രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ആകാശഗംഗ, അതുൾപ്പെടുന്ന വിർഗോ സൂപ്പർ ക്ലസ്റ്റർ, അതിനെ ആകർഷിക്കുന്ന ഗ്രേറ്റ് അറ്റ്രാക്റ്റർ, അതെല്ലാം ഉൾക്കൊള്ളുന്ന ലാനിയാകിയ സൂപ്പർ ക്ലസ്റ്റർ… ഇവയെല്ലാമോ, അതിലും വലിയൊരു ഗുരുത്വാകർഷണകേന്ദ്രത്തിന്റെ പിടിയിൽ. ഇവ സർവ്വവുംകൂടി അങ്ങോട്ടുള്ള യാത്രയിലും. ഷംസിയട്ടീച്ചർ പറഞ്ഞ ഇത്തരം കാര്യങ്ങൾ കേട്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു പൂവ്. ആരായിരിക്കും ഇവയെയെല്ലാം ആകർഷിക്കുന്ന ആ മഹാഭയങ്കരൻ!?… അവന്റെ മുഖത്തെ ഭയത്തെ കളിയാക്കി ഷംസിയട്ടീച്ചർ അവനെത്തന്നെ നോക്കി ഇരുന്നു. പൂവിന് അത് അല്പം ചമ്മലായി. അവൻ ടീച്ചറെ വീണ്ടും വിഷയത്തിലേക്കു വലിച്ചിട്ടു. “ആരാണു ടീച്ചറേ ആ മഹാഭയങ്കരൻ? പറയൂ.”
ചിരിച്ചുകൊണ്ട് ഷംസിയട്ടീച്ചർ മറുപടി പറഞ്ഞു: “‘ഷാപ്‌ലി സൂപ്പർ ക്ലസ്റ്റർ’ എന്നാണ് അതിന്റെ പേര്. ‘ഷാപ്‌ലി കോൺസൻട്രേഷൻ’ എന്നും പറയും. പ്രഞ്ചത്തിൽ നമ്മൾ ഉള്ള മേഖലയിലെ ഗാലക്സികളുടെ ഏറ്റവും വലിയ കേന്ദ്രീകരണം ആയതുകൊണ്ടാണ് കോൺസൻട്രേഷൻ എന്നു പറയുന്നത്.”
“ഷാപ്‌ലി എന്ന രാശിയുടെ നേർക്കാണോ അത്? അത് ഏതു ഭാഗത്താ?”
“അയ്യോ, ആ പേരിൽ ഒരു രാശിയില്ല. സെന്റോറസ്, ഹൈഡ്രാ എന്നീ രാശികളുടെ ദിശയിലാണ് ഷാപ്‌ലിയും കിടക്കുന്നത്. ഈ സൂപ്പർ ക്ലസ്റ്ററിന് രാശി ചേർത്തല്ല ശാസ്ത്രജ്ഞർ പേരിട്ടത്. ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഹാർലോ ഷാപ്‌ലിയുടെ ഓർമ്മയ്ക്കായി ആ പേരു നല്കിയതാണ്. 76,000 ഗാലക്സികളെ കണ്ടുപിടിച്ച് അടയാളപ്പെടുത്തിയ ആളാണ് അദ്ദേഹം. സൂപ്പർ ക്ലസ്റ്ററുകൾ ഉണ്ടെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞരിൽ ഒരാൾ. എന്നുമാത്രമല്ല, ഇന്ന് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ സൂപ്പർ ക്ലസ്റ്ററിനെ കണ്ടെത്തിയതും അദ്ദേഹമാണ്.”
“അപ്പോൾ അദ്ദേഹത്തിന്റെ പേരിട്ടത് നന്നായി.” ആകാശത്തെ ഈ പിടിവലികൾ പൂവിനെ ശരിക്കും ഹരം പിടിപ്പിക്കുന്നുണ്ടായിരുന്നു “…അല്ലടീച്ചറേ, ഈ ഷാപ്‌ലി സൂപ്പർ ക്ലസ്റ്ററിനെയും പിടിച്ചുവലിക്കുന്ന മറ്റുവല്ലവരും…?” ഒരു അറുതിയുമില്ലാതെ യാത്രകൾ ഒന്നൊന്നായി വരുന്നതുകണ്ട് പൂവിനു തോന്നിയ അസ്വസ്ഥതയും ജിജ്ഞാസയ്ക്കൊപ്പം ആ ചോദ്യത്തിൽ നിഴലിച്ചു.
“അതേ മോനേ. നീ ഇതെല്ലാം കേട്ടു വട്ടായി ചോദിച്ചതാണെങ്കിലും സംഗതിയുടെ കിടപ്പ് അങ്ങനെതന്നെയാ.”
“ഓഹോ. എങ്കിൽ വല്ല ഹൈപ്പർ ക്ലസ്റ്ററും ആയിരിക്കും.”
ഷംസിയട്ടീച്ചർ ചിരിച്ചു. “ഏതായാലും ഹൈപ്പർ ക്ലസ്റ്റർ എന്നൊരു തരംതിരിവ് ശാസ്ത്രജ്ഞർ നടത്തിയിട്ടില്ല.” വിസ്മയത്താൽ തുറന്നിരുന്ന പൂവിന്റെ വായ താടിയിൽ പിടിച്ച് അടച്ചുകൊണ്ട് ടീച്ചർ തുടർന്നു. “നമ്മൾ ഇതുവരെ കണ്ടെത്തിയ 220-ഓളം സൂപ്പർ ക്ലസ്റ്ററികളിൽ ഏറ്റവും വലുതാണ് ഷാപ്‌ലി. അതിൽ 17 ക്ലസ്റ്ററുകളുണ്ട്. ഗ്രേറ്റ് അറ്റ്രാക്റ്ററിന്റെ നാലുമടങ്ങാണു മാസ്. സൂര്യന്റെ മാസിന്റെ 400 കോടിക്കോടി ഇരട്ടി. നമ്മിൽനിന്ന് 65 കോടി പ്രകാശവർഷം അകലെയാണത്.”
“അപ്പോൾപ്പിന്നെ അതിനെയടക്കം പിടിച്ചുവലിക്കുന്ന ആ ഭീകരശക്തി എന്താണ്?”
“അവിടെ ഒരു നെടുങ്കൻ മതിലുണ്ടത്രേ!”
“മതിലോ? പ്രപഞ്ചത്തിന്റെ അതിരാണോ?”
“അല്ലല്ല. പ്രപഞ്ചത്തിന് അതിരില്ലല്ലോ. പ്രപഞ്ചം വികസിച്ചുകൊണ്ടേ ഇരിക്കുകയല്ലേ? പ്രപഞ്ചത്തിൽ മതിലുകൾ പോലെ ഗാലക്സികൾ തിങ്ങിനിറഞ്ഞ മേഖലകൾ ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. മതിലിന്റെ ഇംഗ്ലിഷായ വോളുകൾ എന്നാണ് ഇവയ്ക്കു നല്കിയിരിക്കുന്ന പേര്. പ്രപഞ്ചത്തിൽ ഇതിനകം കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഘടനകളാണ് വോളുകൾ. ഇത്തരം ആറു പടുകൂറ്റൻ ഘടനകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും വലുതിന്റെ പേര് ‘ഹെർകുലീസ്-കൊറോണാ ബോറിയാലിസ് ഗ്രേറ്റ് വോൾ’ എന്നാണ്. ആയിരംകോടി പ്രകാശവർഷമാണ് അതിന്റെ ആകെ നീളം. എന്നുവച്ചാൽ, പ്രകാശം ഒരറ്റത്തുനിന്നു സഞ്ചരിച്ചുതുടങ്ങിയാൽ മറ്റേയറ്റത്തെത്താൻ ആയിരംകോടി കൊല്ലം വേണം. ഇന്നത്തെ പ്രപഞ്ചം രൂപംകൊണ്ടിട്ടുതന്നെ 1370 കോടി കൊല്ലമേ ആയിട്ടുള്ളൂ എന്ന് ഓർക്കണം.”
“ഇത്തരം ആറെണ്ണത്തിൽ ഒന്നാണോ നമ്മളെ ആകർഷിക്കുന്നത്?”
“അതെ. ‘സൗത്ത് പോൾ വോൾ’ എന്ന ഗാലക്സിമതിൽ. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ആറു ഘടനകൾ എന്നു പറഞ്ഞതിൽ ഏറ്റവും ചെറുത്. ആറാം സ്ഥാനത്തുള്ളത്. ഇപ്പോൾ പറഞ്ഞ ‘ഹെർകുലീസ്-കൊറോണാ ബോറിയാലിസ് ഗ്രേറ്റ് വോളി’ന്റെ പത്തിലൊന്നു മാത്രമാണു വലിപ്പം – 140 കോടി പ്രകാശവർഷം. പക്ഷെ, നമ്മളോട് ഏറ്റവും അടുത്തുള്ളത് സൗത്ത് പോൾ വോളാണ്.”
“ആകാശത്ത് ഏതുഭാഗത്താ ടീച്ചറേ, നമ്മളെ ആകർഷിക്കുന്ന ആ വോൾ?”
“ഭൂമിയിൽനിന്നു പറയുമ്പോൾ ആകാശത്തിന്റെ തെക്കേധ്രുവത്തിന്റെ ഭാഗത്താണ് അതിന്റെ കേന്ദ്രീകരണം. അതാണ് സൗത്ത് പോൾ വോൾ എന്നു പേരുവന്നത്. കേന്ദ്രീകരണം എന്നു പറഞ്ഞാൽ, കൂടുതൽ ഗാലക്സികൾ ആ ഭാഗത്താണെന്നേ അർത്ഥമുള്ളൂ. അതൊരു നീളൻ മതിലാണ്. തെക്കേ ധ്രുവത്തിന്റെ ഒരു വശത്താണ് തുടക്കം. അവിടന്ന് തെക്കോട്ടു നീണ്ട് ധ്രുവം കടന്ന് ആകാശത്തിന്റെ മറുവശത്തുകൂടി വടക്കോട്ടു നീണ്ട് ആ വശത്തെ ആകാശമദ്ധ്യവും കടന്ന് വടക്കേയാകാശത്ത് അവസാനിക്കും. നെടുനീളത്തിൽ അങ്ങനെ കിടപ്പാണത്!”
“ഹോ!” അതിന്റെ കിടപ്പ് പൂവ് സങ്കല്പിക്കാൻ ശ്രമിച്ചു. ആകാശത്തേക്ക് കൈകൾ വിടർത്തി മനസിൽ അളവെടുത്തു. പോരാ, ടീച്ചറുടെ സഹായം തേടേണ്ടിവരുമെന്നു തോന്നിയപ്പോൾ അവൻ പറഞ്ഞു: “ആകാശത്തിന്റെ എത്രഭാഗം വരുമെന്ന് എനിക്കു കാണിച്ചുതരണേ, ടീച്ചറേ.”
“പിന്നെന്താ. രാത്രിയാകട്ടെ. തെക്കേ ചക്രവാളത്തിനടുത്ത് കാനോപസ് നക്ഷത്രത്തെ ഞാൻ കാണിച്ചുതന്നിട്ടില്ലേ? അതിനും തെക്കുഭാഗത്തുള്ള ഏയ്‌പസ് രാശിയിലാണ് ഒരറ്റം. അവിടംമുതൽ മറുവശത്തുകൂടി വടക്കോട്ട് മീനം രാശിയുടെ അടുത്തുള്ള സീറ്റസ് രാശി വരെ. മീനവും ഞാൻ നിനക്കു കാണിച്ചുതന്നിട്ടുണ്ടല്ലോ.”
“ഉണ്ട്. ആകാശത്ത് നമ്മുടെ മുകളീന്ന് അല്പം വടക്കോട്ടു മാറിയല്ലേ? ഓ! അവിടംവരെ വരുമോ!” അവൻ വിസ്മയിച്ചു.
“അതെ. കോണളവിൽ പറഞ്ഞാൽ 200 ഡിഗ്രി. അർദ്ധവൃത്തത്തിലും കൂടുതൽ. ലാനിയകിയയെ ഒരു കൈകൊണ്ടു പൊതിഞ്ഞുപിടിക്കുന്നതുപോലെ. ലക്ഷക്കണക്കിനു ഗാലക്സികൾ ചേർന്നതാകാം ഈ വോൾ എന്നാണു മനസിലാക്കുന്നത്.”
“വൗ! നമ്മളോട് അടുത്ത് എന്നു പറഞ്ഞാൽ, എത്രയടുത്ത്?”
“ദക്ഷിണധ്രുവത്തിന്റെ നേർക്കുള്ള ഭാഗത്ത് അകലം 50 കോടി പ്രകാശവർഷമാണ്. വടക്കേ അർദ്ധഗോളത്തിലെ മറ്റേ അറ്റത്തേക്ക് എത്തുമ്പോഴേക്ക് അകലം 20 കോടി പ്രകാശവർഷമായി കുറയും.”
“എന്നിട്ടും ഇത്രകാലവും ഇതിനെ കണ്ടുപിടിക്കാഞ്ഞതെന്താ?”
“ഞാൻ മുമ്പേ പറഞ്ഞില്ലേ, നമ്മുടെ ഗാലക്സിയിൽ ഭൂമി ഉള്ളതിന്റെ മറുവശത്താണ് ഗ്രേറ്റ് അറ്റ്രാക്റ്ററുംമറ്റും എന്ന്. ആ ഭാഗത്തുതന്നെയാണ് സൗത്ത് പോൾ വോളും. നമ്മുടെ ഗാലക്സിയുടെ മറവുകൊണ്ടാണ് കാണാനാകാതെകിടന്നത്. ആ ദ്രവ്യത്തെ തുളച്ചു കടന്നുവരുന്ന എക്സ്-റേ, ഇൻഫ്രാറെഡ് രശ്മികൾ നിരീക്ഷിച്ചാണ് ഇതിനെയും കണ്ടുപിടിച്ചത്. ലാനിയാകിയ അടക്കം നമ്മളെല്ലാം ഇതിന്റെ ഭാഗത്തേക്കു നീങ്ങുകയാണ്. ഈ വോളിന് അപ്പുറത്തുള്ള ഗാലക്സി ക്ലസ്റ്ററുകളും ഇതിലേക്ക് അടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നുവച്ചാൽ, ചുറ്റും ഉള്ളവയെല്ലാം ഈ വോളിലേക്ക് അടുക്കുന്നു എന്ന്. സൗത്ത് പോൾ വോളിലെ മാസിന്റെ കേന്ദ്രീകരണമുള്ള ദക്ഷിണധ്രുവത്തിന്റെ ദിശയിലേക്കാണ് ആ നീക്കം.”
“അങ്ങനെ ഓടി എല്ലാംകൂടി ഒരിടത്തേക്കു ചെന്നാൽ…?”
“സ്വാഭാവികമായി സംഭവിക്കേണ്ടത് എല്ലാം കൂടിക്കലരുകയണ്. അങ്ങനെ സംഭവിച്ചാൽ, ഗ്രേറ്റ് അറ്റ്രാക്റ്ററിന്റെ അടുത്തേക്ക് എത്തുന്തോറും വേഗം കൂടാം എന്നതിനാൽ ഒരുപാടു രൂക്ഷമായിരിക്കും ആ കൂടിച്ചേരൽ. ഗാലക്സികളെല്ലാം കൂടിക്കലർന്നാൽ എത്ര ഭീമമായ മാസാകും അതിന്! അപ്പോൾ അത് പിന്നെയും ചുരുങ്ങിച്ചുരുങ്ങി അത്യന്തം സാന്ദ്രതയുള്ള പടുകൂറ്റൻ ബ്ലായ്ക്ക് ഹോൾ പോലെ എന്തെങ്കിലും ആയിത്തീരണം. ഗാലക്സികളിലുള്ള ബ്ലായ്ക്ക് ഹോളുകളും കൂടിച്ചേരുമല്ലോ. അതേപ്പറ്റിയൊന്നും ശാസ്ത്രജ്ഞർ പ്രവചനങ്ങൾ നടത്തിയിട്ടില്ല.”
എന്നാലും, ആ അവസ്ഥ പൂവിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. “അപ്പോൾ നമ്മൾ ഈ ഗവേഷണങ്ങൾ നടത്തുന്നതും പ്രപഞ്ചത്തെപ്പറ്റി അറിയുന്നതുമെല്ലാം വെറുതേ! എല്ലാം നശിച്ചുപോവില്ലേ? പിന്നെ എന്തിനീ പാഴ്‌വേലകൾ?”
ടീച്ചർ പൊട്ടിച്ചിരിച്ചുപോയി. എങ്കിലും പൂവിന്റെ സങ്കടം കണ്ട് അവനെ സമാധാനിപ്പിക്കാൻ അവനെ ചേർത്തുപിടിച്ചു. “എടാ പൂവേ, എല്ലാം ഇങ്ങനെ നീങ്ങിക്കൊണ്ടിരുന്നാൽ സംഭവിക്കേണ്ടത് അതാണ് എന്നേ ഞാൻ പറഞ്ഞുള്ളൂ. സംഭവിക്കാൻപോകുന്നത് അതല്ല.”
“ങേ!!” പൂവ് ദീർഘശ്വാസം വിട്ടു. “പിന്നെ…?”
“അതൊന്നും സംഭവിക്കില്ലെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.”
“ഹാവൂ!” പൂവ് ആശ്വസിച്ചു. “അതെന്താ കൂട്ടിമുട്ടാത്തത്?”
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
ഇതുവരെ…
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര – പ്രത്യേക പേജ്