രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ആകാശഗംഗയും നമ്മുടെ ചുറ്റുപാടുമുള്ള ഗാലക്സികളും അതെല്ലാം ചേരുന്ന ലാനിയാകിയ സൂപ്പർ ക്ലസ്റ്ററും ഗ്രേറ്റ് അറ്റ്രാക്റ്ററിന്റെയും സൗത്ത് പോൾ വോളിന്റെയും ആകർഷണത്തിൽപ്പെട്ട് അതിവേഗം ആ ദിശയിൽ നീങ്ങുന്നത് പൂവ് മനസിൽ സങ്കല്പിക്കുകയായിരുന്നു. അങ്ങനെ ആ മേഖലയാകെ ചുരുങ്ങുകയാണെന്നല്ലേ ഷംസിയട്ടീച്ചർ പറഞ്ഞതിന്റെ അർത്ഥം. അവൻ ചിന്തിച്ചു. പക്ഷെ, അവ കൂട്ടിയിടിച്ചുതകരില്ല എന്നു ടീച്ചർ പറഞ്ഞതിതിന്റെ പൊരുൾ അവനു മനസിലായില്ല.
അതിനു മറുപടി ടീച്ചർ വിശദമായിത്തന്നെ പറഞ്ഞു: “പ്രപഞ്ചത്തിലെ എല്ലാ ഗാലക്സികളും പരസ്പരം അതിവേഗം അകലുകയാണെന്നു പറഞ്ഞില്ലേ? ആ അകലലിന്റെ വേഗം അനുനിമിഷം കൂടിക്കൊണ്ടിരിക്കുകയുമാണ്. അതുകൊണ്ട്, ദശലക്ഷക്കണക്കിനു കൊല്ലംകൊണ്ട് അകലൽ ജയിക്കും എന്നാണു ശാസ്ത്രലോകം കണക്കാക്കുന്നത്. അകലുംതോറും വേഗം കൂടിക്കൊണ്ടിരിക്കും എന്നാണ് അതുസംബന്ധിച്ച സിദ്ധാന്തം പറയുന്നത്. അകലലും അടുക്കലും വിപരീതദിശകളിലുള്ള ചലനമല്ലേ? അതിൽ ഒന്ന് മറ്റേതിനെക്കാൾ കൂടുതൽ ആയിരിക്കുമ്പോൾ?”
“കൂടുതൽ ബലമുള്ളതു ജയിക്കും.”
“കറക്റ്റ്! ഈ രണ്ടു ചലനത്തിനും ഒരേസമയം വിധേയമാണ് നമ്മുടേതടക്കമുള്ള ഗാലക്സികൾ. ഇപ്പോൾ പരസ്പരമുള്ള അകലലിനെക്കാൾ കൂടുതലാണ് ഗ്രേറ്റ് അട്രാക്റ്ററിന്റെയുംമറ്റും ആകർഷണം മൂലമുള്ള അടുക്കൽ. പ്രപഞ്ചത്തിലെ അകലൽവേഗം സദാ കൂടിക്കൊണ്ടിരിക്കുകയാണ്. പരസ്പരമുള്ള അകലലിന്റെ വേഗം അങ്ങനെ കൂടുമ്പോൾ ഗ്രേറ്റ് അറ്റ്രാക്റ്ററിലേക്കുള്ള പോക്കിന്റെ വേഗം അതിനൊത്ത് കുറഞ്ഞുകുറഞ്ഞുവരും. അങ്ങനെയങ്ങനെ, കോടിക്കണക്കിനു കൊല്ലംകൊണ്ട് ആ ആകർഷണയാത്ര നിലയ്ക്കുകയും വികസിക്കൽയാത്ര മാത്രമാകുകയും ചെയ്യുമത്രേ. അങ്ങനെവരുമ്പോൾ, നമ്മൾ വിർഗോ ക്ലസ്റ്ററിൽ പോലും എത്താനിടയില്ല, പിന്നല്ലേ ഗ്രേറ്റ് അറ്റ്രാക്റ്ററിൽ.”
“ഹാവൂ! സമാധാനമായി. എന്നാലും… അങ്ങനെ എല്ലാം വികസിച്ചുകൊണ്ടേേേേയിരുന്നാൽ…?”
“രണ്ടു കാര്യം സംഭവിക്കും. ആകർഷണവേഗത്തെ തോല്പിക്കാനുള്ള വേഗം അകലലിനു കൈവരുന്ന കാലം വരുമെന്നു പറഞ്ഞില്ലേ. അതിനു മുമ്പുതന്നെ നമ്മുടെ ലോക്കൽ ഗ്രൂപ്പിലെ ഗാലക്സികൾ പരസ്പരം ലയിച്ചിരിക്കും എന്നാണു കണക്കാക്കുന്നത്. അതൊരു വമ്പൻ ഗാലക്സി ആകും. പക്ഷെ, അതിന് അപ്പുറമുള്ളവ ഞാൻ മുമ്പേ പറഞ്ഞപോലെ അടുക്കൽ നിർത്തി പരസ്പരം അകന്നുതുടങ്ങും.”
“അങ്ങനെ അകന്നകന്നു പോയാൽ… ഒടുവിൽ എന്താകും എന്നാണു ഞാൻ ചോദിച്ചത്.”
“അതും പൂവിനു സങ്കടം ഉണ്ടാക്കാൻ ഇടയുള്ള കാര്യമാ. എന്നാലും പറയാം. എല്ലാം അങ്ങനെ ദൂരേക്കു പോകും. അങ്ങു ദൂരെയുള്ളവയുടെ വേഗം കൂടിക്കൂടി പ്രകാശത്തിന്റെ വേഗത്തോളം ആയാൽ അവയിൽനിന്നുള്ള പ്രകാശത്തിന് നമ്മുടെ അടുത്തേക്ക് എത്താൻ കഴിയില്ല.”
“ങേ?” പൂവിന് അതങ്ങോട്ടു ദഹിച്ചില്ല.
“എടാ പൂവേ, നിർത്താതെ ഹോൺ മുഴക്കി വരുന്ന ഒരു ട്രയിൻ നമ്മുടെ അടുത്തേക്കു വരുമ്പോൾ കേൾക്കുന്ന ശബ്ദമാണോ അതു നമ്മളെ കടന്ന് അകന്നുപോകുമ്പോൾ നാം കേൾക്കുന്നത്?”
പൂവ് അതു മനസിൽക്കണ്ടുനോക്കി. എന്നിട്ട് മിമിക്രിക്കാരെപ്പോലെ അതു കേൾപ്പിച്ചു രണ്ടു ശ്രുതിയിൽ: “മോ…………… മോ…………”
“ങാ! അതുതന്നെ. അങ്ങനെ ഉണ്ടാകുന്നത് ട്രയിൻ – അതായത്, ശബ്ദത്തിന്റെ സ്രോതസ് – നമ്മുടെ അടുത്തേക്കു വരുമ്പോൾ ശബ്ദതരംഗം അല്പം കമ്പ്രസ്ഡ് ആകും. എന്നുവച്ചാൽ, അല്പം അമങ്ങും. അപ്പോൾ ശബ്ദത്തിന്റെ തരംഗത്തിന്റെ നീളം കുറയും. അപ്പോൾ ശബ്ദത്തിനു തീവ്രത കൂടും. ആ സ്രോതസ് അകന്നുപോകുമ്പോഴോ?”
“ശബ്ദതരംഗങ്ങൾ വലിഞ്ഞുനീളുമായിരിക്കും.”
“അതേല്ലോ. അപ്പോൾ ശബ്ദത്തിന്റെ തീവ്രത കുറയും. അങ്ങനെയാണ് ആ രണ്ടു ശബ്ദവും രണ്ടു സ്വഭാവത്തിൽ ആകുന്നത്. ക്രിസ്റ്റ്യൻ ഡോപ്ലർ എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടുപിടിച്ചത്. അതുകൊണ്ട്, ഡോപ്ലർ ഇഫക്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.”
“ങും.” പൂവ് തലയാട്ടി.
“അതുപോലെയാണ് ഇവിടെയും. പ്രകാശത്തിന്റെ സ്രോതസ് അകലുമ്പോൾ പ്രകാശതരംഗം വലിഞ്ഞുനീളും. നീ പഠിച്ചിട്ടില്ലെ നമ്മുടെ പ്രകാശത്തിലെ ഘടകങ്ങളിൽ വയലറ്റിനു തരംഗദൈർഘ്യം കുറവും ചുവപ്പിനു കൂടുതലും ആണെന്ന്. അപ്പോൾ തരംഗനീളം കൂടിയാൽ പ്രകാശം പ്രകാശത്തിന്റെ വർണ്ണരാജിയിലെ ചുവപ്പിന്റെ ഭാഗത്തേക്കു മാറും. ഈ മാറ്റം എത്ര എന്നു കണ്ടുപിടിച്ചിട്ടാണ് ഗാലക്സികളോ അകലെയുള്ള പ്രപഞ്ചവസ്തുക്കളായ ക്വാസാറുകളോ ഒക്കെ എത്രവേഗത്തിലാണ് അകലുന്നതെന്നു കണക്കാക്കുന്നത്. അകലലിന്റെ വേഗത്തെ അടിസ്ഥാനമാക്കിയാണ് അവയോരോന്നും എത്ര അകലെ ആണെന്നു നിർണ്ണയിക്കുന്നതും. ഈ മാർഗ്ഗം കണ്ടുപിടിച്ചത് എഡ്വിൻ ഹബ്ൾ എന്ന ശാസ്ത്രജ്ഞനാണ്.”
“പക്ഷേ…,”പൂവ് ഇടയ്ക്കുകയറി ചോദിച്ചു: “ആ രീതിവച്ച് മറ്റുള്ളവയുടെ അകലലും സ്ഥാനവുമല്ലേ നിർണ്ണയിക്കാൻ പറ്റൂ? അകലത്തിനനുസരിച്ച് അവയുടെ ഓരോന്നിന്റേം വേഗം വേറെവേറെ ആയിരിക്കില്ലേ? അപ്പോൾ, നമ്മുടെ നീക്കത്തിന്റെ വേഗം എങ്ങനെയാണ് അറിയുന്നത്?”
“വളരെ പ്രധാനപ്പെട്ട ഒന്നാണു പൂവ് ചോദിച്ചത്. പക്ഷേ, അത് നിനക്കു മനസിലാക്കാൻ പ്രയാസമുള്ള വിഷയമാണ്. അതുകൊണ്ട്, ചുരുക്കി പറയാം. പ്രപഞ്ചം രൂപപ്പെട്ടതിന്റെ ഭാഗമായി ഉണ്ടായ ഒരു പ്രത്യേക താപനില പ്രപഞ്ചത്തിൽ ഉടനീളം സദാ നിലനില്ക്കുന്നുണ്ട്. ‘കോസ്മിക് മൈക്രോവേവ് ബായ്ക്ക്‌ഗ്രൗണ്ട്’ എന്നാണ് ഇതിനു പേര്. സിഎംബി എന്നു ചുരുക്കി പറയും. ഏകദേശം 2.7 കെൽവിൻ ആണ് ആ താപനില. ഒരു വസ്തു പ്രപഞ്ചത്തിൽ നീങ്ങുമ്പോൾ നീങ്ങുന്ന വശത്ത് നീക്കത്തിന്റെ വേഗത്തിനനുസരിച്ച് താപനിലയിൽ അതിസൂക്ഷ്മമായ വർദ്ധന വരും. മറുവശത്ത്, അതായത് പിന്നിൽ, ആ അളവിൽ കുറവും. ഭൂമിയുടെ നാനാവശങ്ങളിലെയും സിഎംബി അളന്നാൽ അതിൽനിന്നു നമ്മുടെ വേഗവും ദിശയും മനസിലാക്കാം. ക്രിത്രിമോപഗ്രഹങ്ങളുടെ സഹായത്തോടെ നമ്മൾ അത് അളന്നിട്ടുണ്ട്. സൂര്യന്റെയും ഗാലക്സിയുടെയുമൊക്കെ വേഗം ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുണ്ട്.”
“അതെത്രയാ? ഏതു ദിശയിൽ?”
ചോദ്യം പ്രതീക്ഷിച്ച ടീച്ചർ ചിരിച്ചുപോയി. “നമ്മൾ ഉൾപ്പെടുന്ന ഗാലക്സികളുടെ ലോക്കൽ ഗ്രൂപ്പിന്റെ വേഗം ഇപ്പോൾ സെക്കൻഡിൽ 600 കിലോമീറ്ററാണ്. അത് കൂടിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞത് ഓർമ്മയുണ്ടല്ലോ, അല്ലേ? ആ നീക്കം സെന്റോറസ് രാശിയുടെ ദിശയിലാണ്. സെന്റോറസിനു നമ്മുടെ നാട്ടുകാർ ഇട്ടിരിക്കുന്ന പേര് മഹിഷാസുരൻ എന്നാണ്. പോത്തിൽതലയുള്ള അസുരൻ. അതുകൂടി ഇരിക്കട്ടെ, പൂവിന്റെ സങ്കല്പത്തിന് അല്പം വിഷ്വൽ ഇഫക്റ്റ് ആകും.”
നമ്മളെയൊക്കെ വിഴുങ്ങാൻ വാപിളർത്തി നില്ക്കുന്ന മഹിഷാസുരനെക്കാൾ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നത് മറ്റൊന്നാണ്. “ഓ! ഈ ശാസ്ത്രജ്ഞരുടെ ബുദ്ധിയേ! എന്തെന്തെല്ലാമാണു കണ്ടുപിടിക്കുന്നത്!” ആ ചിന്തയിൽനിന്നു വൈകാതെ അവൻ പ്രപഞ്ചത്തിന്റെ വികസിക്കലിലേക്ക് എത്തി. “ടീച്ചറേ, വിഷയം മാറിപ്പോയി. സോറി.ടീച്ചർ പറഞ്ഞല്ലോ, ഗാലക്സിയുടെ അകലൽ പ്രകാശത്തിന്റെ വേഗത്തിൽ ആയാൽ പ്രകാശത്തിന് ഇങ്ങോട്ട് എത്താൻപറ്റില്ല എന്ന്. അതിന്റെ കാരണം പറഞ്ഞില്ല.”
“അതു പറഞ്ഞുവന്നപ്പോഴല്ലേ നീ ഇടപെട്ടത്. ശരി, കേട്ടോളൂ. നമുക്കു കാണാവുന്ന പ്രകാശം ചുവപ്പുവരെയല്ലേ ഉള്ളൂ. അതിനപ്പുറം ഇൻഫ്രാറെഡ് രശ്മികളാണ്. അവ നമ്മുടെ കണ്ണിനി കാണാനാവില്ല. അതിനു പ്രത്യേക ടെലിസ്കോപ്പ് വേണം.”
“ശാസ്ത്രജ്ഞരുടെ കൈയിൽ അത് ഉണ്ടല്ലോ.”
“എടാ ഭയങ്കരാ! നല്ല ചോദ്യം. അകലെയുള്ള പ്രപഞ്ചവസ്തുക്കളെ ശാസ്ത്രജ്ഞർ ഇന്ന് അൾട്രാവയലറ്റ് ക്യാമറ ഉപയോഗിച്ചു നിരീക്ഷിക്കുന്നുണ്ട്. അതിലും വേഗം കൂടിയാൽ ഇൻഫ്രാറെഡ് രശ്മികളും ഇവിടെ എത്താതാകും. അങ്ങനെയങ്ങനെ ശാസ്ത്രജ്ഞർക്കുപോലും നിരീക്ഷിക്കാനാവാത്ത അകലങ്ങളിലേക്ക് അവ പോയിക്കൊണ്ടിരിക്കും. അപ്പോൾ, പ്രകാശത്തിന്റെ സ്പെക്ട്രത്തിൽപ്പെട്ട ഒരു രശ്മിയും ഇവിടെ എത്താതാകും. ഇന്നത്തെ പ്രപഞ്ചസിദ്ധാന്തം അനുസരിച്ച് അതാണു സംഭവിക്കുക.”
“അയ്യോ! അപ്പോൾ അന്നത്തെ ശാസ്ത്രജ്ഞർ അവയെ എങ്ങനെ നിരീക്ഷിക്കും?”
“ഹഹഹ…! അതൊക്കെ കോടിക്കണക്കിനു കൊല്ലം കഴിയുമ്പോഴത്തെ കാര്യമല്ലേ. അന്നും മനുഷ്യരും ശാസ്ത്രജ്ഞരും ഒക്കെ ഉണ്ടാകുമെങ്കിൽ അന്നത്തെ ജ്യോതിശാസ്ത്രജ്ഞരുടെ ലോകം വളരെ ബോറായിരിക്കും. നമ്മുടെ ഭീമൻ ഗാലക്സിക്കപ്പുറം ഒന്നിനെയും നിരീക്ഷിക്കാൻ കഴിയാതെ…” പൂവിനു വീണ്ടും സങ്കടമായി. അതു മനസിലാക്കിയ ടീച്ചർ പറഞ്ഞു: “എന്നുകരുതി നിരാശപ്പെടേണ്ടാ. മറ്റെന്തെങ്കിലും വിദ്യ അപ്പോഴേക്കു ശാസ്ത്രജ്ഞർ കണ്ടുപിടിച്ചേക്കാം. പക്ഷെ, ഇതൊക്കെ ഞാൻ നേരത്തേ പറഞ്ഞതുപോലെ സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യങ്ങളാണ്. പക്ഷെ, 500 കോടിയോളം കൊല്ലം ആകുമ്പോഴേക്ക് സൂര്യൻ മരിക്കുമല്ലോ. അന്നു ഭൂമിയും ഭൂമിയിൽ മനുഷ്യരും ഒന്നും ഉണ്ടാകാൻ സാദ്ധ്യതയില്ലല്ലോ.”
“അപ്പഴേക്ക് മനുഷ്യർ സൗരയൂഥത്തിനു പുറത്തുള്ള വല്ല നക്ഷത്രത്തിന്റെയും ഗ്രഹത്തിലേക്കു താമസം മാറ്റുമായിരിക്കും.” പൂവ് ശുഭാപ്തിവിശ്വാസത്തിൽ ആശ്വാസം തേടി. അതേപ്പറ്റി കൂടുതൽ ആലോചിച്ചപ്പോൾ അടുത്ത ചോദ്യം മനസിൽ ഉദിച്ചു: “അല്ല, എല്ലാം ഇങ്ങനെ അകന്നുപോയാൽ… പ്രപഞ്ചത്തിന്റെ അവസാനം എങ്ങനെയാകും?”
“സങ്കടപ്പെടാൻ പുതിയ കാരണം തേടുകയാണോ?” അവനെ കളിയാക്കി ഷംസിയട്ടീച്ചർ ചോദിച്ചു. “വിഷമിക്കണ്ടാ. പ്രപഞ്ചത്തിന് അവസാനമൊന്നും ഉണ്ടാകില്ല. തുടക്കവും ഇല്ല.”
“ങേ? തുടക്കം ഇല്ലാതെ എങ്ങനെ ഉണ്ടായി?”
“ഉണ്ടായി എന്നു നിന്നോട് ആരു പറഞ്ഞു?” പൂവിന് ആ ആശയം മനസിലായില്ല. അവന്റെ അന്തംവിട്ട ഇരിപ്പു കണ്ട് ടീച്ചർ വിശദീകരിച്ചു: “ഇതെല്ലാം എന്നും ഉണ്ടായിരുന്നിരിക്കണം. ഇന്നു കാണുന്ന രൂപത്തിലൊന്നും ആയിരുന്നിരിക്കില്ല എന്നു മാത്രം.”
“മനസിലായില്ല…” ഉള്ളകാര്യം അവൻ തുറന്നുപറഞ്ഞു.
“ഇന്നത്തെ പ്രപഞ്ചത്തെയല്ലേ നമുക്കറിയൂ. ഇത് ഇങ്ങനെ രൂപംകൊണ്ടതിനെപ്പറ്റി ശാസ്ത്രജ്ഞർ ഒരു സിദ്ധാന്തം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് പ്രപഞ്ചത്തിലുള്ളതെല്ലാം പരസ്പരം അകലുകയല്ലേ? എങ്കിൽ കുറച്ചുനാൾ മുമ്പ് അവ ഇന്നത്തേതിലും അടുത്തായിരുന്നിരിക്കില്ലെ?”
“ശരിയാണല്ലോ! അതു ഞാൻ ആലോചിച്ചേയില്ല.” പൂവ് ടൈം മെഷീനിലെന്നവണ്ണം കാലത്തിൽക്കൂടി പിറകോട്ട് അതിവേഗം സഞ്ചരിച്ചു. പടപണ്ടാരൻ ഗാലക്സികൾ അടുത്തടുത്തുവരുന്നത് അവൻ ഭാവനചെയ്തു.
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്