Read Time:11 Minute


ഡോ. ബി. ഇക്ബാൽ

“Unravelling the Double Helix“ ഡി.എൻ.എ. ഗവേഷണ ചരിത്രത്തിലെ, ഇപ്പോൾ മിക്കവരും മറന്നുപോവുകയോ ഇതുവരെ മനസ്സിലാക്കാതിരിക്കയോ ചെയ്ത അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഭാവനകളെ കുറിച്ചുള്ള പുസ്തകമാണ്‌.

[dropcap]ശാ[/dropcap]സ്ത്ര ചരിത്രത്തിലെ ഏറ്റവും  ഉദ്വേഗജനകവും ആവേശമുണത്തുന്നതുമായ സംഭവവികാസങ്ങളാണ്  ഡി.എൻ.എ യുടെ ഘടന നിർധാരണം ചെയതിന്റെയും തുടർന്ന് നടന്ന് കൊണ്ടിരിക്കുന്ന ജനിതക ശാസ്ത്ര ഗവേഷണ സംരംഭങ്ങളിലുമുള്ളത്.. ജെയിംസ് വാട്സൺ(James Dewey Watson), ഫ്രാൻസിസ് ക്രിക്ക് (Francis Harry Compton Crick), മൗറീസ് വിൽക്കിൻസൺ (Maurice Hugh Frederick Wilkins) എന്നിവർക്ക് ഡിഎൻഎയുടെ ഘടനയെക്കുറിച്ചുള്ള വിവരണത്തിന് 1962 ൽ നൊബേൽ സമ്മാനം ലഭിച്ചുവെന്നത്  പ്രസിദ്ധമായ കാര്യമാണ്.

ഡി.എൻ.എ. എന്നാൽ ഈ ത്രിത്വത്തിനെ സംബന്ധിച്ചുള്ള അറിവ് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ, ഡി‌എൻ‌എയുടെ ഘടന നിർ‌വ്വചിക്കുന്നതിൽ വളരെയധികം സംഭാവന നൽകിയ റോസാലിൻഡ് ഫ്രാങ്ക്ളിനെപ്പോലുള്ള ധാരാളം പുകഴ്ത്തപ്പെടാത്ത പ്രഗത്ഭമതികളും ഡീ എൻ എ ചരിത്രത്തിലുണ്ട്. ഡിഎൻ‌എയുടെ കണ്ടെത്തലിനെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായവ ജെയിംസ് വാട്സൺ എഴുതിയ ദി ഡബിൾ ഹെലിക്സ്: എ പേഴ്സണൽ അക്കൗണ്ട് ഓഫ് ദി ഡിസ്കവറി ഓഫ് ദി സ്ട്രക്ച ർ ഓഫ് ഡിഎൻഎ(The Double Helix: A Personal Account of the Discovery of the Structure of DNA,1968) , ജെയിംസ് വാട്സൺ, ആൻഡ്രൂ ബെറി എന്നിവർ ചേര്‍ന്ന് 2003 ൽ എഴുതിയ ഡിഎൻഎ സീക്രട്ട് ഓഫ് ലൈഫ് (DNA: The Secret of Life, 2003) എന്നീ പുസ്തകങ്ങളാണ്. അടുത്തകാലത്ത്  വ്യാപകമായി ചർച്ചചെയ്യപ്പെട്ടുവരുന്ന മറ്റൊരു പുസ്തകം അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ കാൻസർ ചികിത്സാ വിദഗ്ദൻ സിദ്ധാർത്ഥ മുഖർജി എഴുതിയ ദി ജീൻ: ആന്‍ ഇന്റിമേറ്റ് ഹിസ്റ്ററി (The Gene: An Intimate History,2016) എന്ന പുസ്തകമാണ്.

നിരവധി ശാസ്ത്രജ്ഞരുടെ സംഭാവനകളാൽ സമ്പന്നമായ ചരിത്രമാണ് ഡി‌എൻ‌എയുടെ കണ്ടെത്തലിനുള്ളത്, ഡി‌എൻ‌എ സംബന്ധിച്ച ശാസ്ത്ര പരീക്ഷണങ്ങൾ  നിരീക്ഷിക്കുന്നവർ പോലും അവരിൽ‌ പലരേയും സംബന്ധിച്ച വിവരങ്ങളിൽ അജ്ഞത പുലർത്തുന്നവരാണ്. ഗാരെത്ത് വില്യംസ് എഴുതിയ അൺറവലിംഗ് ദ ഡബിൾ ഹെലിക്സ്: ദി ലോസ്റ്റ് ഹീറോസ് ഓഫ് ഡി‌എൻ‌എ  (Unravelling the Double Helix: The Lost Heroes of DNA W&N 2019) എന്ന അവഗണിക്കപ്പെട്ട ഡി എൻ എ മാര്‍ഗദര്‍ശികളെ അടിസ്ഥാനമാക്കി വായനാക്ഷമവും ഹൃദ്യവും ഡി എൻ എ യുടെ ശാസ്തീയ വിവരങ്ങളാൽ സമ്പന്നവുമായ പുസ്തകം സമീപകാലത്ത് ശാസ്ത്ര ലോകത്തും ശാസ്ത്രസാഹിത്യത്തിൽ താത്പര്യമുള്ള പൊതുസമൂഹത്തിലും വ്യാപകമായി ചർച്ച ചെയ്യപ്പെട്ട് വരികയാണ്.  ഡി എൻ എ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ച തീരെ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ അവരുടെ ജീവചരിത്രവുമായി സംയോജിപ്പിച്ച് അദ്ദേഹം പുസ്തകത്തിൽ നൽകിയിരിക്കുന്നു.

ഡിഎൻഎയുടെ ചരിത്രത്തിലെ സാർവ്വത്രികമായി അംഗീകരിക്കപ്പെട്ട  ഏതാനും ശാസ്ത്രജ്ഞരിൽ ഒരാളായി’അറിയപ്പെടുന്ന, കോശങ്ങളുടെ വിഭജന സമയത്തെ ക്രോമസോമുകളുടെ ചലനം മനസ്സിലാക്കിയ മൈക്രോസ്‌കോപ്പിസ്റ്റായ വാൾട്ടർ ഫ്ലെമിംഗി (Walther Flemming)ന്റെ കണ്ടുപിടുത്തങ്ങൾ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം തുടങ്ങുന്നത്. ഡിഎന്‍എ  ചരിത്രത്തിലെ സുപ്രധാന ഘട്ടമായ ബാക്റ്റീരിയയുടെ ജനിതക സവിശേഷതകളിൽ മാറ്റം വരുത്താൻ കഴിയുന്ന ‘രൂപാന്തര ഘടകം’ ഡിഎൻ‌എ ആണെന്നതിന്റെ തെളിവായി തന്റെ സഹപ്രവർത്തകൻ ഓസ്വാൾഡ് അവേരിയുടെ (Oswald avery) കൃതിയെ അപകീർത്തിപ്പെടുത്താൻ മോളി ക്യുളാര്‍ ബയോളജിസ്റ്റ് ആൽഫ്രഡ് മിർസ്‌കി (Alfred Mirsky) നടത്തിയ ശ്രമങ്ങൾ അദ്ദേഹം അനാവരണം ചെയ്യുന്നു. ആൽഫ്രഡ് മിർസ്‌കിയുടെ വ്യക്തിവിദേഷത്തോടെയുള്ള സമീപനത്തെ  ‘തടസ്സവാദത്തിന്റെ മികച്ച കല’ യുടെ മികച്ച ഉദാഹരണമായാണ് നർമ്മബോധത്തോടെ ഗാരെത്ത് വില്യംസ് ചൂണ്ടിക്കാട്ടുന്നത്. .

ഡി.എൻ.എ. ചരിത്രത്തിലെ പാടിപുകഴ്ത്താത്ത യോദ്ധാവായി കരുതപ്പെടുന്ന   റോസലിൻഡ് ഫ്രാങ്ക്ലിന്റെ (Rosalind Franklin,1920-1958) സംഭാവനകൾ വില്യംസ് വിശദമായി വിവരിക്കുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ കാൻസർ ബാധിച്ച് മരണമടഞ്ഞത് കൊണ്ട് മാത്രമാണ് റോസലിൻഡിന് നോബൽ സമ്മാനം കിട്ടാതെ പോയത്. മരണാനനന്തര ബഹുമതിയായി നിർഭാഗ്യവശാൽ നോബൽ സമ്മാനം നൽകാറുമില്ല.  ജെയിംസ് വാട്സനോട് വില്യംസ് അത്രയേറെ സഹതാപം കാണിക്കുന്നില്ല എന്നുമാത്രമല്ല വാ‍ട്ട്സന്റെ അഹംഭാവവും താൻ പോരിമയും ഈ പുസ്തകത്തില്‍ തുറന്നുകാട്ടുന്നുമുണ്ട്. ഡബിള്‍ ഹെലിക്സ് കണ്ടെത്തിയതിലേക്ക് നയിച്ച സംഭവപരമ്പരകൾ അദ്ദേഹം സൂക്ഷപരിശോധനക്ക് വിധേയമാക്കി പലരുടെ മനസ്സിലും അടിഞ്ഞ് കൂടിയിട്ടുള്ള തെറ്റിദ്ധാരണകളുടെ മാറാലകൾ നീക്കം ചെയ്യുന്നു. ലണ്ടനിലെ കിംഗ്സ് കോളേജിലെ ബയോഫിസിക്സ് യൂണിറ്റ് മേധാവി ജോൺ റാൻ‌ഡാലിന്റെ പ്രവര്‍ത്തനങ്ങളിൽ നിന്നാണ് മൗറീസ് വിൽക്കിൻസും റോസലിൻഡ് ഫ്രാങ്ക്ലിനും തമ്മിലുള്ള കുപ്രസിദ്ധമായ സംഘർഷം ഉടലെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡി‌എൻ‌എയെക്കുറിച്ചുള്ള വിൽ‌കിൻസിന്റെ ജോലി ഏറ്റെടുക്കുമെന്ന് അവര്‍ ഫ്രാങ്ക്ലിനോട് സൂചിപ്പിച്ചു, എന്നിട്ടും അവർ തന്റെ സഹായിയായിരിക്കുമെന്ന ധാരണ വിൽക്കിൻസിന് നൽകി. വിൽ‌കിൻ‌സ് ഡി‌എൻ‌എ ജോലികൾ ഫ്രാങ്ക്ലിനു നൽകി, ഗവേഷണ വിദ്യാർത്ഥി റെയ്മണ്ട് ഗോസ്ലിംഗ് അവരുടെ സഹായിയായി. ഫ്രാങ്ക്ളിന്റെ മേൽനോട്ടത്തിൽ ഗോസ്ലിംഗാണ് എക്സ്-റേ ഡിഫ്രാക്ഷൻ ‘ഫോട്ടോഗ്രാഫ് 51’ എടുത്തത്. വിൽക്കിൻസ് അത് “മോഷ്ടിച്ചു” എന്ന മിഥ്യാധാരണ വില്യംസ് നീക്കം ചെയ്യുന്നുണ്ട്. ; ബിർക്ക്‌ബെക്കിലെ ലണ്ടൻ സര്‍വകലാശാലയിലേക്കു  പോകുന്നതിനുമുമ്പ്, ഫ്രാങ്ക്ലിൻ ഡി‌എൻ‌എയെക്കുറിച്ചുള്ള വസ്തുക്കളും ഡാറ്റയും ഗോസ്ലിംഗിന് വിൽക്കിൻസിന് ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിനുവേണ്ടി നൽകിയതെങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതിനുശേഷമാണ് വിൽക്കിൻസ് ഫോട്ടോഗ്രാഫ് 51 ജെയിംസ് വാട്സണെ കാണിച്ചത്, വാട്ട്സൻ പിന്നീട് സമർത്ഥമായ പ്രാൻസിസ് ക്രിക്കിനൊപ്പം ഈ സുപ്രധാന വിവരം ഡബിള്‍ ഹെലിക്സ് കണ്ടെത്തുന്നതിനായി ഉപയോഗിച്ചു.


വില്യംസിന്റെ രചനയിൽ ശ്രദ്ധിക്കപ്പെടാതെപോയ മറ്റ് നിരവധി നായകന്മാർ ഉയർന്നുവരുന്നുണ്ട്. മാർട്ടിൻ ഹെൻ‌റി ഡോസൺ (Martin Henry Dawson), ജെയിംസ് ലയണൽ അലോവേ (James Lionel Alloway) എന്നിവർ ഓസ്വാൾഡ് അവേരിയുടെ സംഭാവനകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ജെ മാസ്സൻ ഗുള്ളാര്‍ഡിന്റെ സംഭാവനയിൽ എച്ച്. എഫ്. ഡബ്ലിയു ടെയ്ലര്‍, സി.ജെ. ത്രെല്‍ഫാൾ എന്നിവര്‍ നിര്‍ണ്ണായക പങ്കാളിത്തംവഹിച്ചു. ശാസ്ത്ര മുന്നേറ്റങ്ങളെല്ലാം ഏതാനും വ്യക്തികളുടെ മാത്രം സംഭാവനയായി അവതരിപ്പിക്കുന്ന  ‘മൗണ്ടൻ ടോപ്പ്’“ സമീപനം വില്യംസ് ഒഴിവാക്കുന്നു. പകരം, തത്ത്വചിന്തകനായ ബെർ ട്രാൻഡ് റസ്സൽ പറഞ്ഞതുപോലെ, “കുറച്ച് പുതിയ ജ്ഞാനം” ലോകത്തിലേക്ക് കൊണ്ടുവരാൻ പോരാടുന്ന അത്രകണ്ട് അറിയപ്പെടാത്ത ശാസ്ത്രജ്ഞരിലേക്ക് അദ്ദേഹം വെളിച്ചം വീശുന്നു.

“അണ്‍റാവലിംഗ് ഡബിള്‍ ഹെലിക്സ്“ പല വലിയ ഗവേഷകർക്കുമപ്പുറം, ഇപ്പോൾ മിക്കവരും മറന്നുപോവുകയോ ഇതുവരെ മനസ്സിലാക്കാതിരിക്കയോ ചെയ്ത അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഭാവനകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.  അതിശയോക്തിയില്ലാതെ ഒരു നിരൂപകന്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഈ പുസ്തകം ആസ്വദിക്കാൻ ഒരാൾ ശാസ്ത്രകുതുകിയാവണമെന്നില്ല. മികവുറ്റ ശാസ്ത്രസാഹിത്യ കൃതി എന്ന പോലെ തന്നെ കുലീനരായ നായകരുടെയും പിന്നിൽ കുത്തുന്ന വില്ലന്മാരുടെയും  ഉദ്വേഗജനകവും സംഭവബഹുലവുമായ കഥപറയുന്ന മികച്ച കുറ്റാന്വേഷണ നോവൽ എന്ന് വിശേഷണം കൂടി അർഹിക്കുന്ന പുസ്തകമാണിത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഡി.എന്‍.എ. ചരിത്രത്തിലെ അവഗണിക്കപ്പെട്ട  ശാസ്ത്രജ്ഞർ

Leave a Reply

Previous post മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ
Next post പൊട്ടാസ്യം – ഒരു ദിവസം ഒരു മൂലകം
Close