദ്രവ്യം ചലിക്കുന്നത്. ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഒരു സംഭവം ഉണ്ടായാൽ നമ്മൾ ഉടൻ ചോദിക്കുന്നത് എന്തൊക്കെയാ?”
“ങൂം… എപ്പഴാന്നു ചോദിക്കും. എവിടാന്നു ചോദിക്കും. പിന്നെ, വല്ല അപകടവുമാണെങ്കിൽ ആർക്കെങ്കിലും വല്ലതും പറ്റിയോന്നു ചോദിക്കും…. പിന്നെ…”
“മതി. ആദ്യംതന്നെ ചോദിക്കുന്നത് എപ്പഴാ, എവിടാ എന്നല്ലേ. സമയവും സ്ഥലവും. ഏതു സംഭവത്തിനും ഏതു ചലനത്തിനും ഇതു രണ്ടും വേണം – സ്ഥലവും കാലവും. അവ തമ്മിലുള്ള ബന്ധം അതാണ്. അപ്പോൾ ചുരുക്കത്തിൽ, ദ്രവ്യം ഉണ്ടെങ്കിലേ ഇടമുള്ളൂ. ഇവ രണ്ടും ഉണ്ടെങ്കിലേ ചലനമുള്ളൂ. ചലനം നടക്കാൻ കാലവും വേണം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്ഥലവും കാലവും കൂട്ടുചേർന്നാണ് ദ്രവ്യത്തിന്റെ ചലനം നിശ്ചയിക്കുന്നത്. ചലനത്തിനു കാരണമായ മാറ്റം സ്ഥലകാലങ്ങളിൽ സൃഷ്ടിക്കുന്നത് ദ്രവ്യവുമാണ്. സ്ഥലകാലങ്ങളിലെ ചുളിവ് എന്നൊക്കെയാണ് ശാസ്ത്രം ഇതിനെ വിശദീകരിക്കുന്നത്. വലിയ ക്ലാസുകളിലേ അതൊക്കെ മനസിലാകൂ.”
“ങും. ചുരുക്കത്തിൽ, ഇതെല്ലാംകൂടിയുള്ള ഒരു ഇതാണ് ഈ നടക്കുന്നതെല്ലാം.”
“ങും, ഒരു ഇതാണ്.” ടീച്ചർ ചിരിച്ചു. “പക്ഷെ, സയൻസിന്റെ ഭാഷയിൽ ‘ഒരു ഇതാണ്’ എന്നു പറയാൻ പറ്റില്ലല്ലോ. ഊർജ്ജരൂപംകൂടിയുള്ള ദ്രവ്യവും സ്ഥലവും കാലവും ചേർന്നുള്ള പ്രതിഭാസമാണു പ്രപഞ്ചം.”
“അപ്പോൾ പ്രപഞ്ചത്തിനു ലക്ഷ്യമൊന്നും ഇല്ല?”
“ലക്ഷ്യവും ഉദ്ദേശ്യവുമൊക്കെ വേണമെങ്കിൽ പ്രപഞ്ചത്തിനു ബുദ്ധി വേണ്ടേ പൂവേ? അതുണ്ടോ? കല്ലും മണ്ണും പൊടിപടലവും വാതകങ്ങളും അണുക്കളും ചൂടും പ്രകാശവും സ്ഥലവും കാലവും ചലനവും ഒക്കെയല്ലേ ഉള്ളൂ പ്രപഞ്ചത്തിൽ. അതെല്ലാംകൂടി ഇങ്ങനെയൊക്കെ അങ്ങു പ്രവർത്തിക്കുന്നു, അത്രേയുള്ളൂ. അതുകൊണ്ടല്ലേ പലതും കൂട്ടിയിടിക്കുന്നതും തകരുന്നതും പുതിയത് ഉണ്ടാകുന്നതും ഒക്കെ. അതിനൊക്കെ എന്ത് ഉദ്ദേശ്യവും ലക്ഷ്യവും?”
“പക്ഷേ, ടീച്ചർ പറഞ്ഞില്ലേ, എല്ലാം പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന്.”
“പറഞ്ഞു. പക്ഷെ, ആ നിയമങ്ങൾ നമ്മൾ മനുഷ്യർ പ്രപഞ്ചത്തെ നിരീക്ഷിച്ചു കണ്ടുപിടിച്ചതാ. അല്ലാതെ നിയമവും ചട്ടവുമൊന്നും പ്രപഞ്ചം ഉണ്ടാക്കിവച്ചിട്ടില്ല. മനുഷ്യരുടെ പ്രത്യേകതയാണ് എന്തിനും കാരണം തേടുക എന്നത്. ഈ അന്വേഷണബുദ്ധി കാരണം നാം പലതും മനസിലാക്കി. അവയെ നമ്മുടെ യുക്തിക്കനുസരിച്ചു കൂട്ടിയിണക്കി ആലോചിച്ചു. അപ്പോൾ ചില ബന്ധങ്ങൾ കണ്ടു. അതൊക്കെ പ്രകൃതിനിയമങ്ങൾ ആണെന്നു നമ്മൾ ധരിക്കുന്നതാണ്.”
“എന്നിട്ട് ഇതൊക്കെ ശരിയായി വരുന്നുണ്ടല്ലോ.”
“ഉണ്ട്. നമ്മുടെ അറിവുവച്ചു നോക്കുമ്പോൾ ഈ നിയമങ്ങളൊക്കെ പ്രപഞ്ചത്തിൽ സദാ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഗോളവും അതിനു ബാധകമെന്നു നാം കരുതുന്ന നിയമങ്ങൾ പ്രകാരം ചലിക്കുന്നു. ചിലപ്പോൾ കണക്കു തെറ്റുന്നതായും കാണും. അപ്പോൾ തെറ്റുന്നത് നമ്മുടെ നിയമമാകാം. അല്ലെങ്കിൽ അതിൽ നാം മനസിലാക്കാത്ത ഏതെങ്കിലും ഘടകം കാണാം. അങ്ങനെ വരുമ്പോൾ നാം കൂടുതൽ പഠിക്കും. പുതിയ കാര്യങ്ങൾ കണ്ടെത്തും. തെറ്റു തിരുത്തി നിയമം കൂടുതൽ ശരിയാക്കും. അല്ലെങ്കിൽ, ഒരു നിയമം തെറ്റെന്നു കണ്ടാൽ അതു കളഞ്ഞു പുതിയ നിയമം ഉണ്ടാക്കും. അങ്ങനെ ശാസ്ത്രം വളരും. അതൊക്കെ നമ്മുടെ കാര്യം. ഈ തെറ്റും തിരുത്തും ഒന്നും പ്രപഞ്ചം അറിയുന്നില്ലല്ലോ. പ്രപഞ്ചത്തിന് ഈ നിയമമൊന്നും അറിയില്ല. തീയ്ക്ക് അറിയുമോ തീയിൽ സാധനങ്ങൾ കത്തുമെന്ന്; നമുക്കു പൊള്ളുമെന്ന്; ഓക്സിജൻ കാരണമാണു കത്തുന്നതെന്ന്?”
“ഇല്ല.”
“പക്ഷേ, നമുക്കറിയാം.”
“അതെ.”
“അത് മനുഷ്യർ വിശേഷബുദ്ധിയുള്ള ജീവി ആയതുകൊണ്ടാ. മനുഷ്യർ പ്രപഞ്ചത്തിൽ ഉണ്ടായില്ലെങ്കിലും പ്രപഞ്ചത്തിനും പ്രകൃതിക്കും ഒന്നുമില്ല. അത് ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും.”
“ടീച്ചറേ, ഞാൻ മുമ്പെല്ലാം വിചാരിച്ചിരുന്നത് ഭൂമിയും സൂര്യനും ചന്ദ്രനും പ്രകൃതിയുമൊക്കെ നമ്മൾക്കുവേണ്ടി ഉള്ളതാണെന്നാണ്.”
“ഇപ്പഴോ?”
“ഇപ്പോൾ എനിക്കറിയാം അങ്ങനെ അല്ലെന്ന്. മനുഷ്യവംശംതന്നെ ഇല്ലാതായാലും പ്രപഞ്ചം തുടരുമെന്ന്.”
“അതെ. നീ കൊച്ചുകുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? എന്തു സാധനം കൈയിൽ കൊടുത്താലും അവർ വായിലേക്കു കൊണ്ടുപോകും. അവർക്ക് ആ ഒറ്റ ഉപയോഗമേ അറിയൂ. കൂടുതൽ അറിയുമ്പോഴോ? കിലുക്കിട്ടം കിലുക്കാനും പന്ത് തട്ടിക്കളിക്കാനും മിഠായി തിന്നാനും ഉള്ളതാണെന്നു മനസിലാകും. അതുപോലെതന്നെ നമ്മളും. പണ്ട് എല്ലാ മനുഷ്യരും ഇങ്ങനെയൊക്കെയാണു വിചാരിച്ചിരുന്നത് – അല്പം മുമ്പുവരെ പൂവ് വിചാരിച്ചതുപോലെ. എല്ലാം നമുക്കായി ഉണ്ടായതാണെന്ന്.”
“അതെ. അക്കാലത്ത് ഭൂമി ആണു പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നാണല്ലോ കരുതിയിരുന്നത്.”
“അതെ. പ്രപഞ്ചത്തെയും ജീവനെയും പറ്റി അറിഞ്ഞപ്പോൾ അതു മാറിയില്ലേ. ഇതൊന്നും അറിയാത്തവർ ഇന്നും അങ്ങനെയൊക്കെയാണു ധരിച്ചുവച്ചിരിക്കുന്നത് – പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏതോ ഒരു ബുദ്ധികേന്ദ്രം ഉണ്ടെന്നൊക്കെ.” ഒന്നു നിർത്തിയിട്ടു ഷംസിയട്ടീച്ചർ തുടർന്നു: “ങും… അറിവിന്റെ കാലമല്ലേ. തെറ്റിദ്ധാരണകളൊക്കെ വൈകാതെ മാറും.”
“പക്ഷേ, ടീച്ചറെ, ഇന്നാളിൽ ഒരു മാസികയിൽ കണ്ടു, നക്ഷത്രങ്ങൾ പതിച്ച ആകാശം നമുക്ക് ആസ്വദിക്കാനായി ഉണ്ടാക്കിയിട്ടുള്ളതാണെന്ന്.”
“ഹഹഹ! എണ്ണമറ്റ ഗാലക്സികളും അവയിലൊക്കെ കോടാനുകോടി നക്ഷത്രങ്ങളും ഉണ്ടായിട്ടും നമുക്കു കാണാവുന്നവ പതിനായിരം പോലും ഇല്ല. അപ്പോൾ ബാക്കിയൊക്കെ ആരെ കാണിക്കാൻ ഉണ്ടാക്കിയതാ?”
“എന്നാലും അങ്ങനെയൊക്കെ ചിന്തിക്കുന്നത് ഒരു രസമല്ലേ, ടീച്ചറേ?”
“അതെ. തീർച്ചയായും. അതൊക്കെ ഭംഗിയുള്ള സങ്കല്പങ്ങളാ. സാഹിത്യത്തിൽ ഇഷ്ടംപോലെ ഭാവന ആകാമല്ലോ. കവികളും എഴുത്തുകാരുമൊക്കെ അങ്ങനെ സങ്കല്പലോകങ്ങൾ സൃഷ്ടിക്കുന്നവരല്ലേ. അതൊക്കെ നല്ല രസമാ. സയൻസിന്റെ രസം മറ്റൊന്നാ. പുതിയപുതിയ അറിവുകളുടെ രസം, വിസ്മയം, ഒക്കെ. ശാസ്ത്രജ്ഞരും വലിയ ഭാവനാശാലികളാണ്. അവരുടെ ഭാവനയിൽ വിടരുന്ന സങ്കല്പനങ്ങളാണു പരീക്ഷണനിരീക്ഷണങ്ങളിലൂടെ സിദ്ധാന്തങ്ങളായി മാറുന്നത്.”
“ഞാൻ ബഹിരാകാശത്തു പോയതായി സങ്കല്പിച്ചതുപോലെ.” ഒരു തത്വചിന്തകൂടി പൂവ് കൂട്ടിച്ചേർത്തു. “സയൻസ് വളരുന്നതിനനുസരിച്ചു പുതിയ ഭാവനകളും വളർന്നുവരും, അല്ലേ ടീച്ചർ?”
“അതെ. പൂവ് സയൻസ് ഫിക്‌ഷൻ സിനിമയിലൊക്കെ കാണുന്നത് അതല്ലേ. കലയെയും സാഹിത്യത്തെയുമൊക്കെ സയൻസ് സ്വാധീനിക്കും. നമ്മുടെ കവി വയലാറൊക്കെ എത്രയോ മുമ്പേ മനുഷ്യരുടെ ശാസ്ത്രക്കുതിപ്പുകൾക്ക് അനുസരിച്ചു മനോഹരമായ കല്പനകൾ ചമച്ചു! അറിവിന് അനുസരിച്ചു ഭാവനകളും വികസിക്കും.”
“ടീച്ചറേ!”
“എന്താ പൂവേ?”
“മൊത്തത്തിൽ വട്ടായി. ഞാൻ ഇതൊക്കെ ഒന്ന് മനസിൽ കൂട്ടിയിണക്കട്ടെ. അപ്പോൾ കുറെ സംശയങ്ങൾകൂടി വരും. അപ്പോൾ ഞാൻ ടീച്ചറുടെയടുത്തു വരാം.”
“ആയിക്കോട്ടെ. പ്രപഞ്ചം കൗതുകങ്ങളുടെ കലവറയാണ്. ചലനങ്ങളിൽ മാത്രമല്ല, എല്ലാറ്റിലും കൗതുകങ്ങളുണ്ട്. ഒക്കെ പറഞ്ഞുതരാം. ചിലതെല്ലാം പൂവു കോളെജിലൊക്കെ ആകുമ്പഴേ മനസിലാകൂ. അത്തരം കാര്യങ്ങൾ അപ്പോൾ പഠിക്കാം.”
“ശരി ടീച്ചറെ.” പൂവിനു ടീച്ചറോട് പെട്ടെന്ന് ഒത്തിരി ഇഷ്ടം കൂടി. അവന്റെ നാവിൽനിന്ന് അതു പുറത്തുവരികയും ചെയ്തു: “ടീച്ചർ കറങ്ങിത്തിരിഞ്ഞ് ഞങ്ങടെ അയൽപ്പക്കത്തു താമസത്തിനു വന്നത് എത്ര നന്നായി!”
“ങും. അത് ഏതു പ്രപഞ്ചനിയമപ്രകാരം ആണെന്നുകൂടി കണ്ടുപിടിക്ക്!” ടീച്ചർ പൂവിനെ ചേർത്തുപിടിച്ചു പൊട്ടിച്ചിരിച്ചു.
‘സ്പേസ്-ടൈം’ വിശദീകരിക്കുന്ന മൂന്നു വീഡിയോകൾ:
1. The fundamentals of space-time: Part 1 – Andrew Pontzen and Tom Whyntie
2. The fundamentals of space-time: Part 2 – Andrew Pontzen and Tom Whyntie
2. The fundamentals of space-time: Part 3 – Andrew Pontzen and Tom Whyntie
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്
Pics & captions:
സ്ഥലകാലങ്ങളിൽ ദ്രവ്യം ഉണ്ടാക്കുന്ന ചുളിവ് ചിത്രരൂപത്തിൽ ആവിഷ്ക്കരിച്ചത്.
‘സ്പേസ്-ടൈം’ വിശദീകരിക്കുന്ന മൂന്നു വീഡിയോകൾ: