രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
അകന്നകന്നുപോകുന്ന ഗാലക്സികൾ കുറേക്കാലം മുമ്പ് ഇന്നത്തേതിലും അടുത്തായിരുന്നിരിക്കുമല്ലോ എന്ന പുതിയ ചിന്ത പൂവിന് ഹരം പകർന്നു. ഇന്നലെകളിലേക്കു പോകുന്തോറും പരസ്പരം അടുത്തടുത്തുവരുന്ന ഗാലക്സികൾ… ടൈം ട്രാവലിൽ പ്രപഞ്ചത്തിന്റെ ഇന്നലെകളിലേക്ക് ഊളിയിടുകയായിരുന്ന പൂവിനെ ഷംസിയട്ടീച്ചറുടെ ചോദ്യം ഉണർത്തി: “അപ്പോൾ, അതിനും കുറേക്കാലം മുമ്പോ?”
“കുറേക്കൂടി അടുത്തടുത്ത്”
“അങ്ങനെ ശാസ്ത്രജ്ഞർ പിന്നോട്ടുപിന്നോട്ടുള്ള കണക്കെടുത്തു. അപ്പോൾ മനസിലായി, ഈ ഗാലക്സികളും അതിലെ നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും മറ്റുദ്രവ്യങ്ങളും ബ്ലായ്ക്ക് മാറ്ററും ഊർജ്ജരൂപങ്ങളും സകലതും ഒരിക്കൽ ഒറ്റ കേന്ദ്രത്തിൽ ആയിരുന്നുവെന്ന്. ആലോചിച്ചുനോക്കൂ, പ്രപഞ്ചം മുഴുവൻ ഒരു ചെറിയ വലിപ്പത്തിലേക്കു ചുരുങ്ങി കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തൊരു സാന്ദ്രതയും മർദ്ദവും ആയിരുന്നിരിക്കും. ആ കേന്ദ്രത്തിൽ ഉണ്ടായിരുന്നത് എന്തായിരിക്കുമെന്നോ ഏതു രൂപത്തിൽ ആയിരുന്നെന്നോ അത് എങ്ങനെ സംഭവിച്ചുവെന്നോ ഇന്നു നമുക്ക് അറിയില്ല.”
യക്ഷിക്കഥ കേൾക്കുന്നപോലെ കണ്ണുമിഴിച്ച് സ്തബ്ധനായി ഇരിപ്പാണു പൂവ്.
ടീച്ചർ കഥ തുടർന്നു: “ശാസ്ത്രജ്ഞർക്കുപോലും സങ്കല്പിക്കാൻ കഴിയാത്തത്ര മർദ്ദവും സാന്ദ്രതയും കാരണം അതു പെട്ടെന്നു പൊട്ടിത്തെറിച്ചു. ഏതാണ്ട് 1379 കോടി കൊല്ലം മുമ്പായിരുന്നു ആ അതിഭയങ്കരസ്ഫോടനം എന്നാണു ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ആ കേന്ദ്രബിന്ദുവിൽ ഉണ്ടായിരുന്നത് എന്തോ അത് ആ മഹാസ്ഫോടനത്തിൽ നാനാപാടും അതിശക്തിയോടെ ചിതറി. ആ അവസ്ഥയിൽ നാം അറിയുന്ന ദ്രവ്യം ഇല്ലാതിരുന്നതുകൊണ്ട്, ചിതറി എന്നതിനെക്കാൽ പ്രസരിച്ചു എന്നോമറ്റോ പറയുന്നതാകും നല്ലത്. അങ്ങേയറ്റം ശക്തിയേറിയ പ്ലാസ്മ എന്നൊക്കെയാണ് ആ അവസ്ഥയ്ക്ക് ശാസ്ത്രജ്ഞർ പറയുന്നത്. മലയാളത്തിൽ ലളിതമായി അതിശക്തമായ തീഗോളമെന്നൊന്നും പറഞ്ഞാൽ ശരിയാവില്ല. അങ്ങനെയൊന്ന് പിന്നെ പ്രപഞ്ചത്തിൽ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാൽ ആലോചിച്ചോളൂ അതിന്റെ പ്രത്യേകത. പ്രകാശമടക്കം പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജവും അതിസാന്ദ്രത കാരണം അതിൽ കുടുങ്ങിയമർന്നുകിടന്നു.”
“പ്രകാശം കുടുങ്ങിപ്പോകുന്ന ബ്ലായ്ക്ക് ഹോളിനെപ്പറ്റി കേട്ടു. ദാ, ഇപ്പോൾ നമ്മുടെ പ്രപഞ്ചം പിറന്നപ്പോഴത്തെ കൊടും പ്ലാസ്മയിലും പ്രകാശം കുടുങ്ങിക്കിടന്നുപോലും! എന്തൊക്കെ അത്ഭുതങ്ങളാ!”
“അതെ. പ്രപഞ്ചത്തിലും അതിന്റെ കഥയിലും നിറയെ അത്ഭുതങ്ങളാ. ബാക്കി കേട്ടോളൂ. അങ്ങനെയുള്ള ആ പ്ലാസ്മ പൊടുന്നനെ പടർന്നു. പൊടുന്നനെ എന്നുവച്ചാൽ, ആദ്യത്തെ സെക്കൻഡിന്റെ 10^32 -ൽ ഒരംശം സമയം കഴിഞ്ഞപ്പോൾ. അതങ്ങനെ പടർന്നപ്പോൾ സാന്ദ്രതകുറഞ്ഞ് തണുത്തു. ഒരു മൈക്രോസെക്കൻഡ് ആയപ്പോൾ അതിൽ ഇലക്ട്രോൺ, പ്രോട്ടോൺ തുടങ്ങിയ ഇന്നത്തെത്തരം ദ്രവ്യത്തിന്റെ കണങ്ങൾ രൂപപ്പെട്ടു. മൈക്രോസെക്കൻഡ് എന്നാൽ ഒരു സെക്കൻഡിന്റെ പത്തുലക്ഷത്തിലൊന്ന്. എന്നുവച്ചാൽ, ഇതെല്ലാം ഒരു സെക്കൻഡിലും വളരെച്ചെറിയസമയത്തിനുള്ളിലാണു നടന്നത്. മഹാസ്ഫോടനമുണ്ടായി മൂന്നു മിനുട്ടായപ്പോൾ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും ന്യൂക്ലിയസുകൾ ഉണ്ടായി. തണുത്തുവരികയായിരുന്ന പ്രപഞ്ചത്തിൽ ആദ്യത്തെ ആറ്റങ്ങൾ രൂപംകൊള്ളാൻ മൂന്നുലക്ഷത്തി എൺപതിനായിരം കൊല്ലമെടുത്തു. കൊഴുത്തുകുറുകിക്കിടന്ന പ്രപഞ്ചത്തിലെ പ്രകാശം അപ്പോഴാണു സ്വതന്ത്രമായിത്തുടങ്ങിയത്. അതിശക്തമായ പ്രകാശം. പ്രപഞ്ചം അതിവേഗം വികസിച്ചപ്പോൾ ഈ ആദ്യപ്രകാശവികിരണങ്ങൾ വലിഞ്ഞുനീണ്ടു. അത് നീളൻ തരംഗങ്ങളുള്ള മൈക്രോവേവായി. ഈ ആദിമവികിരണമാണ്‘കോസ്മിക് മൈക്രോവേവ് ബായ്ക്ക്‌ഗ്രൗണ്ട്’. പ്രപഞ്ചത്തിലെ നമ്മുടെ ഗാലക്സിയുടെ സഞ്ചാരവേഗം കണക്കാക്കുന്ന രീതി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞ സിഎംബി -ഓർമ്മയില്ലെ? അങ്ങനെ ദ്രവ്യവും ഊർജ്ജവും ഒക്കെ ഉള്ള ഇന്നത്തെ പ്രപഞ്ചം പിറന്നു. പൂവേ, നിനക്ക് ആ മഹാസംഭവം സങ്കല്പിക്കാൻ പറ്റുന്നുണ്ടോ?”
അതിനകംതന്നെ പൂവ് ഇന്നത്തെ പ്രപഞ്ചത്തിന്റെ പിറവി സങ്കല്പിക്കാൻ തുടങ്ങിയിരുന്നു. ആ കണ്ണുകളിൽ വിസ്മയം പൂത്തിരികത്തി. അല്പം കഴിഞ്ഞപ്പോൾ അവൻ പുതിയകാലത്തിലേക്ക് ഉണർന്നു. “ടീച്ചറേ, ഒരിടത്തൂന്നു പൊട്ടിത്തെറിച്ച സാധനം ഇന്നത്തെയത്രേം വല്യ പ്രപഞ്ചമായി മാറിയത് എങ്ങനാ!? വിശ്വാസം വരുന്നില്ല.”
“നീ സങ്കല്പിക്കുന്നതിലൊക്കെ വലിയ ഒരു സംഭവം ആയിരുന്നു ആ സ്ഫോടനം. ആ സിദ്ധാന്തത്തിന്റെ പേരുതന്നെ ‘മഹാസ്ഫോടനസിദ്ധാന്തം’ എന്നാ. ഇംഗ്ലിഷിൽ ‘ബിഗ് ബാങ് തിയറി’. ആ മഹാസ്ഫോടനത്തിന്റെ ശക്തിക്കൊത്ത അതിവേഗത്തിലാണ് പ്ലാസ്മ നാലുപാടും പരന്നത്. ഒരു സെക്കൻഡിന്റെ നന്നേ ചെറിയ ഒരംശംകൊണ്ട്.”
“പക്ഷേ, ഏതു സ്ഫോടനം ആയാലും കുറേക്കാലം കഴിയുമ്പോൾ ആ ശക്തിയും വേഗവുമൊക്കെ കുറയേണ്ടേ?”
“മിടുമിടുക്കൻ!” ടീച്ചർ മേശപ്പുറത്തിരുന്ന ബൗളിൽനിന്ന് കുറെ മിഠായികൾ വാരി അവനു കൊടുത്തു. “എടാമോനെ, നിനക്ക് ആ സംശയം തോന്നിയത് ഇന്നത്തെ പ്രപഞ്ചത്തെക്കുറിച്ചുള്ള നിന്റെ അറിവുകൊണ്ടാണ്. ആ ചോദ്യം കറക്റ്റാണ്. ഉത്തരം കേട്ടോളൂ. അതിനകംതന്നെ ദ്രവ്യം രൂപപ്പെട്ടെന്നു പറഞ്ഞില്ലെ? ദ്രവ്യം ഉണ്ടായപ്പോൾ അതിന്റെ സ്വഭാവമായ ഗുരുത്വാകർഷണം അഥവാ ഗ്രാവിറ്റി ഉണ്ടായി. ആ ഘട്ടംതൊട്ടേ ഗ്രാവിറ്റി പ്രപഞ്ചത്തിന്റെ വികാസത്തിന്റെ വേഗം കുറയ്ക്കാൻ തുടങ്ങി. പക്ഷെ, അപ്പോഴും പ്രപഞ്ചം വേഗത്തിൽത്തന്നെ വികസിച്ചുകൊണ്ടിരുന്നു. ദ്രവ്യത്തിന്റെ ആ വ്യാപനത്തിനിടയിലാണ് അങ്ങിങ്ങ് കണങ്ങൾ തൂർന്നുകൂടി നേരത്തേ പറഞ്ഞതുപോലെ നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഒക്കെ ഉണ്ടായത്. ഏകദേശം 40 കോടി കൊല്ലം ആയപ്പോഴാണ് നക്ഷത്രങ്ങൾ ഉണ്ടായിത്തുടങ്ങുന്നത്. പിന്നെയും നൂറുകണക്കിനുകോടി കൊല്ലം എടുത്തു അവ ചേർന്നു ഗാലക്സികളും ഗാലക്സി ക്ലസ്റ്ററുകളും സൂപ്പർ ക്ലസ്റ്ററുകളും ഒക്കെ ആകാൻ.”
“അപ്പഴൊക്കെ പ്രപഞ്ചം വികസിക്കുകയായിരുന്നോ?”
“അതെ. പക്ഷെ, ഗുരുത്വാകർഷണം കാരണം പ്രപഞ്ചവികാസത്തിന്റെ വേഗം കുറഞ്ഞുവരികയായിരുന്നു.”
“ശെടാ. ഈ ടീച്ചർ എന്തൊക്കെയാ ഈ പറേന്നെ? മുമ്പേ പറഞ്ഞു, പ്രപഞ്ചം വികസിക്കുന്തോറും ഗാലക്സികൾ തമ്മിൽ അകലുന്ന വേഗം കൂടുവാണെന്ന്. കുറേക്കാലം കഴിയുമ്പോൾ പ്രപഞ്ചത്തിന്റെ അകലൽബലം ഗുരുത്വാകർഷണത്തെ തോല്പിക്കുമെന്നും പറഞ്ഞു. അതും ഇപ്പം പറഞ്ഞതുംകൂടെ എങ്ങനെ ശരിയാകും? ശെടാ, ആകെ വട്ടാകുന്നല്ലോ.”
“ങും. അല്പം വട്ടൊക്കെ ഇല്ലെങ്കിൽ ഈ വിഷയം പഠിക്കാനാവില്ല. കേൾക്കൂ. ദാ, ഇവിടെയാണു നമ്മുടെ കഥയിലെ ട്വിസ്റ്റ്; വില്ലന്റെ രംഗപ്രവേശവും. ഗുരുത്വാകർഷണംകൊണ്ട് പ്രപഞ്ചവികാസത്തിന്റെ വേഗം ഗണ്യമായി കുറഞ്ഞ ഒരു ഘട്ടത്തിൽ എന്തുകൊണ്ടോ ആ വേഗം കൂടാൻ തുടങ്ങിയത്രേ. ഗാലക്സികൾക്കിടയിലെ സ്പേസിൽനിന്ന് ആരോ ഗാലക്സികളെ തള്ളി പരസ്പരം അകറ്റാൻ തുടങ്ങി.”
“ങേ! അത് ഏതവനാ ആ വില്ലൻ?”
“ഹഹഹ! അതേ… മറഞ്ഞിരിക്കുന്ന ഒരു വില്ലൻ. ശാസ്ത്രജ്ഞർക്ക് ഇതുവരെ പിടികൊടുക്കാത്ത ആ വില്ലന് അവർ ഇട്ട പേര് ഡാർക് എനർജി എന്നാണ്.”
“അയ്യോ! നേരത്തേ ഒരു ഡാർക് മാറ്റർ. ദേ, ഇപ്പോൾ ഡാർക് എനർജിയും!”
“നീ അടങ്ങ്. ഗുരുത്വാകർഷണം അടുപ്പിക്കുകയാണു ചെയ്യുന്നതെങ്കിൽ ഡാർക് എനർജി അകറ്റും. നേർവിപരീതസ്വഭാവക്കാർ. അതിനെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്ത്രജ്ഞർ കണ്ടുപിടിക്കുകതന്നെ ചെയ്യും. ഗുരുത്വാകർഷണത്തെപ്പറ്റിയൊക്കെ മനസിലാക്കി എത്രയോ നൂറ്റാണ്ടു കഴിഞ്ഞാണ് ആകർഷണത്തിനു കാരണമായ ഗ്രാവിറ്റോൺ കണങ്ങളെ നാം കണ്ടുപിടിച്ചത്; അതും ഈ അടുത്തകാലത്ത്. അതുപോലെ ഡാർക് മാറ്ററിനെയും ഡാർക് എനർജിയെയുമൊക്കെ നമ്മൾ കണ്ടുപിടുക്കുകതന്നെ ചെയ്യും. തത്ക്കാലം അങ്ങനെയൊക്കെ ഉണ്ടെന്നുമാത്രം പൂവ് മനസിലാക്കിയാൽ മതി. ഈ ഡാർക് എനർജിയുടെ ശക്തി ഗുരുത്വാകർഷണശക്തിയെക്കാൾ കൂടുതലായപ്പോഴാണ് പ്രപഞ്ചവികാസത്തിനു വേഗം കൂടുന്ന പ്രതിഭാസം ആരംഭിച്ചത്.”
വീഡിയോ –മഹാസ്ഫോടനത്തെത്തുടർന്നു വികസിക്കാൻ തുടങ്ങിയ പ്രപഞ്ചത്തിന്റെ വേഗത്തിന്റെ നിരക്ക് ക്രമേണ കുറഞ്ഞുതുടങ്ങി. ഒരു ഘട്ടം എത്തിയപ്പോൾ വേഗം വീണ്ടും കൂടാൻ തുടങ്ങി. പ്രപഞ്ചവസ്തുക്കളെ ഇങ്ങനെ തള്ളിയകറ്റാൻ തുടങ്ങിയത് ഏതോ ഊർജ്ജമാണ്. അതിനെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഡാർക് എനർജി എന്നതിനു പേരിട്ടു. ഡാർക് എനർജിയുടെ പ്രഭാവത്താൽ അകലുന്ന ഗാലക്സികൾ ചിത്രകാരഭാവനയിൽ.
“അപ്പോൾ, അങ്ങനെയാണ് പ്രപഞ്ചം ഇന്നത്തെപ്പോലെ എപ്പഴും വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം ആയത്. അതിന്റെ വേഗം കൂട്ടുന്നതും അപ്പോൾ ഈ ഡാർക് എനർജിയാണ്. അങ്ങനെവരട്ടെ! ഇപ്പഴല്ലേ കാര്യം മനസിലായത്. പക്ഷെ, ടീച്ചറേ, നേരത്തേ തോന്നിയ ഒരു സംശയമുണ്ട്. ടീച്ചർ പറഞ്ഞ ബിഗ് ബാങ്ങിനുമുമ്പ് പ്രപഞ്ചം എങ്ങനെ ആയിരുന്നു. വേറെ പ്രപഞ്ചം ആയിരുന്നോ?”
“മിടുക്കൻ! നീ ഭയങ്കര സംഭവമാടാ. പക്ഷേ…, അക്കാര്യം അറിയാൻ നമുക്ക് ഇന്നു മാർഗ്ഗങ്ങൾ ഇല്ല. ചിലപ്പോൾ അതിനു മുമ്പും ദ്രവ്യവും ഊർജ്ജവും ഒക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അത് ഇന്നത്തെപ്പോലെയോ മറ്റെന്തെങ്കിലും രൂപത്തിലോ ആയിരുന്നിരിക്കാം. അതെല്ലാം എങ്ങനെയോ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചതാകാം. ഇതൊക്കെ വെറും ഊഹങ്ങളാണേ. ബിഗ് ബാങ്ങിനുമുമ്പ് എന്ത്, എങ്ങനെ എന്നൊന്നും കൃത്യമായി പറയാനുള്ള അറിവ് ഇന്നു നമുക്കില്ല. നാളെയൊരിക്കൽ അതും കണ്ടെത്താൻ നമുക്കു കഴിഞ്ഞേക്കാം.”
“അപ്പോൾ ഇന്നത്തെ പ്രപഞ്ചം തകർന്നടിഞ്ഞാലും അതു മറ്റൊരു രൂപത്തിലേക്കു മാറും എന്നാണോ?”
“മഹാനായ ശുഭാപ്തിവിശ്വാസീ! നമ്മുടെ പ്രപഞ്ചം സദാ രൂപം മാറിക്കൊണ്ടിരിക്കും. പ്രപഞ്ചം മൊത്തത്തിൽ മാത്രമല്ല, പ്രപഞ്ചത്തിനുള്ളിലും അങ്ങനെതന്നെ – സദാ മാറ്റങ്ങൾ. തകരലുകളിൽനിന്നുതന്നെ പുതിയവ ഉണ്ടാകും. ഒരു നക്ഷത്രം തകർന്നാൽ പുതിയ നക്ഷത്രവും ചിലപ്പോൾ ഗ്രഹങ്ങളും ഉണ്ടായെന്നുവരാം. വലിയ നക്ഷത്രം ആണു തകരുന്നതെങ്കിൽ ഒന്നിൽക്കൂടുതൽ നക്ഷത്രങ്ങളും ഉണ്ടാകാം.”
“അപ്പോൾ നമ്മളെപ്പോലെ നക്ഷത്രങ്ങൾക്കും ജനനവും മരണവും ഒക്കെയുണ്ട്, അല്ലെ?”
“നമ്മളുതന്നെ നക്ഷത്രങ്ങളുടെ അംശമല്ലേ? പൊട്ടിത്തെറിച്ച ഒരു പഴയ നക്ഷത്രത്തിലെ ദ്രവ്യം ആണല്ലോ സൂര്യനും സൗരയൂഥവും ഒക്കെ ആയത്. അവ രൂപംകൊണ്ട അണുപടലത്തിലെ ദ്രവ്യംതന്നെയല്ലേ നമ്മളും? അതിലെ ചില അണുക്കൾ പ്രത്യേക സാഹചര്യത്തിൽ പ്രത്യേകതരത്തിൽ ചേർന്നപ്പോൾ ജീവൻ എന്ന പ്രതിഭാസം ഉണ്ടാവുകയായിരുന്നു. അതുവരെ ജീവനില്ലാതിരുന്ന അണുക്കൂട്ടം ജീവൻ ഉള്ളതായി മാറി. അതു വികസിച്ച് പരിണമിച്ചുപരിണമിച്ച് പൂവ് എന്ന ഈ നക്ഷത്രക്കുട്ടൻ ആയി.” വാത്സല്യത്തോടെ ടീച്ചർ പൂവിനെ ചേർത്തുപിടിച്ചു.
ആ സ്നേഹം പൂവ് നന്നായി ആസ്വദിച്ചു. അടങ്ങാത്ത ജിജ്ഞാസ അപ്പോഴും അവനെ ചൂഴ്ന്നു നിന്നു. ടീച്ചറുടെ കരവലയത്തിൽ ഇരുന്നുതന്നെ പൂവ് മെല്ലെ ഓർമ്മിപ്പിച്ചു: “നക്ഷത്രങ്ങൾക്കു ജനനവും മരണവും ഉണ്ടോ എന്നു പറഞ്ഞില്ല…”
“ഉണ്ട്. നക്ഷത്രങ്ങളുടെ മരണവും ജനനവുമെല്ലാം നിരന്തരം പ്രപഞ്ചത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം ചലനമാണല്ലോ. ചലനമാണു സത്യം. ഓരോ ചലനവും നിലവിലെ അവസ്ഥയിൽ മാറ്റമുണ്ടാക്കും. ചുരുക്കത്തിൽ, മാറ്റം എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു – എന്തിലും ഏതിലും. എന്നുവച്ചാൽ മാറ്റമില്ലാതെ ഒന്നുമില്ല. പ്രപഞ്ചത്തിന്റെ ആധാരം ചലനവും മാറ്റവുമാണ്.”
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്