Read Time:25 Minute

കാടും മരങ്ങളും കാട്ടുമൃഗങ്ങളുമില്ലാതെ മനുഷ്യരാശിയുടെ യുഗങ്ങളിലൂടെയുള്ള അതിജീവനം സാധ്യമാകുമായിരുന്നില്ല. താങ്ങും, തണലും, ഭക്ഷണവും, ഉപജീവന വിഭവങ്ങളുമായി പുരാതന കാലം മുതൽ മനുഷ്യരാശിയെ സേവിക്കുന്ന മരങ്ങൾ ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച്, അടിസ്ഥാന സൗകര്യങ്ങളുടെയും താമസ സ്ഥലങ്ങളുടെയും  ആവശ്യകതയും വർദ്ധിക്കുന്നത്  രാജ്യത്തിന്റെ വനമേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്. മരങ്ങൾ വെട്ടുന്നതിനോടൊപ്പം അവ പുതുതായി നട്ട് പിടിപ്പിക്കുന്നതും ഒരു യജ്ഞമായി ജനങ്ങൾ ഏറ്റെടുക്കണം. 

എല്ലാ വർഷവും മാർച്ച് 21 ലോക വനദിനമായി ആഘോഷിക്കുന്നു എന്ന കാര്യം ഓർമ്മയുണ്ടാകുമല്ലോ? വനങ്ങളുടെയും വൃക്ഷങ്ങളുടെയും  പരിസ്ഥിതി പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും   അവബോധം വളർത്തുന്നതിനുമായി 2012-ൽ ഐക്യരാഷ്ട്ര സഭ മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചു. വൃക്ഷത്തൈ നടീൽ മഹോൽസവങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ ശ്രമങ്ങൾ ഏറ്റെടുക്കാൻ രാജ്യങ്ങളെയും വ്യക്തികളെയും ഈ ദിനം പ്രേരിപ്പിക്കുന്നു. പക്ഷേ, മാർച്ച് മാസം ഇന്ത്യയിൽ വനം നടാൻ പറ്റിയ സമയമല്ല. അതുകൊണ്ടു തന്നെ ഇന്ത്യ പണ്ട് ജൂലായ് ആദ്യവാരം തുടങ്ങിവെച്ച വനമഹോത്സവം പൂർവാധികം പ്രാധാന്യത്തോടെ ഇന്നും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.  

ഡോ. എം.എസ്.രൺധവ

വനമഹോത്സവത്തിന്റെ തുടക്കം 

ഐക്യരാഷ്ട്രസഭയുടെ  ലോക വനദിന പ്രഖ്യാപനത്തിന്നു മുമ്പേ തന്നെ വനങ്ങളുടേയും  വൃക്ഷത്തൈ നടീലിന്റെയുമൊക്കെ പ്രാധാന്യം ഇന്ത്യക്കാർ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത്തിന് തൊട്ട്മുമ്പ് ഡൽഹി ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഡോ. എം.എസ്.രൺധവയാണ് 1947 ജൂലൈ 20 മുതൽ 27 വരെ ആദ്യത്തെ ഇന്ത്യൻ ദേശീയ വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് (ഇദ്ദേഹം പിന്നീട്  പഞ്ചാബ് കാർഷിക സർവ്വകലാശാലയുടെ  പ്രഥമ വൈസ് ചാൻസലർ, ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിലിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. “History of Agriculture in India” എന്ന നാലു വാല്യങ്ങളുള്ള പുസ്തകത്തിന്റെ കർത്താവുമാണ്).

History of Agriculture in India

വിവിധ രാജ്യങ്ങൾ പ്രാദേശികമായി സംഘടിപ്പിക്കുന്ന മരങ്ങളുടെ ഉത്സവമായിരിക്കാം ഡോ. രൺധവയ്ക്കു ഇതിന് പ്രചോദനം നല്കിയത്. 1947 ജൂലൈ 20-ന് അന്നത്തെ ഡൽഹി പോലീസ് കമ്മീഷണർ ശ്രീ. ഖുർഷിദ് അഹമ്മദ് ഖാൻ മന്ദാരം വൃക്ഷതൈകൾ നട്ടുകൊണ്ട് വനമഹോത്സവത്തിന്റെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ്, ഇടക്കാല സർക്കാരിന്റെ വൈസ് പ്രസിഡന്റ് ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ പുരാണഖിലയിൽ മറ്റൊരു തൈ നടീൽ ചടങ്ങും നടന്നു. സ്ത്രീകളുടെ ഒരു പരിപാടിയിൽ ലേഡി മൗണ്ട് ബാറ്റണും പങ്കാളിയായി. വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുന്ന പരിപാടിക്ക് എത്രമാത്രം പ്രധാന്യമാണ് സ്വതന്ത്ര ഇന്ത്യ നല്കാൻ പോകുന്നതെന്ന സൂചനകൂടിയായിരുന്നു ഈ പരിപാടികൾ.   

1950 ലെ വനമഹോത്സവത്തിൽ നിന്നും – ചിത്രത്തിൽ കെ. എം. മുൻഷി വൃക്ഷത്തൈ നടുന്നു.

ഇതേപോലെ തുടർന്നുള്ള വർഷങ്ങളിലും മരങ്ങൾ നടുന്ന പാരമ്പര്യം തുടർന്നു. 1950-ൽ ഭക്ഷ്യ-കാർഷിക മന്ത്രി ഡോ. കെ. എം. മുൻഷി ഇത് ഒരു ദേശീയ പരിപാടിയാക്കി മാറ്റി. വനഉത്സവം ജൂലൈ ആദ്യവാരത്തിലേക്ക് മാറ്റുകയും “വനമഹോത്സവം” (ഹിന്ദിയിൽ ‘വൻ മഹോത്സവ്’)എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. വനമഹോത്സവം ആഘോഷിക്കാൻ ജൂലൈ ആദ്യവാരം തിരഞ്ഞെടുത്തത് നന്നായി ആലോചിച്ചെടുത്ത  തീരുമാനമായിരുന്നു. മൺസൂൺ തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജൂലൈ ആദ്യവാരമാണ് ഇന്ത്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം. രാജ്യത്തിന്റെ മിക്കയിടങ്ങളിലും മഴക്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നത് ജൂലൈ 1 ന് ആണ് (കേരളത്തിലിത് ജൂൺ ആദ്യമാണെന്നത് മറക്കുന്നില്ല).  ഈ കാലയളവിൽ നട്ടുപിടിപ്പിക്കുന്ന വൃക്ഷതൈകൾ ആണ്ടിലെ മറ്റ് സമയങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിനേക്കാൾ പിടിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല,  വടക്കേ ഇന്ത്യയിൽ ഖരീഫ് കൃഷിക്കാലം ആരംഭിക്കുന്നതും ജൂലൈ 1 ന് ആണ്. സാധാരണ, വനമഹോത്സവം ജൂലൈ 1  ന് തുടങ്ങി ജൂലൈ 7 ന് അവസാനിക്കുന്നു.   

ലോകത്തിലെ ഏറ്റവും കൂടുതൽ വനങ്ങളുള്ള പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; എങ്കിലും, വനങ്ങളുടെയും മരങ്ങളുടെയും ആഘോഷമായി വനമഹോത്സവം നാം കൊണ്ടാടുന്നു. ആഗോളതാപനം തടയുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള മികച്ച മാർഗങ്ങളിലൊന്നായി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്.  വനങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നു, വെള്ളം ശുദ്ധീകരിക്കുന്നു, വായു ശുദ്ധീകരിക്കുന്നു, മണ്ണിനെ സംരക്ഷിക്കുന്നു, വന്യജീവികളെ പിന്തുണയ്ക്കുന്നു, വരൾച്ച കുറയ്ക്കുന്നു, കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടുന്നതിന് കാർബൺ പിടിച്ചെടുക്കുന്നു, ഭക്ഷണവും ജീവൻരക്ഷാ മരുന്നുകളും നൽകുന്നു, നമ്മുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. ഇങ്ങിനെയുള്ള സേവനങ്ങൾ മനസ്സിലാക്കുകയും ഈ അമൂല്യമായ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതാണെന്നുള്ള ബോധ്യം എല്ലാവരിലും ഉണ്ടാകുകയും വേണം .  

സ്‌കൂളുകളിലും, കോളേജുകളിലും, ഓഫീസുകളിലും, മറ്റു സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിലുമായി  വനമഹോത്സവം സംഘടിപ്പിക്കുന്നു. സാധാരണ, നാടൻ വൃക്ഷതൈകൾ  നട്ടുപിടിപ്പിച്ചാണ് ഇത് ആഘോഷിക്കുന്നത്. ബോധവൽക്കരണ ക്യാമ്പുകൾ സജ്ജീകരിക്കാം, സൗജന്യമായി മരതൈകൾ നൽകാം.  അതുപോലെയുള്ള മറ്റു നിരവധി പരിപാടികളും പ്രവർത്തനങ്ങളും വന മഹോത്സവ വേളയിൽ സംഘടിപ്പിക്കാം. കാടും മരങ്ങളുമൊക്കെ ആഗോളതാപന  ലഘൂകരണത്തിനും, മണ്ണൊലിപ്പ് തടയുന്നതിനും, ജലസംരക്ഷണത്തിനും, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നതും പതിവാണ്. 

Forest Cover Map of India

ഇന്ത്യയിലെ വനത്തിന്റെ സ്ഥിതി

ഇന്ത്യയിലെ വനങ്ങളുടെ സ്ഥിതി സൂചിപ്പിച്ചു കൊണ്ട് രണ്ടു വർഷം കൂടുമ്പോൾ  ഇറക്കുന്ന ഒന്നാണ് ‘ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട്’(ISFR). ഏറ്റവും പുതിയ ഫോറസ്റ്റ് സർവേ റിപ്പോർട്ട് (2023) പ്രകാരം ഇന്ത്യയുടെ ആകെ ഭൂവിസ്തീർണം 328.75 ദശലക്ഷം ഹെക്ടറും, മൊത്തം വന-വൃക്ഷാവരണം 82.736 ദശലക്ഷം ഹെക്ടറുമാണ്  (25.17%). വനാവരണവും വൃക്ഷാവരണവും ചേരുമ്പോഴാണ് ഈ കണക്ക് ലഭിക്കുക. പക്ഷേ, ഇന്ത്യയിലെ വനത്തിന്റെ യഥാർഥ സ്ഥിതി ഈ കണക്കുകൾ നൽകുന്നില്ല!   

Concept of Forest, TOF and Tree Cover

വനം എന്ന് പറഞ്ഞാൽ എന്താണ്? വനാവരണവും വൃക്ഷാവരണവുമൊക്കെ എന്താണ് നമ്മോട് പറയുന്നത്? വനവുമായി ബന്ധപ്പെട്ട് ‘വനം’ (forest), ‘വനാവരണം’ (forest cover), ‘വൃക്ഷാവരണം’ (tree cover) എന്നിങ്ങനെ മൂന്ന് പ്രയോഗങ്ങൾ അന്തരാഷ്ട്രതലത്തിൽ  അംഗീകരിച്ചിട്ടുണ്ട്. ഇവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നത് ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സഹായിക്കും. ലോക ഭക്ഷ്യ കാർഷിക സംഘടന  (FAO) യുടെ നിർവചനമനുസരിച്ച് അര ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണമുള്ള, 5 മീറ്ററിൽ കൂടുതൽ ഉയരമുള്ള മരങ്ങളും, 10 ശതമാനത്തിലധികം വനാവരണവും (forest cover), അല്ലെങ്കിൽ തൽസ്ഥലത്ത് തന്നെ ഈ പരിധിയിലെത്താൻ കഴിയുന്ന ചെറുമരങ്ങളുമുള്ള ഭൂമിയാണ് വനം (FAO, 2023). ഒരു പ്രദേശത്ത് 10 ശതമാനത്തിൽ താഴെ മാത്രമേ വനാവരണം ഉള്ളുവെങ്കിൽ ‘വൃക്ഷാവരണം’ (tree   cover)  എന്ന വിഭാഗത്തിലാണ് അവ വരിക. 

Forest and Tree Cover of India

ഇന്ത്യയിൽ വനാവരണം എന്ന് പറയുന്നത്, “കുറഞ്ഞത് 1 ഹെക്ടർ വിസ്തീർണ്ണം, 10 ശതമാനത്തിൽ കൂടുതൽ വൃക്ഷങ്ങളുടെ വിതാനം (crown), 2 മീറ്ററിൽ കൂടുതൽ ഉയരത്തിൽ എത്താൻ സാധ്യതയുള്ള മരങ്ങൾ” എന്നീ സവിശേഷതകൾ അനുസരിച്ചാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് ഉടമ്പടി (UNFCCC), ഭക്ഷ്യ-കാർഷിക സംഘടന (FAO) എന്നിവ അവരുടെ റിപ്പോർട്ടിംഗ്/കമ്മ്യൂണിക്കേഷനുകൾക്കായി ഈ നിർവചനം അംഗീകരിച്ചിട്ടുണ്ട്. 

മേൽപ്പറഞ്ഞ നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഒരു ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണവും 10 ശതമാനത്തിന് മുകളിൽ വൃക്ഷവിതാന സാന്ദ്രതയുമുള്ള (tree canopy density) എല്ലാ ഭൂമിയും (നിയമപരമായ അവസ്ഥയോ, ഉടമസ്ഥാവകാശമോ, അല്ലെങ്കിൽ മറ്റ് ഭൂവിനിയോഗമോ കണക്കിലെടുക്കാതെ) വനാവരണത്തിൽ (forest cover) ഉൾപ്പെടും. അത്തരം ഭൂമിയെല്ലാം രേഖപ്പെടുത്തിയ വനപ്രദേശം (Recorded forest area, RFA) ആയിരിക്കണമെന്നില്ല. ഈ വനാവരണത്തിൽ സാധാരണ വനമേഖലക്ക് പുറമെ റബ്ബർ, തെങ്ങ്, കമുക്, എണ്ണപ്പന, കശുമാവ്, തേയില, കാപ്പി, മാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ ഉൾപ്പെടും. ചുരുക്കത്തിൽ, കർഷകർ കൃഷി ചെയ്യുന്ന വൃക്ഷവിളകളും വനാവരണത്തിൽ ഉൾപ്പെടും. അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരമാണ് മേൽപ്പറഞ്ഞ വനാവരണത്തിന്റെ നിർവചനം. വിപുലീകരിച്ച ഈ വനാവരണം എന്ന പ്രയോഗം പ്രധാനമായും UNFCC യുടെ ഹരിതഗൃഹ വാതക കണക്കെടുപ്പിന് വേണ്ടിയാണ്. 

ഇന്ത്യയുടെ ആകെ ഭൂവിസ്തീർണത്തിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾ (recorded forest area,  RFA) 77.538 ദശലക്ഷം ഹെക്ടറാണ് (23.59%). പക്ഷേ, ഇവയിൽ യഥാർഥ വനാവരണമുള്ളത്(forest cover)  52.037 ദശലക്ഷം ഹെക്ടറിന് മാത്രമാണ്; അതായത്, ഇന്ത്യയുടെ ആകെ ഭൂവിസ്തീർണത്തിൽ 15.83 ശതമാനം മാത്രമാണ് സ്വഭാവിക വനം. വന്യമൃഗങ്ങൾക്ക് ഈ വനം മാത്രമേ  സാധാരണ  ഗതിയിൽ  പ്രയോജനപ്പെടുന്നുള്ളൂ എന്ന് മനസ്സിലാക്കണം. 

രേഖപ്പെടുത്തപ്പെട്ട വനങ്ങൾക്ക്(RFA) പുറത്ത്, നിങ്ങൾക്ക് മറ്റൊരു 19.498 ദശലക്ഷം ഹെക്ടർ വനാവരണം (5.93%) കൂടി കണ്ടെത്താൻ കഴിയും. കൂടാതെ, ‘വൃക്ഷാവരണം എന്ന ഗ്രൂപ്പിന് കീഴിൽ 11.201 ദശലക്ഷം ഹെക്ടർ ഉണ്ട് (3.41%). അതായത്, RFA ക്ക് പുറത്തുള്ള വനാവരണവും വൃക്ഷാവരണവും കൂടി ചേർത്താൽ, RFA-യ്ക്ക് പുറത്തുള്ള ആകെ വനാവരണം 30.699 ദശലക്ഷം ഹെക്ടർ (9.34%) ആയി നമുക്ക് ലഭിക്കും (ഇതാണ് ‘വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ (trees outside forest, TOF). മുകളിൽ പറഞ്ഞ സ്വഭാവിക വനങ്ങളുടെ വനാവരണത്തോടൊപ്പം (15.83%) രേഖപ്പെടുത്തപ്പെട്ട വനങ്ങൾക്ക് പുറത്തുള്ള വനാവരണവും (5,93%) വൃക്ഷാവരണവും (3.41%)  കൂട്ടിയുള്ള 9.34 ശതമാനവും ചേരുമ്പോഴാണ് ആകെ വനാവരണം 25.17 ശതമാനം എന്ന് ലഭിക്കുക.   

2021 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തെ വന-വൃക്ഷ വിസ്തൃതിയിൽ 1,44,581 ഹെക്ടർ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. വനാവരണത്തിൽ  15,641 ഹെക്ടർ വർദ്ധനവും, വൃക്ഷാവരണത്തിൽ 1,28,940 ഹെക്ടർ വർദ്ധനവും ഉൾപ്പെടുന്നു.  ഇവിടെ പറഞ്ഞ സ്ഥിതിവിവരക്കണക്കുകൾ ഇന്ത്യയുടെ വനത്തിന്റെ ഒരു മനോഹര ചിത്രം നൽകുന്നുവെങ്കിലും, യാഥാർത്ഥ്യം അത്ര മനോഹരമല്ല! ഫല വൃക്ഷങ്ങൾ, തോട്ടവിളകൾ, പാതയോര വൃക്ഷങ്ങൾ, പൂമരങ്ങൾ എന്നിവ വനാവരണത്തിൽ ഉൾപ്പെട്ടത് ഐക്യരാഷ്ട്ര സഭയുടെ കാലവസ്ഥാ  ഉടമ്പടി (United Nations Framework Convention on Climate Change, UNFCC) മാനദണ്ഡങ്ങൾ പ്രകാരം ശരിയാണെങ്കിലും അവ സ്വാഭാവിക വനങ്ങളല്ലാത്തതിനാൽ  സാധാരണക്കാരുടെ ഇടയിൽ തെറ്റിദ്ധാരണക്ക് ഇട നല്കിയിട്ടുണ്ട്. ഇത്തരം തോട്ടങ്ങളും മരക്കൂട്ടങ്ങളും സ്വാഭാവിക വനങ്ങളുടെ സവിശേഷതകളായ ജൈവവൈവിധ്യത്തെയോ, വന്യജീവി ആവാസവ്യവസ്ഥയെയോ, ഭക്ഷ്യശൃംഖലയെയോ പിന്തുണയ്ക്കുന്നില്ലെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്!

Forest Cover Map of Kerala

കേരളത്തിന്റെ വനാവരണം 

കേരളത്തിലേക്ക് വരുമ്പോൾ വനങ്ങളുടെ ദേശീയ സ്ഥിതിയിൽ നിന്ന് നല്ല മാറ്റമുണ്ട്. 2023 ലെ ISFR പ്രകാരം കേരളത്തിന്റെ ആകെ ഭൂവിസ്തീർണം 38. 852 ലക്ഷം ഹെ; ഇതിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾ (RFA) 11. 522 ലക്ഷം ഹെ (29.66%). പക്ഷേ, ഈ പ്രദേശത്തെ വനാവരണം (forest cover inside the recorded area) 9.926 ലക്ഷം ഹെക്ടർ മാത്രമാണ്, അതായത്, 25.55 ശതമാനം. പക്ഷേ, കേരളത്തിന്റെ ആകെ വനാവരണം ഇതിന്റെ ഇരട്ടിയിൽ കൂടുതൽ വരും, 24.965 ലക്ഷം ഹെ (64.26%)! വനമേഖലക്ക് പുറത്തുള്ള വൃക്ഷവിളകളും തോട്ടങ്ങളും കൂടി പരിഗണിക്കുമ്പോഴാണ് ആകെ വനാവരണം 64.26 ശതമാനം ആകുക. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.

Forest Cover Inside and Outside of RFA in Kerala

കേരളത്തിൽ രേഖപ്പെടുത്തപ്പെട്ട വനങ്ങൾക്ക് പുറത്തുള്ള വനാവരണമാണ് (forest cover outside the recorded area) കൂടുതൽ, 12.134 ലക്ഷം ഹെക്ടർ (31.23%), ഇത് രണ്ടും കൂട്ടിയാൽ ആകെ വനാവരണം 56.78 ശതമാനം എന്ന് കിട്ടും. കൂടാതെ, വൃക്ഷാവരണം 2.904 ലക്ഷം ഹെക്ടറുമുണ്ട്(7.48%). അതായത്, ഇവയെല്ലാം കൂടി കൂട്ടിയാലാണ് ആകെ വന-വൃക്ഷാവരണം  64.26 ശതമാനം എന്ന് കിട്ടുക (2021 ൽ 61.96% ആയിരുന്നു). വന-വൃക്ഷാവരണങ്ങൾ  മാത്രമായെടുത്താൽ ചെറിയ പുരോഗതിയുണ്ട് എന്ന് പറയാം! ഇവിടെയും പ്രശ്നമുണ്ട്, കാർബൺ പിടിച്ചു വെക്കലും സാധാരണ പരിസ്ഥിതി സേവനങ്ങളും  പരിഗണിച്ചാൽ 64.3  ശതമാനമെന്നത് വളരെ ആകർഷകമായ  ഒരു കണക്കാണ്, പക്ഷേ,  യഥാർഥ വനത്തിന്റെ വനാവരണം 25.6 ശതമാനം മാത്രമാണ് എന്നത് മറക്കണ്ട. അതായത് 38.7ശതമാനം വന-വൃക്ഷാവരണം ജൈവവൈവിധ്യത്തെയോ, വന്യജീവി ആവാസവ്യവസ്ഥയെയോ കാര്യമായി പിന്തുണക്കുന്നില്ല! മനുഷ്യ-വന്യ വമൃഗ സംഘർഷങ്ങൾ വിലയിരുത്തുമ്പോൾ തീർച്ചയായും പരിഗണിക്കേണ്ട ഒന്നാണിത്.    

Land Use TypesArea (in ‘000 ha)Percentage
Geographical Area3,885
Reporting area for land utilization3,886.29100.00
Forests1,081.5127.83
Not available for land cultivation581.3114.96
Permanent pastures and other grazing lands
Land under misc. tree crops and groves2.270.06
Culturable wasteland88.502.27
Fallow land other than current fallows49.421.27
Current fallows53.911.39
Net area sown2,029.3752.22
Source: Land Use Statistics, Ministry of Agriculture and Farmer’s Welfare, GOI, (2021-22).

വനമേഖലയുടെ കാർബൺ പിടിച്ചുവെക്കൽ

ഇന്ത്യയുടെ ദേശീയ കാലാവസ്ഥാ നടപടികളിലെ (Nationally Determined Contributions, NDCs) ലക്ഷ്യം 5 പറയുന്നത് അധിക വനാവരണത്തിലൂടെയും പുതുതായി മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെയും 2005-ലെ അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2030-ഓടെ 2.5 മുതൽ 3 ശതകോടി ടൺ വരെ CO2e ന്റെ അധിക കാർബൺ സിങ്ക് സൃഷ്ടിക്കുമെന്നാണ്. 2005 ൽ വനമേഖലയുടെ കാർബൺ സ്റ്റോക്ക് 28.14 ശതകോടി ടൺ ആയിരുന്നു. നിലവിലെ വിലയിരുത്തൽ കാണിക്കുന്നത് 2023 ൽ ഇന്ത്യയുടെ കാർബൺ സ്റ്റോക്ക് 30.43 ശതകോടി ടൺ CO2e ന് തുല്യമായി എത്തി എന്നാണ്. അതായത്, 2005-ലെ അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2030-ഓടെ 2.5 മുതൽ 3.0 ശതകോടി ടൺ വരെ കാർബൺ സിങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ വളരെയധികം അടുത്തിരിക്കയാണ്; ഇതിനകം 2.29 ശതകോടി  ടൺ അധിക കാർബൺ സിങ്ക് സൃഷ്ടിച്ച് കഴിഞ്ഞു! വനാവരണത്തിന്റെ പുരോഗതി ഈ രീതിയിൽ മുമ്പോട്ടു പോകുകയാണെങ്കിൽ 2030ൽ കാർബൺ സ്റ്റോക്ക് 31.71  ശതകോടി ടൺ ആകും, അതായത്, 2005 നേക്കാൾ 3.57 ശതകോടി ടൺ അധിക കാർബൺ സ്റ്റോക്ക് ആണ് പ്രതീക്ഷിക്കുന്നത്, നമ്മുടെ  NDC ലക്ഷ്യത്തെക്കാളധികം!

ദേശീയ വനനയം 1988 (National Forest Policy 1988) വിഭാവനം ചെയ്യുന്നത് രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്നിൽ (33%) വനാവരണമോ  വൃക്ഷാവരണമോ ഉണ്ടാകണമെന്നതാണ്. മൂന്നിലൊന്നു പ്രദേശത്ത് യഥാർഥ വനം കൊണ്ട് വരാൻ എളുപ്പമായിരിക്കില്ല (ഇപ്പോൾ യഥാർഥ വനം 15.8% മാത്രമാണ്). ഒരു പക്ഷേ, ദേശീയതലത്തിൽ RFA ക്ക് പുറത്ത് കൂടുതൽ മരങ്ങൾ നട്ട് പിടിപ്പിച്ചു കൊണ്ട് ആകെ വനാവരണം വർധിപ്പിക്കാൻ സാധിച്ചേക്കും. അതായത്, കാർഷികവനം, നഗരവനം, ആവാസവ്യവസ്ഥാ പുനസ്ഥാപനം എന്നിവയൊക്കെ ശക്തിപ്പെടുത്തിക്കൊണ്ട് ഇപ്പോഴത്തെ വനാവരണമായ 25.17 ശതമാനത്തിൽ നിന്ന് 33 ശതമാനം ആക്കാൻ സാധിച്ചേക്കും. ഇന്ത്യയിൽ ആകെ വനാവരണം 10 ശതമാനത്തിൽ കുറവുള്ള  സംസ്ഥാനങ്ങളുമുണ്ടന്ന് ഓർക്കുക; പഞ്ചാബ്- 6.59; ഹരിയാന-7.48; രാജസ്ഥാൻ-8.00, ഉത്തർ പ്രദേശ്- 9.96; ബീഹാർ (10.52), ഗുജറാത്ത്(11.03) എന്നിവയും വനാവരണത്തിന്റെ കാര്യത്തിൽ പുറകിൽ തന്നെ! ഇത്തരം സംസ്ഥാനങ്ങളുടെ വനാവരണം വർധിപ്പിക്കുന്നത്തിന് പ്രത്യേക ഊന്നൽ കൊടുത്ത് കൊണ്ട് പദ്ധതികൾ നടപ്പിലാക്കണം.

അധിക വായനക്ക്

  1. FAO [Food and Agriculture Organization of The United Nations] 2023. Terms and Definitions FRA 2025. Forest Resources Assessment Working Paper 194. FAO, Rome, 27p.  Available: >>>  
  2. FSI [Forest Survey of India] 2021. India State of Forest Report 2021. Forest Survey of India
    (MoEFCC), Dehradun, 586p.  
  3. FSI [Forest Survey of India] 2024a.  India State of Forest Report (ISFR) 2023 Vol1.  Forest Survey of India (Ministry of Environment Forest and Climate Change), Dehradun, Uttarakhand, 319p >>> 
  4. FSI [Forest Survey of India] 2024b.  India State of Forest Report (ISFR) 2023 Vol2.  Forest Survey of India (Ministry of Environment Forest and Climate Change) Dehradun, Uttarakhand, 387p. >>>  

പരിസ്ഥിതി സംബന്ധമായ ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പുരുഷാധിപത്യവും പുരുഷന്റെ മാനസികാരോഗ്യവും
Close