പൂവ് എന്ന ചെല്ലപ്പേരുള്ള പ്രഫുൽ എന്ന കുട്ടിയെ സയൻസ് ടീച്ചർ ഒരു വഴിക്കുരുക്കിൽ വീഴ്ത്തി. ആ കഥ നമ്മുടെ പ്രപഞ്ചത്തെ ഇഷ്ടപ്പെടുന്നവർക്കായി എഴുതണം എന്നു തോന്നി. അപ്പോഴാണ് ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക(LUCA)യും ചേർന്ന് സയൻസെഴുത്ത് എന്നൊരു പരിപാടി നടത്തുന്നത്. മൂന്നു മാസം മുഴുവൻ ശാസ്ത്രം എഴുതുക. ഞാനും അതിൽ കണ്ണിചേർന്നു. വഴിക്കുരുക്കിൽപ്പെട്ട പൂവിന്റെ കഥതന്നെ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് ഈ പരമ്പര ഉണ്ടായത്.
ഇതിൽ ചിലതൊക്കെ നിങ്ങൾ പുസ്തകങ്ങളിൽ വായിച്ച് അറിഞ്ഞ കാര്യങ്ങൾതന്നെയാണ്. അവയെ ഏട്ടിൽനിന്നെടുത്ത് നിങ്ങളുടെ ഭാവനയിൽ വിടർത്താനും നിങ്ങളുടെ അനുഭവം ആക്കി മാറ്റാനും ആണ് ശ്രമിക്കുന്നത്. ഒപ്പം, അറിവുകളെ ശാസ്ത്രബോധമാക്കി വികസിപ്പിക്കാനും. അതുകൊണ്ടുതന്നെ ഈ പരമ്പര ഏതെങ്കിലും പ്രായക്കാരെ ഉദ്ദേശിച്ചുള്ളതല്ല. ആർക്കും വായിക്കാം. ചെറിയ ക്ലാസിലെ വിദ്യാർത്ഥികൾ അവർക്കു മനസിലാകുന്നിടത്തോളം കൂടെ പോന്നോട്ടെ.
ദൃശ്യവത്ക്കരണത്തിനു ഭാഷയുടെ പരിമിതികൾ തീർച്ചയായും ഉണ്ട്. എന്നാലും അതിനപ്പുറം പ്രപഞ്ചത്തെ മനസിൽ കാഴ്ചയാക്കി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന തരത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്കും ഒരു റോളുണ്ട്: പൂവിനോട് ഷംസിയട്ടീച്ചർ പറയുന്ന കാര്യങ്ങളൊക്കെ അവനെപ്പോലെ നിങ്ങളും ചെയ്യണം. സങ്കല്പിക്കാൻ പറയുന്നതൊക്കെ സങ്കല്പിക്കണം. അപ്പോൾ, പ്രപഞ്ചം പോലെ നിങ്ങളുടെ ഭാവനയും വികസിക്കും. തയ്യാറല്ലെ? എങ്കിൽ, വായിച്ചുതുടങ്ങിക്കൊള്ളൂ!
– മനോജ് കെ. പുതിയവിള
1. ഉറക്കം തൂങ്ങി ഒരു യാത്ര
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
“പൂവേ, രാവിലെ എന്തു ചെയ്യുവാ?”
പൂമുഖത്തെ അരമതിലിൽ വെറുതെ ഉറക്കംതൂങ്ങി ഇരിക്കുന്ന പ്രഫുൽ മുഖമുയർത്തി. അയല്പക്കത്തെ ഷംസിയട്ടീച്ചർ. വായിക്കാൻ കൊണ്ടുപോയ വാരിക തിരികെ തരാൻ വന്നതാണ്. വേണ്ടപ്പെട്ടവരെല്ലാം അവനെ പൂവ് എന്നാണു വിളിക്കാറ്. ആ വിളിതന്നെ ടീച്ചറും എടുത്തു. ടീച്ചറെ അവനും വലിയ ഇഷ്ടമാണ്. അവസരം കിട്ടുമ്പോഴൊക്കെ ടീച്ചർ രസകരമായ കാര്യങ്ങൾ പറഞ്ഞുതരും.
ഇരുന്നിടത്തുനിന്ന് അനങ്ങാതെ അവൻ മറുപടി പറഞ്ഞു: “വെറുതെ ഇരിക്കുവാ.”
“വെറും വെറുതെ?” പൂവിനെ ഉഷാറാക്കാൻ ടീച്ചർ ചോദ്യം തുടർന്നു.
“ങും.”
“എത്രനേരമായി നീ ഈ ഇരിപ്പു തുടങ്ങിയിട്ട്?” വാരിക ടീപ്പോയിയിൽ ഇട്ട് ടീച്ചർ കുശലം തുടർന്നു.
പൂവ് ചുവരിലെ ക്ലോക്കിൽ നോക്കി. “അര മണിക്കൂർ.”
“ങും. അതിനിടെ എന്തൊക്കെയാ ഉണ്ടായതെന്നു നിനക്കറിയുമോ?”
“ങേ? എന്തുണ്ടാകാൻ!”
“നീ എവിടെയൊക്കെയോ പോയില്ലേ?”
“ഞാനോ? ഞാനെങ്ങും പോയില്ല.”
“ഓഹോ! ഇപ്പോൾ ഇരിക്കുന്നിടത്തുതന്നെയാ അപ്പോൾമുതലേ ഇരിപ്പ്?”
“പിന്നല്ലാതെ?”
“ഏയ്, അല്ല. മാറിയിട്ടുണ്ട്.”
“ഇല്ല. ഇല്ലില്ല. മൂത്രമൊഴിക്കാൻ മുട്ടീട്ടുപോലും ഇവിടുന്ന് അനങ്ങീട്ടില്ല.”
“അത്ര കടുപ്പിക്കല്ലേ, പൂവേ.”
“ങും…?”
“എടാ, നീ അരമണിക്കൂർ മുമ്പ് ഈ ഭാഗത്തെങ്ങും ഇല്ലായിരുന്നു.”
“ഓ, പിന്നേ…”
“അതേടാ. ശരിക്കും പത്തെണ്ണൂറു കിലോമീറ്റർ ദൂരെ ആയിരുന്നു.”
“ങേ!?”
“എടാ മണ്ടശിരോമണീ! നീ ഭൂമിയുടെ പുറത്തല്ലേ ഇരിക്കുന്നത്? ഭൂമി കറങ്ങുകയല്ലേ?”
“അതുകൊണ്ട്?!”
“ദേ, ഇങ്ങനെ സംസാരിക്കുമ്പോൾപ്പോലും ഓരോ സെക്കൻഡിലും നമ്മൾ 460 മീറ്റർവീതം നീങ്ങിക്കൊണ്ടിരിക്കുകയാ. എന്നുവച്ചാൽ ഏകദേശം അര കിലോമീറ്റർ.”
“……..!” പൂവ് വാപൊളിച്ച് ഇരുന്നു, ടീച്ചറെ നോക്കി.
“നമ്മുടെ കേരളം ഭൂമദ്ധ്യരേഖയോടു വളരെ അടുത്തല്ലേ. മണിക്കൂറിൽ ഏകദേശം 1670 കിലോമീറ്ററാണു ഭൂമദ്ധ്യരേഖാപ്രദേശത്തെ ഭൂമിയുടെ കറക്കത്തിന്റെ വേഗം. അപ്പോൾ ഏതാണ്ട് അത്രതന്നെ വേഗത്തിൽ നമ്മളും നീങ്ങുകയല്ലേ?”
പൂവിനു കാര്യം മനസിലായത് അപ്പോഴാണ്. “ഓ! അതു ശരിയാണല്ലോ…! പടിഞ്ഞാറുനിന്നു കിഴക്കോട്ട്. അപ്പോൾ ഒരു മണിക്കൂർ മുമ്പ് നമ്മുടെ വീടൊക്കെ 1670 കിലോമീറ്റർ പടിഞ്ഞാറായിരുന്നോ! അറബിക്കടലിൻ്റെ നടുവിൽ!?”
“അതെങ്ങനാ? അപ്പോൾ കടലും അത്രയും പടിഞ്ഞാറ് അല്ലായിരുന്നോ?”
“ഓ, അതു ശരിയാണല്ലോ… ങാ, സാരമില്ല. 23 മണിക്കൂർകൂടി കഴിയുമ്പോൾ ഒരു ഭ്രമണം പൂർത്തിയാക്കി പഴയസ്ഥലത്തു തിരികെ എത്തുമല്ലോ!” പൂവ് സമാധാനിച്ചു.
“അതെങ്ങനാ? ഭൂമി ഒരിടത്തു നിന്നുകൊണ്ടു കറങ്ങുകയല്ലല്ലോ. സൂര്യന്റെചുറ്റും ഓടിപ്പായുകയല്ലേ? അതിനിടയിലല്ലേ ഈ സ്വയം കറക്കം.”
“അയ്യോ, അതു ശരിയാണല്ലോ…!”
“ആകട്ടെ, അതിന്റെ വേഗം അറിയാമോ?”
“ഇല്ലാ.”
“കുറച്ചൊന്നുമല്ല. മണിക്കൂറിൽ 1,07,000 കിലോമീറ്റർ! ഒരു സെക്കൻഡിൽ ഏതാണ്ട് 30 കിലോമീറ്റർ. ഒന്ന് എന്നു പറയുമ്പോഴേക്ക് നാം 30 കിലോമീറ്റർ ദൂരെ എത്തും. രണ്ടു സഞ്ചാരവുംകൂടി ചേർത്ത് നമ്മുടെ പോക്ക് ഒന്നു സങ്കല്പിക്കൂ!
തുടരും