ടി.വി.നാരായണൻ
അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു.
[dropcap]ക[/dropcap]ണ്ണൂര്‍ ജില്ലക്കാരനായ ഒരു ശാസ്ത്രജ്ഞന്റെ പേരിൽ അറിയപ്പെടുന്ന വാല്‍നക്ഷത്രമുണ്ട്. ലോക പ്രശസ്ത വാനശാസ്ത്രജ്ഞനായ ഡോ. എം.കെ. വൈനു ബാപ്പുവിന്റെ പേരിലാണ് ഈ വാല്‍ നക്ഷത്രം. ഹാര്‍വാര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് അസ്‌ട്രോണമിയിൽ വിദ്യാര്‍ത്ഥിയായിരിക്കേയാണ് 22 വയസ്സുകാരനായ വൈനു ബാപ്പു അധ്യാപകനായ ബാര്‍ട്ട് ബോക്ക്, സഹപാഠിയായ ഗോര്‍ഡൻ ന്യൂകിര്‍ക്ക് എന്നിവരോടൊപ്പം പുതിയ വാല്‍നക്ഷത്രം കണ്ടുപിടിച്ചത്. ബാപ്പു – ബോക്ക് – ന്യൂ കിർക്ക് വാൽനക്ഷത്രം എന്നാണതിന്റെ പേര് (C/1949 N1 Bappu-Bok-Newkirk Comet). ഈ കണ്ടുപിടുത്തത്തിന് പസഫിക്ക് ആസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ ഡോണ്‍ഹോ കോമറ്റ് മെഡലിനും അദ്ദേഹം അര്‍ഹനായി. ഇന്‍ര്‍നാഷണൽ ആസ്‌ട്രോഫിസിക്‌സ് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്ര ഗവേഷണത്തെയും വാന നിരീക്ഷണ കേന്ദ്രങ്ങളെയും ലോക നിലവാരത്തിലെത്തിച്ച വൈനു ബാപ്പു ആസ്‌ട്രോഫിസിക്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റായിരുന്നു.
തലശ്ശേരിയിലാണ് 1927ല്‍ മണലി കല്ലാട്ട് വൈനു ബാപ്പു ജനിച്ചത്. മദ്രാസ് സര്‍വകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ വൈനു ബാപ്പു ഹാര്‍വാര്‍ഡില്‍ നിന്നും ഗവേഷണ ബിരുദം നേടി. പലോമര്‍ ഒബ്‌സര്‍വേറ്ററിയിൽ ഓളിൻ ചഡോക്ക് വില്‍സണ്‍ (ജൂനിയര്‍) എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്ന് ചില പ്രത്യേക നക്ഷത്രങ്ങളുടെ പ്രകാശദീപ്തിയും അവയുടെ വര്‍ണ്ണരാജിയും തമ്മിലുള്ള ബന്ധം കണ്ടെത്തി. വില്‍സൺ – ബാപ്പു ഇഫക്ട് എന്നാണ് ഇതറിയപ്പെടുന്നത്. ഈ സങ്കേതം ഉപയോഗിച്ചാണ് ചിലതരം നക്ഷത്രങ്ങളുടെ പ്രകാശമാനവും അകലവും കണ്ടെത്തുന്നത്. അദ്ദേഹം കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഗവേഷണം നടത്തിയിരുന്നു.
വിദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട മികച്ച ജോലികള്‍ വേണ്ടെന്നു വെച്ചാണ് ദേശാഭിമാനത്താല്‍ പ്രചോദിതനായ വൈനു ബാപ്പു ഇന്ത്യയിൽ തിരിച്ചെത്തിയത്. നൈനിറ്റാളിലെ ഒബ്‌സര്‍വേറ്ററിയിലാണ് സേവനം ആരംഭിച്ചത്. കൊടൈക്കനാല്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടറായിരിക്കേ പ്രസ്തുത സ്ഥാപനത്തെ ആധുനികവല്‍ക്കരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സായി വളര്‍ത്തിയെടുത്തു. പില്‍ക്കാലത്ത് ഈ സ്ഥാപനം ബാംഗ്ലൂരിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. തമിഴ്‌നാട്ടിലെ കവലൂരിലെ ഒബ്‌സര്‍വേറ്ററിയുടെ ചുമതല വഹിക്കുന്ന കാലത്താണ് 2.3 മീറ്റർ വ്യാസാര്‍ധമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ഈ സ്ഥാപനം വൈനു ബാപ്പുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ ആസ്‌ട്രോണമിക്കൽ സൊസൈറ്റി ജ്യോതിശ്ശാസ്ത്രത്തിലും ആസ്‌ട്രോഫിസിക്‌സിലും മികച്ച സംഭാവന ചെയ്യുന്ന യുവശാസ്ത്രജ്ഞര്‍ക്കായി വൈനു ബാപ്പു സ്വര്‍ണ്ണ മെഡൽ നല്‍കി വരുന്നു.
അന്‍പത്തി അഞ്ചാം വയസ്സിൽ ശസ്ത്രക്രിയയെത്തുടര്‍ന്ന് ജര്‍മനിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. ഇന്ത്യയിലെ ജ്യോതിശ്ശാസ്ത്ര ഗവേഷണത്തെ ആധുനികവല്‍ക്കരിക്കുകയും ലോകപ്രശസ്തി കൈവരിക്കുകയും ചെയ്തയാളാണെങ്കിലും കേരളത്തില്‍ വേണ്ടത്ര അറിയപ്പെടാത്തയാളാണ് ഡോ. വൈനു ബാപ്പു. ഇദ്ദേഹത്തിനോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ 2596 എന്ന ഛിന്നഗ്രഹത്തിന് വൈനു ബാപ്പു എന്ന പേര് നൽകിയിട്ടുണ്ട്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ എല്ലാവര്‍ഷവും അനുസ്മരണ പരിപാടികൾ നടത്തി വരുന്നുണ്ട്.
അധികവായനക്ക്