

പക്വവും കുറ്റമറ്റതുമായ ഭാഷ മനുഷ്യ സമൂഹത്തിന്റെ സ്വപ്നമാണ്. അങ്ങനെയൊരു ഭാഷ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു മനുഷ്യർ. നിലവിലുള്ള ഭാഷകൾക്ക് കോട്ടങ്ങളുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നമ്മുടെ പുരോഗതിക്ക് ഈ ഭാഷകൾ സഹായിച്ചുവെന്നതിൽ തർക്കിക്കാനുമാവില്ല. മനുഷ്യരുണ്ടായ കാലം മുതൽ ഭാഷയും ഒപ്പമുണ്ടായിരുന്നു. ലോകത്തെ അറിയാനും വിജ്ഞാനം ശേഖരിച്ചു വെയ്ക്കാനും ഭാഷയേക്കാൾ മെച്ചമായി മറ്റൊന്നില്ല. ഭാഷ പദങ്ങളും അവയുപയോഗിച്ചു സൃഷ്ടിക്കപ്പെടുന്ന ആശയലോകവുമായി കെട്ടുപിണഞ്ഞ അവസ്ഥയിലുമാണ്. പദോല്പത്തി പഠിക്കുന്നത് വഴി നമുക്കുചുറ്റുമുള്ള എല്ലാം മറ്റെല്ലാത്തിനോടും ബന്ധപ്പെട്ടിരിക്കുന്നത് മനസ്സിലാക്കാനാകും.

ഭാഷ ആശയങ്ങളുടെ ഖനിയാണെന്നതിൽ സംശയമില്ല. എങ്കിലും ഭാഷയിലൂടെ പലപ്പോഴും തെറ്റായ ധാരണകളും കാഴ്ചപ്പാടുകളും ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ചുതകനല്ല വായനാനുഭവം നൽകുന്നു. ഇറ്റാലിയൻ ഭാഷയിൽ നിന്നും വില്യം വീവർ നിർവഹിച്ച പരിഭാഷയും നിസ്തുലമെന്നേ പറയേണ്ടൂ.
ബൈബിൾ അനുസരിച്ച് ലോകാരംഭം ഭാഷയിലൂടെയാണ്. ദൈവം പറഞ്ഞു, വെളിച്ചം ഉണ്ടാകട്ടെ! പിന്നീട് ഭൂമിയും ആകാശവും. എങ്കിൽ സൃഷി എന്നത് ഭാഷയുടെ ആവിഷ്കാരമായിരുന്നു. സൃഷ്ടി പൂർത്തിയാക്കിയതിന്ന് ശേഷമാണ് ദൈവം ആദാമിനോട് ആദ്യമായി സംസാരിച്ചത് തന്നെ. എന്നാൽ ദൈവം ആദാമിനോട് സംസാരിച്ച ഭാഷ ഏതെന്ന് വ്യക്തമല്ല. സർവ ചരാചരങ്ങളെയും ആദാമിൻറെ മുമ്പിൽ എത്തിക്കുകയും അവയെ പേരിട്ടുവിളിക്കാൻ കല്പിക്കുകയും ചെയ്തുവെന്ന് ഉല്പത്തിപ്പുസ്തകം പറയുന്നു. പേരിടീലിന്റെ ഭാഷാരീതി വ്യത്യസ്തമായാണ് വിവിധ ബൈബിളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദാം ആദ്യമായി ഭാഷ ഉപയോഗിക്കുന്നത് അയാൾ ഹവ്വായെ നേരിട്ട് കാണുമ്പോഴാണ്. ഉല്പത്തിപ്പുസ്തകത്തിലെ (11:1) പരാമർശമനുസരിച്ച് മഹാപ്രളയത്തിനു ശേഷം ഭൂമിയൊട്ടാകെ ഒരു ഭാഷയും ഒരു ഭക്ഷണവും കൊണ്ട് നിറഞ്ഞിരുന്നു. മനുഷ്യർ തങ്ങളുടെ പൊങ്ങച്ചവും ദുരഭിമാനവും മൂലം ദൈവത്തെ വെല്ലുന്ന ഗോപുരമുയർത്താൻ ശ്രമം തുടങ്ങി. അങ്ങനെ പരസ്പരം മനസ്സിലാക്കാനാവാത്ത ഭാഷകൾ സംസാരിക്കുന്ന വർഗമായി നാം അധഃപതിക്കുകയും ചെയ്തു.

ഭാഷയെക്കുറിച്ച് നമ്മുടെ ധാരണകൾ വികസിക്കുന്നതിങ്ങനെയാണ്. ഒരൊറ്റ ഭാഷയുമായി തുടങ്ങി പിൽക്കാലത്തത് അനവധിയായി പെരുകി. ആദാം സംസാരിച്ചുകൊണ്ടിരുന്ന ആദിഭാഷ നോഹയ്ക്ക് ശേഷം അപ്രത്യക്ഷമായിക്കാണണം. ഗ്രീക്ക്, ലാറ്റിൻ ഭാഷകളുടെ സ്വാധീനം നിലനിന്ന കാലത്ത് ഇതര ഭാഷകളെക്കുറിച്ചവർക്ക് വേവലാതിയുണ്ടായിരുന്നില്ല. അവർ സംസാരിച്ചിരുന്നത് നല്ല ഭാഷയെന്നും മറ്റുള്ളവ മ്ലേച്ഛമെന്നും (barbarian) പറയുവാൻ എളുപ്പമായിരുന്നു അക്കാലത്ത്. എന്നാൽ ബാർബേറിയൻ ജനങ്ങളും സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്ന് കുറെ ദാർശനികർക്കെങ്കിലും മനസ്സിലായിരുന്നു. അരിസ്റ്റോട്ടിൽ, പിൽക്കാലത്തെ സ്റ്റോയിക് പാത പിന്തുടരുന്നവർ, പ്ലേറ്റോ, തുടങ്ങി നിരവധി പേര് ഭാഷയെപ്പറ്റിയും, വാക്കുകളും ആശയങ്ങളും തമ്മിൽ ബന്ധപ്പെടുന്നതെങ്ങനെ എന്നും അന്വേഷിച്ചുപോന്നു. ഗ്രീക്ക്, ലാറ്റിൻ ഭാഷകളുടെ ശക്തി കാലക്രമത്തിൽ ദുര്ബലമായെന്നു പറയേണ്ടിവരും. നാലാം നൂറ്റാണ്ടിൽ സെയിൻറ്റ് ജെറോം (St Jerome) പഴയ നിയമം പരിഭാഷപ്പെടുത്തി; അതോടെ ഹീബ്രു (Hebrew) ഒരു പവിത്രഭാഷ അല്ലാതെയായി. ക്രിസ്തീയ വെളിപാട് ഹീബ്രു ഭാഷയിലെ പഴയനിയമത്തിലൂടെയും ഗ്രീക്ക് ഭാഷയിലെ പുതിയനിയമത്തിലൂടെയും വെളിവാക്കപ്പെടുന്നുവെന്ന് അഗസ്റ്റിൻ (St Augustine) അഭിപ്രായപ്പെട്ടു. അഗസ്റ്റീനാകട്ടെ, ഹീബ്രു വശമില്ലായിരുന്നു; ഗ്രീക്ക് ഭാഷയിലും നൈപുണ്യം ഉണ്ടായിരുന്നില്ല. അങ്ങനെ വെളിപാടുകളും സുവിശേഷവും ആധികാരികമായി വ്യാഖ്യാനിച്ചിരുന്ന അദ്ദേഹത്തിന് ലാറ്റിൻ പരിഭാഷകൾ ആശ്രയിക്കേണ്ടിവന്നു എന്നത് വിരോധാഭാസമായിത്തോന്നാം.

ഭാഷയ്ക്കുണ്ടായ മാറ്റങ്ങൾ രസകരമാണ്. ഏഴാം നൂറ്റാണ്ടായപ്പോൾ ഐറിഷ് പ്രദേശത്ത് ഗെയിലിക് (Gaelic) ഭാഷ ശക്തിപ്രാപിക്കുകയും ഗ്രീക്ക്, ലാറ്റിൻ ഭാഷകൾക്ക് ബദൽ വ്യാകരണ നിയമങ്ങൾ സ്ഥാപിക്കുകയുമുണ്ടായി. പതിനാലാം നൂറ്റാണ്ടിൽ ദാന്തെ (Dante Alighieri) ഭാഷകളുടെ പരിണാമം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ആദാമും സന്തതികളും പരസ്പരം ദിവ്യഭാഷ സംസാരിച്ചുവെങ്കിലും മനുഷ്യരുടെ പ്രശ്നങ്ങൾ മൂലം അത് നഷ്ടപ്പെടുകയും അനേകം അപരിഷ്കൃത ഭാഷകൾ കൊണ്ട് ലോകം നിറയുകയും ചെയ്തു. ചെറിയ പദങ്ങളുടെ ഉച്ചാരണത്തിൽ വന്ന വൈവിധ്യം പുതിയ ഭാഷകൾക്കും ആശയരൂപീകരണത്തിനും വഴിയൊരുക്കി. ദാന്തെയുടെ അഭിപ്രായത്തിൽ സ്വദേശ്യ ഭാഷ മറ്റു വരേണ്യ ഭാഷകളേക്കാൾ അംഗീകരിക്കപ്പെടേണ്ടതാണ്. മാതൃഭാഷ പഠിക്കുന്നതിന് മനുഷ്യർക്ക് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം കരുതുന്നു; ഇത് മനുഷ്യർക്ക് മാത്രമുള്ള കഴിവാണ് താനും. ചിന്തകളെ ഭാഷയിലേക്ക് പരാവർത്തനം ചെയ്യാൻ മൃഗങ്ങൾ, മാലാഖമാർ, ദുർദേവതമാർ എന്നിവർക്കുപോലും സാധ്യമല്ല. മനുഷ്യർക്ക് വഴങ്ങുന്ന ഭാഷ എന്തുമാകട്ടെ, അവയ്ക്ക് ചില അടിസ്ഥാന നിയമങ്ങൾ പൊതുവായുണ്ടാകും. നാമിന്നതിനെ വ്യാകരണം എന്നറിയുന്നു. ദാന്തെയുടെ കാലത്ത് അറിയാമായിരുന്ന പ്രധാന ഭാഷകളുടെ വ്യാകരണ നിയമങ്ങളിൽ സമാനതകൾ ഉണ്ടായിരുന്നു.
ഭാഷയുടെ ശക്തി സത്യം പറയുവാനുള്ള അതിൻറെ കഴിവിൽ സ്ഥിതിചെയ്യുന്നു. മറ്റെല്ലാ ഗുണങ്ങളെക്കാളും പ്രബലമാണ് സത്യം. എന്നാൽ തെറ്റുകളും അബദ്ധങ്ങളും സത്യം പറയലിൽ കടന്നുകൂടുകയും അവ മനുഷ്യചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ഇതും ഭാഷയുടെ പ്രവർത്തനം തന്നെ. ഒന്നാം സ്ഥാനത്ത് എക്കോ സങ്കല്പിക്കുന്ന അസത്യം മിത്തുകളിലും ദൈവങ്ങളിലുമുള്ള വിശ്വാസം തന്നെ. എല്ലാ മിത്തുകളും, എല്ലാ വെളിപാടുകളും വ്യാജപ്രസ്താവങ്ങളല്ലാതെ മറ്റെന്ത്? അങ്ങനെയെങ്കിൽ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യവംശം അസത്യത്തിന്റെ രാജ്യത്തിൽ കഴിയുകയായിരുന്നു എന്ന് വ്യക്തം. ഏതെങ്കിലും ഒരു ദൈവത്തിൽ വിശ്വസിക്കുന്നയാൾ അയാളുടെ ദൈവത്തെ വണങ്ങുകയും മറ്റു ദൈവങ്ങളെ തിരസ്കരിക്കുകയും വേണം.

ഭൂമിയെപ്പറ്റിയുള്ള ധാരണകൾ പലപ്പോഴും അസത്യജഡിലമായിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അസത്യവാദം പ്രചരിപ്പിച്ചവരിൽ പ്രഥമസ്ഥാനം റ്റോളമി (Ptolemy) കരസ്ഥമാക്കും. നിശ്ചലമായി വർത്തിക്കുന്ന ഭൂമിക്കു ചുറ്റും സൂര്യനും മറ്റു ഗ്രഹങ്ങളും ചുറ്റിക്കൊണ്ടിരിക്കും. ഈ മാതൃകയിലെ പോരായ്മകൾ അക്കാലത്ത് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ മാതൃക ശരിയാക്കാനുതകുന്ന രീതിയിൽ ഗ്രഹങ്ങളുടെ പാത കണ്ടെത്താനായിരുന്നു ശ്രമം. അക്കാലത്തെ പ്രമുഖരായ കടൽ യാത്രികർ ഇതുപയോഗിച്ചു യാത്ര ചെയ്യാൻ തയ്യാറുമായി. ക്രിസ്റ്റഫർ കൊളമ്പസ് പടിഞ്ഞാറൻ ദിശയിൽ യാത്രചെയ്‌ത് അമേരിക്കയിൽ എത്തുകയും ചെയ്തു. നമുക്കിന്ന് പരിചിതമായ ധ്രുവരേഖകൾ തെറ്റായ ഭൂമി മോഡലിൽ വരച്ചെടുത്തതാണ്. തെറ്റായ ദിശകളിൽ ആരംഭിച്ചുവെങ്കിലും മനുഷ്യർക്ക് ഗുണപ്രദമായ കണ്ടെത്തലുകളിലേയ്ക്ക് അവ നയിച്ചുവെന്നതിൽ സംശയമില്ല. റ്റോളമിയെ ഓർക്കുമ്പോൾ ഗലീലിയോയെ മറക്കാനുമാവില്ല. സത്യം പറഞ്ഞ ഗലീലിയോ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കാനാവില്ല. നിശ്ചലമായ ഭൂമിയെകൊണ്ട് സൂര്യനെ വലം വെയ്പ്പിക്കാനായത് കോപ്പർനിക്കസ് മുതൽക്കാണ്. അനേക നൂറ്റാണ്ടുകളായി തെറ്റായ ധാരണകൾ തന്നെയാണ് നമ്മുടെ ശാസ്ത്രബോധത്തെ നയിച്ചത്.
പടിഞ്ഞാറോട്ട് യാത്രചെയ്‌ത് ഏഷ്യയിൽ എത്താമെന്ന് കരുതിയ കൊളംബസ് ഭൂമിയെക്കുറിച്ച് എന്താവും ധരിച്ചിരിക്കുക? അക്കാലത്തെ പണ്ഡിതർ ഭൂമി പരന്നതാണെന്ന് അവകാശപ്പെട്ടിരുന്നു. അവർ അദ്ദേഹത്തിൻറെ യാത്രയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഇത്രയ്ക്ക് അപകടകരമായ യാത്രയ്ക്ക് തയ്യാറായ കൊളംബസ് തീർച്ചയായും ഉരുണ്ട ഭൂമിയെ ആകണം സങ്കൽപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടു വരെ സൂര്യകേന്ദ്രീകൃതമായ സൗരയൂഥത്തെ ക്രിസ്ത്യൻ പള്ളി അംഗീകരിച്ചിരുന്നില്ല. ഡാർവിൻ സിദ്ധാന്തങ്ങൾക്ക് ജനപ്രീതി ലഭിച്ചുവന്നപ്പോൾ അവരും പള്ളിക്കെതിരെ തിരിഞ്ഞു. ഭൂമിക്ക് ഗോളാകൃതിയാണെന്ന കാര്യം പരിണാമസിദ്ധാന്തക്കാലമായപ്പോഴേക്കും ഉറപ്പായിക്കഴിഞ്ഞിരുന്നു. ഭൂമിയുടെ ആകൃതിയെ കുറിച്ച് അബദ്ധം വെച്ചുപുലർത്തിയ പള്ളിക്ക് പരിണാമ കാര്യത്തിലും തെറ്റിപ്പോകുന്നതിൽ അതിശയമില്ലല്ലോ.
ഭൂമിയുടെ ആകൃതി മാത്രമല്ല, വലുപ്പവും പ്രശ്നമായിരുന്നു. കൊളംബസ് ഭൂമി വളരെ ചെറുതാണെന്ന് വിശ്വസിച്ചിരുന്നു; അദ്ദേഹം യാത്രചെയ്യുന്ന കാലത്ത് ഗോളാകൃതിയിൽ വിശ്വസിച്ചിരുന്ന ചിലരുണ്ടായിരുന്നത്രെ. അവരും കൊളംബസിൻറെ യാത്രയോട് അനുകൂലമായിരുന്നില്ല. ചുരുക്കത്തിൽ തെറ്റും ശരിയും, സത്യവും അസത്യവും എന്നിവയുടെ അനേകം ഷെയ്‌ഡുകൾ പഴയകാലത്ത് ഉണ്ടായിരുന്നു. കൊളംബസ്സിനെ നിരുത്സാഹപ്പെടുത്തിയവർക്ക് തെറ്റി; സാഹസികമായ യാത്ര നടത്തിയ അദ്ദേഹം അമേരിക്കയിലെത്തി. ലക്‌ഷ്യം തെറ്റിയെങ്കിലും അദ്ദേഹത്തിൻറെ പ്രയത്നം ചരിത്രം കുറിക്കുന്നതായിരുന്നെല്ലോ. സത്യത്തെ അടക്കിവെയ്ക്കാനും അസത്യത്തെ ഉയർത്തിക്കെട്ടാനും പള്ളി എക്കാലവും മുൻകൈയെടുത്തിട്ടുണ്ട്. ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ചു പലരും പണ്ടുമുതൽക്ക് തന്നെ പറഞ്ഞിട്ടുണ്ട്. പള്ളിയുടെ നിലപാടുമൂലം അതൊന്നും പുറംലോകം കണ്ടില്ല; പില്കാലത്ത് തെറ്റായ ആശയങ്ങളുടെ ചരിത്രം പിന്തുടരുന്നവർ ഇത് കണ്ടെത്തി: നാലാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടു വരെ സത്യം മറച്ചുവെയ്ക്കാൻ പള്ളിക്കു കഴിഞ്ഞു.
ലോകചരിത്രം മാറ്റിയെഴുതിയ മറ്റ് അസത്യങ്ങളുമുണ്ട്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ സംഭാവന അതിൽ പ്രധാനമാണ്. റോമാ പട്ടണവും റോമൻ സാമ്രാജ്യത്തിൻറെ പടിഞ്ഞാറൻ പ്രദേശങ്ങളും പോപ്പിന് ദാനം ചെയ്ത രേഖയാണ് കോൺസ്റ്റന്റൈൻ സംഭാവന (Donation of Constantine) എന്നറിയപ്പെടുന്നത്. ഒമ്പതാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടു വരെ രേഖ സത്യമാണെന്ന് കരുതപ്പെട്ടു. പോപ്പിന് ലഭിച്ച അധികാരവും പദവിയും വ്യാജമായി നിർമിച്ച ഈ രേഖയുമായി ബന്ധപ്പെട്ടതാണെന്നതിൽ സംശയമില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു വ്യാജരേഖയാണ് പ്രീസ്റ്റ് ജോൺ അഥവാ പ്രെസ്റ്റർ ജോൺ (Prestor John) എഴുതിയ കത്ത്. അങ്ങ് വിദൂരത്തിലെ പൗരസ്ത്യ നാടുകളിൽ തനിക്ക് പൂർണാവകാശങ്ങളുണ്ടെന്ന് കത്ത് അവകാശപ്പെടുന്നു. സിന്ധു നദിയൊഴുകുന്ന, ആനയും സിംഹവും പാർക്കുന്ന ഇടമാണത്; എന്നിങ്ങനെ വിശദമായി പറഞ്ഞുപോകുന്ന കത്ത് അന്നൊരു വിസ്മയം തന്നെ ആയിരുന്നു. പൗരസ്ത്യ നാടുകൾ കണ്ടെത്താനും അവിടേയ്ക്ക് യാത്രകൾ നടത്താനും ഈ കത്തുകൂടി കാരണമായിട്ടുണ്ട് എന്നതും ചരിത്രം.