നാം റെയിൽവേ മേൽപ്പാലത്തിൽ നിൽക്കുന്നുവെന്ന് സങ്കല്പ്‌പിക്കുക; ഒപ്പം അപരിചിതനായ അമിതവണ്ണമുള്ള ഒരാളുമുണ്ട്. താഴെ, തീവണ്ടിപ്പാതമേൽ അഞ്ചുപേര് നിൽപ്പുണ്ട്. ഏതോ ചില അജ്ഞാത കാരണങ്ങളാൽ അവർക്ക് അവിടുന്നനങ്ങാൻ സാധിക്കില്ല. എന്നാൽ ഉടനെ ഒരു തീവണ്ടി അതിലെ പാഞ്ഞുവരും. അതേക്കുറിച്ചു ചിന്തിക്കുമ്പോൾ ദൂരെ തീവണ്ടിയുടെ ഇരമ്പൽ കേട്ടുതുടങ്ങുന്നു. ഇനി ചിന്തിച്ചു നിൽക്കാൻ അധികം സമയമില്ല. അഞ്ചുപേർ വണ്ടിമുട്ടി കണ്മുന്നിൽ മരിക്കുമെല്ലോ എന്നോർത്തപ്പോൾ ദുഃഖമുണ്ടായി. പെട്ടെന്നാണ് ഒരാശയമുദിച്ചത്. അമിതവണ്ണമുള്ള, അപരിചിതനായ, മനുഷ്യനെ മേൽപ്പാലത്തിൽ നിന്ന് തള്ളിതാഴെയിട്ടാലോ? തീവണ്ടി അയാളെത്തട്ടി നിശ്ചലമാകും. ഒരുവേള, അയാൾ മരണപ്പെട്ടെന്നുവരാം. പക്ഷെ തീവണ്ടിപ്പാതയിലുള്ള മറ്റഞ്ചുപേർ തീർച്ചയായും രക്ഷപ്പെടും. ചിന്തിച്ചു നിൽക്കാൻ സമയമില്ല; ഇനി ഏതാനും സെക്കൻഡുകൾക്കുള്ളിൽ തീവണ്ടി ഇവിടെയെത്തും.
തികച്ചും സങ്കല്പ്‌പികമാണ് കഥ. എങ്കിലും കഥയ്ക്കപ്പുറം ഇതിൽ ചില യാഥാർഥ്യങ്ങൾ ഒളിഞ്ഞിരിപ്പില്ലേ? പലപ്പോഴും സങ്കീർണമായ പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ അനുഭവപ്പെടുന്ന മാനസിക സംഘർഷങ്ങൾക്ക് ഈ സാങ്കല്പിക കഥയുമായി പൊരുത്തമുണ്ട്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ സങ്കീർണത, അതിന്റെ രീതി ശാസ്ത്രം, അതിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക, സാംസ്കാരിക വശങ്ങൾ എന്നിവ പഠിക്കാനൊരു മാർഗ്ഗമാണ് ഇക്കഥ. തോമസ് കാത്കെർട്ട് രചിച്ച ട്രോളീ (The Trolley Problem Thomas Cathcart: 2013, Workman Publishing Company, New York) എന്ന പുസ്‌കം വളരെ സരസമായി ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്യുന്നു.
ട്രോളി പ്രോബ്ലം സത്യത്തിൽ ദാർശനിക അടിത്തറയുള്ള ഒരു ചിന്താവിഷയമാണ്. തീരുമാനങ്ങൾ എടുക്കുക, മുൻഗണനാക്രമം സ്ഥാപിക്കുക, നമ്മുടെ പ്രവൃത്തികളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ബോധമുണ്ടാകുക എന്നിവ ലക്ഷ്യം വെച്ച് ബ്രിട്ടീഷ് ദാർശനികയായ ഫിലിപ്പാ ഫൂട്ട് (Phillipa Foot, 1967) ചെയ്ത പ്രശ്നമാണിത്. അവർ മുന്നോട്ടു വെച്ച ട്രോളീ പ്രോബ്ലം പ്രായേണ ലഘുവായിരുന്നു എന്നുവേണം പറയാൻ. അതിങ്ങനെയാണ്: ഒരു ട്രോളി (തീവണ്ടി/ ട്രാം എന്നിങ്ങനെയും സങ്കല്‌പിക്കാം) നിയന്ത്രണം വിട്ട് അതിന്റെ ട്രാക്കിലൂടെ പാഞ്ഞുവരുന്നു. എൻജിൻ ഡൈവർ നോക്കുമ്പോൾ വണ്ടി പോകുന്ന പാതയിൽ അഞ്ചുപേര് നിൽക്കുന്നു. അവർക്ക് ട്രാക്കിൽ നിന്നും മാറാനാവാതെ നിൽക്കുകയാണെന്ന സങ്കൽപം ഇവിടെയും ഉണ്ട്. ഡ്രൈവർ നോക്കുമ്പോൾ ഉപയോഗമില്ലാത്ത മറ്റൊരു ട്രാക്ക് വശത്തേയ്ക്ക് പോകുന്നുണ്ട്. പക്ഷെ അവിടെ ഒരാൾ നിൽപ്പുണ്ട്, അയാൾക്കും അവിടുന്ന് ചലിക്കാനാകുന്നില്ല. ഡ്രൈവർക്ക് വേണമെങ്കിൽ ട്രെയിനിൽ ഉള്ള ഒരു ലിവർ വലിച്ചു ട്രെയിനിനെ പാർശ്വത്തേക്കുള്ള പാതയിലേയ്ക്ക് ദിശതിരിച്ചുവിടാം. അവിടെ നിൽക്കുന്നയാൾ മരിക്കും, അല്ലെങ്കിൽ അഞ്ചുപേരാണ് മരിക്കുക. നാം ഇതിനോട് എങ്ങനെ പ്രതികരിക്കും? എന്ത് തീരുമാനമെടുക്കും? അഞ്ചുപേര് മരിക്കട്ടെയെന്നു വിചാരിക്കുമോ, അതോ ഒരാളെ മരിക്കാൻ അനുവദിച്ചിട്ട് (അയാൾ മറ്റൊരു പാതയിലാണെന്ന കാര്യം മറക്കേണ്ട) മറ്റുള്ളവരെ രക്ഷപ്പെടുത്തുമോ? വലിയ ചർച്ചയാണ് ട്രോളീ പ്രോബ്ലം ആകർഷിച്ചത്. ഒരു വ്യക്തിയുടെ അവയവങ്ങൾ എടുത്ത് മറ്റ് അഞ്ചുപേർക്ക് അവയവമാറ്റം നടത്താമോ? വിഭവദൗർലഭ്യമുള്ള അവസ്ഥകളിൽ നാമെടുക്കുന്ന തീരുമാനങ്ങൾ ട്രോളീ സമാനമാകില്ലേ? ഒരു ഫാക്ടറി തുടങ്ങാൻ 500 ഏക്കർ ഭൂമി ആവശ്യമുണ്ടെന്നു സങ്കൽപ്പിക്കുക; സർക്കാർ ഭൂമിയേറ്റെടുത്ത് വ്യവസായിക്ക് നൽകുന്നു. ഇവിടെ ഭൂമിയുടെ വിലയും കുടിയൊഴിപ്പിക്കലും, അവരുടെ പുനരധിവാസവും ശരിയാംവിധം നടന്നുവെന്നും സങ്കൽപ്പിക്കുക. അവിടുത്തെ പ്രകൃതിനഷ്ടം, വൃക്ഷങ്ങൾ, പച്ചപ്പ്, ചെറുജീവികളുടെ ആവാസവ്യവസ്ഥ, ജലദൗർലഭ്യം, മാലിന്യസംസ്കരണം, തുടങ്ങി അനവധി പരിസ്ഥിതി ആഘാതങ്ങളുടെ മൂല്യം കണക്കാക്കുമോ? കണക്കാക്കിയാൽ അവിടെയും ട്രോളീ പ്രോബ്ലം പ്രത്യക്ഷപ്പെടില്ലേ? ഇത്തരം പരിഗണനകളാണ് ട്രോളീ സങ്കൽപ്പിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ അനേകം ട്രോളീ അവസ്ഥകൾ കണ്ടെത്താനാകും. ഇതേക്കുറിച്ചു ബോധ്യമുള്ളവർക്ക് മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ഗുണമേന്മയുള്ള ജീവിതസംസ്കാരം അനുവർത്തിക്കാനും സാധിക്കും. അധികാരികൾ, രാഷ്ട്രീയക്കാർ, നിയമസഭാ സാമാജികർ തുടങ്ങി വിവിധ മേഖലയിലുള്ളവർ തീർച്ചയായും പ്രാവീണ്യം നേടേണ്ട വിഷയമായി ഇതിനെ നമുക്ക് കാണാം.
ട്രോളീ പ്രശ്നം വിവിധ ദാർശനിക വഴികളിലൂടെ പരിശോധിക്കുകയാണ് തോമസ് കാത്ത്കർട്ട്. ജെറമി ബെൻതം (Jeremy Bentham) ധിഷണാശാലിയായ ദാർശനികൻ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രയോജനവാദം (ഉപയോഗിതാ സിദ്ധാന്തം, Utilitarianism) പറയുന്നത് നാം ചെയ്യുന്ന പ്രവൃത്തി കൂടുതൽ പേർക്ക് ഗുണപ്രദമാകണം; കൂടുതൽ പേർക്ക് സന്തോഷം നല്കുന്നതുമാകണം. ബെൻതം തത്വം പിന്തുടരുന്നവർക്ക് ഒരു കാര്യം വ്യക്തമാകും; വണ്ടിയുടെ ദിശ തിരിച്ചുവിട്ട് ഒരാൾ കൊല്ലപ്പെടുന്നത് എന്തുകൊണ്ടും അഞ്ചുപേർ കൊല്ലപ്പെടുന്നതിലും നന്നാണ്. കൂടുതൽ പേർക്ക് സന്തോഷം നല്‌കാൻ ഈ പ്രവൃത്തി സഹായിക്കും. എന്നാൽ മരിക്കാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന ഒരാളാണ് അഞ്ചുപേർക്ക് ജീവിക്കാനായി ജീവത്യാഗം ചെയ്യേണ്ടിവന്നത് എന്നതും ശരി. എന്ത് സാഹസിക പ്രവൃത്തിയിലും പാർശ്വ ഫലങ്ങൾ ഉണ്ടാകാമെന്ന് സമാധാനിക്കാനേ പറ്റു.
മറ്റൊരു ദാർശനികന്റെ ചിന്തയും ഇതോടൊപ്പം പരിഗണിക്കേണ്ടതായുണ്ട്. ഇമ്മാനുവേൽ കാന്റ് (Immanuel Kant) ആണത്. നാം ലോകത്തെയും അതിലെ മാറ്റങ്ങളെയും മനസ്സിലാക്കുന്നത് യുക്തി എന്ന വിശേഷ സിദ്ധിയുപയോഗിച്ചാണ്. എന്നാലതിനും പരിമിതിയുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമ്മുടെ ചെയ്തികളെല്ലാം സാർവത്രിക നിയമസംവിധാനങ്ങൾക്ക് വഴങ്ങുന്നവയാകണം. അമിതാധികാരം ഉള്ള സ്‌റ്റേറ്റ് അധികാര ദുർവിനിയോഗം ചെയ്യില്ലെന്നാരുകണ്ടു? റോഡിൽ കാണുന്ന ഒരാളെ പിടിച്ചുകൊണ്ടുപോയി അയാളുടെ അവയവങ്ങൾ മാറ്റി രോഗികളായ മറ്റുള്ളവർക്ക് സംഭവന ചെയ്താലോ? കൂടുതൽ പേർക്ക് സന്തോഷം എന്നാൽ ഭൂരിപക്ഷത്തിനു ന്യൂനപക്ഷത്തെ ഏതുരീതിയിലും ഉപദ്രവിക്കാൻ സാധിക്കും. അത് തുല്യതയുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന സമൂഹത്തിന് അംഗീകരിക്കാനാവില്ല. ഭൂരിപക്ഷത്തിന്റെ ദുർഭരണത്തിൽ (tyranny of the majority) അത് കലാശിക്കും. വ്യക്തികൾ എന്ന നിലയിൽ നമുക്കുള്ള അവകാശങ്ങൾ സ്‌റ്റേറ്റ് ഉൾപ്പടെ ആർക്കും കവർന്നെടുക്കാൻ അനുവദിച്ചു കൂടാ.
പ്രയോജനവാദത്തിനുമേൽ (ഉപയോഗിതാസിദ്ധാന്തം) ഉയർത്തുന്ന ശക്തമായ ഖണ്ഡന വിമർശമാണ് ക്യാൻറ്റിയൻ ലോജിക്. അതിനർത്ഥം രണ്ടു നിലപാടുകളും ഇത്തരം വിഷയങ്ങളിൽ ശരിയെന്നോ ഏതെങ്കിലും ഒന്ന് പൂർണമായും ശരിയെന്നോ പറയാൻ വരട്ടെ. മറ്റു ദാർശനികരും സമാന വിഷയങ്ങളിൽ പ്രതികരിച്ചിട്ടുണ്ടോ എന്നുനോക്കാം. ട്രോളീ പ്രോബ്ലത്തിന്റെ പ്രയോക്താവായ ഫിലിപ്പാ ഫൂട്ട്നു മുമ്പ് മറ്റൊരു പ്രഹേളിക ദാർശനികർ ചിന്തിച്ചിരുന്നു. ദ്വിവിധ ഫല സിദ്ധാന്തം (Principle of double effects) എന്നറിയപ്പെട്ട ഈ തത്വത്തിന്റെ ഉപജ്ഞാതാവ് പതിമൂന്നാം നൂറ്റാണ്ടിലെ തോമസ് അക്വീയ്‌നാസ് ആണ്. അദ്ദേഹം പുണ്യാളനും ദാർശനികനും ആയിരുന്നു; ഇന്നും നമ്മുടെ ചിന്തകളിൽ സ്വാധീനം ചെലുത്തുന്ന ദാർശനികരിൽ അദ്ദേഹവും ഉണ്ടാകും. ചില കാര്യങ്ങൾ നടപ്പാക്കുമ്പോൾ രണ്ടു വ്യത്യസ്തവും പരസ്‌പര വിരുദ്ധവുമായ ഫലങ്ങൾ ഉണ്ടാകുന്നതിനെ ദ്വിവിധ ഫല സിദ്ധാന്തം (Principle of double effects) എന്ന് വിളിക്കുന്നു. ഇത് നന്നായി മനസ്സിലാക്കിയാൽ നല്ല ഫലത്തെ സൃഷ്ടിക്കാനും പ്രതികൂലഫലത്തെ നിയന്ത്രിക്കാനും സാധിക്കും. അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ ട്രോളീ പ്രശ്നത്തെ എങ്ങനെ സ്വാധീനിക്കും എന്ന് നോക്കാം. മറ്റൊരാളിന്റെ ആക്രമണത്തിൽ നിന്ന് ഓരോ വ്യക്തിക്കും സ്വയം പ്രതിരോധം (self defence) തീർക്കാൻ സമൂഹം അനുവദിക്കുന്നുണ്ട്. സ്വന്തം ജീവൻ വിലമതിക്കാനാവാത്തതാണ് എന്നതിനാൽ തന്നെ കൊല്ലാൻ വരുന്ന ശത്രുവിനെ എതിർത്ത് തോല്‌പിക്കാനോ വേണ്ടിവന്നാൽ കൊലപ്പെടുത്താനോ നിയമം പോലും അനുവദിക്കുന്നു. ഒരു വ്യക്തിയും ജീവിച്ചിരുന്നാൽ മാത്രമേ ആരോഗ്യവും സന്തോഷവും ഉള്ള സമൂഹത്തെ കെട്ടിപ്പെടുക്കാനാകൂ. അതുപോലെ എതിർക്കുന്ന ആരെയും കൊല്ലാം എന്നൊന്നും തോമസ് അക്വീയ്‌നസ് പറയുന്നില്ല; മറ്റൊരാളുടെ ഭീഷണിയുണ്ടാകുമ്പോൾ അത്യാവശ്യം വേണ്ട ബലപ്രയോഗം നടത്തുന്നതിൽ തെറ്റില്ല. നിലനിൽപ്പിനു ഭീഷണിയാകുമ്പോൾ, തന്റെ ജീവൻ തിരിച്ചുവാങ്ങാൻ അവശ്യം വേണ്ടുന്ന ബലം മാത്രമേ മറ്റെയാളിൽ ഏൽപ്പിക്കാനാവൂ. ഒരാളിന്റെ തുടർ ജീവിതത്തിന്റെ മൂല്യവും അപരന്റെ ജീവിതവിരാമത്തിന്റെ മൂല്യവും സന്തുലിതപ്പെടുത്തി വേണം നാമതിനെ കാണാൻ. ഈ ആശയം ദീർഘിപ്പിച്ചാൽ ട്രോളീ പ്രശ്‌നത്തിന്റെ സങ്കീർണ വശങ്ങളിലേയ്ക്ക് വെളിച്ചം വീശും.
പ്രധാനമായും നാലു ഘടകങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഒന്ന്, നാം ചെയ്യുന്ന പ്രവൃത്തി (ഇവിടെ അഞ്ചു പേരെ രക്ഷിക്കാൻ ഒരാളെ കൊല്ലുക എന്നത്) നൈതികമായി ശരിയാവണം; കുറഞ്ഞത് നന്മതിന്മകളുടെ ഏറ്റക്കുറച്ചിൽ പരിമിതമാവണം. രണ്ട്, കർത്തവ്യം ഏറ്റെടുക്കുന്നയാൾ തിന്മ ഫലം മനസ്സുകൊണ്ടുപോലും ആഗ്രഹിക്കരുത്. നന്മയുണ്ടാകാൻ മറ്റുവഴികളുണ്ടെങ്കിൽ അവ പരിശോധിക്കണം. മൂന്ന്, നല്ല ഫലമുണ്ടാകുന്നത് ചെയ്യുന്ന പ്രവൃത്തിയിൽ നിന്ന് നേരിട്ട് ഉത്ഭവിക്കുന്നതാവണം. തിക്തഫലത്തിൽ നിന്നാവരുത് സൽഫലങ്ങൾ ഉണ്ടാവുക. ഇത് നിഷ്‌കർഷിച്ചില്ലെങ്കിൽ ദുഷ്പ്രവൃത്തികളിൽ കൂടി സൽഫലങ്ങളുണ്ടാക്കാനുള്ള ശ്രമം വർധിക്കും. അതനുവദിക്കാനാവില്ല. നാല്, ഉണ്ടാകുന്ന സൽഫലങ്ങൾ തികച്ചും അഭിലഷണീയമായത് തന്നെയായിരിക്കണം. ദുഷ്‌ഫലങ്ങൾ അംഗീകരിക്കാൻ തോന്നും വിധം മെച്ചമായിരിക്കണം അതിൽ നിന്നുണ്ടാകുന്ന നന്മകൾ. ട്രോളീ പ്രശ്നത്തിന് അനേക വായനകൾ ഉണ്ടായിട്ടുണ്ട്. ജൂഡിത്ത് ജാർവിസ് തോംസൺ എന്ന അമേരിക്കൻ പ്രൊഫസ്സർ 1985 ൽ കുറച്ചു മാറ്റം വരുത്തി ട്രോളീ പ്രശ്നം അവതരിപ്പിക്കുകയുണ്ടായി. ഇതിൽ ട്രോളീ ഡ്രൈവർക്ക് പുറമെ പുറത്തൊരാൾ കൂടിയുണ്ട്. പാലം മാറ്റാനുള്ള ലിവർ അവർക്ക് പ്രവർത്തിപ്പിക്കാം എന്ന നിലയിൽ. ഇനിയൊരു വേരിയേഷൻ ഇങ്ങനെയാണ്: അഞ്ചു പേര് പാതയിൽ ബന്ധനസ്ഥരായി കിടക്കുന്നു, നിയന്ത്രണം വിട്ട് ട്രോളി എത്തുമ്പോൾ ആദ്യത്തെയാളിന് ചരിഞ്ഞുമറിഞ്ഞു കാലു കൊണ്ട് ലീവർ മാറ്റാം. എന്നാൽ അയാൾക്ക് സ്വയം രക്ഷപ്പെടാനാവില്ല, മറ്റു നാലുപേർ രക്ഷപ്പെടുകയും ചെയ്യും. അങ്ങനെയെങ്കിൽ ഒന്നാമൻ ലിവർ തട്ടിനീക്കുമോ? ട്രോളീ പ്രശ്‌നം പല വിദഗ്‌ധരുടെയും സജീവശ്രദ്ധ ആകർഷിക്കുന്നു; അവർ ചേർന്ന് ട്രോളിയോളൊജി എന്ന പഠനശാഖ പോലും നിർമിച്ചുകഴിഞ്ഞു!
A very complicated mental issue is being discussed here in a lucid manner. The Hindu epic Mahabharath says it is justified to kill one to save the five. It also adds through bhagavat Gita that we have no right take the ownership of our actions, rather, we are just instruments in the hands of God. Considering these two views I think it is wise to destroy one to save five.