
- ശാസ്ത്ര ഗവേഷണ മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെക്കുറിച്ച് ചർച്ചചെയ്യുന്നു.
- നൈതികതയില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.
- ആഗോളതലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കുന്നതിന്റെ സാഹചര്യം വിശദീകരിക്കുന്നു.
- ശാസ്തഗതി 2025 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

സത്യാനന്തര കാലഘട്ടത്തിൽ, ഗവേഷണത്തിലും ശാസ്ത്രത്തിലും നടക്കുന്ന അസാന്മാർഗിക ഇടപെടലുകളെക്കുറിച്ച് (misconduct) നാം പലപ്പോഴും കേൾക്കുന്നത്. ലോക പ്രശസ്‌ത ഗവേഷണ ജേർണലുകൾ ആഗോളതലത്തിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങൾപോലും പിൻവലിക്കുന്നതു കൊണ്ടാണ്. പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ, ജേർണലുകൾ പിൻവലിക്കുന്നതിൻ്റെ എണ്ണം പരിശോധിച്ചാൽ അതിൽ ഏറ്റവും മുന്നിൽ ചൈനയിലേയും ഇന്ത്യയിലേയും ഗവേഷകരാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ പ്രബന്ധങ്ങൾ പിൻവലിച്ചതിന്റെ എണ്ണം 2013-ൽ 2000-ത്തിൽ താഴെയായിരുന്നുവെങ്കിൽ 2023-ൽ അത് 10,000 കടന്നു. ഇന്ത്യൻ ഗവേഷകരുടെ ആയിരത്തിലധികം പ്രബന്ധങ്ങളാണ് വിവിധ പ്രസിദ്ധീകരണങ്ങൾ കഴിഞ്ഞ ഒരു ശതാബ്ദത്തിൽ പിൻവലിച്ചത്. ഇത്തരം സംഭവങ്ങൾ ഗവേഷണത്തിൽ, ശാസ്ത്ര ഗവേഷണം കൈകാര്യം ചെയ്യുന്നതിൽ, പൊതുവെ ധാർമ്മിക തത്വങ്ങൾ നിലനിർത്തുന്നതിലെ വ്യവസ്ഥാപിതമായ പ്രശ്നങ്ങളേയും കൂടിയാണ് സൂചിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ, ഗവേഷണത്തിലെ ശാസ്ത്രത്തിലെ നൈതികത സത്യാനന്തര കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു. ഗവേഷണത്തിലെ ഗുണനിലവാരവും ധാർമ്മിക നിലവാരവും നിലനിർത്തുന്നതിലെ പരാജയങ്ങളുമായും വ്യക്തിഗത തലങ്ങളിൽ അക്കാദമിയിലെ ഗവേഷണ സമഗ്രതയിലെ അപചയങ്ങളുമായും പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്ന ഈ പിൻവലിക്കലുകൾക്ക് നിരവധി കാരണങ്ങളുണ്ട്.
ശാസ്ത്ര-ഗവേഷണ രംഗങ്ങളിൽ അസാന്മാർഗിക മാർഗങ്ങളാൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ നിഷേധാത്മകമായ സ്വാധീനം കുറയ്ക്കുന്നതിനും സാഹിത്യത്തെ തിരുത്തുന്നതിനും അതിൻ്റെ സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള ഫലപ്രദമായ മാർഗമാണ് പിൻവലിക്കലെന്ന് കാണേണ്ടിവരും. കമ്മിറ്റി ഓൺ പബ്ലിക്കേഷൻ എത്തിക് സിൻ (COPE) നിർവചനം അനുസരിച്ച്, പിൻവലിക്കൽ എന്നത്, ‘സാഹിത്യം തിരുത്തുന്നതിനും അവരുടെ കണ്ടെത്തലുകളിലും നിഗമനങ്ങളിലും ആശ്രയിക്കാൻ കഴിയാത്ത ഗുരുതരമായ പിഴവുകളുള്ളതോ തെറ്റായതോ ആയ ഉള്ളടക്കമോ ഡാറ്റയോ ഉൾക്കൊള്ളുന്ന ലേഖനങ്ങളെക്കുറിച്ച് വായനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള ഒരു സംവിധാനമാണ്’. പിൻവലിക്കലിനുള്ള കാരണങ്ങളെ, ശാസ്ത്രീയമായ അസാന്മാർഗിക പ്രവർത്തനങ്ങൾ (ഡാറ്റാ ഫാബ്രിക്കേഷൻ, ഡാറ്റാ ഫാൾസിഫിക്കേഷൻ, കോപ്പിയടി എന്നിവ പോലുള്ളവ) സത്യസന്ധമായ പിശകുകൾ (hon-est errors) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ശാസ്ത്രീയ ഗവേഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരു സത്യസന്ധമായ പിശക്, ഗവേഷണം നടത്തുന്നതോ റിപ്പോർട്ടുചെയ്യുന്നതോ ആയ പ്രക്രിയയിൽ സം ഭവിക്കുന്ന മനഃപൂർവമല്ലാത്ത തെറ്റുകളെ സൂചിപ്പിക്കുന്നു. തെറ്റായ കണക്കുകൂട്ടലുകൾ, ഉപകരണങ്ങളുടെ പരാജയം, തെറ്റായ അനുമാനങ്ങൾ അല്ലെങ്കിൽ മേൽനോട്ടം തുടങ്ങിയ ഘടകങ്ങളിൽനിന്ന് ഇത്തരം പിശകുകൾ ഉണ്ടാകാം. അവ ബോധപൂർവമായ വഞ്ചനയുടെയോ തെറ്റായ പെരുമാറ്റത്തിന്റെയോ പ്രവർത്തനങ്ങളല്ല. എന്നാൽ, തെറ്റായ പെരുമാറ്റം മൂലമുള്ള പിൻവലിക്കലുകൾ സത്യസന്ധമായ തെറ്റുകൾ മൂലമുള്ളതിനേക്കാൾ കൂടുതലാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്ര പ്രബന്ധങ്ങളുടെ വളർച്ചയെ മറികടക്കുന്ന തോതിൽ ആഗോളതലത്തിൽ പിൻവലിക്കൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രസിദ്ധമായ ‘നേച്ചർ’ ജേർണലിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ച റിച്ചാർഡ് വാൻനൂർഡന്റെ അഭിപ്രായത്തിൽ, 2023-ൽ പതിനായിരത്തിലധികം ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കപ്പെട്ടു. ഇത് ഒരു പുതിയ റെക്കോർഡാണ്. ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് വിദഗ്‌ധർ കരുതുന്നു.
ശാസ്ത്രസമൂഹത്തിലെ പ്രബന്ധ പിൻവലിക്കലുകളിലെ വർധന ശാസ്ത്ര ലോകത്ത് ഉടനീളം പടർന്നു പിടിച്ച ഗുരുതരമായ ഒരു ‘രോഗത്തെ’ പ്രതിഫലിപ്പിക്കുന്നതായി ഗവേഷകർ ആശങ്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, വ്യത്യസ്‌തമായ വീക്ഷണം പ്രദാനം ചെയ്യുന്ന മറ്റൊരു ചിന്താധാരയുണ്ട്: ഈ വർധന യഥാർഥത്തിൽ ശാസ്ത്രത്തിന് ഒരു നല്ല അടയാളമാണ്. കാരണം, ഇത് ഗവേഷകരുടെയും ജേർണൽ എഡിറ്റർമാരുടെയും വഞ്ചനാപരമായ പ്രസിദ്ധീകരണങ്ങൾ തിരിച്ചറിയുന്നതിനുള്ള മെച്ചപ്പെട്ട കഴിവുകളുടെ ഫലമാണ്. സത്യം മിക്കവാറും അതിനിടയിലാണ്. കൂടുതൽ കൂടുതൽ എഴുത്തുകാർ അന്യായമായ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നു. നൈതികമല്ലാത്ത പ്രവർത്തനങ്ങൾ ചെയ്യുന്ന കൂടുതൽ ഗവേഷകർ അത്തരത്തിൽ വെളിച്ചത്താകുകയും ചെയ്യപ്പെടുന്നു. കൂടുതൽ ഗവേഷകർ, കൂടുതൽ പ്രസിദ്ധീകരണങ്ങൾ. ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഏറിയ സമ്മർദം, ഗവേഷണ രംഗത്തെ കിടമത്സരങ്ങൾ തുടങ്ങിയവ ഇതിന് പശ്ചാത്തലമൊരുക്കുന്നു. എന്നാൽ, ആധുനിക സാങ്കേതികവിദ്യകളുടെ വളർച്ച, പ്രത്യേകിച്ചും നിർമ്മിത ബുദ്ധിയുടെ സ്വാധീനം, ഗവേഷണരംഗത്തെ ഇത്തരം അസാന്മാർഗിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ ഏറെ സഹായകമായിട്ടുണ്ട്.
ശാസ്ത്രരംഗത്തെ അസാന്മാർഗിക പ്ര വർത്തനങ്ങളെന്നാൽ ‘കോപ്പിയടി’ ആണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ഈ പിൻവലിക്കലുകളുടെ നിരവധി കാരണങ്ങളിൽ ഒന്നുമാത്രമാണ് കോപ്പിയടി. ഗവേഷണ രംഗത്തെ അസാന്മാർഗിക പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ശാസ്ത്രീയ അസാന്മാർഗിക പ്രവർത്തനങ്ങൾ (scientific misconduct)
ശാസ്ത്രീയ അസാന്മാർഗിക പ്രവർത്തനങ്ങൾ എന്നത് ഗവേഷണത്തിൻ്റെ സമഗ്രതയെ മാനിക്കുന്നതിൽ പരാജയപ്പെടുന്ന ഗവേഷകരുടെ പ്രവർത്തനങ്ങളെയും പെരുമാറ്റങ്ങളെയും സൂചിപ്പിക്കുന്നു. ഗവേഷണം നടത്തുന്നതിലും ആസൂതണം ചെയ്യുന്നതിലും റിപ്പോർട്ടുചെയ്യുന്നതിലും അവലോകനം ചെയ്യുന്നതിലും കടന്നുവരുന്ന കൃത്രിമത്വം, വ്യാജ പ്രമാണ രചന, കോപ്പിയടി എന്നിവ ഇതിൽ പ്രധാനമായി ഉൾപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, ധാർമ്മിക ഗവേഷണരീതികളിൽ നിന്നുള്ള ഏതെങ്കിലും മനഃപൂർവമായ വ്യതിയാനമാണ് ശാസ്ത്രീയ അസാന്മാർഗിക പ്രവർത്തനങ്ങൾ. ഒരു ഗവേഷണ സിദ്ധാന്തത്തിൽ തുടങ്ങി പ്രസിദ്ധീകരണംവരെയുള്ള ഗവേഷണ രീതിശാസ്ത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത് സംഭവിക്കാം.
1. കോപ്പിയടി
ഗവേഷണരംഗത്തെ ഏറ്റവും സാധാരണമായ നൈതിക പ്രശ്‌നങ്ങളിലും അസാന്മാർഗിക പ്രവർത്തനങ്ങളിലും ഒന്നാണ് കോപ്പിയടി. മറ്റൊരു വ്യക്തിയുടെ ആശയങ്ങൾ, ഉള്ളടക്കം. എഴുത്ത്, പ്രക്രിയകൾ അല്ലെങ്കിൽ ഫലങ്ങൾ എന്നിവ ശരിയായ അംഗീകാരം (ക്രെഡിറ്റ്) നൽകാതെ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
വിവിധതരത്തിലുള്ള കോപ്പിയടികൾ താഴെ വിവരിച്ചിരിക്കുന്നു:
(i) സമ്പൂർണ്ണ കോപ്പിയടി: ഈ കോപ്പിയടിയിൽ, രചയിതാവ് മറ്റൊരാളു ടെ സൃഷ്ടിയെ തങ്ങളുടേതായി അവതരിപ്പിക്കുന്നു. ഇത് തികച്ചും അധാർമ്മികവും നിയമവിരുദ്ധവുമാണ്. കാരണം, ഇത് തികച്ചും ബൗദ്ധിക മോഷണത്തിന് തുല്യമാണ് (ഉദാഹരണം: മറ്റൊരാളുടെ ഗവേഷണ ഫലങ്ങൾ, അസൈൻമെൻ്റ് തുടങ്ങിയവ നിങ്ങളുടേതായി സമർപ്പിക്കുക). ഇത് കോപ്പിയടിയുടെ ഏറ്റവും കഠിനമായ രൂപങ്ങളിൽ ഒന്നാണ്. ഇത്തരം കോപ്പിയടികൾ ചെയ്യുന്നവരെ പലപ്പോഴും സർവീസിൽനിന്നും പദവികളിൽനിന്നും നീക്കം ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
(ii) സ്രോതസ്സ് അടിസ്ഥാനമാക്കിയുള്ള കോപ്പിയടി: ഇത്തരത്തിലുള്ള കോപ്പിയടിയിൽ, രചയിതാവ് കൃത്യമല്ലാത്ത ഉറവിടങ്ങൾ ഉദ്ധരിക്കുന്നു. ഇവ ഒന്നുകിൽ നിലവിലില്ലാത്തതോ കെട്ടിച്ചമച്ചതോ തെറ്റായതോ ആകാം (ഉദാഹരണം: പൂർണ്ണമായും കെട്ടിച്ചമച്ചതും നിലവിലില്ലാത്തതുമായ ഒരു സിദ്ധാന്തത്തെയോ ഗവേഷണ പ്രബന്ധത്തെയോ ആധാരമാക്കി സൃഷ്ടിക്കപ്പെടുന്ന രചന). ഇത്തരത്തിലുള്ള കോപ്പിയടി പലപ്പോഴും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. രചയിതാവിനെ അപകീർത്തിപ്പെടുത്തുന്നു. ആത്യന്തികമായി ഒരാളുടെ സൃഷ്ടിയുടെ സമഗ്രതയിൽ വിട്ടുവീഴ്ച്‌ച ചെയ്യുന്നു.
(iii) നേരിട്ടുള്ള കോപ്പിയടി: പേര് സൂചിപ്പിക്കുന്നതുപോലെ, ഇത്തരം കോപ്പിയടിയിൽ, യഥാർഥ രചയിതാവിന് ക്രെഡിറ്റ് നൽകാതെ ഒരു ഉറവിടത്തിൽനിന്ന് പദാനുപ ദമായി പകർത്തിയെഴുതുന്ന രീതിയാണിത്. ഉദ്ധരണികൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ ഉൾപ്പടെ യഥാർഥ രചയിതാവിന് ക്രെഡിറ്റ് നൽകേണ്ടവയാണെന്ന് ഓർക്കണം. ഈ രീതിയിലുള്ള മോഷണം ശാസ്ത്രീയ അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നായി കണക്കാക്കപ്പെടുന്നു.
(iv) സ്വയം കോപ്പിയടി (Self-plagiarism): ഉചിതമായ വെളിപ്പെടുത്തൽ കൂടാതെ/അല്ലെങ്കിൽ അവലംബം കൂടാതെ നിങ്ങളുടെ സൃഷ്ടിതന്നെ വീണ്ടും ഉപയോഗിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം ഗവേഷണ പ്രബന്ധങ്ങളിൽ നിന്നായാൽപ്പോലും അതിന് ശരിയായ അവലംബം ചൂണ്ടിക്കാണിക്കാതെ പ്രസിദ്ധീകരിക്കുന്നത് ‘സ്വയം കോപ്പിയടി’ ആയി കണക്കാക്കും. ഈ രീതിയിലുള്ള മോഷണം ബൗദ്ധിക മോഷണമല്ലെങ്കിലും, അത് പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
(v) പരാവർത്തന കോപ്പിയടി (Paraphrasing Plagiarism): ഈ രൂപത്തിൽ, സ്രഷ്ടാവ് മൂലഗ്രന്ഥത്തെ/പ്രബന്ധത്തെ അല്ലെങ്കിൽ അതിലെ ആശയങ്ങളെ സ്വന്തമായ രീതിയിൽ മാറ്റിയെഴുതുന്നു, എന്നാൽ, യഥാർഥ സ്രഷ്ടാവിന് ക്രെഡിറ്റ് നൽകുന്നുമില്ല. ഇവിടെ ഗവേഷണ കണ്ടെത്തലുകൾ പരാവർത്തനം ചെയ്യുകയും ശരിയായ ഉദ്ധരണികളില്ലാതെ അവ തങ്ങളുടേതായി അവതരിപ്പിക്കുകയും ചെയ്യപ്പെടുകയാണ്. ഇത്തരത്തിലുള്ള കോപ്പിയടി പലപ്പോഴും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും, ഉള്ളടക്കത്തിന്റെയും ആശയങ്ങളുടെയും ഉടമസ്ഥാവകാശത്തിന്റെ തെറ്റായ ബോധം നൽകുകയും ചെയ്യുന്നു. എന്നാൽ, സൃഷ്ടാവിന് ക്രെഡിറ്റ് നൽകി ആശയങ്ങൾ അവതരിപ്പിച്ചാൽ കോപ്പിയടി തടയാനുള്ള ഏറ്റവും മികച്ച മാർ ഗവും ഇതാണെന്ന് ഓർക്കേണ്ടതുണ്ട്.
(vi) മൊസൈക്ക് കോപ്പിയടി: ഇത്തരത്തിലുള്ള കോപ്പിയടിയിൽ, രചയിതാവ് വിവിധ സ്രോതസ്സുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ഒരുമിച്ച് ശേഖരിക്കുകയും ശരിയായ അവലംബങ്ങളില്ലാതെ അവ തങ്ങളുടേതായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ ‘പാച്ച് റൈറ്റിങ്’ എന്നും വിളിക്കുന്നു. വിവരശേഖരത്തിന്റെ വിവിധ സ്രോതസ്സുകൾ അംഗീകരിക്കുന്നതിൽ രചയിതാവ് പരാജയപ്പെടുന്നതിനാൽ ഈ രീതിയിലുള്ള കോപ്പിയടി അക്കാദമിക് സമഗ്രതയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു.
(vii) ആകസ്‌മികമായ കോപ്പിയടി: പേര് സൂചിപ്പിക്കുന്നതു പോലെ, സ്റ്റാൻഡേർഡ് സമ്പ്രദായങ്ങളെക്കുറിച്ചുള്ള ധാരണയുടെ അഭാവംമൂലം രചയിതാവ് മാർഗനിർദേശങ്ങൾ പാലിക്കാതെ ചെയ്യുന്ന ഈ രീതിയിലുള്ള കോപ്പിയടി പലപ്പോഴും മനഃപൂർവമാകണമെന്നില്ല. (ഉദാഹരണം: ഒരു പ്രത്യേക ഉറവിടത്തിൽനിന്ന് എടുത്ത വിവരങ്ങൾക്ക് ശരിയായ അവലംബം ഉൾപ്പെടുത്താൻ മറക്കുന്നു). മനഃപൂർവമല്ലാത്തതാണെങ്കിലും, ഇത്തരത്തിലുള്ള കോപ്പിയടി തെറ്റായി കണക്കാക്കുകയും മറ്റ് കേസുകൾക്ക് സമാനമായ അനന്തരഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
- നിങ്ങളുടെ കുറിപ്പുകൾ, ഡ്രാഫ്റ്റ്, സ്വന്തം രചനകൾ, ഉറവിടങ്ങൾ എന്നിവ പ്രത്യേകം സൂക്ഷിക്കുക. ഇതിനായി സ്വന്തമായി കൈകൊണ്ട് എഴുതിയ രജിസ്റ്ററുകൾ/നോട്ട് ബുക്കുകൾ എന്നിവ പരീക്ഷണശാലകളിൽ കരുതുക.
- മറ്റ് ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം മുറിക്കുകയോ പകർത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യരുത്.
- നിങ്ങൾ വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കം ഉപയോഗിക്കുന്നുണ്ടെങ്കിൽ (നിങ്ങളുടേത് പോലും). നിങ്ങളുടെ ഉറവിടങ്ങൾ ‘ടെക്സ്റ്റിലും’ ‘ബിബ്ലിയോഗ്രാഫിക്കൽ റഫറൻസുകളിലും’ ശരിയായി ഉദ്ധരിക്കുക.
- ‘ടെക്സ്റ്റിലും’ ‘ഗ്രന്ഥസൂചിക റഫറൻസുകളിലും’ പരാവർത്തനം ചെയ്യുമ്പോൾ (പര്യായങ്ങളുള്ള പദങ്ങളുടെ മാറ്റം, വാക്യങ്ങളുടെ പുനഃക്രമീകരണം അല്ലെങ്കിൽ വാചകത്തിൻ്റെ ഖണ്ഡികകൾ) ഉറവിടങ്ങൾ വ്യക്തമായി അംഗീകരിക്കുക.
- പണ്ഡിതോചിതമായ ഉള്ളടക്കത്തിൻ്റെ ഭൂരിഭാഗവും നിലവിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതിനാൽ, യൂണിവേഴ്‌സിറ്റിയിൽ സമർപ്പിക്കുന്നതിനുമുമ്പ് നിങ്ങളുടെ കൈയെഴുത്തുപ്രതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുന്നതിന് ആന്റി-പ്ലജിയറിസം സോഫ്യർ ഉപയോഗിക്കുക.

2. കൃത്യമല്ലാത്ത ലേഖകർ
വാസ്തവത്തിൽ, മറ്റൊരു തരത്തിലുള്ള കോപ്പിയടിയാണ് ഗവേഷണത്തിൽ ഒരുതരത്തിലും പങ്കാളികളല്ലാത്ത ഗവേഷകരെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോൾ ലേഖകരായി ഉൾപ്പെടുത്തുന്നത്. അതു പോലെതന്നെ, ഗവേഷണത്തിലും രചനയിലും കാര്യമായി സംഭാവന നൽകിയവരെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോൾ ഒഴിവാക്കുന്നതും നൈതികതയ്ക്ക് നിരക്കുന്ന കാര്യമല്ല. എല്ലാ രചയിതാക്കളുടെയും സമവായവും സമ്മതവുമില്ലാതെ ജേർണലുകളിൽ മൾട്ടി-എഴുത്തുകാരുടെ പേപ്പറുകൾ സമർപ്പിക്കുക തുടങ്ങിയവയൊക്ക ഗവേഷണത്തിലെ ധാർമ്മികതയ്ക്ക് ചേരാത്ത കാര്യങ്ങളാണ്. തെറ്റായ ക്രമത്തിൽ രചയിതാക്കളുടെ പേരിടുന്നതും അനീതിയായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, ഗവേഷക വിദ്യാർഥി പൂർണ്ണമായും അവരുടെ ഡോക്ടറൽ ഗവേഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന റിസർച്ച് പേപ്പറിൽ ആദ്യ ലേഖകന്റെ സ്ഥാനംതന്നെ വേണമെന്ന് മാർഗദർശിയായ അധ്യാപകൻ വാശി പിടിക്കുന്നതും നൈതികമായി ശരിയല്ല. ലോകത്തെ മികച്ച ഗവേഷണ സ്ഥാപനങ്ങളിലെ നിരവധി ഗവേഷകർ ഒരുമിച്ചു ചേർന്ന് നൂതന ആശയങ്ങളിലും ഗവേഷണ വിഷയങ്ങളിലും പ്രബന്ധങ്ങൾ തയ്യാറാക്കുന്ന പ്രവണതയും സമീപകാലത്തുണ്ട്. ഗവേഷകരുടെ പങ്കാളിത്തത്തിന്റെ സംഭാവനയനുസരിച്ച് ലേഖകരുടെ മുൻഗണനാക്രമം നിശ്ചയിക്കുന്ന രീതിയാണ് പൊതുവിൽ നിലവിലുള്ളത്. കൃത്യമല്ലാത്ത ലേഖകരെ പേപ്പറിൽ ഉൾപ്പെടുത്തുന്നത് പലപ്പോഴും സഹകാരികൾക്കിടയിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ഉൾപ്പെട്ടിരിക്കുന്നവരുടെ വിശ്വാസ്യതയും പ്രശസ്‌തിയും നശിപ്പിക്കുകയും ചെയ്യുന്നു.
3. ഡാറ്റാ ഫാബ്രിക്കേഷൻ
ആവശ്യമായ ഗവേഷണം നടത്താതെ സാങ്കല്പ്‌പികമായി ഡാറ്റ ഉണ്ടാക്കുന്ന രീതിയെ ഇത് സൂചിപ്പിക്കുന്നു, ചുരുക്കിപ്പറഞ്ഞാൽ, വ്യാജപ്രമാണരചന. ഇതിൽ വ്യാജ വിവരശേഖരം കെട്ടിച്ചമയ്ക്കുന്നതുമാത്രമല്ല. ഈ കെട്ടിച്ചമച്ച ഡാറ്റയുടെയോ ഫലങ്ങളുടെയോ പങ്കിടൽ, ചർച്ചകൾ അല്ലെങ്കിൽ പ്രസിദ്ധീകരിക്കൽ എന്നിവയും ഉൾക്കൊള്ളുന്നു. കെട്ടിച്ചമച്ച ഡാറ്റ സത്യമായി അവതരിപ്പിക്കുന്നത് പൊതുജനങ്ങൾക്കും ശാസ്ത്ര സമൂഹത്തിനും ഗുരുതരമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഡാറ്റയുടെ നിർമ്മാണം കൃത്രിമത്വത്തിൽ നിന്ന് വ്യത്യസ്തമാണ്. കാരണം, രണ്ടാമത്തേത് ഡാറ്റയെ വളച്ചൊടിക്കുന്നതാണ്. ഫാബ്രിക്കേഷൻ എന്നത് ശാസ്ത്രജീവിതത്തെ ബാധിക്കുക മാത്രമല്ല, കെട്ടിച്ചമച്ച ഡാറ്റയെ ഥാർഥമാണെന്ന് അവതരിപ്പിക്കുകയും തൽഫലമായി യഥാർഥ ജീവിത പരിശീലനത്തിൽ ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് ജീവന് ഭീഷണിയായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
കൃത്രിമ ഡാറ്റ നിർമ്മാണത്തിന്റെ ചി ല ഉദാഹരണങ്ങൾ: (i) ഒരിക്കലും അഭിമുഖം നടത്താത്ത ഒരു സാങ്കല്‌പിക വിഷയത്തിനായുള്ള ചോദ്യാവലി പൂർത്തിയാക്കുന്നു (ii) യഥാർഥത്തിൽ ഒരിക്കലും നടത്താത്ത ഒരു പരീക്ഷണത്തിനായി ഒരു ഡാറ്റാസെറ്റ് സൃഷ്ടിക്കുന്നു (II) അധിക സ്ഥിതിവിവരക്കണക്ക് സാധുത നൽകുന്നതിനായി ഒരു യഥാർഥ പരീക്ഷണ വേളയിൽ ശേഖരിച്ച യഥാർഥ ഡാറ്റാസെറ്റിലേക്ക് സാങ്കല്പിക ഡാറ്റ ചേർക്കുന്നു.
4. ഡാറ്റയുടെ വ്യാജീകരണം (Falsification of Data)
ഗവേഷണ രേഖയിൽ ഗവേഷണം കൃത്യമായി പ്രതിനിധീകരിക്കാത്ത തരത്തിൽ ശാസ്ത്രീയമോ സ്ഥിതിവിവരക്കണക്കുകളോ ന്യായീകരിക്കാതെ ഗവേഷണ സാമഗ്രികൾ, ഉപകരണങ്ങൾ അല്ലെങ്കിൽ പ്രക്രിയകൾ കൈകാര്യം ചെയ്യുക, ഡാറ്റ അല്ലെങ്കിൽ ഫലങ്ങൾ മാറ്റുകയോ ഒഴിവാക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുക തുടങ്ങിയവ ഇത്തരം അസാന്മാർഗികരീതിയിൽ വരും. മൊത്തം ഡാറ്റയിൽനിന്ന് തിരഞ്ഞെടുത്ത് ചിലതിനെ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്യുന്നത് ഗവേഷണ ഫലങ്ങളുടെ തെറ്റായ പ്രാതിനിധ്യത്തിൽ കലാശിക്കുന്നു. ഫലങ്ങൾ കെട്ടിച്ചമയ്ക്കുക. ഒരു പ്രത്യേക സിദ്ധാന്തത്തിന് അനുയോജ്യമായ രീതിയിൽ ഡാറ്റ മാറ്റു ക അല്ലെങ്കിൽ ഒരു പ്രത്യേക നിഗമനത്തെ പിന്തുണയ്ക്കുന്നതിനായി ഡാറ്റ തിരഞ്ഞെടുത്ത് റിപ്പോർട്ടുചെയ്യുക എന്നിങ്ങനെയുള്ള നിരവധി രൂപങ്ങൾ ഇതിൽ വരാം. പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേയ്ക്കാവുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലേക്ക് നയിച്ചേയ്ക്കാവുന്നതിനാൽ, മെഡിക്കൽ ഗവേഷണരംഗത്ത് ഡാറ്റാ കൃത്രിമത്വം ഗുരുതരമായ ഒരു പ്രശ്നമാണ്.
പി-ഹാക്കിങ്: ഡാറ്റ ഡ്രഡ്ജിങ് അല്ലെങ്കിൽ ഡാറ്റഫിഷിങ് എന്നും അറിയപ്പെടുന്ന പി-ഹാക്കിങ്, യഥാർഥത്തിൽ നിലവിലില്ലാത്ത സ്ഥിതിവിവര കണക്കുകളുടെ പ്രാധാന്യം കണ്ടെത്തുന്നതിന് ഡാറ്റ വിശകലനം കൈകാര്യം ചെയ്യുന്നരീതിയെ സൂചിപ്പിക്കുന്നു.
ഗവേഷകർ പി-ഹാക്കിങ്ങിൽ ഏർപ്പെട്ടേയ്ക്കാവുന്ന ഒരു പൊതു മാർഗം, ഒരേ ഡാറ്റാസെറ്റിൽ ഒന്നിലധികം അനുമാന പരിശോധനകൾ നടത്തുക എന്നതാണ്. ഉദാഹരണത്തിന്, ഒരു ഗവേഷകൻ ഒരു വലിയ ഡാറ്റാസെറ്റ് ഉപയോഗി ച്ച് ആരംഭിച്ച് നിരവധി വ്യത്യസ്ത അനുമാനങ്ങൾ പരീക്ഷിച്ചേക്കാം. സ്ഥിതിവിവര കണക്ക് പ്രാധാന്യമുള്ള ഫലങ്ങൾ നൽകുന്ന ടെസ്റ്റുകളുടെ ഫലങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്യും.
ഗവേഷകർ പി-ഹാക്കിങ്ങിൽ ഏർപ്പെട്ടേയ്ക്കാവുന്ന മറ്റൊരു മാർഗം, ഡാറ്റ തിരഞ്ഞെടുത്ത് റിപ്പോർട്ട് ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, ഒരു ഗവേഷകൻ ഒരു പ്രത്യേക സിദ്ധാന്ത പരിശോധനയുടെ ഫലങ്ങൾ. അത് സ്ഥിതിവിവര കണക്കനുസരിച്ച് പ്രാധാന്യമുള്ള ഒരു ഫലം നൽകിയാൽ മാത്രമേ റിപ്പോർട്ട് ചെയ്യുകയുള്ളൂ. അതേസമയം, അല്ലാത്ത മറ്റ് ടെസ്റ്റുകളുടെ ഫലങ്ങൾ അവഗണിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്യുന്നു. ഇത് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഗവേഷണ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചേക്കാം. കാരണം, ഒരു പ്രത്യേക ഫലം യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ശക്തവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് തോന്നിപ്പിക്കും. കൂടാതെ, ഗവേഷകർ അവരുടെ ഫലങ്ങൾ അമിതമായി വ്യാഖ്യാനിക്കുന്നതോ അമിതമായി സാമാന്യവൽക്കരിക്കുന്നതോ ഒഴിവാക്കാൻ ശ്രദ്ധിക്കണം. കൂടാതെ, ഡാറ്റ പിന്തുണയ്ക്കാത്ത ക്ലെയിമുകൾ ഉന്നയിക്കുന്നതിൽ ജാഗ്രത പുലർത്തുകയും വേണം.
5. താൽപര്യ വൈരുധ്യങ്ങൾ (Conflicts of interest)
കൂട്ടായ ഗവേഷണത്തിൽ ഗവേഷകർ അവരുടെ ഗവേഷണ പ്രവർത്തനങ്ങളിൽ താൽപര്യങ്ങളുടെ വൈരുധ്യം പ്രഖ്യാപിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഗുണകരമായ പ്രവണതയല്ല. ഈ താൽപര്യ വൈരുധ്യങ്ങൾ സാമ്പത്തികവും വ്യക്തിപരവും പ്രൊഫഷണലുമാകാം. ധാർമ്മിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉചിതമായ രീതിയിൽ ഇത്തരം താൽപര്യങ്ങൾ (ഉണ്ടെങ്കിൽ) അത് റിപ്പോർട്ട് ചെയ്യേണ്ടത് ആവശ്യമാണ്. ഒരു വ്യക്തിയുടെ വ്യക്തിപരമോ സാമ്പത്തികമോ തൊഴിൽപരമോ ആയ താൽപര്യങ്ങൾ അവരുടെ ഗവേഷണവുമായി ബന്ധപ്പെട്ട് അവരുടെ വിധിയേയോ പ്രവർത്തനങ്ങളേയോ സ്വാധീനിക്കാൻ സാധ്യതയുള്ളപ്പോഴാണ് താൽപര്യ വൈരുധ്യങ്ങൾ സംഭവിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഗവേഷണ പഠനത്തിൻ്റെ രചയിതാവിന് സ്റ്റോക്ക് ഉടമസ്ഥാവകാശം, പേറ്റന്റ് അല്ലെങ്കിൽ കൺസൾട്ടിങ് ഫീസ് എന്നിവയിലൂടെ പഠനത്തിന്റെ ഫലത്തിൽ സാമ്പത്തിക ഓഹരി ഉണ്ടായിരിക്കാം. പഠന ഫലങ്ങളിൽനിന്ന് പ്രയോജനം നേടുന്ന ഒരാളുമായി ഒരു രചയിതാവിന് വ്യക്തിപരമായ ബന്ധം ഉണ്ടാകുമ്പോൾ താൽപര്യ വൈരുധ്യം ഉണ്ടാകാം. ഇപ്പോൾ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഇത്തരം ഒരു ഉറപ്പ് പ്രസാധകർ എഴുതി വാങ്ങാറുണ്ട്.

6. പ്രസിദ്ധീകരണ പക്ഷപാതം
ഗവേഷണത്തിലെ പക്ഷപാതം എന്നത് യഥാർഥ അവസ്ഥയെ പ്രതിനിധികരിക്കാത്ത ഫലങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പഠനത്തിൻ്റെ വ്യവസ്ഥാപിത പ്രവണതയെ സൂചിപ്പിക്കുന്നു. ഒരു പഠനം രൂപകല്പന ചെയ്യുന്ന രീതിമുതൽ ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രീതിവരെ ഗവേഷണ പ്രക്രിയയുടെ പല ഘട്ടങ്ങളിലും പക്ഷപാതം സംഭവിക്കാം. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളുടെ വ്യാപനവും പഠന കണ്ടെത്തലുകളുടെ വിശ്വാസ്യതയും പക്ഷപാതത്തിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ്.
നെഗറ്റീവ് അല്ലെങ്കിൽ അസാധുവായ ഫലങ്ങളുള്ള പഠനങ്ങളേക്കാൾ പോസിറ്റീവ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്കൽ പ്രാധാന്യമുള്ള ഫലങ്ങളുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ളപ്പോൾ ഇത് സംഭവിക്കുന്നു. ഇത് ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിൽ നല്ല ഫലങ്ങളുടെ അമിതമായ പ്രതിനിധാനത്തിലേക്ക് നയിച്ചേക്കാം.
ഗവേഷണത്തിലെ പക്ഷപാതം കുറയ്ക്കുന്നതിന്, ഗവേഷകർ അവരുടെ രീതികളെക്കുറിച്ച് സുതാര്യത പുലർത്തേണ്ടതും പക്ഷപാതത്തിന്റെ സാധ്യതയുള്ള ഉറവിടങ്ങളെ ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.
- ഹാർക്കിങ്: “Hypothesizing After Results Are known’ എന്ന് അർഥമാക്കുന്ന ഹാർക്കിങ്, പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു പഠനത്തിൻ്റെ ഫലങ്ങൾ വിശദീകരിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ സിദ്ധാന്തങ്ങൾ സൃഷ്ടിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു. ഗവേഷണ പ്രക്രിയയുടെ സമഗ്രതയെ തുരങ്കം വയ്ക്കുന്നതും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാവുന്നതിനാൽ, ഹാർക്കിങ് സാധാരണയായി ഒരു ശാസ്ത്രീയ അസാന്മാർഗിക പ്രവർത്തനമായി കണക്കാക്കപ്പെടുന്നു
- ഡബിൾ-ഡിപ്പിങ്: ഗവേഷണത്തിലെ ഡബിൾ-ഡിപ്പിങ് എന്നത്. ഇത് ശരിയായി വെളിപ്പെടുത്താതെ ഒരേ ഡാറ്റ അല്ലെങ്കിൽ ഒന്നിലധികം ഗവേഷണ പഠനങ്ങളിൽ ഫലങ്ങൾ ഉപയോഗിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു. ഇത് കർക്കശമായ, നന്നായി നിർവചിക്കപ്പെട്ട അനുമാനങ്ങളിലധിഷ്ഠിതമായ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിലേക്ക് നയിച്ചേക്കാം, അവ വിശ്വസനീയമോ അനുകരിക്കാവുന്നതോ ആയിരിക്കില്ല.
- ചെറി-പിക്കിങ്: ഗവേഷണത്തിലെ ചെറി-പിക്കിങ് ഡാറ്റ എന്നത് ചില ഡാറ്റ പോയിന്റുകളോ ഫലങ്ങളോ മാത്രം തിരഞ്ഞെടുത്ത് റിപ്പോർട്ടുചെയ്യുന്ന രീതിയെ സൂചിപ്പിക്കുന്നു, അതേസമയം, മറ്റുള്ളവരെ അവഗണിക്കുകയോ താഴ്ത്തുകയോ ചെയ്യുന്നു. ഒരു പ്രത്യേക സിദ്ധാന്തത്തെയോ നിഗമനത്തെയോ പിന്തുണയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ഇത് ചെയ്യുന്നത്.

മറ്റ് പ്രശ്‌നങ്ങൾ
പരാമർശിച്ചിരിക്കുന്ന മേല്പറഞ്ഞ പ്രശ്നങ്ങൾക്കുപുറമേ, ബോധപൂർവമായ ഇടപെടൽ മറ്റുള്ളവരുടെ ഗവേഷണത്തിനോ പണ്ഡിതോചിതമായ പ്രവർത്തനങ്ങൾക്കോ മനഃപൂർവം ദോഷം വരുത്തുന്നുവെങ്കിൽ അതും അസാന്മാർഗിക പ്രവർത്തനമാണ്. ജന്തുക്കളോ മനുഷ്യരോ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നുവെങ്കിൽ അതിനുള്ള നൈതിക അനുമതികൾ നേടിയാണ് ഗവേഷണം ആരംഭിക്കേണ്ടത്. ഒരു ഗവേഷണ ജേർണൽ എഡിറ്ററെ സംബന്ധിച്ചിടത്തോളം, ഗവേഷണ പേപ്പറുകൾ നിരസിക്കുന്നതിനോ പിൻവലിക്കുന്നതിനോ മറ്റ് കാരണങ്ങളുണ്ട്. അത് പരിശോധിക്കാം.
നിങ്ങളുടെ ഗവേഷണത്തിന്റെ മൂല്യനിർണ്ണയത്തെ പിന്തുണയ്ക്കുന്ന വിവരങ്ങൾ നൽകുന്നതിലെ പരാജയം: ഒരു റെപ്ലിക്കേഷൻ പാനത്തിലൂടെ നിങ്ങളുടെ ഫലങ്ങളുടെ മൂല്യനിർണ്ണയം സുഗമമാക്കുന്നതിന് ആവശ്യമായ പൂർണ്ണമായ ഡാറ്റാസെറ്റുകളോ ഗവേഷണ സാമഗ്രികളോ നൽകാൻ വിസമ്മതിക്കുന്നത് ഗവേഷണ പേപ്പറുകൾ നിരസിക്കുന്നതിനോ പിൻവലിക്കുന്നതിനോ കാരണമാകാം. പ്രബന്ധത്തിൽ ബോധപൂർവമോ അല്ലാതെയോ കടന്നുകൂടിയിരിക്കുന്ന തെറ്റുകൾ, അസാന്മാർഗിക രീതികൾ എന്നിവ പ്രസിദ്ധീകരിച്ചശേഷം കണ്ടെത്തിയാലും മറ്റുള്ളവർ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് തെളിഞ്ഞാലും പ്രബന്ധങ്ങൾ പിൻവലിക്കപ്പെടാം.
‘ഹെലികോപ്റ്റർ സയൻസ്’ അല്ലെങ്കിൽ ‘ഹെലികോപ്റ്റർ ഗവേഷണം’ എന്നത് അടുത്തിടെ വലിയ ശ്രദ്ധ ആകർഷിച്ച ഒരു രീതിയാണ്. ഹെലികോപ്റ്റർ ഗവേഷണത്തിൽ, വികസിത രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ വിദേശത്തുള്ള ഗവേഷകർ ശേഖരിക്കുന്ന ഡാറ്റ നന്നായി ഉപയോഗിക്കുന്നു. സാധാരണയായി, ഒരു വികസ്വര രാജ്യത്ത്, അവരുടെ റോളിന് അനുയോജ്യമായ ശരിയായ ക്രെഡിറ്റോ കർത്തൃത്വമോ നൽകാതെ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഉദാഹരണത്തിന്, യൂറോപ്പിലെ ഒരു ഗവേഷകൻ ആഫ്രിക്കയിലെ ഒരു ഗവേഷകനോട് അവരുടെ ഉഷ്ണമേഖലാ രോഗപഠനങ്ങൾക്കായി സാമ്പിളുകൾ ശേഖരിക്കാൻ ആവശ്യപ്പെടുകയും, പഠനം സാക്ഷാത്കരിക്കാൻ ആവശ്യമായ വൈദഗ്‌ധ്യവും മെറ്റീരിയലും ശേഖരിച്ചശേഷം ലൈബീരിയൻ ഗവേഷകനെ ശരിയായി ക്രെഡിറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, അത് ഹെലികോപ്റ്റർ ഗവേഷണമായി കണക്കാക്കും.

നൈതികതയില്ലാത്ത ഗവേഷണ പേപ്പർ ഉൽപാദക സംവിധാനങ്ങളെ ‘ഗവേഷണ പേപ്പർമില്ലുകൾ’ എന്ന് വിളിക്കാം. ഒരു ഗവേഷണ പേപ്പർ മിൽ അടിസ്ഥാനപരമായി ഗവേഷണ ലേഖനങ്ങൾക്ക് കർത്തൃത്വം നൽകി വില്പനയ്ക്ക് വയ്ക്കുന്നു. ഇത്തരം പ്രബന്ധങ്ങൾ പലപ്പോഴും മോശമായതോ തെറ്റായതോ ആയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ്. ഈ പ്രശനത്തിന്റെ തോത് അവ്യക്തമായി തുടരുന്നുവെങ്കിലും ഇന്ത്യയിൽ ‘റിസർച്ച് പേപ്പറുകൾ എഴുതി കൊടുക്കുന്നതാണ്’ എന്ന രീതിയിൽ ഗവേഷകർക്ക് നിരന്തരം ലഭിക്കുന്ന ഇ-മെയിലുകൾ ഇതിന്റെ പ്രചുരപ്രചാരത്തിനുള്ള ഒരു ദിശാസൂചികയായി കണക്കാക്കേണ്ടി വരും.
