രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
സദാ ചലനവും മാറ്റവും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം പൂവിന് നന്നായി ഇഷ്ടപ്പെട്ടു. അപ്പോൾ ചലനങ്ങളെപ്പറ്റിയായി സംശയം. പൂവിനു കാര്യങ്ങൾ മനസിൽ കണ്ടുനോക്കാൻ എല്ലാത്തിനും ഒരു ക്രമവും കണക്കും വേണം. അതുതന്നെ ചോദ്യമായി പുറത്തുവന്നു: “എന്നാലും ടീച്ചറേ, പ്രപഞ്ചത്തിലെ മാറ്റങ്ങൾക്കൊന്നും ഒരു കണക്കും ഇല്ലേ? പ്രപഞ്ചത്തിനു കൃത്യമായ ഒരു താളം ഇല്ലേ?”
അവന്റെ പ്രശ്നം മനസിലാക്കി ഷംസിയട്ടീച്ചർതിരിച്ചുചോദിച്ചു: “താളം? ഒരു പ്രത്യേക ക്രമത്തിൽ ആവർത്തിക്കുന്ന ചലനമല്ലേ താളം?”
“അതെ.”
“എങ്കിൽ, ഞാൻ തത്ക്കാലം ചലനത്തിന്റെ കാര്യം പറയാം. താളമുണ്ടോ ഇല്ലയോ എന്നൊക്കെ പൂവ് സ്വയം തീരുമാനിച്ചോളൂ.”
“ശരി. എങ്കിൽ പറഞ്ഞുതാ, ഈ ചലനമെല്ലാം എങ്ങനെയാ ഉണ്ടാകുന്നത്?”
“പ്രപഞ്ചഗോളങ്ങൾക്കെല്ലാം മാസുണ്ട്. അവയ്ക്കെല്ലാം സ്ഥാനമുണ്ട്. ആ സ്ഥാനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ആ ഗോളങ്ങൾക്ക് ഇടയിലെല്ലാം ധാരാളം ഇടമുണ്ട്. അല്ലേ?”
“അതെ.”
“ഈ ഇടത്തെ, അഥവാ, സ്ഥലത്തെ ആണ് ഇംഗ്ലിഷിൽ സ്പേസ് എന്നു വിളിക്കുന്നത്. ഈ ഇടത്തിലാണ് എല്ലാ ചലനവും നടക്കുന്നത്. ആ സ്പേസിലൂടെയാണു ഗുരുത്വാകർഷണം പ്രവർത്തിക്കുന്നത്; ഊർജ്ജങ്ങൾ പ്രവഹിക്കുന്നത്. താപവും പ്രകാശവും മറ്റു പലതരം ഊർജ്ജങ്ങളും പ്രപഞ്ചത്തിൽ ഉണ്ടല്ലോ.”
“ഉണ്ട്.”
“ദ്രവ്യവും ഊർജ്ജവും വാസ്തവത്തിൽ ഒന്നാണെന്നു പൂവ് കേട്ടിട്ടുണ്ടോ?”
“ങും. ഇന്നാളിൽ ഹർഷച്ചേച്ചി പറഞ്ഞുതന്നിരുന്നു – ബാലവേദിയിൽവച്ച്. ‘മിന്നും മിന്നും താരകമേ! നിന്നൊളിതന്റെ പൊരുളെന്ത്?’ എന്നൊരു പാട്ടുണ്ട്. അതു പഠിപ്പിച്ചപ്പോൾ.” പൂവ് ആ വരി ഈണത്തിൽ പാടി. “ആ പാട്ടിൽ (ഈണത്തിൽ) ‘ഇ ഈക്വൽസ് റ്റു എംസി സ്ക്വയർ – എന്നൊളിതന്റെ പൊരുളല്ലോ!’ എന്നുണ്ട്. അപ്പോൾ ചേച്ചി പറഞ്ഞുതന്നു. എല്ലാമൊന്നും മനസിലായില്ല. എന്നാലും, ദ്രവ്യം ഊർജ്ജമായും ഊർജ്ജം ദ്രവ്യമായും മാറുമെന്നു പറഞ്ഞത് ഓർമ്മയുണ്ട്.”
“മിടുമിടുക്കൻ! പ്രപഞ്ചത്തിലെ ആകെ ദ്രവ്യവും ഊർജ്ജവും ചേർത്തു കണക്കാക്കിയാൽ അത് എപ്പോഴും സ്ഥിരമായിരിക്കും. അവ പരസ്പരം രൂപം മാറുമെന്നു മാത്രം. ഊർജ്ജസംരക്ഷണനിയമം എന്ന പേരിൽ ഇതൊക്കെ പൂവ് പിന്നീടു പഠിക്കും. ഇംഗ്ലിഷിൽ എനർജി കൺസർവേഷൻ ലോ എന്നു പറയും.”
“അപ്പോൾ, ദ്രവ്യത്തിന്റെ ഒരു രൂപമാണ് ഊർജ്ജം.” പൂവ് കണ്ടുപിടുത്തംപോലെ പറഞ്ഞു.
“തിരിച്ചും പറയാമല്ലോ. ഊർജ്ജത്തിന്റെ ഒരു രൂപമാണു ദ്രവ്യം എന്നും.” അതു പൂവിനെ ഒരു നിമിഷം ചിന്തിപ്പിച്ചു. ടീച്ചർ തുടർന്നു: “അങ്ങനെ പല രൂപത്തിൽ ഉള്ള ദ്രവ്യത്തിന്റെയും സ്ഥലത്തിന്റെയും കൂടെ കാലവും ചേർന്നു കാണിക്കുന്ന അത്ഭുതമാണ് ഇതെല്ലാം – ഈ പ്രപഞ്ചം.”
“കാലമോ? അതു സമയമല്ലേ? വാച്ചിലെ…?”
“വാച്ചിലേ ഉള്ളോ സമയം?”
“അല്ല. ക്ലോക്കിലും മൊബൈൽ ഫോണിലും ഒക്കെ ഉണ്ട്.”
“അത്രയേ ഉള്ളൂ?”
“ങും…” അവൻ ആലോചനയിലാണ്ടു. “സൂര്യൻ… ഉച്ചയും രാത്രിയുമൊക്കെ ആകുമ്പഴും സമയം അറിയാം.”
“വാച്ചും ക്ലോക്കും ഫോണും ശബ്ദങ്ങളും ഒന്നുമില്ലാത്ത ഒരു ഇരുട്ടുമുറിയിൽ, സൂര്യനെയും പുറത്തുള്ള ഒന്നിനെയും കാണാനാവാതെ, പൂവിനെ അടച്ചിട്ടു എന്നു വിചാരിച്ചേ. സമയം അറിയാൻ പറ്റുമോ?”
“ങും… അത് പിന്നെ… വിശക്കുമ്പം ഉച്ചയായീന്ന് അറിയാം.”
“അതു ശരിയാണ്. വിശക്കാതിരിക്കാൻ ഇടയ്ക്കിടെ തിന്നാൻ ആഹാരമൊക്കെ തന്നാലോ?”
“അപ്പോൾ ഞാൻ നാഡിമിടിപ്പ് എണ്ണിനോക്കും.”
“എടാ ഭയങ്കരാ! നീ കൊള്ളാമല്ലോ!” ടീച്ചർ പൂവിനെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മകൊടുത്തു. “മോനെ, നമ്മുടെ ശരീരത്തിലെ വാച്ചുകളാണ് അതൊക്കെ. ആമ്പലും താമയും നാലുമണിപ്പൂവുമൊക്കെ സമയം നോക്കി വിടരുകയും കൂമ്പുകയുമെല്ലാം ചെയ്യുന്നില്ലേ? ജീവജാലങ്ങളുടെയൊക്കെ ഉള്ളിൽ ഓരോ ഘടികാരമുണ്ട്. ജൈവഘടികാരം എന്നാണു നാം അതിനെ വിളിക്കാറ്. പൂവേ, അതെല്ലാം സമയം അറിയലല്ലേ?”
“അതെ.”
“അപ്പോൾ എന്താണു സമയം?”
“ങേ… എന്താണ്… എന്നു ചോദിച്ചാൽ…”
“ശരി. നമുക്ക് ഒരു സങ്കല്പക്കളികൂടി കളിക്കാം. ഇന്നാളിൽ പൂവും കൂട്ടുകാരും ‘ഫ്രീസ്’ എന്നു പറഞ്ഞ് ഒരു കളി കളിക്കുന്നതു കണ്ടല്ലോ.”
“ങാ, അതെ. ഒരാൾ ഫ്രീസ് എന്നു പറഞ്ഞാൽ എല്ലാവരും അങ്ങനെതന്നെ നില്ക്കണം. അനങ്ങാൻ പാടില്ല.”
“അതെ. അതുതന്നെ നമുക്കും കളിക്കാം. ഞാൻ ഫ്രീസ് എന്നു പറയുന്നു. അപ്പോൾ നമ്മളും നാം കാണുന്ന ഈ പ്രപഞ്ചത്തിലുള്ള എല്ലാം ഫ്രീസ് ആകുന്നു. സൂര്യനും ഭൂമിയുമെല്ലാം ഫ്രീസ്. പറന്നുവരുന്ന ആ കിളി ഫ്രീസ്. ആ മേഘങ്ങൾ ഫ്രീസ്. കാറ്റിൽ ആടുന്ന ഇലകളെല്ലാം ഫ്രീസ്. ഹൃദയം, ശ്വാസകോശം, രക്തയോട്ടം, ദഹനം എല്ലാം. കണ്ണൊക്കെ തുറന്നുപിടിച്ച അതേപോലെ. ശബ്ദങ്ങളും സംസാരവും ചിന്തയും ഒന്നുമില്ല.”
“ങും. സങ്കല്പിച്ചുനോക്കട്ടെ.”
“ഓ, ആയിക്കോട്ടെ.”
പൂവ് സങ്കല്പലോകത്തു പിന്നെയും പ്രവേശിച്ചു. “ഏല്ലാം ഫ്രീസ് ആയി ടീച്ചറേ.”
“പിന്നെ നീ മിണ്ടുകയും ചിന്തിക്കുകയും ഒക്കെ ചെയ്തതോ?”
പൂവ് ലേശമൊന്നു ചമ്മി. അവൻ സങ്കല്പലോകത്തുതന്നെ തുടർന്നുകൊണ്ടു ചോദിച്ചു: “ശരി ടീച്ചർ. എല്ലാം അങ്ങനെ ഫ്രീസ് ആയപ്പോൾ…?”
“പിന്നെ എപ്പഴോ എല്ലാം ഒന്നിച്ചു ചലിച്ചുതുടങ്ങി.”
“ങും. തുടങ്ങി.”
“പക്ഷി നിന്നിടത്തുനിന്നു മുന്നോട്ട്. മേഘങ്ങൾ നിന്നിടത്തുനിന്ന് അതിന്റെ വഴിക്ക്. ക്ലോക്കിലെ സൂചികൾ നിന്നിടത്തുനിന്ന്. നമ്മുടെ ഹൃദയം, ശ്വാസകോശം എല്ലാം…”
“അതെ”
“ഇതിനിടയിൽ എത്ര സമയം കടന്നുപോയി?”
“അയ്യോ! …”
“ഒരു വർഷം? ഒരു മാസം? ആയിരം വർഷം? രണ്ടു മണിക്കൂർ? ഏഴു സെക്കൻഡ്?…”
“അതെങ്ങനെ അറിയും ടീച്ചറേ? ഒന്നും ചലിച്ചിട്ടില്ലല്ലോ?”
“അപ്പോൾ പൂവിനു കാര്യം പിടികിട്ടി. ചലനം നടന്നാലേ കാലം അറിയാൻ പറ്റൂ. എന്നുവച്ചാൽ, ചലനമില്ലെങ്കിൽ കാലമില്ല. പ്രപഞ്ചത്തിലെ എന്തിന്റെയെങ്കിലും ചലനംമൂലം ഉണ്ടാകുന്നതാണു കാലം. ആ ചലനം പ്രപഞ്ചഗോളങ്ങളുടെ ആകാം, ജീവജാലങ്ങളുടെ സഞ്ചാരമോ വളർച്ചയോ അവയ്ക്കുള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങളോ ആകാം, ആറ്റങ്ങളുടെയോ അവയ്ക്കുള്ളിലെ ഇലക്ട്രോണും പ്രോട്ടോണും പോലുള്ള കണങ്ങളുടെയോ ആകാം,…”
“അപ്പോൾ, എല്ലാം ഫ്രീസ് ആയിരുന്നപ്പോൾ കാലം ഇല്ലായിരുന്നു?”
“അതെ. ചലനമില്ലെങ്കിൽ കാലമില്ല. പക്ഷെ, പ്രപഞ്ചത്തിന് അങ്ങനെ ഫ്രീസ് ആകാൻ കഴിയുമോ? ഇല്ല. അതിനു ചലിക്കാതിരിക്കാനേ ആവില്ല. എന്നുവച്ചാൽ, കാലം എപ്പോഴും ഉണ്ട്. പ്രപഞ്ചം ഉള്ളപ്പോഴെല്ലാം.”
“മനസിലായി. ഞങ്ങടെ ബാലവേദിയിൽ പാടുന്ന വേറൊരു പാട്ടുണ്ട്. ‘ചലനം ചലനം പ്രപഞ്ചസത്യം,…’ എന്ന്. പാട്ടൊക്കെ പാടിയെങ്കിലും കാര്യം ഇപ്പഴാ മനസിലായത്.”
പൂവ് ആ പാട്ട് ഈണത്തിൽ പാടി.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്